പ്രിയസഖീ, തുടർക്കഥ ഭാഗം 6 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

“പറയ്‌ തീർത്ഥ,,,സത്യാമാണോ ഇവളീ പറഞ്ഞത്…”

തോളിൽ കുലുക്കി അമ്മയത് പറയുമ്പോഴും സത്യമായിരിക്കല്ലേയെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ആ മിഴികൾ പറയുന്നുണ്ട്…മനസ്സ് പിടിവിട്ട് പോയിരുന്നു…ഉള്ളിലെവിടെയോ ദേഷ്യവും വാശിയും നിറയുന്നതറിഞ്ഞിരുന്നു…

“അതേ….ഇവളീ പറഞ്ഞത് സത്യവാ…ഞാൻ വീട്ടുജോലിക്ക് തന്നെയാ പോകുന്നെ…അതും അമ്മ ജനിച്ചു വളർന്ന വീട്ടിൽ….”

കൈ കുടഞ്ഞെറിഞ്ഞു പറഞ്ഞപ്പോഴേക്കും അമ്മ നിറമിഴികളോടെ എന്നെ തന്നെ സ്തംഭിച് നോക്കി നിൽക്കുവാരുന്നു…ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല,കുടുംബം നോക്കാനായി മകൾ വീട്ടുജോലിക്ക് പോകുന്നത്…എങ്കിലും അവിടെചെല്ലുമ്പോഴാണ് താൻ മനസ് തുറന്നൊന്നു ചിരിക്കുന്നത്…തന്റെ വേദനയും വിഷമങ്ങളും ഇറക്കി വെയ്ക്കുന്നത്…തലകുനിക്കാനോ ഭയപ്പെടാനോ തോന്നിയില്ല…നീയാണ് ശരിയെന്നു മനസ് ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്…

“കണ്ടോ അമ്മേ അവള്ടെ അഹങ്കാരം,,,ഒരു നാണവുമില്ല അവൾക്കിത് പറയാൻ…”

വെറുപ്പോടെ പറയുന്ന തരുണിയെ നോക്കുന്ന കണ്ണുകൾ തീയാണ് ജ്വാലിക്കുന്നതെന്ന് അവൾക്കും തോന്നിയിരിക്കാം…

“അതേടി അഹങ്കാരവാ…അഹങ്കാരം തന്നെയാ…പറന്ന് നടക്കേണ്ട സമയത്ത് കുടുംബഭാരങ്ങൾ തലയിലേറ്റുന്ന പെണ്ണിന് അഹങ്കാരിക്കാം…അത് ചോദിക്കാൻ എന്ത് അവകാശമാണ് നിനക്കുള്ളത്…?? നിനക്ക് ഞാൻ ചേച്ചിയാണോ…ബന്ധം കൊണ്ട് ചേച്ചിയാണെങ്കിലും നീ എന്നെ അങ്ങനെ കാണുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല…എനിക്ക് ചെലവിന് തരുന്നതോ നോക്കുന്നതോ ഒന്നും നീയല്ല…നാണിക്കാൻ മാത്രം മാന്യതയില്ലാത്ത ജോലിയല്ല ഞാൻ ചെയ്യുന്നത്….പിന്നെ മോശം ജോലിയെന്ന് പറഞ്ഞ് നീ കുറ്റപ്പെടുത്തുന്നുണ്ടല്ലോ,,,ആ കിട്ടിയ പൈസയിൽ നിന്നാ നീ ഉണ്ണുന്നതും ഉടുക്കുന്നതും…മതിയായി,,,,ഒരുപാട് സഹിച്ചു, ക്ഷമിച്ചു…എല്ലാത്തിനും ഒരു പരിധി ഉണ്ട്,,,ഞാനും ഒരു മനുഷ്യനാ…ചോരയും നീരും വികാരങ്ങളും സ്വപ്നങ്ങളുമുള്ളൊരു പച്ചമനുഷ്യൻ…ഇത്രയും നാളും ഓടുവായിരുന്നു…ഈ കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാൻ…അതിനിടയിൽ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ചിരിക്കുവായിരുന്നു ഞാൻ….എല്ലാം ഞാൻ പറഞ്ഞിരുന്നു,,,ഈ കിടക്കുന്ന മനുഷ്യനോട്…എന്റെ അച്ഛനോട്…എന്നെ അറിയാനും സ്നേഹിക്കാനും എന്റെ കഷ്ടപ്പാടുകൾ കാണാനും എന്റെ അച്ഛനെ എനിക്കുണ്ടായിരുന്നുള്ളു…അമ്മയെ വേദനിപ്പിക്കണ്ടന്ന് കരുതിയാ ഒന്നും പറയാതിരുന്നത്…എന്നിട്ടും കൊല്ലാതെ കൊല്ലുവാ നിങ്ങളെന്നെ…”

അത്രയും വെട്ടിതുറന്ന് പറഞ്ഞതും അമ്മയും തരുണിയും തന്റെ ഭവമാറ്റത്തിൽ അടിമുടി പകച്ചിരുന്നു…വിറയ്ക്കുകയായിരുന്നു ഞാൻ…ദേഷ്യം കൊണ്ടോ അതോ സങ്കടം കൊണ്ടോ…?? അറിയില്ലെനിക്ക്…ഇനിയും എല്ലാം ഉള്ളിൽ ഒതുക്കാൻ തോന്നിയില്ല…ആരുടേയും വികാരങ്ങൾ നോക്കാനും തോന്നിയില്ല…സ്വന്തം കാലിൽ നിൽക്കുന്നവളാണ്,,,തന്റെ വികാരങ്ങൾ ഏവർക്കും മുന്നിൽ അവതരിപ്പിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്…?? ഇത്രയും നാളും എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നില്ലേ..??ആലോചനകൾ ചുറ്റിവരിയുമ്പോഴാണ് അമ്മ എന്റെ കയ്യിൽ പിടിച്ചത്…മിഴികലുയർത്തി അമ്മയെ തന്നെ നോക്കി…നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ച് വാശിയോടെ നിൽക്കുവാണ് അമ്മ…

“വാ തീർത്ഥ എന്റെ കൂടെ…എനിക്കറിയാം എന്നോടുള്ള പക കൊണ്ടാ നിന്നെ അവിടെ ജോലിക്ക് നിർത്തിയേക്കുന്നത്…നിന്നെ ഇങ്ങനെ വിടാൻ എനിക്ക് പറ്റില്ല…എനിക്കവരെ ഒന്ന് കാണണം…വരാൻ…”

അമ്മ ഒച്ചയുയർത്തി പറഞ്ഞതും ദേഷ്യമാണ് തോന്നിയത്…ആ കൈകൾ കുടഞ്ഞെറിഞ്ഞു…

“എങ്ങോട്ട് വരാനാണമ്മേ…?? എനിക്ക് അന്നം തരുന്നവരെ കൂടെ അപമാനിക്കാനോ…ഞാനില്ല എങ്ങോട്ടും…എന്നോട് കരുതലും സ്നേഹവും കാണിക്കുന്ന മുത്തശ്ശിക്കെതിരെ ഞാനെന്തിനാ നാവുയർത്തുന്നത്…ഇവിടെ നിന്ന് കിട്ടാത്ത സന്തോഷം എനിക്കവിടെ നിന്നും കിട്ടുന്നുണ്ട്…എന്റെ കഷ്ടപ്പാടുകളും വേദനകളും എനിക്കൊന്നുമല്ലായിരുന്നു…ഒരിക്കലെങ്കിലും നിങ്ങളെന്നെ ചേർത്ത് പിടിച്ചിരുന്നെങ്കിലോ,കരുതലോടെ തലോടിയിരുന്നെങ്കിലോ ഞാൻ എല്ലാം മറന്നേനെ…വേദനകൾ അറിയാതിരുന്നേനെ…ഞാൻ ഇനിയും അവിടെ പോകും…കാരണം വാശി എടുത്ത് കലത്തിൽ വെച്ചാൽ ചോറ് ആവില്ലമ്മേ…ഇതിനേക്കാൾ കൂടുതൽ ഞാനൊന്നും കേൾക്കാനും തയാറല്ല…ദയവ് ചെയ്ത് എനിക്കല്പം സ്വസ്ഥത തരണം…”

കൈകൂപ്പി അത്രയും പറഞ്ഞ് കൊണ്ട് റൂമിലേക്ക് ഓടി…വാതിലടച്ചു ഊർന്നു നിലത്തേക്ക് ഇരിക്കുമ്പോഴും കരഞ്ഞില്ല…പക്ഷേ മനസ്സ് അലറി വിളിച്ചു കരയുന്നുണ്ട്…ശരീരമാകെ മരവിച്ചു പോയത് പോലെ…കണ്ണുനീർ വറ്റിയത് പോലെ…പറഞ്ഞതത്രയും ആലോചിച്ചു നോക്കി,,,തെറ്റായി ഒന്നും താൻ കാണുന്നില്ല…പറഞ്ഞവസാനിപ്പിക്കുമ്പോഴും അമ്മയുടെ ഭാവങ്ങൾ നോക്കാൻ തയാറായതുമില്ല…അച്ഛൻ,,,ആ മനസ് ഒരുപാട് വേദനിച്ചു കാണും…പണ്ടേ അങ്ങനെ തന്നെയാണ്…താൻ ശബ്ദം ഉയർത്തി അമ്മയോട് കയർത്താൽ അച്ഛനാകും വിഷമം…അടുത്തിരുത്തി പറഞ്ഞു തരും…മാതാ പിതാ ഗുരു ദൈവം എന്നാണെന്ന്…മാതാവ് കഴിഞ്ഞേ മറ്റാറുവോള്ളുന്നു…കൺകണ്ട ദൈവം അമ്മയാണെന്ന്…പ്രായവാകുമ്പോ അമ്മ ആദ്യം മരിച്ചാൽ മതിയെന്ന് പറയും,,,അതെന്താന്ന് ചോദിക്കുമ്പോ പ്രായവായ അവളെ നിങ്ങള് ഉപേക്ഷിക്കും…ജോലിചെയ്യിക്കും…ദ്രോഹിക്കും…അതിനേക്കാൾ നല്ലത് അതൊന്നുമറിയാതെ മരിക്കുന്നതല്ലെന്ന് പറയും…പരിഭവമായിരിക്കും അച്ഛനോട്…കയ്യിലൊന്ന് നുള്ളി അച്ചേടെ തീർത്ഥ മോള് അങ്ങനെ അല്ലെന്ന് പറയും…അതോടെ തീരുമായിരുന്നു പരിഭവം…അച്ഛനിലൂടെയാണ് എല്ലാം പഠിച്ചത്…അച്ഛൻ യാഥാർഥ്യത്തിൽ തനിക്കൊരു പാദപുസ്തകം തന്നെയായിരുന്നു…ബെഡിലേക്ക് കിടന്ന് ഓർമകളിലേക്ക് ഇറങ്ങി ചെന്നു…കണ്ണുകൾ നിദ്രയെ പ്രാപിക്കുമ്പോഴും അച്ചേടെ തീർത്ഥമോളായി ഓടിക്കളിക്കുന്ന കുഞ്ഞായിരുന്നു ഞാൻ…

രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പോകുമ്പോഴും അമ്മയെയും തരുണിയെയും നോക്കാൻ തോന്നിയില്ല…അച്ഛന്റെ നെറ്റിയിൽ കുനിഞ്ഞു ഒരു മുത്തം നൽകി…പോകും വഴി ഇന്നലെ നടന്ന കാര്യങ്ങളായിരുന്നു മനസ്സിൽ…അച്ഛൻ പറഞ്ഞു പഠിപ്പിച്ചതെല്ലാം ഓർമയിൽ തെളിഞ്ഞു വന്നിരുന്നു…അതെന്നെ കുത്തി നോവിക്കും പോലെ…അമ്മയോട് ക്ഷമ പറയാതിരുന്നത് തെറ്റാണെന്ന് തോന്നി…അപ്പോഴും ഒന്നുറക്കെ കരയാൻ പറ്റാത്തത്തിന്റെ ഭാരം മനസ്സനുഭവിക്കുന്നുണ്ടായിരുന്നു…എന്നും മാണിക്യശേരിയിലേക്ക് കേറി ചെല്ലുമ്പോ അച്ഛമ്മയുടെ കള്ള നോട്ടം ആസ്വദിക്കാറുള്ള തനിക്കിന്ന് അതിന് പറ്റിയിരുന്നില്ല…മനസ് മറ്റുപല ചിന്തകളിലുമായിരുന്നു…ഉഷാമ്മയുടെ കൂടെ ജോലി ചെയ്യുമ്പോഴും ഒന്നും കേൾക്കുന്നില്ലായിരുന്നു…എല്ലാത്തിനും മൂളി മൂളി ഉത്തരം നൽകുമ്പോഴും എന്താണ് പറഞ്ഞതെന്ന് ആലോചിച്ചതുമില്ല…പതിയെ കുളത്തിന്റെ അടുത്തേക്ക് നടന്നു…പടവിലായി ഇരുന്നു…ചുറ്റും ശാന്തമായ,താൻ ആഗ്രഹിച്ചിരുന്ന നിശബ്ദത…ഒരുപാട് നേരം വെള്ളത്തിലേക്ക് നോക്കിയിരുന്നു…തന്റെ മനസ് തുടിയ്ക്കുകയാണ്…ഇങ്ങനെ ശാന്തമായി കിടക്കുന്ന ജലമാകാൻ…കഴിയുന്നില്ല,,,കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ട്..അത്ഭുതം തോന്നി,,,ഇന്നലെ എവിടെയായിരുന്നു ഈ കണ്ണുനീർ…??

“തീർത്ഥ….”

ശാന്തമായുള്ള വിളി കേട്ടാണ് ഞെട്ടലോടെ പിന്തിരിഞ്ഞു നോക്കിയത്…കണ്ണുകൾ അമർത്തി തുടച്ചു…കാവിമുണ്ടിന്റെ തുമ്പ് കയ്യിലെന്തി നിൽക്കുന്ന ദേവേട്ടനെ കണ്ട് ഒരു പുഞ്ചിരി മുഖത്ത് വരുത്തി…താനിരിക്കുന്ന പടവിലായി ഇരുന്ന് കൊണ്ട് ദേവേട്ടനും ഒന്നും മിണ്ടാതെ വെള്ളത്തിലേക്ക് നോക്കി ഇരുന്നു…ഒരുപാട് നേരത്തെ നിശബ്ദത ദേധിച്ചു കൊണ്ട് ദേവേട്ടൻ തന്നെ ചോദിച്ചു തുടങ്ങി…

“തനിക്കെന്തെങ്കിലും വിഷമങ്ങളുണ്ടോ…??”

കടിഞ്ഞാണിട്ട് നിർത്തിയിരുന്ന കണ്ണുനീർ ബന്ധനം പൊട്ടിച്ചെറിഞ്ഞിരുന്നു…ഞാൻ ആ മുഖത്തേക്ക് നോക്കി…അവിടെ എന്നോടുള്ള സഹതാപമോ അതോ സ്നേഹമോ…?? ഇതുവരെ ഈ മുഖത്ത് ദേഷ്യമല്ലാത്തൊരു ഭാവം തനിക്ക് വേർതിരിച്ചറിയാൻ പറ്റിയിരുന്നില്ല…

“കളിയാക്കുവാണോ എന്നെ…?? ”

“തനിക്കങ്ങനെ തോന്നിയോ തീർത്ഥ,,,എങ്കിൽ കേട്ടോ ചങ്കിൽ തട്ടി തന്നെയാ ചോദിച്ചത്…”

നോട്ടം മാറ്റി കുളത്തിലേക്ക് നോക്കി…നീന്തി തുടിക്കുന്ന മീൻകുഞ്ഞുങ്ങൾ…അതിന്റെ സ്വാതന്ത്ര്യം കണ്ട് അസൂയ തോന്നി…

“വിഷമങ്ങൾ മാത്രമുള്ള എന്നോട് എന്തെങ്കിലും വിഷമമുണ്ടോന്ന് ചോദിച്ചാൽ ഞാനെന്താ പറയേണ്ടത്…?? ”

“താനൊരു കേൾവിക്കാരനെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നി…അത് ഞാനായാൽ ഈ മനസ് എന്റെ മുന്നിൽ തുറക്കാൻ പറ്റുമോ തനിക്ക്…”

ദേവൻ പ്രതീക്ഷയോടെ ചോദിച്ചതും പറയണോ വേണ്ടയോന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു തീർത്ഥ…നേരം കുറച്ചായിട്ടും അവളുടെ ഭാഗത്ത്‌ നിന്ന് മറുപടി കാണാതായതും ദേവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി എഴുന്നേറ്റ് തിരിഞ്ഞു…പെട്ടന്ന് കൈവെള്ളയിൽ ഒരു പിടി വീണതും അവൻ പ്രതീക്ഷയോടെ അവളെ നോക്കി…എനിക്ക് പറയാനുണ്ട്…കേൾക്കാവോ എന്നെ… അവളൊരു കൃത്രിമ പുഞ്ചിരിയോടെ ചോദിച്ചതും അവൻ പുഞ്ചിരിയോടെ അവൾക്കടുത്തായി ഇരുന്നു…ഒരു ദീർഘനിശ്വാസത്തോടെ തീർത്ഥ പറയാൻ തുടങ്ങി…അവളുടെയുള്ളിലെ സങ്കടങ്ങൾ പെയ്തിറക്കുന്നത് അവനൊരു അതിശയത്തോടെ കണ്ടിരുന്നു…ഒരു പെണ്ണിന് ഇത്രയും സഹിക്കാൻ പറ്റുമോ…??എങ്ങലടിച്ചു കരയുന്ന അവളെ ആശ്വസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും അവൻ മനസ്സിനെ തടഞ്ഞു വെച്ചിരുന്നു…മനസ്സിലെ ഭാരം അവന് മുന്നിൽ നിവർത്തിയതും തീർത്ഥയുടെ കണ്ണുകളിൽ ആശ്വാസം നിറഞ്ഞിരുന്നു…ഇപ്പൊ താനും ആ വെള്ളപ്പരപ്പിനെപോലെയാണെന്ന് തോന്നി അവൾക്ക്….കുളത്തിനരുകിലായ് കേട്ടതൊക്ക വിശ്വസിക്കാനാകാതെ നിൽക്കുന്ന ഭാരതിയെ ദേവൻ മാത്രേ കണ്ടിരുന്നുള്ളു…

•°•°•°•°•°•°•°•°•°•°•°•°•°•°•

“ഹലോ,,,നിതിൻ…നീയെവിടെയാ..?? എനിക്ക് നിന്നെയൊന്ന് കാണണം…വീട്ടിലിപ്പോ പ്രശ്നങ്ങളാ…”

നിതിൻ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിൽ വന്ന് ചുറ്റിലുമൊന്ന് നോക്കിക്കൊണ്ട് തരുണി ഫോൺ ചെവിയോട് ചേർത്തു…

“ഞാൻ പപ്പേടെ കൂടെയാടാ…വീട്ടിൽ ഒരു ഫങ്ക്ഷൻ…എന്തുപറ്റിടാ…എനിതിങ് സീരിയസ്…?? ”

“ഏയ്‌…ഇല്ല…എങ്കിൽ ഞാൻ പിന്നെവിളിക്കാം നിന്നെ…ബൈ…”

ഫോൺ ബാഗിലേക്ക് വെച്ച് തിരിഞ്ഞു പോകാൻ തുടങ്ങുമ്പോഴാണ് ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ നിതിന്റെ ബൈക്ക് കാണുന്നത്…ഈയിടയായി നിതിൻ ഫോൺ വിളിക്കാനോ സംസാരിക്കാനോ താല്പര്യം കാണിക്കാത്തത്തിന്റെ ടെൻഷനും അവൾക്കുണ്ടായിരുന്നു…ഒരല്പം സംശയത്തോടെ തന്നെ B ബ്ലോക്കിലെ 201ആം നമ്പർ റൂമിന് അല്പം മാറിനിന്ന് അവൾ വീണ്ടും ഫോൺ കയ്യിലെടുത്തു…ഇനിയും വിളിക്കണ്ടന്ന് തോന്നിയത് കൊണ്ട് ഫോൺ ബാഗിലേക്ക് വെച്ച് അവൾ റൂമിന് അടുത്തേക്ക് ചെന്ന് കാളിങ് ബെൽ അടിച്ചു…രണ്ട് മൂന്ന് പ്രാവശ്യം അടിച്ചിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് അവളൊരു ആശ്വാസത്തോടെ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് വാതിൽ അവൾക്ക് മുന്നിൽ തുറക്കുന്നത്…മുന്നിൽ ഷോർട്സ് മാത്രം ധരിച്ചു നിൽക്കുന്ന നിതിനെ കണ്ട് അവൾ നെറ്റിച്ചുളിച്ചൊന്നു നോക്കി…

“ഫുഡ്‌ വന്നോ ബേബി…?? ”

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിസ്ഥാനം തെറ്റിക്കിടക്കുന്ന ഡ്രെസ്സുമായി വരുന്ന പെണ്ണിനെ കണ്ട് അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി…നിതിന്റെ തല കുനിഞ്ഞിരുന്നു…അവനെന്തോ പറയാൻ തുടങ്ങിയതും അവൾ കൈയുയർത്തി തടഞ്ഞു…അഗ്നിയെരിയുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ…

“നീ എന്നെ ചതിക്കുവായിരുന്നല്ലേ നിതിൻ,,,നീ ശ്രാവണിന്റെ ഫ്രണ്ട് ആണെന്നറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചത് നീ എന്റെ പുറകെ നടന്നത് ആത്മാർത്ഥമായി തന്നെയാണെന്ന് ഓർത്തിട്ടാ…നിനക്ക് വേണ്ടിയാ,നീ കാരണവാ ഞാൻ എന്റെ ചേച്ചിയെ പോലും വെറുത്തതും അകറ്റിനിർത്തിയതും…ആ നീ തന്നെ…കല്യാണത്തിന് മുന്നേ ശാരീരിക ബന്ധം വേണ്ടാന്ന് ഞാൻ പറഞ്ഞപ്പോ മുതലാണോ നിനക്കെന്നെ വേണ്ടാതായത്..?? ആയിരിക്കും അല്ലെ…തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയാണ്…ഇത് വരുത്തി വെച്ചതും ഞാനാ…അനുഭവിക്കണം ഞാനിത്…”

എങ്ങലടിച്ചു കൊണ്ട് തരുണി പറഞ്ഞതും നിതിൻ ഒരു പുച്ഛത്തോടെ അവളെ നോക്കി കിറികോട്ടി…

“അല്ലെങ്കിലും നിന്നെപ്പോലെ ഒരു ദാരിദ്രവാസിയോട് ദിവ്യപ്രണയം സ്ഥാപിക്കാൻ മാത്രം മണ്ടനല്ല ഞാൻ…എല്ലാം ശ്രാവൺ പറഞ്ഞത് കൊണ്ട് മാത്രവാ…”

അവൻ തന്റെയുള്ളിലുള്ളത് പറഞ്ഞു നിർത്തി…സ്വയം പുച്ഛം തോന്നിയിരുന്നു അവൾക്ക്…എല്ലായിടത്തും താളം പിഴച്ചത് പോലെ…കണ്ണുനീർ വാശിയോടെ ഒഴുകി ഇറങ്ങുന്നുണ്ട്…

“നിർത്താം…ഇതിവിടെ വെച്ച് നിർത്താം…ഇനി എന്നെ ശല്യം ചെയ്യാൻ വരരുത്…ഞാനായിട്ട് വരുത്തിയ വിധി ഞാൻ അനുഭവിച്ചോളാം…നിന്നോടുള്ള എന്റെ പ്രണയം ആത്മാർത്ഥമായിരുന്നു…അതുകൊണ്ട് മറക്കാൻ താമസിക്കും…എങ്കിലും നിന്നെ ഞാൻ വെറുക്കുന്നു നിതിൻ…”

അത്രയും പറഞ്ഞറങ്ങി പോകുമ്പോഴേക്കും വാതിൽ കൊട്ടിയടയ്ക്കുന്ന ശബ്ദം അവൾ കേട്ടിരുന്നു…സ്റ്റെപ്പിന്റെ മൂലയ്ക്കായി നിന്നുകൊണ്ട് തരുണി മുഖം പോത്തികരഞ്ഞു…നീ വെറുമൊരു തോൽവിയാണെന്ന് ആരോ ഉച്ചത്തിൽ വിളിച്ചു പറയും പോലെ…കൈ കൊണ്ട് സ്വന്തം കവിളിൽ ആഞ്ഞടച്ചു…ഇരുകവിളുകളിലുമടിച്ചു സ്വയം ശരീരത്തെ വേദനിപ്പിച്ചു കൊണ്ടിരുന്നു…ചെയ്ത തെറ്റോർത്ത് വിങ്ങിവിങ്ങി കരഞ്ഞു…തീർത്ഥയുടെ മുഖം ഓർക്കും തോറും അവളൊരു ഭ്രാന്തിയെ പോലെ ഇരുകവിളുകളിലുമടിച് അലറി കരഞ്ഞു….

തുടരും….

അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യുക…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *