പെണ്ണിന്റെ കാര്യത്തിലും ഈ വെല്ലുവിളി വന്നപ്പോൾ അച്ചു കേറി ഒരു പെണ്ണിനെയങ്ങു പ്രേമിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ചാർലി

” ഇരട്ടപിള്ളേരെയല്ലാതെ വേറെയാരെയെങ്കിലും പ്രേമിച്ചു വിളിച്ചു കൊണ്ടുവരാൻ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ അടിച്ചു രണ്ടിന്റേം ച ന്തിയേലേ തോല് ഞാൻ പൊട്ടിക്കും പറഞ്ഞേക്കാം”

ദിക്കുകൾ മുഴങ്ങുമാറ്‌ ഉച്ചത്തിൽ അച്ഛമ്മ എന്നു വിളിക്കുന്ന ഞങ്ങളുടെ മുത്തശ്ശിയുടെ ആജ്ഞകേട്ട് ഞാനും അച്ചുവും മുഖത്തോടു മുഖം നോക്കി.

ചെറുപ്പം മുതൽ അമ്മയേക്കാൾ സ്നേഹം തന്ന് ഞങ്ങളെ വളർത്തിവലുതാക്കിയത് അച്ഛമ്മയാണ്.

ഇരട്ടകുട്ടികളെ കണ്ണു തട്ടുമെന്നു പറഞ്ഞ് യാത്ര കഴിഞ്ഞു വരുന്ന ഞങ്ങൾക്ക് മുന്നിൽ ഉപ്പും മുളകും മുഖത്തുഴിഞ്ഞു അടുപ്പിൽ കൊണ്ടുപോയി ഇടാറുണ്ട് അച്ഛമ്മ.

അച്ഛമ്മയ്ക്ക് ഞങ്ങളോടുള്ള സ്നേഹപ്രകടനത്തിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ടായിരുന്നു.

അച്ചാച്ചൻ അതായത് മുത്തശ്ശൻ പേര്കേട്ട തിരുമ്മുകാരൻ ആയിരുന്നു. പക്ഷേ ആ പാരമ്പര്യതൊഴിലിനോട് ഗവണ്മെന്റ് ജോലിയെന്ന സ്വപ്നവുമായി നടന്ന അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു

അച്ചാച്ചൻ മരിച്ചു കഴിഞ്ഞപ്പോൾ പലരും ആ തറവാട്ടുമുറ്റത്തു വന്ന് നിരാശയോടെ പുളയുന്ന വേദനയുമായി മടങ്ങി പോകുന്ന കാഴ്ച കണ്ട് അച്ഛമ്മയുടെ കണ്ണ് നിറഞ്ഞു വരുമായിരുന്നു.

ആ സമയത്താണ് സുഭദ്രചിറ്റയുടെ അമ്മാമ്മ “ഇരട്ട കുട്ടികൾ തിരുമ്മിയാൽ വേദനയെല്ലാം പമ്പ കടക്കും” എന്ന നാട്ടറിവ് അച്ഛമ്മയേ അറിയിച്ചത്.

അന്ന് അച്ഛമ്മ മനസ്സിൽ ഒരു തീരുമാനമെടുത്തിരുന്നു അച്ഛനുണ്ടാകുന്ന കുട്ടികൾ ഇരട്ടകുട്ടികൾ ആയിരിക്കണമെന്ന്.

അതിനു വേണ്ടി അച്ഛമ്മ ചെയ്യാത്ത വഴിപാടുകൾ ഇല്ല.., കയറാത്ത അമ്പലങ്ങൾ ഇല്ല….

പലപ്പോഴും ഇരട്ടപഴം കൊണ്ടു വന്ന് അമ്മയ്ക്ക് കൊടുക്കുമ്പോൾ ഇരട്ടപഴം കഴിച്ചാൽ ഇരട്ടകുട്ടികൾ ഉണ്ടാവുമെന്ന പഴമയുടെ വിശ്വാസം ആയിരിക്കാം അച്ഛമ്മയുടെ മനസ്സിൽ.

ഏതായാലും അച്ഛമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു. രണ്ടു തങ്കകുടങ്ങൾ അതാണ് അപ്പു എന്ന ഞാനും അച്ചു എന്ന എന്റെ അരനാഴിക വ്യത്യാസത്തിലുള്ള അനിയനും.

കാലുളുക്കിയും കൈചതഞ്ഞുമൊക്കെ വരുന്നവർക്ക് കുഴമ്പിട്ട് ഞങ്ങൾ അവിടെ തിരുമ്മികൊടുക്കുമ്പോൾ ഒരുരൂപ പോലും അച്ഛമ്മ ഫീസായി വാങ്ങില്ലായിരുന്നു.

തൊഴിലിലുപരി ഇതൊരു ദൈവാനുഗൃഹവും അച്ചാച്ചന്റെ ആഗ്രെഹവും ആണെന്ന് അച്ഛമ്മ ഞങ്ങളെ ഓർമ്മിപ്പിക്കുവാരുന്നു.

പകരം എന്റെയും അച്ചുവിന്റെയും നെറുകയിൽ കൈവച്ചു അനുഗൃഹിച്ചു അച്ഛമ്മ മുത്തം നൽകുമ്പോൾ ഞങ്ങളുടെ കണ്ണും നിറഞ്ഞു വരുമായിരുന്നു.

പക്ഷേ,,,,

അച്ഛമ്മയുടെ ഈ കല്യാണാഗ്രഹം മാത്രം ഞങ്ങളെ സംബന്ധിച്ച് വളരെ വലിയൊരു വെല്ലുവിളിയായിരുന്നു,കാരണം കാണാൻ ഒരുപോലെ ആണെങ്കിലും ഞങ്ങളുടെ ഇഷ്ടങ്ങൾ വ്യത്യസ്തമായിരുന്നു.

അവന് മോഡലിംഗിനോടു ഇഷ്ടം ഉള്ളപ്പോൾ എനിക്ക് ഇഷ്ടം എഴുത്തിനോടും വായനയോടും ആയിരുന്നു.

അച്ചു മെട്രോസിറ്റികളെ ഇഷ്ടപ്പെടുമ്പോൾ ഞാൻ ആഗ്രെഹിച്ചത് നാടൻഹരിതാഭയുള്ള ഗ്രാമങ്ങളിലെ ആൽമരവും പുഴകടവുമൊക്കെ ആയിരുന്നു.

പെണ്ണിന്റെ കാര്യത്തിലും ഈ വെല്ലുവിളി വന്നപ്പോൾ അച്ചു കേറി ഒരു പെണ്ണിനെയങ്ങു പ്രേമിച്ചു. അതിന്റെ ചെറിയൊരു സ്പാർക്ക് അച്ഛമ്മയുടെ ചെവിയിൽ എത്തിയതിന്റെ ബഹളമാണ് കുറച്ചു മുൻപ് അച്ഛമ്മ പറഞ്ഞതത്രെയും.

എന്തൊക്കെ പ്രശ്നം ഉണ്ടായാലും അച്ഛമ്മയ്ക്കൊപ്പം നിന്നിരുന്ന എനിക്ക് പക്ഷേ, ഈ ഒരു കാര്യത്തിൽ എന്റെ അനിയനെയും പൂർണമായി കൈവിടാൻ കഴിയുമായിരുന്നില്ല.

അതുകൊണ്ട് തന്നെയാണ് അത് ചെറുതായി സൂചിപ്പിക്കാൻ ചെന്നപ്പോൾ എന്നെ വഞ്ചിച്ചാൽ നിനക്കും കിട്ടും നല്ല പെടയെന്ന് പറഞ്ഞ അച്ഛമ്മ എഴുന്നേറ്റാ പൂമുഖത്തു നിന്നും അകത്തളത്തിനുള്ളിലേക്ക് പോയത്.

കോളേജിലെ ഫെസ്റ്റിവൽ ഡേയ്ക്ക് അച്ചുവും അർച്ചനയും ഇഴുകിചേർന്ന് ഡാൻസ് പെർഫോമൻസ് നടത്തിയപ്പോഴേ എന്റെയുള്ളിൽ സംശയം ഉടലെടുത്തിരുന്നു അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന്.

അതുറപ്പിക്കാനെന്ന വണ്ണം അവൾ എന്റെ പിന്നാലെ വന്നെത്തിയിട്ടിങ്ങനെ പറയുന്നുണ്ടായിരുന്നു ….

“അപ്പുവേട്ടാ ഞങ്ങൾ ഒരുപാട് സ്നേഹിച്ചു പോയി, ഞങ്ങളെ പിരിക്കല്ലേ അപ്പുവേട്ടാ…. എത്ര സ്നേഹമുണ്ടെങ്കിലും ഏട്ടനേയും അച്ഛമ്മയെയും മറന്നൊന്നും എന്റെ അച്ചുവേട്ടൻ ചെയ്യില്ലെ”ന്ന് പറഞ്ഞ് അർച്ചന എന്റെ മുന്നിലിരുന്ന് പൊട്ടികരഞ്ഞപ്പോൾ എന്റെ മനസ്സ് ആകെ അസ്വസ്ഥമായി.

“നിങ്ങളുടെ കൂടെയി അപ്പുവേട്ടനുണ്ട് പക്ഷേ എന്റെ അച്ഛമ്മയെയും പിണക്കാതിരിക്കാൻ എനിക്ക് എന്തെങ്കിലും വഴികണ്ടെത്തണ”മെന്ന് പറഞ്ഞപ്പോൾ അർച്ചന എന്തോ പറയാൻ തുനിഞ്ഞതും അച്ചുവതു കണ്ണു കൊണ്ട് വിലക്കുന്നതും എനിക്ക് കാണാമായിരുന്നു.

പിന്നൊരിക്കൽ അർച്ചന തനിച്ചിരുന്നൊരു വേളയിൽ ഞാൻ മനഃപൂർവം അവളുടെ മുന്നിലെത്തി ചോദിച്ചു, ‘എന്തായിരുന്നു നിനക്ക് അന്നെന്നോട് പറയാനുണ്ടായിരുന്നതെന്നു’

ആദ്യമൊക്കെ ഒന്നുമില്ലെന്ന് ഒഴിഞ്ഞു മാറിയെങ്കിലും ഏട്ടനോട് എന്തിനാ മോളെ മറച്ചു വെയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ അവളോളിച്ചുവച്ചായാ രഹസ്യം എന്റെ മുന്നിൽ തുറന്നുപറയുന്നുണ്ടായിരുന്നു.

“അച്ഛമ്മയുടെ ആഗ്രഹം പോലെ എനിക്കുമുണ്ട് ഏട്ടാ ഒരു കൂടപ്പിറപ്പ് പക്ഷേ ഒരു കാല് വയ്യാത്ത എന്റെ ഇരട്ട കൂടപ്പിറപ്പിനെ കെട്ടാനുള്ള ത്യാഗം ചെയ്യാൻ ഏട്ടനോട് ഞാൻ എങ്ങനാ പറയുന്നതെ”ന്ന് അർച്ചന ചോദിക്കുമ്പോൾ തിരിച്ചെന്തു മറുപടി പറയണമെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നുപോയി.

തിരികെ വീട്ടിൽ ചെല്ലുമ്പോൾ ഏട്ടൻ പൊറുക്കണം ഏട്ടനെ ബുദ്ധിമുട്ടിച്ചു അച്ഛമ്മയെ വിഷമിപ്പിച്ചു എനിക്ക് ഈ കല്യാണം വേണ്ടെന്നു എന്റെ പുന്നാര അനിയൻ പറയുമ്പോൾ ഞാൻ അവരുടെയെല്ലാം മുന്നിൽ ചെറുതായി പോകുന്നത് പോലെ എനിക്കു തോന്നി.

അടുത്ത ദിവസം അർച്ചനയുടെ സഹോദരിയെ ചെന്നുകാണുമ്പോൾ എന്റെ അച്ചുവിന്റെ പെണ്ണിന്റെ കൂടെ ഞാൻ കൊണ്ടുപോയ്‌ക്കോട്ടെ ഇയാളെയെന്നു ചോദിക്കുമ്പോൾ അവൾ മിഴികൾ താഴ്ത്തി പറഞ്ഞു വേണ്ടാന്ന്..

ഞാൻ അപ്പുവേട്ടന്റെ ജീവിതത്തിൽ ഒരു ഭാരം മാത്രമേ ആവുള്ളു. എന്റെ കുറവുകൾ മൂലം മറ്റൊരാൾ ബുദ്ധിമുട്ടുന്നത് കാണാൻ എനിക്കാവില്ലെന്ന് തലതാഴ്ത്തി അവൾ പറയുന്നുണ്ടായിരുന്നു.

അതിനു മറുപടിയെന്നോണം ആ മുഖമെന്റെ കൈവെള്ളയിലെടുത്തു മിഴികൾ പിടിച്ചുയർത്തി കൊണ്ടു ഞാൻ പറഞ്ഞു..

“നീ വ്യസനിക്കുന്ന നിന്റെ ശരീരത്തിലെ കുറവുകളിലാണ് എനിക്ക് നിന്നോടുള്ള അടങ്ങാത്ത പ്രണയം ”

ആ മിഴികളിൽ ഉതിർന്നുവന്ന ചെറുചുടുകണ്ണീർ ഞാനൊപ്പിയെടുത്തു കൂടെകൂട്ടുമെന്ന് ഞാനവളോട്‌ പറയുമ്പോൾ തലേരാത്രിയിൽ തലയിൽ കൈവച്ച് അനുഗൃഹിച്ച അച്ഛമ്മയുടെ ആ പിൻബലവും എനിക്ക് കൂട്ടിനുണ്ടായിരുന്നു. ലൈക്ക് കമന്റ് ചെയ്യണേ…

രചന: ചാർലി

Leave a Reply

Your email address will not be published. Required fields are marked *