പ്രിയസഖീ, തുടർക്കഥ ഭാഗം: 5 വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

“തീർത്ഥ,,,നിനക്ക് കുഴപ്പം ഒന്നുല്ലല്ലോ…എണീക്കാൻ പറ്റുന്നുണ്ടോ…??”

ദേവൻ അവളെ തന്റെ നെഞ്ചിലേക്ക് ചാരിനിർത്തിക്കൊണ്ട് കവിളിൽ തട്ടി ചോദിച്ചു…അടഞ്ഞ കണ്ണുകൾ പതിയെ വലിച്ച് അവളൊന്ന് മൂളി പതിയെ അവനരുകിൽ നിന്നും മാറിയിരുന്നു…പെട്ടന്നാണ് തന്റെ ശരീരത്തിലേക്ക് ശ്രദ്ധ മാറിയത്…നനഞ്ഞാകെ ഒട്ടിയിട്ടുണ്ട്…ചുരിദാറിന്റെ ഷാളും കാണുന്നില്ല…കണ്ണുകൾ ചുറ്റുമോന്ന് പരതിയിരുന്നു,,,കുളത്തിലേക്ക് താണ് പോകുന്ന ധുപ്പട്ടയെ നോക്കി നിസ്സഹായമായിരുന്നു…തന്റെ നോട്ടം ശ്രദ്ധിച്ച് ദേവനും അവിടേക്ക് കണ്ണുകൾ പായിച്ചു…അവനൊരു നെടുവീർപ്പോടെ അവളിലേക്ക് നോട്ടം പായിച്ചു…പടവിലേക്ക് ചേർന്ന് മുട്ടിന്മേൽ മുഖമമർത്തിയിരിക്കുവാണ്…ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവനും നിന്ന് പോയി…തീർത്ഥയ്ക്കാകെ ജാള്യത തോന്നിയിരുന്നു…തന്റെ ആരൊക്കെയാണെന്ന് പറഞ്ഞാലും ഒരു പുരുഷന്റെ മുന്നിൽ ഈ കോലത്തിൽ ഇരിക്കുകയെന്ന് പറഞ്ഞാൽ…പടവിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുമ്പോഴാണ് തോളിലൊരു കരസ്പർശം അനുഭവപ്പെട്ടത്…മുഖമുയർത്തി നോക്കി…ദേവൻ മറ്റെവിടെയോ നോക്കി തനിക്ക് നേരെ അവന്റെ ഷർട്ട്‌ നീട്ടി…വാങ്ങാതിരിക്കാൻ തോന്നിയില്ല…തനിക്കിതിപ്പോ അത്യാവശ്യമാണ്…തനിക്കിതൊരു കവചമാണ്…

“നടക്കാൻ ബുദ്ധിമുട്ടുണ്ടോ…?? ”

ശരീരത്തെ പുതച്ച് കൊണ്ട് ഷർട്ടിട്ട് നേരെയിരുന്നതും ദേവന്റെ ചോദ്യം വന്നിരുന്നു…ഒന്ന് മൂളിക്കൊണ്ട് എഴുന്നേറ്റു…വേച്ചു വീഴാൻ പോയെങ്കിലും ദേവന്റെ കരങ്ങൾ അവൾക്കൊരു തണലായ് നിന്നിരുന്നു…നടക്കാൻ അവൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസിലായതും അവനവളെ കൈകളിൽ കോരിയെടുത്തിരുന്നു….

“തെറ്റിദ്ധരിക്കരുത്,,,നിനക്ക് വയ്യാന്ന് തോന്നിയത് കൊണ്ട് മാത്രമാ…”

തന്നെ ഉറ്റുനോക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി അവനൊരു ഒഴുക്കോടെ പറഞ്ഞു നിർത്തി…തീർത്ഥയെയും എടുത്ത് ഇടനാഴിയിലൂടെ പിൻവശത്തേക്ക് കയറി…അവരുടെ ശരീരത്തിൽ നിന്ന് വെള്ളത്തുള്ളികൾ വരുന്ന വഴിയേ വലയം വെയ്ക്കുന്നുണ്ടായിരുന്നു…അവനും നന്നായി കൈ കഴയ്ക്കുന്നുണ്ടായിരുന്നു…ഉഷ പാത്രങ്ങൾ വയ്ക്കാൻ പിൻവശത്തേക്ക് വരുമ്പോഴാണ് തീർത്ഥയെ താങ്ങിയെടുത്ത് കൊണ്ട് വരുന്ന ദേവനെ കണ്ടത്…ആവലാതിയോടെ ഉഷ അവർക്കരുകിലേക്ക് പാഞ്ഞടുത്തു…തീർത്ഥയെ നീണ്ട തിണ്ണയിലേക്ക് ഇരുത്തിക്കൊണ്ട് അവനൊന്നു കൈകുടഞ്ഞു അകത്തേക്ക് കയറി…ഉഷ അപ്പോഴേക്കും തീർത്ഥയോട് കാര്യങ്ങൾ തിരക്കുകയായിരുന്നു,,,ഒപ്പം സാരിത്തലപ്പ് കൊണ്ട് മുടിയിലെ വെള്ളം തുടച്ചു കൊണ്ടിരിന്നു…

അകത്തേക്ക് കയറിയ ദേവൻ ആദ്യം ചെന്നത് ദേവ്നിയുടെ മുറിയിലേക്കാണ്…നഖം കടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ദേവ്നി ഞെട്ടലോടെ അവനെ നോക്കി നിന്നു…അവന്റെ മുഖത്തെ വലിഞ്ഞു മുറുകിയ ഞരമ്പുകൾ കണ്ട് അവളുടെയുള്ളിലെ ഭയം വർധിച്ചിരുന്നു…താൻ ചെയ്തത് അവൻ കണ്ട് കാണുമെന്ന് അവൾ ഉറപ്പിച്ചിരുന്നു…അവളെന്തെങ്കിലും പറയുന്നതിന് മുന്നേ ദേവൻ പാഞ്ഞുവന്നവൾടെ കവിളിൽ ആഞ്ഞടിച്ചിരുന്നു…ആദ്യപ്രഹരം,,,തന്നെ ഇതുവരെ ഒന്ന് നുള്ളി നോവിക്ക പോലും ചെയ്യാത്ത ഏട്ടനിൽ നിന്നും കിട്ടിയ ആദ്യ അടി…ശരീരത്തെക്കാൾ വേദനിച്ചിരുന്നു മനസ്സ്…

“ആരുമൊന്നും അറിയില്ലെന്ന് വിചാരിക്കരുത് ദേവ്നി…ഇന്ന് നീ ചെയ്ത തെറ്റിന് ക്ഷമ അർഹിക്കുന്നതല്ല…എന്നുമുതലാ എന്റെ അനിയത്തിയുടെ മനസ്സ് ഇത്രയും ദുഷിച്ചത്…ഒന്നുവല്ലേലും അവളും നിന്റെ അതേ ചോര തന്നെയല്ലേ…നിന്റെ ചേച്ചിയല്ലേ…ഇനി മേലാൽ ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയും നിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത്,,, ഉണ്ടായാൽ…ബാക്കി ഞാൻ അപ്പൊ പറയാം…പോയി നല്ലൊരു ചുരിദാർ എടുത്തിട്ട് വാ…”

ഒരു താക്കിതോടെ പറഞ്ഞ് നിർത്തിയശേഷം അവൻ അവൾക്കായി കാത്തുനിന്നു…ഒഴുകിയൊലിച്ച കണ്ണുനീർ തുടച്ച് അലമാരയിൽ നിന്ന് അവളൊരു ഡ്രസ്സ്‌ എടുത്ത് അവന് നേരെ നീട്ടി…അവളെ നോട്ടം കൊണ്ട് ശാസിച് അവൻ ഒരൂക്കോടെ പുറത്തേക്കിറങ്ങി…അടുക്കളയിലെ തിണ്ണയിൽ തീർത്ഥക്കായ് ആ ചുരിദാർ വെച്ച ശേഷം ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ പിന്തിരിഞ്ഞു നടന്നു…അവളപ്പോഴും അവനെ നോക്കി ആലോചനയിൽ തന്നെയായിരുന്നു…ഡ്രസ്സ്‌ മാറി ആദ്യം പോയത് ശ്രീലതാമ്മായിയുടെ അടുത്തായിരുന്നു…കണക്കിന് കിട്ടിയെങ്കിലും മനസ്സ് മറ്റെവിടെയോടയോയായിരുന്നു…അതുകൊണ്ട് തന്നെ അമ്മായിയുടെ ശകാരം തന്നെ ഒട്ടും സ്പർശിച്ചിരുന്നില്ല…മുത്തശ്ശി കാര്യമറിഞ്ഞിരുന്നില്ല…ആറ് മണി കഴിഞ്ഞതും തിടുക്കപ്പെട്ട് ഇറങ്ങി…അപ്പോഴും മനസ് മുഴുവൻ ചിന്തയിലായിരുന്നു…ആരായിരിക്കും തന്നെ തള്ളിയിട്ടത്,,,തന്നോട് അത്രയും ദേഷ്യമുള്ളയാൾ ആരാണ്…?? ആ സമയത്ത് ദേവൻ സാർ വന്നിരുന്നില്ലെങ്കിൽ ഉറപ്പായും തന്റെ മരണം സുനിശ്ചിതമായിരുന്നു…മനസ്സ് കൊണ്ട് ഒരുപാട് നന്ദി പറഞ്ഞാമനുഷ്യനോട്…

വീട്ടിലെത്തിയപ്പോഴായിരുന്നു താൻ സ്വയമൊന്ന് നോക്കിയത്…എന്ത് പറയും,,,ഒരു കള്ളം പറഞ്ഞാൽ അതിനെ മറയ്ക്കാൻ ആയിരം കള്ളം പറയേണ്ടി വരുമെന്ന് പറയുന്നത് സത്യം തന്നെയാണ്…അകത്തേക്ക് കയറിയപ്പോ തന്നെ അമ്മയുടെ വക ആയിരം ചോദ്യങ്ങൾ തനിക്ക് മുന്നിൽ നിരന്നിരുന്നു…എന്താ താമസിച്ചത്…?? ഈ ഡ്രസ്സ്‌ ഏതാ,ഇട്ടോണ്ട് പോയത് എവിടെ…?? മുടിയൊക്കെ എന്താ ഇങ്ങനെ, നനഞ്ഞോ…?? അങ്ങനെ അങ്ങനെ…ഒന്നാലോചിച്ചു നോക്കി,,,അമ്മ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്…എന്റെ ഓരോ മാറ്റവും അമ്മയ്ക്ക് പെട്ടന്ന് മനസിലാകും…അല്ലെങ്കിലും മക്കളുടെ തുടിപ്പ് അമ്മമാർക്കല്ലാതെ ആർക്കാണ് മനസിലാകുന്നത്…?? ഇപ്പോഴേ പിടികൊടുക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ട് അമ്മയോട് ഓരോ കള്ളങ്ങൾ പറഞ്ഞ് ഒഴുവായി…നേരെ മുറിയിലേക്ക് ചെന്ന് ഒന്ന് കുളിച്ചു ഫ്രഷായി…കണ്ണാടിയുടെ മുന്നിൽ നിന്നും മുടി വിടർത്തിയിട്ടോണ്ട് ഇന്നത്തെ ദിവസത്തെ പറ്റി ആലോചിച്ചു,,,സന്തോഷം തോന്നി…ഇന്നേ ദിവസം തനിക്കൊരുപാട് പ്രിയപ്പെട്ടത് പോലെ…മനസിലേക്ക് ഓടിയെത്തിയത് മുത്തശ്ശിയുടെ മുഖമാണ്,,,വാത്സല്യം തുളുമ്പുന്ന മുഖം…തന്റെ നരകമായിരിക്കുമവിടെയെന്നാണ് തോന്നിയത്…പക്ഷേ ഇന്ന് തന്റെ സന്തോഷം പോലും അവിടെയാണെന്നുള്ള ഒരു തോന്നൽ മനസിനെ തണുപ്പിച്ചിരുന്നു…എത്രയും പെട്ടന്ന് അങ്ങോട്ടേക്ക് പോകാൻ മനസ് വെമ്പൽ കൊണ്ടിരുന്നു…രാത്രിയ്ക്ക് ദൈർഖ്യമേറുന്നത് പോലെ…ക്ലോക്കിലേക്ക് നോക്കി,,,സമയം നീങ്ങുന്നില്ല…ക്ലോക്ക് കേടായോന്ന് പോലും ആലോചിച്ചു…ഒച്ചിഴയുന്ന പോലെയുണ്ട്…ദേഷ്യം വന്നിരുന്നു…

താൻ എന്തൊക്കെയാണ് ഈ ആലോചിച്ചു കൂട്ടുന്നത്…മനസിനെ ശാസിച്ചു പിടിച്ചുനിർത്തി…എപ്പോഴോ തന്റെ കൈവിട്ട് പോയിരുന്നു,,,അല്ലെങ്കിൽ തന്നെ ഇതുവരെ കിട്ടാത്ത സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുന്ന താനല്ലേ വിഡ്ഢി…തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്ത് വേഗം അമ്മയുടെ കൂടെയിരുന്ന് കഴിച്ചു…തരുണി നേരത്തെ കഴിച്ചിട്ട് പോയിരുന്നു…അല്ലെങ്കിലും അവൾ തനിക്കായ് കാത്ത് നിൽക്കാറില്ല…ഭക്ഷണം കഴിച്ച് വന്നിരുന്നു ടെക്സ്റ്റ്‌ തുറന്ന് നോക്കി…കൊറച്ചു നേരം പഠിച്ചു…സംശയങ്ങൾ അടിയിൽ വരച്ചിട്ടു…രാത്രിയ്ക്ക് കാട്ടിയേറിയതും അതിനോടൊപ്പം മനസും മറ്റൊരു മായാലോകത്തിലേക് ചേക്കേറിയിരുന്നു…എപ്പോഴോ മിഴികൾ നിദ്രയെ പ്രാപിക്കുന്നതറിഞ്ഞു…

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു,,,അവധിദിവസമെങ്കിൽ പോലും തനിക്കെവിടെയാ ലീവ്…??എഴുന്നേറ്റതെ പോയത് അച്ഛന്റെ അടുത്തേക്കാണ്…ഒരു കള്ളം മനസ്സിൽ കൊണ്ടുനടന്നിട്ട് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു…ആരോടെങ്കിലും തുറന്ന് പറയണമെന്ന് തോന്നി…വാതിലടച്ചിട്ട് അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞു…ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു ചെയ്തത്…ഒരുനിമിഷം ആലോചിച്ചു,,,എന്റെ മനസ്സിനെ ഭാരം ഇപ്പൊ അച്ഛന്റെ മനസ്സിലേക്ക് ഇറക്കി വെച്ചത് പോലെയായില്ലേ…??വേണ്ടിയിരുന്നില്ലന്ന് തോന്നി…അച്ഛന്റെ സങ്കടം ഉള്ളിലെ സന്തോഷത്തിന് വിള്ളൽ ഏൽപ്പിച്ചിരുന്നു…ആ കണ്ണുനീർ തുടച്ച് കൊടുത്ത് കൊറേ നേരം അടുത്തിരുന്ന് ആശ്വസിപ്പിച്ചു…അമ്മയോട് പറയരുതെന്ന് ഉറപ്പ് മേടിച്ചിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്…മാണിക്യശേരിയിലേക്ക് കയറുമ്പോഴേ കണ്ടു,,,പത്രത്തിനിടയിലൂടെ തന്നെ നോക്കുന്ന മുത്തശ്ശിയെ,,,അറിയാതെ ചുണ്ടിലൊരു പുഞ്ചിരി മുളപൊട്ടിയിരുന്നു…നേരെ അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും ഉഷാമ്മ നല്ല തിരക്കിലാണ്…പതിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചപ്പോഴേ ആള് പേടിച്ചു പോയിരുന്നു…സമയം കളയാതെ ഉഷാമ്മയുടെ കൂടെ കൂടി…ഉഷാമ്മേടെ കൂട്ടുകൾക്കൊക്കെ പ്രത്യേക സുഗന്ധമാണ്…കൂടെ നിന്ന് കൊറച്ചു താനും പഠിച്ചെടുത്തു…

രാവിലത്തെ ഭക്ഷണം കസിക്കാനിരുന്നപ്പോഴും അവിടേക്ക് പോയില്ല…ദേവൻ സാറിനെ അഭിമുഖീകരിക്കാൻ എന്തോ ഒരു മടി…എല്ലാം കഴിഞ്ഞ് ഉഷാമ്മ എന്റെയൊപ്പം പിന്നാമ്പുറത്തേക്ക് വന്നിരുന്നു…കയ്യിൽ രണ്ട് പച്ചമാങ്ങയും ഉണ്ട്…തനിക്കായ് കൊണ്ടുവന്നതാണ്…ഒറ്റയ്ക്ക് കഴിക്കാൻ തോന്നിയില്ല…വേഗം കഴുകി മുറിച്ചെടുത്തു…പണ്ട് കണ്ണൂരായിരിക്കുമ്പോ അച്ഛൻ കൊണ്ടുവരാറുണ്ട്…ഉപ്പും മുളകും ചേർത്ത് പുളിമാങ്ങയോടൊപ്പം കൂട്ടണം….അച്ഛൻ തന്നെ വായിൽ വെച്ച് തരും…കണ്ണടഞ്ഞു ചുമൽ കൂഞ്ഞി പോകും…അതിൽ അച്ഛന്റെ സ്നേഹവും കാണും…ഓർമയുടെ അതേ മധുരത്തിൽ മാങ്ങ അരിഞ്ഞു മുളകും ഉപ്പും അടുത്ത് വെച്ചു…ഉഷാമ്മയ്ക്ക് വായിൽ വെച്ച് കൊടുത്തു…പുള്ളിക്കാരി ഒന്ന് കൊണ്ട് നിർത്തി…രണ്ട് പത്രത്തിലായ് മുത്തശിക്കും ശ്രീധരമാമയ്ക്കും എടുത്തു വെച്ചു…ആദ്യം പോകാനൊരു മടി തോന്നിയെങ്കിലും ശ്വാസം ആഞ്ഞുവലിച് തീർത്ഥ അങ്ങോട്ടേക്ക് നടന്നു…മുന്നിൽ തന്നെ മുത്തശ്ശിയും ദേവൻ സാറും ഉണ്ടായിരുന്നു…ദേവനെ കണ്ടപ്പോ ഇതുവരെയില്ലാതിരുന്ന വെപ്രാളമായിരുന്നു അവൾക്ക്…വരേണ്ടിയിരുന്നില്ലന്ന് വരെ തോന്നിപ്പോയി…മുഖത്തൊരു പുഞ്ചിരി വരുത്തി മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു…എങ്ങനെ തുടങ്ങും…?? എന്താ വിളിക്കേണ്ടത്…?? ആകെക്കൂടെ വെപ്രാളത്തിൽ നിൽക്കുമ്പോഴാണ് ദേവൻ അവളെ നോക്കിയത്…അവൻ ഒറ്റ പിരികം പൊക്കി എന്താണെന്നുള്ള അർത്ഥത്തിൽ ചോദിച്ചതും അവൾ ചുമൽ കൂച്ചി ഒന്നുമില്ലാന്ന് കാണിച്ചു…പാത്രം അടുത്തിരുന്ന ടേബിളിയായി വെച്ച് കൊണ്ട് മാഡം…മാങ്ങ… ന്ന് പറഞ്ഞ് തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടക്കുമ്പോഴേക്കും ദേവന്റെയും ഒപ്പം മുത്തശ്ശിയുടെയും ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…ഒരു കുസൃതിചിരി…!!

ശ്രീധരമാമയുടെ മുറിക്ക് പുറത്ത് നിൽക്കുമ്പോഴും ചങ്കിടിച്ചിരുന്നു…എന്തൊക്കെ പറഞ്ഞാലും തന്നോടൊരു വാത്സല്യം ആ മുഖത്ത് കണ്ടിരുന്നില്ല…പതിയെ മുറിയിലേക്ക് കേറി ചെല്ലുമ്പോഴേക്കും കണ്ടിരുന്നു ഫയലുകൾ നോക്കുന്ന ശ്രീധരമാമയെ…!!തന്നെ കണ്ടതും ഫയൽ അടച്ച് വെച്ച് മുഖത്തേക്ക് ഉറ്റുനോക്കി…പാത്രം അവിടെ വെച്ച് ഒരുനിമിഷം അവിടെ തന്നെ നിന്നു…

“ശ്രീധരമാമ,,,അങ്ങനെ വിളിക്കാവോന്നറിയില്ല…എങ്കിലും എന്റെ മനസ്സിൽ സാറിന്റെ സ്ഥാനം അതാണ്…അറിയാം,,എന്റെ കുടുംബത്തോട് ദേഷ്യമുണ്ടാകുമെന്ന്…എന്റെ അമ്മ ചെയ്തത് തെറ്റ് തന്നെയാണ്…കഴിഞ്ഞു പോയ ഇരുപത് വർഷവും ഈ കുടുംബത്തെ ഓർക്കാത്ത ഒരു ദിവസം പോലും എന്റമ്മയ്ക്ക് ഉണ്ടായിരുന്നില്ല…നഷ്ടപ്പെട്ടത് തിരിച്ചു തരാൻ എനിക്ക് പറ്റില്ല…എങ്കിലും ഞങ്ങൾക്ക് മാപ്പ് നൽകണം…ഞങ്ങളെ,,,ശപിക്കരുത്…”

അത്രയും പറഞ്ഞ് ആ കാലിൽ വീഴുമ്പോഴേക്കും കണ്ണുകളും നിറഞ്ഞിരുന്നു…പെട്ടന്ന് തന്നെ കാൽ വലിക്കുന്ന ശ്രീധരമാമയെ ഞെട്ടലോടെ നോക്കി കണ്ണുനിറയ്ക്കുമ്പോഴും ആ മുഖം മറ്റെവിടെയോ ശ്രദ്ധ തിരിച്ചിരിക്കുകയായിരുന്നു…ഒന്നും മിണ്ടിയില്ല,,,ഇനിയും നിന്നിട്ട് കാര്യമില്ലന്ന് തോന്നിയത് കൊണ്ട് പുറത്തേക്കിറങ്ങി…

ദിവസങ്ങൾ ആഴ്ചകളായി കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു…മാണിക്യശേരിയിൽ തനിക്കെന്നും ആശ്വാസമായിരുന്നു…ശ്രാവൺ ഹോസ്റ്റലിൽ നിക്കുവാണിപ്പോ…ദേവൻ സാറിന്റെ അമ്മ വന്നിരുന്നു…സുഭദ്രാമ്മ,,,അമ്മയ്ക്ക് തന്നോടൊരു ദേഷ്യവുമില്ല…എപ്പോഴും ചേർത്ത് പിടിക്കും…എന്റെ അമ്മയെ ഒത്തിരി ഇഷ്ടായിരുന്നുവെന്ന് ഉഷാമ്മയും പറഞ്ഞു…മുത്തശ്ശി ഇപ്പോഴും ഉള്ളിലെ സ്നേഹക്കടൽ തനിക്കായ് നൽകിയിട്ടില്ല…കാത്തിരിക്കുവാണ് ആ സ്നേഹം ലഭിക്കാനായി…ശ്രീധരമാമയും അങ്ങനെ തന്നെ…!!തന്നോടൊരടുപ്പം ഇന്നുവരെ അദ്ദേഹത്തിന്റെ മുഖത്ത് കണ്ടിട്ടില്ല…ഗുരുവായൂർ ക്ഷേത്രത്തിൽ മാണിക്യശേരി കുടുംബാങ്കങ്ങൾ ഒന്നാകെ ദർശനത്തിന് പോയതും അന്നേ ദിവസം തനിക്കും ഉഷാമ്മയ്ക്കും ലീവായിരുന്നു…ഉച്ചക്ക് ഭക്ഷണം കഴിക്കാൻ അച്ഛൻ ശക്തമായി വിസ്സമ്മതിച്ച കാരണം വൈകുന്നേരം താനാണ് കഞ്ഞി കോരിക്കൊടുത്തത്…അച്ഛന്റെ മുഖത്ത് ഒരു തെളിച്ചമുണ്ട്…എന്റെ സന്തോഷം കണ്ടാവും…അമ്മ അരികിലായ് നോക്കിനിൽക്കുന്നുണ്ട്…അച്ഛനിങ്ങനെ കിടക്കാൻ തുടങ്ങിയതിൽ പിന്നെ അമ്മയുടെ മുഖം അധികം തെളിഞ്ഞു കണ്ടിട്ടില്ല…അച്ഛനോട് ഓരോ തമാശ പറഞ്ഞ് കഞ്ഞി കോരിക്കൊടുക്കുമ്പോഴാണ് തരുണി മുറിയിലേക്ക് കേറി വന്ന് ബാഗ് വലിച്ചെറിഞ്ഞത്…പെട്ടന്നുള്ള അവളുടെ വരവിലും നീക്കത്തിലും താനുൾപ്പടെ അച്ഛനും അമ്മയും ഒന്ന് പരിഭ്രമിച്ചിരുന്നു…

“എന്താടി…?? നിനക്കെന്താ ഭ്രാന്ത്‌ പിടിച്ചോ…??”

അമ്മ തരുണിയുടെ കയ്യിലേക്ക് അടിച്ചു കൊണ്ട് പറഞ്ഞു…അവളുടെ മുഖമാകെ വലിഞ്ഞു മുറുകിയിട്ടുണ്ട്…കാര്യമായെന്തോ നടന്നിട്ടുണ്ടെന്ന് തനിക്കും തോന്നി…

“എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്…ഇന്ന് ക്ലാസ്സിലെ സ്റ്റുഡന്റ്സിന്റെ മുന്നിൽ നാണം കെട്ടന്റെ തൊലി ഉരിഞ്ഞു പോയി…”

എന്നെ നോക്കിയാണ് അവളത് പറഞ്ഞത്…ഒരുനിമിഷം തന്റെ ശ്വാസം പോലുമൊന്ന് നിന്നുപോയി…ഒരുപക്ഷേ അവളെല്ലാം അറിഞ്ഞു കാണുമോ…?? ചങ്കിടിപ്പ് ഉയരുന്നത് അറിയുന്നുണ്ടായിരുന്നു…എങ്കിൽ പോലും മനസിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു…

“അതിന് മാത്രം എന്താ ഉണ്ടായേ…??”

അമ്മ തന്നെ ഒന്ന് നോക്കി അവളോട് ചോദിച്ചതും അവളുടെ മുഖം തനിക്ക് നേരെ നീണ്ടിരുന്നു…

“എന്താ ഉണ്ടായതെന്നോ…?? ചോദിക്ക്,,,അമ്മേടെ ഈ നിൽക്കുന്ന പുന്നാരമോളോട് തന്നെ ചോദിക്ക് എന്താ ഉണ്ടായതെന്ന്…സൂപ്പർ മാർക്കറ്റിൽ പോകുവാന്ന് പറഞ്ഞ് ഇവള് എങ്ങോട്ടാ പോകുന്നെന്ന് അറിയോ…?? വീട്ടുജോലിക്ക്,,,അതും അമ്മേടെ മാണിക്യശേരിയിൽ വേലക്കാരി ആയിട്ട്…ക്ലാസ്സിലെ സ്വാതി എന്നോടിത് പറഞ്ഞപ്പോ നാണം കെട്ട് തൊലി ഉരിഞ്ഞു പോയി…വേലക്കാരിയുടെ അനിയത്തിയെന്നാ ഇപ്പൊ എല്ലാരും എന്നെ വിളിക്കണേ…അറിയോ അമ്മയ്ക്ക്…”

അമ്മ കേട്ടതൊക്കെയും സത്യമാണോന്നറിയാതെ തരിച്ചു നിൽക്കുവാണ്…ഇനിയും കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നിയിരുന്നില്ല…തന്റെ തല കുനിഞ്ഞിരുന്നു…ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു…അച്ഛനെ ഒന്ന് നോക്കി..കണ്ണുകൾ അടച്ചു കിടക്കുവാണ്…കണ്ണുനീർ ഒഴുകുന്നത് കണ്ടു…അത് കണ്ടപ്പോ ഹൃദയം തകരുന്ന പോലെയാണ് തോന്നിയത്…കണ്ണുകൾ അടച്ചു നിന്നു…

“തീർത്ഥ…സത്യമാണോ ഇവളീ പറയുന്നത്…??”

ഇരുതോളിലും കുലുക്കി അമ്മ ചോദിച്ചതും കണ്ണുകൾ പതിയെ തുറന്ന് ആ മുഖത്തേക്ക് നോക്കി…കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ട്…ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു…എന്താണ് താൻ പറയേണ്ടത്…?? അമ്മയ്ക്കത് സഹിക്കാൻ പറ്റുമോ…?? തലയാകെ ഒരു മന്ദത വന്ന് നിറയുന്നതറിഞ്ഞു…

“ചോദിച്ചത് കേട്ടില്ലേടി…പറയാൻ…”

അമ്മയുടെ ശബ്ദം ഉയർന്നതും താനുമൊന്ന് വിറച്ചു പോയിരുന്നു…ശ്വാസം വലിച്ചു വിട്ട് താനും സത്യം പറയാൻ തയാറായിരുന്നു… തുടരും…. ലൈക്ക് കമന്റ് ചെയ്യണേ, അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *