ഒരാൾ പ്രേമിച്ചാൽ ഒരുപാട് സ്വപ്നം കാണാം പക്ഷെ രണ്ടാളും പ്രേമിച്ചു തുടങ്ങിയാൽ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സൽമാൻ സാലി

ന്റെ പ്രേമം..

8B യിലെ ആദ്യ ദിവസം തന്നെ ഞാൻ MBBS അഡ്മിഷൻ എടുത്തു ജനാലിന്റെ അടുത്ത് ന്റെ സീറ്റ് ഉറപ്പിച്ചു..

അഞ്ചാം ക്ലാസ് മുതൽ ഞാൻ MBBS ആണ് (മെമ്പർ ഓഫ് ബാക് ബെഞ്ച് സ്റ്റുഡന്റ് ) അതാവുമ്പോ ക്ലാസ്സിലെ എല്ലാം ഭാഗവും കാണാൻ കഴിയും..

പെട്ടന്ന് തന്നെ ബാക്കിയുള്ള mbbs മെമ്പർ മാരെ പരിചയപെട്ടു ക്ലാസ്സിലെ ബാക്കിയുള്ള കുട്യോളെ നിരീക്ഷണം തുടങ്ങി..

ബോയ്സ് പണ്ടേ ന്റെ കണ്ണിൽ പിടിക്കാത്തത് കൊണ്ട് ഒരേ ഞാൻ നിരീക്ഷത്തിൽ നിന്നും ഒഴിവാക്കി ന്റെ ആത്മാർത്ഥത മുഴുവൻ ക്ലാസ്സിലെ ഗേൾസിലേക്ക് കേന്ദ്രീകരിച്ചു..

അപ്പോളാണ് രണ്ടാമത്തെ ബെഞ്ചിൽ തൂക്കൽ പിടിച്ച കോഴിയെ പോലെ ഒരു സാധനം തലയും താഴ്ത്തി ഇട്ടിക്കുന്നു…എങ്ങനെ നോക്കിയിട്ടും ആ കുരിപ്പിന്റെ മുഖം ഒന്ന് കാണാൻ പറ്റിയതും ഇല്ല .. ടീച്ചർ വന്നു പരിചയപെട്ടു കഴിഞ്ഞിട്ടും ആ സാധനം ഒന്ന് തല അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞത് പോലുമില്ല ..

ഓളെ മുഖം പോലും കാണാതെ ന്റെ ഹൃദയത്തിൽ ഓള് കേറിക്കൂടിയൊന്ന് വരെ എനിക്ക് സംശയം ആയി… എപ്പളും നോട്ടം ഓളുടെ മുഖം ഒന്ന് കാണാൻ വേണ്ടി മാത്രമായി …

ഇന്റർവെൽ സമയത്ത് പുറത്ത് പോയി വേഗം തിരിച്ചു കയറുമ്പോൾ ഓളുടെ മുഖത്തേക്ക് നോക്കി ആപ്പോ തന്നെ ഓളും ന്നെ നോക്കി

ഓൾടെ ഉണ്ടകണ്ണ് കണ്ടതും ഞാൻ മനസ്സിൽ ഉറപ്പിച്ചു ഇയ്യ്‌ ന്റെ പെണ്ണാണ്.. അന്നേ കൊണ്ടേ ഞാൻ പോവൂ ന്ന്

ഓൾടെ പേര് ഷംന… ന്റെ ഉണ്ടക്കണ്ണി…

അന്ന് മുതൽ ഓളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഉള്ള ആലോചനയായിരുന്നു..

എന്നും നേരത്തെ എണീറ്റ് സ്കൂളിൽ പോകുന്നത് കണ്ടിട്ട് ന്റുമ്മാക് ഒരു സംശയം ഞാൻ വല്ല പ്രേതത്തെയും കണ്ട് പേടിച്ചുപോയോ ന്ന്.. അല്ലെങ്കിൽ ആഴ്ചയിൽ ഒരു പല്ല് വേദന ഒരു തലവേദന.. പനി തലചുറ്റൽ.. എന്ന് വേണ്ട പ്രസവം വേദന ഒഴിച് എല്ലാം വേദനയും പറഞ്ഞു ലീവ് എടുക്കുന്ന ഞാൻ എന്നും ഡീസന്റായി ക്ലാസ്സിൽ പോക്ക് തുടങ്ങി…

പാവം ന്റെ ഉമ്മാക് അറിയൂലാലോ ഉമ്മാക്ക് ഉള്ള ഭാവി മരുമോളെ സെറ്റാക്കാൻ ആണ് പുന്നാര മോൻ ഇത്രയും ആത്മാർത്ഥമായി സ്കൂളിൽ പോകുന്നത് എന്ന്…

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ക്ലാസ്സിലെ എല്ലാർക്കും ന്റെ പ്രേമം മനസിലായി..പക്ഷെ ഓൾക്ക് മാത്രം മനസിലായില്ല …

അല്ല ഓളെ കുറ്റം പറഞ്ഞിട്ടും കാര്യല്ല.. ഓളോട് ന്തെങ്കിലും പറഞ്ഞാൽ അല്ലെ ഓള് അറിയൂ…

എങ്ങനെ പറയാനാ.. ഓള് അടുത്ത് വരുമ്പോൾ ന്റെ നെഞ്ചിടിപ്പ് കൂടും.. കാലും കയ്യും വിറക്കാൻ തുടങ്ങും…

എല്ലാം ദിവസവും ഓളോട് ഇഷ്ട്ടം ആണെന്ന് പറയാൻ വേണ്ടി കത്ത് നിക്കും പക്ഷെ ഓള് വരുന്നത് കണ്ടാൽ ന്റെ bp ലോ ആവും…

അങ്ങനെ അവസാനം ഓണ പരീക്ഷയും കഴിഞ്ഞു ക്രിസ്മസ് പരീക്ഷയും കഴിഞ്ഞു.. ന്റെ പ്രേമം മാത്രം തൊടങ്ങീല…

ഒരു ദിവസം ഉച്ചയ്ക്ക് അവൾ ഒറ്റക്ക് ക്ലാസ്സിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഓൾടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു

ഷംന… ഇൻക് അന്നേ വയങ്കര ഇഷ്ട്ടാണ്.. I love u…ന്ന്..

അത് കേട്ടതും നന്ദനം സിനിമയിലെ ബാലമണിയെ പോലെ ഞാനെ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു എന്ന ഡയലോഗ് പോലെ ഓളെ ഉണ്ടക്കണ്ണ് നിറച്ചോണ്ട് കരയാൻ തുടങ്ങി..

അപ്പൊ തന്നെ ബാക്കിയുള്ള പെൺകുട്ടികൾ ക്ലാസ്സിൽ കേറി വരുമ്പോൾ കാണുന്നത് ഷംന കരയുന്നു ഞാൻ അടുത്ത് നില്കുന്നു.. അതോടെ വാർത്ത കാട്ട് തീപ്പോലെ പടർന്നു.. ഞാൻ ഓളെ കേറി പിടിച്ചു ന്നാ കേസ്..

വിജയൻ മാഷിന്റെ ചൂരൽ വടികൊണ്ട് ന്റെ ചന്തിമ്മൽ പിക്കാസോയുടെ കരവിരുതോടെടെ ചിത്ര പണികൾ പണിതു വിട്ട അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോ കാ‍ന്താരി മുളക് കടിച്ച ഫീലിംഗ് ആയിരുന്നു…

പക്ഷെ ആ അടികൊണ്ടു ഒരു കാര്യം ണ്ടായി

ഓൾക് ന്നോട് സഹതാപ പ്രേമം തുടങ്ങി…

പക്ഷെ അന്ന് ഞാനൊരു സത്യം മനസിലാക്കി.. ഒരാൾ പ്രേമിച്ചാൽ ഒരുപാട് സ്വപ്നം കാണാം പക്ഷെ രണ്ടാളും പ്രേമിച്ചു തുടങ്ങിയാൽ അധ്വാനം കൂടുതൽ ആണെന്ന്

ഓൾക് മഞ്ചും എക്ലയറും വാങ്ങിച്ചു കൊടുക്കാൻ വേണ്ടി ബസ്സിന് പോകാൻ തരുന്ന പൈസ ലാഭിക്കാൻ എന്നും വീട്ടിലേക്ക് നടന്നു പോകേണ്ടി വന്നു…

ഞാൻ മൂന്ന് കിലോമീറ്റർ നടന്നു പോയി ആ പൈസ കൊണ്ട് വാങ്ങിച്ചു കൊടുക്കുന്ന എക്ലെയർ മൂന്ന് സെക്കന്റ്‌ കൊണ്ട് ഓള് അലിച്ചിറക്കി തിന്നുമ്പോൾ നോക്കി നിക്കാ ന്നല്ലാതെ വേറെ ഒരു വഴിയും ല്ലാലോ..

ന്നാലും മണ്ടില്ല.. അന്നേം കെട്ടി ന്റെ കുട്യോളേം കളിപ്പിച്ചു ഉമ്മറത്തിരിക്കുമ്പോ ഇയ്യ് എനിക്ക് ചായ കൊണ്ട് തരൂലേ അപ്പൊ ഞാൻ ഇതിന് പകരം വീട്ടുമെടി ന്നൊക്കെ മനസ്സിൽ കരുതും..

സ്കൂളിലെ സ്റ്റേജിന്റെ ബാക്കിൽ വാതിലിൽ ബ്ലേഡ് കൊണ്ട് ചുരണ്ടി അതിൽ ഒരു ലവ് ചിഹ്നം വരച്ചു ഷംന ലവ് സൽമാൻ ന്നെഴുതിയത് ഓള് കാണുന്നതിന് മുൻപ് പുരുഷോത്തമൻ മാഷ് കണ്ടപ്പോൾ ന്നെ കാണാൻ വന്നത് ന്റെ ഭാവി അളിയന്മാരായിരുന്നു…

അവർ ഞങ്ങളുടെ പ്രേമത്തെ അഭിനന്ദിച്ചു കൊണ്ട് കയ്യടിച്ചപ്പോൾ അതിനിടയിൽ പെട്ട ന്റെ മോന്ത വണ്ടികടിയിൽ പെട്ട തവളയെ പോലെ ആയി.. ന്റെ ഭാവി അളിയന്മാരായത് കൊണ്ട് അന്ന് ഞാൻ ക്ഷമിച്ചു… ഇല്ലേൽ കാണായിരുന്നു അവർ ന്റെ കയ്യും കാലും തല്ലി ഓടിച്ചേനെ…

നാരായണൻ മാഷുടെ വീട്ടിലെ ചാമ്പക്ക, പിന്നെ മാമ്മദ്ക്കന്റെ തൊടിയിലെ മാങ്ങ.. കനാലിന്റെ സൈഡിലെ പുളി മരത്തിൽ നിന്നും വീണ പുളി ഇതൊക്കെ ന്റെ ഷംനക്ക് വേണ്ടി പെറുക്കി കീശയിലാക്കി ആണ് സ്കൂളിൽ എത്തുക …

അങ്ങനെ ന്റെ എക്ലയറും ചാമ്പക്കയും പുളിയും ഒക്കെ തിന്ന് ഓള് തടിച്ചു വണ്ണം വെച്ചു ബസ്സില് പോകാതെ നടന്നു നടന്നു ഞാൻ ബാലഭൂമിയിലെ നമ്പോലന്റെ ലുക്കും ആയി…

ന്റെ കോലം കണ്ടിട്ട് പാവം ന്റുമ്മ ദിവസോം കോഴി മുട്ട പുഴുങ്ങിയൊക്കെ തന്നു പക്ഷെ നമ്പോലന്നിൽ നിന്നും ഒരു മാറ്റവും ഇല്ലായിരുന്നു.. എങ്ങനെ തടിക്കാനാ എന്നും സ്കൂൾ വിട്ട് ബോസ്റ്റൺ ടി പാർട്ടിയും പാത്തുമ്മന്റെ ആടിനെയും കിണറിന്റെ വ്യാപ്തമൊക്കെ ചുമന്നോണ്ട് മൂന്ന് കിലോമീറ്റർ നടക്കുന്നത് പാവം മ്മച്ചി അറിയുന്നില്ലലോ..!

അങ്ങനെ മൂന്ന് കൊല്ലം ഓളെ പ്രേമിച്ചു .. അല്ല ഓളെ തീറ്റി പോറ്റി അവസാനം സെന്റ് ഓഫിന്റെ അന്ന് ഓട്ടോഗ്രാഫിൽ “”നിനക്കായ്‌ ഓർമക്കായ് കല്ലുമ്മക്കായ് “”ന്ന് എഴുതി പിരിഞ്ഞതാണ്…

പിന്നേം നാല് കൊല്ലം കഴിഞ്ഞാണ് ഓളെ കാണുന്നത് ഒക്കത്ത് ഒരു ലഡ്ഡു പോലത്തെ കുഞ്ഞിനേം എടുത്തു ഹോസ്പിറ്റലിൽ വന്നതായിരുന്നു…

അടുത്ത് ചെന്ന് ഓർമ ണ്ടോ ന്ന് ചോയിച്ചപ്പോ കനാലിന്റെ ചോട്ടിലെ പുളി കടിച്ച ഒരു ചിരി… ന്നിട്ട് ഓള് പറയാ വീട്ടിൽ കല്ലുമ്മക്കായ വാങ്ങുന്ന ദിവസം ഒക്കെ ഓള് ന്നെ ഓർക്കാറുണ്ട് പോലും …. പിന്നെ ഒന്നും ഓളോട് ചോയിക്കാനും പറയാനും നിന്നില്ല അവിടുന്ന് വേഗം സ്ഥലം വിട്ടു.. ഞാൻ…

അന്നത്തോടെ പ്രേമം ഞാൻ നിർത്തി… വേറെ ആർക്കോ ഉള്ള മൊതലിനെ വെറുതെ ചോക്ലേറ്റ് തീറ്റിക്കാൻ വേറെ ആളെ നോക്കണം അല്ല പിന്നെ… ന്നാലും ആ കല്ലുമ്മക്കായ പൊളിച്ചെടുക്കുമ്പോ ഓള് ന്നെ ഓർക്കും പോലും.. ന്നിട്ട് അതിലെ മാംസം എടുത്തിട്ടു തൊലി പറമ്പിലേക്ക് വലിച്ചെറിയും… ഏറെ കുറേ എന്നേ ചെയ്തത് പോലെ തന്നെ… ഞാനും കല്ലുമ്മക്കായയുടെ തൊലിയും ഇപ്പളും പറമ്പിൽ 😌😌😌…..

രചന: സൽമാൻ സാലി

Leave a Reply

Your email address will not be published. Required fields are marked *