അരുവിയുടെ ആദ്യരാത്രി

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-Sai Bro.

വയസ്സ് മുപ്പത് കഴിഞ്ഞിട്ടും കല്യാണം നടക്കാത്തതിലുള്ള വീട്ടുകാരുടെ വിഷമവും സങ്കടവും കണ്ട് കരളലിഞ്ഞതുകൊണ്ടു മാത്രമാണ് (അല്ലാതെ എനിക്ക് കല്യാണം കഴിക്കാൻ മുട്ടിനിന്നിട്ടല്ലാട്ടോ ) അറബിയെ പറ്റിച്ചു ഇരുപത് ദിവസത്തെ എമർജൻസി ലീവ് എടുത്തു ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് വിമാനം കയറിയത്..

വീട്ടിലെത്തിയപാടെ അമ്മ ഒരു വിവാഹാലോചന എനിക്കുമുന്നിൽ അവതരിപ്പിച്ചു..

അമ്മയുടെ കൂട്ടുകാരിയുടെ മകൾ, കാണാൻ സുന്ദരി, നല്ല വിദ്യാഭ്യാസം, എല്ലാംകൊണ്ടും നിനക്ക് ഒത്തിണങ്ങിയ കുട്ടി എന്നൊക്കെയുള്ള അമ്മയുടെ വർണ്ണന കേട്ടപ്പോൾ ഞാനതിൽ വീണുപോയെന്നു പറയുന്നതാവും ശരി…

പിറ്റേദിവസം തന്നെ അമ്മ എന്നേയും കൂട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി..

ഔദ്യോഗികമായുള്ള പെണ്ണ് കാണൽ.. !!

പെണ്ണിന്റെ അമ്മക്കൊണ്ടുവന്ന പച്ചമാങ്ങാ ജ്യൂസ്‌ വലിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൾ തെല്ല് നാണത്തോടെ എന്റെ മുന്നിലേക്ക് വന്നത്.. !

കുറ്റംപറയാൻ ഒന്നും ഞാനവളിൽ കണ്ടില്ല.. ഒതുക്കവും അടക്കവുമുള്ള ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി… !

അവളുടെ പേരായിരുന്നു എനിക്കേറ്റവും ഇഷ്ടപെട്ടത്… !

‘അരുവി’

സംസാരമെല്ലാം കഴിഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ പനങ്കുലപോലുള്ള മുടി പിറകിൽ പരന്നുകിടക്കുന്നതു കണ്ടു..

അതൂടെ കണ്ടപ്പോൾ ഞാനമ്മയുടെ കൈത്തണ്ടയിൽ ചെറുതായൊന്നുമർത്തി..

എനിക്കീ പെണ്ണ് മതിയമ്മേ എന്നർത്ഥത്തിൽ..

പിന്നീടെല്ലാം വേഗത്തിലായിരുന്നു..

ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് തന്നെ കല്യാണ തീയതി നിശ്ചയിച്ചു..

ഇതിനിടക്ക് അരുവിയോട് രഹസ്യമായി സംസാരിക്കുന്നതിനുവേണ്ടി ഞാനൊരു പുതിയ മൊബൈലും സിം കാർഡും അവൾക്ക് സമ്മാനിച്ചു..

പണ്ട് എന്നെ തേച്ചുപോയ എല്ലാ പെൺകുട്ടികളോടുമുള്ള പ്രതികാരം പോലെ എല്ലാ രാത്രികളിലും ഞാൻ അരുവിയോട് ഉറങ്ങാതിരുന്നു സംസാരിച്ചു..

ഒരുമ്മ ഞാനങ്ങോട്ട് കൊടുക്കുമ്പോൾ നൂറുമ്മ ഞാൻ അരുവിയിൽ നിന്നും ശാഠ്യം പിടിച്ചു മേടിച്ചുകൂട്ടി..

“എടീ, അവന്റെ മുറി കല്യാണത്തിനുമുൻപ് ഒന്ന് വൃത്തിയാക്കണം, നിറയെ പല്ലികളുണ്ടെന്നു തോന്നുന്നു ആ മുറിയിൽ.. രാത്രിയായാൽ എന്താ പല്ലി ചിലക്കൽ…”

അച്ഛൻ അടുക്കളയിൽ വെച്ച് അമ്മയോടത് പറയുമ്പോൾ അരുവിയുടെ നൂറ്റിയൊന്നാമത്തെ ഉമ്മ ഫോണിലൂടെ ഏറ്റുവാങ്ങുകയായിരുന്നു ഞാൻ..

‘എനിക്കൊരു നേരിട്ട് കാണണം ഏട്ടാ, ഒരുകാര്യം പറയാനുണ്ട്,,’

കല്യാണത്തിന് രണ്ടുദിവസം മുൻപ് അരുവി പെട്ടെന്ന് എന്നോടത് പറഞ്ഞപ്പോൾ ഞാൻ ചെറുതായൊന്നു അമ്പരന്നു..

എന്തുപറ്റി ഇവൾക്ക്.. ! ഫോണിൽ സംസാരിച്ചപ്പോൾ അരുവിയുടെ ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നുവോ..?

അമ്പലത്തിലെ തിരക്കൊഴിഞ്ഞ ആൽത്തറയിൽ അരമണിക്കൂറോളം തൊട്ടുരുമ്മി നിന്നിട്ടും അരുവി ഒന്നും പറയാതായപ്പോൾ എനിക്ക് മുഷിഞ്ഞു..

” നീ കാര്യം പറയുന്നുണ്ടോ പെണ്ണെ..? ”

ഞാൻ ശബ്ദമുയർത്തിയപ്പോൾ അരുവിയൊന്ന് നടുങ്ങിയതുപോലെ..

ഒന്നൂല്യെട്ടാ ഞാൻ പോണ്..

ഒറ്റവാക്കിൽ അത്രേം പറഞ്ഞുകൊണ്ട് അവൾ ധൃതിയിൽ നടന്നകന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളം തെറ്റി തുടങ്ങി…

എന്താണ് അവളെന്നോട് പറയാൻ മടിക്കുന്ന ആ വലിയ രഹസ്യം..?

കല്യാണത്തിന്റെ അന്ന് രാവിലെവരെ ആ ചിന്ത മാത്രമായിരുന്നു എന്റെ ഉള്ളിൽ..

വിവാഹമണ്ഡപത്തിൽ എനിക്കരുകിലായി ഇരുന്ന അരുവിയുടെ മുഖം ശ്രദ്ധിച്ചപ്പോൾ എനിക്കൊരുകാര്യം വ്യക്തമായി…

പുറത്തുപറയാനാകാത്ത എന്തോ ഒന്ന് അവളെ വല്ലാതെ ഭയപെടുത്തുന്നുണ്ട്…

ആ ചിന്തകൾകൊണ്ട് അരുവിയുടെ മുഖം വിളറിവെളുത്തിരിക്കുന്നത് ഞാൻ കണ്ടു…

താലികെട്ട് കഴിഞ്ഞപ്പോൾ അരുവിയുടെ അമ്മ എന്റെ അമ്മയോട് എന്തോ രഹസ്യമായി പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…

അതുകേട്ട് അമ്മ എന്നെ ദയനീയമായി നോക്കുന്നതും ഞാൻ ഏറുകണ്ണിട്ട് ശ്രദ്ധിച്ചു..

എന്റെ ജീവിതത്തെ കീഴ്മേൽ മറക്കാനുള്ള എന്തോ ഒന്ന് എനിക്ക് ചുറ്റും സംഭവിക്കുന്നുണ്ടെന്ന് ഞാൻ ആ നിമിഷം മനസിലാക്കി…

ഉച്ചകഴിഞ്ഞുള്ള ചായസൽക്കാരം കഴിഞ്ഞു അരുവിയുടെ വീട്ടിലേക്ക് ഞാൻ പോകാനിറങ്ങുമ്പോൾ പെട്ടെന്ന് അമ്മ വന്നെന്റെ കൈത്തണ്ടയിൽ പിടിച്ചു..

സംശയത്തോടെ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..

“എല്ലാം സഹിക്കാൻ നീ തയ്യാറായിരിക്കണം ” എന്നായിരുന്നോ അന്നേരം അമ്മ എന്നോട് പറയാതെ പറഞ്ഞത്..

രാത്രി എനിക്കരുകിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അരുവിയുടെ ശരീരം ചെറുതായി വിറക്കുന്നതു പോലെ തോന്നി…

നുള്ളിപ്പെറുക്കി ഭക്ഷണം കഴിച്ചെന്നുവരുത്തി അവൾ എണീറ്റപ്പോൾ ഞാനും ഇലമടക്കി എണീറ്റു…

ബെഡ്റൂമിലെ വലിയ ക്ലോക്കിൽ മണി പത്തടിച്ചു ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അരുവി വാതിൽ തുറന്ന് അകത്തേക്ക് കടന്നു..

കയ്യിലെ തളികയിൽ ഒരു ചില്ല് ഗ്ലാസ്‌ നിറയെ പാൽ, അതിന് ചുറ്റും പഴവർഗ്ഗങ്ങൾ… !

മത്തുപിടിപ്പിക്കുന്ന ഒരു മാദകഗന്ധം അവളുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നതുപോലെ തോന്നി എനിക്ക്..

കാച്ചിയ പാൽ എനിക്ക് നേരെ നീട്ടികൊണ്ട് അരുവി നാണിച്ചു പുഞ്ചിരിച്ചപ്പോൾ പാലൊളി തൂകിയ പൂർണ്ണ ചന്ദ്രനെ പോലെ തോന്നി ആ മുഖം..!

ആദ്യരാത്രിയുടെ മാധുര്യം നുണയാൻ ഞാൻ വെമ്പൽ കൊണ്ടു..

എനിക്കടുത്തിരിക്കുന്ന അരുവിയുടെ കഴുത്തിലും ചുണ്ടിനു മുകളിലും വിയർപ്പു തുള്ളികൾ കിളുർക്കുന്നത് കണ്ട് ഞാൻ കോരിത്തരിച്ചു..

മധുവിധു രാവിന്റെ ചൂടാണവൾക്ക്… !

അതുവരെയുള്ള ആശങ്കകളെയെല്ലാം കുതറിയെറിഞ്ഞു ഞാൻ അരുവിയെയും കൊണ്ട് പട്ടുമെത്തയിലേക്ക് ചാഞ്ഞു..

കിടക്കിയിൽ ചിതറികിടക്കുന്ന മുല്ലമൊട്ടുകൾ ഞങ്ങളുടെ ശരീരത്തിനിടയിൽപെട്ടു ചതഞ്ഞരഞ്ഞു സുഗന്ധം പൊഴിച്ചു..

പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന അരുവി ഒന്ന് ഞെരുങ്ങിയതുപോലെ തോന്നി…

പിന്നെപ്പിന്നെ ആ ഞെരുക്കം കൂടിക്കൂടി വന്നു, അതൊരു കരച്ചിലിന്റെ വക്കത്തെത്തി…

എന്താണ് കാര്യമെന്നറിയാതെ ഞാൻ കിടക്കയിൽ നിന്നും ചാടി എണീറ്റു അന്തംവിട്ടു നിന്നു…

കിടക്കിയിൽ വട്ടംകിടന്നു പുളഞ്ഞു കരയുന്ന അരുവിയെ കണ്ട് എന്റെ കഴുത്തിലും മുഖത്തും വിയർപ്പ് ഒലിച്ചു തുടങ്ങി…

“എന്തൂട്ടാ കാര്യം.. എന്താ പറ്റീത് നിനക്ക്..? ”

സംഭ്രമത്തോടെ ഞാനത് ചോദിച്ചപ്പോൾ ഞെരുങ്ങി മൂളിക്കൊണ്ട് അരുവി മറുപടി നൽകി..

“എനിക്ക് പിരീഡ് ആയി ഏട്ടാ…”

ആർത്തവം, പെണ്ണിന് പ്രകൃതി കനിഞ്ഞു നൽകിയ പ്രതിഭാസം.. !

സംഗതിയൊക്കെ ശരി തന്നെ… എന്നാലും എന്റെ പ്രകൃതി, നീയീസമയത്ത് തന്നെ എന്റെ ഭാര്യയോട് ഈ വികൃതി കാണിച്ചല്ലോ..

ഇടിമിന്നൽ ഏറ്റത് പോലെ ഞാനൊന്നു ഉലഞ്ഞു.. തളർന്നു വീഴാതിരിക്കാൻ കട്ടിലിൽ കൈകുത്തിയപ്പോൾ വീണ്ടും അരുവിയുടെ ദയനീയ സ്വരം കേട്ടു..

“എന്റെ കാലിന്റെ മസ്സിലൊക്കെ ഉരുണ്ട് കയറുന്നു ഏട്ടാ.. ഒന്ന് കാല് തിരുമ്മി തരോ..?”

എന്തിനു പറയുന്നു…

കട്ടിലിൽ കിടക്കുന്ന അരുവിയുടെ കാൽവണ്ണ തിരുമ്മി കൊടുത്തു അത് കഴിഞ്ഞു, ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ പോയി വെള്ളം ചൂടാക്കി കൊണ്ടുവന്ന് അവളുടെ അടിവയറ്റിൽ ആവിപിടിച്ചു കൊടുക്കുമ്പോൾ നേരം പുലർന്നു തുടങ്ങി…

വേദനയിൽ നിന്ന് ചെറിയൊരു ആശ്വാസം ലഭിച്ചതുകൊണ്ടാവണം അരുവിയുടെ കണ്ണുകൾ പതുക്കെയടയുന്നത് ഞാൻ കണ്ടു..

കൊറേ വേദന തിന്നതല്ലേ.. ഉറങ്ങട്ടെ പാവം… !

കണ്ണടച്ചു മയങ്ങുന്ന അരുവിയുടെ അരികിൽ ഇരുന്നുകൊണ്ട് ഞാനവളെ ഉറ്റുനോക്കി..

ആ മുഖത്തു വാത്സല്യത്തോടെ ഒന്ന് തലോടിയപ്പോൾ അരുവി പെട്ടന്ന് ഞെട്ടി കണ്ണ് തുറന്നു…

“ഇതായിരുന്നോ പെണ്ണെ എന്നോട് പറയാതെ നെഞ്ചിനകത്തു ഒളിപ്പിച്ചു കൊണ്ടുനടന്ന ആ വലിയ സങ്കടം..?”

അതെയെന്ന അർത്ഥത്തിൽ അവൾ മെല്ലെ തലായിട്ടിയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഇതായിരുന്നോ ഇത്ര വല്യ ആനക്കാര്യം.. ഇതൊക്കെ മുന്നേ എന്നോട് പറഞ്ഞാൽ പോരായിരുന്നോടി പോത്തേ..”

ആ കവിളിൽ ചെറിയൊരു നുള്ള് കൊടുത്തു ഞാനത് പറഞ്ഞപ്പോൾ അരുവിയൊന്ന് പുഞ്ചിരിച്ചു..

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുള്ള പുഞ്ചിരി..

എനിക്ക് ലീവ് കുറവായതുകൊണ്ട് പെട്ടെന്ന് ഈ കല്യാണം തട്ടിക്കൂട്ടിയപ്പോൾ അവളുടെ പിരീഡ് ഡേറ്റും, കല്യാണ ദിവസവും ഏകദേശം ഒരുമിച്ചു വന്നതെന്നും, ഈ കാര്യം എന്നെ എന്നോട് എങ്ങിനെ പറയും എന്നാലോചിച്ചാണ് അവൾ അസ്വസ്ഥതയായതെന്നും ഞാൻ അരുവിയിൽ നിന്നും പതിയെ ഞാൻ മനസിലാക്കി..

എന്തായാലും ആദ്യരാത്രി പുലരുംവരെ എന്നെകൊണ്ട് കാല് തിരുമ്മിച്ച എന്റെ സ്വന്തം ഭാര്യയെ ഞാൻ ശിക്ഷിച്ചത് മറ്റൊരു തരത്തിലായിരുന്നു…

ഒന്നും രണ്ടുമല്ല എന്റെ മൂന്ന് മക്കളെയാണ് മൂന്ന് വർഷത്തിനുള്ളിൽ അവളെ കൊണ്ട് ഞാൻ പെറീപ്പിച്ചത്.. !

അല്ലപിന്നെ, എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും… !

രചന :-Sai Bro.

Leave a Reply

Your email address will not be published. Required fields are marked *