ഉണ്ണി ബസ്സിൽ നിന്നിറങ്ങി ബാഗും പിടിച്ചു പതിയെ നടന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Abdulla Melethil

പഴയ നാലും കൂടിയ കവലയല്ല ഇപ്പോൾ പെരിങ്ങോത്ത് മുറി വലിയ ഒരങ്ങാടി ആയി മാറിരിക്കുന്നു..

ഇബ്രായിക്കാടെ ഓല മേഞ്ഞ പച്ചക്കറി കട, കുഞ്ഞിപ്പുവിന്റെ മീൻ വിറ്റിരുന്ന സ്ഥലം, കേശവേട്ടന്റെ ചായ കട ,അതൊന്നും അവിടെയില്ല പകരം സിമന്റ് കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നു..

നഗരങ്ങളിൽ സംഭവിച്ചത് പോലെയുള്ള മാറ്റങ്ങൾ ഏറിയോ കുറഞ്ഞോ താൻ വളർന്ന ഗ്രാമത്തെയും ബാധിച്ചിരിക്കുന്നു..

അങ്ങാടിയിൽ നിന്ന് കുറച്ചു മാറി നിന്നിരുന്ന തപാൽ ഓഫീസിലേക്ക് നോക്കി അയാൾ

‘ഈശ്വരാ..! എന്ന് വിളിച്ചു..

അയാൾ തിരഞ്ഞ എന്തൊക്കെയോ അവിടെ കണ്ടില്ല.. തങ്ങൾ ചെറുപ്പത്തിൽ കല്ലെറിഞ്ഞും കയറിയും കളിച്ചിരുന്ന വലിയ ഞാവൽ മരങ്ങൾ കായ്കൾ നൽകിയും തണൽ നൽകിയും തന്റെ കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ ഓരോറ്റൊന്നില്ലാതെ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു..

ഒരു ഓട്ടോ വിളിച്ചാൽ വീടിന്റെ മുറ്റത്ത് എത്താമായിരുന്നിട്ടും വൈകുന്നേരത്തെ ഇളവെയിൽ കൊണ്ട് കൊണ്ട് അയാൾ വയലിലേക്ക് ഇറങ്ങി നടന്നു ഈ പാട വരമ്പത്ത് കൂടെ നടന്നാൽ നേരെ ചെന്ന് കയറുന്നത് വീടിന്റെ പറമ്പിലേക്കാണ് ..

പറമ്പിലെ തെക്കുവശത്തുള്ള കുളവും പടിപ്പുരയും തുളസി തറയും പാമ്പും കാവും അപ്പോൾ അയാളുടെ മനസ്സിൽ തെളിഞ്ഞു.. കൂടെ മനസ്സിന്റെയുള്ളിൽ ഒളിച്ചു കിടക്കുന്ന ചില ഓർമ്മകളും..

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ അയാളുടെ മനസ്സിൽ ഒരു പച്ചപരവതാനി വിരിച്ചു നിന്നു..

അയാൾ അങ്ങനെ നടന്ന് വീടിന്റെ പറമ്പിലേക്ക് കയറി അതിരത്ത് നിന്നിരുന്ന മാവിന്റെ മുകളിലേക്കു അയാൾ നോക്കി മാങ്ങകൾ ഉണ്ട് നിറയെ..

‘ഉണ്ണിയേട്ടാ ആ മാങ്ങ പൊട്ടിച്ചോളൂ അത് മൂത്തിട്ടുണ്ടാകും .. അമ്മുവിന്റെ ശബ്ദം കാതിൽ മുഴങ്ങുന്നത് പോലെ തോന്നി ഉണ്ണിക്ക്..

‘പടിഞ്ഞാറ്റെലെ അമ്മു അമ്മമ്മയുടെ തുണക്കും മറ്റു വീട്ടുകാര്യങ്ങൾ നോക്കാനും വരുന്ന ശാന്തേച്ചിയുടെ മോളാണ് ഒരകന്ന ബന്ധവും ഉണ്ട് പ്രേമ എന്നാണ് അവളുടെ പേര് പക്ഷേ ഉണ്ണിയേട്ടൻ എന്നെ അമ്മു എന്ന് വിളിച്ചാൽ മതി എന്ന് പറയും അവൾ തന്റെ കൂടെയുണ്ടാകും എപ്പോഴും മേലേടത്തെ ദിവാകര മേനോന്റെ പേരകുട്ടിയെ അവളുടെ അമ്മക്ക് വലിയ വിശ്വാസമായിരുന്നു..

വർഷങ്ങൾ കുറെ ആയി ഒരു വിവരവും തനിക്കില്ല അവരെ കുറിച്ചൊന്നും..

മാവിൽ നിന്നിറങ്ങി ഉറുമ്പ് കടിച്ചു ദേഹമാകെ ചൊറിയുമ്പോൾ അവൾ ചിരിച്ച ചിരി ഇപ്പോഴും ഈ തൊടിയിലാകെ മുഴങ്ങുന്നുണ്ട്..

ഉണ്ണിയേട്ടൻ എന്താ പഠിക്കുന്നത് പാമ്പും കാവിൽ വിളക്ക് വെച്ച് വരുമ്പോൾ ആണ് അവൾ ചോദിച്ചത്..

‘അന്ന് താൻ ചിരിച്ചു പറഞ്ഞു.. ‘അനാട്ടമി..

‘അതെന്താ… അവൾ നിശ്കളങ്കമായി ചോദിച്ചു..

‘അന്ന് വീടിന്റെ ചായ്പ്പ് മുറിയിൽ വെച്ച് താൻ അവളെ അനാട്ടമി പഠിപ്പിച്ചു..

‘ഉണ്ണിയേട്ടാ വേണ്ട ഞാൻ അമ്മമ്മയോട് പറയും എന്നൊക്കെ ആദ്യം എതിർത്തെങ്കിലും കൈകൾ പോകുന്നിടങ്ങളിലെ ഓരോ ഭാഗവും അന്ന് താൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു കൊടുത്തു..

‘ഒരു നനഞ്ഞ ചേമ്പിൻ തണ്ട് പോലെ അന്നവൾ തന്റെ കൈയ്യിൽ കിടന്നു..

‘എന്താ അമ്മു വിറക്കുന്നത് ആകെ വിയർത്തിട്ടും ഉണ്ടല്ലോ രണ്ടു പേരും എന്ന് അമ്മമ്മ ചോദിച്ചപ്പോൾ ഒരു നായ ഓടിച്ചതാണ് എന്ന് കളവും പറഞ്ഞു…

‘ഉണ്ണി വീടിന്റെ മുറ്റത്ത് എത്തി അച്ഛച്ഛൻ ചാരി കസേരയിൽ കണ്ണും അടച്ചു കിടക്കുന്നുണ്ട്..

‘അമ്മമ്മ എന്നത്തേയും പോലെ ചെറിയ ഒരു കസേരയിൽ ഗ്രില്ലിന്റെ കമ്പി പിടിച്ചു പുറത്തേക്കും നോക്കി ഇരിക്കുന്നുണ്ട്.. വരുവാൻ ആരും ഇല്ലെങ്കിലും ആരെയോ പ്രതീക്ഷിച്ച പോലെ..

‘ആ വലിയ വീട്ടിൽ അവർ രണ്ട് പേരും മാത്രമേ ഉള്ളൂ.. എന്ത് കാര്യമാണ് ഇനി അവർ തമ്മിൽ സംസാരിക്കുക.. ശാന്തേച്ചി ഇപ്പോഴും വരാറുണ്ടോ ആവോ.. അതോ അമ്മുവോ..

‘ഉണ്ണി ഗ്രില്ലിൽ പതിയെ തട്ടി ഒരു ശബ്ദമുണ്ടാക്കി..

‘രണ്ടു പേരും പുറത്തേക്കു നോക്കി.. അമ്മമ്മ പതിയെ ഗ്രില്ലിനടുത്ത് വന്ന് ഗ്രിൽ തുറന്ന് ബാഗ് പിടിച്ചു നിൽക്കുന്ന ആളെ ഒന്ന് നോക്കി.. അമ്മമ്മക്ക് നിവർന്നു നിൽക്കാൻ വയ്യാതായിരിക്കുന്നു പകുതി കുനിഞ്ഞാണ് നിൽക്കുന്നത്..

‘അമ്മമ്മ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി നിന്നു.. ആ മുഖം പതിയെ മാറുന്നത് ഉണ്ണി കണ്ടു.. രണ്ടു കണ്ണുകളും പതിയെ നിറഞ്ഞു..

‘പതിയെ ചോദിച്ചു..

‘ന്റെ ഉണ്ണിയല്ലേ… അതും പറഞ് ഉണ്ണിയുടെ ദേഹമാകെ കൈ കൊണ്ട് തലോടി കണ്ണുകൾ കൊണ്ടും.. ഉണ്ണിയുടെ രണ്ട് കൈ എടുത്ത് തന്റെ കവിളിൽ പിടിച്ചു കരഞ്ഞു നിന്നു.. ആ നിസ്വാർത്ഥ ഹൃദയം..

‘അച്ഛച്ഛനും അപ്പോൾ അവന്റെ അടുത്ത് വന്ന് നിന്നിരുന്നു ചെവി കേൾക്കൽ കുറച്ചു പതുക്കെ ആയത് കൊണ്ട് അമ്മമ്മ ഉറക്കെ പറഞ്ഞു കൊടുത്തു..

‘ഉണ്ണി ആണ് മ്മടെ ഗായത്രിടെ മോൻ…

‘വർഷങ്ങളോളം തങ്ങൾ നോക്കി വളർത്തിയ പേരക്കുട്ടി വളർന്ന് വലുതായി മുന്നിൽ വന്നു നിന്നപ്പോൾ വാർദ്ധക്യത്തിന്റെ അവശതയിലും അവരുടെ ആവേശ തിരതള്ളൽ വാനോളം ഉയർന്നു..

‘ആദ്യമൊക്കെ മാസത്തിൽ ഒരു കുറിയെങ്കിലും നിന്റെ അമ്മ ഞങ്ങളെ കാണുവാൻ വരുമായിരുന്നു ഇപ്പോൾ അതും ഇല്ല..

‘പിന്നെ മാളു വലിയമ്മച്ചിയും മക്കളും കഴിഞ്ഞ മകര മാസത്തിലാണ് വന്നതെന്ന് തോന്നുന്നു..

‘അവളുടെ കുട്ടികളൊക്കെ മഴയത്ത് ഇറങ്ങി കളിച് പനിയൊക്കെ വന്നു..

‘അപ്പൊ നല്ല രസമായിരുന്നു ഇവിടെ.. ഇനി എപ്പോഴാ അവരൊക്കെ വരിക ആവോ.. അല്ലെങ്കിൽ ഇനി വരുമ്പഴേക്കും നിന്നെ പോലെ വലിയ ആളായിട്ടാകും വരിക..

‘അമ്മമ്മ വാ തോരാതെ വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു..

‘അച്ഛച്ഛൻ മൂളിയും പറയുന്നത് ശരി വെച്ചും അടുത്ത് ഇരുന്നു..

‘അതിനിടയിലാണ് മുഖ ത്തേക്ക് നോക്കി അമ്മമ്മ യുടെ ചോദ്യം ഉണ്ടായത്..

‘നിന്റെ താടി രോമങ്ങൾ കുറച്ചൊക്കെ വെള്ള കയറിയിട്ടുണ്ടല്ലോ ഉണ്ണി..

‘ഉണ്ണി ഒന്ന് മന്ദഹസിച്ചു.. എന്നിട്ടു പതിയെ താടി ഒന്നുഴിഞ്ഞു…

‘അപ്പോഴാണ് പുറകിൽ ഒരു ഒച്ച കേട്ടത്…

‘ആരാ.. ശാന്തയാണോ..?

‘അതെ അമ്മെ.. ‘ശാന്തേച്ചി ഉമ്മറത്തേക്കു വന്ന് ഉണ്ണിയെ കണ്ട് അത്ഭുത പ്പെട്ടു നിന്നു..

‘ഉണ്ണി വലിയ ആളായല്ലോ.. എപ്പോഴാ വന്നേ.. അമ്മക്കും അച്ഛനും സുഖമല്ലേ..

‘ശാന്തേച്ചി ഒറ്റ ശ്വാസത്തിൽ തന്നെ ഇത്രയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉണ്ണി ചിരിച്ചു കൊണ്ട് അവരോടു മറുപടി പറയുമ്പോൾ ആലോചിച്ചു..

‘ഇതാണ് നാട്ടിൻ പുറത്തിന്റെ നന്മ.. തന്നെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം..

‘ഉണ്ണി പോയി കുളിച്ചു വന്നോളൂ .. ഉടുത്ത വസ്ത്രമെല്ലാം മുഷിഞ്ഞിരിക്കും..

‘അമ്മമ്മ തോർത്തും സോപ്പും കൈയിലെടുത്തു വന്നു..

‘അമ്മമ്മ മറന്നിട്ടില്ല ഇവിടെ വന്നാൽ താൻ കുളത്തിലെ കുളിക്കൂ.. എന്ന്..

‘ഉണ്ണി തോർത്തും സോപ്പുമായി കുളകടവിലേക്ക് നടന്നു..

‘ഉണ്ണി നീന്താൻ ഒന്നും നിന്നില്ല പെട്ടെന്ന് കുളിച്ചു കേറി.. ഈ കുളകടവിൽ നിൽക്കുമ്പോൾ തന്നെ എന്തൊക്കെയോ വീർപ്പ് മുട്ടിക്കുന്നുണ്ട്..

‘അമ്മു… എവിടെ തിരിഞ്ഞാലും എല്ലാ ഓർമ്മകളും അമ്മുവിൽ എത്തി നിൽക്കുന്നു..

‘ശാന്തേച്ചിയോട് ചോദിക്കാൻ മറന്നതല്ല അമ്മുവിനെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹവും ഉണ്ട്…

‘എന്തോ തോന്നിയില്ല ചോദിക്കാൻ..

‘കുളത്തിൽ മുങ്ങാം കൂളിയിട്ട് താൻ ഒരിടത്ത് പോയി ഒളിച്ചതും തന്നെ കാണാതായപ്പോൾ അമ്മു കരഞ്ഞതും … ഉണ്ണിയുടെ മനസ്സിൽ നോവായി കടന്നു വന്നു..

‘ഉണ്ണി കുളിച് താൻ മുമ്പ് താമസിച്ചിരുന്ന മുറിയിലേക്ക് കടന്നു…

‘ശാന്തേച്ചിയു എല്ലാം അടുക്കി വെച്ചിരിക്കുന്നു.. പുതപ്പും വിരിയും എല്ലാം..

‘ഉണ്ണി വസ്ത്രമെല്ലാം മാറ്റി താഴേക്ക് വന്നു..

‘അപ്പോഴേക്കും അമ്മമ്മ ചായ എല്ലാം തയ്യാറാക്കി വെചിരുന്നു..

‘ചായ ക്ലാസ് പഴയത് പോലെ അമ്മമ്മ ഇരുന്ന് ചൂട് ആറ്റുന്നുണ്ട്..

‘കാവത്ത്, കൂർക്ക ചക്ക മെഴുകിയത് ഉണ്ണിയപ്പം തുടങ്ങിയ ഒരു പാട് വിഭവങ്ങൾ നിരത്തി വെച്ചിട്ടുണ്ട്..

‘ഉണ്ണി ഓരോന്നായി കഴിക്കാൻ തുടങ്ങി പശുവിൻ പാലിട്ട ചായക്ക് ഇപ്പോഴും ആ പഴയ മാധുര്യം..

‘ചായ കുടിക്കുമ്പോൾ അബുവിനെ ഓർമ്മ വന്നു തന്റെ കളികൂട്ടുകാരൻ എല്ലാത്തിനും തന്റെ കൂടെ നിന്നിരുന്നവൻ ..

‘ഒരിക്കൽ കറവക്കാരൻ വരാത്ത ദിവസം തൊഴുത്തിലെ നന്ദിനി പശുവിന്റെ പാൽ കറക്കാൻ താനും അബുവും പോയതും നന്ദിനി പശു കാൽ ഉയർത്തി ചവിട്ടിയതും അബുവും പാത്രവും തൊഴുത്തിൽ വീണതും ഓർത്ത് ഉണ്ണി ഒന്ന് ചിരിച്ചു…

‘ചായ കുടിക്കുമ്പോൾ ചിരിക്കല്ലേ ഉണ്ണി.. തരിപ്പിൽ കയറും.. അമ്മമ്മയാണ്.. എപ്പോഴും ഒരു കരുതൽ ആണ് അമ്മമ്മക്ക്.. മക്കളോടും പേരകുട്ടികളോടും തിരിച് അവരോടൊ.. ?

‘എല്ലാവരും പഠിപ്പും ജോലിയും മക്കളും ഒക്കെയായി സ്വന്തം ലോകത്തിലേക്ക് ചുരുങ്ങി താൻ പോലും..

‘അപ്പോഴും ആരോടും പരിഭവമില്ലാതെ രണ്ട് പേരും ഇവിടെ കഴിഞ്ഞു പോകുന്നു..

‘ഉണ്ണി ചായ കുടിച്ചതിനു ശേഷം അടുക്കളയിലേക്ക് നടന്നു ശാന്തേച്ചി രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു…

‘ഉണ്ണിയെ കണ്ടപ്പോൾ പഴയത് പോലെ ഒന്ന് കൂടി ചിരിച്ചു നിഷ്കളങ്കമായ നാട്ടി ൻപുറത്തിന്റെ സ്വന്തം ചിരി..

‘അമ്മുവിന്റെ വിശേഷം എന്താ ശാന്തേച്ചി.. ഉണ്ണിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

‘അവൾ കല്യാണം കഴിഞ്ഞു പോയില്ലേ .. നാളെ വരുമായിരിക്കും.. മരുമകൻ മാഷാണ്.. രണ്ട് കുട്ടികൾ ഉണ്ട്.. ഒരാണും പെണ്ണും ഉണ്ണി എന്ന് തന്നെയാണ് മോനെ വിളിക്കുക..

‘ശാന്തേച്ചി അങ്ങനെ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിന്നു.. ഉണ്ണി പതിയെ അവിടെ നിന്നും മുറ്റത്തേക്കിറങ്ങി..

‘ഉണ്ണിയേട്ടൻ ഇനി എന്നാ വരിക… എന്നെ മറക്കുമോ.. ബാംഗ്ലൂരിലേക്ക് പഠിക്കാൻ പോകാൻ തീരുമാനിച്ചപ്പോൾ അവൾ ചോദിച്ചതാണ്..

‘അവിടെ പോയി പഠനവും ജോലിയും ഒക്കെയായി വർഷങ്ങൾ കഴിഞ്ഞു ഒരിക്കൽ പോലും താനിങ്ങോട്ട് വന്നില്ല ബാംഗ്ലൂരിലെ ഹോസ്റ്റൽ ജീവിതവും പഠനവും ജോലിയും തന്നെ മറ്റൊരു വ്യക്തിയാക്കി മാറ്റി അതിനിടയിൽ മനസ്സിലേക്ക് ഒരു ബിന്ദുവായി പോലും അമ്മുവോ ഈ വീടോ ഈ കുളകടവോ തന്നെ അലോസരപ്പെടുത്തിയല്ല…

‘ഉണ്ണി മുറ്റത്ത് അങ്ങനെ നിൽക്കേണ്ട ഇങ്ങോട്ടു പോരൂ..

‘അമ്മമ്മയാണ് ഇത് വരെ നാമം ജപിക്കുന്നത് കേട്ടിരുന്നു…

‘ഉണ്ണി ഉമ്മറത്തേക്കു കയറി.. അച്ഛച്ഛൻ മുറിയിൽ പോയി കിടന്നിട്ടുണ്ടാകും..

‘ഉണ്ണി ഉമ്മറത്തേക്കു കയറി അച്ഛച്ഛന്റെ ചാരി കസേരയിൽ തല ചാരി കിടന്നു..

‘ഉണ്ണീ…

‘അമ്മമ്മ വിളിച്ചു.. എന്തായി ബാംഗ്ലൂരിലത്തെ കാര്യങ്ങൾ…

‘കുറച്ചൊക്കെ അമ്മ പറഞ്ഞു.. അമ്മമ്മ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല.. ന്റെ കുട്ടിക്കു നല്ലത് വരണേ എന്ന് മാത്രമാണ് അമ്മമ്മയുടെ പ്രാർത്ഥന..

‘അതൊക്കെ കഴിഞ്ഞു ഇനി ഞാൻ ബാംഗ്ലൂരിലേക്ക് പോണില്ല… ആ ജോലി വിട്ടു.. ഉണ്ണി പറഞ്ഞു..

‘ആ കുട്ടിയോ.. അമ്മമ്മ വീണ്ടും ചോദിച്ചു..

‘പിരിഞ്ഞു….

‘അതും പറഞ് ഉണ്ണി പതിയെ കണ്ണുകളടച്ചു.. അമ്മമ്മ ഇനിയൊന്നും ചോദിക്കല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്..

‘ബാംഗ്ലൂരിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി കൈ നിറയെ പണം ഒക്കെ ആയപ്പോൾ കൂട്ടുകാരുമൊന്നിച്ചുള്ള കൂടലുകളും ഒക്കെയായി മുന്നോട്ട് പോകുമ്പോഴാണ് പുതിയ ഒരാളെ പരിചയപ്പെട്ടത് ‘അനുപമ എന്നായിരുന്നു പേര്..

‘ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബം..

‘അവളുമായി പെട്ടെന്ന് അടുത്തു.. അവളുടെ വീട്ടിലും തന്റെ ഫ്ളാറ്റിലും എല്ലാം തങ്ങൾ സംഗമിച്ചു..

‘അവളുടെ അമ്മയും അച്ഛനും എല്ലാത്തിനും മൗനാനുവാദം നൽകി..

‘അവരും മുൻ കൈയ്യെടുത്താണ് റജിസ്റ്റർ മേരേജ് പ്ലാൻ ചെയ്തതും താൻ വീട്ടിൽ പോലും അറിയിക്കാതെ അവളെ താലി ചാർത്തിയതും..

‘കമ്പനിയിൽ നിന്ന് ലോണെടുക്കലും ഫ്ലാറ്റ് വാങ്ങിയതും എല്ലാം ഓർത്ത് ഉണ്ണി അങ്ങനെ കിടന്നു…

‘അപ്പോഴാണ് അമ്മമ്മ വിളിച്ചത് ഉണ്ണി ഭക്ഷണം കഴിച്ചു കിടന്നോളൂ…

‘ഉണ്ണി ഭക്ഷണം കഴിച്ചു പോയി കിടന്നു..

‘മുകളിലത്തെ ജനൽ തുറന്നിട്ടപ്പോൾ നല്ല തണുത്ത കാറ്റ് മുറിയിലേക്ക് കടന്നു വന്നു..

‘ചെറിയ കാറ്റടിച്ചപ്പോൾ തൊടിയിലെ കഴുങ്ങും മാവും തെങ്ങും പതിയെ ആടി കളിച്ചു…

‘ഫ്ലാറ്റിലേക്ക് കയറുമ്പോൾ എന്നും ചിരിക്കാറുള്ള സെക്യൂരിറ്റിക്കാരൻ അന്ന് ഒരു കാര്യം പറഞ്ഞു..

‘വണക്കം സാർ.. സാർ ഇങ്കെ ഇല്ലാത്ത സമയങ്കളിൽ ചേച്ചി വേറെ ഒരാളുമായി ഇങ്കെ വരാറുണ്ട്..

‘ഉണ്ണി കട്ടിലിൽ പോയി കിടന്നു..

‘അവളോട് അന്ന് അതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടിയായി അവളൊരു ചിരി ചിരിച്ചു..

‘ഉണ്ണി ഒരു നാട്ടിൻപുറം കാരനെ പോലെ സംസാരിക്കല്ലേ ഈ ബാംഗ്ലൂർ സിറ്റിയിൽ എനിക്കൊരു പാട് സുഹൃത്തുക്കൾ ഉണ്ട്.. അതിൽ ആണും പെണ്ണും ഒക്കെയുണ്ടാകും അവർ ചിലപ്പോൾ ഫ്ളാറ്റിലും വരാറുണ്ട്..

‘അനുപമ ഒരു സില്ലിയായി അന്ന് തന്റെ മുന്നിൽ അതവതരിപ്പിച്ചു.. താനൊന്നും മിണ്ടിയില്ല… രണ്ടു പേരും റൂമിൽ പറ്റിച്ചേർന്നു കിടക്കുന്നത് കാണുന്നത് വരെ..

‘നീ എന്നെ അടിച്ചുവല്ലേ… എന്ന് പറഞ് അനുപമ തന്റെ നേർക്ക് ചീറി വന്നപ്പോൾ താനപ്പോൾ അമ്മുവിനെ ഓർത്തു..

‘കോടതിയും കേസും എല്ലാം കഴിഞ്ഞപ്പോൾ ഫ്ലാറ്റും അത് വരെയുള്ള സമ്പാദ്യവും എല്ലാം അവൾക്കു കൊടുക്കേണ്ടി വന്നു.. എന്നിട്ടും ജയിലിൽ കിടക്കാതിരിക്കാൻ അച്ഛൻ ഇടപെടേണ്ടി വന്നു…

‘പിറ്റേന്ന് ഉണ്ണി പറമ്പിലും പാടത്തുമെല്ലാം ഇറങ്ങി നടന്നു… അതിനിടയിൽ പഴയ കൂട്ടുകാരൻ അബു കാണാൻ വന്നു..

‘വില്ലേജ് ഓഫിസിൽ ക്ലാർക്ക് ആണ് അവൻ..

‘പണ്ട് ഹെൽത്ത് സെന്ററിൽ നിന്ന് എത്ര ഊതിയാലും വീർക്കുന്ന വെള്ള ബലൂണുകൾ കട്ട് കൊടുന്നതും അത് ഊതി വീർപ്പിച്ചു നടന്നപ്പോൾ അത് ബലൂൺ അല്ല എന്ന് പറഞ്ഞു ഹെൽത്ത് സെന്ററിലെ നഴ്‌സ് പിടിച്ചു വാങ്ങിയതും ഒക്കെ പറഞ് അബു കുറെ ചിരിച്ചു…

‘ഉച്ചക്ക് ഊണും കഴിഞ്ഞിട്ടാണ് അബു പോയത്…

‘ഉണ്ണി ഉച്ചക്ക് ഊണ് കഴിഞ്ഞു ഉമ്മറത്തെ ചാരി കസേരയിൽ ഇരുന്നൊന്നു മയങ്ങി…

‘കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആരോ വിളിക്കുന്നത് പോലെ തോന്നി ഉണ്ണിക്ക്…

‘ഉണ്ണി മാമാ….

‘ഉണ്ണി കണ്ണ് തുറന്നു പുറത്ത് രണ്ടു കുട്ടികൾ നിൽക്കുന്നു..

‘ഉണ്ണി കുട്ടികളുടെ അടുത്തേക്ക് ചെന്നു..

‘കുട്ടികളുടെ പേരൊക്കെ ചോദിച്ചു.. ‘അപ്പോൾ അടുക്കളയിൽ നിന്നും ഒരു പരിചിത ശബ്ദവും ചിരിയും കേട്ടു..

‘അമ്മു വന്നിരിക്കുന്നു…

‘ഉണ്ണി കുട്ടികളെ തന്നോട് ചേർത്ത് പിടിച്ചു..

‘അപ്പോഴേക്കും അമ്മു അങ്ങോട്ട് വന്നു..

‘രണ്ടു പേരും നല്ല വികൃതികളാണ് വല്ലാതെ അടുപ്പിക്കണ്ട…

‘ഉണ്ണിയേട്ടൻ ആളാകെ മാറിയല്ലോ കണ്ടാൽ തിരിച്ചറിയുന്നില്ല..

‘എത്ര കാലമായി കണ്ടിട്ട് ഒരു വിവരവും ഉണ്ടായിരുന്നില്ല.. ബാംഗ്ലൂർ ആണെന്ന് അറിയും അത്ര തന്നെ…

‘ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ അതോണ്ട് കാണാൻ പറ്റി..

‘അവസാന വാക്കു പറഞ്ഞപ്പോൾ ശബ്ദം ചിലമ്പിപ്പോയി.. അത് മറക്കാനെന്നോണം അവൾ കുട്ടികൾ കളിക്കുന്നിടത്തേക്ക് ചെന്നു തല്ല് കൂടല്ലേ കുട്ടികളെ എന്ന് പറഞ്ഞു കൊണ്ട്…

‘താൻ ഒരു മറുപടിയും പറഞ്ഞിരുന്നില്ല.. അല്ലെങ്കിലും മാറ്റങ്ങൾ തനിക്കു മാത്രമായിരുന്നല്ലോ..

‘കാലം നിലം ഉഴുതു മറിക്കുന്ന കാളയെ പോലെ തന്റെ ജീവിതം ഒരു തീരത്തേക്ക് ഒതുക്കി നിർത്തി…

‘അമ്മുവിന് സുഖമല്ലേ… അവൾ വീണ്ടും വന്നപ്പോൾ ഉണ്ണി ചോദിച്ചു…

‘സുഖം..

‘അന്ന് ഉണ്ണിയേട്ടൻ പോയപ്പോൾ ഞാൻ ശരിക്കും ആരുമില്ലാത്ത പോലെയായി..

വേറെ എന്തൊക്കെയോ അവൾക്കു പറയാൻ ഉണ്ടെന്നു തോന്നിയെങ്കിലും അവൾ അവിടെ നിർത്തി…

‘സൂര്യൻ ചുവന്ന ചെഞ്ചായമണിഞ്ഞു താഴേക്കു വന്നിരുന്നു അപ്പോഴേക്കും… മേഘങ്ങൾ ഒറ്റക്കും കൂട്ടമായും എങ്ങോ സാവധാനം പോകുന്നുണ്ട്.. ചിലത് കൂട്ടത്തിൽ നിന്ന് പോകാൻ മടിച്ചും നിൽക്കുന്നു..

‘ഇഷ്ടമായിരുന്നോ.. പിന്നെന്തേ പറഞ്ഞില്ല കാത്തിരിക്കണമെന്നു പോലും..

‘അതോ തോറ്റ് പോയവന്റെ നഷ്ടബോധമോ.. എന്താണ് തന്നെ മഥിക്കുന്നത്..

‘മാമാ ഞങ്ങൾക്ക് മാങ്ങ പൊട്ടിച്ചു തരുമോ… അമ്മുവിന്റെ കുട്ടികളാണ്.. അതിരത്ത് നിൽക്കുന്ന മാവിന്മേൽ ചൂണ്ടിയാണ് ചോദിക്കുന്നത്…

‘ഉണ്ണി കുട്ടികളുമായി അങ്ങോട്ട് നടന്നു.. അവിടെയെത്തിയപ്പോൾ തുമ്പിയെ പിടിക്കണമന്നായി അവരങ്ങനെ പാടത്തും പറമ്പിലും നടന്നു കളിച്ചു.. ഉണ്ണി ഒരു കുട്ടിയെ പോലെ അവരോടൊപ്പം കളിച്ചു..

‘തിരിച്ചു ചെല്ലുമ്പോഴേക്കും അമ്മു പാതി വഴിയിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..

‘ഉണ്ണിയേട്ടനെ ഇവര് വെള്ളം കുടിപ്പിച്ചിട്ടുണ്ടാകും…

‘ഇല്ല.. ഞാൻ അവരുടെ കൂടെ കളിക്കുകയായിരുന്നു..

‘കുട്ടികൾ മുന്നിൽ ഓടി ഉണ്ണി അമ്മുവിന്റെ കൂടെ നടന്നു..

‘ബാംഗ്ലൂരിലേക്ക് ഇനി എന്നാ പോകുന്നെ.. അവിടെയെന്തൊക്കെയോ പ്രശ്നമായി എന്നൊക്കെ കേട്ടിരുന്നു..

‘അമ്മു ചോദിച്ചു.. എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു ജീവിതവും.. ഇനി ബാംഗ്ലൂരിലേക്ക് പോണില്ല.. ഉണ്ണി പറഞ്ഞു..

‘വീടെത്തി അമ്മുവും കുട്ടികളും യാത്ര പറഞ്ഞിറങ്ങി ഉണ്ണി മുറ്റത്തേക്കിറങ്ങി അമ്മുവിന്റെ അടുത്തേക്ക് ചെന്നു..

‘ഞാൻ നാളെ പോകും.. ഉണ്ണി പറഞ്ഞു..

‘അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു.. എന്താ ഇത്ര പെട്ടെന്ന്… ഇനി എന്നാ കാണാൻ പറ്റുക.. അമ്മു ഉണ്ണിയുടെ കൈ പിടിച്ചു.. ‘ഞാൻ വരാം ഇടക്കൊക്കെ.. എന്നും നല്ലതേ വരൂ… ദൈവം അനുഗ്രഹിക്കട്ടെ.. ഉണ്ണി കുട്ടികൾക്ക് ഓരോ ഉമ്മ കൊടുത്ത് അമ്മുവിന്റെ തോളിൽ തട്ടി തിരിഞ്ഞു നടന്നു…

‘ഉണ്ണി പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മമ്മ കെട്ടിപിടിച്ചു കരഞ്ഞു..

‘ആ വീട്ടിൽ വീണ്ടും വെളിച്ചം മറഞ്ഞു..

‘തുളസിതറയും പാമ്പുകാവും കുളകടവും തൊടിയിലെ മാവും ഒരു പിടി ഓർമ്മകളുമായി ഉണ്ണി വയയിലേക്ക് ഇറങ്ങി നടന്നു.. ഓർമ്മകൾ വീണ്ടും മാടി വിളിക്കുന്നുണ്ട് പക്ഷേ ഓർമ്മകൾ ഓർമ്മകളാണ് അതോർമ്മകളായി ഉറങ്ങി കിടക്കട്ടെ…..

സ്നേഹത്തോടെ… Written by Abdulla Melethil

വായിച്ചവർക്കും വായിക്കാത്തവർക്കും വേണ്ടി..

Leave a Reply

Your email address will not be published. Required fields are marked *