പ്രിയസഖീ ( അവസാന ഭാഗം )

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

“ദേവേട്ടാ….എവിടാ,,,എന്നെ തനിച്ചാക്കി പോകില്ലെന്ന് പറഞ്ഞിട്ട് ഒറ്റയ്ക്കാക്കിയില്ലേ…?? ഇനി എനിക്കാരാ…?? എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു നിങ്ങളുടെ ഓർമകൾ,,, ദേവേട്ടാ…”

സ്വയം പറഞ്ഞു കൊണ്ട് ഇരുമ്പഴിക്കുള്ളിൽ തലയടിച്ചു കരയുന്ന തീർത്ഥ…മുഖമാകെ ചോരയാൽ രക്തവർണ്ണം രൂപപ്പെട്ടിരുന്നു…അരുമയോടെ അവളുടെ കവിളിലേക്ക് കൈ ചേർക്കാൻ വന്നതും ആർത്തട്ടഹസിച്ചു കൊണ്ടവൾ പിന്നിലേക്ക് മറഞ്ഞു…

തീർത്ഥ……………

തൊണ്ടയിൽ ശ്വാസം കുടുങ്ങി ദേവൻ അലർച്ചയോടെ ഒന്നുയർന്നെഴുന്നേറ്റു… ഹൃദയമിടിപ്പ് സ്വതവേയിൽ നിന്നും ഉയർന്നിരുന്നു…ഒരു മാസം കോമ സ്റ്റേജിൽ കിടന്നതിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പായിരുന്നു ദേവന്റെ…അവന്റെ അലർച്ച കേട്ട് ഡോക്ടറും നഴ്സും ഓടിയെത്തിയിരുന്നു…മരുന്നുകളോട് പ്രതികരിക്കാതെയിരുന്ന അവന്റെ ശരീരം പ്രവൃത്തിച്ച് തുടങ്ങിയിരിക്കുന്നു….ഒരു മാസം കൊണ്ട് ശരീരത്തിലെ മുറിവുകൾ ഉണങ്ങിയിരുന്നെങ്കിലും ബോധം വന്നിരുന്നില്ല…ഒരുപാട് നാളത്തെ പ്രാർത്ഥനയ്ക്കും നേർച്ചകൾക്കും ഫലമായുള്ള ഉയിർത്തെഴുന്നേൽപ്പിൽ അവരെല്ലാവരും അളവറ്റ് സന്തോഷിച്ചിരുന്നെങ്കിലും ദേവന്റെ ഓരോ അണുവിലും നിറഞ്‌ നിന്നിരുന്നത് തീർത്ഥ മാത്രമായിരുന്നു…രണ്ടാഴ്ച്ചയ്ക്ക് ശേഷം പൂർണ്ണരോഗ്യവാനായി പുറത്തിറങ്ങിയ ദേവൻ അന്വേഷിച്ചത് തീർത്ഥയെയായിരുന്നു…ചുറ്റുമുള്ളവരിൽ അവളെ മാത്രം അവന് കാണാൻ സാധിച്ചിരുന്നില്ല…

“അച്ഛാ,,,തീർത്ഥ എവിടെ…?? എനിക്കറിയണം…ഞാൻ ഇങ്ങനെ ഒരവസ്ഥയിൽ കിടന്നപ്പോ എന്റെ പെണ്ണെവിടെയായിരുന്നു…?? പറയാൻ…”

ശ്രീധരന്റെ തോളിൽ കുലുക്കി ദേവൻ ചോദ്യമാവർത്തിച്ചതും ഒന്നും മിണ്ടാതെ അയാൾ അവന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു..ഒപ്പം ഭാരതിയും സുഭദ്രയും ദേവ്നിയും…ദേവന്റെ മനസ്സിലൂടെ ഒരായിരം ചോദ്യങ്ങൾ ഉഴലുന്നുണ്ടായിരുന്നു…എങ്കിലും അക്ഷമയോടെ കാത്തിരിക്കാൻ അവൻ തയാറായിരുന്നു,,,തീർത്ഥയ്ക്ക് വേണ്ടി മാത്രം…അമൃതഗിരി മെന്റൽ ഹോസ്പിറ്റലിന് മുന്നിൽ കാർ നിന്നതും ദേവൻ ഒരു പിടച്ചിലോടെ അവിടെയാകെ കണ്ണോടിച്ചു…ശ്രീധരനുൾപ്പടെ മുന്നിലേക്ക് നടന്ന് കയറിയെങ്കിലും ദേവൻ ഒരുനിമിഷം നിശ്ചലനായി നിന്നുപോയി…അവന്റെ ഉള്ളിലെ ഭാരം മനസിലാക്കിയെന്ന പോലെ ദേവ്നി ഒരാശ്വാസത്തിനായി അവന്റെ കയ്യിൽ മുറുകെ പിടിച്ചു…മുന്നോട്ട് നടക്കുന്ന ഓരോ നിമിഷവും ദേവന്റെ കൈകൾ ദേവ്നിയുടെ കരങ്ങളിൽ മുറുകുന്നുണ്ടായിരുന്നു…ഒരുരുമ്പഴിക്ക് മുന്നിലായ് ചലനം അവസാനിച്ചതും ദേവൻ ഒരുൾഭയത്തോടെ അവിടേക്ക് കണ്ണുകൾ പായിച്ചു…താക്കോലുപയോഗിച്ച് അത് പൂട്ടിയിരുന്നു…ഇരുമ്പ് കമ്പിയിൽ തളഛായിച്ചിരിക്കുന്ന പെൺകുട്ടിയിൽ അവന്റെ ശ്രദ്ധ തെന്നിമാറി…ഒരുനിമിഷം കൊണ്ട് അത് തീർത്ഥയാണെന്ന് മനസിലാക്കാൻ അവന് പാടുപെടേണ്ടി വന്നില്ല…കണ്ണുകൾ നിറഞ്ഞിരുന്നു…

“തീർത്ഥ….മോളെ….”

തികഞ്ഞ ഹൃദയഭാരത്തോടെ ഇടർച്ചയോടെയുള്ള ദേവന്റെ വിളി കേട്ട് ജീവൻ വന്ന പോലെ പിടയുന്ന മിഴികളോടെ അവൾ തലയുയർത്തി…ദേവൻ നോക്കിക്കാണുകയായിരുന്നു അവളെ…ആകെ ക്ഷീണിച്ചിട്ടുണ്ട്…മുഖത്തും കവിളിലും നെറ്റിയിലുമൊക്കെയായി ചോര പറ്റിപ്പിടിച്ചിരിക്കുന്നു…എണ്ണ തെയ്ക്കാത്ത മുടി പാറിപ്പറന്ന് കാഴ്ചയെ മറയ്ക്കും വിധം കണ്ണിന് മുകളിലേക്ക് വീണ് കിടപ്പുണ്ട്…അവനെ കണ്ട സന്തോഷത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞ് തൂവിയിരുന്നു…തന്റെ പ്രാണനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവൾ അലറി ചിരിച്ചു…വാശിയോടെ ഒഴുകിയ കണ്ണുനീർ തുടച്ചെറിഞ് പിടഞ്ഞെഴുന്നേറ്റു…ഹോസ്പിറ്റലിൽ അന്ന് കണ്ട സ്വപ്നം മിഴിവോടെ മുന്നിൽ തെളിഞ്ഞതും ദേവൻ വേദനയോടെ ഇരുമ്പഴിക്കുള്ളിലേക്ക് കൈകടത്തി അവളുടെ മുടിയിൽ തലോടി,ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച് കൊടുക്കാൻ കവിളിലേക്ക് കൈ ചേർത്തതും അവളൊന്ന് കൂടെ ചേർന്ന് നിന്നതു കണ്ട് ഒരു വിങ്ങലോടെ ദേവൻ തന്റെ ഇരുകരങ്ങളും അവളുടെ കവിളിൽ വെച്ചു…ഒരുപാട് നേരം പരസ്പരം നോക്കിനിന്നതിന് ശേഷം ഇരുവരും ഇരുമ്പഴിയുടെ വിടവിലൂടെ പരസ്പരം നെറ്റിമുട്ടിച് പൊട്ടിക്കരഞ്ഞു…

“നിക്ക് ഒന്നുല്ല ദേവേട്ടാ…ഒരു ഭ്രാന്തുവില്ല…എല്ലാം,,,എല്ലാം നിക്ക് മനസിലായി…അച്ച വിട്ട് പോയതുമായി ഞാൻ പൊരുത്തപ്പെട്ടു…ന്നേ കാണാനിപ്പോ വന്നില്ലായിരുന്നേൽ ഞാൻ ശരിക്കും ഒരു ഭ്രാന്തി ആയേനെ…”

കരച്ചിലിനിടയിലും വിങ്ങിപ്പൊട്ടിക്കൊണ്ടവൾ പറഞ്ഞു നിർത്തി…അവളുടെ ഓരോ വാക്കുകളും ചങ്കിലായി തറയ്ക്കുന്ന പോലെ തോന്നിയവന്…ദേവിക്ക് കൊടുത്ത വാക്ക് തനിക്ക് തെറ്റിക്കേണ്ടി വന്നതിലുള്ള കുറ്റബോധം അവനിൽ നിറഞ്ഞിരുന്നു…അവരുടെ സ്നേഹം കണ്ട് നിന്നവരിൽ പോലും നോവുണർത്തിയിരുന്നു…തന്റെ കവിളിൽ വെച്ചിരുന്ന കൈയെടുത്ത് തീർത്ഥ തന്റെ വയറിലായി വെച്ച് കൊണ്ട് അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി…അവന്റെ മുഖത്ത് അത്ഭുതവും വിഷാദവും കലർന്നൊരു ഭാവമായിരുന്നു…നമ്മടെ,,,നമ്മടെ വാവയുണ്ട് ദേവേട്ടാ…ഇന്നലെയാ ഞാൻ അറിഞ്ഞേ..കരച്ചിലിനിടയിലും പുഞ്ചിയോടെ പറയുന്ന തീർത്ഥയെ അവൻ വാത്സല്യത്തോടെ നോക്കി…ആ കണ്ണുകളിൽ നിന്ന് കുറ്റബോധം പടിയിറങ്ങി അടങ്ങാത്ത സന്തോഷം മാത്രമായിരുന്നുണ്ടായത്…കുനിഞ് നിന്ന് തീർത്ഥയുടെ വയറിൽ ചുണ്ട് ചേർക്കുമ്പോഴും ദേവന്റെ മനസ്സിൽ പുതിയൊരു ജീവിതത്തിന് വേണ്ടിയുള്ള പ്രതീക്ഷയുടെ നാമ്പ് മുളപൊട്ടിയിരുന്നു…ഒരാഴ്ചത്തെ കൌൺസലിങ്ങിനും ട്രീറ്റ്‌മെന്റിനും ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന തീർത്ഥയ്ക്ക് മുന്നിൽ ദേവൻ പുതിയൊരു ലോകം തന്നെ തുറന്നിടുകയാണ് ചെയ്തത്…

തീർത്ഥയുടെ ഇടത് കയ്യിൽ തന്റെ വലതു കരങ്ങൾ ചേർത്ത് അരളിപ്പൂ പൊഴിഞ്ഞു കിടക്കുന്ന പാതയിലൂടെ മുന്നോട്ട് നടക്കുമ്പോഴും ദേവൻ ചില കാര്യങ്ങൾ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു…അച്ഛന്റെ അസ്ഥിത്തറയ്ക്ക് മുന്നിൽ ചലനം നിലച്ചതും തീർത്ഥ നിറഞ്ഞ കണ്ണുകൾ തുടച്ച് പുഞ്ചിയോടെ കണ്ണടച്ച് പത്ത് നിമിഷം അവിടെയിരുന്നു…അച്ഛന്റെ തലോടലും അനുഗ്രഹവും പെയ്യുമാറ് അരളിപ്പൂക്കൾ അവരിലേക്ക് വാർഷിച് നിലത്തേക്ക് ചിതറി…അസ്ഥിത്തറയിൽ വിളക്ക് കൊളുത്തി എഴുന്നേറ്റ തീർത്ഥയ്ക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുവാരുന്നു ദേവൻ…

“തീർത്ഥ,,,ഓർക്കുന്നുണ്ടോ…?? നിനക്ക് ഞാൻ രണ്ട് സർപ്രൈസ് തരുമെന്ന് പറഞ്ഞത്…?? ”

ദേവൻ ആകാംഷയോടെ ചോദിച്ചതും അവള്ടെ മനസ്സിൽ അന്ന് നടന്ന കാര്യങ്ങൾ ഓടിയെത്തി…അതേ നിമിഷം അതിനെ മായിച് ചുണ്ടിലൊരു പുഞ്ചിരിയുമായി തലകുലുക്കി…

“എനിക്ക് നല്ലോർമ്മയുണ്ട് ദേവേട്ടാ…എന്തെ ഇപ്പൊ ചോദിച്ചേ..??”

അവളൊരു സംശയത്തോടെ പുരികം പൊക്കി ചോദിച്ചതും അവനൊരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…

“അതോ…അന്ന് തരാൻ കഴിയാതിരുന്ന ആ സർപ്രൈസ് ഇന്ന് ഞാൻ തരാൻ പോകുവാ…അത് തരാൻ ഇതിനേക്കാൾ യോഗ്യമായൊരു സ്ഥലം വേറെയില്ല…കണ്ണടയ്ക്ക്…”

തീർത്ഥ അവനെ നോക്കി ഒരു കുസൃതിയോടെ കണ്ണടച്ചു…കൈകളിൽ ഭദ്രമായെന്തോ അവൻ വെച്ച് കൊടുത്തതും തീർത്ഥ ആകാംഷയോടെ കണ്ണുകൾ ചിമ്മി തുറന്നു…കയ്യിലിരിക്കുന്ന രജിസ്റ്റർഡ് ലെറ്റർ കണ്ട് അവളൊരു സംശയത്തോടെ അവനെ നോക്കിയെങ്കിലും തുറന്ന് നോക്കാൻ കണ്ണുകൊണ്ട് ആഗ്യം കാണിക്കുകയാണവൻ ചെയ്തത്…അതിലെന്തെന്നറിയാനുള്ള ആകാംഷയോടെ കത്ത് പൊട്ടിച്ചു വായിച്ചതും തീർത്ഥയുടെ കണ്ണുകൾ വിടർന്നു…കവിളിനെ നനച്ച് കണ്ണുനീർ ഒഴുകി…എംപ്ലൈമെന്റിൽ ജോലി കിട്ടിയിരിക്കുന്നു…തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നതവൾ അറിഞ്ഞു…ഇരുള് പടർന്ന ലോകത്തിൽ നിന്ന് വർണങ്ങളുടെ ലോകത്തേക്ക് ദേവൻ തന്നെ കൈപിടിച്ച് നടത്തുകയാണെന്ന് തോന്നിയവൾക്ക്…കണ്ണുകളിൽ ദേവനൊടുള്ള പ്രണയവും നന്ദിയും തെളിഞ്ഞിരുന്നു…

“എന്റെ പെണ്ണെ…സർപ്രൈസ് നമ്പർ വൺ കണ്ടപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയെങ്കിൽ അടുത്തത് കാണുമ്പോ എന്തായിരിക്കും…?? ”

“അടുത്തതെന്താ…??അതൂടി കാണിക്ക് ദേവേട്ടാ…”

അവളൊന്ന് ചിണുങ്ങിക്കൊണ്ട് പറഞ്ഞതും ഒരു കുസൃതിചിരിയോടെ അവളെ അടിമുടി നോക്കി ദേവൻ തീർത്ഥയെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു…

“കാണിക്കാം…അതിന് വേണ്ടി ഞാനൊത്തിരി കഷ്ടപ്പെട്ടതാ…അതോണ്ട് വെറുതെ അങ്ങ് തരാനൊന്നും പറ്റൂല്ല…”

ദേവൻ മുകളിലേക്ക് കണ്ണ് പായിച് പറഞ്ഞതും തീർത്ഥ എന്താണെന്ന് മനസിലാവാതെ അവനെ നോക്കി…
അവളുടെ നോട്ടം കണ്ട് ദേവനും ഇമചിമ്മാതെ കണ്മഷി വരഞ്ഞ ആ കണ്ണുകളിലേക്ക് നോക്കി…കാന്തം പോലുള്ള അവന്റെ കണ്ണുകളിലേക്ക് നോക്കി മറ്റൊരു ലോകത്തായിരുന്നു തീർത്ഥ…അവളുടെ മുഖത്താകമാനം ഓടി നടന്ന ദേവന്റെ കണ്ണുകൾ പുഞ്ചിരിക്കുന്ന അധരങ്ങളിൽ തട്ടിനിന്നു…അവളുടെ അധരങ്ങളിലേക്ക് ദേവന്റെ അധരങ്ങൾ ഇണചേർന്നതും കൂമ്പിയടഞ്ഞ കണ്ണുകളോടെ തീർത്ഥ അവനോട് കൂടുതൽ ചേർന്ന് നിന്നു…ദീർഘചുംബനത്തിനു ശേഷം അടർന്നു മാറിയ തീർത്ഥയിൽ തെല്ലൊരു ജാള്യത തളം കെട്ടിയിരുന്നു…അതിനെ പാടെ അവഗണിച്ചു കൊണ്ട് ദേവൻ തീർത്ഥയുടെ കയ്യിലേക്ക് ഒരു പുസ്തകം വെച്ച് കൊടുത്തു…തീർത്ഥ ഒരു കൗതുകത്തോടെ അതിലേക്ക് മിഴികൾ പായിച്ചു…പിന്നിലേക്ക് നടന്ന് നീങ്ങുന്ന ഒരു പെൺകുട്ടിയുടെ മുഖചിത്രം…പുറമേ അഴികൾ എന്ന് എഴുതിയിരിക്കുന്നു…കവിയത്രിയുടെ പേരിലേക്ക് മിഴികൾ പാഞ്ഞതും തീർത്ഥ വിശ്വാസം വരാതെ ഞെട്ടലോടെ മിഴികളുയർത്തി അവനെ നോക്കി…കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന ആ മനുഷ്യനെ മതിമറന്നൊന്ന് നോക്കി പോയി…വീണ്ടും വീണ്ടും കണ്ണുകൾ ആ പേരിലേക്ക് സഞ്ചരിച്ചു…തീർത്ഥ ജഗന്നാഥ്‌ *…വെറുതെ പേജുകൾ മറിച്ചു നോക്കി….താൻ കുത്തിക്കുറിച്ച വരികൾ പുസ്തകത്തിന്റെ രൂപത്തിൽ…വിശ്വസിക്കാനായിരുന്നില്ല..കല്യാണം കഴിഞ്ഞിട്ടും ദേവൻ പുസ്തകത്തിൽ തന്റെ പേരിനൊപ്പം ചേർത്തത് അച്ഛന്റെ പേരാണെന്നത് അവളിൽ അത്ഭുതം നിറച്ചിരുന്നു…ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അവളവനിലേക്ക് ചേർന്നപ്പോഴും മനസ് പറയുന്നുണ്ടായിരുന്നു *നിന്റെ പുണ്യമാണ് ദേവനെന്ന്…

ദേവന്റെ കൈപിടിച്ച് മാണിക്യശേരിയിലേക്ക് കയറുമ്പോ തീർത്ഥ പൂർണമായും സന്തോഷവതിയായിരുന്നു…ഹാളിലായ് മാലയിട്ട് വെച്ചിരുന്ന ഫോട്ടോയിൽ അപ്പോഴാണ് തീർത്ഥയുടെ കണ്ണുകൾ ഉടക്കിയത്…ഒരുനിമിഷം ഞെട്ടലോടെ അവൾ ദേവന്റെ മുഖത്തേക്ക് നോക്കി…അപ്പോഴും ദേവന്റെ മുഖം ശാന്തമായിരുന്നു…പ്രത്യേകതരം മാറ്റങ്ങളൊന്നും അവനിലുണ്ടായിരുന്നില്ല…

“ദേവേട്ടാ…ഇതെപ്പോ…??അമ്മായി…??”

“അതേല്ലോ…അമ്മായി,,,അവര് മരിച്ചു…അത് ഞാനും അറിഞ്ഞിരുന്നില്ല…ഞാൻ കോമയിൽ കിടന്നപ്പോഴായിരുന്നു…ആക്‌സിഡന്റ് ആയിരുന്നെന്നാ അച്ഛൻ പറഞ്ഞത്…അവര് ചെയ്ത പാപങ്ങൾക്ക് ദൈവമായി തന്നെ കൊടുത്ത വിധിയാ…കണക്ക് ചോദിക്കാനും പ്രതികാരം ചെയ്യാനും ഇത് സീരിയലോ സിനിമയോ അല്ലല്ലോ, ജീവിതമല്ലേ…?? ദൈവം കൊടുത്ത ജീവനെടുക്കാൻ മനുഷ്യന് അധികാരമില്ല മോളെ…പിന്നെ ശ്രീലതാമ്മായി മരിച്ചതിൽ എനിക്കൊരൽപ്പം പോലും ദുഖമില്ല…”

ദേവൻ പറഞ്ഞ് നിർത്തിയതും തീർത്ഥ അത്ഭുതത്തോടെ അവനെ നോക്കി…ഒപ്പം മനസ്സിൽ മറ്റൊരു ചോദ്യവും…

“അപ്പൊ…അപ്പൊ ശ്രാവൺ…?? ”

“അവനും കിട്ടേണ്ടത് കിട്ടി…ഇപ്പൊ ജയിലിലാ…കഞ്ചാവ് ആണ് കേസ്…അത് കുറഞ്ഞു പോയെന്നെ എനിക്ക് തോന്നുന്നൊള്ളു…ഇനി നമ്മുടെ ജീവിതമാണ് തീർത്തെ…നമുക്കായി നഷ്ടപ്പെട്ട നാളുകൾ ഇനി തിരിച്ചു പിടിക്കണം…എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന,എന്റെ പ്രണയത്തെ സ്വീകരിച്ച നിന്നെ ദേവനൊരിക്കലും വേദനിപ്പിക്കില്ല…”

ദിവസങ്ങൾ കടന്ന് പോയിരുന്നു…ഗർഭിണി ആയിരുന്നെങ്കിൽ പോലും അവളെ വീട്ടിൽ പിടിച്ചിരുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല…രാവിലെ കോളേജിൽ പോകുന്ന വഴി തീർത്ഥയെ സിവിൽ സ്റ്റേഷനിൽ ഇറക്കും…വൈകുന്നേരം കൂട്ടിക്കൊണ്ട് വരുന്നതും അവൻ തന്നെയാണ്…അതിനിടയിൽ അവൾക്കിഷ്ടപ്പെട്ടതൊക്കെയും വാങ്ങി നൽകാൻ അവൻ മറന്നിരുന്നില്ല…രാത്രിയിൽ അവള്ടെ അടുത്ത് കൂടുതൽ സമയം ചെലവഴിക്കാനും, തിരുമ്മി കൊടുക്കാനും, കുഞ്ഞിനോട് വിശേഷങ്ങൾ പറയാനുമൊക്കെ ദേവൻ ഉത്സാഹം കാണിച്ചിരുന്നു…എല്ലാം കൊണ്ടും അവനൊരു അച്ഛനാകാൻ തയാറെടുത്തിരിക്കുന്നുവെന്നത് അവളിലെ സന്തോഷം ഇരട്ടിപ്പിച്ചിരുന്നു…തീർത്ഥയുടെ മടിയിൽ കിടന്ന് കുഞ്ഞിനോട് കളിചിരികളോടെ വിശേഷങ്ങൾ പറയുവാരുന്നു ദേവൻ…തീർത്ഥ അവന്റെ തലയിൽ തലോടി എല്ലാം കേട്ടിരുന്നു…

“ദേവേട്ടാ…ഞാനൊരു കാര്യം ചോദിക്കട്ടെ,,,?? എന്റെ മനസ് തളർന്നിരുന്ന സമയം എന്തുകൊണ്ടാ നിങ്ങളെന്നെ കല്യാണം കഴിച്ചേ…??മരണത്തിൽ നിന്ന് മടങ്ങി വന്നത് എനിക്ക് വേണ്ടിയായിരുന്നില്ലേ…?? ”

അവളുടെ ചോദ്യത്തിന് ഒന്നാലോചിച്ച ശേഷം അവനൊന്നു പുഞ്ചിരിച്ചു…

“പെണ്ണേ…ഞാനൊരു കഥ പറയാം…ഒരിക്കൽ രാധ കണ്ണനോട് ചോദിച്ചു…ഇത്രമേൽ ഞാൻ അങ്ങയെ പ്രണയിച്ചിട്ടും,പതിനായിരത്തെട്ട് പേരെ അങ്ങ് വിവാഹം കഴിച്ചിട്ടും,എന്തെ കണ്ണാ നീ എന്നെ വിവാഹം കഴിച്ചില്ലാന്ന്…?? അപ്പൊ കണ്ണൻ പുഞ്ചിരി തൂകി പറഞ്ഞു;എന്റെ പ്രിയ രാധേ,,,വിവാഹം രണ്ടാന്മാക്കൾ തമ്മിലാണ് നടക്കുന്നത്…ഒരൊറ്റ ആത്മാവായ ഞാനും നീയും എന്തിന് വിവാഹിതരാകണം…?? നമ്മൾ രണ്ടല്ല,,ഒന്നാണ്…പ്രണയത്തിന്റെ അവസാനവാക്ക് വിവാഹമല്ല,,,മരണം വരെ പ്രണയിക്കുകയെന്നത് മാത്രമാണ്…പതിനാറായിരത്തെട്ട് പേരുണ്ടെങ്കിലും കണ്ണന്റെ പേരിനൊപ്പം എന്നും രാധയുടെ പേര് മാത്രേ ജപിക്കു…രാധേ കൃഷ്ണ എന്ന് മാത്രേ നാം അറിയപ്പെടുവെന്ന്…അതുപോലെ നിനക്ക് ഞാൻ നൽകിയ ഒരു വാഗ്ധാനമാണ് ഈ വിവാഹം…ഇന്നത്തെ സമൂഹത്തിൽ മരണം വരെ സ്വാതന്ത്ര്യമായി പ്രണയിക്കണമെങ്കിൽ വിവാഹമെന്ന വാഗ്ദാനം കൂടിയേ തീരു…ഈ ജന്മം നിന്റെ പേരിനൊപ്പം എഴുതി വെച്ചിരിക്കുന്നത് എന്റെ പേരാണ്…നമ്മളെ ഒന്നിക്കു…അതിന് എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും ശരി…നിനക്ക് തന്ന വാഗ്ദാനം പാലിക്കാനാ ഞാൻ തിരിച്ചു വന്നത്…ഈ ജന്മം ഈ കണ്ണന്റെ രാധ എന്റെ തീർത്ഥയാണ്…!!”

അവളെ നെഞ്ചോട് ചേർത്ത് കൊണ്ട് ദേവൻ പറഞ്ഞു നിർത്തിയതും തീർത്ഥ പതിയെ മിഴികളടച്ചു…

വർഷങ്ങൾക്ക് ശേഷം…!!!

വാലിട്ടെഴുതിയ കണ്ണുകൾ കൊണ്ട് നാലുപാടും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൻ പതിയെ വെള്ളത്തിലേക്ക് കൈയിട്ടു…ജലത്തിൽ നീന്തിത്തുടിക്കുന്ന മീൻകുഞ്ഞുങ്ങളുടെ പിറകെ കയ്യോടിച്ച് കുഞ്ഞരി പല്ല് കാട്ടി ചിരിക്കുന്ന അമ്പാടിയെ ദേവൻ വാരിയെടുത്തു…അവന്റെ വയറിലായി തലയിട്ടുരസി ദേവൻ ഇക്കിളിപ്പെടുത്തിയതും അമ്പാടി കുലുങ്ങി ചിരിച്ചു കൊണ്ട് ദേവന്റെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു…

“അച്ചേടെ അമ്പാടിക്കുട്ടൻ ഇവിടെ എന്തെടുക്കുവാടാ…?? ”

“അച്ചേ,,,മീമിനെ കയിച്ചാൻ നിച്ചുവാരുന്നു…പച്ചേ മോന് പിടിച്ചാൻ പറ്റുന്നില്ല..”

ചുണ്ടുകൾ പുറത്തേക്കുന്തി നിഷ്കളങ്കമായി അവൻ മറുപടി പറഞ്ഞതും ദേവൻ ചിരി കടിച്ചു പിടിച്ചവനെ നോക്കി…

“ഈ മീനിനെ ആണോടാ കഴിക്കുന്നേ…”

“ഈ മീമി ഇച്ചീച്ചിയാനോ അച്ചേ…അമ്മ തരൂലോ മീമിനെ…”

ദേവന്റെയും തീർത്ഥയുടെയും ജീവനും ജീവിതവുമെല്ലാം കുട്ടിക്കുറുമ്പനായ ഇഷാൻ മാധവ് എന്ന അമ്പാടിയാണ്…അവന്റെ നിഷ്കളങ്കമായ സംശയങ്ങൾക്ക് മറുപടി കൊടുക്കാതെ ദേവൻ അവനെ തൂക്കിയെടുത്ത് ഓഡിറ്റോറിയത്തിലേക്ക് നടന്നു…ഇന്ന് ദേവ്നിയുടെ വിവാഹമാണ്…

“ആഹാ…അച്ഛനും മോനും ഇതെവിടെയായിരുന്നു…?? എല്ലാരും അന്വേഷിക്കുന്നുണ്ട്…?? ”

അമ്പാടിയെ കയ്യിലെടുത്ത് കൊണ്ട് തീർത്ഥ പറഞ്ഞു…അവള്ടെ നെറ്റിയിലേക്ക് തന്റെ നെറ്റിയൊന്ന് മുട്ടിച് അവൻ ചെറുക്കനെ സ്വീകരിക്കാനും മറ്റും ഓടി നടന്നു…കല്യാണവേഷത്തിൽ ദേവ്നി അതിസുന്ദരിയായിരുന്നു…താലികെട്ട് ആയതും ദേവൻ അമ്പാടിയെ കയ്യിലെടുത്ത് തീർത്ഥയേ തനിക്കരുകിലായി നിർത്തി…

ദേവ്നിയെ യാത്രയാക്കാൻ സമയമായതും എല്ലാവരുടെയും മുഖം വിഷാദത്താൽ നിറഞ്ഞിരുന്നു…അകലെക്കല്ലെങ്കിലും അവളെ വിട്ട് പിരിയേണ്ടി വരുന്ന സങ്കടം എല്ലാവരിലുമുണ്ടായിരുന്നു…അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം മേടിച്ച് അവൾ ദേവന്റെ അടുത്തേക്കായി വന്നു…ഒന്നും മിണ്ടാതെ പൊട്ടിക്കരഞ്ഞു കൊണ്ട് ദേവനെ പുണരുമ്പോഴേക്കും അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു…വലതു കൈ കൊണ്ട് കണ്ണുകൾ തുടച്ച് ദേവൻ മുഖത്തൊരു പുഞ്ചിരി വരുത്തി അവളെ തന്നിൽ നിന്നും അടർത്തി മാറ്റി…ദേവ്നിയെ ചേർത്ത് പിടിച്ച് തീർത്ഥ കണ്ണുകൾ മെല്ലെയടച് ആശ്വസിപ്പിച്ചു…അമ്പാടിയുടെ കവിളിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ച ശേഷം ദേവ്നി കാറിലേക്ക് കയറി…അവരുടെ കാർ അകന്ന് പോകും തോറും ദേവന്റെ നെഞ്ചോന്ന് പിടഞ്ഞു…അത് മനസിലാക്കി തീർത്ഥ അവന്റെ കയ്യിൽ മുറുകെ പിടിച്ചു, ഒരിക്കലും ആ കണ്ണുനിറയുന്നത് സഹിക്കാനാകാതെ…

⊰᯽⊱┈──╌❊ – ❊╌──┈⊰᯽⊱

“അച്ചേ….നിച് ഒരു വാവിനെ മേണം…?”

ദേവന്റെ പുറത്തേക്ക് കയറിയിരുന്ന് കഴുത്തിലേക്ക് ചാഞ്ഞു കൊണ്ട് അമ്പാടി പറഞ്ഞു…അവന്റെ പറച്ചില് കേട്ട് നോക്കിക്കൊണ്ടിരുന്ന ഫയൽ മടക്കി തീർത്ഥ അവരുടെ അടുത്തേക്ക് വന്നിരുന്നു…ദേവൻ തിരിഞ്ഞു കിടന്ന് അമ്പാടിയെ തൂക്കിയെടുത്ത് നെഞ്ചിലായി വെച്ചു…

“അതെന്താടാ കുഞ്ഞാ ഇപ്പൊ ഒരു വാവ…?? ”

ദേവൻ ഒരു കള്ളചിരിയോടെ തീർത്ഥയെ ഇടം കണ്ണിട്ട് നോക്കി അമ്പാടിയോടായി ചോദിച്ചു…അവന്റെ നോട്ടം കണ്ട് കയ്യിലൊരു അടിവെച് കൊടുത്ത് തീർത്ഥ അമ്പാടിയെ വാരിയെടുത്ത് കയ്യിൽ വെച്ചു…

“അതോ…ചൂര്യ പറഞ്ഞു അവൾടെ അമ്മയ്ക്ക് വാവിയുണ്ട്ന്ന്…”

അവൻ നിഷ്കളങ്കമായി പറഞ്ഞതും ദേവൻ പൊട്ടിച്ചിരിയോടെ അവനെ കയ്യിൽ കോരിയെടുത്ത് ചേർത്ത് പിടിച്ചു…

“വാവയെ വേണേൽ അമ്മയോട് പറയണം…അമ്മേടെ വയറ്റിൽ നിന്നാ വാവ വരുന്നേ…അമ്മേനോട് തരുവോന്ന് ചോയിക്ക്…?? ”

ദേവൻ പറഞ്ഞു നിർത്തിയതും അമ്പാടി തീർത്ഥയുടെ മടിയിലേക്ക് ചേക്കേറി…

“അമ്മേ,,,വാവനെ തരുവോ…?? ചൂര്യനെ പോലെ എനിച്ചിം വാവേനെ മേണം…വാവിനോട് വരാൻ പറയമ്മേ…”

ചുണ്ടുകൾ പുറത്തേക്കുന്തി കരയുന്ന ഭാവത്തിൽ അമ്പാടി പറഞ്ഞതും തീർത്ഥ അവനെ കോരിയെടുത്ത് കവിളായി ചുംബിച്ചു…

“വാവ വരൂട്ടോ…അതുവരെ അമ്മ അമ്മേടെ അമ്പാടിക്കുട്ടനെ നന്നായിട്ടൊന്ന് സ്നേഹിക്കട്ടെ…എന്റെ അമ്പാടി കഴിഞ്ഞല്ലേ അമ്മയ്ക്കാരുവൊള്ളൂ…?? ”

“അപ്പൊ ഞാനൊ…?? ”

ദേവൻ മുഖം കൂർപ്പിച്ചു പറഞ്ഞതും തീർത്ഥ അവനെ നോക്കി പൊട്ടിച്ചിരിച്ചു…അവള്ടെ ചിരി കണ്ട് ഒന്നും മനസിലായില്ലെങ്കിലും അമ്പാടിയും കുടുകുടെ കൈകൊട്ടി പൊട്ടിച്ചിരിക്കാൻ തുടങ്ങി…ദേവൻ ഇരുവരെയും ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു…അവരുടെ ഹൃദ്യമായ സ്നേഹം കണ്ട് ആകാശത്ത് ഒരു നക്ഷത്രം കൂടുതൽ ശോഭയോടെ തിളങ്ങുമ്പോഴും മേശയിലിരുന്ന പേപ്പറിലെ വരികൾ നിലാവെട്ടത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…

എന്റെ പ്രണയം നിന്റെ ആത്മാവിനോടാണ്…വലിച്ചിഴച് അടുപ്പിച്ചതുമല്ല,ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ല…കാലം എന്നെ നിനക്ക് മുന്നിൽ എത്തിച്ചുവെങ്കിൽ കൂടെയുണ്ടാവും പ്രിയനേ മരണം വരെ,,,നിൻ *” പ്രിയസഖിയായ്‌ ” മാത്രം….💕

ശുഭം….♥️

ദേവന്റെയും തീർത്ഥയുടെയും ജീവിതം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല…നമ്മളിലൊരാളായി അവരും തുടർന്ന് ജീവിക്കട്ടെ…അവസാനഭാഗം എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…എന്റെ പ്രിയവായനക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടുണ്ടൊന്നും അറിയില്ല…തെറ്റുകൾ ക്ഷമിക്കണം..🙏ഇഷ്ടമായാൽ ലൈക് ചെയ്യണേ…ഇന്ന് അവസാനഭാഗമല്ലേ,,,എന്റെ ഈ സ്റ്റോറിയെക്കുറിച്ച് മനസ് തുറന്ന അഭിപ്രായം അറിയിക്കാൻ മടിക്കല്ലേ…കുറച്ച് നീളത്തിൽ തന്നെ ആയിക്കോട്ടെട്ടോ…🖤അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു…തുടക്കം മുതൽ അവസാനം വരെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാപ്രിയപ്പെട്ട കൂട്ടുകാർക്കും മനസ് നിറഞ്ഞ നന്ദി!!❤️😘ഒത്തിരി സ്നേഹത്തോടെ ഗൗരിനന്ദ…🦋

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *