ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 12…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

സഖാവ് ഒരു പുഞ്ചിരിയോടെ ക്ലാസിലേക്ക് കയറിയതും ക്ലാസിലിരുന്ന എല്ലാ മുഖങ്ങളിലും ഒരുപോലെ ആ പുഞ്ചിരി മിന്നിമറിഞ്ഞു….കൂടെയുണ്ടായിരുന്ന ഞങ്ങളെല്ലാവരും ഓരോരോ ബഞ്ചുകളിലായി സ്ഥാനം പിടിച്ചു….ആദ്യമായി സഖാവിന്റെ ക്യാമ്പെയ്ൻ നേരിട്ട് കാണാൻ പോകുന്ന excitement ലായിരുന്നു ഞാൻ…..!!!!!

പ്രീയപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുക്കളേ…..!!!!

ചരിത്രമുറങ്ങുന്ന കൊല്ലം ശ്രീനാരായണ കോളേജിന്റെ മണ്ണ് ഈ വർഷത്തെ കോളേജ് ഇലക്ഷനെ അഭിമുഖീകരിക്കാൻ പോകുന്ന വിവരം നിങ്ങളെല്ലാവരും അറിഞ്ഞിട്ടുണ്ടാവും…. ഇലക്ഷന്റെ ഭാഗമായി നിങ്ങളോട് സംവദിക്കാനും എനിക്കും നിങ്ങൾക്കും അപ്പുറം നമുക്ക് വേണ്ടി കുറച്ചു കാര്യങ്ങൾ സംസാരിക്കാനും വേണ്ടിയാണ് ഞാനിവിടെ എത്തിയിരിക്കുന്നത്….

ഈ ക്യാമ്പിലേക്ക് കടന്നു വന്ന നിങ്ങൾ ഓരോ students നും മുന്നിൽ ഞങ്ങളൊരു വർണ മനോഹരമായ ക്യാമ്പസ് വാഗ്ദാനം ചെയ്തിരുന്നു… അതിന്റെ പൂർണസത്ത ഉൾക്കൊള്ളുന്ന ഏറ്റവും മനോഹരമായ നിമഷങ്ങളിലൂടെയാണ് ഈ കോളേജ് കടന്നു പോകുന്നത്… ക്യാമ്പസ് രാഷ്ട്രീയം എന്നു കേട്ടാൽ അറിയാതെ മുഖം ചുളിഞ്ഞു പോകുന്ന വളരെ കുറച്ചു പേരെങ്കിലും ഈ ക്ലാസിലും നമ്മുടെ ഈ ക്യാമ്പസിലും ഉണ്ടാകും….. അങ്ങനെ ചിന്തിക്കുന്ന യുവതയുടെ വാഗ്ദാനങ്ങളെ…… ദയവായി നിങ്ങളുടെ വിലപ്പെട്ട 20 മിനിട്ടുകൾ നിങ്ങൾ എനിക്ക് നല്കിയാലും…. അതിനു പകരമായി ഈ രാജ്യത്തെ നിയന്ത്രിക്കാൻ,അവയെ ഒരു പാകമായ കനിയാക്കി രൂപപ്പെടുത്താൻ,നാളെയുടെ രാഷ്ട്രഘടികാരത്തെ തിരിയ്ക്കാനുതകുന്ന ചിന്തകളിലേക്ക് ഞാൻ നിങ്ങളെ കൈപിടിച്ച് നയിക്കാം…..

ഞാനീ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല… പക്ഷേ ഇതിനെ പാതി മനസ്സോടെ എങ്കിലും നിങ്ങൾ ഉൾക്കൊണ്ടേ മതിയാകൂ… കാരണം രാഷ്ട്ര നിർമ്മാണത്തിൽ നമ്മൾ വിദ്യാർത്ഥി സമൂഹത്തിനുള്ള പങ്ക് വളരെ വലുതാണ്….ഒരു ചെറിയ ക്ലാസ് റൂമിലിരുന്ന് നമുക്ക് thesis കൾ പഠിയ്ക്കാം,പണ്ടെങ്ങോ എഴുതപ്പെട്ട ആരൊക്കെയോ എഴുതി വച്ച ചരിത്രത്തെ മനപ്പാഠമാക്കാം…… പക്ഷേ കാലമൊരുപാട് നീളുമ്പോൾ നമ്മൾ പഠിച്ചു മറന്ന ചരിത്ര താളുകൾക്കപ്പുറം….ചെയ്തു തീർത്ത experiment കൾക്കപ്പുറം എഴുതിവച്ച ഡഫനിഷൻസിനപ്പുറം ഈ രാജ്യത്തിന്റെ ചരിത്രമെഴുതേണ്ടത് നമ്മൾ ഓരോരുത്തരും ആയിരിക്കും…. അതിന്റെ ഭരണചക്രം തിരിയ്ക്കേണ്ടത് ഈ ഇരിയ്ക്കുന്ന ഓരോ വിരൽ തുമ്പുകളുമായിരിക്കും…. അതിന് കഴിയണമെങ്കിൽ ചിതലരിക്കാത്ത കുറച്ചു ചിന്തകളും ചിത്തഭ്രമം ബാധിക്കാത്ത ഒരു മനസും ഉണ്ടായിരിക്കണം….അതിനെ രൂപപ്പെടുത്തിയെടുക്കുന്ന ഒരു സുവർണ്ണ കാലഘട്ടമാണിത്…. അതിനുവേണ്ടി മാത്രം നിങ്ങളുടെ വിലപ്പെട്ട ഈ 20 മിനിട്ടുകൾ നമുക്ക് കുറച്ച് രാഷ്ട്രീയം സംസാരിക്കാം…..!!!

ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയിൽ നിന്നും ദേശീയമോചനം പ്രാപിക്കുന്നതിന് ഇന്ത്യൻ ജനത നടത്തിയ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധവും മതനിരപേക്ഷ ജനാധിപത്യ പുരോഗമന സ്വഭാവത്തോടു കൂടിയതുമായ അഭിമാനകരമായ പാരമ്പര്യത്തിന്റെ നേരവകാശികളാണ് ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനം….സമൂഹ പരിവർത്തനത്തിന് വേണ്ടിയുള്ള വിശാലമായ പൈതൃകം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന വിദ്യാർഥി പ്രസ്ഥാനമായതുകൊണ്ടാണ് ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനം അതിന്റെ കൊടിക്കൂറയിൽ സ്വാതന്ത്ര്യം, ജനാധിപത്യം,സോഷ്യലിസം എന്ന് ആലേഖനം ചെയ്തിരിക്കുന്നത്…. ഇതെല്ലാം ചരിത്രങ്ങളാണ്…ഓരോ മനസ്സുകളും ചിന്തിയ്ക്കും വിദ്യാർത്ഥികൾക്കിടയിൽ എന്തിനുവേണ്ടിയാണ് ഈ രാഷ്ട്രീയം….സൗഹൃദം മാത്രമല്ലേ ഉണ്ടാവേണ്ടതെന്ന്….!!!

ഹൃദയം കൊണ്ട് സ്വീകരിക്കുന്ന സൗഹൃദങ്ങൾ നല്ല ബന്ധങ്ങളെ കോർത്തു വയ്ക്കുമ്പോൾ രാഷ്ട്രീയം എന്നത് രാഷ്ട്രത്തിനെ രൂപപ്പെടുത്തേണ്ട നമ്മുടെ കടമയാണ്…അത് ഓരോ പൗരനിലും ഒരു രാഷ്ട്രം നിഷ്കർഷിക്കുന്ന ഉത്തരവാദിത്വമാണ്…

ഇവിടെ എനിക്ക് മുമ്പേ പറഞ്ഞു പോയ ചേട്ടന്മാരുടെ വാക്കുകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും…അവരുടെ അവകാശവാദങ്ങളെ ഞങ്ങൾ എതിർക്കുന്നില്ല…കാരണം ഞങ്ങൾ 1950 കളിൽ ഉദയം കൊണ്ട പ്രസ്ഥാനമല്ല… അതുകൊണ്ട് തന്നെ വളരെ പഴക്കം ചെന്ന പിറവി അവകാശപ്പെടാനും ഞങ്ങൾക്ക് കഴിയില്ല… വരുന്ന 28ആം തീയതി ഈ ക്യാമ്പസ് ആർക്കൊപ്പം നില്ക്കണം എന്നു തീരുമാനിക്കുന്നത് നിങ്ങൾ ഓരോരുത്തരുമാണ്…..അത് നിങ്ങളുടെ അവകാശ സ്വാതന്ത്ര്യമാണ്….

പക്ഷേ ഒന്നു ഞങ്ങൾ പറഞ്ഞോട്ടേ…!!!ചുവപ്പിനെ പ്രണയിക്കുന്ന ഞങ്ങൾ വരാൻ പോകുന്ന 28ആം തീയതി ഈ ക്യാമ്പസിനെ കടും ചുവപ്പിൽ കാണാൻ ആഗ്രഹിക്കുന്നവരാണ്….അത് ശരീരത്തിൽ നിന്നും ഉതിർന്നു വരുന്ന നിണത്തെ പ്രണയിക്കുന്നതു കൊണ്ടല്ല…. *അങ്ങ് വടക്ക് കണ്ണൂരിൽ ഉറഞ്ഞു തുള്ളിയ തെയ്യത്തിന് നിറം ചുവപ്പായിരുന്നു…ആദ്യമധ്യാഹ്ന സൂര്യനും പൊരിവെയിലത്ത് പൂവിടുന്ന ഗുൽമോഹറിനും, പോരാട്ടത്തിന്റെ,വിപ്ലവത്തിന്റെ നിറം ചുവപ്പായിരുന്നു….ആരെയോ ഭ്രാന്തമായി പ്രണയിച്ച് സ്വയം ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട ചെമ്പരത്തിയ്ക്ക് നിറം ചുവപ്പായിരുന്നു….ഏഴഴകോടെ വർണം വിതറുന്ന മഴവില്ലിനും അവസാന നിറം ചുവപ്പായിരുന്നു…എന്തിനേറെ പറയുന്നു…എന്നെ കേട്ടുകൊണ്ടിരിക്കുന്ന പെണ്ണേ…നിന്റെ നെറ്റിയിലെ സിന്ദൂര വർണവും ചുവപ്പായിരുന്നില്ലേ……അതേ പ്രണയത്തിനും വിപ്ലവത്തിനും നിറം ചുവപ്പാണ്….പിന്നെയെങ്ങനെയാണ് സുഹൃത്തുക്കളേ ഞങ്ങളീ ചുവപ്പിനെ പ്രണയിക്കാതിരിക്കുന്നത്….!!!

ആ പ്രണയമാണ് ഞങ്ങൾക്ക് ഈ പ്രസ്ഥാനത്തോടും…ഉയിരോടെ ഉശിരോടെ സംസാരിക്കാൻ പഠിപ്പിച്ച പ്രസ്ഥാനത്തോട്, വാക്കിനെ നാക്കു കൊണ്ട് മറുപടി പറയാൻ പഠിപ്പിച്ച പ്രസ്ഥാനത്തോട്,അമ്മ പെറ്റ മക്കളായ ഞങ്ങളുടെ ഇടതു കൈയ്യിലേക്ക് പുസ്തകവും വലതു കൈയ്യിൽ തൂവെള്ള കൊടിയുമേന്താൻ പഠിപ്പിച്ച പ്രസ്ഥാനത്തോട്, അധികാരം നിഷേധിക്കുന്ന കൈകൾ കഴുത്തിൽ മുറുകുമ്പോൾ അവയെ ചുരുട്ടിപ്പിടിച്ച മുഷ്ടിയോടെ നേരിടാൻ പഠിപ്പിച്ച പ്രസ്ഥാനത്തോട്…. അടങ്ങാത്ത പ്രണയമാണ്…❤️ ആ പ്രണയം കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഇടനെഞ്ചിൽ സ്വീകരിച്ചതിനാലാവണം അങ്ങ് വടക്കേയറ്റം മുതൽ ഇന്ന് തെക്കേയറ്റം വരെയുള്ള 98% സ്കൂളുകളിലും ഈ പ്രസ്ഥാനത്തിന്റെ തൂവെള്ളക്കൊടി ഉയർന്നു പാറിയത്….. അതുകൊണ്ട് മാത്രമാകും കേരളത്തിലെ 68 ITI കളിൽ 67എണ്ണത്തിലും ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങൾ അലയടിയ്ക്കുന്നത്…. അതുകൊണ്ട് മാത്രമാകും കേരളത്തിലെ 56 polytechnic കളിൽ 54 എണ്ണത്തിലും ഈ പ്രസ്ഥാനത്തിന്റെ ആദർശങ്ങൾ ഉയർന്നു കേൾക്കുന്നത്…. അതുകൊണ്ട് മാത്രമാകും കേരളത്തിലെ 9 യൂണിവേഴ്സിറ്റികളിൽ 9 എണ്ണത്തിലും സ്വാതന്ത്ര്യം, ജനാധിപത്യം,സോഷ്യലിസം എന്ന ആപ്തവാക്യം പ്രകമ്പനം സൃഷ്ടിക്കുന്നത്…..

(സഖാവിന്റെ വളരെ ആവേശത്തോടെയുള്ള ആ വാക്കുകൾ കേട്ട് ക്ലാസിൽ ഉച്ചത്തിലുള്ള കൈയ്യടികൾ ഉയർന്നു കേട്ടു….)

അതെ…ഞങ്ങൾ മറ്റൊരു പാർട്ടിയുടേയും അവകാശവാദങ്ങളെ നിങ്ങൾക്ക് മുന്നിൽ എതിർത്തു വാദിക്കുന്നില്ല…ഇത് ചരിത്രമാണ്…ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രം….!!! ചരിത്രങ്ങൾ ഒരിക്കലും വളച്ചൊടിയ്ക്കാനോ,ഇല്ലാതാക്കാനോ കഴിയില്ല…കാരണം അത് മുമ്പെപ്പൊഴോ എഴുതപ്പെട്ട യഥാർത്ഥ വസ്തുതകളാണ്…. അതുകൊണ്ട് നമുക്കീ ചരിത്രത്തെ നെഞ്ചിലേറ്റാം…

പിന്നിട്ട വഴിയോരങ്ങളിൽ രക്തതുള്ളികൾ ചിതറിയപ്പോഴും മാറ്റത്തിന് വേണ്ടി വിപ്ലവത്തിന് വേണ്ടി കൈകളുയർത്തിയ അനശ്വര രക്തസാക്ഷി സഖാവ് ശ്രീകുമാറിന്റെ മണ്ണ് ഇനിയും ചുവന്ന് തന്നെയിരിക്കട്ടേ….!!! വരാൻ പോകുന്ന 28ആം തീയതി കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്ന ചെങ്കതിരോന്റെ നിറം ചുവപ്പാണെങ്കിൽ അതിനെ തോൽപ്പിക്കും പോലെ ദേശിംഗനാടിന്റെ തിലകക്കുറിയായ ഈ ക്യാമ്പസിനെ ചെങ്കനലായ് നമുക്കൊന്നിച്ച് അണിയിച്ചൊരുക്കാം….അന്ന് ചുവന്ന ചക്രവാളത്തിലേക്ക് താഴുന്ന സൂര്യനും തലയെടുപ്പോടെ നില്ക്കുന്ന ഈ ക്യാമ്പസിനും നിറം ചുവപ്പാകട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് വിട വാങ്ങുന്നു…. നിങ്ങളുടെ സ്വന്തം ദേവഘോഷ്….❤️ എന്നെ കേട്ട എല്ലാവർക്കും ഹൃദയത്തോട് ചേർത്ത് നല്കുന്ന വിപ്ലവ അഭിവാദ്യങ്ങൾ….💪💪💪

ചുറ്റിലും അലയടിച്ച കൈയ്യടി ശബ്ദത്തിന് നടുവിൽ സ്തബ്ദയായി ഇരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…കാരണം ഞാനദ്യമായായിരുന്നു സഖാവിന്റെ ഒരു നെടുനീളൻ പ്രസംഗം കേൾക്കുന്നത്….അന്ന് ആ ക്ലാസിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു…എന്നിൽ തോന്നിയ കാഴ്ചപ്പാടുകൾ ഒരണുവിട പോലും തെറ്റായിരുന്നില്ല….കാരണം ദേവഘോഷ് എന്ന ഘോഷണ്ണൻ ആ ക്യാമ്പസിന് ശരിയ്ക്കും ബൊളീവിയൻ വിപ്ലവകാരി ഏണസ്റ്റോ ചെഗുവേര തന്നെയായിരുന്നു… 🚩ക്യാമ്പസിലെ ചെഗുവേര……🚩

ഒരു പ്രസംഗം കേട്ടതിന്റെ നടുക്കം എന്നിൽ നിന്നും വിട്ടുമാറും മുമ്പേ സഖാവ് ആ ക്ലാസ് വിട്ട് പുറത്തേക്കിറങ്ങിയിരുന്നു….. സഖാവിനെ നേരിൽ കണ്ട് എന്തൊക്കെയോ പറയണംന്ന് ആ നിമിഷം എന്റെ മനസ് വെമ്പൽ കൊണ്ടു….. എല്ലാവരും ക്ലാസിൽ നിന്നും ഇറങ്ങിയതും ഞാനും അവർക്കൊപ്പം സഖാവിനടുത്തേക്ക് നടന്നു….പിന്നെയുള്ള സമയമത്രയും സഖാവിനെ ഒന്നൊറ്റയ്ക്ക് സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന പ്രാർത്ഥന മാത്രമായിരുന്നു എന്റെ മനസിൽ…. തുടരും… ഇക്കൂട്ടത്തിൽ ക്യാമ്പസ് ലൈഫ് enjoy ചെയ്തവരും ചെയ്യാത്തവരും ഒരുപാടുണ്ട് എന്ന് നിങ്ങളുടെയെല്ലാം comments ലൂടെ എനിക്ക് മനസിലായി…. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു നെടുനീളൻ പ്രസംഗം ഇട്ടത്… ഇങ്ങനെയാണ് മ്മടെ ക്യാമ്പസ് ലൈഫിലെ ക്യാമ്പെയ്നുകൾ…. ലൈക്ക് കമന്റ് ചെയ്യൂ…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *