പ്രിയസഖീ, തുടർക്കഥ ഭാഗം 9 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

രണ്ടാഴ്ചകൾക്ക് ശേഷം…!!!

മഹാദേവ ക്ഷേത്രം വക ഓഡിറ്റോറിയത്തിൽ തൊഴുകൈകളോടെ നിൽക്കുമ്പോഴും *ഞാൻ എന്നതിന്റെ അവസാനവും,നമ്മളെന്നതിന്റെ തുടക്കവുമാണ് വിവാഹമെന്ന് * മനസ്സാൽ തീർത്ഥയ്ക്ക് വാക്ക് നൽകുകയായിരുന്നു ദേവൻ…വളരെ ചുരുങ്ങിയ അംഗങ്ങൾക്ക് നടുവിൽ നിന്ന് തീർത്ഥയുടെ കഴുത്തിലേക്ക് മഞ്ഞചരടിൽ കോർത്ത താലി കെട്ടിയുറപ്പിക്കുമ്പോഴും അവന്റെ കൈ വിറച്ചില്ല…താലി കെട്ടുമ്പോഴും സിന്ദൂരരേഖ ചുവപ്പിക്കുമ്പോഴും തീർത്ഥ വിടർന്ന കണ്ണുകളോടെ അവനെ നോക്കി കാണുകയായിരുന്നു…കൈ പിടിച്ചു കൊടുക്കാൻ മുന്നോട്ട് വന്നത് തീർത്ഥയുടെ അമ്മ തന്നെയാണ്…ചടങ്ങുകൾ നല്ല രീതിയിൽ പൂർത്തിയായതും അച്ഛന്റെ അനുഗ്രഹമെന്നോണം അവരെ തഴുകി ഒരു കുളിർ തെന്നൽ കടന്ന് പോയിരുന്നു…അവളപ്പോഴേക്കും മറ്റൊരു ലോകത്തേക്ക് ചെക്കേറിയിരുന്നു…തീർത്ഥമോളും അവളുടെ അച്ഛനും മാത്രമുള്ള ലോകത്തേക്ക്…!!

മാണിക്യശേരിയിലേക്ക് പോകും മുന്നേ ദേവനും ശ്രീധരനും ശ്രീദേവിയെയും തരുണിയേയും തറവാട്ടിലേക്ക് വരാൻ നിർബന്ധിച്ചിരുന്നു…തന്റെ പാതി ഉറങ്ങുന്ന മണ്ണിൽ നിന്ന് വരാതെ അമ്മ വാശിപിടിച് നിന്നിരുന്നു…തീർത്ഥയെ ചേർത്ത് പിടിച്ചു ചുംബിക്കുമ്പോഴേക്കും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് തൂവിയിരുന്നു…ഈ മുഹൂർത്തം കാണാൻ ജഗനില്ലല്ലോയെന്ന ദുഃഖം അവരിലുണ്ടായിരുന്നു…തീർത്ഥ ഒരു ശില പോലെ നിന്നുകൊടുക്കുകയാണ് ചെയ്തത്…അമ്മയുടെയും തരുണിയുടെയും സ്നേഹവായ്‌പ്പുകൾക്ക് മുന്നിലും തീർത്ഥയുടെ കണ്ണുകൾ നിറഞ്ഞില്ല…അവർക്കാകെയുള്ളൊരു ആശ്വാസം ദേവന്റെ കയ്യിൽ അവളെയെല്പിച്ചതായിരുന്നു…തന്റെ കൈകൾ ചേർത്ത് പിടിച്ചു നിറമിഴികളോടെ തന്നെ നോക്കുന്ന ശ്രീദേവിയെ കണ്ടതും അവര് പറയാൻ വരുന്നതെന്താണെന്ന് അവന് മനസിലായിരുന്നു…

“അമ്മേ…ഒരു മരണം നടന്ന വീട്ടിൽ നല്ല കാര്യങ്ങൾ നടക്കരുതെന്നാണ് പറയാറ്…അതിനെ പാടെ അവഗണിച്ചു കൊണ്ടാ ഞാനീ ചെയ്യുന്നത്…എനിക്ക് ശരിയെന്നു തോന്നിയത് മാത്രമേ ഞാൻ ചെയ്യൂ…ഇതൊരു വാഗ്ദാനമാണ്…ഇവളെ സ്വന്തമാക്കാൻ ഒരു താലികെട്ടണമെന്നാണെങ്കിൽ അതിന് വേണ്ടി മാത്രം…അഗ്നിസാക്ഷിയായി കരം പിടിച്ചാലോ,നാടറിയെ താലിച്ചാർത്തിയാലോ,ഒരു നുള്ള് സിന്ദൂരം നിറുകയിൽ ചാർത്തിയാലോ ഒരാണും ഭർത്താവായി മാറില്ല…അവളെന്ന പെണ്ണ് തളരുമ്പോഴും, ആ മുഖമൊന്നു വാടുമ്പോഴും ചേർത്ത് പിടിക്കാനും ആ നിറുകയിൽ ഒന്ന് ചുമ്പിക്കാനും മതി ഏതൊരാണിനും ഭർത്താവായി മാറാൻ…ഒരു വാക്ക് തരുവാ അമ്മയ്ക്ക് ഞാൻ,,,എന്റെ പെണ്ണിനെ ജീവനുള്ളിടത്തോളം ഞാനായി വേദനിപ്പിക്കില്ല…അവളെ പഴയ തീർത്ഥയായി ഞാൻ തിരിച്ചു കൊണ്ടുവന്നിരിക്കും…എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം ഞാനൊരിക്കലും തകർക്കില്ല…എന്റെ ഹൃദയത്തിൽ തിങ്ങി നിൽക്കുന്ന തീർത്ഥയോടുള്ള പ്രണയത്തിന്റെ തിളക്കമാണ് അവളുടെ നെഞ്ചിൽ മയങ്ങുന്ന ഈ താലി…”

തീർത്ഥയെ മുന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു നിർത്തി…ശ്രീദേവിയുടെയും തരുണിയുടെയും മുഖം സന്തോഷം കൊണ്ട് വിടരാൻ അവന്റെ വാക്കുകൾ ധാരാളമായിരുന്നു…മാണിക്യശേരിയിലേക്കുള്ള യാത്രയിൽ തീർത്ഥ ദേവന്റെ നെഞ്ചിൽ കിടന്ന് പുറത്തെ കാഴ്ചകൾ കാണുകയാണ്…മിഴികൾ അവിടെയെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്ന് തോന്നിയിരുന്നു അവന്…ഇടയ്ക്ക് ഇടയ്ക്ക് പിന്നിലേക്ക് തിരിഞ്ഞു നോക്കുന്ന ദേവ്നിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

“നിന്നെ കണ്ടിട്ട് കൊറച്ചൂസായല്ലോ ദേവു…”

“കണ്ടിട്ട്ന്നല്ല ഏട്ടാ…ശ്രദ്ധിച്ചിട്ടെന്ന് പറയ്‌…ഏട്ടൻ കൊറച്ചൂസായിട്ട് നല്ല തിരക്കിലായിരുന്നല്ലോ…പിന്നെ എങ്ങനെ കാണാനാ…”

അവളൊരു നെടുവീർപ്പോടെ പുറത്തേക്ക് മിഴികളൂന്നി പറഞ്ഞതും ദേവൻ കുറുമ്പോടെ അവളെ നോക്കി…എന്തൊക്കെ ആണെങ്കിലും ആ മനസ്സിൽ നന്മയുടെ ഒരംശം ബാക്കിയുണ്ടെന്ന് തീർത്ഥയുടെ അച്ഛൻ മരിച്ചപ്പോ അവനറിഞ്ഞതാണ്…

“അതൊക്കെ പോട്ടെ,,,ദേ ഒരു കാര്യം പറഞ്ഞേക്കാം…ഇനി മുതൽ ഇവൾ നിന്റെ ഏടത്തിയമ്മയാണ്…അതായത് എന്റെ ഭാര്യ…എപ്പോഴും ആ ബഹുമാനവും സ്നേഹവും നിനക്കിവളോട് ഉണ്ടായിരിക്കണം…ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും…കേട്ടോടി…”

ദേവൻ കപടദേഷ്യം നടിച്ച് പറഞ്ഞതും ദേവ്നി തിരിഞ്ഞവനെ രൂക്ഷമായൊന്നു നോക്കി,,,തീർത്ഥയെ നോക്കിയ ആ മിഴികളിൽ തെളിയുന്ന ഭാവമെന്തെന്ന് അവന് മനസിലാക്കാനായിരുന്നില്ല…വീട്ട് മുറ്റത്തു കാർ കൊണ്ടുവന്ന് നിർത്തിയതും തീർത്ഥയേയും കൂട്ടി ദേവനിറങ്ങി…നിലവിളക്കുമായി നിൽക്കുന്ന സുഭദ്രയെ കണ്ട് ദേവനൊന്ന് പുഞ്ചിരിച്ചു…ആരതിയുഴിഞ്ഞത് ഉഷാമ്മയാണ്…ശ്രീലതമ്മായി അരികിലായി മാറിനിൽക്കുന്നത് കണ്ടു…നിലവിളക്ക് തീർത്ഥയ്ക്ക് നേരെ നീട്ടിയെങ്കിലും അവളത് മേടിക്കാതെ ദേവനെ നോക്കുകയാണ് ചെയ്തത്…അവളുടെ നോട്ടം മനസിലാക്കി അവൻ കണ്ണുകൾ കൊണ്ട് കാര്യമെന്താണെന്ന് ചോദിച്ചു…

“അച്ഛൻ എപ്പോഴാ വരാ…?? ന്നേ പറ്റിക്കണ്ടാന്ന് പറയോ…?? ”

തീർത്ഥയുടെ ആ ഒറ്റ ചോദ്യത്തിൽ അത്രയും നേരം സന്തോഷത്തോടെയിരുന്ന മുഖങ്ങളിൽ വേദനയുടെ വിഷാദം കലർന്നിരുന്നു…ഒരുനിമിഷം ആലോചിച്ച ദേവൻ അവളെ ഒരു വാത്സല്യത്തോടെ നോക്കി…

“വരും…അച്ചേടെ തീർത്ഥകുട്ടിയെ കാണാതിരിക്കാൻ അച്ഛന് പറ്റുവോ…?? വൈകാണ്ട് വരൂട്ടോ…ഇല്ലേൽ ഞാൻ കൊണ്ടുവരും…ഇപ്പൊ ആ നിലവിളക്ക് മേടിച്ചു പിടിച്ചേ…”

അവൻ അരുമയോടെ പറഞ്ഞു നിർത്തിയതും അവളൊന്ന് തലകുലുക്കി നിലവിളക്ക് മേടിച്ച് അകത്തേക്ക് നടന്നു…വീട്ടിൽ വന്ന് ഫ്രഷ് ആയി ഡ്രസ്സ്‌ മാറിയ ശേഷം ദേവൻ തീർത്ഥയേയും കൊണ്ട് പുറത്തേക്ക് പോയിരുന്നു…ഡോ.ഐസക്കിന്റെ മുന്നിൽ തീർത്ഥയേയും കൊണ്ടിരിക്കുമ്പോ മുന്നോട്ടെന്തായിരിക്കണമെന്ന് അവന് നിശ്ചയമുണ്ടായിരുന്നു…

“സീ ദേവൻ,,,ഇതിനെ ഒരിക്കലും ഭ്രാന്തെന്ന് പറയാൻ പറ്റില്ല…ഒരുതരം ഡിപ്രെഷൻ,,,അതാണ് ഇതിന്റെ പേര്…അത്രയും പ്രിയപ്പെട്ടവരായി കരുതിയവരുടെ പ്രതീക്ഷിക്കാതെയുള്ള വേർപാട് മനസ്സിൽ ഉണ്ടാക്കിയ ആഖാതം…പിന്നെ,,,ഒരുപാട് വേദനകൾ സഹിച്ചവർക്ക് പിടിച്ചു നിൽക്കാൻ പറ്റിയെന്നു വരില്ല…തീർത്ഥ ഇപ്പോഴും മറ്റൊരു ലോകത്താണ്,,,അവിടെ താനോ ഞാനോ ഒന്നുമില്ല…അവളും അവളുടെ അച്ഛനും മാത്രം…ആ ലോകത്ത് നിന്നും അവളെ പുറത്ത് കൊണ്ടുവരുകയാണ് നമ്മൾ ചെയ്യേണ്ടത്…പരമാവധി സ്നേഹം നൽകുക,,,അതിലൂടെ അവളെ തിരിച്ചു കൊണ്ടുവരുക…അത്ര മാത്രം,,,,മെഡിസിൻ ഒന്നും ഞാൻ പ്രിസ്ക്രൈബ് ചെയ്യുന്നില്ല,,,കാരണം തീർത്ഥ ഇപ്പോഴും ഒരു രോഗിയല്ല…പരമാവധി അവളെ സ്നേഹത്തിലൂടെ ഓക്കേ ആക്കാൻ ശ്രമിക്കുക….”

തീർത്ഥയേയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോഴും ദേവന്റെ മനസ്സിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു…ഒരു ഭ്രാന്തിയെന്ന മുദ്ര കുത്തി അവളെ ഒരു റൂമിനുള്ളിൽ തളച്ചിടാൻ അവൻ ഒരുക്കമായിരുന്നില്ല…അവളുടെ സ്വപ്നങ്ങൾക്ക് ചിറക് പകരാൻ തനിക്കാവുമെന്ന് അവനൊരു ആത്മവിശ്വാസത്തോടെ ഓർത്തു…രാത്രിയിൽ തന്റെ നെഞ്ചിലായി കിടക്കുന്ന തീർത്ഥയെ പിടിച്ചെഴുന്നേൽപ്പിച് അവനൊരു പുസ്തകം അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു…ആദ്യമൊന്നും അവളത് ശ്രദ്ധിച്ചില്ലെങ്കിലും പതിയെ കണ്ണുകൾ അതിലേക്ക് തെന്നിമാറുന്നത് അവനൊരു പുഞ്ചിരിയോടെ നോക്കി നിന്നു…കയ്യിലിരിക്കുന്ന പുസ്തകത്തിലേക്ക് കണ്ണോടിച് തിരിച്ചും മറിച്ചും നോക്കുകയായിരുന്നു തീർത്ഥ…ഇതെന്താണെന്നറിയാമോ എന്ന അവന്റെ ചോദ്യത്തിന് തലകുലുക്കി നിഷേധാർത്തത്തിൽ മറുപടി പറഞ്ഞുകൊണ്ടവൾ അവന്റെ വാക്കുകൾക്കായി കാതോർത്തു…

“തീർത്ഥക്കുട്ടിടെ അച്ഛന്റെ വല്യ ആഗ്രഹമായിരുന്നു മോൾക്ക് നല്ലൊരു ജോലി കിട്ടണമെന്നത്…രണ്ടാഴ്ച കഴിഞ്ഞാൽ ഒരു എംപ്ലോയ്മെന്റ് ടെസ്റ്റ്‌ ഉണ്ട്…അതിൽ നിനക്ക് പങ്കെടുക്കാൻ കഴിയണം…അച്ഛന്റെ ആഗ്രഹം നടത്തി കൊടുക്കണം…ഞാൻ പഠിപ്പിക്കാൻ തയാറായാൽ പഠിക്കാൻ തീർത്ഥകുട്ടിക്ക് മടിയുണ്ടോ…?? ”

അവന്റെ ചോദ്യം കേട്ട് അവളൊരുപാട് നേരം നോക്കിയിരുന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല…പക്ഷേ തളരാൻ തയാറാവാതെ വീണ്ടും വീണ്ടുമവൻ ചോദിച്ചു കൊണ്ടേയിരുന്നു…

“അത്…അത്….അച്ഛന്റെ ആഗ്രഹയിരുന്നോ…?? ടെസ്റ്റ്‌ എഴുതി ജയിച്ചാൽ അച്ഛൻ ന്നേ കാണാൻ വരോ…?? ”

“പിന്നെ വരാതെ…ഞാനല്ലേ പറയുന്നേ…എങ്ങനെ എഴുത്തണമെന്നൊക്കേ ഞാൻ പറഞ്ഞു തരാം…അനുസരിക്കുവോ…?”

“ഇയാളപ്പോ എന്റെ ആരാകും…മാഷാണോ…?? ”

അവളുടെ പെട്ടെന്നുള്ള ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി…ഒന്നുമറിയാതെ നിഷ്കളങ്കമായി തന്നെ നോക്കുന്ന തീർത്ഥയെ കണ്ട് ആ ചിരി ഒന്നുകൂടി ഉയർന്നു…വിഷാദം തെളിഞ്ഞു വരുന്ന അവളുടെ മുഖം കണ്ടതും അവൻ ചിരി നിർത്തി അവള്ടെ കൈയെടുത്ത് തന്റെ കൈക്കുള്ളിലായ് വേച്ചു…

“ഞാൻ നിന്റെ ആരാകണമെന്ന് ചോദിച്ചാൽ…ഹാ,,നീ അണിയുന്ന നെറ്റിയിലെ കുങ്കുമത്തിന്റെ ചുവപ്പാകണം…നിന്റെ പുഞ്ചിരിയുടെ ഉറവിടമാകണം…നീ അണിയുന്ന താലിയുടെ മഹത്വമാകണം…”

കണ്ണുകളിലേക്ക് നോക്കി പ്രണയാർദ്രമായി തീർത്ഥയുടെ ഇരുകവിളിലും കൈകൾ ചേർത്ത് വെച്ചുകൊണ്ടവൻ പറഞ്ഞു നിർത്തിയതും തീർത്ഥ ഒന്നും മനസിലാകാതെ അവനെ നോക്കിയിരുന്നു…അവള്ടെ നോട്ടത്തിന്റെ അർത്ഥം അവനും മനസിലായിരുന്നു…

“പൊട്ടത്തി,,,അതായത് ഞാൻ നിന്റെ കേട്യോൻ ആണെന്ന്…ഇനി ഇതും മനസിലായില്ലെങ്കിൽ നിന്റെ മാഷ് ആകാൻ പോകുവാന്ന്…അതിനുള്ള ആദ്യപടിയാണ് ഈ പുസ്തകം…”

അവള്ടെ കയ്യിൽ നിന്നും പുസ്തകം വാങ്ങി മേശയിലേക്ക് വെച്ചുകൊണ്ടവൻ പറഞ്ഞു നിർത്തി…രാത്രി ദേവന്റെ കൈകൾക്കുള്ളിൽ ഭദ്രമായി മയങ്ങുമ്പോഴും തീർത്ഥയുടെ അധരങ്ങളിൽ മാഷ്എന്ന നാമം സ്ഥാനം പിടിച്ചിരുന്നു…രാവിലെ അലാറം വെച്ചെഴുന്നേറ്റ ദേവൻ തീർത്ഥയേയും വിളിച്ചെഴുന്നേൽപ്പിച്ചു…പുതിയ ഒരു ജീവിതം തുടങ്ങുവാണ്…ഒരുപക്ഷേ തീർത്ഥയുടെ രണ്ടാം ജന്മം തന്നെയാകും ദേവനിലൂടെ പുനർജനിക്കുന്നത്…ഫ്രഷായി ഇരുവരും ടേബിളിൽ വന്നിരിക്കുമ്പോഴേക്കും തലേന്ന് പറഞ്ഞ് വെച്ച പോലെ സുഭദ്രമ്മ ചൂട് കാപ്പിയും കൊണ്ട് വന്നിരുന്നു…മടി പിടിക്കാതിരിക്കാനായി ഓരോ നിമിഷവും അച്ഛന്റെ ആഗ്രഹം ഓർമിപ്പിക്കാൻ അവൻ മറന്നില്ല…കട്ടിയെറിയ പുസ്തകത്തിലെ ഓരോ കാര്യങ്ങളും നർമത്തിന്റെ വഴിയേ പറഞ്ഞ് കൊടുക്കുമ്പോ അവനിലെ അധ്യാപകൻ ഉണർന്നിരുന്നു…ഒപ്പം എവിടെയോ അവളാ പഴയ തീർത്ഥ ആകുന്നതവനറിഞ്ഞു…എക്സാം ഹാളിൽ ചെന്ന് എങ്ങനെ ചോദ്യങ്ങളെ നേരിടുമെന്ന് അറിയാനായി അവളെ പഠിക്കാനിരുത്തി അവൻ കുറച്ച് ചോദ്യങ്ങൾ ഉണ്ടാക്കി….ടെസ്റ്റ്‌ അടച്ചു വെച്ച് അവള്ടെ മുന്നിലേക്ക് ആ ചോദ്യങ്ങൾ നീട്ടുമ്പോ അവളും ഒരു വിദ്യാർത്ഥി ആയി മാറിയിരുന്നു…

“മാഷേ,,,,മാഷേ,,,ഇതല്ലേ…ഇതല്ലേ അതിന്റെ ഉത്തരം…?? ”

പേപ്പർ അവന് നേരെ നീട്ടിക്കൊണ്ടവൾ വിടർന്ന മുഖത്തോടെ ചോദിച്ചതും ചൂണ്ടുവിരൽ കൊണ്ട് വായടയ്ക്കാൻ പറഞ്ഞ ദേവൻ ഒരു വാത്സല്യത്തോടെ അവളെ നോക്കിയിരുന്നു…സ്വയം ചൂണ്ടുവിരൽ കൊണ്ട് ചുണ്ട് പൊത്തി തീർത്ഥ അവൻ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതി തീർത്തിരുന്നു…പിന്നെയും കുറച്ച് നേരം കൂടെ അവൾക്കൊപ്പം ഇരുന്ന ശേഷം ദേവൻ പുറത്തേക്ക് പോയി…ചുറ്റിലും നോക്കിക്കൊണ്ട് മേശയിലേക്ക് തലവെച്ച് കിടന്നുകൊണ്ട് മുന്നിലിരുന്ന വെള്ളപ്പേപ്പറിലേക്ക് അവളെന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങിയിരുന്നു…കൊറച്ചു സമയങ്ങൾക്ക് ശേഷം മുറിയിലേക്ക് കേറി വന്ന ദേവൻ കാണുന്നത് മേശയിൽ കിടന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന തീർത്ഥയെയാണ്…അവള്ടെ അടുത്ത് ചെന്ന് തലയിൽ തഴുകി കുളിക്കാൻ പോകാനൊരുങ്ങുമ്പോഴാണ് മുന്നിലായ് കിടക്കുന്ന വെള്ളക്കടലാസിലെ വരികൾ അവന്റെ ശ്രദ്ധയിൽ തെളിയുന്നത്…

*പൂർണമാകാത്തൊരു കവിത പോലെ ജീവിക്കുക… ആരെങ്കിലും നിങ്ങളെ വായിച്ചു തീർന്നുവെന്ന് വിചാരിക്കുമ്പോൾ അയാളുടെ ധാരണകളെ തിരുത്തി കൊണ്ട് നീ അടുത്ത രണ്ട് വരികൾ കൂടെ കുറിക്കുക…*

ഒരുനിമിഷം അതിലേക്ക് തന്നെ നോക്കിയശേഷം ദേവൻ ഒരു പുഞ്ചിരിയോടെ ഷെൽഫിലേക്ക് നടന്ന് അല്പം വലുപ്പമുള്ള ചെറിയൊരു ഡയറി പുറത്തെടുത്തു…അവൾക്കടുത്തായി കസേര നീക്കിയിട്ടത്തിന് ശേഷം അവള്ടെ മുന്നിലേക്ക് ആ ഡയറി വെച്ചുകൊടുത്തു…തീർത്ഥ തലയുയർത്തി അവനെ നോക്കി…

“ഇനി എന്തെഴുതാൻ തോന്നിയെങ്കിലും ദേ ഇതിൽ എഴുതണം…അതെന്തും ആയിക്കോട്ടെ,,,ഇതിലെ എഴുതാവു…കേട്ടോ…”

അവന്റെ ചോദ്യത്തിന് തലകുലുക്കി മറുപടി പറഞ്ഞ ശേഷം അവൾ അതേപടി കിടന്നു…റൂമിൽ ചുരുണ്ടു കൂടിയിരുന്നാൽ തന്നെ മനസ്സ് തളർന്നു പോകുമെന്ന് തോന്നിയത് കൊണ്ട് അച്ഛമ്മയുടെയും അമ്മയുടെയും കൂടെ ഇരുത്തിയ ശേഷം കോളേജിലേക്ക് പോകാനായി ദേവൻ റൂമിലേക്ക് പോന്നു…

•°•°•°•°•°•°•°•°•°•°•°•

” എന്റെ ധാരണകൾ എല്ലാം തെറ്റുവാണല്ലോ മോനെ…”

കയ്യൂഴിഞ്ഞുകൊണ്ട് ശ്രീലത ബെഡിലേക്കമർന്നിരുന്നു…ശ്രാവൺ അവരെ സംശയത്തോടെ നോക്കിയെങ്കിലും ആ മുഖത്തെ ഭവമവന് അവ്യക്തമായിരുന്നു…

“അമ്മ എന്താ പറഞ്ഞു വരുന്നേ…?? എനിക്ക് മനസിലാകുന്നില്ല…”

“തീർത്ഥ,,,,അവളാ ഇപ്പൊ എന്റെ പ്രശ്നം…ദേവിയോടുള്ള അമിത സ്നേഹം മൂലം അച്ഛൻ സ്വത്തുക്കളിൽ കൂടുതൽ ഓഹരി അവൾക്ക് നൽകുമെന്ന് പേടിച്ചിട്ടാ അവളെ ഞാൻ ഒളിച്ചോടാൻ സഹായിച്ചത്…അത് കൊണ്ട് മാത്രം,,,പിന്നീട് ഏട്ടന്റെ ഉള്ളിൽ അവളോടുള്ള പക വളർത്താൻ ഞാൻ പെട്ട പാട്…എല്ലാം ഒരു കരയ്ക്ക് എത്തി വരുമ്പോഴാ തീർത്ഥ വേലക്കാരി ആയിട്ട് ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നത്…അമ്മയ്ക്ക് അവളോടുള്ള സ്നേഹം അപ്പോഴേ എനിക്ക് മനസിലായിരുന്നു…എങ്ങനെ എങ്കിലും അവളെ ഒഴിവാക്കാൻ നോക്കുമ്പോളാ ദേവന്റെ ഭാര്യയായി അവളിങ്ങോട്ട് കെട്ടിയെടുക്കുന്നത്…ദേവൻ,,,അവന് ഉശിര് കുറച്ച് കൂടുതലാ…ഇനി സ്വത്തുക്കൾ അവൾക്കും അവനും മാത്രമായി എഴുതി വെക്കുമോന്നാ എന്റെ പേടി…അങ്ങനെയെങ്ങാൻ സംഭവിച്ചാൽ ഇത്രയും നാളും നമ്മള് ചെയ്തു കൂട്ടിയതൊക്കെ വെറുതെ ആവില്ലേ…?? ”

“ദേവന്റെയും തീർത്ഥയുടെയും കാര്യം എനിക്ക് വിട്ടേക്ക്…അവരെ എങ്ങനെ ഡീൽ ചെയ്യണമെന്ന് എനിക്കറിയാം..അതിന് മുന്നേ എനിക്കൊരു കാര്യം അറിയണം…തീർത്ഥയുടെ തന്ത മരിക്കാൻ കാരണം അമ്മയല്ലേ…?? ”

ശ്രാവൺ നിഗൂഢത കലർന്ന ചിരിയോടെ ചോദിച്ചതും ശ്രീലതയുടെ പൊട്ടിച്ചിരി ആ റൂമിൽ ഉയർന്നിരുന്നു…

“നീ എന്റെ മോൻ തന്നെ,,,നിന്റെ ഊഹം ശരിയാ…ദേവൻ അന്ന് പറഞ്ഞതൊക്കെ ഞാനും കേട്ടിരുന്നതാ…ഏട്ടൻ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോ വിധിയെന്ന് വിചാരിച്ചു സമാധാനിച്ചു ഇരിക്കുവാരുന്നു ജഗൻ…അവന്റെ ചങ്ക് പൊട്ടാൻ വേണ്ടി തന്നെയാ തീർത്ഥയെക്കുറിച്ച് പുതിയ കഥകൾ മേഞ്ഞതും അയാൾക്ക് മുന്നിൽ ക്രൂരമായി അവതരിപ്പിച്ചതും…അതുകൊണ്ട് ഏതായാലും ഞാൻ ഉദ്ദേശിച്ച പോലെ കാര്യം നടന്നു കിട്ടി…”

അതും പറഞ്ഞ് പല്ല് കടിച്ച് വലിഞ്ഞ മുഖത്തോടെ പുറത്തേക്ക് നോക്കിയിരുന്നതും ഇതൊക്കെ കേട്ട് ദേവ്നി പുറത്ത് തരിച് നിൽക്കുന്നതവർ അറിഞ്ഞിരുന്നില്ല… നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യുക… (തുടരും….)

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *