തേപ്പുകാരി –

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :–നൗഷാദ് അട്ടപ്പാടി

“മോളെ സമയം എത്രയായി, ഇതുവരെ റെഡി ആയില്ലേ…. ”

അമ്മയുടെ വാതിലിൽ മുടിയുള്ള വിളി കേട്ടപ്പോഴാണ് അവൾക്കു സ്ഥലകാല ബോധം വന്നത്.

“ദാ വരുന്നമ്മേ… ”

അവൾ വിളിച്ചു പറഞ്ഞു. കണ്ണാടിക്ക് മുന്നിൽ നിന്ന് അലക്ഷ്യമായി കിടന്നിരുന്ന മുടിയിഴകൾ തഴുകികൊണ്ട് അവളുടെ കോളേജ് പഠനകാലം ഓർത്തു. പഠനകാലമല്ല പ്രണയകാലം. താൻ ജീവിതത്തിൽ സന്തോഷം എന്താണെന്നു അറിഞ്ഞിരുന്ന കാലം. കോളേജിലെ ആദ്യദിവസം തന്നെ അവൻ തന്നെ റാഗ് ചെയ്യുമ്പോൾ അവനുമായി ഇങ്ങനെ അടുക്കുമെന്നു കരുതിയതേ ഇല്ല. ആദ്യമായി അവൻ ഇഷ്ടം പറഞ്ഞതും ആദ്യം തള്ളിപ്പറഞ്ഞതും പിന്നീട് അവൾ പോലുമറിയാതെ അവന്റെ എല്ലാമായതുമെല്ലാം… പിന്നീടങ്ങോട്ട് പ്രണയത്തിന്റെ നാളുകൾ. എത്ര പെട്ടന്നാണ് 3വർഷം പോയത്… ?

“ആരായിരുന്നെടി അവൻ.. ?”

ചേട്ടന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടുകൊണ്ടാണ് അന്നവൾ വീട്ടിലെത്തിയത്. അവന്റെ കൂടെ ബൈക്കിൽ പോയത് തന്റെ മേൽ വല്ല്യ ഉത്തരവാദിത്തം ഉള്ള നാട്ടുകാർ വീട്ടിൽ അറിയിച്ചിരിക്കുന്നു എന്ന് അവൾക്കു മനസിലായി.

“അത്… എനിക്കിഷ്ടാ…

വാക്കുകൾ പൂർത്തിയാകാൻ വിട്ടില്ല..

ചേട്ടന്റെ കൈ അവളുടെ മുഖത്ത് ആഞ്ഞു പതിച്ചു. കുറച്ച് നേരത്തേക്ക് അവളൊരു നിശബ്ദ ലോകത്തായിരുന്നു. അച്ഛന്റെ ശകാരങ്ങളും അമ്മയുടെ കരച്ചിലും ചേട്ടന്റെ ഭീഷണിയുമൊന്നും അവൾ കേട്ടില്ല.

“മര്യാദക്ക് അവനെ മറക്കുന്നതാണ് നിനക്ക് നല്ലത്.”

ചേട്ടൻ കോപത്തോടെ പറഞ്ഞു ഇറങ്ങിപ്പോയി. തന്റെ എല്ലാ കുസൃതി കൾക്കും കൂട്ട് നിൽക്കുന്ന തന്റെ ചേട്ടനെ ആ രൂപത്തിൽ അവൾ ആദ്യമായി കാണുകയായിരുന്നു…

ഇന്നുവരെ തന്റെ ഇഷ്ടത്തിനൊന്നും വീട്ടിലുള്ള ആരും എതിർത്തിരുന്നില്ല. എല്ലാം ശരിയാവുമെന്നു സ്വയം സമാധാനിച്ചു അവൾ കിടന്നു…

“അയ്യോ ഓടിവരണേ……”

അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ഞെട്ടിയുണർന്നത്. ഓടി അച്ഛന്റെ റൂമിൽ എത്തിയപ്പോൾ കട്ടിലിൽ മലർന്നു കിടന്നു കിതക്കുന്ന അച്ഛനെയാണ് കണ്ടത്. അച്ഛന്റെ വായിൽ നിന്ന് വന്ന വെളുത്ത നുരയും പതയും കവിളിലൂടെ ഒലിച്ചു വന്നിരിക്കുന്നു.

“എന്തു പറ്റി അമ്മേ “.. ?

അവളുടെ ചോദ്യത്തിന് തറയിൽ അടപ്പു തുറന്ന് മറിഞ്ഞു കിടക്കുന്ന വിഷക്കുപ്പി ചിരിച്ചു കൊണ്ട് മറുപടി നൽകി.

“ആരെ തോല്പിക്കാൻ വേണ്ടിയാ അച്ഛാ ഇത് ചെയ്തത്.. ?

മെഡിക്കൽ കോളേജിൽ അച്ഛന്റെ കിടക്കയുടെ അരികിൽ നിന്നവൾ ചോദിച്ചു.

“നീ ഞങ്ങളെ എല്ലാവരെയും തോൽപിച്ചു കളഞ്ഞല്ലോ മോളെ… ?”

ആ ശബ്ദം വല്ലാതെ ഇടറിയിരുന്നു. കർട്ടൻ ഇട്ട് മറച്ച ജനലിനിടയിലൂടെ പുറത്തു വിഷമിച്ചിരിക്കുന്ന അമ്മയെ അവൾ നോക്കി. ഇതറിഞ്ഞെ പിന്നെ ആ പാവം ഒന്നും കഴിച്ചിട്ടില്ല. വീട്ടീന്ന് ഇറങ്ങിപ്പോയ ചേട്ടൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല. പിന്നെ ഒന്നും ആലോചിച്ചില്ല അവൾ ചോദിച്ചു.

“അച്ഛാ ഞാൻ എന്തു ചെയ്യണം….. ?”

ആ ചോദ്യം കേട്ടതും തളർന്നു കിടന്നിരുന്ന അച്ഛന്റെ മുഖത്ത് പ്രത്യാശയുടെ പുഞ്ചിരി വിടരുന്നത് അവൾ കണ്ടു…

“മോളെ കഴിഞ്ഞില്ലേ.. അവരിപ്പോ ഇങ്ങെത്തും. ഈ പെണ്ണിന്റെ ഒരു ഒരുക്കം…. !”

അമ്മ വീണ്ടും പുറത്തു തിടുക്കം കൂട്ടി തുടങ്ങി. കുളിച്ചൊരുങ്ങി ട്രേയിൽ ചായയുമായി തന്നെ വാങ്ങാനെത്തുന്നവർക്കു മുന്നിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത ചില്ലരമാലയിൽ അവൻ കൊടുത്ത അവളേറ്റവും ഇഷ്ടപ്പെട്ടിരുന്ന പാവ അവളെ പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു.

ഓർമവെച്ച നാള് തൊട്ടു നിരവധി പേരുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. അച്ഛനും അമ്മയും സ്നേഹത്തോടെ വിളിക്കും. ചേട്ടൻ വാത്സല്യത്തോടെ വിളിക്കും.. കൂട്ടുകാർ കളിയാക്കി വിളിക്കും..

ആ കൂട്ടത്തിലേക് പുതിയൊരു പേര് കൂടി..

“തേപ്പുകാരി ”

“അതെ ഞാനിന്നൊരു തേപ്പുകാരിയാണ്. എന്നെ പ്രസവിച്ച എന്റെ അമ്മയുടെ, എന്നെ വളർത്തിയ എന്റെ അച്ഛന്റെ, എന്റെ കുടുംബത്തിന്റെ സന്തോഷങ്ങൾ ഇടിഞ്ഞു വീഴാതിരിക്കാൻ വേണ്ടി വൃത്തിയായി തേച്ച തേപ്പുകാരി..

നൊന്തു പ്രസവിച്ചു, വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ സന്തോഷത്തിനും കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി സ്വന്തം ഇഷ്ടങ്ങൾ കുഴിച്ചു മൂടി മറ്റൊരുവന് മുന്നിൽ തല കുനിക്കേണ്ടി വരുന്നവളെ ആണുങ്ങൾ വിളിക്കുന്ന പേരാണത്രെ അത്.

രചന :–നൗഷാദ് അട്ടപ്പാടി

Leave a Reply

Your email address will not be published. Required fields are marked *