അല്ല മോള് ആരുടെ ഡ്രെസ്സാ ഇട്ടേക്കണേ വീട്ടീന്ന് വരുമ്പോൾ ഇടാനുള്ളത് കൂടി കൊണ്ട് വരാരുന്നില്ലേ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സ്വാതി ലക്ഷ്മി

ഹേമ വളരെ സന്തോഷത്തിൽ ആയിരുന്നു ഒരുപാട് നാളുകൾക്കു ശേഷം ഹരി വീട്ടിൽ പോകാൻ സമ്മതിച്ചിരിക്കുന്നു. രാവിലെ തുടങ്ങിയ പണികൾ ആണ് വെപ്രാളം കൊണ്ടാണോ എന്തോ ഒന്നും അങ്ങോട്ട്‌ തീരുന്നില്ല എടുക്കും തോറും കൂടി കൂടി വരുന്നു. ഹേമയുടെ പിറുപിറുക്കൽ കേട്ടാണ് ഹരി എഴുന്നേറ്റു വന്നത്.

“ഇന്ന് നേരത്തെ എഴുന്നേറ്റോ??? അല്ലെങ്കിലും സ്വന്തം വീട്ടിൽ പോകുന്ന ദിവസം പെണ്ണുങ്ങൾ എല്ലാരും ഇങ്ങനെയൊക്കെ തന്നെയല്ലേ “””

ഹരിയുടെ കളിയാക്കൽ കേട്ട ഹേമ അവന്റെ തോളിൽ നല്ല നുള്ള് വച്ച് കൊടുത്തു.

“കിന്നാരം പറയാതെ പോയി കുളിക്ക് മനുഷ്യാ ”

“ഉവ്വേ !!!!! പതിവില്ലാതെ കുളിക്കാൻ പറയുന്നു…. ഇനിയെന്തൊക്കെ കാണണം ധൈവമേ…..

അഭിക്കുട്ടാ…… എഴുന്നേക്ക് മോനെ അമ്മമ്മേടെ അടുത്ത് പോകണ്ടേ വേഗം കുളിച്ചു റെഡി ആയിക്കേ…….

ഹേമയുടെ ധൃതിയും വെപ്രാളവും കണ്ടിട്ട് ഹരി പുറകെ നടന്നു കളിയാക്കികൊണ്ടേയിരുന്നു.

ഹരിയേട്ടൻ പോകുന്ന വഴി എന്നെ ബസ്സ്റ്റോപ്പിൽ ആക്കാമോ…. ഞാൻ വേഗം യാത്രയായി ഇറങ്ങാം…

അത് നടപ്പില്ല മോളേ നീ ആ കേശവേട്ടന്റെ ഓട്ടോ വിളിച്ചു പൊക്കോളൂ… ഞാൻ പുള്ളിയോട് പത്ത് മണിയാകുമ്പോഴേക്കും വരാൻ പറയാം.

ഓഹ് എങ്കിൽ അങ്ങനെ മതി ഞാൻ ഓട്ടോ പിടിച്ചു പൊക്കോളാം…..

ഹരി പോയതും ഹേമ യാത്രയായി ഓട്ടോ കാത്തു നിന്നു.. വാതിലൊക്കെ പൂട്ടി ബാഗും കൊണ്ട് പുറത്ത് നിക്കുന്നത് കണ്ടപ്പോഴേ കേശവേട്ടൻ ചോദിച്ചു..

“ഹേമ മോള് വീട്ടിൽ പോകുവാണല്ലേ.. ”

അതെ കേശവേട്ടാ കുറെ ദിവസം ആയി വീടുവരെ പോയീട്ട്… അവിടെ റേഞ്ചുകിട്ടില്ല മോന് ഓൺലൈൻ ക്ലാസ്സ്‌ ഉള്ളോണ്ട് ഏട്ടൻ പോകാൻ സമ്മതിക്കില്ല.. ഇപ്പൊ ക്രിസ്മസ് അവധി അല്ലെ അവന് ക്ലാസ്സ്‌ ഇല്ല അപ്പൊ കരുതി രണ്ടു ദിവസം വീട്ടിൽ പോയി നിന്നിട്ട് വരാമെന്നു….

വിശേഷം പറഞ്ഞിരുന്നു വീടെത്തിയത് അറിഞ്ഞില്ല… ഹേമ കേശവേട്ടന് ഓട്ടോ കാശും കൊടുത്തു ബാഗും എടുത്തു വീട്ടിലേക്ക് ഇറങ്ങി… അപ്പോഴേക്കും അഭിക്കുട്ടൻ അമ്മമ്മേ എന്നും വിളിച്ചു ഓടി കഴിഞ്ഞിരുന്നു….

നീയും മോനും മാത്രേ ഒള്ളോ അവൻ വന്നില്ലേ….

ഇല്ലമ്മേ… ഏട്ടനു ഓഫീസിൽ കുറച്ചു അധികം വർക്കുണ്ട് അതോണ്ട് ഈ ഒരാഴ്ച ലേറ്റ് ആയിട്ടേ വരൂ.. അതല്ലേ ഞാൻ മോനേം കൂട്ടി ഇങ്ങോട്ട് പോന്നത്…

അവളെവിടെ….. നീതൂ ടീ……

വിളിച്ചു കൂവണ്ട അവള് കൂട്ടുകാരിയുടെ വീട് വരെ പോയേക്കുവാ ഇപ്പൊ വരും……

ഹേമ ബാഗ് സോഫയിലേക്ക് ഇട്ടേച്ചും മുറിയിൽ കയറി ഡ്രസ്സ്‌ മാറി….

ഹരിയുടെ വീട്ടിൽ നിൽക്കുമ്പോൾ ചുരുതാറും നൈറ്റിയും മാത്രം ഇടാറുള്ള ഹേമ സ്വന്തം വീട്ടിൽ എത്തിയപ്പോൾ അനിയത്തിയുടെ പാവാടയും ടീ ഷർട്ടും എടുത്തിട്ടു….. അല്ലെങ്കിലും ഹേമയുടെ പ്രിയപ്പെട്ട വേഷം അത് തന്നെ ആയിരുന്നു. ജീവിതത്തിലെ വേഷംകെട്ടലുകൾക്കിടയിൽ ഉപേക്ഷിച്ച പ്രിയപ്പെട്ട വേഷം…

അമ്മേ കഴിക്കാൻ എന്താ ഉള്ളത്..

ദോശയും ചമ്മന്തിയും ഇരിക്കുന്നുണ്ട് നീ എടുത്തു കഴിച്ചോ.. അമ്മ അഭിക്കുട്ടനെ ഡ്രസ്സ്‌ മാറിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.

ഹേമ അടുക്കളയിൽ കയറി ഇന്നലത്തെ മീൻ കറിയും ചോറും എടുത്തു ടീവി ക്ക് മുൻപിലെ സോഫയിൽ വന്നിരുന്നു.

ഓഹ്… വന്നു കയറിയപ്പോഴേക്കും നല്ല വെട്ടാണല്ലോ…. ഹേമയുടെ തീറ്റയും കണ്ടു കയറി വന്ന നീതു പറഞ്ഞു…. അല്ല ഇവളെ ചേട്ടൻ അവിടെ പട്ടിണിക്ക് ഇട്ടേക്കുവാണോ…..

നീ നിന്റെ കാര്യം നോക്കി പോ പെണ്ണെ…

അല്ല മോള് ആരുടെ ഡ്രെസ്സാ ഇട്ടേക്കണേ…. വീട്ടീന്ന് വരുമ്പോൾ ഇടാനുള്ളത് കൂടി കൊണ്ട് വരാരുന്നില്ലേ….

തുടങ്ങിയോ രണ്ടും കൂടി… കിട്ടും എന്റെ കയ്യീന്ന് നല്ലത്…..

നീതുവും ഹേമയും കൂടിയാൽ എപ്പോഴും ഇങ്ങനെയാണ്…. രണ്ടും കൂടി വഴക്കിടും അവസാനം അമ്മയുടെ കയ്യിൽ നിന്ന് രണ്ടിനും കിട്ടുകയും ചെയ്യും…..

ചൂലും കെട്ടും കൊണ്ട് അമ്മ വരുന്നത് കണ്ടപ്പോഴേ നീതു ഓടി….

എന്റെ അമ്മേ.. അമ്മക്ക് നാണമില്ലേ കേട്ട് കഴിഞ്ഞു കുട്ടി ഒന്നായ എന്നെ തല്ലാൻ..

അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് നിനക്ക് നാണമില്ലേ പെണ്ണേ ഇങ്ങനെ തല്ല് കൂടാൻ..

അത് അമ്മയുടെ സ്ഥിരം ഡയലോഗ് ആയത് കൊണ്ട് ഹേമക്ക് യാതൊരു കൂസലും ഉണ്ടായില്ല… അടുത്ത അടിക്കായി അവൾ നീതുവിന്റെ മുറിയിലേക്ക് പോയി കഴിഞ്ഞു…

വൈകുന്നേരം ജോലി കഴിഞ്ഞു അച്ഛൻ വരുന്നതും നോക്കി എല്ലാരും ഉമ്മറത്തു തന്നെയുണ്ടായിരുന്നു, അപ്പുപ്പനെ കണ്ടതും അഭിക്കുട്ടൻ ഓടി ചെന്നു കെട്ടിപിടിച്ചു……

നീട്ടി പിടിച്ച കോലുമിട്ടായിക്കുള്ളിൽ നിറയെ അപ്പുപ്പനും മോനും തമ്മിലുള്ള സ്നേഹം ആയിരുന്നു….

ഒരു വലിയ പൊതികൊണ്ട് വന്നത് അച്ഛൻ ഹേമയെ ഏല്പിച്ചു….

ഓഹ് മൂത്ത മോള് വരുമ്പോൾ മാത്രം ഒള്ളൂലോ ഇതുപോലെ പലഹാരം കൊണ്ട് വരൽ… ഞാനെന്താ രണ്ടാം കുടിയിലെ ആണോ

നീതുവിന്റെ പരാതി കേട്ടപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു….. “നിന്നെ തവിടു കൊടുത്തു വാങ്ങിച്ചതാ അല്ലാതെ രണ്ടാം കുടിയിലെ അല്ലാ ”

അച്ഛനും മക്കളും ഉമ്മറത്തു നിന്ന് തല്ലുകൂടാതെ അകത്തേക്ക് കയറാൻ നോക്ക്…….

ഹേമ ആ ദിവസങ്ങളിൽ തീർത്തും കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു.. എപ്പോഴോ അവളിൽ നഷ്ട്ടമായ കളിചിരിയും കുറുമ്പും വീണ്ടും അവളെ തേടിയെത്തി…. ഹരിയുടെ ഫോൺ കാൾ അവളെ തേടി എത്തുമ്പോൾ മാത്രം അവൾ പക്വതയുള്ള ഭാര്യയെപ്പോലെ പെരുമാറി…….

കൂട്ടികൊണ്ട് പോകാൻ ഹരി വന്ന ദിവസം ആദ്യമായി ഹരിയുടെ വീട്ടിലേക്ക് പോയപ്പോൾ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥ തന്നെയായിരുന്നു അവൾക്ക്…. സങ്കടത്തോടെ അച്ചനോടും അമ്മയോടും യാത്രപറഞ്ഞു ഇറങ്ങി…

പോകുന്നതൊക്കെ കൊള്ളാം ഇട്ടേക്കണത് എന്റെ ചുരിദാറാണ് അടുത്ത തവണ മറക്കാതെ കൊണ്ട് വരണം..

നീതുവിന്റെ പറച്ചിൽ കേട്ട അമ്മ അവൾക്കിട്ട് ഒന്ന് വച്ച് കൊടുത്തു… പെണ്പിള്ളേര് ഉണ്ടായാൽ ഇതാണ് പാട്…. ഏതുനേരവും അടിയാണ്.. മക്കള് പോയിട്ട് വാ….

ബൈക്കിന്റെ പുറകിൽ ഇരുന്ന് ഹരി കാണാതെ നീതുവിനെ നോക്കിയൊന്നു കൊഞ്ഞനംകുത്തിയപ്പോൾ ആണ് ഹേമക്ക് ഒരാശ്വാസം ആയത്……….. ലൈക്ക് കമന്റ് ചെയ്യണേ…

രചന: സ്വാതി ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *