മാധവിന്റെ വിരലുകളിൽ കീർത്തന വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് അവന്റെ ചുമലിലേക്ക് ചാഞ്ഞു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അർജുൻ മോഹൻ

ചേട്ടന് നേരത്തെ പ്രണയം ഉണ്ടായിട്ടുണ്ടോ?…………

ആദ്യ രാത്രിയിൽ കുറെയേറെ സംസാരങ്ങൾക്കൊടുവിൽ കീർത്തന മാധവിനോട് ചോദിച്ചു… അവന്റെ മുഖത്തേക്ക് സാകൂതം നോക്കിയിരിക്കുകയായിരുന്നു അവൾ.. പറയാൻ മടിയാണേൽ വേണ്ടാട്ടോ വെറുതെ ചോദിച്ചെന്നേയുള്ളു.. അവന്റെ മുഖഭാവം മാറിയത് കണ്ടപ്പോൾ ചോദിച്ചത് അബദ്ധമായോ എന്നവൾക്ക് തോന്നി…..

പ്രണയം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അത് കളവാകും.. ഉണ്ടായിട്ടുണ്ട് ശരിക്കും ഞാൻ ജീവനെ പോലെ അവളെ സ്നേഹിച്ചിരുന്നു.. എല്ലാം നിന്നോട് എന്നെങ്കിലും പറയണമെന്നും വിചാരിച്ചിരുന്നതാ.. ഇത്തിരി നേരത്തെ തന്നെ എല്ലാം നീയറിയട്ടെ… മനസ്സ് തുറന്നു എല്ലാം ഞാൻ പറയാം……..

ആദ്യമായിട്ട് അവളെ ഞാനല്ല അവൾ എന്നെയാണ് ശ്രദ്ധിച്ചു തുടങ്ങിയത്.. എനിക്ക് തോന്നുന്നത് അവൾക്കു എന്നോട് സഹതാപമായിരുന്നെന്നാണ് ആദ്യമൊക്കെ… നിനക്കറിയാല്ലോ എന്റെ ഫാമിലി ഒക്കെ എങ്ങനെ ആയിരുന്നെന്നു.. അച്ഛൻ ആക്‌സിഡന്റ് പറ്റി ആ സമയത്തു ജീവച്ഛവം പോലെ കിടക്കുവായിരുന്നു.. അമ്മയുടെ വരുമാനം മാത്രം. വരുമാനം എന്ന് പറയാനൊന്നുല്ല.. കഷ്ടപ്പാട് തന്നെ ആയിരുന്നു.. അച്ഛന്റെ സഹോദരങ്ങളുടെ സഹായങ്ങൾ കൂടി ഉള്ളത് കൊണ്ട് ജീവിച്ചു പോയിരുന്നെന്നു പറയാം…..

പ്ലസ്ടു കാലഘട്ടത്തിൽ ഞാൻ പതുക്കെ ഡിപ്രെഷനിലേക്ക് പോയി തുടങ്ങിയിരുന്നു.. ഒന്നിനും താല്പര്യമില്ലാത്ത അവസ്ഥ, ആത്മഹത്യ ചെയ്യുന്നതിനെ പറ്റി എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുമായിരുന്നു ഞാനന്നൊക്കെ.. എല്ലാവരും എന്നെക്കാളും മുൻപന്തിയിലാണെന്നു ഉള്ള ഒരു തോന്നൽ എന്നെ എല്ലാത്തിൽ നിന്നും പിറകോട്ടു വലിച്ചു കൊണ്ടേയിരുന്നു.. ചുരുക്കത്തിൽ ഞാൻ ഒന്നിനും കൊള്ളില്ലെന്നു ഞാൻ തന്നെ വിലയിട്ട സമയം.. അതിന്റെ മൂർദ്ധാന്യത്തിൽ ആണ് കോളേജിൽ എത്തുന്നത്..

മാധവിന്റെ വിരലുകളിൽ കീർത്തന വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് അവന്റെ ചുമലിലേക്ക് ചാഞ്ഞു.. അവന്റെ കണ്ണുകളിൽ അന്നവൻ അനുഭവിച്ച മനസിക സംഘർഷങ്ങൾ അവൾക്കു വായിച്ചെടുക്കാമായിരുന്നു….

കോളേജിലെ ആദ്യദിനങ്ങളിലെ റാഗിങ് സമയം മാധവ് ഓർത്തെടുക്കുകയായിരുന്നു…. സീനിയഴ്സ് ഓരോരുത്തരെ വിളിച്ചു ഓരോ കാര്യങ്ങൾ പെർഫോം ചെയ്യാൻ പറയുമ്പോൾ ഞാൻ പുറകിലത്തെ ബെഞ്ചിൽ വിറങ്ങലിച്ചു ഇരിക്കുകയായിരുന്നു.. ഒടുവിൽ എന്റെ അവസരത്തിൽ നിനക്ക് പാട്ട് പാടാൻ അറിയാമോന്നു ചുരുണ്ട മുടിക്കാരനായ കറുത്തു നീളം കൂടിയ ഒരുത്തന്റെ ചോദ്യം.. നന്നായി പാടുന്ന ഞാൻ അറിയില്ല എന്ന് പറഞ്ഞതും എന്നാ നീ അറിയുന്ന പോലെ പാടിയ മതീന്ന് അവൻ… വിറയാർന്ന ശബ്ദത്തിൽ അഴകേ നിന്മിഴിനീർ മണിയീ കുളിരിൽ തൂകരുതേ എന്ന പാട്ട് അവൻ ഒരു വിധത്തിൽ പല്ലവി പാടി അവസാനിപ്പിച്ചു.. കൂക്കുവിളികൾക്കിടയിലൂടെ മുന്നോട്ട് നടന്നപ്പോഴാണ് പെൺകുട്ടികളുടെ ഇടയിൽ എന്നെ നോക്കി കയ്യടിക്കുന്ന അവളെ ഞാൻ ശ്രദ്ധിച്ചത്….

പുറകിലത്തെ ബെഞ്ചിൽ കുനിഞ്ഞിരുന്ന എന്നെ അവൾ അപ്പോഴും ഏറു കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ ഞാൻ കോളേജിൽ എത്തിയപ്പോൾ ക്ലാസ്സിൽ അവളും ഒന്ന് രണ്ട് പെൺകുട്ടികളും മാത്രമേ എത്തിയിട്ടുള്ളാരുന്നു.. ഞാൻ അവരെ കണ്ടതായി ഭാവിക്കാതെ ബാക്ക് ബെഞ്ചിൽ പോയിരുന്നു.. പുറത്തേക്കു നോക്കിയിരുന്ന എന്റെ അഭിമുഖമായി അവൾ വന്നിരുന്നു.. ഹലോ.. മാധവ് ഗുഡ്മോർണിംഗ്.. അവളുടെ നേർക്കു ഞാൻ ഒന്ന് നോക്കി.. അവളുടെ സുന്ദരമായ മുഖത്തേക്ക് നോക്കിയിട്ട് തിരിച്ചു വിഷ് ചെയ്യാതിരിക്കാൻ എനിക്ക് ആവുമായിരുന്നില്ല..

പാട്ട് നന്നായിരുന്നുട്ടോ.. ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.. അതവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. തിരിച്ചൊരു താങ്ക്സ് പറഞ്ഞൂടെ.. എന്തിനാ ഇത്ര ജാട?? അവൾ എന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കുവാണെന്നു എനിക്ക് മനസ്സിലായി….

ഒരു ജാടയുമില്ല.. താൻ ഒന്ന് മാറിയിരിക്കുമോ? പ്ലീസ്.. ഞാൻ അവളോട്‌ അഭ്യർത്ഥിച്ചു.. ഇവിടെ ഇരിക്കാൻ പാടില്ലെന്ന് നിയമമൊന്നുമില്ലല്ലോ.. ഉവ്വോ?? വീണ്ടും അവളുടെ പ്രകോപനം.. ഞാൻ അവിടുന്നു എഴുന്നേറ്റു പുറത്തേക്കു നടന്നു……. നിനക്കെന്താടി അവനു താൽപര്യമില്ലെങ്കിൽ സംസാരിക്കേണ്ട.. ലീവ് ഹിം എലോൺ.. കൂട്ടുകാരി അവളോട്‌ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു… പക്ഷെ അവൾ കരുതി കൂട്ടിത്തന്നെയായിരുന്നു…….

ഉച്ച കഴിഞ്ഞു വേറൊരു ഡിപ്പാർട്മെന്റിലെ പയ്യൻ അവളെ പ്രൊപ്പോസ് ചെയ്യാൻ ഒരു റോസപ്പൂവും ഒക്കെ ആയി വന്നു.. അവളുടെ മുൻപിൽ കുനിഞ്ഞിരുന്നു സിനിമ സ്റ്റൈൽ പ്രൊപോസൽ.. ഞാൻ ഏറു കണ്ണിട്ടു അത് കാണുന്നുണ്ടെന്നു അവൾക്കും മനസ്സിലായെന്നു തോന്നുന്നു.. നാടകീയമായി പൂവ് അവൾ വാങ്ങുകയും ചെയ്തു.. ഐ ലവ് യു എന്ന് അവൻ പറഞ്ഞപ്പോൾ എവിടെയോ എന്തോ ഒരു നീറ്റൽ എനിക്കും തോന്നിയിരുന്നു….

ഓഹോ.. അപ്പോൾ ഏട്ടന് ആ ചേച്ചിയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.. അല്ലെ? അപ്പോൾ ജാടയിട്ടത് തന്നെയാണ്.. കീർത്തനയുടെ ചോദ്യത്തിന് അവൻ അവളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു.. അങ്ങനെ ചിരിക്കേണ്ട.. എനിക്ക് ചെറിയ അസൂയ വരുന്നുണ്ട്.. സത്യം പറഞ്ഞോ.. സ്ത്രീകളുടെ കൂടപ്പിറപ്പായ ആകാംഷ അവളുടെ കണ്ണുകളിൽ അവനു കാണാമായിരുന്നു..

അവൾ ആൻ മരിയ.. അവളെ കണ്ടാൽ ആരും പ്രേമിച്ചു പോകും മോളെ.. പക്ഷെ എനിക്ക് പ്രേമം തോന്നിയിരുന്നില്ല അപ്പോൾ കാരണം എന്റെ അപകർഷതബോധം തന്നെ… അവൾ അതിസുന്ദരി ആയിരുന്നു.. എന്നെ പ്രേമിക്കാൻ ഒരു സാധ്യതയും ഞാൻ അന്ന് കണ്ടിരുന്നില്ല.. അവൾ സാമ്പത്തികഭദ്രത ഉള്ള കുടുംബത്തിൽ നിന്നും വന്നവൾ, അവളുടെ പുറകെ നടക്കാൻ ഒരു പാട് ആൺപിള്ളേർ.. ഞാൻ അവൾക്കൊരു ചോയ്സ് അല്ലെന്നു ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.. ആ ഒരു സംഭവത്തിന്‌ മുൻപ് വരെ മാത്രം…

ഫിസിക്സ്‌ പ്രാക്ടിക്കൽ ലാബിൽ വെച്ചാണ് അത് സംഭവിച്ചത്… അവൾ എന്നോട് ഇഷ്ടമാണെന്നു പറയുന്നു.. ഞാൻ സ്വാഭാവികമായും ഒന്ന് മൂളുക മാത്രം ചെയ്തു.. എന്താ നീ ഞാൻ പറഞ്ഞത് കേട്ടില്ലേ?? കേട്ടല്ലോ എന്ന് ഞാൻ പറഞ്ഞു….. എന്നിട്ടെന്താ വെറുതെ മൂങ്ങ മൂളുന്നത് പോലെ മൂളുന്നത്.. അവളുടെ ദേഷ്യം ഞാൻ കണ്ടില്ലെന്നു വരുത്തി ലാബ് വർക്കിൽ മുഴുകി ഞാൻ…….

അവൾ പെട്ടെന്ന് ദേഷ്യപ്പെട്ടു പുറത്തേക്കു പോയി.. ഞാൻ അവളെ ഒന്ന് നോക്കിയത് കൂടിയില്ല.. കൂടെയുണ്ടായിരുന്ന സജ്‌ന എന്നോട് ചില കാര്യങ്ങൾ അപ്പോൾ പറഞ്ഞു.. നീ വിചാരിക്കുന്ന പോലെയല്ല മാധവ്.. അവൾ നിന്നെ ഇഷ്ടപെടുന്നുണ്ട്.. എന്താ നിന്നിൽ അവൾ കണ്ടത് എന്നനിക്കറിയില്ല.. നിന്റെ character ആകാം, ചിലപ്പോ നിന്റെ പാട്ട് പാടാൻ ഉള്ള കഴിവ് ആകാം.. അവളുടെ പുറകെ നടക്കുന്ന ആൺപിള്ളേരെ മാത്രേ അവൾ കണ്ടിട്ടുള്ളു.. ഇവിടെ വന്നപ്പോഴല്ലേ നിന്നെ പോലൊരു മണാകുണാഞ്ചൻ.. ഞാനും പറഞ്ഞതാ നിന്നെ വിട്ടേക്കാൻ.. അവൾ കേൾക്കണ്ടേ….. ഞാൻ സജ്‌നയുടെ മുഖത്തേക്ക് നോക്കി.. അവളുടെ മുഖത്ത് സത്യം പറയുന്ന ഭാവം തന്നെയായിരുന്നു..

ആൻ അപ്പോഴേക്കും തിരിച്ചു എത്തിയിരുന്നു.. നീ എവിടെ പോയതാ എന്നുള്ള സജ്‌നയുടെ ചോദ്യത്തിന് എനിക്കൊന്നു ബാത്‌റൂമിൽ പോകാനും പറ്റില്ലെന്നുള്ള ദേഷ്യപ്പെട്ടുള്ള മറുചോദ്യം ആയിരുന്നു മറുപടി.. അറിയാതെ ഞാൻ അപ്പോൾ ചിരിച്ചു പോയി.. നീ ചിരിച്ചോ.. ഞാൻ എന്റെ വില കളഞ്ഞു നിന്റെ പുറകെ നടക്കുന്നതിനു നീ എന്നെ കളിയാക്കി ചിരിക്കണം.. എനിക്കിതു കിട്ടണം… നിനക്കത്രേം സ്നേഹം എന്നോടുണ്ടോ??? അവൾ എന്നെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു.. ശരി എന്താ ഇത്ര സ്നേഹം തോന്നാൻ കാരണം.. ഈ കോളേജ് ലൈഫിൽ അടിച്ചു പൊളിക്കാൻ എത്രയോ ചുള്ളന്മാർ ഉണ്ടെടി.. നീയെന്തിനാ എന്നെ പോലെ പ്രാരാബ്ധം പിടിച്ചവനെ നോക്കുന്നെ??

പ്രാരാബ്ധം?? What is that?? അവളുടെ ചോദ്യം സജ്‌നയുടെ നേർക്കായിരുന്നു.. എന്ന് വെച്ചാൽ കഷ്ടപ്പാട് സജ്‌ന ചിരിയോടെ മറുപടി പറഞ്ഞു.. നീ ദുബായിലൊക്കെ പഠിച്ചത് കൊണ്ട് ഞങ്ങൾ മലയാളം മീഡിയക്കാരുടെ ഭാഷ മനസ്സിലാവൂല.. സജ്‌നയുടെ മറുപടി എന്നെ വീണ്ടും ചിരിപ്പിച്ചു…

ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു നിൽക്കുവാരുന്നു ആൻ അപ്പോൾ… അവളുടെ ദേഷ്യം മാറ്റാൻ വേണ്ടി ഞാൻ വെറുതെ ഉപയോഗിച്ച് കൊണ്ടിരുന്ന സോൾഡറിങ് അയൺ ചൂണ്ടി കാട്ടി പറഞ്ഞു.. അത്ര ഇഷ്ടമാണേൽ അതിലൊന്ന് പിടിക്ക്.. പിടിക്കുവാണേൽ ഇഷ്ടമാണെന്നു ഞാനും പറയും.. അവളുടെ മുഖത്തേക്ക് ഞാൻ നോക്കി…. ആഹ്ഹ്… അവൾ വേദന കൊണ്ട് പിടയുമ്പോൾ ഞാൻ ഒരിക്കലും പഴുത്തിരിക്കുന്ന സോൾഡറിങ് അയണിൽ പിടിക്കുമെന്ന് വിചാരിച്ചിരുന്നില്ല.. അവളുടെ അലർച്ച എല്ലാരേയും അങ്ങോട്ട് ആകർഷിച്ചു.. സജ്‌ന കൈ പിടിച്ചു വെള്ളത്തിൽ കഴുകുക ആയിരുന്നു അപ്പോൾ.. അവളുടെ കണ്ണുകൾ തുളുമ്പാൻ പാകത്തിൽ കണ്ണുനീർ നിറഞ്ഞു നിൽക്കുന്നത് ഞാൻ നൊമ്പരത്തോടെ നോക്കി നിന്നു..

അവൾ പതുക്കെ എന്റെ ആശയും പ്രതീക്ഷയും പ്രാണനും ഒക്കെ മാറുക ആയിരുന്നു പിന്നെയങ്ങോട്ട്… എന്റെ കുറവുകൾ എന്ന് ഞാൻ വിചാരിച്ചതൊക്കെയും അവൾ കഴിവുകൾ ആയി കരുതി എന്റെ എല്ലാം ആയി മാറുക ആയിരുന്നു..എന്റെ വിഷാദങ്ങൾ പതുക്കെ എന്നെ വിട്ടു പോയിതുടങ്ങിയിരുന്നു… ശരിക്കും അവളാണ് എന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ നല്ല രീതിയിൽ ആകാൻ കാരണം.. അവളില്ലായിരുന്നെങ്കിൽ ഒരു പക്ഷെ വിഷാദത്തിന്റെ നെരിപ്പൊടിൽ ഞാൻ എരിഞ്ഞമർന്നേനെ………

അവന്റെ തോളിൽ നനവ് പടർന്നപ്പോഴാണ് അവൻ കീർത്തനയെ നോക്കിയത്.. അവളുടെ കണ്ണുകൾ സജലങ്ങൾ ആയി കഴിഞ്ഞിരുന്നു…. ഇത്രയും സ്നേഹിച്ചിരുന്നിട്ടു നിങ്ങളെന്തിനാ പിരിഞ്ഞത് ഏട്ടാ.. എന്താ നിങ്ങൾ പിരിയാൻ കാരണം.. അവളുടെ ചോദ്യത്തിന് വീണ്ടും അവൻ ഓർമകളിലേക്ക് തിരികെ പോയി….

അന്ന് ആനുവൽ ഡേ ആയിരുന്നു.. അന്നാണ് അവൾ അത് വരെ എനിക്ക് പരിചയമില്ലാത്ത സ്വരത്തിൽ എന്നോട് സംസാരിച്ചത്.. നമ്മൾ ഒരുമിക്കാൻ പറ്റില്ലെന്നും നീയെന്നെ മറക്കണമെന്നും.. എന്താ നീ പറഞ്ഞത് അന്നകുട്ടി.. ഞാനവളെ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.. എനിക്ക് നീയില്ലാതെ പറ്റില്ലെന്ന് നിനക്കറിയാം.. എന്നിട്ട് ഇപ്പോൾ നീയെന്നെ വീണ്ടും പഴയ അവസ്ഥയിൽ എത്തിക്കാൻ ആണോ ശ്രമിക്കുന്നത്..?? അവളുടെ മൗനം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. ഞാനവളുടെ ചുമലിൽ പിടിച്ചു വീണ്ടും ചോദ്യം ആവർത്തിച്ചു.. ഇനി നീയെന്നെ കാണില്ല മാധവ്.. നമ്മൾ ഒരുമിച്ചു ജീവിക്കാൻ സാധ്യതയില്ലെന്നു നീ മനസ്സിലാക്കു.. നിന്നോട് എനിക്ക് ഇഷ്ടമുണ്ടാരുന്നു..ഇപ്പോഴും ഉണ്ട്.. അത് കൊണ്ടാ നിന്നെ ഞാൻ ഒഴിവാക്കുന്നതും അത്രയും നീ മനസിലാക്കിയാൽ മതി… ഇന്നത്തെ നിന്റെ പാട്ട് എനിക്ക് മുൻ നിരയിൽ ഇരുന്നു കേൾക്കണം.. എനിക്ക് വേണ്ടി നീ പാടണം ഇന്ന്.. ഇല്ല.. ഞാൻ പെർഫോം ചെയ്യില്ല.. എനിക്ക് പറ്റില്ല.. അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു ചുണ്ടുകൾ കവർന്നെടുത്തു.. അവൾ എന്നെ അവളുടെ ചുണ്ടുകളിൽ നിന്നും മോചിപ്പിക്കുമ്പോൾ അവളുടെ കണ്ണുനീരിനാൽ എന്റെ കവിളുകൾ നനഞ്ഞിരുന്നു…

ഞാൻ സ്റ്റേജിൽ നിന്നു അവളെ നോക്കി പാടി… “പൊയ് സൊല്ല കൂടാത് കാതലി.. പോയ്‌ സൊന്നാലും നീയേ എൻ കാതലി…. ” പാടിതീർത്തപ്പോൾ ഞാൻ കാതടപ്പിക്കുന്ന കരഘോഷങ്ങൾക്കിടയിലും ഞാൻ അവളെ മാത്രം നോക്കുകയായിരുന്നു… നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് കയ്യടിക്കുക ആയിരുന്നു അവൾ……

മറ്റുള്ളവരുടെ അനുമോദനങ്ങൾ ഏറ്റു വാങ്ങുന്നതിനിടെ അവൾ അവിടം വിട്ടു പോയിരുന്നു.. എന്നോട് യാത്ര പോലും പറയാതെ…. അവളെ ബന്ധപെടാൻ പല വഴിക്കു ഞാൻ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല…

ഒരാഴ്ചക്കു ശേഷം സജ്‌ന എന്നെ വിളിച്ചു.. നീ അത്യാവശ്യമായിട്ട് കോളേജിൽ ഒന്ന് വരണം…. എന്താടി കാര്യം.. അവളുടെ വാക്കുകളിലെ ഭയം എനിക്ക് തിരിച്ചറിയാമാരുന്നു.. കോളേജിൽ എത്തിയപ്പോൾ സ്റ്റുഡന്റ്സും ടീച്ചേഴ്സും ഒക്കെ ഉണ്ട്.. ഞാൻ സജ്‌നയെ കണ്ടു കാര്യങ്ങൾ അന്വേഷിച്ചു..

ടാ അവൾ നമ്മളെ വിട്ടു പോയെടാ.. അവൾ പൊട്ടികരയുക ആയിരുന്നു… ആരുടെ കാര്യമാ നീ പറയുന്നേ… ഞാൻ വിറയലോടെ ചോദിച്ചു.. ആൻ മരിച്ചു പോയെടാ.. അവളുടെ സ്വരം എന്റെ കാതിനു കൂടത്തിനു അടിക്കുന്ന പോലെ ആയിരുന്നു… ഞാൻ ശരീരം തളർന്നു വേച്ചു പോയിരുന്നു അപ്പോൾ.. അവൾക്കു ലുക്കിമിയ ആയിരുന്നെന്നു.. ഫൈനൽ സ്റ്റേജിലാ detect ചെയ്തത്… എല്ലാരിൽ നിന്നും ഒഴിവായി അവൾ നടക്കുവാരുന്നു…

പൊട്ടികരയുന്ന മാധവിനെ നെഞ്ചോടു ചേർത്തു കീർത്ഥനയും കരയുക ആയിരുന്നു…. അവന്റെ നെറ്റിയിലും കവിളിലും അവൾ ചുംബിച്ചു.. ഏട്ടാ.. ആ ചേച്ചിയോളം വരില്ലെങ്കിലും ഏട്ടനെ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം.. അവരെ പോലെ ഞാൻ സ്നേഹിച്ചോളാം.. വിഷമിക്കല്ലേ….. ഇപ്പോൾ ഞാൻ ഏട്ടനെ മുൻപത്തെക്കാൾ 100 മടങ്ങു അധികം സ്നേഹിക്കുന്നുണ്ട്…

അപ്പോൾ രാത്രിയുടെ അന്ത്യ യാമത്തിൽ ദൂരേയൊരു നക്ഷത്രം അവരെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു……

രചന: അർജുൻ മോഹൻ

Leave a Reply

Your email address will not be published. Required fields are marked *