പ്രിയസഖീ ഭാഗം – തുടർക്കഥ, ഭാഗം: 4 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

“ഇന്നലെ പറഞ്ഞപോലെ ബന്ധം സ്ഥാപിക്കാൻ വന്നതാണോ നീ…??”

ദേവന്റെ ശബ്ദം ഉയർന്നതും ശ്രീധരൻ പേപ്പർ മടക്കി പുറത്തേക്കിറങ്ങി വന്നു..തന്നെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടൽ ആ മുഖത്തുണ്ട്…ആ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു…ആ കണ്ണുകളിൽ തെളിയുന്ന ഭാവം എന്താണെന്ന് മനസിലായിരുന്നില്ല,,,സ്നേഹമോ,വാത്സല്യമോ,അത്ഭുതമോ,പകയോ…?? വേർതിരിച്ചറിയാൻ കഴിയുന്നില്ലല്ലോ തനിക്ക്…അപ്പോഴേക്കും ഒരു പട്ടുപാവാടയൊക്കെയിട്ട് ദേവ്നിയും ഇറങ്ങി വന്നിരുന്നു…അമ്പലത്തിൽ പോകാനാണെന്ന് തോന്നി…ശരിയാണ്,,,താൻ അമ്പലത്തിൽ ഒക്കെ പോയിട്ട് നാളെത്ര കഴിഞ്ഞിരിക്കുന്നു…പിണങ്ങിയിരിക്കുവായിരുന്നു ദൈവത്തോട്…

“നീയോ…?? നീയെന്താടി ഇവിടെ…?? ”

ദേഷ്യം നുരഞ്ഞു പൊന്തുന്ന കണ്ണുകളോടെ അവൾ ചോദിച്ചതും താൻ നോക്കിയത് ശ്രീധരൻ മാമയെയും ദേവേട്ടനെയുമാണ്…എന്റെ ഉത്തരമറിയാൻ അവരും ക്ഷമയോടെ കാത്തുനിൽക്കുവാണെന്ന് തോന്നി…

“നിനക്കെന്താ ചെവി കേൾക്കില്ലേ…?? ദാരിദ്ര്യം കൊണ്ട് അവസാനം അവകാശം സ്ഥാപിച്ച് സ്വത്ത് തട്ടാൻ വന്നതാണോ…”

അവളൊരു പുച്ഛത്തോടെ ചോദിച്ചതും ദേവ്നി… ന്നുള്ള വിളി കേട്ട് താനുൾപ്പടെ എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…നേര്യതുടുത്തൊരു സ്ത്രീ…നെറ്റിയിലെ ചുവന്ന വട്ടപ്പൊട്ടിൽ അവരുടെ ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു…കണ്ണട വെച്ചിരുന്ന ആ മുഖത്ത് ഗൗരവമായിരുന്നു തെളിഞ്ഞു നിന്നിരുന്നത്…മുത്തശ്ശി ചുണ്ടുകൾ അറിയാതെ മന്ത്രിച്ചിരുന്നു…ചുണ്ടിൽ പുഞ്ചിരി നിറഞ്ഞിരുന്നു…ഒരുനിമിഷം കൊണ്ട് ആവലാതിയോടെ അത് മാഞ്ഞു പോകുകയും ചെയ്തു…ഇനി മുത്തശ്ശി തന്നെ ഇവിടുന്ന് ഇറക്കി വിടുമോ..?? ചോദ്യഭാവത്തിൽ അവരെ നോക്കിയപ്പോഴേക്കും പടികടന്ന് അവർ ഇറങ്ങി വന്നിരുന്നു…

“ദേവ്നി,,,നീ ക്ഷേത്രത്തിലേക്ക് ഇറങ്ങിയതല്ലേ…മനസ് ശുദ്ധിയല്ലങ്കിൽ അങ്ങോട്ട് പോയിട്ടും കാര്യമില്ല…ഇവിടെ വരുന്നവരെ ചോദ്യം ചെയ്യാനും ഭരിക്കാനും മാണിക്യശേരിയിലെ ഭാരതി ഇവിടെയുണ്ട്…മനസിലായോ നിനക്ക്..”

ദേവ്നിയുടെ തല കുനിഞ്ഞിരുന്നു..അവളിങ്ങനെ നിൽക്കുന്നത് ആദ്യമായാണ് കാണുന്നത്…ഒട്ടൊരു അത്ഭുതം തോന്നിയിരുന്നു…അവരുടെ സംസാരത്തിലൂടെ തന്നെ അവർക്ക് മുകളിൽ മറ്റൊരു ശബ്ദം ഇവിടെ ഉയരില്ലെന്നു മനസിലായി…നര ബാധിച്ച ആ മുടിയിഴകൾ ഇപ്പോഴും ആ മുഖത്തിന് ആഡ്യത്വം നൽകുന്നുണ്ട്…ഗാഭീര്യത്തോടെയുള്ള ശബ്ദം,,,അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട് മുത്തശ്ശൻ എന്ത് ചെയ്യുന്നതിന് മുൻപും മുത്തശ്ശിയോട് ആലോചിക്കാറുണ്ടെന്ന്…ഉള്ളിലെ പേടി അലിഞ്ഞു ഇല്ലാതാകുന്നതറിഞ്ഞു…നേരിയ ഒരു തണുപ്പ് വന്ന് പൊതിയുന്നതും…

“അച്ഛമ്മ ഇത്രപെട്ടന്ന് എല്ലാം മറന്നോ…?? സ്നേഹിച്ചു കൊതിതീരുന്നതിനു മുന്നേ എന്റെ മുത്തശ്ശനെ കൊന്നത് ഇവള്ടെ അമ്മയല്ലേ…?? ”

ദേവന്റെ ശബ്ദം ഉയർന്നതും അകത്ത് നിന്ന് ഓരോരുത്തരായി പുറത്തേക്ക് സ്ഥാനം പിടിച്ചിരുന്നു…ആ സംസാരത്തിൽ തന്റെ തലയും കുനിഞ്ഞു പോയിരുന്നു…ഒരുവിധത്തിൽ ആ ചോദ്യവും ന്യായമാണ്…എല്ലാവരും തന്നെയാണ് ഉറ്റുനോക്കുന്നത്…ദേവേട്ടന്റെ സംസാരം മുത്തശ്ശിയുടെ മുഖത്തെ ദേഷ്യം അയച്ചിരുന്നു…വാക്കുകൾ കൊണ്ട് അവനെ വേദനിപ്പിക്കാൻ വയ്യാത്തത് പോലെ…

“മോനെ ദേവാ,,,അച്ഛമ്മ ഒന്നും മറന്നിട്ടില്ല,..എല്ലാം മറന്നോണ്ട് ഇവളെ ഇവിടെ കേറ്റി താമസിപ്പിക്കുകയുമില്ല…ബന്ധം സ്ഥാപിക്കാനല്ല ഇവളീ മുറ്റത്ത് നിൽക്കുന്നത്…കുടുംബം നോക്കാനായി വീട്ടുജോലിക്ക് വന്നതാണ്…സഹായം ചോദിച്ച് വരുന്നവരെ ഭാരതി നിരാശരാക്കിയിട്ടില്ല…എന്തിന്റെ പേരിലാണെങ്കിലും,,,,ഇനി ഇവളുടെ അമ്മ ചെയ്ത തെറ്റിന്റെ പേരിലാണെങ്കിൽ,,,,അവളുടെ മകളെ ഇവിടെ വേലക്കാരിയായി വെക്കുന്നതിലും വലിയ ശിക്ഷ അവൾക്ക് കിട്ടാനില്ല…ഇതിന്റെ പേരിൽ മറ്റൊരു ചോദ്യമോ പറച്ചിലോ വേണ്ട,,,ഇതെന്റെ തീരുമാനമാണ്…എല്ലാവർക്കും സ്വന്തം കാര്യം നോക്കി പോകാം…പുറകിലൂടെ അടുക്കളപ്പുറത്തേക്ക് പോകാം നിനക്ക്…”

മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു പുറകിലേക്ക് നടന്നു…അപ്പോഴും എല്ലാവരുടെയും നോട്ടം അറിയുന്നുണ്ടായിരുന്നു…ചില മുഖങ്ങളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവമെങ്കിൽ മറ്റൊരിടത്ത് ദേഷ്യം അല്ലെങ്കിൽ അത്ഭുതം…!!

വേലക്കാരി…ദേവൻ വീണ്ടും വീണ്ടും മന്ത്രിച്ചു നോക്കി…തീർത്ഥയെക്കുറിച് ഓർത്തപ്പോൾ ഒട്ടൊരു അത്ഭുതവും…അവളുടെ പഠിപ്പ്..?? ടീച്ചേഴ്സിനിടയിലെ ബ്രില്ല്യന്റ് വിദ്യാർത്ഥിനി,,,അങ്ങനെയുള്ളവൾ കേവലമൊരു ജോലിക്കാരിയായി വരുകയെന്ന് വെച്ചാൽ,,,?? എന്നാലും മനസിലാകാത്തത് അച്ഛമ്മയുടെ ഈ തീരുമാനമാണ്…തീർത്ഥയെ നോക്കുന്ന കണ്ണുകളിൽ അടരാത്ത വാത്സല്യം താൻ കണ്ടതുമാണ്…അതേ സംശയത്തോടെ തന്നെ ദേവൻ അച്ഛമ്മയ്ക്ക് നേരെ തിരിഞ്ഞു…കണ്ണടയ്ക്കിടയിലൂടെയും നിറഞ്ഞ ആ കണ്ണുകൾ അവൻ മാത്രമേ കണ്ടിരുന്നുള്ളു…മനസിലെ ചോദ്യങ്ങൾക്ക് അന്ത്യം കുറിയ്ക്കണമെന്നുറപ്പിച്ച് ദേവൻ ചില തീരുമാനങ്ങളോടെ കാറിലേക്ക് കയറി…

വിശാലമായ അടുക്കളയിലേക്ക് കയറി എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ നിൽക്കുവാരുന്നു തീർത്ഥ,,,ആരോടാണ് സംശയങ്ങൾ ചോദിക്കേണ്ടത്…?? ചോദിച്ചാൽ ഇഷ്ടപ്പെടുമോ…?? അപ്പോഴും മനസ്സിൽ മുത്തശ്ശിയുടെ മുഖമായിരുന്നു…എന്തൊക്കെയോ പ്രതീക്ഷിച്ചാണ് വന്നത്…പക്ഷേ എല്ലാം തനിക്കനുകൂലമായാണ് നടന്നത്…സ്വന്തം കാലിൽ നിൽക്കുന്നവളാണ്…ആരുടെ മുന്നിലും തലകുനിക്കേണ്ട ആവിശ്യമില്ലന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു…

“മോളെ…..??? ”

പതിഞ്ഞ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…സാരിയുടുത്ത അമ്പത്തിനടുത്ത് പ്രായമുള്ളൊരു സ്ത്രീ തന്നേ നോക്കി പുഞ്ചിരിക്കുന്നു…ഓര്മയിലില്ലാത്ത മുഖമാണ്…അവരെ നോക്കി മനോഹരമായോന്ന് ചിരിച്ച് കാണിക്കുമ്പോഴും ഇതാരാണെന്നുള്ള ഭാവം മുഖത്ത് വിരിഞ്ഞിരുന്നു…

” ന്റെ ദേവിയെ അച്ചടിച്ച പോലെയിരിക്കുന്നുണ്ട്…എങ്കിലും രാജകുമാരിയെ പോലെ ജീവിക്കേണ്ട മോൾടെ അവസ്ഥ കാണുമ്പോ….”

പാതിയിൽ നിർത്തി അവര് തന്നെ ദയയോടെ നോക്കുമ്പോഴും മനസ്സ് ഇതാരാണെന്നറിയാനുള്ള വ്യാഗ്രതയിലായിരുന്നു…ന്റെ ദേവി… ആ പേര് ഓർമകളിലൂടെ ഒരു ഓട്ടപ്രതിക്ഷിണം വയ്ക്കുന്നുണ്ടായിരുന്നു…അമ്മയെ ദേവിയെന്ന് വിളിക്കുന്നത് ശ്രീധരമാമയും ഉഷാമ്മയുമാണ്…ഉഷാമ്മ.,,വീട്ടിൽ ജോലിക്ക് നിന്നിരുന്ന ശാരദ ചേച്ചിയുടെ മകൾ…അമ്മയുടെ കളിക്കൂട്ടുകാരി…ആളെ മനസിലായ സന്തോഷത്തിൽ അവരെ ഉഷാമ്മേ ന്ന് വിളിച്ചപ്പോ ആ മുഖത്ത് കണ്ട സന്തോഷം തന്റെയും മനസ്സ് നിറച്ചിരുന്നു…ഒരുപാട് നേരം ഉഷാമ്മയോട് സംസാരിച്ചിരുന്നു..അമ്മയെക്കുറിച്ചാണ് കൂടുതലും ചോദിച്ചത്…പഴയ കാര്യങ്ങൾ ഓർത്ത് ഇടയ്ക്ക് കണ്ണ് തുടയ്ക്കും…വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എന്റെ ജീവിതകഥ ഉഷാമ്മമ്മയ്ക്ക് മുന്നിൽ കെട്ടഴിച്ചിരുന്നു…മനസിലാകെയൊരു ആശ്വാസം തോന്നിയിരുന്നു…എന്നെ ഒരു ജോലിയും ചെയ്യാൻ സമ്മതിച്ചിരുന്നില്ല…മറ്റാരെങ്കിലും കണ്ടാൽ അതിന്റെ പേരിലൊരു പ്രശ്നം വേണ്ടാന്ന് ഓർത്ത് ഞാൻ തന്നെ ചെയ്ത് തുടങ്ങി…

“മോളെ,,,,ദേവി ജോലിക്ക് പോണുണ്ടോ…?? ”

അടുപ്പിലേക്ക് ഊതുന്നതിനിടയിൽ ഉഷ ചോദിച്ചതും തീർത്ഥ തേങ്ങ ചിരകിക്കൊണ്ടിരിക്കുന്നതിനിടയിൽ അവരെയൊന്നു നോക്കി പുഞ്ചിരിച്ചു…

“അമ്മ വീട്ടിൽ തന്നെ ചെറുതായി തയ്ക്കുന്നുണ്ട്…പിന്നെ അച്ഛന് ഇടക്ക് ഇടക്ക് ശ്വാസം മുട്ടലൊക്കെ തുടങ്ങിയിട്ടുണ്ട്…ആരെങ്കിലും എപ്പോഴും കൂടെവേണം…ഇല്ലെങ്കിൽ അമ്മ എവിടെയെങ്കിലും ജോലിക്ക് പോയേനെ…സത്യം പറഞ്ഞാ ഞാൻ ഇവിടെയാ ജോലിക്ക് വരുന്നതെന്ന് പോലും അമ്മയ്ക്കറിയില്ല…ഞാൻ കള്ളം പറഞ്ഞ് വന്നതാ…സത്യം പറഞ്ഞാ അമ്മയ്ക്കത് സഹിക്കില്ല…”

അത്രയും പറഞ്ഞ് ജോലി തുടർന്നപ്പോഴാണ് വാതിലിലൊരു നിഴലനക്കം കേട്ടത്…ഉഷയോടൊപ്പം തീർത്ഥയുടെ കണ്ണുകളും അവിടേക്ക് പാഞ്ഞിരുന്നു…തന്നെ കണ്ടെന്ന് മനസിലായതും വേഗത്തിൽ തിരികെ നടക്കുന്ന മുത്തശ്ശിയെ കണ്ട് അറിയാതെയൊന്ന് ചിരിച്ചു പോയി….കൊറേ നേരമായി ഇതിന് പരിസരത്തൂടെ നടക്കുന്നത് താൻ ശ്രദ്ധിച്ചിരുന്നതാണ്…തന്റെ അതേ പുഞ്ചിരിയോടെ തലയാട്ടി നിൽക്കുന്ന ഉഷാമ്മയെ കണ്ട് തീർത്ഥയൊന്ന് കണ്ണടച്ച് കാണിച്ചു…

പുറത്തെ തോട്ടത്തിൽ നിന്ന് കാന്താരി മുളക് പറിക്കാൻ പോയപ്പോഴാണ് തീർത്ഥന്നുള്ള വിളി കേട്ടത്…തിരിഞ്ഞു നോക്കാതെ തന്നെ ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞിരുന്നു…തന്റെ അടുത്തേക്ക് നടന്നടുക്കുന്ന ദേവനെ നോക്കാതെ വന്ന ജോലി ചെയ്തോണ്ടിരിക്കുമ്പോഴാണ് ഒരു ചോദ്യത്തിലൂടെ ദേവൻ തുടക്കം കുറിച്ചത്…

“നിനക്കെന്താ ഇന്ന് ക്ലാസ്സില്ലേ…??”

ഒന്നും മിണ്ടിയില്ല…ദേവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ മുളക് പറിച്ചോണ്ടിരുന്ന തീർത്ഥയെ കണ്ട് അവന് ദേഷ്യം വന്നിരുന്നു…ചെറിയൊരു പത്രത്തിലായ് പറിച്ചു വെച്ച മുളക് ഒരു കയ്യാലേ തട്ടിയെറിഞ്ഞു അവളുടെ കയ്യിൽ പിടിച്ച് അരഭിത്തിയിലേക്ക് ചേർത്തു….തീർത്ഥയുടെ ഇരുവശത്തും കൈചേർത്ത് നിന്ന ദേവനെ കണ്ട് അവളിലൊരു മാറ്റവും ഉണ്ടായിരുന്നില്ല…തന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുന്ന തീർത്ഥയെ കണ്ട് അവനും ഒന്ന് അന്തിച്ചു പോയിരുന്നു…പക്ഷേ അത് മുഖത്ത് കാണിച്ചിരുന്നില്ല…

“ചോദിച്ചാൽ ഉത്തരം പറയാൻ വല്യ പാടാണെന്ന് തോന്നുന്നല്ലോ നിനക്ക്…?? ”

അവൻ ഒരു പിരികം പൊക്കി ചോദിച്ചതും തീർത്ഥ ഒന്ന് പുഞ്ചിരിച്ചു…

“ഈ ചോദ്യം എന്നെ പഠിപ്പിക്കുന്ന സാറായിട്ടോ അതോ…?? ”

“അതെന്ത് തന്നെയായാലും നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല…ഞാൻ ചോദിച്ചതിന് മറുപടി മാത്രം മതി…”

“അങ്ങനെയാണെങ്കിൽ എന്റെ കാര്യങ്ങൾ നിങ്ങളെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കുമില്ല…എന്നോട് ചോദിച്ച് വെറുതെ ബുദ്ധിമുട്ടുവേം വേണ്ട…”

അതും പറഞ്ഞ് അവനെ തള്ളിമാറ്റി തിരിഞ്ഞോടി…എന്തൊരഹങ്കാരമാ പെണ്ണിന്… അവൾ പോയവഴിയേ നോക്കി അവനൊരു ദേഷ്യത്താലേ മനസ്സിൽ പറഞ്ഞു….രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞ് ദേവൻ കോളേജിലേക്കും പോയിരുന്നു…അതിനിടയിൽ തന്നെ തീർത്ഥ അവിടെയുള്ള അംഗങ്ങളെ ഓരോന്നും ഉഷാമ്മയുടെ സഹായത്തോടെ ഓർമയിൽ തെളിയിച്ചിരുന്നു…മുത്തശ്ശി പറയുന്നതാണ് കുടുംബത്തിലെ അന്തിമതീരുമാനം…മുത്തച്ഛൻ മരിച്ചതിൽ പിന്നെ എല്ലാം മുത്തശ്ശിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്…മൂത്ത മകൻ ശ്രീധരമാമ,,ഭാര്യ സുമിത്രാന്റി…ആന്റിയുടെ അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് രണ്ടു ദിവസത്തേക്ക് അവിടെ പോയേക്കുവാണ്…മക്കൾ ദേവനും ദേവ്നിയും…രണ്ടാമത്തെ ശ്രീലത അമ്മായി…ഭർത്താവ് മരിച്ചു,,,മക്കൾ ശാരികചേച്ചിയും ശ്രാവണും…ചേച്ചി വിവാഹം കഴിഞ്ഞ് ചേട്ടന്റെ വീട്ടിലാണ്…ഒരു കുഞ്ഞാവ ഉണ്ട്…

അടുക്കളയിലേക്ക് വന്ന് ആരും കുത്തുവാക്ക് പറയാത്തത് കൊണ്ട് തന്നെ മുത്തശ്ശി കർശനമായി വിലക്കിയിട്ടുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു….ഉച്ചക്കത്തേക്കുള്ള അവിയലിന് ഉഷാമ്മയോട് ഒരു കുസൃതി പറഞ്ഞ് പച്ചക്കറികൾ അറിയുമ്പോഴാണ് സ്ഥാനം തെറ്റി കത്തി കൈക്ക് കൊണ്ടത്…ചോര ഇറ്റ് വീണത് കണ്ട് വേദനയോടെ കൈ വലിച്ചിരുന്നു…ഉഷാമ്മ ഓടി വന്നതും മറ്റൊരു കൈ തനിക്ക് തണലായിരുന്നു…ഞെട്ടലോടെ തലയുയർത്തി നോക്കി,,,മുത്തശ്ശിയാണ്…ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് പരിഭ്രമം മാത്രമാണ്…നേര്യതിന്റെ തുമ്പ് കീറി ചോര തുടച്ച് നീക്കുന്നുണ്ട്…ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കരുതൽ തനിക്കായ് കിട്ടുന്നത്…ഒരു മുത്തശിക്ക് കൊച്ചുമോളോടുള്ള കരുതൽ…ആ മുഖത്തെ പരിഭ്രമം കണ്ട് നിരകണ്ണുകളോടെയും ഹൃദയം നിറഞ്ഞ പുഞ്ചിരിയോടെയും നോക്കി നിന്നു…

“ഉഷേ…ആ വെള്ളം ഇങ്ങേടുക്ക്…നിനക്ക് ഒന്ന് നോക്കിചെയ്തൂടെ കുട്ടി…കൈ മുറിഞ്ഞത് നോക്കിയേ…ന്റെ ശ്രീമോളെ പോലെ തന്നെ…”

കയ്യിലേക്ക് ഊതിക്കൊണ്ട് മുത്തശ്ശി പറയുന്നത് കേട്ട് തീർത്ഥ ഒരു കൗതുകത്തോടെ അവരെ നോക്കി…വേദന പോലും താനറിയുന്നില്ല…സുഖമുള്ളൊരു തലോടൽ പോലെയാണ് തോന്നുന്നത്..പെട്ടന്ന് തന്നെ തന്റെ കൈവിട്ട് മുത്തശ്ശി അകന്ന് മാറി…അപ്പോഴാണ് താൻ പറഞ്ഞതും ചെയ്തതും എന്താണെന്ന് പോലും അവരോർക്കുന്നത് പോലും…തീർത്ഥ അപ്പോഴും ആ മായാലോകത്ത് തന്നെയായിരുന്നു…അവർ തന്നെ തിരിഞ്ഞു നോക്കി നടന്നകലുന്നതോ ഒന്നും അവളറിഞ്ഞിരുന്നില്ല…ചുണ്ടുകൾ മുത്തശ്ശി എന്നുള്ള മന്ത്രം മാത്രമാണ് ഉച്ചരിച്ചിരുന്നത്…ഉച്ചക്ക് ഭക്ഷണം മേശയിൽ വെച്ച് വിളമ്പി കൊടുക്കുമ്പോഴും നോട്ടം മുത്തശ്ശിയിലായിരുന്നു…

“ഉഷേ…നീ കഴിക്കാൻ ഇരിക്കുന്നില്ലേ…വാ…”

ഒരു പരിഹാസത്തോടെ അമ്മായി പറയുന്ന കേട്ട് ഉഷാമ്മയോടൊപ്പം മുത്തശ്ശിയും ശ്രീധരമാമയും ഒപ്പം താനും ഒന്നും മനസിലാകാത്ത പോലെ നോക്കിയിരുന്നു…

“എന്താ ലതേ നീ പറയുന്നേ…അതിന് എപ്പോഴാ ജോലിക്കാര് കൂടെയിരുന്ന് ഭക്ഷണം കഴിച്ചിട്ടുള്ളത്…”

ഭാരതി ചോദിച്ചഅതേ ചോദ്യം തന്നെയായിരുന്നു ഉഷയുടെ മനസിലും…

“അതൊക്കെ പണ്ടല്ലേ അമ്മേ…ഇപ്പൊ ഇവിടെ നടക്കുന്നതെല്ലാം അതുപോലെയാണല്ലോ…പിന്നെങ്ങനെയാ പറയാതെയിരിക്കുന്നത്…വേലക്കാരിയുടെ അടുത്ത് പോയി ശുസ്രൂശിക്കാനും സ്നേഹിക്കാനും വരെ തൊടങ്ങി,,,അപ്പൊ പിന്നെ ഭക്ഷണവും അടുത്തിരുത്തി ആണല്ലോന്ന് ഓർത്തു പറഞ്ഞു പോയതാണെ…”

തീർത്ഥയെ ഒന്നിരുത്തി നോക്കി പറഞ്ഞ് നിർത്തിയതും അവൾ മെല്ലെ അകത്തേക്ക് വലിഞ്ഞു…പാതിയിൽ ഭക്ഷണം മതിയാക്കി ശ്രീധരനും എഴുന്നേറ്റിരുന്നു…അമ്മയെ അത്രയും സഹായിച്ചിട്ടുള്ള ശ്രീലതാമ്മയ്ക്ക് തന്നോട് എന്തിനാണിത്ര വിരോധമെന്നവൾക്ക് മനസിലായിരുന്നില്ല…അതാലോചിച്ചു നിൽക്കാനും തോന്നിയില്ല…വൈകുന്നേരം ദേവനും ദേവ്നിയും വന്നെങ്കിലും ചായകൊടുത്തതുമൊക്കെ ഉഷാമ്മയാണ്…മുറ്റവടിച് അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ശ്രീലതമ്മായി കയ്യിൽ കൊറച്ചു തുണിയുമായി വരുന്നത് കണ്ടത്…

“തീർത്ഥ,,,,ഇത് കൊണ്ടോയി അലക്കണം…പറമ്പിനു അടുത്ത് കുളമുണ്ട്…വേഗം ആയിക്കോട്ടെ…”

അമ്മായി പറഞ്ഞു പോകാൻ തുടങ്ങിയതും ക്ലോക്കിലെക്കൊന്നു നോക്കിപ്പോയി…സമയം അഞ്ചര ആകുന്നു…ആറ് മണിക്ക് പോകേണ്ടതാണ്…അര മണിക്കൂർ കൊണ്ട് അലക്കി തീരുമെന്ന് തോന്നുന്നില്ല…എതിർത്തു പറയാൻ പറ്റില്ലല്ലോ…ഇവിടുത്തെ ശമ്പളം പറ്റുന്നവളായിപ്പോയില്ലേ…വേഗം തുണിയുമെടുത്ത് കുളക്കടവിലേക്ക് നടന്നു…തുണി ഒരു കയ്യിൽ പിടിച്ച് നടുവിന് കൈ കൊടുത്തു നിന്നു…നല്ല വലുപ്പമുള്ള കുളം…ആഴവും കാണണം…അവിടെയിവിടെയായി ആമ്പൽ വിടർന്ന് നിൽക്കുന്നുണ്ട്…കൊറച്ചു നേരം ആ കാഴ്ചകൾ കണ്ട് നിന്ന് അലക്കാനായി തിരിയുമ്പോഴാണ് ആരോ തള്ളിയിട്ട് തീർത്ഥ വെള്ളത്തിലേക്ക് വീഴുന്നത്…കയ്യിലിരുന്ന തുണികൾ നാല് പാടും തെറിച്ചിരുന്നു…അവ വെള്ളത്തിലായി മുങ്ങിത്താഴാനും തുടങ്ങിയിരുന്നു…നീന്തൽ അറിയാത്തത് കാരണം താഴേക്ക് താന്ന് പോകുകയും വെള്ളം കുടിക്കുകയും ചെയ്തെങ്കിലും തീർത്ഥ കയ്യിട്ടടിച് പൊങ്ങാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…വായിലേക്ക് വെള്ളം കേറി സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല…പതിയെ കാഴ്ചയും മങ്ങാൻ തുടങ്ങിയിരുന്നു…കൈകൾ തളർന്നപ്പോഴേക്കും കണ്ണുകൾ പൂർണമായും അടഞ്ഞിരുന്നു…

ഭരമില്ലാത്ത ഒരു അപ്പൂപ്പൻ താടി പോലെ വെള്ളത്തിൽ താഴാൻ തുടങ്ങുമ്പോഴും രണ്ട് ബലിഷ്ടമായ കരങ്ങൾ താങ്ങുന്നതവൾ അറിഞ്ഞിരുന്നു…ആ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോഴും പിടയുകയായിരുന്നു…മരണത്തിന്റെ രുചി അറിഞ്ഞു തുടങ്ങിയിരുന്നു…ശ്വാസനാളത്തിലേക്ക് പാഞ്ഞു കയറുന്ന വെള്ളം ശ്വാസം വിടാൻ അനുവദിച്ചിരുന്നില്ല…തന്നെ സ്വീകരിക്കാനായി യമദേവൻ കാത്തു നിൽക്കും പോലെ…ആ കൈ പിടിക്കാൻ താൻ അടുത്തേക്ക് ചെല്ലുന്നു…!!പെട്ടന്നത് അപ്രത്യക്ഷമാകുന്നതറിഞ്ഞു…തന്റെ ശ്വാസം മറ്റൊരു ശ്വാസവുമായി ചേർന്നിരിക്കുന്നു…പെട്ടന്ന് ജീവൻ വെച്ച പോലെ…വീണ്ടും വീണ്ടും ആ ശ്വാസം തനിക്കായ് പകർന്നു നൽകിയപ്പോഴേക്കും ഒന്നുയർന്നു പൊങ്ങി കുടിച്ച വെള്ളം തുപ്പിയിരുന്നു…വയറിൽ ശക്തമായി ഓരോ പ്രാവിശ്യവും അമർത്തുമ്പോഴും ഉള്ളിൽ കിടന്നിരുന്ന വെള്ളമാകെ തുപ്പിക്കളഞ്ഞിരുന്നു…കവിളിൽ തട്ടി തീർത്ഥ ന്ന് വിളിക്കുമ്പോഴും കണ്ണിന് മുകളിൽ ഭാരമുള്ള എന്തോ വസ്തു വെച്ചിരുന്ന പോലെ അവ അടഞ്ഞിരുന്നു…പ്രയാസപ്പെട്ട് വലിച്ച് തുറന്നപ്പോഴേക്കും തന്നെ നോക്കി ഇരിക്കുന്ന മുഖം അവ്യക്തതയോടെ മുന്നിൽ തെളിഞ്ഞിരുന്നു…

“ദേവേട്ടൻ…..”

തുടരും…..

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യുക…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *