ഈ നാട്ടിലെ എല്ലാ പെങ്കുട്ട്യോളും അലിഞ്ഞു പോകുന്ന ആ ചിരിയിൽ മയങ്ങി നിൽക്കാതെ മുന്നോട്ട് നടന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Chaithanya Sheela

ആനക്കാരന്റെ പെണ്ണ്

“ചേച്ചിയമ്മേ..ധേ ആ ചേട്ടൻ അവിടെ നിൽക്കുന്നു..” കുറുമ്പി പൊന്നുമോളാണ് ആൽമരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന രൂപത്തിലേക്ക് ചൂണ്ടിക്കാണിച്ചത്. ഉത്സവത്തിന് അലങ്കരിച്ച ബൾബിന്റെ പ്രകാശത്തിൽ ആ മുഖം എന്റെ മിഴികളിൽ ഉടക്കി തെളിയുന്നുണ്ട്.

കണ്ണുകൾ വിടരുന്നത് മറച്ചുവെച്ച് ഉള്ളിൽ ചിരിച്ചു. അങ്ങോട്ടേയ്ക്ക് ഇടയ്ക്കിടക്ക് പാളിപോകുന്ന കണ്ണുകളിൽ തന്നെ നോട്ടമിട്ട് നിൽപ്പുണ്ട് അവിടെയൊരാൾ..വല്ല്യവീട്ടിൽ വിശാഖ് ചന്ദ്രൻ.! ഈ നാട്ടിലെ എല്ലാ പെങ്കുട്ട്യോളും അലിഞ്ഞു പോകുന്ന ആ ചിരിയിൽ മയങ്ങി നിൽക്കാതെ മുന്നോട്ട് നടന്നു.

ഉത്സവപ്പറമ്പിലെ എല്ലാ കടകളിലേയ്ക്കും വലിച്ചു കൊണ്ടുപോയി ധാ അത് വാങ്ങി തരുമോ ചേച്ചീ ന്ന് പറഞ്ഞു വാശി പിടിക്കുന്നുണ്ട് നാലുവയസുകാരി പൊന്നു മോളും അവള്ടെ പുന്നാര ചേട്ടൻ മനുക്കുട്ടനും. ഏട്ടന്റെ മക്കളാണ് രണ്ടാളും..ഇത്തിരി നേരം ഈ കുറുമ്പ് ഒന്ന് സഹിക്ക് മോളേ,ഞാനൊന്ന് നടയിൽ കയറി തൊഴുതു വരാം എന്ന് പറഞ്ഞ് പാവം ഏട്ടത്തിയമ്മ ഏല്പിച്ചിട്ടുണ്ട് പോയതാണ്.

“ചിറ്റേ,ദാ ഐസ്ക്രീം..മൂന്നെണ്ണമുണ്ട്..” മനുക്കുട്ടൻ പിറകിൽ നിന്ന് വിളിച്ചപ്പോഴേക്കും പൊന്നൂസ് ചാടിവീണ് അവളുടെ പങ്ക് വായിലാക്കാൻ തുടങ്ങിയിരുന്നു. “എവിടുന്നാ മനുക്കുട്ടാ ഇത്..” ഒന്ന് നുണഞ്ഞിട്ടാണ് അവന്റെ കയ്യിൽ പൈസ കൊടുത്തില്ലല്ലോ ന്ന് ഓർത്തത്.

“വിച്ചേട്ടൻ തന്നതാ..ചിറ്റേടെ പിണക്കം മാറ്റിയാൽ നിക്ക് ജെസിബി വാങ്ങിത്തരാന്ന് പറഞ്ഞൂല്ലോ..ചിറ്റ എന്തിനാ പിണങ്ങിയേ..?വിച്ചേട്ടൻ പാവാണല്ലോ..”

“അതിന് ആര് ഇണങ്ങി..? നിന്റെ വിച്ചേട്ടനോട് ഞാൻ പണ്ടേ പിണക്കത്തിലാണ്..”

“അല്ലാലോ, ഏട്ടൻ ചിറ്റേനോട് എന്നും കൂട്ടാണല്ലോ..ഒത്തിരി ഇഷ്ടോള്ളോർ അല്ലേ ഉമ്മ വെക്കുക.അതല്ലേ അന്ന് ആനേടെ അടുത്തൂന്ന് വിച്ചേട്ടൻ ചിറ്റേനെ ഉമ്മവച്ചേ.വിച്ചേട്ടൻ പറഞ്ഞല്ലോ ചിറ്റേനെ കെട്ടാൻ പോവാണ് ആരോടും പറയല്ലെന്ന്..ഞാൻ ആരോടും പറഞ്ഞിട്ടില്ല ചിറ്റേ..”

തീർന്നു…!!ഈ കൊച്ചു പിള്ളേരോട് ഇങ്ങേരിത് എന്തൊക്കെയാ പറഞ്ഞു കൊടുത്തേക്കുന്നത്..! അതുകേട്ട് നുണഞ്ഞ ഐസ്ക്രീം തൊണ്ടയിൽ കുടുങ്ങിയ പോലെ താഴോട്ട് ഇറക്കാൻ പറ്റാതെ നിന്നതും നേരെ നോക്കിയത് ഐസ്ക്രീം കാരന്റെ മുൻപിൽ കൈകെട്ടി നിൽക്കുന്ന അവന്റെ വിച്ചേട്ടനെയാണ്. “പെട്ടല്ലോ..തുപ്പാനും പറ്റില്ല, ആ നോട്ടം കണ്ടിട്ട് ഐസ്ക്രീം ഉരുകുന്ന പോലെ എന്റെ ദേഷ്യവും ഉരുകി പോകുമെന്ന് തോന്നുന്നല്ലോ ഭഗവതീ..”മനസ്സിൽ സർവശക്തിയും സ്വരൂപിച്ച് തിരിഞ്ഞു നിന്ന് വേഗം അത് കാലിയാക്കി.

തിരിയാൻ ശ്രമിച്ചപ്പോഴാണ് പിന്നിൽ ആരിലോ തട്ടി നിൽക്കുന്ന പോലെ തോന്നിയത്. മനുക്കുട്ടനും പൊന്നൂസും മുന്നിലെ കളിപ്പാട്ടകടയിലേക്ക് നോക്കി നിന്ന് ഐസ് ക്രീം തിന്നുകയാണ്. ചുറ്റിനും അധികം ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല ന്ന് മനസ്സിൽ സമാധാനപ്പെട്ടതും ആ ചുടുനിശ്വാസം കഴുത്തിൽ തട്ടിയതും ഒരുമിച്ചായിരുന്നു. കണ്ണടച്ച് കൈകൾ സാരിതുമ്പിൽ പിടിയുടക്കി..ആ വിരലുകൾ പുറത്തേയ്ക്ക് വീണുകിടക്കുന്ന മുടിയിഴകളെ മുന്നിലേയ്ക്ക് വകഞ്ഞു മാറ്റിയപ്പോൾ ആ തണുപ്പ് എന്റെ ശരീരമാസകലം വ്യാപിച്ചു. “ലച്ചൂ….” ആ ശബ്ദം എന്നിലൂടെ കടന്നു പോയതും ശരീരം തളരുന്നു. വലതു കൈയ്യിൽ കുപ്പിവളകൾ കിലുങ്ങിയതും കണ്ണുതുറന്നു.

“കരിവളയാണ്‌..കരിവീരനെ പ്രണയിച്ചവൾക്കായി..ഈ വിച്ചുവേട്ടന്റെ കറുപ്പിനെയും നീ പ്രണയിക്കുമോ പെണ്ണേ..!” അതും പറഞ്ഞു വളകളിൽ തട്ടി പോകുന്ന കൈകളിൽ പിടുത്തമിട്ടു.

“ധേ..ഈ കുഞ്ഞു കുട്ട്യോളോട് എന്തൊക്കെയാണ് പറഞ്ഞു കൊടുക്കുന്നത്..”ചുണ്ട് കൂർപ്പിച്ചു നോക്കി. “അവനത് ആരോടും പറയാതെ ഇരിക്കാനാണ് മോളേ..എന്നായാലും നീ ഈ വിശാഖിനുള്ളതല്ലേ..” കാതുകളിൽ വളരെ പതിയെ മന്ത്രിച്ച് അവൻ മുന്നോട്ട് നടന്നു. “അതിന് നിങ്ങടെ ആര്യയെ തട്ടേണ്ടി വരില്ലേ.ഹും.” അത് കേട്ടതും ഇടതു കൈകൊണ്ട് ആ മീശയൊന്ന് പിരിച്ചുവെച്ച് കണ്ണടച്ചു കാണിച്ചു..കള്ളൻ, തെമ്മാടി, ആനക്കാരൻ വിശാഖ് ചന്ദ്രൻ..ഹും..!

🌺🌺🌺🌺

ആനപ്രേമം ചെറുപ്പത്തിലേ തുടങ്ങിയതാണ്. പണ്ട് സ്കൂൾ വിട്ട് വരുന്ന വഴിക്ക് പോലും വല്യവീട്ടിലേക്ക് എത്തിനോക്കുമായിരുന്നു. മുന്നിൽ തന്നെ നിൽക്കുന്ന ഗജവീരൻ നന്ദൻ.,അവന്റെ ആ സൗന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോഴാണ് എന്റെ വീടാ വരുന്നോ ന്ന് പറഞ്ഞു വിശാഖേട്ടൻ കൈകാട്ടി അകത്തേയ്ക്ക് വിളിക്കുന്നത്. പഴക്കുലയും ശർക്കരയുമെല്ലാം കൊടുക്കുമ്പോൾ അടുത്തേയ്ക്ക് നിർത്തി നന്ദനെ പരിചയപ്പെടുത്തും. വീട്ടിലാണെങ്കിൽ ആനപ്രേമം തലയ്ക്കു പിടിച്ച പെണ്ണെന്ന് പറഞ്ഞ് ഇത്തിരി അധികം വഴക്ക് കിട്ടും. എന്റെ അതേ അസുഖമുള്ള ഒരാളെ കിട്ടിയതും ഒരു ആശ്വാസമായി.

ആ വീട്ടിൽ വന്നും പോയീം ഗജവീരന്റെ ഒപ്പം ആ ഏട്ടനേയും കാണാതെ ഇരിക്കാൻ പറ്റാതെയായി. ആ കരിവണ്ടിനെയാണോ നീ എന്നും കാണാൻ പോകുന്നേ ന്ന് കൂട്ടുകാരികളിൽ ഒരാൾ ചോദിച്ചതും അവരോടെല്ലാം വഴക്കിട്ട് പിന്നെയും ഓടിയെത്തും.

“ഇത്തിരി കറുപ്പാണേലും ആ ചിരി കണ്ടോ, എന്ത്‌ സുന്ദരനാ വിശാഖേട്ടൻ അല്ലേടി…? ” അന്ന് ആര്യ അടുത്ത് വന്നിരുന്നു അത് പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റൊരു വികാരം മനസ്സിൽ നിറഞ്ഞു നിന്നു. എന്റേതാണ് ന്ന് കണ്ണുകൾ കൊണ്ട് അറിയിച്ച് അവളെ പേടിപ്പിച്ചു വിട്ടു.വളരും തോറും ഏട്ടന്റെ മുഖത്ത് നിന്നും എനിക്കായ് ഉണരുന്ന ഭാവങ്ങൾ പലതും തിരയുകയായിരുന്നു. മനസ്സിലിരുന്ന് ആരോ ഏട്ടൻ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുവെന്ന് പറഞ്ഞ് കൊണ്ടിരുന്നു.

“നീ എന്തിനാ ദേഷ്യം കാണിക്കുന്നേ, ഞങ്ങളുടെ കുടുംബം പണ്ട് മുതലേ ഒരുപോലെയാണ്. ഞങ്ങൾക്കും ആനയുണ്ട്, ഏട്ടനും ആനയുണ്ട്. ഇനിയെന്നെ അങ്ങേര് കെട്ടിയാലും നിനക്ക് വല്ലപ്പോഴും കാണാൻ തോന്നുമ്പോൾ അങ്ങോട്ട് വന്നാൽമതി ആനയെയും..ഏട്ടനേയും..” ഒടുവിലത്തെ വാക്ക് അത്ര പതിയെ പറഞ്ഞെങ്കിലും ഞാനത് കേട്ടിരുന്നു. ശരിയാണ് അവരാണ് ഒന്നിക്കേണ്ടവർ.

എല്ലാം മായിച്ചു കളയാൻ നോക്കിയെങ്കിലും അതത്ര എളുപ്പം ആയിരുന്നില്ല. ഏട്ടന്റെ അച്ഛനും ഞാനും നല്ല കൂട്ടായത് കൊണ്ട് ഏട്ടനില്ലാത്തപ്പോഴും നന്ദനെ കാണാൻ അവിടേയ്ക്ക് ഞാൻ ചെല്ലും. ഏട്ടനെ കാണുമ്പോഴുള്ള കണ്ണിന്റെ പിടച്ചിൽ പോലും അച്ഛൻ കണ്ടുപിടിച്ച് കളിയാക്കും.

“എന്റെ രണ്ട് ആനകളെയും നീ തന്നെ തളച്ചോടി മോളേ ” ന്ന് പറഞ്ഞ് കളിപറയുമ്പോൾ ഇല്ലാത്ത ദേഷ്യം മുഖത്തു വരുത്തി തിരിഞ്ഞ് നടക്കും. ആ ഇടയ്ക്കാണ് ഒരിക്കൽ അച്ഛനില്ലാത്ത ദിവസം അവിടേയ്ക്ക് കയറി ചെന്നത്, കൂട്ടിന് ഏട്ടത്തി മനുക്കുട്ടനെയും വിട്ടു. 🌺🌺🌺🌺

അന്ന് ഒരുപാട് ദിവസത്തിന് ശേഷം നന്ദനെ കണ്ട ആവേശത്തിൽ ഓടിയടുത്തെത്തിയതും മുന്നിൽ കിടന്ന ഓലയിൽ തട്ടി മുന്നോട്ടേയ്ക്ക് വീഴാൻ പോയി. വായുവിൽ ഉയർന്നു പൊങ്ങിയ കരങ്ങളുടെ ഉടമയെ കണ്ടതും ഒളിപ്പിച്ചു വെച്ചതെല്ലാം മറമാറ്റി പുറത്തേയ്ക്ക് വരാൻ വെമ്പി.

“നന്ദൻ എങ്ങും ഓടിപോവില്ല, പതിയെ നടക്ക് ലച്ചൂ..” കാതിൽ ആ ലച്ചു വിളി വീണതും ഹൃദയത്തിൽ നൂറ് നൂറ് പറവകൾ പാറിനടന്നു.

“വിച്ചുവേട്ടൻ..!” ആത്മഗതം മുന്നിൽനിൽക്കുന്നയാൾ കേട്ടുവെന്ന് മനസ്സിലായി.

“നിന്റെ ഈ വിളിയാണ് പെണ്ണേ എന്നെ നിന്നിലേക്ക് ഇല്ലാണ്ടാക്കുന്നത്..ഇങ്ങനെ നോക്കല്ലേ നീ..” ആ കണ്ണുകളിൽ അത്രനാൾ കാണാത്ത ഭാവങ്ങൾ പലതും വിടർന്നതും എന്റെ കവിളിണ ചുവന്നു വന്നു, കണ്ണുകൾ നാണത്താൽ കൂമ്പിയടഞ്ഞു. വിറയ്ക്കുന്ന അധരത്തിൽ ഒരു നനുത്ത സ്പർശം ഏറ്റതും ഞാൻ കണ്ണുകൾ വലിച്ചു തുറന്നു. ഇരുകണ്ണുകളും അടച്ചുവെച്ച് എന്നിലെ നിശ്വാസങ്ങൾ പകർന്നെടുക്കുന്ന ഏട്ടനെയാണ് കണ്ടത്. ആ ചുണ്ടുകളുടെ കുളിരിൽ ആ വെയിലത്തും ഞാൻ വിറച്ചുപോയി.

“ഹെയ്യ്..ചിറ്റയെ വിച്ചേട്ടൻ ഉമ്മവെച്ചേയ്…!!”

കൈകൊട്ടി ചിരിക്കുന്ന മനുക്കുട്ടന്റെ ശബ്ദം കേട്ടതും ഏട്ടനെ തള്ളിമാറ്റി ഞാൻ നേരെ നിന്നു. പരസ്പരം നോക്കാൻ കഴിയാതെ തത്തി നിൽക്കുന്നത് ഒഴുവാക്കാനാണ് നന്ദനെ ഒന്ന് തലോടി തിരിച്ചു വീട്ടിലേയ്ക്ക് വച്ചു പിടിച്ചത്. പോകാൻ തുടങ്ങുമ്പോൾ മനുക്കുട്ടനെ അകത്തേയ്ക്ക് കൊണ്ടുപോയി മിട്ടായി കൊടുത്ത് വിടുന്നത് കണ്ടു. തിരിഞ്ഞു നോക്കാതെ വേഗം നടക്കുമ്പോഴും ഏട്ടനിലെ മാറ്റം ആസ്വദിക്കുകയായിരുന്നു ഞാൻ.

🌺🌺🌺🌺

പിന്നീട് കോളേജ് വിട്ട് വരുന്ന വഴിയ്ക്കാണ് ആര്യയെ പിറകിലിരുത്തി ഏട്ടൻ ബൈക്കോടിച്ച് പോകുന്നത് കണ്ടത്. എന്നെ കണ്ടതും അധികാരഭാവത്തോടെ അവൾ അടുത്തേയ്ക്ക് ചേർന്നിരുന്നു. ആ ദേഷ്യത്തിൽ വീട്ടിലെത്തിയതും അമ്മയ്ക്കും വല്യവീട്ടിലെ വിശാഖ് മോന്റെ കല്യാണം ഉറപ്പിക്കാൻ പോകുകയാണെന്നുള്ള വാർത്തയായിരുന്നു പറയാൻ ഉള്ളത്. അവർ കുടുംബസുഹൃത്തുക്കളല്ലേ,വല്യ പൈസയും ആനയുമൊക്കെയുള്ള കൂട്ടരാ ന്ന് അമ്മ പറയുമ്പോൾ കൺകോണിൽ നീരുറവ പൊട്ടിയിരുന്നു. അതിന് ശേഷം വല്യവീട്ടിലേയ്ക്ക് പോയിട്ടില്ല. വഴിക്ക് വെച്ച് എന്തോ പറയാൻ വരുന്ന വിച്ചേട്ടനെ കണ്ടാലും ഒന്നും മിണ്ടാൻ നിൽക്കാതെ തിരിഞ്ഞു പോകും. നന്ദനെ ഗേറ്റിൽനിന്നും എത്തിനോക്കി തൃപ്തിപ്പെട്ട് നടക്കും.

🌺🌺🌺🌺

ഉത്സവത്തിന്റെ പിറ്റേന്ന് വൈകിയാണ് എഴുന്നേറ്റത്. കെട്ടുന്നുണ്ടേൽ ആനയുള്ള വീട്ടിൽനിന്നേയുള്ളൂ ന്ന് വാശി പിടിച്ചത് കൊണ്ട് തൃശ്ശൂരുള്ള ഒരു കൂട്ടർ ഇന്ന് പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്. രാവിലെ ഒരുങ്ങാൻ നിന്നപ്പോൾ തലേന്ന് വിച്ചേട്ടൻ ഇട്ടുതന്ന കരിവളയിലേയ്ക്ക് ദയനീയായി നോക്കി. ഏട്ടനെ ആര്യയ്ക്ക് വിധിച്ചിട്ടുള്ളതാണ് ന്ന് പറഞ്ഞ് പഠിപ്പിച്ച് അതെടുത്തു അലമാരയിൽ വെച്ചു പൂട്ടി.

ചായയുമായി ഹാളിലേക്ക് ചെന്നപ്പോഴും തല താഴ്ന്നു തന്നെയിരുന്നു. “പിള്ളേർക്ക് എന്തെങ്കിലും ചോദിക്കാനും പറയാനും കാണും ” ന്ന് ബ്രോക്കർ പറഞ്ഞതും ഏടത്തിയുടെ ചെവിയിൽ എനിക്കൊന്നുമില്ലന്ന് പറഞ്ഞെങ്കിലും വെളിയിലേക്ക് തള്ളിവിട്ടു. മാവിന്റെ ചുവട്ടിൽ നിന്നപ്പോൾ ആ ആനപ്രേമത്തോടൊപ്പം ആനക്കാരനോടുള്ള ഇഷ്ടവും തുറന്നപറഞ്ഞേക്കാം ന്ന് കരുതിയാണ് നിന്നത്. ഇനിയെല്ലാം മറക്കണമല്ലോ ന്ന് ഓർത്തപ്പോൾ പരിചയമുള്ള ഒരു ഗന്ധം അടുത്തേയ്ക്ക് പൊതിയുന്നു. ആ ദൃഢമായ നെഞ്ചിൽ തട്ടിനിന്നു.

“പോരുന്നോ ഈ ആനക്കാരനെ മേയ്ക്കാൻ..ഇടയ്ക്ക് ആനയ്ക്ക് കൊടുക്കുന്ന നല്ല ശർക്കരയും തന്നേക്കാം..പിന്നെ വേറെ ചില മധുരങ്ങളും.. ” കുസൃതിയോടെ മീശകടിച്ച് പിടിച്ച് വിച്ചേട്ടനത് പറഞ്ഞതും ഇരു കൈകൾ കൊണ്ടും ആ നെഞ്ചിൽ ഇടിച്ച് ഞാനെന്റെ സമ്മതം അറിയിച്ചിരുന്നു.

🌺അവസാനിച്ചു🌺

വായിച്ചിട്ട് അഭിപ്രായം പറയണേ..❤️❤️

രചന: Chaithanya Sheela

Leave a Reply

Your email address will not be published. Required fields are marked *