പിടിച്ചു വലിക്കാതെ ഇത് ഒറിജിനൽ തന്നെയാ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Anisha Babu

രാവിലെ തന്നെ മുടിയിൽ ചെമ്പരത്തി താളിയും ഉലുവ കുതിർത്തതും അരച്ചിടുന്ന തിരക്കിലായിരുന്നു ഞാൻ. അപ്പോഴാണ് അമ്മയുടെ നീട്ടിയുള്ള വിളി.

“മിന്നു… ഇന്നെങ്ങാനും കഴിയോ ഈ ഒരുക്കം. അവർ വരാൻ നേരമായി.”

“വരട്ടെ… എന്റെ എല്ലാം ഞാൻ തന്നെ നോക്കണ്ടേ പ്രേതേകിച് ഈ കാർമുകിൽ വർണിയെ.” – എന്റെ നീണ്ട കാർകൂന്തൽ വാത്സല്യത്തോടെ പുൽകി ഞാൻ പറഞ്ഞു.

“മം മം. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട” — ഒന്ന് ഇരുത്തി മൂളികൊണ്ട് അമ്മ പിന്നാമ്പുറത്തേയ്ക് വലിഞ്ഞു. ഞാൻ ഒരു കള്ളച്ചിരിയോടെ എന്റെ ദിനചര്യയിലേക്കും.

************

പുറത്ത് ഒരു കാർ ബ്രെക്കിടുന്ന ശബ്ദം, പ്രീതീക്ഷിച്ചവർ എത്തിയെന്നു വിളിച്ചോതി. അധികം നാടകീയതയുടെ ആവശ്യമില്ലാതെ ഞാൻ ഒരു ട്രെയിൽ നിരത്തിയ ചായയുമായി അതിഥികളെ വരവേൽക്കാൻ പോയി. ( ഈ അതിഥികൾ എന്റെ സ്പെഷ്യൽ ആൾക്കാരാണേയ്… എന്നെ കാണാനായി മാത്രം വന്നവർ…. അതുതന്നെ പയ്യൻ കാണൽ). കണ്ടാൽ ചെറുപ്പവും മാന്യനെന്നും തോന്നിക്കുന്ന ആൾക്ക് തന്നെ ഞാൻ ട്രേയ്‌ നീട്ടി. ആളുടെ നോട്ടവും ധൃതപുളകിതനായ ഇരുപ്പും കണ്ടപ്പോൾ തന്നെ ആളിതാണെന്ന് ഞാൻ ഉറപ്പിച്ചു. ശേഷം രണ്ടുപേരുടേം ചിരിയുടെ തീവ്രത വർധിച്ചോ??….. എയ്യയ്……

കാർന്നോന്മാരുടെ കത്തിയടി കഴിഞ്ഞപ്പോൾ ആ വെച്ച് നീട്ടിയ അസുലഭ നിമിഷം ഞങ്ങളെ തേടിയെത്തി. “ഇനി ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ ആകമല്ലേ. കല്യാണം അത് വീട്ടുകാരുടെ തീരുമാനമാണെങ്കിലും നമ്മുടെ പിള്ളേരുടെ മനസ് കൂടെ കാണുന്ന ഒരു മോഡേൺ ഫാമിലി ആണ് നമ്മുടേത്”……… കൂട്ടത്തിലെ ലീഡർ എന്ന് തോന്നിക്കുന്ന ഷമ്മി അമ്മാവൻ ആവേശത്തോടെ മൊഴിഞ്ഞു.

ഞാൻ അതീവ ഭവ്യതയോടെ എന്റെ പ്രാണനാഥനെയും പ്രതീക്ഷിച്ചു മുറിയിലേയ്ക്കു നടന്നു. ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആളു എന്റെ പിന്നാമ്പുറവും നോക്കി അതിയായ സന്തോഷത്തോടെ വരുന്നുണ്ട്. എന്റെ ആ പ്രവർത്തിയിൽ നഷ്ടമായ പിന്നാമ്പുറ കാഴ്ച്ചയുടെ ദര്ശന സുഖം എന്റെ കണ്ണുകളിൽ നോക്കി അയാൾ പരിഹരിച്ചു. “ഹായ്…. മിഥില, ഞാൻ രവി റാം. ഫോട്ടോയിൽ കണ്ടപ്പോൾ ഇത്രേം മുടി ഉണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. Anyway Iam impressed.”…….. അയാൾ മനോഹരമായി പുഞ്ചിരിച്ചു ‘എന്റെ പെണ്ണിനെ ഞാൻ കണ്ടെത്തിയെട ദാസാ ‘ എന്ന് പറയുന്നപോലെ പറഞ്ഞു.

അതേസമയം പണി പാളിയോ ദൈവമെ എന്ന ആത്മഗതത്തോടെ, ഞെട്ടലിൽ നില്കുവായിരുന്നു ഞാൻ. ഉടൻ തന്നെ സ്വബോധം വീണ്ടെടുത്തു ഞാൻ തിരിച്ചെത്തി. ഒരു അപരിചിതത്വവും കൂടാതെയുള്ള സംസാരം…. കൊള്ളാം…. കാര്യങ്ങൾ എളുപ്പമായി.

“അല്ല രവീ…. രവിക്ക് മുടി അത്രേം ഇഷ്ടമാണോ??”…… ഒട്ടൊരു ആശങ്കയോടെ ഞാൻ തിരക്കി.

“Actually എനിക്ക് അവരോട് റെസ്‌പെക്ട് ആണ്. എന്റെ പെൺ സുഹൃത്തുക്കളോടൊക്കെ മുടി എന്താ നീട്ടിവളർത്താതെ എന്ന് ഞാൻ ചോദിക്കുമായിരുന്നു. നീളം കുറഞ്ഞ മുടി എന്നും ഒരാൾക്കു സൗകര്യപ്രദമാണല്ലോ. പിന്നെ എല്ലാപേർക്കും നീണ്ട മുടി ചേരുകയുമില്ല. എന്നാൽ മിക്കവരും നീളം കൂടിയ മുടി ഉള്ളവരെ അസൂയയോടെ നോക്കാറാണ് പതിവ്. പിന്നീടല്ലേ അവർ പറയുന്നേ ഹെയർ കെയർ ഒരു മഹാസംഭവം ആണെന്ന്”…… വീണ്ടും ചിരി !!!!!

“പിന്നെ ഇയാളുടെ എഫ്. ബി ഇൽ പഴയകാല ഫോട്ടോസ് ഒകെ കണ്ടിരുന്നു. അതിൽനിന്നും മനസിലായി ഇത് പാരമ്പര്യമല്ലെന്ന്. സൊ ഇത്രേം നന്നായി മുടി സംരക്ഷിക്കുന്ന മിഥിലയോടു എനിക്ക് respect ആണ്. വിവാഹം കഴിഞ്ഞാലും ഞാൻ ഇതിനു ഫുൾ സപ്പോർട്ട് ആണേ.” ……….ഇത്തവണ ആ ചിരിയിൽ ഞാനും പങ്കുചേർന്നു. ഒരാളെങ്കിലും എന്നെ സപ്പോർട്ട് ചെയ്യാമെന്ന് പറഞ്ഞല്ലോ.

“അപ്പൊ രവിക്ക് മുടിയില്ലാത്തവരെ സഹായിക്കാൻ ഇഷ്ടമാകുമല്ലേ??”

“yeah, yeah!! If they are interested Iam ready.ഇനി മിഥിലയ്കും കൂടാമല്ലോ.” നേരിയ പ്രതീക്ഷയുടെ നാളം എന്നിൽ തെളിഞ്ഞു.

“yes.ഞാനും കൂടാം. ഈ മുടി donate ചെയ്ത് അവരെ സഹായിക്കാനായിരുന്നു എന്റെ വർഷങ്ങളായുള്ള പ്ലാൻ. അതിനു വേണ്ടിയാ ഞാൻ മുടി വളർത്തുന്നത് തന്നെ. ഇനിയിപ്പോ രവിയും കൂട്ടുണ്ടല്ലോ.”………….ഞാനും ‘എന്റെ പയ്യനെ കണ്ടെത്തിയെഡാ ദാസാ ‘ എന്ന മട്ടിൽ അഭിമാനത്തോടെ രവിയെ നോക്കി.

എന്തോ അരുതാത്തത് കേട്ട ആളെപോലെ പ്ലിംഗ് ആയി നിൽക്കുന്ന രവിയെയാണ് ഞാൻ അവിടെ കണ്ടത്. ആ മനോഹരമായ ചിരിയെല്ലാം എവിടെയോ ഓടി മറഞ്ഞു. മനസിലാക്കാൻ പറ്റാത്ത ഭാവങ്ങളോടെ നിൽക്കുന്ന രവിയെ ഞാൻ സംശയത്തോടെയും പ്രതീക്ഷയോടെയും നോക്കി.

“എന്താ പറഞ്ഞെ”……..രവി ഒന്നുകൂടെ കാതുകൂർപ്പിച്ചു. “രവീ, ഈ ക്യാൻസർ വന്നു മുടി പോകുന്നവരുടെ കാര്യം കഷ്ടമാ. നമുക്കു ഈ മുടി പോയാലും വീണ്ടും വളർത്താലോ. but അവർക്ക് ആ തെരഞ്ഞെടുപ്പ് പോലുമില്ല. ആ വിരസമായ കാലത്ത് അവർക്ക് വേണ്ടി നമുക്കു ഇത്രയെങ്കിലും ചെയ്ത്കൂടെ. അതും ഫ്രീ ആയിട്ട്. അവർക്ക് വേണ്ടിയാ ഞാൻ മുടി ഇത്രേം കെയർ ചെയ്യുന്നേ. ഇപ്പൊ രവിക്കും സമ്മതമല്ലേ.” “എനിക്ക് സമ്മതമല്ല !!”……..ഒരു ഘോരമായ ശബ്ദത്തോടെ രവി പറഞ്ഞു. എന്റെ മനക്കോട്ട പാലാരിവട്ടം പാലം പോലെ നിലംപതിച്ചു ( അല്ല പതിപ്പിച്ചു ) തുടർന്നുള്ള സംസാരത്തിനു ഭംഗം വരുത്തിക്കൊണ്ട് വാതിലിൽ മുട്ട് കേട്ടു.

“നിങ്ങളുടെ സംസാരം കഴിഞ്ഞില്ലേ.. ബാക്കി ഇനി കെട്ടുകഴിഞ്ഞു.”………..അമ്മയുടെ അസ്ഥാനത്തുള്ള ചളി. അപ്പൊ എല്ലാത്തിനും തീരുമാനമായപോലെ ഞാൻ പുറത്തിറങ്ങാൻ ഭാവിച്ചു.

“ഞങ്ങൾ ഇപ്പൊ വന്നേയ്ക്കം ആന്റി, ഒരു മിനിറ്റ്.” രവിയുടെ വാക്കു കേട്ട് ഞങ്ങൾ നിന്നു. അമ്മ എന്നെയൊന്നു അടിമുടി നോക്കികൊണ്ട്‌ വീണ്ടും ഉൾവലിഞ്ഞു.

“മിഥില, എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ എന്ത് ഇഷ്ടങ്ങളും എന്റേം ഇഷ്ടങ്ങൾ ആണ്. അല്ലെങ്കിൽ അതൊക്കെ എന്റേം ജീവിതത്തിന്റെ ഭാഗമാകാൻ ഞാൻ ഒരുക്കമാണ്. പക്ഷെ ഇത്…. ഇത് എനിക്ക് പറ്റില്ല. pleaseee…. എന്നോട് ചെറിയൊരു ഇഷ്ടമെങ്കിലും തോന്നിയിട്ടുണ്ടെൽ, എനിക്ക് വേണ്ടി ഈ മുടി മുറിക്കരുത്. എന്റെ അപേക്ഷയാണ്.” …….എന്റെ കൈകൾ കൂട്ടിപിടിച്ചുകൊണ്ടു അയാൾ ദൈന്യതയോടെ എന്നെ നോക്കി. മുൻപരിചയം ഉള്ളത്പോലുള്ള അയാളുടെ ഈ പ്രവർത്തിയിൽ തറഞ്ഞു നിൽക്കാനേ എനിക്കായുള്ളു.

“മിഥില, No, comeback to your senses. Tell him its a no. നിന്റെ തീരുമാനം മറ്റുള്ളവർക് വേണ്ടി, അതും ഇന്ന് കണ്ട ഒരാൾക്കു വേണ്ടി മാറ്റേണ്ടതല്ല.”…………ഉൾവിളികൾ എനിക്ക് ചുറ്റും വട്ടമിട്ടു പറക്കാൻ തുടങ്ങി. അവസാനം അവ തളർന്നു പിൻവാങ്ങി. എന്റെ നോട്ടം കൈയിലായതും അയാൾ ഒരു ക്ഷമാപണത്തോടെ കൈമാറ്റി.

“ഞാൻ എല്ലാപേരോടും നമ്മുടെ വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞോട്ടെ??”……….ആ നോട്ടം വീണ്ടും എന്നിൽ ആഴ്ന്നിറങ്ങാൻ തുടങ്ങി. എന്നാൽ ഇത്തവണ ഞാൻ എന്റെ കിളികളെ എങ്ങും വിട്ടില്ല.

“മുടി donate ചെയ്യാൻ തന്നെയാണ് എന്റെ തീരുമാനം. അതിനു സമ്മതമാണേൽ എനിക്കും സമ്മതം.”…….ധൈര്യത്തോടെ ഞാൻ പറഞ്ഞു.

ഡും !ഡും ! വീണ്ടും മുട്ട്. ശോ ! ഈ അമ്മ ! ഞാൻ മനസ്സിൽ പറഞ്ഞു. രവി തെല്ലൊരു നിരാശയോടെ പോകാനിറങ്ങി. എനിക്കും രവിയെ ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ടുപോലെ….. സാരമില്ല….. ഞാൻ സ്വയം സമാധാനിച്ചു.

************

‘എട്ടുനിലയിൽ പൊട്ടിയ പയ്യൻ കാണൽ’ എന്ന status രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു. മൂന്നാം നാൾ അവർക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു ഓടി വരുന്ന അച്ഛനെയാണ് ഞാൻ കാണുന്നത്. എന്നിലും എവിടെയോ സന്തോഷത്തിന്റെ നാമ്പുകൾ മൊട്ടിട്ടു.

പിന്നെയൊരു ആറുമാസകാലം ഞങ്ങളുടെ നാളുകളായിരുന്നു. ഇതിനിടയിൽ ഞങ്ങൾ പലപ്പോഴും നേരിട്ട് കണ്ടു. സിനിമ കാണാൻ പോയി. ഒരുമിച്ച് യാത്ര ചെയ്തു….. എന്നാൽ എപ്പോ കണ്ടാലും രവിയുടെ ആദ്യനോട്ടം എന്റെ ഇടതൂർന്ന നീളൻ മുടിയിൽ പൂർവാധികം ശക്തിയോടെ പതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ രവിയിൽ അതിനുമുന്നെ മൂക്കും കുത്തി വീണിരുന്നു.

അങ്ങനെ ഞങ്ങളുടെ വിവാഹരാത്രിയും ഓടിയെത്തി. മുറിയിൽ അക്ഷമനായി എന്നേം കാത്തിരിക്കുന്ന രവിയെയാണ് ഞാൻ കണ്ടത്. “ഉം ഉം… കൊച്ചുകള്ളൻ ! എന്തൊക്കെ ആയിരുന്നു മുന്നേ. നമുക്കു പതുക്കെ ഈ വക കാര്യത്തിലേയ്ക് കടന്നാൽ മതി, എനിക്ക് ധൃതിയൊന്നുമില്ല……. എന്നിട്ടിപ്പോ ഇരിക്കുന്നത് കണ്ടില്ലേ” ………ഞാൻ ഊറിച്ചിരിച്ചുകൊണ്ട് നാണത്തോടെ രവിയുടെ അരികിൽ എത്തി.

“നീ വേഗം ഫ്രഷ് ആയി വന്നേ. എന്നിട്ടുവേണം എനിക്ക് മതിവരുവോളം ഈ മുടിയുടെ ഗന്ധം ആസ്വദിച്ചു അതിൽ തലോടി ഉറങ്ങാൻ.” ……..രവി കൊച്ചുകുഞ്ഞിനെ പോലെ വാശി പിടിച്ചു.

ത്ചിലും ! പൊട്ടി. എന്റെ പളുങ്കു ഹൃദയം ച്ഛിന്നഭിന്നമായി. ഓരോ കഷ്ണവും എന്നെ നോക്കി ആക്കിച്ചിരിക്കാൻ തുടങ്ങി.

ഞാൻ രവിയെ രൂക്ഷമായി നോക്കികൊണ്ട് കുളിമുറിയിൽ കയറി. എന്റെ മുടിയിൽ കെട്ടിപിടിച് ഉറങ്ങണമല്ലേ…… കാണിച്ചു തരാം. ഞാൻ മുടി മുകളിലാക്കി കെട്ടിവെച്ചു, പുറത്തിറങ്ങി.

“ഹാ…. ആ മുടി ഒന്ന് അഴിച്ചിടു…. ഞാൻ ഒന്ന് കാണട്ടെ.” ……..രവി തുള്ളിച്ചാടി എന്റെ അടുത്ത് വന്നു. “അതെയ്, നേരത്തെ കണ്ടത് വിഗ്ഗാണ്. ഞാൻ രണ്ടു ദിവസം മുന്നേ മുടി വെട്ടി. ഇപ്പൊ തോളൊപ്പം വരെ ഉള്ളു മുടി. അതാ ഞാൻ കെട്ടിവെച്ചത്” ………….ഇത്രെയും പറഞ്ഞു ഒളികണ്ണോടെ ഞാൻ രവിയെ നോക്കി.

ഇപ്പൊ ആ കണ്ണുകൾ നിറഞ്ഞു വരുമെന്ന് എനിക്ക് തോന്നി. എല്ലാ സന്തോഷവും മങ്ങി ആ കണ്ണുകൾ താഴേയ്ക്കായി. എന്നോടൊന്നും പറയാതെ നേരെ ബാല്കണിയിൽ പോയി നിന്നു. ഞാനും വല്ലാതെയായി. ആ കണ്ണുകൾ നിറഞ്ഞത് എന്റെ ഹൃദയത്തിലും വേദനയുടെ വിത്തുകൾ പാകി. ഉടനെ തന്നെ ഞാൻ മുടി അഴിച്ചു ചിരിയോടെ ബാല്കണിയിലേയ്ക് പോയി. രവി എങ്ങോട്ടോ നോട്ടം പായിച്ചു നില്കുവാന്.

“രവീ….” ഞാൻ വിളിച്ചു. എവിടെ നോ അനക്കം. “എന്റെ രവികുട്ടീ…….” ഞാൻ കൊഞ്ചലോടെ നീട്ടി വിളിച്ചു. മാറ്റമുണ്ട്. ഇപ്പൊ നോട്ടം അപ്പുറത്തെ സൈഡിലായി. “ദേ… എന്നെയൊന്നു നോക്കിക്കേ” “എനിക്കാരേം കാണണ്ട. അല്ലേലും എന്നെ ഇഷ്ടമല്ലലോ. മിന്നുന് ഉറക്കം വരുന്നേൽ പോയി ഉറങ്ങിക്കോ.”………കൊച്ചുകുട്ടിയെ പോലെ രവി പരിഭവിച്ചു. “ശോ ! അപ്പൊ ഞാനീ മുടി ആരെകൊണ്ട് കെട്ടിവെയ്പ്പിക്കും ഇനി” സംശയത്തോടെ രവി എന്നെയൊന്നു പാളിനോക്കി. ആ കണ്ണുകളിൽ പൂത്തിരി കത്തി. എന്നെ പൂണ്ടടക്കം കെട്ടിപിടിച് ഉറക്കെ പൊട്ടിച്ചിരിച്ചു. “അയ്യോ….” പിടിച്ചു വലിക്കാതെ… ഇത് ഒറിജിനൽ തന്നെയാ. ഇനി തലോടുവോ മണപ്പികയോ എന്ത് വേണോ ചെയ്തോ. പിണക്കം മാറട്ടെ.

” I love you diii mutheyyyy…” എന്നെ വട്ടം കറക്കികൊണ്ടു രവി അലറി വിളിച്ചു. ഞാൻ വായും ഉടനെ പൊത്തി. ഹണിമൂൺ ട്രിപ്പ്‌ അല്ല. സ്വന്തം വീടാണെ !! അങ്ങനെ ജീവിതം രവിയുടെ മുടിപ്രേമവും എന്റെ വാശികളുമായി ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു…..

*************

അന്നൊരു നാൾ ഓഫീസിൽ ഇരിക്കുമ്പോഴാണ് ഒപ്പം ജോലി ചെയുന്ന വീണ, ഇന്ന് RCC ഇൽ ഒരു പ്രോഗ്രാം ഉണ്ടെന്നും മുടി donate ചെയ്യാനുള്ള സൗകര്യം ഉണ്ടെന്നും അറിയിച്ചത്. പെട്ടെന്നു ഉള്ളിൽ ഒരു സന്തോഷം നുരഞ്ഞു പൊന്തിയെങ്കിലും, രവിയുടെ ആ പരിഭവം നിറഞ്ഞ മുഖവും എനിക്കായി സ്വയം ഉണ്ടാകുന്ന താളിയും, അത് തലയിൽ തേയ്ച്ചുപിടിപ്പിക്കാൻ വാശികാണിക്കുന്ന രംഗവുമെല്ലാം ഒരു നോവായി മനസിലെത്തി.

“ഞാനില്ല വീണ…നിങ്ങൾ പൊയ്ക്കോളൂ” …….എന്ന് പറഞ്ഞു ഞാൻ ഒഴിയാൻ നോക്കി. എന്നാൽ എല്ലാരും വന്നേ പറ്റുള്ളുന്നും പറഞ്ഞു നമ്മുടെ ഹെഡ് പിടിച്ച പിടിയാലേ കൊണ്ടുപോയി. അവിടെയെത്തി എല്ലാരേം കണ്ടപ്പോൾ എന്റെ മനസ് വീണ്ടും ചാഞ്ചാടാൻ തുടങ്ങി. ഞാൻ ഇവർക്കായി ഒന്നും ചെയ്തില്ലലോയെന്ന കുറ്റബോധം എന്നെ വേട്ടയാടി. ഓഫീസിലെ രണ്ടു മൂന്ന് പേര് മുടിയും ദാനം ചെയ്തു. തങ്ങളുടെ പഴയകാല സുന്ദരമായ ഫോട്ടോ ഒകെ ചില കുഞ്ഞുങ്ങൾ ഞങ്ങളെ കാണിക്കുന്നുണ്ടായിരുന്നു. ആ കാലത്തേക്കുള്ള യാത്ര വിദൂരമല്ലെന്ന് അവരെ ഞാൻ ഓർമിപ്പിച്ചു. മനസ്സിൽ ഏറി വന്ന ഭാരത്തോടെ ഞാൻ വീട്ടിലേയ്ക് തിരിച്ചു.

വീട്ടിലെത്തി തലവേദന ആണെന്നും പറഞ്ഞു ഞാൻ മുറിയിൽ കിടന്നു. രവി അടുത്തിരുന്നു തലോടുകയും ആശ്വസിപ്പിക്കുകേം ചെയ്ത് ഓരോന്ന് ചോദിക്കുന്നുണ്ട്. എന്റെ മനസ് പക്ഷെ RCC ഇൽ ആയിരുന്നു.

“രവി, നമുക്കൊന്നു റൈഡിനു പോയാലോ” ………ഒന്ന് ഉറങ്ങി എഴുന്നേറ്റ് കോഫി കുടിച്ചോണ്ടിരിക്കെ ഞാൻ ചോദിച്ചു. “നിനക്ക് വയ്യാത്തതല്ലേ, ഇപ്പൊ പോണോ” “പോകാം രവീ…. plseeeee” രവി എന്റെ മൂർദ്ധാവിൽ ചുംബിച്ചു, എന്നെ ജാക്കറ്റ് മഫ്ലർ ഒകെ അണിയിച് പുറത്തിറക്കി. എന്റെ കണ്ണ് നിറഞ്ഞു വന്നു. എങ്ങനെ എന്നെ ഇത്രേം സ്നേഹിക്കാൻ തോന്നുന്നു. ഇത്രേം അടുപ്പം ഉണ്ടാകുമെന്ന് ഞാൻ നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ മുടിയെപ്പറ്റി മാത്രം സംസാരിച്ചിട്ടും ആ പുഞ്ചിരിയിലും സംസാരത്തിലും ഞാൻ വീണത്. രവിയെ തന്നെ നോക്കി കണ്ണിമവെട്ടാതെ ഞാൻ ഇരുന്നു.

ബൈക്കിൽ ഞാൻ രവിയെ ചുറ്റിപിടിച്ചിരുന്നു. രവി എന്റെ ഇടതു കൈ മുറുകെ പിടിച്ചു. “I love you ravi”;…….രവി ഒന്ന് ചിരിച്ചു. “I love you so much” …….ഞാൻ വീണ്ടും പിടിമുറുക്കിക്കൊണ്ടു പറഞ്ഞു. “എന്ത് പറ്റി എന്റെ മോൾക്….. റൊമാന്റിക് ആണല്ലോ ആളു…. ഓഫീസിൽ എന്തേലും പ്രശ്നം ഉണ്ടായോ??” “ഉം?? “…………രവി തിരക്കി. “ഇല്ല, എനിക്ക് രവിയോട് ചേർന്ന് ഇങ്ങനെ ഇരിക്കണം… എന്നും…. എപ്പോഴും” “എപ്പോഴും ഞാൻ നിന്റെ കൂടെയില്ലേ? അതിനല്ലേ നിന്നെ ഞാൻ കെട്ടിയത്” ……..രവി എന്റെ കൈയിൽ ചുംബിച്ചു.

“I want to kiss you” “ഇപ്പോഴോ, ഇവിടെ വെച്ചോ” ……..രവി ഞെട്ടലോടെ ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ ആ കഴുത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് വണ്ടി വീട്ടിലേയ്ക് വിടാൻ പറഞ്ഞു.

**********

രാത്രിയിൽ എപ്പോഴോ ആ നെഞ്ചിൽ തലചായ്ച്ചു കിടന്നപ്പോൾ എന്നിലെ ഭാരം പതിയെ അടർന്നു മാറുന്നത് ഞാനറിഞ്ഞു.

“ഇനി പറയ്, എന്താ എന്റെ സിംഹകുട്ടിയുടെ പ്രശ്നം”……..കാതിൽ മൃദുലമായി ആ ശബ്ദം പതിച്ചു.

“രവി, ഇന്ന് ഞങ്ങൾ ഓഫീസിൽ നിന്നു RCC ഇൽ പോയി .എനിക്ക് അവരെക്കണ്ടു സഹിക്കാൻ കഴിഞ്ഞില്ല….. and i felt guilty that I couldn’t do anything for them” രവി എന്റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.

“രവി, ഭാവിയിൽ എനിക്ക് ക്യാൻസർ വന്ന് എന്റെ മുടി ഒകെ പോയാൽ രവിക് എന്നോടുള്ള ഇഷ്ടം കുറയോ, എന്നെ ഉപേക്ഷിക്കോ?” അവസാനം ഇടറിയ സ്വരത്തോടെ ഞാൻ ചോദിച്ചു.

രവി എന്നെ തലചരിച്ചു നോക്കി. ആ കണ്ണുകളിൽ നീയെന്തിനു ഇങ്ങനെ ചിന്തിച്ചു എന്ന ഭാവമാണോ. അറിയില്ല. എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. വീണ്ടും കുറെ നേരം എന്നെ നോക്കി. പിന്നെ ആ മാറിൽ ചേർത്തു മുറുകെ പിടിച്ചു.

“കരയരുത്”…… അത്രമാത്രം പറഞ്ഞു രവി കണ്ണുകളടച്ചു…. എന്നിലെ പിടിവിടാതെ.

**********

പിറ്റേന്ന് കുറച്ചുകൂടെ ഉത്സാഹത്തോടെ ഞാൻ എഴുന്നേറ്റു. രവി അപ്പോഴും ഉറക്കമായിരുന്നു. ഭാര്യയുടെ കണ്ണുനിറഞ്ഞാൽ ഭർത്താവിന്റെ ഉറക്കമാണല്ലോ പോകുന്നെ. ഞാൻ ചിരിയോടെ മറ്റു പണികളിലേയ്ക് തിരിഞ്ഞു.

കുറച്ച് കഴിഞ്ഞു അടുക്കളയിൽ നിന്ന എന്നെ രവി പിന്നിലൂടെ ആ കൈകളിലാക്കി.

“Iam sorry” ….. അതുകേട്ടു സംശയത്തോടെ ഞാൻ രവിയെ നോക്കി. ആ കണ്ണുകൾ കലങ്ങിയിരിക്കുന്നു. ഞാൻ നെറ്റിചുളിച്ചു കാര്യം മനസിലാകാതെ നിന്നു.

” ഞാൻ….എനി…. ക്ക്…..” വാക്കുകൾ കിട്ടാതെ രവി കുഴങ്ങി.

“നിനക്ക് എന്റെ അമ്മയുടെ ഛായയാണ്. നിന്നെ ആദ്യമായി കണ്ടപ്പോൾ എന്റെ അമ്മയെയാണ് ഓർമ വന്നത്. പിന്നെ അമ്മയ്ക്കുണ്ടായിരുന്ന പോലുള്ള സമൃദ്ധമായ മുടിയും. ഈ മുടി തൊടുമ്പോഴൊക്കെ എനിക്കെന്റെ അമ്മ കൂടെ ഉള്ളപോലെയാ.” ഇതും പറഞ്ഞു രവി എന്നെ പൊതിഞ്ഞു കരഞ്ഞു തുടങ്ങിയിരുന്നു. ഞാനും രവിയെ ഇറുകെ കെട്ടിപിടിച്ചു.

“ഈ മുടി നീ മുറിച്ചാൽ നിന്നിലെ എന്റെ അമ്മ പോയാലോന്നു പേടിയായിരുന്നു എനിക്ക്. ഞാൻ അത്രേം എന്റെ അമ്മയെ മിസ്സ്‌ ചെയ്തിരുന്നു. പക്ഷെ ഇന്നലെ നീ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്നുമല്ലാത്തവനായിപ്പോയി.” പൊട്ടിക്കരഞ്ഞുകൊണ്ട്‌ സംസാരിക്കുന്ന രവിയെ കാൺകെ, ഞാൻ എന്നെത്തന്നെ മനസ്സിൽ ശപിക്കാൻ തുടങ്ങി.

“പക്ഷെ ഞാൻ ഇപ്പോഴാ ഒന്ന് മനസിലാക്കിയത്. നീയാണ് എന്റെ എല്ലാം. മുടിയുള്ള മിന്നുവോ ഇല്ലാത്ത മിന്നുവോ അല്ല , ഈ മിന്നുവാണ് എനിക്കെല്ലാം. എന്റെ അമ്മ എന്റെ സുഹൃത്ത് എന്റെ ഭാര്യ എല്ലാം….. Iam incomplete without you and i dont have an existence without you….” എല്ലാം കേൾകെ ഞാനും കരഞ്ഞുകൊണ്ട് രവിയെ ഉമ്മകളാൽ മൂടി.

“എന്റെ രവിക് വേണ്ടി ഈ മുടി മാത്രമല്ല, വേണേൽ മീശ വരെ ഞാൻ വളർത്തും. ക്യാൻസർ വന്നവരെ സഹായിക്കാൻ മുടി മാത്രമല്ലലോ ഒരേ ഒരു വഴി. കരയല്ലേ…. plseeee…… എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ.”

കരച്ചിലിനിടയിൽ ഒരു ചിരിയുടെ മാറ്റൊലി ഞാൻ കേട്ടു. പിന്നെയും രണ്ടുപേരും തീവ്രമായ പ്രണയത്തോടെ പരസ്പരം പുണർന്നു നിന്നു.

*********

ദിവസങ്ങൾ കടന്നുപോയി. ഒരിക്കൽ ഞാൻ രവിയെ തന്നെ നോക്കി മതിമറന്നു നില്കുവായിരുന്നു. രവി പുരികം പൊക്കി എന്താണെന്ന് കണ്ണ് കാണിച്ചു.

“അല്ല… രവിക് ഭംഗി കൂടിവരുവാണോന്ന് ഒരു ഡൌട്ട്” നിരയായ പല്ലുകൾ കാട്ടിയുള്ള ചിരിയിൽ ഞാൻ ലയിച്ചിരുന്നു.

“പുതിയ hairstyle, ലുക്ക്‌…. എന്റമ്മേ….. സത്യം പറയ് ഓഫീസിൽ പുതിയ ലേഡി സ്റ്റാഫ്‌ വന്നോ?” ഞാനെന്റെ ന്യായമായ ചോദ്യമെറിഞ്ഞു.

“എന്റെ ദൈവമെ…. പെണ്ണുങ്ങളുടെ ഈ സ്വഭാവത്തിന് മാത്രം ഒരു മാറ്റവുമില്ലലോ” …….രവി തലയിൽ കൈവെച്ചു പറഞ്ഞു. ഞാൻ പതിയെ ഇളിച്ചു കാണിച്ചു.

“നിനക്കെന്നെ വീണ്ടും പ്രേമിക്കാൻ തോന്നുന്നില്ലേ” രവി ചോദിച്ചു. “അതേ…. എങ്ങനെ മനസിലായി.” “അതാ നോട്ടം കണ്ടാൽ അറിയില്ലേ. നിന്നെകൊണ്ട് എന്നെ ഇങ്ങനെ പ്രേമിപ്പിക്കാനല്ലേ ഞാനീ പണികൾ ചെയ്യുന്നേ. ” രവി ഒരു വിജയിയെപോലെ നിവര്ന്നു നിന്നു. ഞാൻ ആരാധനയോടെയും.

“പിന്നെ…. ഇന്ന് വൈകിട്ട് നമുക്കൊരിടത് പോണം. നീ റെഡി ആയി നിന്നാൽ മതി കേട്ടോ” “എങ്ങോട്ടാ”……..ഞാൻ ത്രില്ലടിച്ചു ചോദിച്ചു. “അതൊക്കെ ഉണ്ട് മോളേ….” എന്റെ തലയിൽ കൊട്ടി രവി അവിടെന്ന് പോയി.

വൈകുന്നേരം നമ്മൾ ഒരുമിച്ച് ഇറങ്ങി. ഒരു ഓഡിറ്റോറിയം പോലുള്ള സ്ഥലത്ത് വണ്ടി നിർത്തി രവി ഇറങ്ങി. എന്താണ് സംഭവം എന്ന് മനസിലാകാതെ ഞാനും. ചുറ്റും ഒരുപാടു പേർ ഓരോ തിരക്കിൽ ഓടി നടക്കുന്നു. അപ്പോഴേയ്ക്കും പേര് രജിസ്റ്റർ ചെയ്യാൻ ഒരാൾ വന്നു വിളിച്ചു. സംശയത്തോടെ ഞാനും രവിയോടൊപ്പം പേരെഴുതി. പിന്നെ ഞങ്ങൾ അവിടെ കസേരയിൽ സ്ഥാനമുറപ്പിച്ചു. അപ്പോഴാണ് രണ്ടു പേര് ഒരു ബാനർ വലിച്ചു കെട്ടുന്നത് ഞാൻ കണ്ടത്. ഞാൻ അതിശയത്തോടെ അവിശ്വസനീയമായി രവിയെ തിരിഞ്ഞു നോക്കി. രവി ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

“വേണ്ട രവി, ഇപ്പൊ ഈ മുടി മുറിക്കാൻ എനിക്ക് തോന്നുന്നില്ല. നമുക്കു പോകാം.” ഞാൻ എഴുന്നേറ്റു. “അതെന്താ” …… രവി ചിരിയോടെ തിരക്കി. “ഇത് എന്റെ രവിയോടുള്ള സ്നേഹമാണ്.” “പക്ഷെ നീ മുടി വളർത്തിയതേ ഈ ഒരു നിമിഷത്തിനുവേണ്ടിയല്ലേ” …….രവി ആരാഞ്ഞു. “അന്ന് അതെനിക് വെറുമൊരു മുടി ആയിരുന്നില്ലേ…. ഇന്ന് എനിക്കി മുടിയോടു കടപാടാണ്. അല്ലേൽ രവിയെ എനിക്ക് കിട്ടുമായിരുന്നോ?” രവി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് തുടർന്നു. “മുടി ഇപ്പൊ മുറിച്ചാലും പിന്നേം വളരുമല്ലോ. നമ്മൾ അതിൽ expert അല്ലെ. വളർത്തുന്ന കാലമല്ലേ ആസ്വദിക്കേണ്ടത്” ഞാൻ അതിശയത്തോടെ ഇത് രവി തന്നെയാണോന്ന് കണ്ണ് തുറന്നു നോക്കി. “നീ കണ്ണുരുട്ടാതെ ഇവിടെ വന്നിരിക്” ……….രവി എന്നെ അവിടെ പിടിച്ചിരുത്തി.

കുറച്ച് കഴിഞ്ഞു മുടി donate ചെയ്യാനുള്ളവരെ ഒരു ഭാഗത്തേയ്ക് വിളിച്ചു. ഞാൻ മടിച്ചു മടിച്ചു രവിയുടെ പുറകെ പോയി.

“അല്ല രവിയെന്തിനാ രജിസ്റ്റർ ചെയ്തത്??” പെട്ടെന്ന് വന്ന സംശയം ഞാൻ ചോദിച്ചു. “അതിപ്പോ കണ്ടോ” ……എന്നും പറഞ്ഞു രവി എന്നേം പിടിച്ചു നടന്നു..

ആദ്യമായി മുടി മുറിയ്ക്കാൻ രവിയെ വിളിച്ചപ്പോൾ ആണ് ഞാൻ വീണ്ടും ഞെട്ടിയത്. എന്നെനോക്കി കണ്ണുചിമ്മി പോകുന്ന രവിയെ ഞാൻ സ്വപ്നലോകത്തെന്നെപോലെ നോക്കി.

അവസാനം പോളിഷ്ഡ് തലയുമായി ( മൊട്ടത്തല ) വരുന്ന രവിയെ പുറകെ ഉള്ളവർ കൈയടിയിലൂടെ വരവേറ്റു. അപ്പോഴാണ് ഞാൻ അറിയുന്നത് ഇത് രവി സംഘടിപ്പിച്ച പരിപാടി ആണെന്നും ഇതൊക്കെ രവിയുടെ ഓഫീസ് സ്റ്റാഫ്‌ ആണെന്നുമൊക്കെ. പിന്നെ ബാക്കിയുള്ള ആൾക്കാരും ഞാൻ ഉൾപ്പെടെ മുടി donate ചെയ്തു. ഞാൻ കരഞ്ഞുകൊണ്ടാണ് എന്റെ മുടി കൊടുത്തത്. അത്രമേൽ സ്നേഹത്തോടെയും നന്ദിയോടെയും ഞാനാ കണ്ണുകളിൽ നോക്കി. രവിയും അഭിമാനത്തോടെ എന്നെ തന്നെ നോക്കി നിന്നു.

*********

തിരികെയുള്ള യാത്രയിൽ നമ്മൾ പരസ്പരം കൈകോർത്തു പിടിച്ചു നടന്നു. ” ഇതിനായിരുന്നല്ലേ മുടി നീട്ടി വളർത്തി പുതിയ hairstyle ഒകെ ആക്കിയത്” ……ഞാൻ ചോദിച്ചു. “donate ചെയ്യാൻ വല്ലതും വേണ്ടെടി” ഞാൻ പതിയെ ചിരിച്ചു.

“രവിക്കെന്നോട് ദേഷ്യമുണ്ടോ, എനിക്കുവേണ്ടിയല്ലേ ഇതെല്ലാം…..” “സത്യത്തിൽ എനിക്ക് നിന്നോട് ഇഷ്ടം കൂടിയതേ ഉള്ളു. നമ്മൾ കാണിക്കുന്ന ചില ഇഷ്ടങ്ങൾ വാശികൾ ഒകെ മറ്റുള്ളവരേം ബാധിക്കാറുണ്ട്. നീണ്ടതും ഇടതൂർന്ന മുടിയുമാണ് ഭംഗി എന്ന് നമ്മൾ ശഠിക്കുമ്പോൾ അത് ഒരുനാൾ നഷ്ടമാകുന്നവരുടെ അവസ്ഥ എത്ര ദയനീയമായിരിക്കും. അവർക്ക് വേണ്ടി നമ്മൾ ഇത്രയെങ്കിലും ചെയ്യണ്ടേ. മാറ്റം, അത് മാറാൻ മടിക്കുന്ന നമ്മളിലൂടെ തന്നെ ആകട്ടെ. നീ ഇപ്പോഴും സുന്ദരിയാടി. എന്റെ അമ്മയും ഇപ്പൊ സന്തോഷിക്കുവായിരിക്കും.” രവിയുടെ കൈയിൽ ഞാൻ അമർത്തിപ്പിടിച്ചു…..അഭിമാനത്തോടെ.

“എന്നാലും എന്റെ രവി മൊട്ടയായിപ്പോയല്ലോ.” ….. ഞാൻ പരിതപിച്ചു. “ഈ മൊട്ടയായ എന്നെ നീ വീഴ്ത്തണം …. അതാണ് ഇന്നത്തെ ടാസ്ക്.” “ഞാൻ എപ്പോഴേ വീണു കഴിഞ്ഞു.” രണ്ടുപേരും മതിമറന്നു ചിരിച്ചു.

“മുടി മുറിക്കുന്നതും ഒരു വിപ്ലവമാണല്ലേ….. & we are the proud couple fighters……”

ഞാൻ ഉറക്കെ വിളിച്ചു കൂവി. ഞങ്ങളുടെ ചിരിയുടെ പ്രതിധ്വനി അവിടെങ്ങും മാറ്റൊലി കൊണ്ടു.

( അവസാനിച്ചു )

ഇഷ്ടമായാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം പറയുമല്ലോ, നിങ്ങളുടെ കഥ പേജിൽ ചേർക്കാൻ പേജിലേക്ക് മെസേജ് ചെയ്യുക…

രചന: Anisha Babu

Leave a Reply

Your email address will not be published. Required fields are marked *