പ്രിയസഖീ തുടർക്കഥ ഭാഗം 3 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

“തരുണി…എവിടെയായിരുന്നു നീയ്..??”

അവളുടെ കയ്യിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു…തീർത്ഥയെ രൂക്ഷമായോന്ന് നോക്കി അവളാ കൈകൾ തട്ടിയെറിഞ്ഞു…

“ഞാൻ ലൈബ്രറി വരെ പോയതാ…അതിനിവിടെ ആരും രോക്ഷം കൊള്ളേണ്ട ആവിശ്യമില്ല…ആരും…”

അത്രയും പറഞ്ഞവൾ അകത്തേക്ക് കയറി…അവളുടെ പെരുമാറ്റത്തിൽ ഈയിടയായി ആസ്വഭാഭികത തോന്നിത്തുടങ്ങിയിരുന്നു…എന്ത് തന്നെയായാലും കണ്ടുപിടിക്കണമെന്നും…അപ്പോഴും ഒന്നും മിണ്ടിയില്ല,,,മനസാകെ കലങ്ങി മറിഞ്ഞ് ശൂന്യമായിരിക്കുവാണ്…പിന്നെ എന്ത് പറയാനാണ്…എല്ലാത്തിൽ നിന്നും പിന്തിരിഞ്ഞു ഒറ്റയ്ക്ക് നടക്കാൻ തോന്നി…വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയം വേഗത്തിൽ ചലിക്കുന്നത് അറിഞ്ഞത്…ഉള്ളിലൊരു ഞെട്ടലായിരുന്നു…കണ്ണിലെ വട്ടക്കണ്ണട ഒന്നൂടി മുറുക്കി ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ അമ്മയോട് പറഞ്ഞ് ബാഗും എടുത്തിറങ്ങി…ശരീരമാകെ ക്ഷീണിക്കുന്നുണ്ട്…കഴിവതും വേഗത്തിൽ നടന്ന് സൂപ്പർ മാർക്കറ്റിലെത്തി…ആളുകൾ ആരും തന്നെയില്ല…ഒരു വിറയലോടെ ബിൽ സെക്ഷനിലേക്ക് ഇരിക്കാൻ തുടങ്ങിയപ്പോഴാണ് മാനേജരുടെ കനത്ത ശബ്ദം അവിടെയായി മുഴങ്ങിയത്…

“ഇരിക്കാൻ വരട്ടെ തീർത്ഥ,,,തോന്നുമ്പോ വരാനും പോകാനും ഇത് സർക്കാർ സ്ഥാപനം അല്ല…കൊറേയായി തനിക്ക് മുന്നറിയിപ്പ് തരുന്നു…വീട്ടിലെ കഷ്ടപ്പാട് ഒക്കെ അറിഞ്ഞിട്ടാണ് ജോലി തന്നത്,,,ഇത്രയ്ക്കും ആത്മാർത്ഥത ഇല്ലാത്ത ഒരാളെ ഇവിടെ വേണ്ട…അത് ഞാൻ തീരുമാനിച്ചു…ഈ മാസത്തെ കിട്ടാൻ ഉള്ളതെന്താണെന്ന് വെച്ചാൽ എഴുതി മേടിച്ച് ഇപ്പൊ തന്നെ ഇറങ്ങിക്കോ…സ്മിത കൊടുത്തേക്ക്,,,,”

സ്മിതചേച്ചിയെ നോക്കി പറഞ്ഞുകൊണ്ട് മാനേജർ നടന്നു പോകുന്നത് നിസ്സഹായയായി നോക്കി നിക്കാനേ കഴിഞ്ഞോള്ളൂ…ഈ മാസത്തെ ആയിരത്തിനാനൂറ്‌ രൂപ കയ്യിൽ വെച്ച് തന്ന് വിഷമത്തോടെ നോക്കുന്ന ചേച്ചിയെ നോക്കി മന്ദാഹസിച് പോകാനായി തിരിഞ്ഞു…ഉള്ളിലൊരു കടലിരമ്പുന്നുണ്ടായിരുന്നു..ഉറക്കെ,ഉച്ചത്തിൽ അലറി വിളിച്ച് കരയണമെന്ന് തോന്നി…ഇനിയെന്ത്…?? ജീവിതം ചോദ്യം പോലെ മുന്നിൽ വന്ന് നിന്നു…എത്രയൊക്കെ ധൈര്യവതി ആണെന്ന് പറഞ്ഞാലും സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അവസ്ഥ വന്നാൽ ഒരുനിമിഷത്തെക്കെങ്കിലും തളർന്നു പോകാത്തവരുണ്ടോ…?? ചങ്ക് നീറിപ്പുകയുവാണ്…കണ്ണിലൂടെ ചുടുകണ്ണുനീർ കവിളിനെ ചുംബിച് ഒഴുകിക്കൊണ്ടിരുന്നു…വീട്ടിൽ ചെന്ന് എന്ത് പറയും…?? അച്ഛന് മരുന്ന്, അനിയത്തിയുടെ പഠിപ്പ്, എല്ലാം മുന്നിലൂടെ ഒരു ചിത്രം പോലെ പായുന്നു…

എവിടെയാണ് തനിക്കെല്ലാം നഷ്ടപ്പെട്ടത്…?? മാണിക്യശേരി തറവാട്ടിലെ ഇളയസന്തതിയായിരുന്നു അമ്മ…ശ്രീദേവി…എല്ലാവരുടെയും പ്രിയപ്പെട്ടവൾ…അനാഥനായ അച്ഛൻ ബാങ്ക് മാനെജറായി ഇവിടേക്ക് വന്നപ്പോഴാണ് എല്ലാം മാറി മറിഞ്ഞത്… മാണിക്യശേരി കുടുംബവുമായി അച്ഛൻ നല്ലൊരു സൗഹൃദം തുടർന്നു പോയിരുന്നു…ആയിടയ്ക്കാണ് അമ്മയെ കാണുന്നതും ഇഷ്ടപ്പെടുന്നതും…അച്ഛന്റെ സ്വഭാവവും പെരുമാറ്റവും അമ്മയെയും സ്വാധീനിച്ചിരുന്നു…ഇതൊന്നുമറിയാതെ ശ്രീദേവിയുടെ അച്ഛനും ഏട്ടനും അവൾക്കായി നല്ലൊരു ബന്ധം കണ്ടുപിടിച്ചിരുന്നു…അമ്മ ഒരുപാട് എതിർത്തു നോക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല…അനാഥനായത് കൊണ്ട് ആദ്യമായ് ലഭിച്ച സ്നേഹം നഷ്ടപ്പെട്ടാൽ ആത്മഹത്യ ആയിരുന്നു അച്ഛന് മുൻപിൽ…അത്രയ്ക്കു ജീവൻ കൊടുത്ത് സ്നേഹിച്ചിരുന്നു അച്ഛൻ അമ്മയെ…അച്ഛനെ ചതിക്കാൻ വയ്യാത്തത് കൊണ്ട് അമ്മ എല്ലാം മൂത്ത ചേച്ചി ശ്രീലത അമ്മായിയോട് പറഞ്ഞിരുന്നു…നിശ്ചയത്തിന്റെ അന്ന് അമ്മയെ അച്ഛന്റെ കൂടെ നാട് വിടാൻ സഹായിച്ചത് അമ്മായിയാണ്…ദൂരെ കണ്ണുരുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോയി…അവിടെ നിന്ന് ചെറിയ ജോലികളിൽ നിന്നും തുടങ്ങി അച്ഛൻ സർക്കാർ ഓഫീസിൽ ജോലി നേടി…അതിനിടയിലാണ് താൻ ജനിച്ചത്…സ്വർഗമായിരുന്നു വീട്…രണ്ട് വർഷം കഴിഞ്ഞ് തരുണിയും…താൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് അമ്മയുടെ നിർബന്ധപ്രകാരം തിരിച്ചു ഇങ്ങോട്ടേക്ക് വന്നത്…എല്ലാവരുടെയും കാലിൽ പിടിച്ചു മാപ്പ് പറയാൻ…അവിടെ നിന്നും വന്നതിൽ പിന്നെ ആരുമായും കോൺടാക്ട് ഇല്ലായിരുന്നു…മാണിക്യശേരിയിലേക്ക് തിരിച്ചു ചെന്നപ്പോഴാണ് അമ്മ ഇറങ്ങിപ്പോയതിന് പിന്നാലെ നാണക്കേടും സങ്കടവും താങ്ങാൻ കഴിയാതെ മുത്തച്ഛൻ നെഞ്ച് പൊട്ടി മരിച്ചുവെന്നറിഞ്ഞത്…അമ്മയ്ക്കത് വല്യ ഷോക്കായിരുന്നു…ദേവേട്ടന്റെ അച്ഛൻ ശ്രീധരമാമ ഞങ്ങളെ അവിടെ നിന്നും അടിച്ച് പുറത്താക്കി…ഒരു ബന്ധവും പറഞ്ഞ് അങ്ങോട്ടേക്ക് ചെല്ലരുത് പോലും…അന്ന് ഞങ്ങളെ ചേർത്ത് പിടിച്ച് ഇറങ്ങിയതാണ് അച്ഛൻ,,,കണ്ണൂരിലെ വീട് വിറ്റ് കിട്ടിയ പണം കൊണ്ട് ഇവിടെ ഒരു വീട് വാങ്ങി…എല്ലാം കൊണ്ടും സന്തോഷം,,,അമ്മയുടെ വീട്ടുകാരെക്കുറിച്ചാണ് ആകെയുള്ളൊരു സങ്കടം…എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് അച്ഛന് ആക്‌സിഡന്റ് പറ്റുന്നത്,,,അതോടെയാണ് കുടുംബത്തിന്റെ താളം തെറ്റുന്നതും…

ഓർമകൾ ഓരോന്നായി വന്ന് തുടങ്ങിയതും ഒരു ദീർഘശ്വാസത്തോടെ ഫാർമസിയിൽ കയറി അച്ഛന് മരുന്ന് മേടിച്ച് വീട്ടിലേക്ക് തിരിച്ചു നടന്നു…പതിവില്ലാതെ ആറരയായപ്പോഴേ താൻ കയറിവരുന്നത് കണ്ട് അമ്മ പരിഭ്രമത്തോടെ പുറത്തേക്കിറങ്ങി വന്നു…

“എന്താ,,,എന്താ മോളെ നേരത്തെ…നിനക്ക് വയ്യേ…?? ”

പറന്നിരിക്കുന്ന മുടി ഒതുക്കി വെച്ച് അമ്മ ചോദിച്ചു…അമ്മയ്ക്ക് നേരെ ഒരു പുഞ്ചിരി നൽകി ആ കയ്യും പിടിച്ച് അകത്തേക്ക് നടന്നു…

“ഇനി ഞാൻ അവിടെ പോണില്ല അമ്മേ…അങ്ങേര് പറയുവാ ഇത്രേം വിവരവും വിദ്യാഭ്യാസവും ഒള്ള പിള്ളേർ കേവലം തുച്ഛമായ ശമ്പളം കിട്ടുന്ന ഇവിടെ വരാതെ നല്ല ജോലിക്ക് പൊക്കുടേന്ന്…ഒന്നാലോചിച്ചപ്പോ ശരിയാണെന്ന് തോന്നി…അതോണ്ട് ഞാനിനി അവിടെ പോണില്ല…വെറുതെ എന്റെ സ്റ്റാറ്റസ് കളയാൻ…ല്ലേ ശ്രീദേവിക്കുട്ടി…”

അമ്മയുടെ കവിളിൽ പിച്ചി ചോദിച്ചതും പാവം കണ്ണുതുടയ്ക്കുന്നുണ്ട്…ഇനിയും നിന്നാൽ കരഞ്ഞു പോകുമെന്ന് തോന്നി…അമ്മയെ അടുക്കളയിലേക്ക് പറഞ്ഞു വിട്ട് അച്ഛന്റെ അടുത്തേക്ക് ചെന്ന് വാതിലടച് കുറ്റിയിട്ടു…എന്റെ വിഷമം കണ്ടാൽ അമ്മയ്ക്ക് ഒരിക്കലും സഹിക്കില്ല…എന്തിനാ പാവത്തിനെ വെറുതെ വിഷമിപ്പിക്കുന്നെ…അച്ഛനെ നോക്കിയപ്പോ ഉറങ്ങുവാണ്…കയ്യിൽ കരുതിയ മരുന്നെടുത്ത് മേശയിലേക്ക് വെച്ച് അച്ഛന്റെ കൈ ചേർത്ത് പിടിച്ച് കണ്ണുകളച്ചു…കണ്ണുനീർ ഒഴുകി വരുന്നുണ്ട്…അച്ഛന്റെ പഴയ തീർത്ഥ മോളായിരുന്നെങ്കിലൊന്നു ഓർത്തു…അച്ഛന്റെ പിന്നാലെ നടക്കുന്ന,പലഹാരപ്പൊതിയ്ക്കായി വഴക്ക് കൂടുന്ന, കുറുമ്പ് കാട്ടുന്ന അച്ചേടെ മാത്രം തീർത്ഥ മോള്…

“തളർന്ന് പോയോ ന്റെ കുട്ടി…?? ”

ഇടർച്ചയോടെയുള്ള അച്ഛന്റെ ചോദ്യം കേട്ട് ഞെട്ടി എഴുന്നേറ്റ് നോക്കി…നിറഞ്ഞകണ്ണുകളോടെ നോക്കി കിടക്കുന്ന അച്ഛനെ കണ്ട് ക്ഷീണം ഒക്കെ എങ്ങോട്ടോ ഓടി പോയിരുന്നു…

“തളരേ,,,അയ്യേ…അച്ചേടെ തീർത്ഥ മോള് അങ്ങനെ തളർന്ന് പോകുവോ…ഇന്ന് നേരത്തെ പോന്നു,,,അതാ അച്ഛന്റെ അടുത്തിരിക്കാൻ വന്നത്…”

അച്ഛന്റെ കൈ ചേർത്ത് പിടിച്ച് ചുംബിച്ചു കൊണ്ട് പറഞ്ഞു…ആ കണ്ണുകളിൽ വിഷാദം മാത്രമാണ്…അത് കാണുമ്പോഴാണ് താൻ തളർന്നു പോകുന്നതും…

“തരുണി ന്റെ കുട്ടിയെ വിഷമിപ്പിക്കുന്നുണ്ടല്ലേ…?? ”

അച്ഛന്റെ ചോദ്യത്തിന് മറുപടിയായി കണ്ണടച്ചോന്ന് ചിരിച്ച് കാണിച്ചു…പിന്നെയും കൊറേ നേരമിരുന്നിട്ട് പുറത്തേക്കിറങ്ങി..തരുണിയുടെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടിട്ടാണ് കയറി നോക്കിയത്…സ്കൂളിൽ നിന്ന് വന്ന അതേ വേഷത്തിൽ ബെഡിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുവാണവൾ…പതിയെ അടുത്തേക്ക് ചെന്ന് തലയിൽ മൃദുവായി തലോടി…എന്തിനാ മോളെ ചേച്ചിയെ ഇങ്ങനെ വേദനിപ്പിക്കുന്നെ…നിക്ക് ഇതൊന്നും സഹിക്കാൻ പറ്റണില്ലട്ടോ… കൊറേ നേരം കൂടി അവളെ നോക്കി പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് ടേബിളിലായി ഒരു പച്ച ഫയലിന്റെ അറ്റം കാണുന്നത്…തെല്ലൊരു ഞെട്ടലോടെ മുകളിലിരുന്ന പുസ്തകങ്ങൾ മാറ്റി ഫയൽ എടുത്തു നോക്കി…അതേ തന്റെ ഫയൽ തന്നെയാണ്…കാണാതെ പോയ തന്റെ അതേ ഫയൽ…തന്റെ ശത്രു തന്റെ വീട്ടിൽ തന്നെയുണ്ടെന്നുള്ളത് ഉള്ളിലൊരു നേരിപ്പോടായി എരിയാൻ തുടങ്ങിയിരുന്നു…അതിലുപരി അവളെന്തിനാണ് തന്നെ വെറുക്കുന്നുള്ളതെന്നും…താൻ എല്ലാവരുടെയും മുന്നിൽ തലകുനിച്ചു നിൽക്കുന്നതാണോ അവളും ആഗ്രഹിക്കുന്നത്…ഓരോന്നാലോചിച്ചു അന്നത്തെ ദിവസം കഴിഞ്ഞ് പോയത് വളരെ കഷ്ടപ്പെട്ടായിരുന്നെന്ന് തോന്നി…കണ്ണടയ്ക്കുമ്പോ ഇനിയെന്തെന്നുള്ള ചോദ്യമാണ്…ജോലി പോയ കാര്യം ഇതുവരെ ആരോടും പറഞ്ഞില്ല…പറഞ്ഞാൽ എന്നേക്കാൾ ഉപരി അവരും വിഷമിക്കും…എന്തൊക്കെ ആണേലും നാളെ തന്നെ ഒരു ജോലി എങ്ങനെയെങ്കിലും തേടണമെന്ന് ഉറപ്പിച്ച് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു…

പിറ്റേന്ന് കോളേജിൽ ചെന്നപ്പോഴേ ആദ്യം സ്റ്റാഫ് റൂമിലേയ്ക്കാണ് പോയത്…അസ്സൈമെന്റ് വെച്ച് സാറിനെ ഒന്ന് നോക്കി…അവിടെ മൈൻഡ് പോലുവില്ല…പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഷാളിൽ ഒരു പിടി വീണത്…സാർ,,,സാറായിരിക്കുമോ…??മനസ്സിൽ പ്രതിഷ്ടിച്ചിരുന്ന സാറിന്റെ രൂപത്തിനു വിള്ളൻ ഏൽക്കുന്നതറിഞ്ഞു…വിടടോ… ന്ന് പറഞ്ഞ് തിരിഞ്ഞപ്പോഴാണ് പറ്റിയ അബദ്ധം മനസിലായത്…ഷാൾ മേശയിൽ കുരുങ്ങി കിടന്നതാണ്…

“എന്താടി…?? ”

“അത്..ഞാൻ വിചാരിച്ചു,,,സാറെന്റെ ഷാളിൽ…”

“പിന്നെ…നിന്റെ ഈ തുക്കട ഷാളിൽ പിടിച്ചിട്ട് വേണ്ടേ എനിക്ക് ജീവിക്കാൻ,,,ഓരോന്നും പറഞ്ഞ് അവള് അടുക്കാൻ വന്നിരിക്കുന്നു…”

“അടുക്കാൻ എനിക്ക് ഇങ്ങനെ ഒന്നും ചെയ്യണ്ടാ…വിധി ഉണ്ടെങ്കിൽ ദൈവമായി അടുപ്പിച്ചിരിക്കും…ഒന്നുവല്ലേലും സാറിന്റെ അച്ഛന്റെ അനിയത്തിയുടെ മോളല്ലേ ഞാൻ…ആ ബന്ധം എന്തിന്റെ പേരിലാണെങ്കിലും നിലനിൽക്കും…”

അത്രയും പറഞ്ഞു ഇറങ്ങി ക്ലാസിൽ ചെന്നിരുന്നു….സ്വയം അത്ഭുതം തോന്നി,,താൻ തന്നെയാണോ സാറിനോട് ഇത്രയും പറഞ്ഞത്…ഒരുനിമിഷം ദേവേട്ടനാണെന്ന് ഓർത്തു പോയിരുന്നു…ഓർത്തപ്പോ ചുണ്ടിലൊരു പുഞ്ചിരി തിങ്ങി…ക്ലാസിൽ ശ്രദ്ധിച്ചും ദിവ്യയോട് വഴക്ക് ഉണ്ടാക്കിയും സംസാരിച്ചും ഉച്ച കഴിഞ്ഞിരുന്നു…രാധിക മിസ്സിന്റെ ക്ലാസ്സ്‌ നടന്നോണ്ടിരിക്കുമ്പോഴാണ് പ്യൂൺ ചേട്ടൻ നോട്ടീസ് കൊണ്ട് വന്നത്…ഫോർത്ത് സെമ്മിന്റെ ഫീസ് അടയ്ക്കാനുള്ള ലാസ്റ്റ് ഡേറ്റ് നാളെയാണ്…ഇന്നത്തെ ദിവസം നന്നായിപോയല്ലോന്ന് ഓർത്ത് കൊണ്ടിരിക്കുമ്പോഴാണ് കൊടുങ്കാറ്റിനു മുന്നിലെ ശാന്തത ആയിരുന്നു അതെന്ന് മനസിലായത്…ഫീസ് കൊടുക്കാൻ പണം കയ്യിലില്ല…കൊടുത്തില്ലെങ്കിൽ ക്ലാസ്സിൽ കയറാനും പറ്റില്ല…എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ പുറത്താക്കും…വൈകുന്നേരം വരെ അതേ ആലോചനയായിരുന്നു…അവസാനം ഒന്നുറപ്പിച്ചിരുന്നു,,,ഇനി എക്സാം എഴുതാൻ മാത്രം കോളേജിൽ വരാം,,വീട്ടിൽ ഇരുന്ന് പഠിക്കാമെന്ന്…ദിവ്യയോട് ഒന്നും പറയാൻ തോന്നിയില്ല…വേണ്ടാന്ന് വെച്ചിരുന്നു…അല്ലെങ്കിൽ തന്നെ എന്റെ പ്രാരാബ്ദം എടുത്ത് മറ്റൊരാളുടെ തലയിൽ വെക്കുന്നത് ശരിയല്ല…ബസ് ഇറങ്ങി നടക്കുമ്പോഴാണ് കുമാരേട്ടന്റെ കടയിൽ നിന്നിറങ്ങി വരുന്ന രേവതി ചേച്ചിയെ കണ്ടത്…ആളൊരു ഇടക്കാരത്തി ആണ്…എനിക്ക് സൂപ്പർ മാർക്കറ്റിൽ ജോലി മേടിച്ചു തന്നതും ചേച്ചിയാണ്…ചേച്ചിയെ കണ്ടതും ഉള്ളിലൊരു പ്രതീക്ഷ പൊട്ടിമുളയ്ക്കുന്നതറിഞ്ഞു….ചേച്ചീടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു…

“ജോലി….ഒരു ജോലിയുണ്ട്,,,പക്ഷേ മോളെ പോലെയൊരു കുട്ടിക്ക് പറ്റിയതല്ല…”

ചേച്ചി ഒരു നിരാശയോടെ പറഞ്ഞു നിർത്തി…എന്ത് ജോലിയും ചെയ്യാൻ മനസ് പാകമായിരുന്നു…എങ്ങനെയെങ്കിലും ഉയിർത്തെഴുന്നേൽക്കണമെന്ന് തോന്നിയിരുന്നു…

“അത് സാരവില്ല ചേച്ചി,,,മാന്യമായ എന്ത് ജോലിയും ഞാൻ ചെയ്യും…ചേച്ചി മടിയൊന്നും വിചാരിക്കണ്ട…പറഞ്ഞോളൂ…എനിക്കിപ്പോ ഒരു ജോലി കൂടാതെ പറ്റില്ല…അതോണ്ടാ…”

തീർത്ഥ രേവതിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു…ഒരു മടിയോടെ രേവതി പറയുന്നത് കേട്ട് തീർത്ഥ ആദ്യമൊന്ന് ഞെട്ടിയെങ്കിലും വൈകാതെ ആ ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടിരുന്നു… ചേച്ചി അവിടേക്ക് വിളിച്ചു പറഞ്ഞേക്കാമെന്ന് പറഞ്ഞു…ഒരു നന്ദിയോടെ ചേച്ചിയെ നോക്കി യാത്രപറഞ് വീട്ടിലേക്ക് നടന്നു…ഫീസ് അടയ്ക്കാത്തത് കൊണ്ട് ഇനി കോളേജിൽ പോകണ്ടാന്ന് പറഞ്ഞത് അമ്മയെ വിഷമിപ്പിച്ചിരുന്നു…അതോർത്ത് സങ്കടപ്പെടാനല്ലേ അമ്മയ്ക്ക് കഴിയൂ… നാളെ മുതൽ രേവതി ചേച്ചി പറഞ്ഞ ജോലിക്ക് പോകണം…അമ്മയോട് തത്കാലം കള്ളം പറഞ്ഞു,,,കോളേജ് ഇല്ലാത്തത് കൊണ്ട് നാളെ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സൂപ്പർ മാർക്കറ്റിൽ ജോലിയെന്ന് പറയാനാണ് തോന്നിയത്…എങ്ങനെയാണ് സത്യം പറയേണ്ടത്…?? കുടുംബം നോക്കാനായി മകൾ വീട്ടുജോലിക്ക് പോകുന്നത് സഹിക്കാൻ ഒരമ്മയ്ക്ക് ആകുമോ…?? അതും അമ്മ ജനിച്ചു വളർന്ന മാണിക്യശേരി തറവാട്ടിൽ തന്നെ…സ്വന്തം അവസ്ഥയോർത്ത് പുച്ഛം തോന്നിയിരുന്നു….

രാവിലെ തന്നെ കുളിച്ചൊരുങ്ങി അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി സൂപ്പർ മാർക്കറ്റിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടു…വീട്ടുജോലിക്കാണെന്ന് തനിക്കല്ലേ അറിയൂ…തരുണിയെ നോക്കിയെങ്കിലും എനിക്ക് മുഖം തരാതെ പോകുകയാണുണ്ടായത്…പേടി തോന്നിയിരുന്നു…ഒരിക്കൽ അവിടുന്ന് ആട്ടിയിറക്കിയതാണ്…അതേ ഞാൻ തന്നെ ജോലിക്ക് ചെല്ലുമ്പോ സ്വീകരണം എന്താകും…വീണ്ടും അപമാനിതയാക്കേണ്ടി വരുമോ…?? അവിടെ തനിക്കേറെയും ശത്രുക്കളാണ്…ദേവൻ സർ,,,അദ്ദേഹത്തിന്റെ പ്രതികരണം എന്താകും…??? ആലോചിക്കും തോറും തല വെട്ടിപൊളക്കുന്നത് പോലെ തോന്നി…സമയം എട്ട് മണി ആകുന്നെയൊള്ളു…എല്ലാരും കാണും അവിടെ…ഒരുതരം പേടി ചലനങ്ങളെ ബാധിച്ചിരുന്നു…രേവതി ചേച്ചി എല്ലാം പറഞ്ഞേക്കാമെന്ന് പറഞ്ഞിരുന്നു…എങ്കിൽ പോലും വല്ലാത്തൊരു പേടി…മാണിക്യശേരി തറവാട്ടിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴും ദേഹമാകെ വിറച്ചിരുന്നു…മുറ്റത്ത് രണ്ടുമൂന്ന് കാറും ബൈക്കുമൊക്കെ ഉണ്ട്…അതോടെ എല്ലാവരും ഉണ്ടെന്ന് ഉറപ്പായി…ഒരു പിടച്ചിലോടെ കണ്ണുകൾ ചുറ്റും പാഞ്ഞിരുന്നു…തിണ്ണയിലെ ചാരുകസേരയിൽ പ്രൗഡിയോടെയിരുന്ന് പത്രം വായിക്കുന്ന ശ്രീധരമാമയെക്കണ്ട് ഒരുനിമിഷം നോക്കി നിന്നു…അമ്മ എപ്പോഴും പറയാറുണ്ട്…സന്തോഷം കൊണ്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു…

“നീയെന്താ ഇവിടെ….???”

ഗൗരവത്തോടെയുള്ള ചോദ്യം കേട്ട് ഞെട്ടലോടെ നോട്ടം മാറ്റി…നീല ഷർട്ടും അതേ കരയുള്ള മുണ്ടുമുടുത്ത്,ഒരു കയ്യാലേ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒതുക്കിനിൽക്കുന്ന സാറിനെ കണ്ട് ആശ്ചര്യത്തോടെ നോക്കി നിന്നു…ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന സാറിനെ നോക്കി എന്ത് പറയണമെന്നറിയാതെ തറഞ്ഞു നിന്നുപോയിരുന്നു ഞാൻ…

തുടരും…..

ലൈക്ക് കമന്റ് ചെയ്ത്, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കൂ… കുപ്പിവള പേജ് ലൈക്ക് ചെയ്യൂ…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *