ഈ വിവാഹം കഴിഞ്ഞ് ഇതേ ക്ഷേത്രത്തിൽ വെച്ച് ദേവുവും ഇവനുമായുള്ള കല്യാണം നടത്താനിരുന്നതാണ് ഞങ്ങൾ….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Arjun D Nair

“ദേവൂ… മോളേ ദേവൂ… എഴുന്നേറ്റേ…!”

” ഇന്നല്ലേ കിച്ചുവിന്റെ കല്യാണം..? എന്നിട്ട് നീയിങ്ങനെ കിടന്നുറങ്ങിയാലോ? ”

ദേവു എഴുന്നേറ്റിരുന്നു കണ്ണുതിരുമ്മി ഏട്ടനെ നോക്കി. പെട്ടെന്നവളുടെ കണ്ണുകൾ നിറഞ്ഞു.

“ഞാൻ എന്തിനാ ഏട്ടാ വരുന്നത്. നിക്ക് കാണാൻ വയ്യ, കിച്ചേട്ടൻ വേറൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നത്. ഉള്ളിന്റെയുള്ളിൽ ഇപ്പോഴും കിച്ചേട്ടൻ ന്റെ മാത്രാ..”

“ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം മോളേ? അവനു നിന്നെ വേണ്ടെങ്കിൽ പിന്നെ നമുക്കെന്തു ചെയ്യാൻ പറ്റും..?”

“സാരല്യ ഏട്ടാ… പാവാ ന്റെ കിച്ചേട്ടൻ. അമ്മാവന്റെ നിർബന്ധത്തിനു വഴങ്ങി ആ പെണ്ണിനെ കല്യാണം കഴിക്കാന്ന് സമ്മതിച്ചതാവും. അല്ലാണ്ട് കിച്ചേട്ടന് ന്നെ മറക്കാൻ ആവില്യ…”

“ന്നാ ന്റെ മോള് പെട്ടെന്ന് പോയി കുളിച്ച് സുന്ദരിയായി വാ. അവിടെ എല്ലാത്തിനും മുൻപന്തിയിൽ ഉണ്ടാവണം നീ…”

“ഏട്ടാ അത്…”

“ഇല്ല. അവിടെ ഉണ്ടാവണം നീ. അത് വേറൊന്നുംകൊണ്ടല്ല, അവനെ നഷ്ടപ്പെടുന്നത് നിനക്ക് യാതൊരു വിഷമവും ഉണ്ടാക്കില്ലെന്ന് അമ്മാവനെയും അമ്മായിയെയും കിച്ചുവിനെയും ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം.”

“ശരി ഏട്ടാ… ഞാൻ വേഗം റെഡിയായി വരാട്ടോ…”

അവൾ പോയിക്കഴിഞ്ഞപ്പോൾ കിച്ചുവിനു വേണ്ടി അവളെ ആലോചിക്കാൻ അമ്മാവന്റെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവങ്ങൾ കണ്ണൻ വെറുതെ ഓർത്തു.

“നീയെന്താ പറയുന്നത് കണ്ണാ? Ph.D കഴിഞ്ഞു നിൽക്കുന്ന കിച്ചുവിനുവേണ്ടി ഒരു ഡിഗ്രി മാത്രമുള്ള നിന്റെ പെങ്ങളെ ആലോചിക്കാമോന്നോ? കുട്ടിക്കാലത്ത് ദേവു കിച്ചുവിനുള്ളതാണെന്നു പറഞ്ഞിട്ടുണ്ടെന്നും വെച്ച്? ഇപ്പോഴും അത് തന്നെ മനസ്സിലിട്ടൊണ്ടിരിക്കുവാണോ നീ…?? എന്നാ നീ കേട്ടോ? അവന്റെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയുമായി അവന്റെ കല്യാണം ഞങ്ങൾ ഉറപ്പിച്ചു. ആ കുട്ടി SBI യിൽ അസിസ്റ്റന്റ് മാനേജർ ആണ്. നല്ല കുടുംബവും. കിച്ചുവിനും ഇഷ്ടമായിരുന്നു ആ കുട്ടിയെ. അവൻ തന്നെയാണ് ആ കുട്ടിയെ ആലോചിക്കാം എന്ന കാര്യം ഞങ്ങളോട് പറഞ്ഞതും…! ഇനിയീ കാര്യവും പറഞ്ഞ് നീയിങ്ങോട്ട് വരണമെന്നില്ല. അല്ലേ…!! പെങ്ങളുടെ മക്കൾ ആണെന്നും പറഞ്ഞ് എന്റെ ഇപ്പോഴത്തെ നിലയും വിലയും നോക്കാതെ അവനൊരു പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ പറ്റുമോ…??”

“ഹും… നിലയും വിലയും പോലും. എന്നാണ് അമ്മാവാ നിങ്ങൾക്കീ നിലയും വിലയും ഉണ്ടായത്. പാർട്ട്ണർഷിപ്പിൽ തുടങ്ങിയ ബിസിനസ്സിൽ കൂടെയുണ്ടായിരുന്നവൻ ചതിച്ചപ്പോൾ ഗത്യന്തരമില്ലാതെ കൂട്ടാത്മഹത്യക്ക് ശ്രമിച്ച നിങ്ങളെ രക്ഷപെടുത്തി കൊണ്ടുവന്ന് എന്റെ അമ്മയുടെ പേരിലുള്ള ഈ വീടും 25 ഏക്കർ സ്ഥലവും നിങ്ങളുടെ പേരിലേക്ക് മാറ്റി എഴുതിച്ചു തന്ന് നിങ്ങൾക്ക് ജീവിക്കാനുള്ള വക ഉണ്ടാക്കി തന്ന ഞങ്ങളാണോ നിങ്ങളുടെ അന്തസ്സിന് ഇന്ന് ചേരാത്തവർ? അമ്മാവന്റെ പണക്കാരായ ഒരു സുഹൃത്തുക്കളെപ്പോലും അന്നൊന്നും കണ്ടിട്ടില്ലല്ലോ? ഒരു പത്തു രൂപ തന്ന് നിങ്ങളെ സഹായിക്കാൻ?”

“അതൊക്കെ പഴയ കഥ. ഇന്നിപ്പോൾ ഞങ്ങളുടെ നിലയ്ക്കും വിലയ്ക്കും നിന്റെ പെങ്ങൾ ചേരില്ല. അതുകൊണ്ട് നീ ചെല്ല്. നിന്റെ പെങ്ങൾക്ക് വല്ല ബസ് കണ്ടക്ടറെയോ പ്യൂണിനെയോ കിട്ടും.” അമ്മാവന്റെ മുഖത്തൊരു പുച്ഛച്ചിരി വിരിഞ്ഞു.

“ഏട്ടാ… ഇതെന്താലോചിച്ചിരിക്കുവാ? വാ സമയം പോയി. പോവണ്ടേ…?”

കണ്ണൻ അവളെ നോക്കി. നല്ല സുന്ദരിയായിട്ടുണ്ട്. സാരി ആയിരുന്നു അവൾ ഉടുത്തത്. നല്ല മെറൂൺ നിറമുള്ള സാരി.

“ആഹാ ഏട്ടന്റെ വാവ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ…?”

“കിച്ചേട്ടനുമായുള്ള കല്യാണത്തിന് ഉടുക്കണം എന്നു കരുതി മാറ്റിവെച്ചിരുന്ന സാരിയാ ഏട്ടാ… ഇനീപ്പോ ഇതെന്തിനാ?” അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീര് ഒഴുകി.

“ന്റെ കുട്ടി വിഷമിക്കണ്ടാട്ടോ… മോൾക്ക് നല്ലൊരു പയ്യനെ ഈ ഏട്ടൻ കണ്ടുപിടിച്ചു തരും.”

“പിന്നെ അങ്ങോട്ട് പോവും മുൻപ് ഏട്ടന് മോളോട് ചിലതൊക്കെ പറയാനുണ്ട്. അവിടെ ചെന്നാൽ ആർക്കും തോന്നരുത് കിച്ചുവിന്റെ കല്യാണം നടക്കുന്നതിൽ നിനക്ക് വിഷമം ഉണ്ടെന്ന്. ചിലപ്പോൾ അമ്മായിയും മറ്റും നിന്നെ വിഷമിപ്പിക്കാൻ ശ്രമിക്കും. എങ്കിൽ പോലും നീ തോറ്റ് കൊടുക്കരുത്. ഒരിറ്റു കണ്ണീർ പോലും നിന്റെ കണ്ണിൽ നിന്ന് വീഴരുത്.”

“കിച്ചേട്ടനുവേണ്ടി ഒഴുക്കാൻ എനിക്കിനി കണ്ണീർ ബാക്കിയില്ല ഏട്ടാ… പേടിക്കണ്ട..”

“എങ്കിൽ വാ നമുക്ക് പോവാം…”

*********** (കല്യാണമണ്ഡപം.)

അവിടെ എത്തിയപ്പോൾ അവളോട് പറഞ്ഞ കാര്യം കണ്ണൻ ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു. കിച്ചുവിനോടുള്ള ഇഷ്ടത്തെപ്പറ്റി ആരെന്ത് ചോദിച്ചാലും മുഖം വാടുകയോ കണ്ണ് നിറയുകയോ ചെയ്യരുതെന്ന്.

വന്നപാടെ അവൾ സദസ്സിൽ നടുക്കൊരിടത്തായി പോയിരുന്നു. അമ്മായി അവളെ കണ്ടപ്പോൾ അവരുടെ മുഖത്തും ഒരു അഹങ്കാരം നിറഞ്ഞ ചിരി ഉണ്ടായിരുന്നു. “എന്റെ മോൻ വിവാഹം കഴിക്കാൻ പോവുന്ന പെണ്ണിന്റെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത പോലും നിനക്കില്ല” എന്നർത്ഥം വരുന്ന ചിരി. അത് ദേവുവിന് മനസിലയെങ്കിലും ഹൃദ്യമായ ഒരു പുഞ്ചിരി അവൾ തിരിച്ചു സമ്മാനിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അടുത്ത് കുടുംബത്തിലെ ഒരു മൂത്ത വല്യമ്മ വന്നിരുന്നു. അവളോട് കിച്ചുവിനോടുണ്ടായിരുന്ന ഇഷ്ടത്തെ പറ്റി ചോദിച്ചു. അതുകേട്ടതും അവൾ അമ്മായിയെ നോക്കി. അമ്മായി തന്നെത്തന്നെ നോക്കിയിരുന്നത് കണ്ടപ്പോൾ അവൾക്ക് മനസിലായി ആ വല്യമ്മയെ അമ്മായി പറഞ്ഞുവിട്ടതാണെന്ന്. തന്നെ കളിയാക്കാൻ. അതുകൊണ്ട് തന്നെ അവൾ വിട്ടുകൊടുത്തില്ല. കിച്ചുവുമായിട്ടുള്ള വിവാഹത്തിൽ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്ന രീതിയിൽ അവൾ സംസാരിച്ചു.

“വധുവിനെ കൊണ്ടുവന്നോളൂ…” തിരുമേനി പറഞ്ഞൂ.

വധുവിനെ കൊണ്ടുവരാൻ പോയ കൂട്ടരേ എതിരേറ്റത് ആ പെണ്ണ് എഴുതിവെച്ച ഒരു കത്ത് ആയിരുന്നു. അവൾക്കിഷ്ടമുള്ളവനൊപ്പം പോവുകയാണെന്നും അവരെ അന്വേഷിക്കരുതെന്നുമായിരുന്നു ആ കത്തിൽ.

വിവരമറിഞ്ഞ കണ്ണന്റെ അമ്മാവൻ തകർന്നുപോയി. കിട്ടാൻ പോവുന്ന സ്ത്രീധനത്തെ കുറിച്ചും അതുകൊണ്ട് തുടങ്ങാൻ പോവുന്ന ബിസിനസ്സുകളെ കുറിച്ചും ഒരുപാട് സ്വപ്നങ്ങൾ അയാൾ നെയ്തു കൂട്ടിയിരുന്നു.

അമ്മാവനും അമ്മായിയും മറ്റു ബന്ധുക്കളും ആലോചനയിലാണ്ടു.

“ഇനിയെന്ത് ചെയ്യും? ഇന്ന് വിവാഹം നടന്നില്ലെങ്കിൽ കുടുംബത്തിന് മാനക്കേടാണ്. ”

“ആ ഒരുമ്പെട്ടവൾ ഇങ്ങനെയൊരു ചതി ചെയ്തല്ലോ ന്റെ ഈശ്വരാ… അവൾ നശിച്ചു പോകത്തെയുള്ളൂ.” അമ്മായി അവളെ പ്രാകി.

“ഇനിയിപ്പോ പറഞ്ഞിട്ടെന്താ? കണ്ണനോട് ഒന്ന് ചോദിച്ചു നോക്കിയാലോ? അവന്റെ പെങ്ങൾക്ക് കെട്ടുപ്രായം കഴിഞ്ഞിരിക്കുകയല്ലേ…??”

“അതെങ്ങനാ ശ്രീധരാ? പണ്ട് ഒരിക്കൽ അവൻ അവന്റെ പെങ്ങളെ കിച്ചുവിനു വിവാഹം ചെയ്തു കൊടുക്കാമോ എന്നു ചോദിച്ചപ്പോൾ ഞങ്ങൾ എതിർത്തതാ. Ph. D ക്കാരനായ കിച്ചുവിനു വെറും ഡിഗ്രി മാത്രമുള്ള അവൾ ഒരിക്കലും ചേരില്ലെന്ന് പറഞ്ഞ് അന്ന് ഞങ്ങൾ അവനെ അപമാനിച്ചിറക്കിവിട്ടതാ.”

“അതൊക്കെ അന്നല്ലേ. ഇന്നിപ്പോൾ വിവാഹം നടന്നില്ലെങ്കിൽ അവനും കൂടിയല്ലേ മാനക്കേട്? അതുകൊണ്ട് അവൻ സമ്മതിക്കും. എനിക്കുറപ്പാ” അമ്മായി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.

“ശരി ഞാനവനോട് ചോദിക്കാം”.

അയാൾ കണ്ണന്റെ അടുത്തേക്ക് ചെന്നു. അവനെ മാറ്റി നിർത്തി കാര്യം പറഞ്ഞു. കാര്യങ്ങൾ അറിഞ്ഞ കണ്ണൻ ഒരുനിമിഷം ചിന്തയിലാണ്ടു.

“ശരി അമ്മാവാ. ഞാനവളെ കൊണ്ടു സമ്മതിപ്പിക്കാം.”

അവൻ പോയി ദേവുവിനെ വിളിച്ചുകൊണ്ടുവന്നു.

“മോളെ. നടന്നതൊക്കെ നീയറിഞ്ഞിട്ടുണ്ടാവുമല്ലോ…?? ഇപ്പോൾ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേറൊരു വഴിയും ഞങ്ങൾ കാണുന്നില്ല. ഇന്നീ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ ജീവിച്ചിരുന്നിട്ടു കാര്യമില്ല. അതുകൊണ്ട് കിച്ചുവുമായിട്ടുള്ള കല്യാണത്തിന് മോള് സമ്മതിക്കണം.” അമ്മായി അവളുടെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

അവൾ കണ്ണനെ നോക്കി. അവൻ സമ്മതിച്ചേക്ക് എന്ന് കണ്ണുകൊണ്ട് കാണിച്ചു.

മുഹൂർത്തമായപ്പോൾ തിരുമേനി താലിയെടുത്ത് കിച്ചുവിന്റെ കൈയിൽ കൊടുക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് കണ്ണൻ കേറി തടഞ്ഞു.

“തിരുമേനി. കിച്ചുവിന്റെ കൈയിൽ അല്ല, ദാ ഇവന്റെ കൈയിലോട്ട് താലി കൊടുക്കൂ. ” കണ്ണൻ ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

“കണ്ണാ… മോനെ നീയെന്താ ഈ പറയുന്നത്.?” അമ്മാവൻ സംശയത്തോടെ അവനെ നോക്കി.

“നിങ്ങളെന്താ കരുതിയത്? നിങ്ങളുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞ് ഞാൻ കിച്ചുവും ദേവുവും ആയുള്ള വിവാഹത്തിന് സമ്മതിച്ചെന്നോ? ഇനി ഞാൻ സമ്മതിച്ചാൽ തന്നെ ദേവു അതിന് സമ്മതിക്കില്ല. ഇപ്പോഴും നിങ്ങളുടെ മാനം സംരക്ഷിക്കാൻ വേണ്ടിയല്ലേ നിങ്ങൾ ദേവുവിനെ കിച്ചുവിനു വിവാഹം ചെയ്തു കൊടുക്കാം എന്നു സമ്മതിച്ചത്? അല്ലാതെ അവളെ ഇഷ്ടമായിട്ടല്ലല്ലോ? നിങ്ങളുടെ ഇന്നത്തെ നിലയ്ക്കും വിലയ്ക്കും ഞങ്ങൾ ചേരില്ലെന്ന് പറഞ്ഞ് ഇവളെ പുച്ഛിച്ചു തള്ളിയപ്പോൾ ഓർത്തില്ലല്ലേ… ഇങ്ങനൊരു പണി കിട്ടുമെന്ന്. ??”

“എങ്കിൽ കേട്ടോ. ഇത് ശിവപ്രസാദ്. എന്റെ ബാല്യകാല സുഹൃത്ത്. SBI യുടെ കൊച്ചി വൈറ്റില ബ്രാഞ്ച് മാനേജർ ആണ്. ഇവന് ദേവുവിനെ ഇഷ്ടമായിരുന്നു. ഇവൻ അത് എന്നോട് പറഞ്ഞ അന്നാണ് ഞാൻ കിച്ചുവിനു ഇവളെ ആലോചിച്ച് നിങ്ങളുടെ അടുത്തു വന്നത്. അന്ന് നിങ്ങൾ എന്നെ അപമാനിച്ചിറക്കി വിട്ടപ്പോഴേ ഞാൻ ഉറപ്പിച്ചതാണ് ദേവു ശിവപ്രസാദിനുള്ളതാണെന്ന്. ഈ വിവാഹം കഴിഞ്ഞ് ഇതേ ക്ഷേത്രത്തിൽ വെച്ച് ദേവുവും ഇവനുമായുള്ള കല്യാണം നടത്താനിരുന്നതാണ് ഞങ്ങൾ.”

“അളിയാ മടിച്ചുനിൽക്കാതെ താലി വാങ്ങി അവളുടെ കഴുത്തിലോട്ട് കെട്ട്….!!”

അത് കേട്ടപാടെ ശിവപ്രസാദ് താലി വാങ്ങി ദേവുവിന്റെ കഴുത്തിൽ കെട്ടി. കൊട്ടും കുരവയുമായി അവരുടെ വിവാഹം നടന്നു.

ശിവയോടൊപ്പം പോവുന്നതിനുമുമ്പ് ഏട്ടന്റെ കാൽ തൊട്ടുവണങ്ങി അനുഗ്രഹം വാങ്ങാനും അവൾ മറന്നില്ല.

“അമ്മാവൻ വിഷമിക്കേണ്ട. കിച്ചേട്ടന് ഏതെങ്കിലും രണ്ടാംകെട്ടുകാരിയെ കിട്ടും. അങ്ങനെയുള്ള ഒരാളെ ആലോചിച്ചോളൂ”. പോവും മുൻപ് ദേവു പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇതെല്ലാം കണ്ട് ഇളിഭ്യരായി നിൽക്കാൻ മാത്രമേ കണ്ണന്റെ അമ്മാവനും അമ്മായിയ്ക്കും കിച്ചുവിനും കഴിഞ്ഞുള്ളു. അവസാനിച്ചു. (ആദ്യമായി എഴുതിയതാണ്. തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ ക്ഷമിക്കുക, ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യുക…)

രചന: Arjun D Nair

Leave a Reply

Your email address will not be published. Required fields are marked *