പ്രിയസഖീ, തുടർക്കഥ ഭാഗം 8 വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

ദേവൻ നടന്നു നീങ്ങിയതും ഇനിയെന്ത് ചെയ്യണമെന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു ശ്രീധരൻ,,,ഭാരതിയുടെ മുഖത്തും നിരാശ കലർന്നിട്ടുണ്ട്…അവന്റെ ഭാഗത്ത്‌ നിന്ന് ഇങ്ങനെയൊരു പ്രതികരണം അവർ പ്രതീക്ഷിച്ചിരുന്നില്ല…എങ്കിൽ പോലും ദേവന് താല്പര്യമില്ലങ്കിൽ മുന്നോട്ട് കൊണ്ടുപോകേണ്ടന്ന അഭിപ്രായമായിരുന്നു അച്ഛമ്മയ്ക്കും…ശ്രീധരനോട് അവരെ കാര്യം വിളിച്ചു പറയാൻ പറഞ്ഞ് ഭാരതി ദേവന്റെ റൂമിലേക്ക് നടന്നു…ഫോൺ എടുത്ത പടി നിരാശയോടെ പറഞ്ഞു നിർത്തിയ ശ്രീധരൻ അവരുടെ മറുപടി കേൾക്കാതെ കാൾ കട്ടാക്കി…അല്ലെങ്കിൽ തന്നെ എന്ത് കേൾക്കാനാണ്…അവർക്കത് സഹിക്കാൻ പറ്റില്ലെന്നയാൾക്ക് തോന്നിയിരുന്നു….സോഫയിലേക്ക് തലചായ്ച് ഇരിക്കുന്ന ശ്രീധരന്റെ ചുമലിൽ ആശ്വാസമെന്നോണം സുഭദ്രയുടെ കൈകൾ പതിഞ്ഞിരുന്നു…

മുറിയിലേക്ക് കയറിയ ഭാരതി ചുറ്റും ദേവനെ പരതി…ജനലിന് അടുത്തായി പുറത്തേക്ക് നോക്കിയിരിക്കുന്ന ദേവന്റെ അരികിലേക്ക് വന്നിരുന്ന് അവന്റെ മുടിയിൽ പതിയെ തഴുകി…ആ സ്പർശം മനസിലായ പോലെ അച്ഛമ്മയെ മുന്നിലേക്ക് പിടിച്ചിരുത്തി ആ മടിയിൽ തലചായ്ച് കിടന്നു…ഭാരതി അവന്റെ മുടിയിലൂടെ വിരലുകൾ പായിച്ചു…

“അച്ഛമ്മേടെ കുട്ടിക്ക് മറ്റുവല്ല ഇഷ്ടവും ഉണ്ടോ…?? അതാണോ തീർത്ഥ മോളെ ഇഷ്ടമില്ലാത്തത്…?? ”

അച്ഛമ്മയുടെ ചോദ്യം കേട്ട് ദേവൻ ഒരു കുസൃതി ചിരിയോടെ എഴുന്നേറ്റിരുന്നു…അവന്റെ മുഖത്തെ ചിരിയുടെ അർത്ഥം തിരയുകയായിരുന്നു ഭാരതി…

“അച്ഛമ്മേ…ഞാനൊന്ന് ചോദിക്കട്ടെ,,,ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം എന്ന് പറയുന്നത് വിവാഹമാണോ…?? അതിന് വേണ്ടി മാത്രമാണോ അവളീ ഭൂമിയിലേക്ക് പിറന്നത്…?? തീർത്ഥയെ എനിക്കിഷ്ടം തന്നെയാണ്…അതിനെ പ്രണയമെന്ന് വിളിക്കാൻ പറ്റുമോന്ന് എനിക്കറിയില്ല… അവളെന്നും ഒരു വേലക്കാരിയായി മാത്രം കഴിഞ്ഞാൽ മതിയോ…?? ഒരു പെണ്ണിന്റെ ജീവിതം സുരക്ഷിതമാക്കുകയെന്ന് പറഞ്ഞാൽ വിവാഹം കഴിപ്പിക്കുകയെന്നാണോ…?? സ്വന്തം കാലിൽ നിൽക്കാൻ പറ്റുന്ന പോലെ നല്ലൊരു ജോലി നേടിക്കൊടുക്കുകയല്ലേ വേണ്ടത്…?? ഞാനവളെ വിവാഹം കഴിച്ചെന്ന് വെക്ക്,,,എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവളെങ്ങനെ തുടർന്ന് ജീവിക്കും…എത്രനാൾ മറ്റുള്ളവരുടെ കീഴിൽ അടിമയെ പോലെ നിൽക്കേണ്ടി വരും…?? വിവാഹം കഴിഞ്ഞും പഠിക്കാല്ലോന്ന് പറയും,,,ജീവിതത്തിൽ വരുമ്പോ അതിനൊന്നും പ്രസക്തിയില്ലാതാകും…കാരണം അവളും ഒരു പെണ്ണല്ലേ…കുടുംബവും കുട്ടികളും ഒക്കെ ആഗ്രഹിക്കുന്ന ഒരു പെണ്ണ്…ഞാനീ പറഞ്ഞ കാര്യങ്ങൾ അച്ഛമ്മയ്ക്ക് എത്രമാത്രം ഉൾക്കൊള്ളാനായെന്ന് എനിക്കറിയില്ല…പക്ഷേ ഒന്ന് ഞാൻ പറയാം,,,തീർത്ഥ നല്ലവളാ…എനിക്കവളോടുള്ള വികാരം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല…എനിക്കായ് അവളെ തരുമെങ്കിൽ പൂർണ്ണ മനസോടെ ഞാൻ സ്വീകരിക്കും,,,,പക്ഷേ എനിക്ക് വേണ്ടി, ഒരു വിവാഹത്തിന് വേണ്ടി അവളുടെ സ്വപ്‌നങ്ങളുടെ ചിറക് അറ്റുകൊണ്ടാകരുത്…”

ദേവന്റെ വാക്കുകൾ കേട്ട് ഭാരതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…ദേവനെക്കുറിച് ആലോചിച്ചു അവർക്ക് അഭിമാനവും സന്തോഷവും ഒരുപോലെ ഉയർന്നിരുന്നു…അവന്റെ മനസിലെ വലുപ്പം പോലും തനിക്കില്ലല്ലോയെന്ന് അവരൊരുനിമിഷം ആലോചിച്ചു പോയിരുന്നു…എന്തെ തനിക്കിത് നേരത്തെ തോന്നാതിരുന്നതെന്നും….

•°•°•°•°•°•°•°•°•°•°•°•°•°•°•

രാവിലെ ഉറക്കമെഴുന്നേറ്റ തീർത്ഥ കാണുന്നത് തന്നെ കെട്ടിപ്പിടിച്ചു ഉറങ്ങുന്ന തരുണിയെയാണ്…വാത്സല്യത്തോടെ അവളുടെ നിറുകയിൽ തഴുകി ഫ്രഷായി വേഗം അച്ഛന്റെ മുറിയിലേക്ക് നടന്നു…രാവിലെ ഇൻസുലിൻ എടുക്കണം,,,സിറിഞ്ചിൽ മരുന്ന് നിറയ്ക്കുമ്പോഴേക്കും അമ്മ മുറിയിലേക്ക് കയറി വന്ന് കട്ടൻ മേശയിലേക്ക് വെച്ച് അച്ഛനെ തട്ടി വിളിക്കാൻ തുടങ്ങി…അമ്മയെ പുഞ്ചിരിയോടെയൊന്ന് നോക്കി ശ്രദ്ധയെ മരുന്നെടുക്കുമ്പോഴാണ് അമ്മയുടെ വെപ്രാളത്തോടെയുള്ള അലർച്ച കേൾക്കുന്നത്…ഞെട്ടലോടെ തിരിയുമ്പോഴേക്കും കയ്യിലിരുന്ന സിറിഞ്ചും നിലത്തേക്ക് പതിച്ചിരുന്നു…അമ്മ അലറി കരഞ്ഞു കൊണ്ട് അച്ഛനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…ഇല്ല,,,അച്ഛനെഴുന്നേൽക്കുന്നില്ല…പതിയെ തല നെഞ്ചിലേക്ക് ചേർത്ത് ഹൃദയമിടിപ്പ് നോക്കി…അതും നിലച്ചിരുന്നു…ചേതനയറ്റ ശരീരത്തിലേക്ക് നോക്കി പിന്നിലേക്ക് നീങ്ങി,,,ഒരുപാട് പിന്നിലേക്ക്…കണ്ണുകൾ ആ കാഴ്ച കാണാൻ ആഗ്രഹിക്കുന്നില്ല…

അമ്മയുടെ കരച്ചിൽ കേട്ട് അടുത്തുള്ള വീട്ടിലെ ആൾക്കാർ വന്നിരുന്നു…അവര് തന്നെയാണ് മാണിക്യശേരിയിലും വിവരമറിയിച്ചത്…വാഴയിലയിൽ അച്ഛനെ കിടത്തിയിരിക്കുന്നു…അമ്മ നെഞ്ച് പൊട്ടി നിലവിളിക്കുന്നുണ്ട്…അടുത്തായി തരുണിയും ഏങ്ങി ഏങ്ങി കരയുന്നു…മുത്തശ്ശിയും സുഭദ്രാമ്മയും അമ്മയെയും തരുണിയെയും ചേർത്ത് പിടിച്ചിട്ടുണ്ട്…ശ്രീധരമാമ കണ്ണുകൾ തുടച്ച് പുറത്തേക്ക് മാറുന്നത് കണ്ടു…ദേവേട്ടൻ തന്നെ നോക്കിയശേഷം ശ്രീധരമാമയ്ക്ക് പിന്നാലെ പോയി…ആളുകൾ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു…എല്ലാരും തങ്ങളെ നോക്കുന്ന പോലെ…അല്ല,,,ഞങ്ങളെ തന്നെയാണ്…അച്ഛനെ നോക്കി,,,കണ്ണടച്ച് കിടന്ന് ഉറങ്ങുവാണ്,,,അല്ലേലും എന്നെ പറ്റിക്കാൻ പതിവാണ് ഇങ്ങനെ ഒരു കിടപ്പ്…അതിനെന്തിനാ എല്ലാരും കരയണേ..?? അച്ഛന്റെ കുറുമ്പ് കൂടുന്നുണ്ട്…എഴുന്നേറ്റ് ചെന്ന് അച്ഛനെ ഇക്കിളിപ്പെടുത്താൻ തോന്നി…പക്ഷേ ഉറപ്പിച്ചു വെച്ചത് പോലെ ശരീരം അനങ്ങുന്നില്ല…

തനിക്ക് മാത്രം കണ്ണുനീർ വരുന്നില്ല…ശരീരമാകെ ഒരു മരവിപ്പായിരുന്നു…അത്ഭുതം തോന്നി,,,അമ്മയും തരുണിയുമൊക്കെ കരയുന്നുണ്ട്,,,,സ്വന്തം അച്ഛൻ മരിച്ചിട്ടും എന്തുകൊണ്ട് താൻ മാത്രം കരയുന്നില്ല…?? ഇന്നലെ രാത്രി എന്ത് സന്തോഷമായിരുന്നു…എന്നിട്ടും എന്തെ എന്നോടൊരു വാക്ക് പറയാഞ്ഞേ…?? അച്ഛന് അത്രയ്ക്ക് അന്യയായി പോയോ ഞാൻ…?? തനിച്ചാക്കിയില്ലേ എന്നെ,,,എന്നും ഒരു തണലായി നിന്നിരുന്ന ഈ കൈകൾ ഇനി തനിക്ക് അന്യമാണോ…?? ഒരു പിടി ചാരത്തിലൊതുങ്ങുമോ ഈ ശരീരം…?? നിശബ്ദമായി അച്ഛനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു…ഇല്ല,,,അച്ഛൻ മറുപടി പറയുന്നില്ല…ഒരുപക്ഷേ അച്ഛന്റെ തീർത്ഥകുട്ടിയോട് എന്ത് പറയണമെന്ന് അറിയില്ലായിരിക്കും….

ഭിത്തിയിലെ മൂലയിലേക്ക് ഒന്ന് കൂടി ചുരുണ്ടിരുന്നു…കഥകൾ പറഞ്ഞും താരാട്ട് പാടിയും നെഞ്ചിലെ ചൂടെറ്റ് ഉറങ്ങിയതും,,അച്ഛന്റെ കൈവിരലിൽ തൂങ്ങി തൊടിയിലൂടെ നടന്ന് നീങ്ങുമ്പോ മുള്ളിലും കല്ലിലും പാദങ്ങൾ സ്പർശിക്കാതെ തന്നെ തോളിലേറ്റിയതും,,,മുതിർന്നപ്പോൾ തന്റെ സങ്കടങ്ങൾ അറിയുന്നതും,,,തന്റെ ഏറ്റവും അടുത്ത സുഹൃത്തായതും,,,ക്ഷമ പഠിപ്പിച്ചതും,,,സ്നേഹത്തിന്റെ ആഴം മനസിലാക്കി തന്നതും എല്ലാം അച്ഛനായിരുന്നില്ലേ…?? ചിന്തകൾ മനസിനെ കയ്യടക്കിയിരുന്നു…അത് തനിക്ക് മുകളിൽ സ്വാധീനം ചെലുത്തുന്നതറിഞ്ഞു…ആരോ തട്ടി വിളിച്ചപ്പോഴാണ് സ്വപ്നത്തിലെന്ന പോലെ ഞെട്ടി എഴുന്നേറ്റത്…ഉഷാമ്മയാണ്…അച്ഛനെ കാണാൻ എല്ലാരും വന്നിട്ടുണ്ട്…ചിലർ കൈകൂപ്പി തിരിച്ചു പോകുന്നു…ചിലർ അച്ഛന് മേൽ പൂക്കൾ വർഷിക്കുന്നു…നോക്കിയിരുന്നു പോയി…ഒരു ശില കണക്കെ…

“മോളെ,,,,നിനക്കൊന്ന് പൊട്ടി കരഞ്ഞൂടെ….”

ഉഷാമ്മ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ചോദിച്ചെങ്കിലും അനക്കമില്ലായിരുന്നു തനിക്ക്…താനെന്തിന് കരയണം,,,?? അച്ഛനോട് പിണങ്ങി ഇരിക്കുവല്ലേ താൻ…?? എപ്പോഴും പറയും എന്റെ തീർത്ഥമോൾടെ കല്യാണം കണ്ടിട്ട് മരിച്ചാൽ മതിയെന്ന്…തൃപ്തിയായോ അച്ഛന്…?? പാതിവഴിയിൽ കോർത്തു പിടിച്ചിരുന്ന കൈകൾ അടർത്തി മാറ്റിയപ്പോ തൃപ്തിയായോ…?? ഈ ലോകത്ത് സത്യമെന്ന് പറയുന്നത് മരണം മാത്രമാണെന്ന് തോന്നി…

അറ്റായ്ക്കാണെന്ന അറിഞ്ഞത്…ആരോ പറയുന്നത് കേട്ട് ഞെട്ടലോടെ അച്ഛനെ നോക്കി… കർമങ്ങൾക്കായി അച്ഛനെ താങ്ങിയെടുക്കാൻ വന്നവരെ തള്ളിമാറ്റി ആ നെഞ്ചിലേക്ക് ചേർന്ന് കിടക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല…അല്ലെങ്കിലും തന്റെ മൗനത്തിലും സങ്കടം കണ്ടെത്തുന്നവല്ലേ തന്റെ അച്ഛൻ…??? ഉള്ളുതുറന്നൊന്ന് ചിരിക്കാൻ പോലും പേടിയായിരുന്നു ആ മനുഷ്യന്..!!മനസ്സറിഞ്ഞു കരയാൻ പോലും കഴിഞ്ഞിരുന്നില്ല…ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല,,,ആരോഗ്യമുള്ളിടത്തോളം സന്തോഷമില്ലാതെ മറ്റൊന്നും തന്നിട്ടുമില്ല…അധ്വാനിക്കാൻ വേണ്ടി മാത്രം ജനിച്ച ഒരു പാവം മനുഷ്യൻ…കുറവുകൾ അറിയിച്ചിട്ടില്ല,,,ചോദിച്ചതും ചോദിക്കാത്തവയും തന്നു…തിരിച്ചു കൊടുക്കാൻ തനിക്കെന്താണ് ഉള്ളത്…?? കണ്ണുകൾ നിറയുന്നു…പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല…തന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നതറിഞ്ഞു…അച്ഛനെ വീണ്ടും വീണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു…

ആരൊക്കെയോ വന്ന് താങ്ങിയെടുത്ത് അച്ഛനിൽ നിന്ന് അടർത്തി മാറ്റുമ്പോഴും കുതറുവായിരുന്നു അച്ഛന്റെ അരികിലേക്ക് എത്താൻ…അവിടെയും താൻ ദുർബലയായിരുന്നു…തരുണിയെ അമ്മ ചേർത്ത് പിടിച്ചിട്ടുണ്ട്…സുഭദ്രമ്മ തന്നെയും…തനിക്കത് ആവിശ്യമായിരുന്നു…ഇല്ലെങ്കിൽ മരിച്ചു വീണ് പോകും താൻ…കർമങ്ങൾ ചെയ്തത് ദേവേട്ടനായിരുന്നു…ഒരുനിമിഷം അച്ഛൻ പറഞ്ഞതൊക്കെയും ഓർമ വന്നിരുന്നു…അച്ഛനിൽ സ്വന്തം മക്കൾക്കല്ലാതെ മാറ്റാർക്കാണ് ഏറ്റവും അധികാരം,,,ഇത്തരം അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തി താനല്ലേ കർമം ചെയ്യേണ്ടത്…ദേവട്ടനെ നിറക്കണ്ണുകളോടെ നോക്കി,,,എന്റെ മനസ്സ് മനസിലാക്കാൻ അദ്ദേഹത്തിന് കഴിയുമോ…?? വേണ്ട,,,കർമങ്ങൾ അതുപോലെ നടക്കട്ടെ…അച്ഛന് ദേവേട്ടനെയും പ്രിയമായിരുന്നല്ലോ…തിരുമേനി പറഞ്ഞതനുസരിച്ചു തരുണിയെയും കൂട്ടി വലം വെച്ചു,,,പിന്നെയും യന്ത്രം കണക്കെ പറഞ്ഞതൊക്കെയും ചെയ്ത് പിന്നിലേക്ക് നീങ്ങി നിന്നു…കർമങ്ങൾക്ക് ശേഷം ദേവേട്ടൻ ചിതയിലേക്ക് തീ കൊളുത്തി…പതിയെ ആളിത്തുടങ്ങിയ അഗ്നി അച്ഛനെ വിഴുങ്ങിയിരുന്നു…കണ്ണുകളുയർത്തി അതിലേക്ക് തന്നെ നോക്കി,,,അന്തരീക്ഷമാകെ കറുത്ത പുക ഉയരാൻ തുടങ്ങിയിരുന്നു…എത്രനേരം കണ്ണ് ചിമ്മാതെ നോക്കിനിന്നുവെന്നറിയില്ല…കറുപ്പിനെ വകഞ്ഞു മാറ്റി പുഞ്ചിരിയോടെ അച്ഛൻ നടന്നു വരുന്നു…വിശ്വസിക്കാനായില്ല…വീണ്ടും വീണ്ടും ശരീരമാകെ ഒരുണർവ് പടർന്നു കയറും പോലെ…അടുത്തേക്ക് വന്ന് അച്ഛനെന്റെ തലയിൽ തഴുകി,,,കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…കണ്ണുനീർ തുടച്ച് തന്നോട് മാത്രമായി യാത്ര പറഞ്ഞ് അച്ഛൻ തിരിഞ്ഞു നടക്കുന്നു…സഹിക്കാനായില്ല…അച്ഛനെ ഒറ്റയ്ക്ക് വിടാൻ അനുവദിച്ചില്ല മനസ്…അച്ഛന് പിന്നാലെ പായാൻ തുടങ്ങുമ്പോഴാണ് ആരൊക്കെയോ ചേർന്ന് തന്നെ ചേർത്ത് പിടിച്ചത്…വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല…കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു…കഴിയുന്നില്ല..തനിക്കത് സാധിക്കുന്നില്ല…തളർന്ന ശരീരം മനസ്സിന്റെ താളം തെറ്റിക്കുന്നതവൾ അറിഞ്ഞിരുന്നില്ല…അവശയായി നിലത്തേക്ക് കുഴഞ്ഞ് വീഴുമ്പോഴും ചുണ്ടുകളിൽ “അച്ഛൻ” എന്ന മന്ത്രമേ ഉണ്ടായിരുന്നുള്ളു….

അച്ചേടെ തീർത്ഥകുട്ടിയേ….

പുഞ്ചിരിയോടെ വിളിക്കുന്ന അച്ഛന്റെ ശബ്ദം കാതിൽ പതിച്ചതും തീർത്ഥ ഞെട്ടലോടെ ചാടിയെഴുന്നേറ്റു…ചുറ്റും നിൽക്കുന്നവരിൽ അവൾ പരാതിയത് തന്റെ അച്ഛനെ മാത്രമായിരുന്നു…എവിടെയും കണ്ടില്ല,,,മനസ്സാകെ താളം തെറ്റുന്നു…വിവേകത്തിന് മേൽ വികാരം വിളയാടുന്നു…’അച്ഛൻ,,,അച്ഛൻ എവിടാ…’ ബെഡിന് അറ്റത്തേക്ക് നിരങ്ങി മുടികളിൽ പിച്ചിക്കൊണ്ടവൾ സ്വയം പതം പറഞ്ഞു…’അച്ഛൻ ന്നേ പറ്റിക്കാ…വരും…അച്ഛൻ വരും…’ മുടിഴികളോരൊന്നും കോർത്തു വലിച്ചു കൊണ്ട് മനസ്സിനെ ആശ്വസിപ്പിക്കാനൊരു ശ്രമം നടത്തിയവൾ…എല്ലാം കഴിഞ്ഞ് രണ്ട് ദിവസമായെന്നും,,,രണ്ട് ദിവസങ്ങളോളം ഒന്നുമറിയാതെ തളർന്നു കിടക്കുകയാണെന്നും അപ്പോഴുമവൾ അറിഞ്ഞിരുന്നില്ല…ചുറ്റും കൂടിയിരിക്കുന്നവർ ഒരുതരം നിസ്സഹായതയോടെ ആ കാഴ്ച നോക്കിക്കണ്ടു…തരുണി പതിയെ എഴുന്നേറ്റ് ഒരു കരച്ചിലോടെ തീർത്ഥയുടെ ചുമലിൽ കൈ വെച്ചു…മുട്ടിലേക്ക് മുഖം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്ന തീർത്ഥ പതിയെ തലയുയർത്തി കണ്ണുകൾ കൊണ്ട് ചുറ്റും പരതി…തരുണിക്ക് കരച്ചിലടക്കാനായിരുന്നില്ല…

“എന്തിനാ,,,എന്തിനാ കരയണേ…?? കരയണ്ടാട്ടോ…അച്ഛൻ ന്നേ പറ്റിക്കാ…ഇപ്പൊ വരും….നമ്മക്ക് അച്ഛനോട് മിണ്ടണ്ടാട്ടോ…ഇപ്പൊ…ഇപ്പൊ വരും…നിക്ക്,,,നിക്ക് അറിയാം…ഇപ്പൊ വരും…അച്ഛൻ വരും…”

എന്തൊക്കെയോ പറഞ്ഞു കൊണ്ടവൾ വീണ്ടും ചുരുണ്ടു കൂടി…നിശബ്ദമായിരുന്ന ആ മുറിയിൽ പ്രതിധ്വനിക്കുന്ന ശ്രീലതയുടെ ശബ്ദം കേട്ട് എല്ലാവരും അവരിലേക്ക് നോട്ടം പായിച്ചിരുന്നു…

“കുടുംബനാഥനും പോയി,,,കുടുംബത്തെ പിടിച്ചുനിർത്തേണ്ടവൾക്ക് ഭ്രാന്തും പിടിച്ചു…ഇനി ശ്രീദേവി എങ്ങനെ തരുണിയേയും ഭ്രാന്ത്‌ പിടിച്ച തീർത്ഥയേയും നോക്കും…എല്ലാം തീർത്ഥയുടെ ജന്മദോഷം,,,അല്ലാതെന്തു പറയാൻ,,,സന്തോഷം വിളയാടുന്ന ജാതകമല്ല ഇവളുടേത്…അച്ഛനും പോയി,,,,ഇനി ആരാണാവോ…??അല്ലെങ്കിൽ തന്നെ ഭ്രാന്ത് പിടിച്ച ഒരു പെണ്ണിനെ കെട്ടാൻ ആര് തയാറാവാനാ…?? ”

മുകളിലേക്ക് നോക്കി പറഞ്ഞ് കൊണ്ട് ശ്രീലത ദേവിയെ നോക്കി…തന്റെ ഭർത്താവിനൊപ്പം മരിച്ച മനസുമായി നിറക്കണ്ണുകളോടെ തീർത്ഥയെ നോക്കിയിരിക്കുവായിരുന്നു ആ സ്ത്രീ…

“ഒന്ന് നിർത്തുന്നുണ്ടോ അമ്മായി,,,ഇനി ഒരക്ഷരം എന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ…ദേവൻ ആരാണെന്ന് നിങ്ങളറിയും…ഒന്ന് ചോദിച്ചോട്ടെ,,,എന്റെ അച്ഛമ്മയുടെ വയറ്റിൽ പിറന്നത് തന്നെയാണോ നിങ്ങൾ…??? ആരോടാ പറയുന്നേ,അതിനുള്ള അവസരമാണോയെന്നൊന്നും ഓർക്കാതെ മനസ്സിൽ തോന്നുന്നത് പറയുമ്പോ പ്രതികരിക്കാൻ ആളുണ്ടെന്ന് ഓർക്കണം…തീർത്ഥയെക്കുറിച്ചോർത്ത് നിങ്ങൾ വേവലാതിപ്പെടേണ്ട ആവിശ്യമില്ല…മാണിക്യശേരിയിൽ നിങ്ങൾക്കെന്ത് അവകാശമുണ്ടോ അത്രയും അവകാശം ഈ ഇരിക്കുന്ന ദേവി ആന്റിക്കും ഉണ്ട്…അതുകൊണ്ട് എങ്ങനെ ജീവിക്കുമെന്ന് നിങ്ങളോർക്കണ്ട…പിന്നെ തീർത്ഥ,,,അവളെന്റെ പെണ്ണാ,,,ദേവന്റെ മാത്രം…അവളെ ചേർത്ത് പിടിക്കാനോ സ്നേഹിക്കാനോ ഒരു ഭ്രാന്തും എനിക്ക് തടസമാവില്ല…അതുകൊണ്ട് നിങ്ങൾക്ക് ഇറങ്ങി പോകാം…”

വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവൻ പറഞ്ഞു നിർത്തിയതും ശ്രീലത ഇഷ്ടക്കേടോടെ പുറത്തേക്കിറങ്ങി…ശ്രീധരന് ദേവനെ ഓർത്തു അഭിമാനം തോന്നിയിരുന്നു…അയാൾ പറയാൻ ആഗ്രഹിച്ചത് തന്നെയായിരുന്നു ദേവന്റെ നാവിൽ നിന്നും വന്നത്…അവന്റെ ആ തീരുമാനം സുഭദ്രയ്ക്കും മുത്തശ്ശിക്കും ഒരുപോലെ ആശ്വാസം നൽകിയിരുന്നു…ദേവൻ അപ്പോഴും നോക്കിയത് ശ്രീദേവിയെയാണ്…തീർത്ഥയുടെ മേൽ ഏറ്റവും അവകാശമുള്ള ഒരേ ഒരാൾ…അവന്റെ വാക്കുകൾ കേട്ട് തറഞ്ഞു നിൽക്കുവാരുന്നു ശ്രീദേവി,,,പതിയെ അടുത്തേക്ക് ചെന്ന് ശ്രീദേവിയുടെ കരങ്ങൾ തന്റെ കരങ്ങൾക്കുള്ളിൽ ഭദ്രമാക്കിക്കൊണ്ടവൻ പറഞ്ഞു തുടങ്ങി…

“ആന്റി,,,ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം..എങ്കിലും ചോദിക്കുവാ,,,തീർത്ഥയെ എനിക്ക് തന്നൂടെ…ഞാൻ പൊന്നുപോലെ നോക്കിക്കോളാം അവളെ…അവളെ നിങ്ങളുടെ പഴയ തീർത്ഥയാക്കാൻ പറ്റുമെന്ന് എനിക്ക് വിശ്വാസമുണ്ട്…ഇത് ദേവന്റെ വാക്കാ…തന്നൂടെ എനിക്ക്…”

പ്രതീക്ഷയോടെ അവൻ ചോദിച്ചതും ശ്രീദേവി പൊട്ടിക്കരഞ്ഞു കൊണ്ടവനെ ചേർത്ത് പിടിച്ചു…അതിലുണ്ടായിരുന്നു അവരുടെ സമ്മതം…ആ കാഴ്ച കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…പതിയെ തീർത്ഥയെ എഴുന്നേൽപ്പിച് തന്നിലേക്ക് ചേർത്ത് നിർത്തി പുറത്തേക്ക് നടക്കുമ്പോഴും അവളവനെ തന്നെ ഇമചിമ്മാതെ നോക്കി നിന്നു…എരിഞ്ഞടങ്ങിയ അച്ഛന്റെ ചിതയുടെ അടുത്ത് വന്ന് മനസാലെ അനുഗ്രഹം വാങ്ങിക്കുമ്പോഴേക്കും ഒരിളം തെന്നൽ അവരെ തഴുകി കടന്ന് പോയിരുന്നു…നെറ്റിയിലേക്ക് വീണ് കിടക്കുന്ന അവളുടെ മുടിഴകൾ വകഞ്ഞു മാറ്റി അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിക്കുമ്പോഴും ദേവൻ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു…

“തീർത്ഥ,,,,സമ്മതവല്ലേ ദേവന്റെ പാതിയാകാൻ…എന്നിലെ പ്രാണനാകാൻ…”

തീർത്ഥയെ തനിക്കു നേരെ തിരിച്ചു നിർത്തി ദേവൻ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ചോദിച്ചതും അവൾ ഉച്ചരിച്ചത് അച്ഛനെവിടെയെന്ന്…?? മാത്രമായിരുന്നു…ഇനിയൊരു വിധിക്കും വിട്ടുകൊടുക്കില്ലെന്ന അർത്ഥത്തിൽ അവളെ ചേർത്ത് പിടിച്ച് തിരിച്ചു നടക്കുമ്പോഴും ന്നേ പറ്റിക്കാ,,,,വരും…അച്ഛ വരും എന്ന് പതം പറയുന്നുണ്ടായിരുന്നാ പെണ്ണ്…!!! തുടരും…. ലൈക്ക് കമന്റ് ചെയ്യൂ, ബാക്കി വായിക്കുവാൻ ഈ പേജ് ലൈക്ക് ചെയ്യുക…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *