പ്രിയസഖീ, തുടർക്കഥ ഭാഗം 7 വായിക്കൂ..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

സ്കൂളിൽ നിന്ന് തിരിച്ചു വരും വഴി മുഴുവൻ തരുണി ആലോചനയിൽ തന്നെയായിരുന്നു…ഓരോ നിമിഷവും കുറ്റബോധം കൊണ്ട് മനസ്സ് നീറിപ്പുകഞ്ഞു…തീർത്ഥയോട് കയർത്തതും വാക്കുകൾ കൊണ്ട് നോവിച്ചതുമെല്ലാം അവളുടെ മനസിലൂടെ ഒരു സിനിമ കണക്കെ പാഞ്ഞു വന്നിരുന്നു…താൻ അർഹിക്കുന്ന ശിക്ഷ തന്നെയാണ് കിട്ടിയിരിക്കുന്നതെന്ന് ഉള്ളാലെ ആരോ വിളിച്ചു പറയും പോലെ…!!അതേ താനിത് അനുഭവിക്കണം…ഏതോ ഒരുത്തന്റെ വാക്ക് കേട്ട് സ്വന്തം ചോരയെ തള്ളിപ്പറഞ്ഞതാണ് താൻ..പാപിയാണ്…!!

ചിന്തകൾ വരിഞ്ഞു മുറുകും തോറും വീട്ടിലേക്കുള്ള ദൂരം കുറയും പോലെ…വീട്ടിലേക്ക് ചെന്ന് കയറിയതും ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ല…തരുണി ചുറ്റുമൊന്ന് കണ്ണോടിച്ചു…അകത്തേക്ക് കയറി ബാഗ് കസേരയിലേക്ക് വെച്ച് അച്ഛന്റെ മുറിയിൽ ചെന്ന് നോക്കി,,,ഉറങ്ങികിടക്കുന്ന അച്ഛനെ കണ്ടതും ഉണർത്താതെ അടുക്കളയിലേക്ക് പോയി…മിഴികൾ ആദ്യം ചെന്ന് പതിച്ചത് നിലത്തായി വീണ് കിടക്കുന്ന അമ്മയിലാണ്…അരികിലായ് പച്ചക്കറികൾ ചിതറി കിടക്കുന്നു….തരുണി ഞെട്ടലോടെ പിന്നിലേക്ക് മാറി…കണ്ണുകൾ തുറിച്ചു വന്നിരുന്നു…വെപ്രാളംത്തോടെ അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് കവിളിൽ തട്ടി വിളിച്ചു…അവർ എഴുന്നേൽക്കാതെയായതും തരുണി കരഞ്ഞുകൊണ്ട് ഹാളിലേക്ക് ചെന്ന് ബാഗിൽ നിന്നും ഫോണെടുത്തു…റിങ് ചെയ്യുന്ന സമയമത്രയും അവളൊരു പേടിയോടെ അടുക്കളയിലേക്ക് നോക്കിക്കൊണ്ടിരുന്നു…തീർത്ഥ കാൾ എടുത്തതും തരുണി ഒരു വിധം കരഞ്ഞു കൊണ്ട് കാര്യം അവതരിപ്പിച്ചു…കരച്ചിൽ കാരണം ശ്വാസം വിലങ്ങുന്നുണ്ടായിരുന്നു അവൾക്ക്…ഉടനെ വരാമെന്നു പറഞ്ഞ് തീർത്ഥ ഫോൺ വെച്ചതും തരുണി അമ്മയ്‌ക്കരികിലേയ്ക്ക് ഓടി ചെന്നു…

അഞ്ചു മിനിറ്റ് പോലും താമസിക്കാതെ മുറ്റത്തൊരു കാർ വന്ന് നിന്നതും തരുണി മിഴികൾ ഉയർത്തി നോക്കി…ഓടിപ്പാഞ്ഞു വരുന്ന തീർത്ഥയേയും ദേവനെയും കണ്ടതും അവൾ ഉള്ളിലൊരു ആശ്വാസത്തോടെ അവർക്ക് നേരെ തിരിഞ്ഞു…

“എന്താ…?? അമ്മയ്ക്ക്,,,അമ്മയ്ക്കെന്താ പറ്റിയെ…?? മോളെ,,,അമ്മയെന്താന്ന്…?? ”

അമ്മയെ മടിയിലേക്ക് കിടത്തി തീർത്ഥ വെപ്രാളത്തോടെ ചോദിച്ചതും ദേവൻ അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു തുടങ്ങി…

“തീർത്ഥ,,,ആന്റിയെ ഹോസ്പിറ്റലിൽ എത്തിക്കണം…ടൈം ഇല്ല…”

ദേവേട്ടൻ പറഞ്ഞപ്പോഴാണ് ഓർത്തത്…ദേവേട്ടൻ തന്നെയാണ് അമ്മയെ വണ്ടിയിലേക്ക് കയറ്റിയത്..അമ്മയുടെ തല മടിയിലേക്ക് എടുത്തു വെച്ച് ഞാനും പിൻസീറ്റിലിരുന്നു…തരുണി കയറാൻ വന്നതും ദേവേട്ടൻ തന്നെ അവളെ തടഞ്ഞു…അച്ഛന് ഒരു കൂട്ട് നിർത്തി ഹോസ്പിറ്റലിലേക്ക് പാഞ്ഞു…പോകുന്ന വഴിയിൽ മനസ്സാകെ ശൂന്യമായിരുന്നു…എന്താണ് പ്രാർത്ഥിക്കേണ്ടത് പോലുമെന്ന് അറിയില്ല…ഉള്ളാകെ നീറിപ്പുകയുന്ന പോലെ…തന്റെ വാക്കുകളിലെ ക്രൂരതയാണോ അമ്മയെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത്….കുറ്റബോധത്താലേ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു…ഹോസ്പിറ്റലിൽ എത്തിയതും ICU വിലേക്ക് ആണ് കൊണ്ടുപോയത്…ദേവൻ തീർത്ഥയെ ശ്രദ്ധിക്കുവായിരുന്നു…അവളാകെ വിയർപ്പ് മുട്ടുന്നതവനറിയുന്നുണ്ടായിരുന്നു…ആരുടെയെങ്കിലും താങ്ങാവൾക്കാവിശ്യമാണെന്ന് ഉള്ളിലിരുന്നാരോ പറയും പോലെ…ഭിത്തിയിലേക്ക് ചാരി കണ്ണുകളടച്ചു നിൽക്കുന്ന തീർത്ഥയുടെ ചുമലിലേക്ക് ആശ്വസിപ്പിക്കാനെന്നോണം കൈകളമർത്തിയതും അവളൊരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു…വിങ്ങിക്കരയുമ്പോഴും ഞാ,,,,ഞാൻ കാരണവാ…ണെന്ന് പതം പറയുന്നതവൻ കേൾക്കുന്നുണ്ടായിരുന്നു…അവളെ ഒരുവിധം ആശ്വസിപ്പിച്ചു ചെയറിലേക്ക് ഇരുത്തിയതും ശ്രീധരനും ഭാരതിയും സുമിത്രയും നെഞ്ചിടിപ്പോടെ പാഞ്ഞു വന്നിരുന്നു…

“ന്റെ മോൾക്കെന്താ പറ്റിയെ…??”

ചെയറിലേക്ക് ഇരുന്നു കൊണ്ട് തീർത്ഥയുടെ ചുമലിൽ കുലുക്കി ഭാരതി ചോദിച്ചതും മറുപടിയില്ലാതെ അവൾ ദേവനെ ദയനീയമായോന്ന് നോക്കി…എന്തുപറയണമെന്നറിയില്ല…താൻ കാണുന്നത് ബോധരഹിതയായി കിടക്കുന്ന അമ്മയെ ആയിരുന്നല്ലോ…എന്ത് പറ്റിയെന്നോ എങ്ങനെയാണ് സംഭവിച്ചതെന്നോ അറിയില്ലെനിക്ക്…മറുപടി പറയാതെ അതേ ഇരുപ്പ് തുടർന്നു…മറ്റൊന്നും പറയാനോ ചെയ്യാനോ മനസ്സ് വന്നില്ലെന്നതാണ് സത്യം…മുത്തശ്ശിയും സുഭദ്രാമ്മയും തന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്…ശ്രീധരമാമ ഡോക്ടറിന്റെ ക്യാബിനിലേക്ക് വെപ്രാളത്തോടെ പോകുകയും വരുകയും ചെയ്തു…എന്തെ ഈ സ്നേഹം പുറത്തു പ്രകടിപ്പിക്കാതിരുന്നത്…?? എന്തിനാ അമ്മയെ അകറ്റി നിർത്തിയെ…?? ചോദ്യങ്ങൾ ഉള്ളിലായ് നിറയുന്നുണ്ട്…പക്ഷേ നാവ് തളർന്നിരുന്നു…ഒരു മണിക്കൂറിനുള്ളിൽ ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നിരുന്നു…എല്ലാവരും ആകാംഷയോടെ തന്നെ ഡോക്ടറിന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു…

“പേടിക്കണ്ട ആവിശ്യമൊന്നുമില്ല…ബിപി ലോ ആയതാണ്…സെടെഷന്റെ ക്ഷീണത്തിൽ മയങ്ങുവാണ്…റൂമിലേക്ക് മാറ്റിയിട്ടുണ്ട്…കേറി കാണണമെങ്കിൽ ആവാം…”

അതും പറഞ്ഞ് ഡോക്ടർ പോയി…ഒരുനിമിഷം അച്ഛമ്മയും ശ്രീധരമാമയും തന്നെ നോക്കുന്നത് കണ്ടു…മൗനമായി അമ്മയെ കാണാനുള്ള സമ്മതം ചോദിക്കുവാണെന്ന് തോന്നി….തലയാട്ടി ഒന്ന് പുഞ്ചിരിച്ചു…അതല്ലാതെ തനിക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല…മുത്തശ്ശിയും ശ്രീധരമാമയും അകത്തേക്ക് കേറിയതും അമ്മയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന പരിഭ്രമത്തിലായിരുന്നു ഞാൻ…കുറെ നേരമായും ഇറങ്ങാത്തത് കൊണ്ട് തന്നെ പരിഭവങ്ങൾ പറഞ്ഞു തീർക്കുമായിരിക്കുമെന്ന് തോന്നി…പതിയെ എഴുന്നേറ്റ് റൂമിന് വാതിൽക്കലേക്ക് ചെന്നു നോക്കി…മുത്തശ്ശി അമ്മയെ മാറിലടക്കി പിടിച്ചു കരയുന്നുണ്ട്…അമ്മയുടെ വിങ്ങലും കേൾക്കാം…ശ്രീധരമാമ കണ്ണുകൾ തുടച്ചു നിൽക്കുന്നുണ്ട്…ഒരുനിമിഷം സന്തോഷം തോന്നി ആ കാഴ്ച…ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ ഇവർക്കിടയിൽ…അല്ലെങ്കിലും പറഞ്ഞ് തീരാത്ത പ്രശ്നങ്ങൾ ഇല്ല…ചിലത് നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നതാവും…

“ഇനി എന്റെ മോളെ അനുഭവിക്കാൻ അമ്മ വിടില്ല…ഇന്ന് തന്നെ നീ തറവാട്ടിലേക്ക് വരണം…കൊണ്ടുപോകുവാ ഞാൻ…”

മുത്തശ്ശി പറഞ്ഞപ്പോ അമ്മ കരഞ്ഞു കൊണ്ട് സമ്മതം മൂളുന്നത് കണ്ടു…എന്തോ തനിക്കത് സ്വീകാര്യമായി തോന്നിയില്ല…ഇപ്പൊ താനീ തീരുമാനത്തെ എതിർത്തില്ലെങ്കിൽ തനിക്കത് തടയാനാവില്ലന്ന് തോന്നി…ഒരിക്കലും മറ്റുള്ളവരുടെ കീഴിൽ നിൽക്കാൻ ആഗ്രഹിക്കരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്…സ്വന്തം കാലിൽ നിൽക്കുന്നവർ ആണേൽ ഒരിക്കലും അതിന് മുതിരരുതെന്നും…എപ്പോഴും എല്ലാവർക്കും അതിഷ്ടമാവില്ല…അകത്തേക്ക് കയറി ചെന്നു…

“മുത്തശ്ശി ക്ഷമിക്കണം,,,ഞങ്ങൾ..ഞങ്ങൾ അവിടേക്ക് വരുന്നില്ല…ആരോടും ദേഷ്യമോ ഒന്നും ഉണ്ടായിട്ടല്ല…എന്റെ അച്ഛന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ ഒരു വീട് ഞങ്ങൾക്കുണ്ട്…സൗഭാഗ്യം വരുമ്പോ ഇത്രയും നാൾ പോറ്റിയതിനെ മറക്കാനോ തട്ടിയെറിയാനോ പഠിച്ചിട്ടില്ല…പിന്നെ കാണണമെന്ന് തോന്നുമ്പോ ഇനി അമ്മയ്ക്കും അങ്ങോട്ടേക്ക് വരാമല്ലോ…ഞാൻ പറഞ്ഞത് തെറ്റായി പോയെങ്കിൽ മുത്തശ്ശി ക്ഷമിക്കണം…”

ശ്രീധരമാമ അടുത്തേക്ക് വന്ന് തലയിലൊന്ന് തഴുകി…ആ കണ്ണുകളിൽ സ്നേഹവും വാത്സല്യവും മാത്രമായിരുന്നു…

“തീർത്ഥ,,,മോള് പറഞ്ഞത് തന്നെയാ ശരി…നിന്റെ സ്ഥാനത്ത് മറ്റാരായാലും ഇങ്ങനെ പറയില്ല…നിന്റെ മനസ് വലുതാ…എന്റെ ദേവിടെ ഭാഗ്യമാ നിന്നെ പോലൊരു മകൾ…എന്റെ കുട്ടി നന്നായി വരും…”

ശ്രീധരമാമ നിറുകയിൽ സ്നേഹചുംബനം നൽകിയതും മനസ് നിറഞ്ഞിരുന്നു…മുത്തശ്ശിയിലും നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു…അമ്മയുടെ അടുത്തേക്ക് ചെന്നിരുന്നു…ആ കൈകൾ നെഞ്ചോട് ചേർത്ത് ചുംബിച്ചു കൊറേ നേരമങ്ങനെ ഇരുന്നുപോയി…അതിലുണ്ടായിരുന്നു തന്റെ ക്ഷമ പറച്ചിലും,കുറ്റബോധവും..അമ്മയ്ക്കത് അറിയാൻ സാധിക്കുന്നുണ്ടെന്ന് തോന്നി…വാത്സല്യത്തോടെ ആ കരങ്ങൾ തന്നെ പൊതിഞ്ഞിരുന്നു…അത് മാത്രമായിരുന്നു തനിക്കും വേണ്ടിയിരുന്നത്…കലങ്ങി മറിഞ്ഞിരുന്ന മനസ്സ് ശാന്തമാകുന്നുണ്ടെന്ന് തോന്നിയിരുന്നു….

രാത്രി തന്നെ ഡിസ്ചാർജ് ചെയ്തു…അമ്മയുടെ നിർബന്ധം കൊണ്ട് തന്നെയാണ്…അല്ലെങ്കിലും അച്ഛനെ പിരിഞ്ഞു അമ്മയ്ക്ക് അധിക നേരം നിൽക്കാൻ കഴിയില്ല…ദേവേട്ടനും ശ്രീധരമാമയുമൊക്കെ ചേർന്നാണ് വീട്ടിലേക്ക് എത്തിച്ചത്…പഴയ സ്നേഹം ചേർന്നതും അമ്മയുടെ ക്ഷീണം ഒക്കെ എങ്ങോട്ടോ പോയിരുന്നെന്ന് തോന്നി…അമ്മ ഇപ്പൊ അവരുടെ മാത്രം ദേവി മോളാണെന്ന് തോന്നി…ശ്രീധരമാമ അച്ഛന്റെ അടുത്ത് ഒരുപാട് നേരം ഇരിക്കുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു…മുത്തശ്ശി തരുണിയെയും തന്നെയും ചേർത്ത് പിടിച്ചാണ് ഇരിക്കുന്നത്…ദേവേട്ടൻ അതിന് കുശുമ്പ് പറയുന്നുമുണ്ട്…ആ സന്തോഷത്തിനിടയിലും തരുണി തന്റെ മുഖത്ത് നോക്കാൻ പ്രയാസപ്പെടും പോലെ…തന്റെ ചോരയല്ലേ അവൾ…?? അവളുടെ ഓരോ മാറ്റവും പെട്ടന്ന് തന്നെ തനിക്ക് വേർതിരിച്ചറിയാം…എല്ലാവരും പോയ ശേഷം ചോദിക്കണമെന്ന് ഉറപ്പിച്ചിരുന്നു…രാത്രി ഏറെ വൈകിയാണ് അവരെല്ലാം ഇറങ്ങിയത്…നാളെ വരാമെന്നു പറഞ്ഞിരുന്നു…അമ്മ അതിസന്തോഷത്തിലാണ്…താനും…ഒരുപാട് നാളുകൾക്ക് ശേഷം മനസ്സറിഞ്ഞൊന്നു ചിരിച്ചു…!!

അന്നത്തെ ദിവസം ആകെയൊരു ക്ഷീണം തോന്നിയിരുന്നു…അവർ പോയതിന് പിന്നാലെ പറഞ്ഞ് മതിയാവാതെ വീണ്ടും വീണ്ടും ശ്രീധരമാമയേയും മുത്തശ്ശിയേയും കുട്ടിക്കാലത്തെയും കുറിച്ചൊക്കെ പറയുന്ന തിരക്കിലായിരുന്നു അമ്മ…ബെഡിലേക്ക് ചെന്ന് കിടന്നു..കണ്ണുകൾ അടഞ്ഞതോ ഉറക്കത്തെ കൂട്ട് പിടിച്ചതോ അറിഞ്ഞിരുന്നില്ല…തീർത്ഥ ഉറങ്ങിയെന്നു ഉറപ്പായതും തരുണി നിറമിഴികളോടെ ബെഡിൽ അവളുടെയടുത്തായി ഇരുന്നു…എങ്ങനെയാണ് തന്റെ തെറ്റിനുള്ള പരിഹാരം കാണേണ്ടത്…?? തീർത്ഥയുടെ കാലിൽ മുഖം ചേർത്ത് ഏങ്ങി കരഞ്ഞു…ക്ഷമിക്കാൻ പറ്റുവോ ചേച്ചി എന്നോട്…ചേച്ചി എന്റെ ആരാണെന്ന് മറന്ന് മനസ്സാകെ മന്ദത ബാധിച്ചിരുന്നു…അതേ ഞാൻ തെറ്റുകാരിയാണ്…എനിക്ക് തിരുത്തണം എന്റെ തെറ്റുകൾ…ഇനിയെന്നും ഈ തീർത്തേച്ചിയുടെ അനിയത്തി കുട്ടിയായിരിക്കും ഞാൻ…എന്നെ വെറുക്കല്ലേ….കുറച്ച് നേരം കൂടെ നിഷ്കളങ്കമായി ഉറങ്ങുന്ന തീർത്ഥയെ നോക്കി ഇരുന്നു…

കുഞ്ഞിലേ തന്റെ കൈ പിടിച്ചു നടത്തിക്കുന്ന,എന്ത് കിട്ടിയാലും തനിക്കായി പകുത്ത് നൽകുന്ന തീർത്ഥയുടെ മുഖം ഓർമ വന്നു…കുനിഞ് നിന്ന് തീർത്ഥയുടെ കവിളിലൊരു സ്നേഹചുംബനമേകി..ചുണ്ടിലൊരു പുഞ്ചിരി തിളങ്ങിയിരുന്നു…അതേ പുഞ്ചിരിയോടെ തീർത്ഥയുടെ അടുത്തേക്ക് ചേർന്ന് കിടന്നു…കൂടുതൽ കൂടുതൽ ചേർന്നു..ഇനിയൊരിക്കലും അകലില്ലെന്ന പോലെ…

“ശ്രീധരാ,,,ദേവിയെ ഇനിയും പിരിയാൻ എനിക്ക് വയ്യടാ…ഇന്നവള് എന്റെ കാല് പിടിച്ചു മാപ്പ് പറഞ്ഞപ്പോ ചങ്കുപൊട്ടിപ്പോയി…”

കണ്ണിൽ നിന്നും കണ്ണട ഊരി സന്തോഷത്തോടെ കണ്ണുതുടയ്ക്കുന്ന അമ്മയെ കണ്ട് ശ്രീധരനും പുഞ്ചിരിയോടെ സോഫയിലേക്ക് ചാരിയിരുന്നു…അവർക്ക് പിന്നിലായ് സുഭദ്രയും പുഞ്ചിരിയോടെ ആ രംഗം കണ്ടുനിന്നു..ശ്രീധരൻ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയവർക്ക്…അയാളുടെ മുഖഭാവം അത് വിളിച്ചോതുന്നുണ്ടായിരുന്നു…ഭാരതിയും ശ്രദ്ധിക്കുകയായിരുന്നു അയാളെ…എങ്ങനെ തുടങ്ങണമെന്ന ചിന്തയിലായിരിക്കുമയാളെന്ന് ഭാരതിയും ഊഹിച്ചിരുന്നു…

“ശ്രീധരാ…നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനീ ആശയകുഴപ്പത്തിന്റ ആവിശ്യമില്ല…നിനക്കെന്തും എന്നോട് തുറന്ന് പറഞ്ഞൂടെ…”

അല്പം ഗൗരവത്തോടെ പറഞ്ഞുകൊണ്ട് ഭാരതി അയാളുടെ മറുപടിയ്ക്കായി കാതോർത്തതും ശ്രീധരന്റെ മുഖത്തെ പരിഭ്രമം മാഞ്ഞു പോയിരുന്നു…

“വേറെയൊന്നുമല്ലമ്മേ…തീർത്ഥ,,,അവളെ നമുക്ക് ദേവനുവേണ്ടി ഒന്നാലോചിച്ചാലോ…സ്വന്തം കാലിൽ നിൽക്കുന്ന,നല്ല മനസുള്ള ഒരു പെങ്കൊച്ച്…എന്തായാലും ദേവന്റെ മുറപ്പെണ്ണല്ലേ തീർത്ഥ മോള്…ഇന്ന് ഞാൻ ജഗന്നാദിനോട് ഇതിനെക്കുറിച് സംസാരിച്ചു…അവനും താല്പര്യമാണ്…ദേവിയോട് ഇന്ന് തന്നെ ഇതിനെക്കുറിച് സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്…തീർത്ഥ മോളെ പറഞ്ഞ് സമ്മതിപ്പിക്കാമെന്നും…ദേവനും എതിർപ്പ് കാണില്ല..എനിക്ക് തോന്നുന്നു ദേവനും അവളെ ഇഷ്ടമാണെന്ന്….”

ശ്രീധരൻ പ്രതീക്ഷയോടെ പറഞ്ഞ് നിർത്തിയപ്പോഴാണ് ഹാള് മുഴുവൻ പ്രതിധ്വനിക്കും വിധം ദേവന്റെ ശബ്ദം അവിടേക്ക് ഉയർന്നത്…

“എന്നാര് പറഞ്ഞു…ഞാൻ ആരോടെങ്കിലും പറഞ്ഞിരുന്നോ അവളെ എനിക്കിഷ്ടമാണെന്ന്…ഒരാണും പെണ്ണും ഒരുമിച്ച് നടന്നെന്നോ സംസാരിച്ചെന്നോ കരുതി അതൊരിക്കലും പ്രേമമാകില്ല…അവളോട് ഞാൻ കുറച്ച് സോഫ്റ്റ്‌ ആയി…അത് സത്യമാണ്…അവള്ടെ അവസ്ഥ ആലോചിച്ചിട്ടാണ്…അല്ലാതെ നിങ്ങളു വിചാരിക്കും പോലെ ദേവന് ആരോടും പ്രേമവുമില്ല ഒലിപ്പീരുമില്ല…”

കർക്കശമായി ദേവൻ പറയുന്നത് കേട്ട് ശ്രീധരനുൾപ്പടെ എല്ലാവരും സ്തംഭിച് നിന്നിരുന്നു…തുടരും…. വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് കമന്റ് ചെയ്യണേ..

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *