ഒരു വയനാടൻ പ്രണയകഥ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സിയാദ് ചിലങ്ക

” ഷാസിയാ….. നിന്റെ ഫോണിൽ ദാ കിടുക്കാച്ചി മെസ്സേജ് വന്ന് കിടക്കുന്നു… എന്റെ കയ്യിൽ ഫോൺ ഉള്ളപ്പോൾ തന്നെയാ അവന് മെസ്സേജ് അയക്കാൻ കണ്ടത്…. ഓന് നല്ല ഐശ്വര്യമാ എല്ലെ മോളെ?”

“ആരാണ് ഇക്ക?”

” ആസിഫ്… ആണ്…..ഇന്നാ നീ നോക്ക്…. മെസ്സേജിന് വേഗം മറുപടി അയക്ക്…… ”

സൽമാൻ ഫോണ് അവൾക്ക് നൽകി കുഞ്ഞിനെ അവളുടെ കയ്യിൽ നിന്ന് വാങ്ങി ബാൽക്കണിയിലേക്ക് നടന്നു.

വാട്സ്അപ്പിൽ വന്ന മെസ്സേജ് നോക്കുന്നതിന് മുമ്പ് അവൾ പ്രൊഫൈൽ പിക്ചർ ആയി ഇട്ട ആസിഫിന്റെ ഫോട്ടോ യിലേക്ക് നോക്കി, മനസ്സ് ഓർമ്മകളുടെ മായാ ലോകത്തേക്ക് പറന്നുയർന്നു അവളറിയാതെ.

ഒരു നാൾ അവളുടെ മനസ്സ് നിറയെ ആസിഫ് മാത്രമായിരുന്നു.

പ്ലസ് ടു തീരുന്നതിനുള്ളിൽ “ഇഷ്ടം ആണ് നിന്നെ ” എന്ന് ഒരു നൂറുവട്ടം പലരിൽ നിന്നും കേട്ടിട്ടുണ്ട്. അവൾ അത് ഒന്നും ഒരു കാര്യമായി എടുത്തിരുന്നില്ല.

വലിയ സ്വപ്നങ്ങൾ ഒന്നും അവൾക്കില്ലെങ്കിലും, പഠിച്ച് ഒരു ജോലി സ്വന്തമാക്കണം എന്ന ആഗ്രഹം ആണ് അവളുടെ മനസ്സ് നിറയെ. ആൺമക്കളില്ലാത്ത മാതാപിതാക്കൾക്ക് മൂത്ത മകളായ അവൾ താങ്ങും തണലുമായി ഉണ്ടാവണം എന്ന ഒറ്റ സ്വപ്നമേ അവൾക്ക് ഉള്ളു. അതിന് വേണ്ടി അവൾ കഷ്ടപ്പെടാൻ തയ്യാറുമാണ്.

അതിനിടയിൽ പിറകെ നടക്കുന്നവരെ ശ്രദ്ധിക്കാൻ അവൾക്ക് തോന്നിയിരുന്നില്ല. പക്ഷെ ആസിഫ് അവളറിയാതെ അവളുടെ മനസ്സിൽ പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്ക് കിളിവാതിൽ തുറന്നു.

ഷാസിയയുടെ ഉമ്മയുടെ വീട് വയനാട് ആണ്, കുട്ടിക്കാലത്ത് കുറച്ച് നാൾ അവിടെ നിന്നാണ് പടിച്ചതും വളർന്നതും. ഇരിങ്ങാലക്കുടയിൽ നിന്ന് ഒരു അവധി കിട്ടിയാൽ അവർ അന്നേരം തന്നെ വയനാട്ടിലേക്ക് യാത്ര തിരിക്കും.പത്താം ക്ലാസ്സ് കഴിഞ്ഞ് വൊക്കേഷന് നിൽക്കാൻ പോയ സമയത്താണ് ആസിഫുമായി കൂടുതൽ അടുത്തത്.

ഷാസിയയുടെ ചിരിച്ച മുഖത്ത് വിടരുന്ന നുണക്കുഴി കണ്ടാൽ ആരും നോക്കി നിന്നു പോവും.ചിരിച്ച് കൊണ്ട് മുത്ത് കിലുങ്ങുന്ന പോലെ ഉള്ള അവളുടെ സംസാരം കേൾക്കാൻ പ്രത്യേക രസം തന്നെയാണ്.

ഷാസിയയുടെ അനിയത്തിയുടെ കൂട്ടുകാരി രഹ്നയുടെ ഇക്കയാണ് ആസിഫ്, അത്കൊണ്ട് വയനാട് പോകുമ്പോഴെല്ലാം ആസിഫിന്റെ വീട്ടിലേക്ക് അവർ ചെല്ലാറുണ്ട്.

മുമ്പ് ഒരു ദിവസം ആസിഫ് ഷാസിയയോട് ഇഷ്ടം പറയാൻ വന്നിട്ടുണ്ടായിരുന്നു, അവന് വേണ്ടിയല്ല കൂട്ടുകാരന് വേണ്ടിയായിരുന്നു. അന്ന് അവളുടെ സുന്ദര നയനങ്ങൾ ദേഷ്യം കൊണ്ട് വികസിച്ചതും കവിളുകൾ ചുവന്ന് തുടുത്തതും കണ്ട് അവൻ പേടിച്ച് പോയതാണ്.

ഷാസിയയുമായി കൂടുതൽ അടുത്തപ്പോൾ, അവളെ സ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു.

അവധിക്കാലം കഴിഞ്ഞ് ഇരിങ്ങാലക്കുടക്ക് തിരിച്ച് പോരാൻ ഒരുങ്ങിയപ്പോൾ യാത്ര പറയാൻ ചെന്ന ദിവസം ആസിഫ് കുറേ നേരം അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.യാത്ര പറഞ്ഞിറങ്ങിയ അവളിൽ നിന്ന് ഫോൺ നമ്പർ വാങ്ങാനും അവൻ മറന്നില്ല.

പിന്നീട് പ്ലസ് ടു കഴിയുന്നത് വരെ അവർ തമ്മിൽ സംസാരിക്കും മെസ്സേജുകൾ അയക്കും. അവൾക്ക് നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു.

“ജീവിതത്തിൽ ഒരു പാട് സ്വപ്നങ്ങൾ ഉള്ള ആളാണ് ഞാൻ, അത് നേടിയെടുക്കാൻ നീ എന്റെ കൂടെ ഉണ്ടാകുമോ?”

ആസിഫ് ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് വിഷമിച്ചു പോയെങ്കിലും.ആസിഫിന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി.

അവളെ വിവാഹം കഴിക്കാൻ ആഗ്രഹം അവൻ പ്രകടിപ്പിച്ചപ്പോൾ, വാപ്പക്കും ഉമ്മക്കും സമ്മതമാണെങ്കിൽ അവൾക്കും സമ്മതമാണെന്ന് അവൾ പറഞ്ഞു.

അവൾക്ക് ബാംഗ്ലൂരിൽ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി, ഒരാഴ്ച മാത്രമേ ഉള്ളു ഇനി ബാംഗ്ലൂർക്ക് പോകാൻ.ആസിഫിനെ കണ്ട് യാത്ര പറയാതെ അവൾക്ക് ഒരു സമാധാനവും ഇല്ല.

ആസിഫിന്റെ വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ അവൻ ഉമ്മറത്ത് തന്നെ അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു. അനിയത്തി തസ്നിയും രഹ്‌നയും അകത്തേക്ക് കയറി പോയപ്പോൾ അവർ രണ്ട് പേരും പറമ്പിലൂടെ നടന്ന് വലിയ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ പോയി നിന്നു.

ആസിഫ് അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ നീലക്കടലിന്റെ ആഴമുള്ള കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു. അവൾ തല താഴ്ത്തി നിന്നു. കൈ വിരലുകൾ കൊണ്ട് മാവിന്റെ തടിയിൽ പിടിച്ച് അവൾ നിന്നു.

അവൻ അവളുടെ കൈകളിൽ കൈ അമർത്തി. അവൾ അവന്റെ മുഖത്തേക്ക് നോക്കി.

” ഷാസിയ നീ എന്തിനാ വിഷമിക്കുന്നത് നീ പോയി ഉഷാറായി പഠിക്ക്, ഞാൻ നീ വരുന്നതും കാത്ത് ഇവിടെ ഉണ്ടാവും. എന്റെ ജോലിയുടെ കാര്യം ശരിയായാൽ ഞാൻ നിന്റെ വീട്ടിൽ വന്ന് നിന്റെ വാപ്പാനോട് എന്റെ ഹൂറിയെ എനിക്ക് കെട്ടിച്ച് തരുമോ എന്ന് ഞാൻ ചോദിക്കും,പോരെ… നീ സന്തോഷമായി പോ.. ”

“ഭയങ്കര സ്ട്രിക്റ്റ് ആണ് അവിടെ നിന്നോട് സംസാരിക്കാനും നിന്നെ കാണാനും എനിക്ക് ഇനി കഴിയില്ലല്ലൊ എന്നോർക്കുമ്പോഴാ മനസ്സ് നീറുന്നത്.നാല് വർഷത്തിൽ വൊക്കേഷന് മാത്രമേ ഇനി നാട്ടിൽ വരാൻ പറ്റു… അത് വരെ നമ്മൾ ഇനി……. ”

അവൻ അവളുടെ കണ്ണുനീർ തുടച്ചു, മെല്ലെ അവനിലേക്ക് അടുപ്പിച്ചു, നനഞ്ഞ അവളുടെ ചുവന്ന ചുണ്ടിലേക്ക് അടുത്തപ്പോൾ അവൾ തട്ടി മാറ്റി…..

“മോനെ ടച്ചിംങ്ങ്സെല്ലാം സമയം ആവുമ്പോൾ പറയാട്ടൊ..സെൻറിയിൽ കയറി പിടിച്ച് ചുളുവിൽ പണി ഒപ്പിക്കാൻ നോക്കുവാണല്ലെ കള്ളാ.”

അവൾ ചെറുപുഞ്ചിരിയോടെ അവിടെ നിന്ന് ഓടി അകന്നു.

അവൾ പ്രതീക്ഷിച്ചതിനേക്കാൾ കഠിനമായിയുന്നു ബാംഗ്ലൂർ ജീവിതം. കോളേജും ഹോസ്റ്റലും ജയിലിന് തുല്ല്യമായിരുന്നു, ആഴ്ചയിൽ അഞ്ച് മിനിറ്റ് മാത്രമാണ് വീട്ടിലേക്ക് ഫോൺ വിളിക്കാൻ അനുവദിക്കുകയുള്ളു.

മൂന്ന് മിനിറ്റ് വീട്ടിലേക്ക് വിളിച്ച് ബാക്കി രണ്ട് മിനിറ്റ് അവൾ ആസിഫിനോട് സംസാരിക്കും. ബാക്കി സമയം മുഴുവൻ അവൾ ഓർമ്മകളിൽ ആശ്വാസം കണ്ടെത്തും.ആസിഫിന്റെ പുഞ്ചിരിക്കുന്ന മുഖം അവളുടെ മനസ്സ് നിറഞ്ഞ് നിന്നു.

എങ്കിലും അവൾ പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും നടത്തിയില്ല. ഉത്തരവാദിത്വത്തോടെ അവളുടെ ലക്ഷ്യത്തിലേക്ക് എത്താൻ അവൾ ആത്മാർത്ഥമായി ഹാർഡ് വർക്ക് ചെയ്തു.

ഫോണിൽ അധികം സംസാരിക്കാൻ കഴിയാത്തത് കൊണ്ട് അവൾ അവന് കത്തുകൾ എഴുതാൻ തുടങ്ങി. അവളുടെ ഹൃദയം അക്ഷരങ്ങളിലൂടെ പകർത്തി.അവർ പുതിയ തലമുറക്ക് അന്യമായ കത്തുകളിലൂടെ പഴയ തലമുറ ഹൃദയം കൈമാറിയ പോലെ അവരും പ്രണയം പങ്കിട്ടു.

മാസങ്ങൾ അധിവേഗം ഓടി മറഞ്ഞു… രണ്ടാമത്തെ വർഷം അവധിക്ക് നാട്ടിലെത്തിയ അന്ന് ആസിഫിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞു.

” ഞാൻ നിന്റെ വീട്ടിൽ പറയട്ടെ നമ്മുടെ കാര്യം… നിനക്ക് ഇപ്പോൾ തന്നെ ഓരോ ആലോചനകൾ വരുന്നുണ്ടല്ലൊ, നമ്മൾ അധികം വൈകിച്ചാൽ ചിലപ്പോൾ നല്ല വല്ല ആലോചനയും നിനക്ക് വന്നാൽ നിന്റെ വീട്ടുകാർ എങ്ങാനും ഉറപ്പിച്ചാലൊ.. ”

അന്ന് തന്നെ അവൻ അവളുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു.

അവളുടെ ഖൽബിൽ സന്തോഷത്തിന്റെ ഒരായിരം മഴവില്ല് തെളിഞ്ഞു. കണ്ട കിനാവുകൾ യാഥാർത്ഥ്യമാകാൻ പോകുമെന്നോർത്തപ്പോൾ അവളുടെ മനസ്സ് സന്തോഷത്താൽ പൂത്തുലഞ്ഞു.

ബാംഗ്ലൂരിൽ ശരിക്കും തടവ് പുള്ളിയെ പോലെയുള്ള ജീവിതമാണെങ്കിലും അവളുടെ സ്വപ്നങ്ങൾ പൂവണിയുന്ന തോർക്കുമ്പോൾ അവൾ എല്ലാം സഹിച്ചു.

കത്തെഴുതുന്നതും അവസാനിപ്പിക്കേണ്ടി വന്നു. കത്തുകളുടെ ഉള്ളിലേക്കും പരിശോദന നീണ്ടപ്പോൾ അതും നിറുത്തി. ഫോൺ വിളിയിലും നിയന്ത്രണം വന്നു.

ഒരാശ്വാസത്തിന് ഇടക്ക് സ്റ്റാഫിനെ സോപ്പിട് അവരുടെ ഫോണിൽ നിന്നെല്ലാം വിളിക്കും അതെല്ലാമാണ് ആകെയുള്ള ആശ്വാസം.

ഒരു ദിവസം ഉമ്മയുടെ കൂടെ ബാംഗ്ലൂർക്ക് അവനും വന്നിരുന്നു. അവനെ കണ്ടപ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഉമ്മ കണ്ടു.

കാര്യങ്ങൾ പെട്ടെന്ന് മാറിമറിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല, ആസിഫിന്റെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ അവൾക്ക് പേടി തോന്നി തുടങ്ങി.ആദ്യമൊന്നും അവൾ കാര്യമായെടുത്തില്ല പക്ഷെ ….

നന്നായി പാട്ട് പാടുകയും കേൾക്കുകയും ഇഷ്ടപ്പെട്ടിരുന്ന അവളോട് ഇനി മുതൽ പാട്ട് കേൾക്കരുത് എന്ന് പറഞ്ഞ് നിറുത്തിച്ചു.അവൾ പുരികം ത്രെഡ് ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നു ,അവൻ അത് പാപമാണെന്ന് പറഞ്ഞു,മര്യാദക്ക് തട്ടം ധരിച്ച് അടക്കവും ഒതുക്കവും ഉള്ള പെണ്ണാണ് അവൾ. അത് പോര ചുറ്റി കെട്ടി നടക്കണം എന്ന് അവൻ ആവശ്യപ്പെട്ടു. അവൾ അതും ചെയ്തു ,അവന്റെ ഇഷ്ടങ്ങൾ’ അവൾ സന്തോഷത്തോടെ അനുസരിക്കുകയേ ഉള്ളു.

എന്നാൽ കാര്യങ്ങൾ സഞ്ചരിച്ചത് മറ്റൊരു വഴിക്കാണ്. ആസിഫിന്റെ വാപ്പ ഗൾഫിൽ നിന്ന് വന്നതിന് ശേഷമാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞത്.

അവരുടെ വിശ്വാസങ്ങളിൽ വല്ലാത്ത തീവ്രത, അവളുടെ വാപ്പയോടും ഉമ്മയോടു പോലും വരെ അവൻ ഓരോന്നും കൽപിച്ച് തുടങ്ങി. സുന്നി കുടുംബത്തിൽ ജീവിക്കുന്ന അവരെ മറ്റൊരു ആശയത്തിന്റെ വക്താക്കളാക്കാൻ അവൻ ശ്രമിച്ച് കൊണ്ടിരുന്നു. നിങ്ങളുടെ വിശ്വാസം ശരിയല്ല വസ്ത്രധാരണം ശരിയല്ല, പർദ്ദ മാത്രമേ ധരിക്കാവൂ എന്തിന് കല്ല്യാണത്തിന് വരെ പർദ്ദയും ധരിച്ച് മുഖം മറച്ച് ഇരിക്കണം എന്നായി അവന്റെ കൽപന.

കാര്യങ്ങൾ അവളെ ജോലിക്ക് വിടില്ല എന്ന അവസ്ഥയിലേക്ക് എത്തി. എല്ലാം അനുസരിക്കാൻ അവൾ തയ്യാറായിരുന്നു പക്ഷെ അത് കൂടി കേട്ടപ്പോൾ അവൾ ആകെ തകർന്നു.

ഫോൺ വിളിയെല്ലാം അവൻ നിറുത്തിയിരുന്നു, നിക്കാഹ് കഴിയുന്നത് വരെ ഇതൊന്നും ശരിയല്ല എന്ന കാര്യം പറഞ്ഞ് സംസാരവും നിറുത്തി.

മനസ്സിൽ വിശ്വാസവും ഭക്തിയുമുള്ള പെണ്ണാണ് അവൾ, പടച്ചവൻ വേഷങ്ങളിലല്ല മനസ്സിലേക്കാണ് നോക്കുക എന്നാണ് അവൾ പഠിച്ചത് ,എങ്കിലും അവൾ അവന് വേണ്ടി മനസ്സിനെ ഒരുക്കി കൊണ്ടിരുന്നു അവനുമായി പൊരുത്തപ്പെടാൻ.

റിസൾറ്റ് വന്നപ്പോൾ ഫസ്റ്റ് ക്ലാസ്സ് കിട്ടിയ സന്തോഷം ഉമ്മയോട് വിളിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

” ആസിഫിനോട് ഒന്ന് വിളിച്ച് പറയണെ ഉമ്മ”

“മോളെ നമുക്ക് ആ കാര്യം ഒന്ന് കൂടി ആലോചിക്കണം, അവൻ വിളിച്ചിരുന്നു അവന് നിന്നെ വേണ്ട എന്ന രീതിയിലാണ് സംസാരിച്ചത്, അവന്റെ വാപ്പാക്ക് കൂട്ടുകാരന്റെ മോളുമായി അവനെ കെട്ടിക്കാൻ താൽപര്യമുണ്ടെന്ന്, അവരുടെ ആശയവും രീതികളുമാണ് അവരുടെ എന്ന്, മോളെ …..അപ്പോൾ ഞാനും അവനോട് പറഞ്ഞു ഞങ്ങളും നിന്നോട് പറയാനിരിക്കുകയായിരുന്നു ഇത് നടക്കില്ല എന്ന്…

“മോളെ ”

‘”മോളെ എന്താ ഒന്നും മിണ്ടാത്തത്……”

അവളുടെ ഒരു തേങ്ങൽ മാത്രമാണ് ഉമ്മ കേട്ടത്.

ഉമ്മയും വാപ്പയും ബാംഗ്ലൂർക്ക് അവളെ കൂട്ടികൊണ്ട് വരാൻ ചെന്നപ്പോൾ അവളുടെ രൂപം കണ്ട് ആ മാതാപിതാക്കൾ കരഞ്ഞ് പോയി. അവളുടെ മുഖത്തെ പ്രസാദമെല്ലാം നഷ്ടമായി, തുടുത്ത കവിളുകൾ ഒട്ടി….. അവളുടെ രൂപം കണ്ട ഉമ്മ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു…..

“മോളെ ….എന്ത് കോലമാ ഇത്……നമുക്ക് ആ കാര്യം നടത്താം, ഞങ്ങൾ അവരുമായി സംസാരിക്കാം… മോളെ നിന്നെ ഞങ്ങൾക്ക് വേണം”

” വേണ്ട ഉമ്മ ,ഞാനതെല്ലാം മറക്കാൻ ശ്രമിക്കുകയാണ്, എന്നെ വേണ്ടാത്ത ഒരുത്തനെ എനിക്കും വേണ്ട ,നിങ്ങൾ വിഷമിക്കണ്ട എന്റെ വിഷമം മാറും എനിക്ക് എത്രയും വേഗം എവിടെയെങ്കിലും ജോലിക്ക് കയറണം, അതോടെ എല്ലാം ശരിയാകും”

ഹൃദയത്തിൽ ചുട്ടുപൊള്ളുന്ന വേദനയുണ്ടെങ്കിലും അവൾ അവരുടെ മുമ്പിൽ പുഞ്ചിരി തൂകി അവരെ ആശ്വസിപ്പിച്ചു.

” ഷാസിയ…. സ്വപ്നം കണ്ടത് നിറുത്തു ദാ മോള് കരയുന്നു പാല് കൊടുക്ക് ”

അവൾ കുഞ്ഞിനെ മാറോടടുപ്പിച്ച് ഇളം ചുണ്ടിലേക്ക് അമ്മിഞ്ഞ നുകർന്നു.

“എന്താ ഇക്ക ഇങ്ങനെ നോക്കുന്നത്?”

” ഒരമ്മ കുഞ്ഞിന് പാല് കൊടുക്കുന്നതിനേക്കാൾ വലിയ കവിതയൊന്നും ഞാൻ എവിടെയും കണ്ടിട്ടില്ല…”

“ഇക്ക സാഹിത്യമൊക്കെ വരുന്നുണ്ടല്ലൊ.. ”

“ആസിഫ് മാപ്പും കുമ്പസാരവും നടത്തിയാണല്ലൊ മെസ്സേജ് അയച്ചത് ,നിന്നെ വിഷമിപ്പിച്ചതിന് അവൻ അനുഭവിച്ചു എന്നൊക്കെ ഉണ്ടല്ലൊ, എന്താണാവോ സംഭവിച്ചത് ,നീ എന്ത് മറുപടിയാ കൊടുത്തത്?”

” ഞാൻ മറുപടി ഒന്നും കൊടുത്തില്ല അവന് എന്ത് സംഭവിച്ചു എന്ന് അറിയാനും എനിക്ക് ആഗ്രഹമില്ല, ഞാൻ അവനെ ബ്ലോക്ക് ചെയ്തു…. ”

“അച്ചൊടാ .. പാവം അത് വേണ്ടായിരുന്നു.”

” ഇപ്പോൾ എനിക്കൊരാഗ്രഹം അവനെ ഒന്ന് കാണണം എന്ന് ”

“എന്തിനാ മുത്തെ?”

“ഒരു താങ്ക്സ് പറയണം”

“താങ്ക്സോ ”

” അവൻ പോയത് കൊണ്ടല്ലെ എനിക്ക് എന്റെ ഇക്കാനെ എനിക്ക് പടച്ചവൻ തന്നത്”

അവൾ കുഞ്ഞിനെ കട്ടിലിൽ കിടത്തി സൽമാന്റെ നെഞ്ചിലേക്ക് തലവെച്ച് ആലിംഗനം ചെയ്തു.

സൽമാന്റെ നിഷ്കളങ്കമായ മുഖത്ത് പുഞ്ചിരി വിടർന്നു.ദുബായിലെ അവരുടെ ഫ്ലാറ്റിലെ ലൈറ്റണഞ്ഞപ്പോൾ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു.

……………………………………………………….

രചന: സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *