ക്യാമ്പസിലെ ചെഗുവേര, തുടർക്കഥ ഭാഗം 6 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഇത് കൈയ്യില് വച്ചേക്കണം…എവിടേം കളയരുത്… ഞാൻ മേടിച്ചോളാം… സൂക്ഷിച്ചു വയ്ക്കണം കേട്ടല്ലോ…

അത്രേം തിടുക്കപ്പെട്ട് പറഞ്ഞ് പുറത്തേക്കൊരു പോക്കായിരുന്നു… എന്റെ കണ്ണുകൾ സഖാവിലേക്കും കൈയ്യിലിരുന്ന ആ ബാഡ്ജിലേക്കും മാറിമാറി ദൃഷ്ടി പതിപ്പിച്ചു കൊണ്ടേയിരുന്നു… പെട്ടെന്നാ എനിക്കടുത്തേക്ക് ഋതു ചേച്ചി വന്നത്….എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറിയായിരുന്നു ആ ചേച്ചീടെ വരവ്… ഞാനതു കണ്ട് ബാഡ്ജ് സാരിത്തുമ്പിനരികിലായി മറച്ചു പിടിച്ചു നിന്നു…

മോളേ…ഘോഷ് നിന്റെ കൈയ്യില് ഒരു ബാഡ്ജ് ഏൽപ്പിച്ചിരുന്നോ…???

ഞാൻ എന്ത് പറയണംന്നറിയാതെ ഒന്ന് പരുങ്ങി… പിന്നെ രണ്ടും കല്പിച്ച് ഒരു കള്ളം പറയാൻ തന്നെ തീരുമാനിച്ചു…

മ്മ്ഹ്ഹ്…ഇല്ല ചേച്ചി…ആര് പറഞ്ഞു എന്റെ കൈയ്യിൽ ഉണ്ടെന്ന്…???

അത്…അവനാ പറഞ്ഞേ…ദേ ഇവിടുന്ന് ഇറങ്ങിപ്പോയപ്പോ എന്നെ കണ്ടിരുന്നു…മോൾടെ കൈയ്യില് ബാഡ്ജുണ്ട്..അത് വാങ്ങി കൈയ്യില് വയ്ക്കണമെന്നും പറഞ്ഞു…

അയ്യോ.. എന്റെ കൈയ്യിൽ ഇല്ല ചേച്ചി…മറ്റാരോടെങ്കിലും ചോദിച്ചു നോക്ക്…

ഞാനതും പറഞ്ഞ് ബാഡ്ജ് കൈയ്യില് തന്നെ മറച്ചു വെച്ച് ഓണപ്പാട്ട് പാടാനായി ഞങ്ങടെ ടീംസിനൊപ്പം ചേർന്നു…അവസാന റൗണ്ട് പ്രാക്ടീസ് കഴിഞ്ഞതും അത്തപ്പൂക്കളത്തിന്റെ valuation കഴിഞ്ഞിരുന്നു… പിന്നെ ഞങ്ങടെ program ആയിരുന്നു…അത് നടന്നത് മെയിൻ ആഡിറ്റോറിയത്തിലും….

എല്ലാവരും കൂട്ടത്തോടെ ആഡിറ്റോറിയത്തിലേക്ക് വച്ചു പിടിച്ചു… ഞങ്ങടെ chest No 4 ആയിരുന്നു…ബാക്കി മൂന്ന് ടീംസും പാടിക്കഴിഞ്ഞതും വലത് കാല് വച്ച് ഐശ്വര്യമായി ഞങ്ങളെല്ലാവരും സ്റ്റേജിലേക്ക് കയറി… ഫ്രണ്ടില് നിറയെ audience ന്റെ ബഹളമായിരുന്നു.. പാട്ട് തുടങ്ങിയപ്പോഴും എന്റെ കണ്ണ് പരതിയത് സഖാവിന്റെ മുഖവും…

പക്ഷേ മുമ്പിലെങ്ങും ആ കലിപ്പൻ മുഖത്തിനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല…ആ നിരാശയിൽ പാട്ട് മുഴുവനും പാടി നിർത്താൻ തുടങ്ങുമ്പോഴാ ആഡിറ്റോറിയത്തിന് ഏറ്റവും പിന്നിലായി ഒരു മൊബൈലും ചെവിയോട് ചേർത്ത് നിന്ന സഖാവിനെ കണ്ടത്… പാട്ട് കേട്ടില്ലെങ്കിൽ കൂടി ആ പരിസരത്ത് തന്നെ ആളുണ്ടായിരുന്നല്ലോന്ന സന്തോഷത്തിലായിരുന്നു ഞാനാ സ്റ്റേജ് വിട്ടിറങ്ങിയത്…!!!

പിന്നെ ക്ലാസില് വന്നിരുന്ന് കത്തിയടിയും ബഹളവുമായിരുന്നു…കാരണം അപ്പോഴേക്കും ഒരുവിധം പ്രോഗ്രാംസ് എല്ലാം കഴിഞ്ഞിരുന്നു…വടംവലി കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ….ക്ലാസില് വന്നിരുപ്പായതു കൊണ്ട് പതിയെ എല്ലാവർക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി…. പിന്നെ സഹിച്ചും ക്ഷമിച്ചും ഇരുന്നിട്ട് കാര്യമില്ലല്ലോ…അത്തത്തിന് അടുത്തായ് അലങ്കരിച്ചു വച്ചിരുന്ന പഴവും ആപ്പിളുമെല്ലാം ഓരോരുത്തരായി വാനിഷ് ആക്കാൻ തുടങ്ങി… അക്കാര്യത്തിൽ മജീഷ്യൻസ് പോലും മാറി നിന്നു പോവുംന്ന് അന്നാണ് എനിക്ക് മനസിലായത്…

ഉച്ചയൂണ് ഡിപ്പാർട്ട്മെന്റ് വകയായിരുന്നു… ഞങ്ങൾക്ക് ഫുഡ് വിളമ്പി തന്നത് സഖാവും ഗ്യാങും തന്നെ…. കൂട്ടുകാർക്കൊപ്പം നിൽക്കുമ്പോ തെളിയുന്ന പുഞ്ചിരി അല്ലാതെ ആ മൊരടന് ചിരിക്കാൻ പോലും അറിയില്ലായിരുന്നു….

അങ്ങനെ ചിത്ര ടീച്ചറിനും ആൻസി ടീച്ചറിനുമൊപ്പമിരുന്ന് ആ വർഷത്തെ ഓണത്തിന്റെ ആദ്യ സദ്യ ഞങ്ങള് കഴിച്ചു…അച്ചാറും,തോരനും,പച്ചടിയും,കിച്ചടിയും അവിയലും സാമ്പാറും പരിപ്പും പപ്പടവും മൂന്ന് കൂട്ടം പായസവും ചേർത്ത് ഒരു അസ്സല് ഊണ് കഴിച്ചെഴുന്നേറ്റതും ആകെയൊരു ക്ഷീണമായിരുന്നു….

പിന്നെ ഞങ്ങളെല്ലാവരും ചേർന്ന് ഞങ്ങൾക്ക് ആഹാരം വിളമ്പി തന്ന ചേട്ടന്മാർക്ക് സദ്യ വിളമ്പി കൊടുക്കുന്ന ജോലി ഏറ്റെടുത്തു….എന്റെ കൈയ്യിൽ കിട്ടിയത് മാങ്ങാച്ചാറായിരുന്നു…ഞാനതുമായി സീനിയേഴ്സിന് പിറകേ വച്ചുപിടിച്ചു…ഓരോരുത്തർക്കും വിളമ്പി വച്ച് ഒടുവിൽ സഖാവിന് മുന്നിൽ എത്തിയതും സ്പൂണിൽ തീരെ അച്ചാറ് കയറുന്നുണ്ടായിരുന്നില്ല…ഞാനവിടെ നിന്ന് അച്ചാറ് സ്പൂണിലാക്കാൻ കിണഞ്ഞ് പരിശ്രമിച്ചു…

സഖാവ് ആദ്യം ശ്രദ്ധ തന്നില്ലെങ്കിലും പിന്നെ എന്റെ മുഖത്തേക്കും ഇലയിലേക്കും ലുക്ക് വിട്ടു… എന്നിട്ട് പതിയെ ചെയറിലേക്ക് ചാരി മുഷ്ടി ചുരുട്ടി താടിയിലേക്ക് താങ്ങിയിരുന്നു…ഞാനപ്പോഴും കിണഞ്ഞ് പരിശ്രമിയ്ക്ക്യായിരുന്നു….

ഇത് ഇന്ന് കഴിയ്ക്കാനുള്ളതാ…ഇതിനു മുമ്പ് അച്ചാറ് പാത്രത്തോടെ എന്റെ മേലേക്ക് കൊണ്ടിട്ട പോലെ ഇനീം എന്റെ ഷർട്ട് നശിപ്പിക്കാനാണോ നിന്റെ ഉദ്ദേശം….???

ഞാനതു കേട്ട് സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി…

എന്റെ നല്ലൊരു ഷർട്ടാ ആ പണി കാരണം ഇല്ലാതായത്…അച്ചാറില് മുക്കിയെടുത്ത് കളഞ്ഞില്ലേ നീ….

അത്… ഞാനറിയാതെയല്ലേ.. മനപൂർവ്വം അല്ലല്ലോ….!!!

ന്മ്മ്മ്…എന്തായാലും വിളിമ്പീട്ട് പൊയ്ക്കോ…!!

അത് കേട്ടതും ഒരു സ്പൂൺ അച്ചാറ് ചെറിയൊരു കലിപ്പോടെ ഇലയ്ക്ക് ഒരു മൂലയിലായി വച്ച് ഞാൻ നടന്നു…. പിന്നെ ആ വഴിയ്ക്കേ ഞാൻ പോയില്ല…ക്ലാസില് തന്നെ കുറേ നേരം ഇരുന്ന് സമയം തള്ളിനീക്കി…വടംവലി മത്സരം കൂടി കഴിഞ്ഞതും പിന്നെ എല്ലാ മത്സരത്തിന്റേയും റിസൾട്ടിനായുള്ള waiting ൽ ആയിരുന്നു ഞങ്ങളെല്ലാവരും….ആഡിറ്റോറിയത്തിൽ ഓണപ്പാട്ടുകളും കേട്ട് കൈയ്യടിയോടെ ഇരുന്നപ്പോഴാ റിസൾട്ടുകൾ ഓരോന്നും announce ചെയ്തത്…. ഓണപ്പാട്ടിന്റെ റിസൾട്ട് ആവാറായതും ഞങ്ങളുടെ എല്ലാവരുടെയും മുഖത്ത് ഒരുപോലെ ടെൻഷൻ വന്നു നിറഞ്ഞു…

ആ ആകാംഷയോടെ എല്ലാവരും റിസൾട്ടിന് കാതോർത്തതും ഫസ്റ്റ് പ്രൈസ് സന്തോഷ് സാറിന്റെ ഘനഗംഭീരമായ ശബ്ദത്തിൽ നിന്നും chest No 4 എന്ന് മുഴങ്ങി കേട്ടു… കേൾക്കേണ്ട താമസം ഞങ്ങളെല്ലാവരും ഒരുപോലെ വലിയൊരു കൈകൊട്ടലും ബഹളവുമായിരുന്നു…പരസ്പരം കെട്ടിപിടിച്ചും കൈയ്യടിച്ചും ഞങ്ങടെ സന്തോഷം പങ്കു വച്ചു തിരിഞ്ഞപ്പോഴാ ജനൽപ്പാളിക്കിടയിലൂടെ അതെല്ലാം കണ്ട് ഒരു പുഞ്ചിരിയോടെ നിന്ന സഖാവിനെ കണ്ടത്….

ആ ഒരു ചിരി…🔥അഡ്മിഷന് ശേഷം ആ കോളേജിൽ വച്ച് സഖാവിന്റെ മുഖത്തെ പേശികൾ അങ്ങനെയൊരു പുഞ്ചിരിയ്ക്ക് വേണ്ടി ചലിച്ചു കണ്ടത് ആദ്യമായിരുന്നു…. അതൊന്ന് ശരിയ്ക്ക് ആസ്വദിയ്ക്കും മുമ്പേ കാർമേഘം മൂടിക്കെട്ടിയ പോലെ ആ ചിരിയെ മായിച്ചു കൊണ്ട് സഖാവ് അവിടെ നിന്നും നടന്നകന്നു…. എങ്കിലും കിട്ടിയത് ഒരൊന്നൊന്നര ഓണ സമ്മാനമാണല്ലോന്ന് മനസ്സിലോർത്ത് ഞങ്ങള് വീണ്ടും ആഘോഷങ്ങളിലേക്ക് തിരിഞ്ഞു….

എല്ലാറ്റിനും ഫസ്റ്റ് പ്രൈസ് കിട്ടിയ ഞങ്ങൾക്ക് മാവേലി മാത്രം സെക്കന്റ് പ്രൈസ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു…അങ്ങനെ ആകെമൊത്തം കളറായി ഓണപ്പരിപാടി അവസാനിച്ചതും കോളേജിലെ ഊഞ്ഞാലിൽ മതിയാവോളം ഒന്നൂഞ്ഞാലാടിയ ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്….

പിന്നെയുള്ള പത്ത് ദിവസങ്ങൾ വീട്ടിലെ ഓണാഘോഷങ്ങളിൽ മുങ്ങി….സദ്യയും വിരുന്നും… അങ്ങനെ ആകെമൊത്തം ബിസിയായിരുന്നു…ഓണദിവസങ്ങൾ കഴിഞ്ഞപ്പോ വീട്ടിലിരുപ്പ് ശരിയ്ക്കും ബോറായി തുടങ്ങി….അത് മാറ്റാനായി ഇടയ്ക്കിടെ സംഗീതയോട് പോയിരുന്നു കത്തിയടി പതിവാക്കി… സംസാരത്തിൽ ഉടനീളം ഒരു ഘോഷ് മയമായിരുന്നു… ഇടയ്ക്കൊക്കെ കോളേജ് വല്ലാതെ മിസ് ചെയ്യുമ്പോ ഓണത്തിനെടുത്ത സെൽഫികൾ just ഒന്നു സ്ക്രോൾ ചെയ്തു നോക്കുന്നതും ഒരു ശീലമായി തുടങ്ങി….

പത്ത് നൂറ്റമ്പത് ഫോട്ടോയുള്ളതിൽ ഒരെണ്ണത്തിൽ എങ്ങനെയോ സഖാവിന്റെ മുഖം ഒന്ന് പതിഞ്ഞു…അത് ദിവസവും zoom ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായതുകൊണ്ട് ഒടുവിൽ crop ചെയ്ത് സേവ് ചെയ്തിട്ടു.. പിന്നെ ഇടയ്ക്കിടേ സൗകര്യം പോലെ എടുത്ത് നോക്കാല്ലോ….ചെറിയൊരു സന്തോഷത്തിന് വേണ്ടി സഖാവ് ഏൽപ്പിച്ച് പോയ ബാഡ്ജും ദിവസേന ഒന്നെടുത്ത് നോക്കുന്നത് ശീലമായി തുടങ്ങി….

അങ്ങനെ ദിവസങ്ങളെ ഒരു വിധം തള്ളിവിട്ട് ഒടുവിൽ ഓണാവധി കഴിഞ്ഞ് ക്ലാസ് തുടങ്ങി… ക്ലാസിലേക്ക് ചെന്നു കയറുമ്പോ അത്തപ്പൂക്കളം ചോക്കിനാൽ വരച്ചെടുത്ത അടയാളങ്ങൾ അതേ പടി നിലത്തുണ്ടായിരുന്നു….ഡസ്കും ബഞ്ചുമെല്ലാം ആകെയൊന്ന് സെറ്റാക്കി വച്ചതും ദീപൻ സാറ് ക്ലാസിലേക്ക് വന്നു….

സാധാരണ സ്കൂളിലൊക്കെ ഓണം എങ്ങനെയുണ്ടായിരുന്നു,എവിടെയൊക്കെ വിരുന്ന് പോയി എന്നീ ക്ലീഷേ question ഉണ്ടാവുമല്ലോ..കോളേജ് ആയതുകൊണ്ടാവും സാറ് അത്തരം കുശലാന്വേഷണങ്ങൾക്കേ പോകാതെ മലയാളം വ്യാകരണം പഠിപ്പിക്കാൻ തുടങ്ങി…

സാറ് അല്പം ഡീറ്റെയിൽ ആയി ക്ലാസെടുക്കുന്ന കൂട്ടത്തിലായിരുന്നു… സാറിന്റെ ക്ലാസെടുപ്പ് തകർക്കുന്നതിനിടയിലാ സംഗീതേടെ വക ഞോണ്ടലും അടക്കം പറച്ചിലും തുടങ്ങിയത്…

ഡീ….ഡീ…നീലൂ..ദേ പോകുന്നു നിന്റെ ചെഗുവേര…

ചെഗുവേരയിലെ ചേ കേൾക്കേണ്ട താമസം ഞാൻ തിടുക്കപ്പെട്ട് ചുറ്റും കണ്ണോടിച്ചു…വരാന്തയിലും മുറ്റത്തുമായി എന്റെ കണ്ണ് പരതി നടന്നു…

എവിടെടീ…ചുമ്മാ മനുഷ്യനെ വടിയാക്കല്ലേ നീ…

എന്റെ കണ്ണുകൾ വീണ്ടും ആ മുഖം പരതി നടന്നു…

ഞാൻ ചുമ്മാ പറഞ്ഞതല്ല….ദേ ആ ജനലിന്റെ ഭാഗത്തേക്ക് നോക്ക്…

അത് കേട്ടതും ഞാനല്പം എത്തി.. എന്റെ ആത്മാർത്ഥത ആ ചെഗുവേര കണ്ടില്ലേലും വേണ്ടുവോളം ഭാഗ്യം കനിഞ്ഞ് കിട്ടിയ കുട്ടിയായോണ്ട് ആ ചെയ്തികളെല്ലാം ദീപൻ സാറ് കണ്ടു….

നീലാംബരി…എഴുന്നേറ്റേ….

ഞാൻ ആ ശബ്ദം കേട്ടതും ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞു… പിന്നെ ഇടംവലം ഒന്നു നോക്കി ചാടിപ്പിടിച്ചെഴുന്നേറ്റ് നിന്നു… എല്ലാം ഒപ്പിച്ചു വച്ച സംഗീത നല്ല കുട്ടിയായിട്ട് ബെഞ്ചിലും… അതെനിക്ക് തീരെ സഹിച്ചില്ല…അവൾടെ ചിരി കണ്ടതും കാലിനിട്ട് ഒരു ചവിട്ടു കൊടുത്ത് ഞാനൊരിളി പാസാക്കി നിന്നു….

നീലാംബരി ഏത് ലോകത്താ… ഇവിടെ അല്ലല്ലോ…!!!

സാറിന് അറിയില്ലല്ലോ എന്റെ ലോകം എവിടെയാണെന്ന്… അവിടെ കുത്തുന്ന പശൂമ്പ ഇല്ലേലും ഒരു വെട്ടുപോത്ത് നില്ക്ക്വല്ലേ….😡😡

അത് സാർ… ഞാൻ ശ്രദ്ധിച്ചിരിക്ക്യായിരുന്നു…

ന്മ്മ്മ്…എങ്കില് പറഞ്ഞേ ഇവിടെ ഇത്രേം നേരവും ഞാൻ ഘോരഘോരം പഠിപ്പിച്ചോണ്ടിരുന്നത് എന്തായിരുന്നു….???

അത്…മലയാളം വ്യാകരണമല്ലേ സാർ…

അല്ലേന്നോ…അതെന്നോടാ ചോദിയ്ക്കുന്നേ… അപ്പോ കൃത്യമായി അറിയില്ലാന്ന് സാരം…!!!

അയ്യോ… അങ്ങനെ അല്ല സാർ…മലയാളം വ്യാകരണം തന്നെയാണ്…

ശരി… എങ്കില് ഞാനിപ്പോ എന്താ വ്യാകരണത്തിൽ പഠിപ്പിച്ചത്…???

വ്യാകരണത്തില്…കാരകം..ആണോ സാർ..

കാരകം ആണോന്ന്…അത് കഴിഞ്ഞ ക്ലാസിൽ പഠിപ്പിച്ചത്… ഞാൻ ചോദിച്ചത് ഇപ്പോ ഞാനെന്താ പഠിപ്പിച്ചേന്നാ…

ഞാൻ നേരെ സംഗീതേടെ മുഖത്തേക്ക് ലുക്ക് വിട്ടു…അവള് കുനിഞ്ഞിരുന്ന് എന്തൊക്കെയോ കാര്യമായി മന്ത്രിയ്ക്ക്യായിരുന്നു…അതീന്ന് സാറ് പഠിപ്പിച്ചത് യമകമാണെന്ന് കത്തി…

ഞാൻ കരുതി സാറ് കഴിഞ്ഞ ക്ലാസില് പഠിപ്പിച്ചു നിർത്തിയത് എന്താണെന്ന് ചോദിക്ക്യാണെന്ന്…. ഇപ്പോ പഠിപ്പിച്ചതാണെന്ന് അറിഞ്ഞില്ല…. സാറ് ഇപ്പോ പഠിപ്പിച്ചത് യമകം….!!!

ഒരുവിധം ഒപ്പിച്ചു…സാറിന്റെ ന്മ്മ്മ് എന്ന മൂളല് കേട്ടതും വളരെ ആശ്വാസത്തോടെ ഒന്ന് ശ്വാസം നീട്ടിയെടുത്തു.. പക്ഷേ അത് നേരെ ചൊവ്വേ ഒന്നവസാനിപ്പിക്കും മുമ്പേ സാറിന്റെ അടുത്ത ചോദ്യവും വന്നു..

എങ്കില് യമകത്തിന്റെ ലക്ഷണം പറഞ്ഞിട്ട് ഇരുന്നോ….!!!

എന്നെ അടപടലേ പൂട്ടിയുള്ള സാറിന്റെ നില്പ് കണ്ടതും എന്റെ ചങ്കിടിപ്പ് പോലും ഉയർന്നിരുന്നു…

യമകം…!!!

വേറെ വഴിയില്ലല്ലോ…കീഴടങ്ങ്വേ നിവർത്തി ഉണ്ടായിരുന്നുള്ളൂ…. എങ്കിലും ആ കീഴടങ്ങലിലും നമ്മൾ ഒരുപടി പോലും താണുകൊടുക്കാൻ പാടില്ലല്ലോ…

എനിക്ക്… എനിക്ക് ശരിയ്ക്കും മനസിലായില്ല സാർ…അതാ ഞാൻ..

അത് കേട്ടാൽ എന്റെ ഭാഗത്തും ചെറിയൊരു ന്യായമില്ലാതില്ലല്ലോ…!!!ഏത്….???

സാറത് കേട്ട് എന്നെ തറപ്പിച്ചൊന്ന് നോക്കി…

ഞാൻ വരുതവണ കൂടി ഇയാൾക്ക് വേണ്ടി repeat ചെയ്യ്വാ…ഇത് കഴിയുമ്പോ പച്ചവെള്ളം പോലെ എനിക്ക് തിരികെ answer കിട്ടിയിരിക്കണം….!!!

ഞാനതിനൊന്ന് തലയാട്ടി നിന്നു… പക്ഷേ ഉള്ളില് ചെറിയൊരു വിഷമം തോന്നി..കാരണം ഓണാവധി കഴിഞ്ഞ് വന്ന ഫസ്റ്റ് ഡേ തന്നെ അതും പുത്തനുടുപ്പും മേക്കപ്പും ഒക്കെയായി നിന്നിട്ട് സാറിന്റെ വായിലിരിക്കുന്നത് വാങ്ങിക്ക്യാന്ന് വച്ചാൽ…. പിന്നെ തല്ക്കാലത്തേക്ക് എന്നിലെ അഭിമാനിയെ മാറ്റിവെച്ച് സാറിന്റെ വാക്കിന് കാതോർത്തു…

“അക്ഷരക്കൂട്ടമൊന്നായിട്ടർത്ഥം ഭേദിച്ചിടും പടി- യാവർത്തിച്ച് കഥിച്ചീടിൽ യമകം പല മാതിരി…”

ഞാനതു കേട്ട് കണ്ണ് മിഴിച്ചു നിന്നു… പുസ്തകങ്ങൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും മലയാളം ഗ്രാമർ അത്ര ഗ്ലാമറുള്ള ഐറ്റം അല്ലല്ലോ…ഇത്തിരി കട്ടിയല്ലേ…ഇതേ പോലൊന്ന് മേലേപറമ്പിൽ ആൺവീട് മൂവീലേ ഞാൻ മുമ്പ് കേട്ടിട്ടുള്ളായിരുന്നു…ദാ…ദത് തന്നെ വേലക്കാരിയായിറുന്താലും നീയെൻ മോഹവല്ലി…!!!

സാറ് പറഞ്ഞതെല്ലാം ഒരു ഫ്ലോയില് മനസിലൊന്ന് rewind അടിച്ചു നോക്കി…

ന്മ്മ്മ്…ഇനി പറഞ്ഞേ നീലാംബരി….!!!

grasping power എനിക്കിത്തിരി കൂടുതലായോണ്ട് ഞാൻ സാറിനെ ചെറുതായി ഒന്ന് ഞെട്ടിച്ചു… യമകത്തിന്റെ ലക്ഷണവും ശാസ്ത്രവും എല്ലാം പറഞ്ഞു കൊടുത്തതും സാറെന്നോട് ഇരുന്നോളാൻ പറഞ്ഞ് തിരികെ ലെക്ച്വർ ബോർഡിനരികെ ചെന്നു നിന്നു….ഞാൻ നേരെ ഒന്ന് ശ്വാസം വിട്ട് സംഗീതേ ഒന്നിരുത്തി നോക്കിയതും അവളൊരു അവിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്തിരിക്ക്യായിരുന്നു…..

ആ hour കഴിഞ്ഞ് സാറ് പുറത്തേക്കിറങ്ങിയതും ബാഗിൽ നിന്നും ഒരു പായ്ക്കറ്റുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി…അതെന്താണെന്നറിയാനുള്ള ഒടുക്കത്തെ curiosity കാരണം സംഗീതയും എന്റെ പിറകേ കൂടി…ക്ലാസീന്ന് ഇറങ്ങിയെങ്കിലും എന്റെ നോട്ടം മുഴുവനും സഖാവിനേം ഗ്യാങിനേയും ആയിരുന്നു… ഒടുവില് നടുമുറ്റത്തെ പൈൻ മരത്തിന് ചുവട്ടിലിരുന്ന സഖാവിലേക്ക് എന്റെ നോട്ടം വീണു….സഖാവിന് ചുറ്റും ബാക്കി ഡിപ്പാർട്ട്മെന്റിലെ ചേട്ടന്മാരും ഉണ്ടായിരുന്നു….

ഞാനവിടേക്ക് ലക്ഷ്യം വച്ച് നടന്നെങ്കിലും ഉള്ളില് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു…അതുവരെയും ഒരാവശ്യവുമില്ലാതെ പിറകേ വന്ന സംഗീതേ കട്ടയ്ക്ക് ചേർത്ത് പിടിച്ച് ഞാനാ കലിപ്പനടുത്തേക്ക് നടന്നു…എന്നെ കണ്ടതും ആൾടെ നോട്ടം എന്റെ നേർക്കായി…

ഞാനവിടെ നിന്ന് ആംഗ്യം കാട്ടി സഖാവിനെ ഒന്ന് വിളിച്ചതും സഖാവ് എന്നെത്തന്നെ രൂക്ഷമായി ഒന്ന് നോക്കി… ഞാൻ വീണ്ടും ഒന്നുകൂടി ഒന്നപേക്ഷിച്ചു നോക്കിയതും ആള് അവിടെ നിന്നും പതിയെ എഴുന്നേറ്റ് എനിക്കടുത്തേക്ക് വന്നു….

ന്മ്മ്മ്..ന്താ…???എന്തിനാ നീ വിളിച്ചേ…??

സഖാവ് അല്പം ഗൗരവം ഫിറ്റ് ചെയ്ത് ചോദിച്ചതും ഞാൻ കൈയ്യിലിരുന്ന പായ്ക്കറ്റ് സഖാവിന് നേരെ നീട്ടി വച്ചു…ആ പായ്ക്കറ്റിന് മീതെ സഖാവ് എന്നെ ഏൽപ്പിച്ച ബാഡ്ജും ഉണ്ടായിരുന്നു…

എന്തായിത്…??

സഖാവ് അത് വാങ്ങാതെ എന്റെ മുഖത്തേക്ക് നോക്കി…

ഇത്…അന്ന്…സ… ദേവേട്ടൻ എന്റെ കൈയ്യിൽ ഏൽപ്പിച്ച ബാഡ്ജാ…. സൂക്ഷിച്ചു വയ്ക്കണംന്ന് പറഞ്ഞിരുന്നു…..

സംഗീത ഞാൻ വിളിച്ചത് കേട്ട് അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു…

അതെ പറഞ്ഞിരുന്നു…. അതൊക്കെ പോട്ടെ..നീയിപ്പോ എന്നെയാണോ ദേവേട്ടൻന്ന് വിളിച്ചത്…

ഞാനതിന് തലകുനിച്ച് നിന്ന് അതേന്ന് തലയാട്ടി…

എനിക്ക് അത്തരം വിളികളേ…ഇഷ്ടമല്ല… ഇവിടെ എന്റെ വിളിപ്പേര് ദേവൻ എന്നല്ല ഘോഷ് എന്നാ… എല്ലാവർക്കും അങ്ങനെ വിളിയ്ക്കാനറിയാമെങ്കി നീയും അങ്ങനെ തന്നെ വിളിച്ചാൽ മതി… നിനക്ക് മറ്റുള്ളവരിൽ നിന്നും വലിയ വ്യത്യാസങ്ങൾ ഒന്നുമില്ലല്ലോ…

സഖാവ് ആകെ കലിപ്പിലായി….

എനിക്ക് അങ്ങനെ വിളിക്കാനാ തോന്നിയത്… നേരത്തെ പറഞ്ഞതുപോലെ സഖാവെന്നോ ഘോഷണ്ണൻ എന്നോ ഈ മുഖത്ത് നോക്കി വിളിയ്ക്കാൻ തീരെ മനസു വന്നില്ല… അതുകൊണ്ടാ അങ്ങനെ വിളിച്ചത്…

ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെയൊക്കെ വിളിയ്ക്കുന്നതാ ഇഷ്ടം.. എല്ലാവരേയും പോലെ അതങ്ങ് ശീലമാക്കിയാൽ മതി നീയും….

ഞാൻ പറഞ്ഞില്ലേ എനിക്ക് അങ്ങനെ വിളിയ്ക്കാൻ തോന്നുന്നില്ല.. ഒരു പരിചയവുമില്ലാത്ത എന്നെ ചേട്ടൻ നീയെന്നും എടീന്നും വിളിയ്ക്കുമ്പോ ഞാൻ തിരിച്ചൊന്നും പറയുന്നില്ലല്ലോ…..

അത് കേട്ടതും സഖാവ് എന്നെ ഇരുത്തി ഒന്ന് നോക്കി….

പിന്നെ ഇത്…ഒരു ഷർട്ടാണ്… ഞാൻ അന്ന് ചേട്ടന്റെ ഒരു ഷർട്ടല്ലേ അച്ചാറില് മുക്കി നശിപ്പിച്ചത്… അതിന് പകരമാണെന്ന് കൂട്ടിയ്ക്കോ…!!!

ഞാനതും പറഞ്ഞ് പായ്ക്കറ്റ് സഖാവിന് നേരെ നീട്ടി…ആളപ്പോഴും എന്നെ കലിപ്പിച്ച് നോക്കി നിൽക്ക്വായിരുന്നു……

ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് ഷർട്ട് വാങ്ങി തരാൻ…ഇല്ലല്ലോ… എനിക്ക് ആവശ്യമുള്ള സാധനങ്ങൾ ഞാൻ തന്നെയാ വാങ്ങാറ്… അതിന് മറ്റാരുടേയും സഹായം എനിക്ക് ആവശ്യമില്ല….!!

സഖാവതും പറഞ്ഞ് മുണ്ട് മടക്കി കുത്തി തിരിഞ്ഞു നടന്നു…

അതേ…ഒന്നു നിന്നേ…!!

ഞാൻ പറഞ്ഞത് കേട്ട് സഖാവ് നടന്ന നടപ്പ് ഒന്ന് ബ്രേക്കിട്ടു… പക്ഷേ എന്നെ തിരിഞ്ഞു നോക്കാനുള്ള മനസ് കാണിച്ചില്ല…അത് കണ്ടതും ഞാൻ പതിയെ സഖാവിനടുത്തേക്ക് നടന്നു ചെന്നു…

എന്നെ മുന്നില് കണ്ടാൽ നഷ്ടമാണെന്നല്ലേ പറഞ്ഞേ….!!! അതുകൊണ്ട് ഞാൻ കാരണം ചേട്ടനൊരു നഷ്ടം വേണ്ട…ഇതിന് തിരികെ കടയിൽ കൊണ്ട് പോയി കൊടുക്കാൻ പറ്റില്ല….!!! എനിക്കാണേ ഇത് കൊടുക്കാൻ പാകത്തിന് റിലേറ്റീവ്സോ, ഫ്രണ്ട്സോ ഇല്ല…. ചേട്ടനിപ്പോ ഇത് വേണ്ടാന്ന് വച്ചാൽ നഷ്ടം എനിക്കായിരിക്കും…അതും ചേട്ടൻ കാരണം….

ഞാനത്രയും പറഞ്ഞ് പായ്ക്കറ്റ് മുന്നിലിരുന്ന സഖാവിന്റെ ബുള്ളറ്റിന് പുറത്തേക്ക് വച്ചു…അതിന് മുകളിലായി ആ ബാഡ്ജും വച്ച് തിരിഞ്ഞു നടന്നതും പിന്നിൽ നിന്നും സഖാവിന്റെ വിളി വന്നു…

ഋതു ചോദിച്ചപ്പോ നിന്റെ കൈയ്യിൽ ഇല്ലാന്ന് പറഞ്ഞ ബാഡ്ജ് ഇപ്പോ എവിടുന്ന് കിട്ടി നിനക്ക്… വല്ല മാജിക്കും വശമുണ്ടോ…???

സഖാവ് അതും പറഞ്ഞ് പായ്ക്കറ്റിന് മുകളിലിരുന്ന ബാഡ്ജ് മാത്രം കൈയ്യിലെടുത്തു… അത് കേട്ടതും ഞാൻ നിന്നൊന്ന് പരുങ്ങി… അപ്പോഴേക്കും സഖാവ് എന്റടുത്തേക്ക് നടന്നടുത്തിരുന്നു….

ഞാൻ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ ചെവിമടക്കിലേക്ക് ഒതുക്കി വച്ച് അല്പം പരിഭ്രമത്തോടെ നിന്നു….

ഇതിപ്പോ എവിടുന്ന് കിട്ടീന്നാ ചോദിച്ചേ…???

ആ ചോദ്യത്തിൽ അധികം ദേഷ്യം കലർന്നിരുന്നില്ല…..

അത്…ആ ചേച്ചി വന്നു ചോദിച്ചപ്പോ ഇത് എന്റെ കൈയ്യിൽ ഇല്ലായിരുന്നു…എവിടെയോ നഷ്ടപ്പെട്ടു… പിന്നെ നിലത്ത് നിന്നും തിരികെ കിട്ടിയതാ… ഞാൻ തലകുനിച്ച് നിന്ന് പറഞ്ഞു…

ഹോ… അങ്ങനെ…!!!! എനിക്ക് ഈ നുണപറയുന്ന ശീലം അത്ര ഇഷ്ടമുള്ള കൂട്ടത്തിലല്ല… പിന്നെ മുഖത്ത് നോക്കി നിന്ന് പറയാത്തോണ്ട്……. നീ ചെല്ല്…ക്ലാസുണ്ടാവുമല്ലോ…!!!

അത് കേൾക്കേണ്ട താമസം ഞാനും സംഗീതയും കൂടി നടന്നു തുടങ്ങി…

അതേ… ഒന്നു നിന്നേ….Internals കഴിയുമ്പോ election notification ഉണ്ടാവും…നീയാണ് കലാസ്കോഡ്… കുറച്ച് പാട്ട് പഠിച്ചു വച്ചേക്കണം…

അത്രയും പറഞ്ഞ് സഖാവൊരു പോക്കായിരുന്നു… എനിക്ക് സമ്മതമാണോ അല്ലയോന്ന് പോലും ഒരു ചോദ്യം അങ്ങേർടെ ഭാഗത്ത് നിന്നും ഉണ്ടായില്ല…ആ ഞെട്ടലിൽ അടിമുടി തരിച്ചു നിൽക്ക്വായിരുന്നു ഞാൻ….

തുടരും….

തെറ്റുകളുണ്ടാവും തിരുത്തി വായിക്കുക… പെട്ടെന്ന് type ചെയ്തതാണ്… അപ്പോ നമ്മുടെ ക്യാമ്പസ് ഒരു election ന് തയ്യാറെടുക്ക്വാണ്… അപ്പോ byee Yaar….plz like and comment…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *