ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 9 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

🎶ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമായ് ദേവനുമനുരാഗിയാം അമ്പലപ്രാവേ…🎶

അവസാനത്തെ വരി പാടി ജനൽപ്പാളിക്കിടയിലൂടെ പുറത്തേക്ക് നോട്ടമിട്ടതും എന്റെ പാട്ട് കേട്ട് നിന്ന സഖാവിലേക്കായിരുന്നു ആ നോട്ടം ചെന്നു നിന്നത്….!!!! ആ മുഖത്ത് ചെറിയൊരു പുഞ്ചിരി മിന്നിമറയുന്നത് കണ്ട് ഞാൻ ബാക്കി കൂടി പാടി….

🎶ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു….. കണ്ണുകളാലർച്ചന മൗനങ്ങളാൽ കീർത്തനം എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ….🎶 (ഒന്നാം രാഗം പാടി)…

പാട്ട് പാടി തീരും വരെ എന്റെ കണ്ണുകൾ ഇടയ്ക്കിടേ സഖാവ് നിന്ന ഭാഗത്തേക്ക് പാളി വീണുകൊണ്ടിരുന്നു…. പക്ഷേ പഴയതുപോലെയുള്ള ഗൗരവം തീരെ ഇല്ലാതെയായിരുന്നു ചെഗുവേരേടെ ആ നില്പ്….കലാസ്കോഡിന്റെ ആദ്യ പ്രകടനം കഴിഞ്ഞതും എല്ലാവരുടേയും ഭാഗത്ത് നിന്നും നിറഞ്ഞ കൈയ്യടി ഉയർന്നു കേട്ടു….ആ കൈയ്യടിയിൽ നിന്നും എന്റെ പാട്ട് ഒരുവിധം എല്ലാവർക്കും ഇഷ്ടപ്പെട്ടൂന്ന് ബോധ്യമായി….

ഡയസിൽ നിന്നും ഇറങ്ങി വാതിൽക്കലേക്ക് നടന്നപ്പോഴേക്കും സഖാവ് ജനലിനടുത്ത് നിന്നും നടന്നകന്നിരുന്നു…. പാട്ട് മുഴുവനും കേട്ടിട്ടും ഒരു നല്ല വാക്ക് പോലും പറയാതെ പോയതിലുള്ള ദേഷ്യവും സങ്കടവുമെല്ലാം ഒരുപോലെ തോന്നിയിരുന്നു…. പക്ഷേ ആ വിഷമമൊന്നും കലാസ്കോഡിൽ കാണിക്കാതെ വീണ്ടും പല ക്ലാസുകളിലായി ഞാനും ഗ്രൂപ്പും കൂടി പാട്ട് പാടി തകർത്തു….അന്ന് വൈകുന്നേരമാകും മുമ്പേ എന്റെ പാട്ടുകളും ശബ്ദവും ക്യാമ്പസാകെ പരിചിതമായി തുടങ്ങി…. എല്ലാ ക്ലാസുകളിൽ നിന്നും അഭിനന്ദന പ്രവാഹങ്ങൾ കൊണ്ട് മൂടുകയായിരുന്നു…അവിടെയും except that ബൂർഷ്വാ…..😠😠

പക്ഷേ പ്രതീക്ഷിക്കാതെ എത്തിയ ഒരു കമന്റായിരുന്നു സ്റ്റെഫിന്റേത്… ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്ന് ആകെ തിരക്കായതിന് ശേഷം അവനെ കാണ്ടത് അപ്പോഴായിരുന്നു…

നീ ക്യാമ്പസാകെ അങ്ങ് ഫേമസ് ആയല്ലോ നീലു… വോട്ടിന് നില്ക്കുന്നുണ്ടോ നീ….!!!

അവന്റെ ആ ചോദ്യത്തിൽ അല്പം നീരസം കലർന്നിരുന്നു…ഞാനതു കേട്ട് വലിയ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ നിന്നു….

അറിയാൻ വഴിയില്ല…!! നോമിനേഷൻ കൊടുത്തു…നാളെ അറിയാം എന്താകുംന്ന്…

അത് വേണ്ടിയിരുന്നില്ല…നീ എന്തിനാ വോട്ടിനൊക്കെ നില്ക്കുന്നേ…!!! വെറുതെ പണി വാങ്ങാൻ…കാര്യം സ്റ്റുഡന്റ്സ് യൂണിയന്റെ പാനലിൽ നിന്നാ പുഷ്പം പോലെ ജയിക്കുംന്നുള്ളത് പകൽ പോലെ വ്യക്തമാ… എങ്കിലും നീ ഈ രാഷ്ട്രീയത്തിലൊക്കെ ഇടപെടുന്നത് എനിക്ക് തീരെ ഇഷ്ടമായില്ല….!!!

അത് കേട്ടതും എന്റെ നെറ്റിയൊന്ന് ചുളിഞ്ഞു തുടങ്ങി….

ഞാനറിഞ്ഞു നീ ആ ഘോഷണ്ണൻ പറഞ്ഞത് കേട്ടിട്ടാ നോമിനേഷൻ കൊടുത്തതെന്ന്…!! അയാള് നിന്നെ ഭീഷണിപ്പെടുത്തീട്ടാ…???അതാകാനേ വഴിയുള്ളൂ….😠😠

ഞാൻ നോമിനേഷൻ കൊടുത്തതിന് നീ എന്തിനാ സ്റ്റെഫിനേ ഇതിനും മാത്രം രോഷാകുലനാവുന്നേ… ഞാൻ നോമിനേഷൻ കൊടുത്തതിന് എനിക്കോ എന്റെ വീട്ടുകാർക്കോ യാതൊരു problem ഉം ഇല്ല.. അതിന്റെ പേരിൽ ആവശ്യമില്ലാതെ ദേവേട്ടനെ ഒന്നും പറയണ്ട….അതെനിക്കിഷ്ടമല്ല…!!!!

ഞാനത്രയും പറഞ്ഞതും അവന്റെ മുഖം വിളറി വെളുത്തു..പറഞ്ഞത് അബദ്ധമായിപ്പോയോ എന്ന ഉത്കണ്ഠയായിരുന്നു അവന്റെ മുഖത്ത്….!!!

നീലു… ഞാൻ നിനക്ക് ദേഷ്യാവാൻ പറഞ്ഞതല്ല..എനിക്കെന്തോ ഈ രാഷ്ടീയ പ്രവർത്തനം അത്ര ഇഷ്ടമല്ല… അതുകൊണ്ട് പറഞ്ഞൂന്നേയുള്ളൂ… അതിന്റെ പേരിൽ നീ വോട്ടിനു നിൽക്ക്വാണേ വോട്ട് തരാതെയൊന്നും ഇരിക്കില്ല…നീ എന്റെ best friend അല്ലേ…!!!

അവന്റെ ഭാഗത്ത് നിന്നും പെട്ടെന്ന് അങ്ങനെയൊരു മാറ്റമുണ്ടായപ്പോ എന്റെ ദേഷ്യം മെല്ലെ കുറഞ്ഞു തുടങ്ങി….

അതൊക്കെ പോട്ടേ…നീ എന്തിനാ ഈ തലമുടി ഏത് നേരവും ഇങ്ങനെ അഴിച്ചിട്ട് നടക്കുന്നേ…നീയാര് കള്ളിയങ്കാട്ട് നീലിയോ….

അതിന് ഞാനെന്റെ തലമുടി കെട്ടിയിട്ടിരിക്ക്യല്ലേ… നിന്റെ കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോ ല്ലേ….

പിന്നെ..ഇങ്ങനെയാണോ കെട്ടിയിടുന്നേ…എടീ പെൺപിള്ളേര് തലമുടി ചീകിയൊതുക്കി മെടഞ്ഞിട്ട് നടക്കുന്നതാ ഭംഗി…!!!

ഹോ…നമ്മക്കത്ര ഭംഗിയൊന്നും വേണ്ടായേ…!! ഞാനിപ്പോ ഇങ്ങനെ അയച്ചിട്ടേ കെട്ടുന്നുള്ളൂ..നീ നിന്റെ ജോലി നോക്ക് സ്റ്റെഫിനേ…

ഞാനൊരു കളിയായി പറഞ്ഞ് അവനടുത്ത് നിന്നും എഴുന്നേറ്റ് നടന്നതും അവൻ നിലത്ത് ഒരു മൂലയ്ക്കായി കിടന്ന പ്ലാസ്റ്റിക് റോപ്പ് എടുത്ത് എനിക്ക് നേരെ വന്നു….

ഡീ…കെട്ടിവെയ്ക്കെടീ… മര്യാദയ്ക്ക് കെട്ടി വച്ചോ… ഇല്ലെങ്കി ഞാനിപ്പോ ദേ ഈ കയറിട്ട് കെട്ടി വയ്ക്കും…!!

അവനതുമായി എനിക്ക് പിറകെ വന്നതും ഞാൻ ഒരൂക്കോടെ വരാന്തയിലൂടെ ഓടി…അവന് കൈയ്യെത്തിപ്പിടിയ്ക്കാവുന്നതിലും ഒരുപാടകലം ചെന്നതും ഞാനൊരു ചിരിയോടെ അവനെ തിരിഞ്ഞൊന്ന് നോക്കി…

ഡീ…കെട്ടി വയ്ക്കെടീ…!!! അവനൊരു കുസൃതിയോടെ അത് തന്നെ പറഞ്ഞ് നിൽക്ക്വായിരുന്നു….

ഒഞ്ഞുപോയേടാ…!!!

ഞാനവന്റെ വാക്കിനെ അടപടലേ പുച്ഛിച്ച് വരാന്തയിലൂടെ നടന്നകന്നു…എന്നേം കാത്ത് ക്ലാസിന് മുന്നിൽ തന്നെ സംഗീതയുണ്ടായിരുന്നു…ക്ലാസിലെ സ്ഥിതി ഗതികളറിയാൻ ഞാനവളെ ഏർപ്പാടാക്കി നിർത്തിയിട്ടായിരുന്നു ഒന്ന് റെസ്റ്റ് എടുത്തത്…. എന്നെ കണ്ടതും ആ മുഖത്ത് നവരസങ്ങളോരാന്നായി മിന്നിമറയാൻ തുടങ്ങി… അത് കണ്ടപ്പോഴേ ക്ലാസിലെ കാര്യങ്ങൾ അത്ര സുഖമുള്ളതല്ല എന്ന് മനസിലായി….

ഞാൻ ക്ലാസിനോട് അടുത്തതും HOD ഗിരിജാകുമാരി ടീച്ചറിന്റെ പുറത്തേക്കുള്ള entry യും ഒരുമിച്ചായിരുന്നു….ടീച്ചറിന്റെ മുഖത്തെ രൗദ്ര ഭാവം കണ്ടതും ഞാൻ സംഗീതേടെ കൈയ്യും പിടിച്ച് ഹിസ്റ്ററി ക്ലാസിലേക്ക് ഒരോട്ടമായിരുന്നു…. ആ ഓട്ടം ഒരു കിതപ്പോടെ ഹിസ്റ്ററി ക്ലാസിന് മുന്നിൽചെന്നു നിന്നതും ക്ലാസിൽ നിന്നും സഖാവാന്റേയും ജിഷ്ണു ചേട്ടന്റെയും സംസാരം ഉയർന്നു കേട്ടു… സംഗീതേടെ വായ പൊത്തി പിടിച്ച് ജനൽപ്പാളിയ്ക്ക് സമീപം മറഞ്ഞു നിന്ന് ഞാനാ സംഭാഷണത്തിന് കാതോർത്തു….

ഇരുവരുടേയും സംസാരത്തിൽ ഉടനീളം പാർട്ടി കാര്യങ്ങൾ നിറഞ്ഞു നിന്നു… പക്ഷേ നമ്മുടെ ചെഗുവേരേടെ ശബ്ദത്തിൽ പതിവിലും വിപരീതമായ ചിരി കലർന്നിരുന്നു…ഓരോ candidates നേയുംപറ്റിയുള്ള വിശദമായ വിലയിരുത്തലിലായിരുന്നു രണ്ടാളും….

പെട്ടെന്നാ ജിഷ്ണു ചേട്ടന്റെ മൊബൈൽ റിംഗ് ചെയ്തത്…!!! ജിഷ്ണു ചേട്ടൻ ഫോൺ അറ്റൻഡ് ചെയ്യാൻ തുടങ്ങുമ്പോ നോട്ടം ചെറിയ തോതിൽ ജനൽപ്പാളിയ്ക്കരികിലേക്ക് നീണ്ടു…. അത് കാണേണ്ട താമസം ഞാൻ ആമയെപ്പോലെ തലവലിച്ചു നിന്നു..അപ്പോഴും അവിടെ നിന്നും സ്കൂട്ടാവാൻ മനസനുവദിച്ചില്ലാന്ന് സാരം….

ആരാടാ…പ്രിയയാണോ…???

സഖാവിന്റെ ശബ്ദം ഉയർന്നു കേട്ടു…

ന്മ്മ്മ്..അതേ…ക്യാന്റീനിൽ ഉണ്ടാവും…അതാ ഇപ്പോ ഇങ്ങനെ ഒരു വിളി…!!!

എന്താ പോവാനുള്ള ടൈം ആയോ…???

ഉള്ളിലൊരു ചിരിയൊതുക്കിയുള്ള സാഖാവിന്റെ ആ ചോദ്യം കേട്ടതും ഞാൻ അവിടെ നിന്ന് തുടരെ തുടരെ ഞെട്ടുകയായിരുന്നു…. അപ്പോ കൂട്ടുകാരന്റെ കൂടെയുള്ളപ്പോ ആവശ്യത്തിലും അധികം ചിരിക്കാനറിയാം…(ആത്മ) എന്റെ curiosity കാരണം മുട്ടൻ പണികൾ ഏറ്റുവാങ്ങി നിൽക്ക്വായിരുന്നു സംഗീത…ഇടയ്ക്കിടെ എന്റെ കൈ പിടിച്ച് മാറ്റാനൊക്കെ നോക്കിയെങ്കിലും ഞാൻ പിടി വിടാൻ കൂട്ടാക്കിയില്ല…

ഡാ…നീ വരുന്നോ…!!! നമുക്ക് ഓരോ lime കുടിച്ചേച്ചും പോരാം…

ജിഷ്ണു ചേട്ടൻ അതും പറഞ്ഞ് കൊളില് concentrate ചെയ്തു…കാര്യം ഏതാണ്ട് പുള്ളി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയായിരുന്നു… ജിഷ്ണു ചേട്ടന്റെ ക്യാമുകി ചേച്ചി പുള്ളിയ്ക്ക് വേണ്ടി ക്യാന്റീനിൽ waiting ലായിരുന്നു… അവിടേക്ക് ചെല്ലാനായുള്ള call ആയിരുന്നു അത്…

അത്യാവശ്യ കാര്യം പറഞ്ഞ് കഴിഞ്ഞതും ജിഷ്ണു ചേട്ടൻ കോള് കട്ട് ചെയ്ത് ഡസ്കിൽ നിന്നും എഴുന്നേറ്റ് ക്ലാസിന് പുറത്തേക്ക് നടക്കാൻ ഭാവിച്ചു…

നീ വരുന്നോ ഘോഷേ…!!

നീ ചെല്ല്… നിന്റെ lime ന് വേണ്ടിയുള്ള കാശേ അവൾടെ കൈയ്യിൽ ഉണ്ടാകൂ….!!! വെറുതെ എന്തിനാ പാവം അവളെ കഷ്ടത്തിലാക്കുന്നേ…നീയോ ചിലവിട്ട് അതിന് വല്ലതും വാങ്ങി കൊടുക്കുന്നില്ല…!!!

ഹോ…നീ കിട്ടുന്ന വാക്കിനെല്ലാം എന്നെ ഊതാൻ നിന്നോണം….എടാ എന്റെ status കണ്ടിട്ടില്ലേ…Iam not working still Iam student…!!! ഒരുകാലത്ത് ഞാനൊരു ജോലിയൊക്കെ വാങ്ങിക്കട്ടേ…അപ്പോ ഞാൻ തന്നെ വേണ്ടേ അവൾക്ക് ചിലവിന് കൊടുക്കാൻ….!!!

ജിഷ്ണു ചേട്ടൻ അതും പറഞ്ഞൊന്ന് ചിരിച്ചു…

ഹോ.. അങ്ങനെ നടക്കട്ടെ….നടക്കട്ടേ….!!!

നിനക്കിങ്ങനെ ചിരിയ്ക്കാം മോനേ…നീ ഫ്രീയല്ലേ…!!എന്നാ നേരാം വണ്ണം പറ്റിയ ഏതെങ്കിലും പെങ്കൊച്ചിനെ നോക്കിക്കൂടെ.. വെറുതെ ആ ഋതൂനെ പേരുദോഷം കേൾപ്പിക്കാൻ…!!ഇപ്പോ തന്നെ എത്ര first years വന്നു…അതില് ഏതെങ്കിലും ഒന്ന്…ആ B Com ലെ ഒരു പെങ്കൊച്ചുണ്ടല്ലോ….എന്താ അതിന്റെ പേര്…………… …………. ആആആ…അക്ഷര…അതും നീയും തമ്മില് perfect മാച്ചാ…നീ പറയുന്ന ക്ലാരേടെ അതേ രൂപമല്ലേ….!!!അതിനാണേ നിന്നെ ചെറിയ നോട്ടമുണ്ട് താനും..

എന്റെ തിരുനെറ്റിയിൽ തറഞ്ഞ നല്ല ഒന്നാന്തരമൊരു ആണിയായിരുന്നു അത്…ഋതൂന്റെ കാര്യത്തിൽ ഏതാണ്ട് ഒന്നാശ്വസിച്ച് വന്നപ്പോഴാ ഒരു അച്ചര….. മ്മ്ഹ്ഹ്…😏😏 പിന്നെ പറഞ്ഞത് ചെഗുവേരയല്ലല്ലോന്ന ആശ്വാസത്തിൽ ഞാൻ വീണ്ടും ക്ലാസിലേക്ക് ലുക്ക് വിട്ടു….

പറയെടാ ഘോഷണ്ണാ…!!!നോക്കുന്നോ…!!!

അത് കേട്ടതും സഖാവ് എന്നെ ഞെട്ടിച്ചോണ്ട് ഒരു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്തു…അതും കൂടി ആയതും എന്റെ ഹൃദയം പടപടാന്ന് മിടിയ്ക്കാൻ തുടങ്ങി…ആ പരിഭ്രമത്തോടെ തന്നെ ആ വായിൽ നിന്നും വരുന്ന ഡയലോഗിന് കാതോർത്തു…

ആ കൊച്ച് ശരിയാവില്ലെടാ….അക്ഷരയ്ക്ക് മുട്ടോളം മുടിയില്ല…മുടീന്ന് പറഞ്ഞാ നമ്മടെ ക്ലാരേടെ മുടീടത്രേം വേണം….!!!

ഹോ…നീയും നിന്റെ ഒരു ക്ലാരയും… ഇതിനെല്ലാം നിന്നെ പറഞ്ഞാപ്പോര…ആ ജയറാമുണ്ടല്ലോ അങ്ങേരെ പറയണം….😠😠 ജിഷ്ണു ചേട്ടൻ അതും പറഞ്ഞ് മുണ്ടിന്റെ കരപിടിച്ച് പുറത്തേക്ക് നടന്നു…..ഞാനത് കണ്ട് സംഗീതേം കൂട്ടി ജനൽപ്പാളി മറഞ്ഞ് നിന്നു….

ഇതേതാ ഈ ക്ലാര….ഇനി നാട്ടിലെങ്ങാനും ഉള്ള കാമുകി ആയിരിക്ക്വോ….അതോ ഇനി ഗിരിയേട്ടനെ തേച്ചിട്ട് പോയ ജൂലിച്ചേച്ചിയെപ്പോലെയാക്വോ…..(ആത്മ) തരംകിട്ടുമ്പോഴൊക്കെ വെറുതെ ഓംശാന്തി ഓശാന മാത്രം കണ്ടു നടന്നതിന് പകരം എപ്പോഴെങ്കിലും മനസ്സിനക്കരെ ഒന്ന് കാണേണ്ടതായിരുന്നു എന്ന് എന്നെ ഓർമ്മപ്പെടുത്തിയ സന്ദർഭമായിരുന്നു അത്…..

ജിഷ്ണു ചേട്ടൻ പറഞ്ഞ അവസാന ഡയലോഗ് വീണ്ടും വീണ്ടും rewind അടിച്ചപ്പോഴാ കാര്യം യഥാർത്ഥത്തിൽ പിടികിട്ടിയത്…അതും തെളിച്ചു പറഞ്ഞാൽ സംഗീതേടെ കൂടി തല കുന്തിരിക്കമിട്ട് പുകച്ചതിന്റെ ഫലം….!!!!

ആ ഒരാശ്വാസത്തിൽ ഞാനവളേം കൂട്ടി ക്ലാസിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങടെ ക്ലാസിലെ ദേവി ആ വഴി വന്നു…..സംഗീതയെ ദീപൻ സാറ് അന്വേഷിക്കുന്നൂന്ന് പറഞ്ഞായിരുന്നു അവൾടെ വരവ്….ആദ്യമൊന്ന് പേടിച്ചെങ്കിലും വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് അവള് രണ്ടും കല്പിച്ച് ദേവീടെ കൂടെ ക്ലാസിലേക്ക് പോയി… അവിടെം എന്നെ പാടെ ഡിപ്പാർട്ട്മെന്റ് എഴുതി തള്ളിയ മട്ടിലായി എന്നു പറയാം…

ദീപൻ സാറ് അവളെ മാത്രമല്ലേ അന്വേഷിച്ചുള്ളൂന്ന ആശ്വാസത്തില് ഞാൻ ക്ലാസിലേക്ക് കയറി…..ക്ലാസിൽ സഖാവ് മാത്രേ ഉണ്ടായിരുന്നുള്ളൂ..ആള് കാര്യമായി എന്തോ എഴുതി തകർക്കുന്ന തിരക്കിലായിരുന്നു…ഞാൻ സഖാവിനെ ഒന്ന് നോക്കിയ ശേഷം അവിടെ കണ്ട ബെഞ്ചിലേക്ക് ചെന്നിരുന്നു…ആള് എന്നെ mind ചെയ്യാതെ എഴുത്ത് തുടരുകയായിരുന്നു… പിന്നെ പതിയെ അത് നിർത്തി ഡയറി അടച്ച് വെച്ചു…

കഴിഞ്ഞോ കലാസ്കോഡ്…???

സഖാവിന്റെ ആ ചോദ്യം കേട്ട് ഞാനാ മുഖത്തേക്ക് നോക്കി…

ഇല്ല..കഴിഞ്ഞിട്ടില്ല…സിഞ്ചൂനെ ഏൽപ്പിച്ചു..കുറേ ക്ലാസിൽ കയറി പാടി…ഇപ്പോ ചെറിയൊരു throat pain അതാ ഞാൻ….

അത് സാരല്ല…വയ്യെങ്കിൽ പാടണ്ട…റെസ്റ്റെടുത്തിട്ട് മതി…ആരും അതിന്റെ പേരിൽ നിർബന്ധിക്കാൻ വരില്ല.. പിന്നെ നോമിനേഷൻ കൊടുത്തപ്പോ ഒരധിക സ്വാതന്ത്ര്യം ഞാനെടുത്തൂന്നുള്ളത് നേരാ..ചില ഉദ്ദേശങ്ങൾ മനസിലുണ്ട്… അതുകൊണ്ടാ അങ്ങനെ ചെയ്തേ…!!! നിന്റെ വീട്ടില് അത് വലിയ issue ആവില്ലാന്ന് അങ്കിളിന്റെ അന്നത്തെ ഇടപെടീല് കണ്ടപ്പോഴേ തോന്നി…. പിന്നെ ക്യാമ്പസിന് പരിചിതമല്ലാത്ത ഒരു പുതുമുഖം വേണം…. അതൊക്കെ ഒന്ന് കൂട്ടി വായിച്ചു നോക്കിയപ്പോ അങ്ങനെ ചെയ്യാനാ തോന്നിയത്…

ചെഗുവേര വളരെ സീരിയസായി അങ്ങനെയൊക്കെ പറഞ്ഞതും എനിക്ക് സഖാവ് ചെയ്തതിൽ ഒരു തെറ്റുള്ളതായി തോന്നീല്ല…കാരണം അപ്പോ ഞാനും ആ ക്യാമ്പസിനേയും അവിടുത്തെ രാഷ്ട്രീയത്തേയും നെഞ്ചിലേറ്റാൻ തുടങ്ങിയിരുന്നു….!!!!

അത് സാരല്ല… എനിക്ക് വിരോധമൊന്നുമില്ല…ദേവേട്ടൻ അന്ന് പറഞ്ഞത് ശരിയാ…ഒരു ക്ലാസ് റൂമിനുള്ളിലിരുന്ന് പഠിക്കാൻ മാത്രം തീരുമാനിച്ച് ഈ ക്യാമ്പസിലേക്ക് ഇറങ്ങി പുറപ്പെട്ടാൽ അതിന്റെ ഫലമായി ഒരു യൂണിവേഴ്സിറ്റി സെർട്ടിഫിക്കേറ്റ് മാത്രമേ എനിക്ക് ഇവിടെ നിന്നും സ്വന്തമാക്കാൻ കഴിയൂ… പക്ഷേ ഈ ക്യാമ്പസിനെ അടുത്തറിയാൻ ശ്രമിച്ചാൽ വിലമതിക്കാനാവാത്ത കുറേ നല്ല നിമിഷങ്ങളും എക്കാലവും ഓർത്തിരിക്കാനുള്ള കുറേ നല്ല ഓർമ്മകളും എന്റെ മനസിലുണ്ടാവും… അതെനിക്ക് ഇപ്പോ ശരിയ്ക്കും ലഭിക്കുന്നുണ്ട്….!!!

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു പറഞ്ഞു…അത് കേട്ടു നിന്ന സഖാവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വിളങ്ങുന്നുണ്ടായിരുന്നു…അതിനർത്ഥം സഖാവിനെ ഞാൻ ദേവേട്ടൻ എന്ന് വിളിച്ചത് സഖാവും മനസ് കൊണ്ട് ഉൾക്കൊണ്ടൂന്ന് തന്നെ….!!!!

നീലാംബരി എൻ.എൻ.കക്കാടിന്റെ സഫലമീ യാത്ര വായിച്ചിട്ടുണ്ടോ…???

ഞാനതു കേട്ട് കണ്ണ് മിഴിച്ചു സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി….

ഉവ്വ്…പണ്ട് എപ്പോഴോ വായിച്ചിട്ടുണ്ട്… വരികൾ മുഴുവനായും ഓർമ്മ കിട്ടുന്നില്ല… പക്ഷേ ഞാൻ വായിച്ചിട്ടുണ്ട്….!!!

മുഴുവനായും വേണ്ട…ഓർമ്മ കിട്ടുന്ന വരികൾ എനിക്ക് വേണ്ടി ഒന്ന് പാടാൻ കഴിയ്വോ ഇപ്പോ…???

സഖാവിന്റെ മുഖത്തെ ആ ഭാവങ്ങൾ എനിക്ക് തീരെ പരിചിതമല്ലായിരുന്നു…ഞാനാ മുഖത്തേക്ക് നോക്കി തന്നെ യാന്ത്രികമായി തലയാട്ടി…അപ്പോഴും ബോധമനസ് മുമ്പെപ്പൊഴോ വായിച്ചു തീർത്ത ആ വരികളേ ഓർമ്മിച്ചെടുക്കുന്ന തിരക്കിലായിരുന്നു….. പിന്നെ ആ മുഖത്തേക്ക് നോക്കി ഓരോ വരികളായി ഞാൻ പാടി തുടങ്ങി….

🎶ആർദ്രമീ ധനുമാസരാവുകളിലൊന്നിൽ ആതിര വരുംപോകുമല്ലേ സഖീ? ഞാനീ ജനലഴിപിടിച്ചൊട്ടു നിൽക്കട്ടെ നീയെന്നണിയത്തു തന്നെ നിൽക്കൂ ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്. വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! ആതിരവരുംനേരമൊരുമിച്ചുകൈകള്‍- കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി! വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം…?

ഓരോ വരിയും വളരെ ആസ്വദിച്ച് കേട്ടിരിക്ക്യായിരുന്നു ആള്…അവസാന വരികളോട് അടുത്തതും എന്റെയുള്ളിൽ തെളിഞ്ഞു നിന്നിരുന്ന ആ കവിത മറവിയുടെ മാറാല കെട്ടുകളിൽ പിണഞ്ഞു ചേർന്നിരുന്നു…ചെറിയ ഒരിടർച്ചയോടെ എന്റെ വരികൾ ഓരോന്നായി മുറിഞ്ഞു തുടങ്ങി… ആ കവിതയെ പാടി മുഴുവിക്കാനുള്ള വരികൾക്കായി ഞാൻ പരതുകയായിരുന്നു….സഖാവതു കേട്ട് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് ജനൽപ്പടിയിൽ കൈ ചേർത്തു….

🎶കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം… വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ….. പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യമൂന്നു വടികളായ് നില്‍ക്കാം… ഹാ സഫലമീ യാത്ര… ഹാ സഫലമീ യാത്ര……

സഖാവിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിന്റെ മറനീക്കി ആ കവിതയുടെ ലയ ഭംഗിയെ പൂർണമാക്കും വിധമുള്ള സ്വരം ഉയർന്നു കേട്ടതും ഞാനൊരത്ഭുതത്തോടെ ആ വരികൾക്ക് കാതോർത്തു….. വരികൾ പാടി മുഴുവിച്ച് സഖാവ് എനിക്ക് നേരെ തിരിയുമ്പോഴും ഞാനാ അമ്പരപ്പിൽ തന്നെയായിരുന്നു….

വായിച്ച പുസ്തകങ്ങളിലെ ഓരോ വരിയേയും നെഞ്ചോട് ചേർത്ത് വായിക്കണം…ഒരു പുതിയ പുസ്തകത്തിന്റെ ഗന്ധം നുകരുമ്പോൾ കിട്ടുന്ന അനുഭൂതി പോലെ മനസിൽ അവയിലെ ഓരോ വരികളും അനുഭൂതി പകരണം…. അതിന് വെറുതെ വായിച്ചു വിട്ടാൽ പോര….ആ പുസ്തകത്തിനെ അടുത്തറിയണം… പിന്നെ മറക്കില്ല… ഒരിക്കലും…!!!!

ഞാനതു കേട്ട് ജാള്യതയോടെ ഒന്ന് തലതാഴ്ത്തി…

ഒരുപാട് വർഷങ്ങളായി ഈ കവിത വായിച്ചിട്ട്…അതാ മറന്നു തുടങ്ങിയത്…!!!

ഏകദേശം എത്ര വർഷായിട്ടുണ്ടാവും…. ഇപ്പോ തന്നെ ഡിഗ്രി എത്തീട്ടല്ലേയുള്ളൂ…അപ്പോ വർഷങ്ങളുടെ കണക്കില് രണ്ടക്കം തികയ്ക്കാൻ വഴിയില്ലല്ലോ….എന്തായാലും പാടിയ അത്രയും ഭാഗം മോശമാക്കിയില്ല…..!!!

അത്രയും പറഞ്ഞ് സഖാവ് ക്ലാസ് വിട്ടു പുറത്തേക്ക് നടന്നു….

മോശമാക്കിയില്ല പോലും….നന്നായി പാടീന്നങ്ങ് തെളിച്ചു പറഞ്ഞൂടെ ഇയാൾക്ക്…പറഞ്ഞാലെന്താ മുത്ത് പൊഴിയ്വോ…???😏😏😏😏

കുറച്ചു നേരം കൂടി സംഗീതേ wait ചെയ്ത് ആ ക്ലാസിൽ തന്നെയിരുന്നു…. ദീപൻ സാറിന്റെ കൈയ്യീന്ന് കണക്കിന് വാരിക്കൂട്ടി അവള് ക്ലാസിലേക്ക് ഓടിപ്പിടിച്ച് വന്നതും പിന്നീട് അധികം സമയം കളയാതെ അവളേം കൂട്ടി നേരെ കലാസ്കോഡില് ജോയിന്റ് ചെയ്തു…. പിന്നെയുള്ള രണ്ട് ക്ലാസിലും സഖാവിന് പ്രീയപ്പെട്ട സഫലമീ യാത്ര തന്നെയായിരുന്നു…

ഏതോ ഒരു ക്ലാസിൽ അത് പാടുമ്പോ തൊട്ടടുത്ത ക്ലാസിൽ നിന്നും സഖാവിന്റെ തീപ്പൊരി പ്രസംഗം ഈയർന്നു കേൾക്കുന്നുണ്ടായിരുന്നു…അതിനെ ശ്രവിയ്ക്കുമ്പോഴും അവസാന വരികളെ ഞാൻ ഓർത്തെടുത്തു എന്ന് ബോധിപ്പിയ്ക്കും വിധം ഒരു താക്കീതായി എന്റെ കവിതയുടെ അവസാന വരികൾ ക്ലാസിൽ മുഴങ്ങി കേട്ടു….ആ കവിത പാടി അവസാനിക്കുമ്പോ അത് വരെയും ഉയർന്നു കേട്ട സഖാവിന്റെ ഘനഗംഭീരമായ ശബ്ദത്തിന്റെ ഉച്ചത നേരിയ തോതിൽ കുറഞ്ഞിരുന്നു….!!!

ആ ക്ലാസിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോ ആ ക്യാമ്പസ് ശരിയ്ക്കും എന്നെ അറിഞ്ഞു തുടങ്ങ്വായിരുന്നു…എന്റെ സ്വരത്തെ ആ ക്യാമ്പസിന്റെ ഓരോ കോണും പരിചതമാക്കും വിധം ശ്രവിച്ചെടുക്ക്വായിരുന്നു…. അങ്ങനെ കലാസ്കോഡും പ്രവർത്തനങ്ങളുമായി രണ്ട് ദിവസം കൊണ്ട് ഞാനാ ക്യാമ്പസിൽ ആകെത്തുകയൊന്ന് ഫേമസായി…

ആ ക്യാമ്പസിന്റെ ആസ്ഥാന ഗായികയായി ഞാനും ഗായകനായി സിഞ്ചുവും പേരെടുത്തു…രണ്ട് ദിവസത്തെ performance എല്ലാവർക്കും ഇഷ്ടമായ സ്ഥിതിയ്ക്ക് പിന്നെയുള്ളതെല്ലാം അതിലും മികച്ചതാക്കണംന്ന വാശിയായിരുന്നു ഉള്ളിൽ….

അതിന്റെ ഭാഗമായി പാട്ടുകളെല്ലാം ഒന്ന് മാറ്റിപ്പിടിയ്ക്കാൻ തന്നെ തീരുമാനിച്ചു… നോട്ടിഫിക്കേഷൻ പിന്വലിച്ചു കഴിഞ്ഞാൽ പിന്നെയെല്ലാം നാടൻപാട്ടുകൾ മതീന്നായിരുന്നു നിർദേശം….. അതിന് വേണ്ടി സിഞ്ചു പൂമരം പൂത്തുലഞ്ഞേ എന്ന song select ചെയ്തു….വേറെ വഴിയില്ലാതെ +2 കലോത്സവം മെയിൻ ഐറ്റം വഞ്ചിപ്പാട്ടായിരുന്നു ഞാൻ select ചെയ്തത്…നമ്മുടെ ഹീറോയെ ഒന്ന് പാടി കേൾപ്പിയ്ക്കാംന്ന് കരുതിയതും ആളത് ജിഷ്ണു ചേട്ടനെ ഏൽപ്പിച്ച് ക്യാമ്പെയ്നിലേക്ക് തിരിഞ്ഞു….

പക്ഷേ ജിഷ്ണു ചേട്ടൻ സംഭവം കേട്ട് ഡബിൾ ഓക്കേന്ന് പറഞ്ഞ് സിഗ്നൽ തന്നതും ഞാൻ ഐശ്വര്യമായി എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ അതങ്ങ് അവതരിപ്പിക്കാൻ തീരുമാനിച്ചു…

വിജുകുമാർ സാറായിരുന്നു ക്ലാസിൽ…സാറ് മാത്രമേയുള്ളൂ ഡിപ്പാർട്ട്മെന്റിൽ എനിക്ക് സപ്പോർട്ട്…. ഗിരിജാ കുമാരി വൻ കലിപ്പിൽ തന്നെ….!!!! പിന്നെ സകല ദൈവങ്ങളേയും മനസിൽ കരുതി സഖാവിന്റെ ക്ലാസിൽ തന്നെ ഞാനെന്റെ വഞ്ചിപ്പാട്ട് പാടി തുടങ്ങി….with കോറസ്….

തിരുവാറന്മുള നാഥൻ….. തിത്തൈ..തക തെയ് തെയ് തോം….(കോറസ്) തിരീവാറന്മുള നാഥൻ… തിത്തിത്താര തെയ്തെയ്….(കോറസ്) തിരുവാറന്മുള നാഥൻ തിരുവായ് കൊണ്ടരുളേണം… ഓ….തെയ്തെയ് തക തെയ് തെയ് തക തോം തക തെയ്യ തിത്തോം തിത്തോം തികൃതോം… പറഞ്ഞതങ്ങനെ തന്നെ… തിത്തൈ തക തെയ് തെയ് തോം… പറഞ്ഞതങ്ങനെ തന്നെ പാതിരാവയല്ലോ പത്നി…(2) ഏ..തെയ് തെയ് തക തെയ് തെയ് തക തോം തക തെയ്യ തിത്തോം തിത്തോം തികൃതോം….!!! കുറഞ്ഞൊന്നുറങ്ങട്ടേ ഞാൻ ഉലകിലേഴും….

ഞാനത്രേം പാടി കഴിഞ്ഞപ്പോഴേക്കും ക്ലാസുണർന്നിരുന്നു…അടുത്തുള്ള ക്ലാസുകളിൽ ക്യാമ്പെയ്ൻ എടുത്ത് നിന്നവരും മറ്റ് പാർട്ടിക്കാരുമടക്കം എല്ലാവരും എന്റെ പാട്ട് കേട്ട് ക്ലാസിന് ചുറ്റും തടിച്ചു കൂടി….കൂട്ടത്തിൽ വിജുകുമാർ സാറ് വഞ്ചിപ്പാട്ട് കണക്കിന് നിന്നാസ്വദിയ്ക്ക്വായിരുന്നു…..!!!!

എല്ലാവരും എന്റെ പാട്ടിന് കാതോർത്തതും എന്നിലെ ആവേശം ഇരട്ടിയായി…. എന്റെ ശബ്ദം വീണ്ടും ഉയർന്നു തുടങ്ങി..പാട്ടിന്റെ താളത്തിൽ കുട്ടികളെല്ലാവരും ഡസ്കിൽ താളമടിയ്ക്കാൻ കൂടി തുടങ്ങിയതും കലാസ്കോഡ് കുറഞ്ഞ സമയം കൊണ്ട് അവിടെ ഹിറ്റായി….

അന്നത്തെ ദിവസം പല വഴികളിൽ നിന്നും അഭിനന്ദന പ്രവാഹങ്ങൾ വന്നു മൂടുകയായിരുന്നു… അങ്ങനെ മൂന്ന് ദിവസത്തെ കലാസ്കോഡ് കൊണ്ട് ഞാനാ കോളേജിലങ്ങ് ഫേമസായീന്ന് വേണേ പറയാം..അതായി അവസ്ഥ… എല്ലാം കൊണ്ടും സന്തോഷത്തോടെ ഇരുന്നപ്പോഴാ ആ ദിവസം വന്നെത്തിയത്…വേറെയൊന്നുമല്ല..നോമിനേഷൻ പിൻവലിക്കേണ്ട ദിവസം….

നേരത്തെ തന്നെ കോളേജിൽ എത്തണംന്ന സഖാവിന്റെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പതിവിലും ഒരുപാട് താമസിച്ചായിരുന്നു ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്… അതുകൊണ്ട് സരയൂവും ഞങ്ങളെ കൈയ്യൊഴിഞ്ഞു… പിന്നെ കിട്ടിയ ബസ് പിടിച്ച് കോളേജിന് മുന്നിൽ ഇറങ്ങി അകത്തേക്ക് നടന്നു….

കയറി ചെല്ലുന്ന കവാടം മുതലേ students ഉം ബഹളവും ആൾക്കൂട്ടങ്ങളും ആയിരുന്നു…. സഖാവും കൂട്ടരും വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കണ്ടാ ഓഫീസിനടുത്തേക്ക് നടന്നത്….. എന്നെ കണ്ട പാടെ സഖാവ് എനിക്കടുത്തേക്ക് ഓടിയടുത്തു… തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *