പ്രിയസഖീ ഭാഗം തുടർക്കഥ ഭാഗം 10 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

ദേവ്നി കേട്ടതൊക്കെയും വിശ്വസിക്കാനാവാതെ പതിയെ ദേവന്റെ റൂമിലേക്ക് നടന്നു…തീർത്ഥ ബെഡിലിരുന്ന് പുറത്തേക്ക് മിഴികൾ പായിച്ചിരിക്കുകയാണ്…ഒരുനിമിഷം അവളൊന്ന് ചിന്തിച്ചു നിന്നു,,,അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന തീർത്ഥ ഇതും കൂടി അറിഞ്ഞാൽ സഹിക്കില്ല…ഒരേ നിമിഷം ദേവ്നിക്കവളോട് സഹതാപവും അനുകമ്പയും തോന്നി…തിരിഞ്ഞു നടക്കുമ്പോഴും മനസ്സിൽ കുറച്ച് തീരുമാനങ്ങൾ ഊട്ടി ഉറപ്പിച്ചിരുന്നു…ഒരു സ്വപ്നത്തിലെന്ന പോലെ ദേവൻ കൊടുത്ത ഡയറിയിൽ ഓരോ വരികൾ കുറിക്കുമ്പോഴും അച്ഛൻ എപ്പോഴാ വരാ… ന്ന് സ്വയം ചോദിക്കാൻ അവൾ മറന്നിരുന്നില്ല…വീട്ടിൽ നിന്ന് അമ്മ ഫോൺ വിളിച്ചിട്ട് പോലും തീർത്ഥ സംസാരിക്കാൻ കൂട്ടാക്കാതെ മറ്റൊരു ലോകത്തായിരുന്നു…

“സുഭദ്രേ,,,നമുക്ക് തീർത്ഥമോൾടെ ജാതകനില ഒന്ന് നോക്കിയാലോ..?? എന്തൊരെ ദുഖങ്ങളാ ന്റെ കുട്ടിക്ക് ഇപ്പൊ സഹിക്കേണ്ടി വരുന്നത്…?? ”

അച്ഛമ്മ കണ്ണുതുടച് പുറത്തേക്ക് നോക്കി ചോദിച്ചു…ഒന്നും പറഞ്ഞില്ലെങ്കിലും സുഭദ്രയുടെ മനസിലും ആ ആഗ്രഹം ഉണ്ടായിരുന്നു…

“അത് തന്നെയാ എന്റെ അഭിപ്രായം,,,തീർത്ഥടെ ജാതകത്തിൽ ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരുമെന്നും അതിനുള്ള പ്രശ്നപരിഹാരവും നോക്കാമല്ലോ…”

അടുക്കളയിലേക്ക് കേറി വന്ന ശ്രീലത സ്ലാബിൽ ചാരി നിന്നുകൊണ്ട് പറഞ്ഞു…രാത്രിയിലേക്ക് ഭക്ഷണം തയാറാക്കുവായിരുന്ന ഉഷാമ്മയും അവരുടെ സംസാരം കേട്ട് തല ചെരിച്ചു നോക്കി…

“എന്റെ ഭാര്യേടെ ജാതകം നോക്കുന്ന അമ്മായിക്ക് സ്വന്തം ജാതകം കൂടി വൈകാതെ നോക്കേണ്ടി വരും,,,ജയിൽവാസവും മാനഹാനിയുമൊക്കെ വരാൻ കിടക്കുവല്ലേ…”

വാതിൽപ്പടിയിൽ ചാരി കൈകെട്ടി,വലിഞ്ഞ മുഖവുമായി നിൽക്കുന്ന ദേവന്റെ സംസാരം കേട്ട് ശ്രീലത ഞെട്ടിയിരുന്നു…ഒരുപക്ഷേ അവനെല്ലാം മനസിലായിക്കാണുമോയെന്ന ചിന്ത അധികരിക്കാൻ തുടങ്ങിയതും മനസ് കുതന്ത്രങ്ങൾ മേയാൻ തുടങ്ങിയിരുന്നു…ദേവന്റെ പതിവിൽ വ്യത്യസ്തമായ സ്വഭാവം കണ്ട് ഭാരതിയും സുഭദ്രയുമുൾപ്പടെ അവനെ സംശയത്തോടെ നോക്കി…

“ദേവ,,നീ എന്തൊക്കെയാ ഈ പറയുന്നേ…?? അത് നിന്റെ അമ്മായിയല്ലേ…മര്യാദക്ക് സംസാരിക്ക്…”

സുഭദ്ര പറഞ്ഞു നിർത്തിയതും ദേവന്റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചിരുന്നു…

“അമ്മയോന്ന് മിണ്ടാതിരി…ഇവർ ആരാണെന്നും എങ്ങനെയുള്ള സ്ത്രീയാണെന്നും അറിഞ്ഞിട്ട് തന്നെയാ ഞാനിവിടെ നിൽക്കുന്നത്…നിങ്ങളെന്താ വിചാരിച്ചേ,,,ഇത് വല്ല സീരിയലും ആണെന്നോ…നിങ്ങൾ ആരും അറിയാതെ ചെയ്ത ക്രൂരത ഒരിക്കലും പിടിക്കപ്പെടില്ലെന്നോ…എന്നാ നിങ്ങൾക്ക് തെറ്റി…എല്ലാം മുകളിലിരുന്ന് കാണുന്നവൻ ഉണ്ട്…അതെപ്പോഴും ഓർമ ഇരിക്കട്ടെ…നിങ്ങള് ചെയ്ത പ്രവൃത്തി വെച്ച് നിങ്ങളെ കൊല്ലാനുള്ള ദേഷ്യമിപ്പോ എനിക്കുണ്ട്…ഞാനത് ചെയ്യില്ല…കാരണം അങ്ങനെ ചെയ്താൽ നിങ്ങളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാണ്…നിങ്ങൾക്ക് വിധിച്ചിട്ടുള്ളത് ഇപ്പൊ തന്നെ ഇവിടെയെത്തും…”

ദേവൻ ചുണ്ടിലൂറിയ പുച്ഛചിരിയോടെ പറഞ്ഞതും ശ്രീലതയുടെ മുഖം വിളറി വെളുത്തു…കാര്യമറിയാതെ പരസ്പരം നോക്കി നിൽക്കുവാരുന്നു സുഭദ്രയും ഭാരതിയും…

“മോനെ,,,നീ ഒന്ന് തെളിച്ചു പറയ്‌…എന്താ കാര്യം..?? എന്തിനാ നീ ഇങ്ങനെ ഒക്കെ പറയുന്നേ….?? ”

അച്ഛമ്മ വെപ്രാളംത്തോടെ ചോദിച്ചതും ഒരുനിമിഷം ദേവന്റെ മുഖം ഒന്നടങ്ങി…മുഖത്ത് സങ്കടം നിഴലിച്ചിരുന്നു…

“ഇവരാ…ഇവരാ എന്റെ തീർത്ഥയെ ഇങ്ങനെ ഒരവസ്ഥയിലാക്കിയത്…ഇവര് കാരണമാ അവള്ടെ അച്ഛൻ മരിച്ചത്…”

ദേവൻ കാര്യങ്ങൾ വിശദീകരിച്ചതും ഭാരതിയുടെയും സുഭദ്രയുടെയും ഒപ്പം ഉഷായുടെയും മുഖത്ത് വിശ്വസിക്കാൻ പറ്റാത്ത വിധം ഞെട്ടലായിരുന്നു…കാര്യങ്ങൾക്ക് മൂർച്ച കൂട്ടാനായി ദേവ്നി റെക്കോർഡ് ചെയ്തെടുത്ത ഓഡിയോ കേൾപ്പിച്ചതോടെ തനിക്കിനി രക്ഷയില്ലെന്ന് അവർക്ക് മനസിലായി…ഒരാശ്രയത്തിനായി ചുറ്റും ശ്രാവണിനെ പരാതിയെങ്കിലും കണ്ടിരുന്നില്ല…ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ ഭാരതിയുടെ കൈ അവരുടെ കവിളിൽ പതിക്കും മുൻപേ ബലിഷ്ടമായ രണ്ട് കരങ്ങൾ അവരുടെ കവിളിൽ ആഞ്ഞു പ്രഹരമേൽപ്പിച്ചിരുന്നു…അടിയുടെ ആഘാതത്തിൽ സൈഡിലേക്ക് വേച്ചു വീണ ശ്രീലത പുകയുന്ന കവിളിൽ തടവി കണ്ണുകളുയർത്തി നോക്കി…തന്നെ കൊല്ലാനുള്ള പകയുമായി അഗ്നിജ്വലിക്കുന്ന കണ്ണുകളോടെ നിൽക്കുന്ന ശ്രീധരനെ കണ്ടതും ധൈര്യം മുഴുവൻ ചോർന്നു പോകുന്നത് പോലെ തോന്നിയവർക്ക്…അവരെ വലിച്ചെഴുന്നേൽപ്പിച് ശ്രീധരൻ കലി അടങ്ങും വരെ മാറി മാറി പ്രഹരമേൽപ്പിച്ചു കൊണ്ടിരുന്നു…ശരീരം നന്നായി വേദനിക്കാൻ തുടങ്ങിയതും തല്ലല്ലേ ഏട്ടാന്ന് പറഞ്ഞ് അവരൊരു മൂലയിലേക്ക് ചുരുണ്ടിരുന്നു…ദേവന്റെ മുഖത്ത് അപ്പോഴും പുച്ഛം കലർന്ന ചിരിയായിരുന്നു…അവരോട് ഒരിറ്റ് ദയ അവന് തോന്നിയില്ല…മറിച്ച് അടങ്ങാത്ത കലി മാത്രമായിരുന്നുണ്ടായത്…നിറക്കണ്ണുകളോടെ അടുക്കളയിലെ ബെഞ്ചിലേക്കിരുന്ന ശ്രീധരൻ സ്വന്തം തലയിലടിച്ചു കൊണ്ടിരുന്നു…

രക്ഷപെടാൻ അവസാന പഴുത് മനസിലാലോചിക്കുവായിരുന്നു ശ്രീലത,,,ദേവനെ തനിക്കറിയാം…സ്വന്തവും ബന്ധവും നോക്കാതെ അവൻ മുൻകൈ എടുത്ത് തന്നെ ജയിലിലാക്കും…തന്നെയിപ്പോ രക്ഷിക്കാൻ കഴിയുന്നത് ഏട്ടന് മാത്രമാണ്…സ്വയരക്ഷയ്ക്ക് വേണ്ടി സ്വന്തം ഏട്ടന്റെ കാല് പിടിക്കുന്നതിൽ തെറ്റില്ല…ദേവനോടും തീർത്ഥയോടുമുള്ള അടങ്ങാത്ത പക മനസ്സിൽ വെച്ചവർ പതിയെ നിരങ്ങി ശ്രീധരന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങിയിരുന്നു…

“എന്നോട് ക്ഷമിക്കണം ഏട്ടാ…ഞാൻ,,,അപ്പോഴ്ത്തെ വാശിക്ക്…മനസ് കൈവിട്ട് പോയിരുന്നു ഏട്ടാ…ചെകുത്താനായിരുന്നു മനസ്സ് ഭരിച്ചിരുന്നത്….എന്നെ എനിക്ക് തന്നെ പിടിച്ചു നിർത്താനായില്ല…രക്ഷിക്കണേ ഏട്ടാ…എന്നെ ജയിലിലാക്കല്ല്ന്ന് പറയ്‌ ഏട്ടാ…എന്റെ മക്കളെ ഓർത്തെങ്കിലും എന്നെ രക്ഷിക്ക് ഏട്ടാ…അങ്ങനെ ഒരു അവസ്ഥ ഉണ്ടയാൻ ഈ ഞാൻ പിന്നെ ജീവനോടെ കാണില്ല…”

തലയുയർത്തി ശ്രീധരന്റെ ഭാവം നോക്കിക്കൊണ്ടവർ പറഞ്ഞു നിർത്തി…ദേവന് പുച്ഛമാണ് തോന്നിയത്…

“വേണ്ട അച്ഛാ…പാല് കൊടുക്കുന്ന കൈയ്ക്ക് തന്നെ കൊത്തുന്ന ഇനമാ…ഇവര് ചെയ്തതിനുള്ള ശിക്ഷ ഇവർക്ക് കിട്ടണം…”

ദേവന്റെ ആ വാക്കുകൾ കൂടി കേട്ടതും ശ്രീലത തന്റെ അഭിനയം ഒന്നൂടി കൂട്ടി…എന്തൊക്കെയാണെങ്കിലും തന്റെ പെങ്ങളാണ്,,,സ്വന്തം ചോരയാണ്…എന്ത് ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല ശ്രീധരന്…മനസിലപ്പോഴും അലറിക്കരയുന്ന തന്റെ സഹോദരിയും തളർന്ന് കിടക്കുന്ന തീർത്ഥയുമായിരുന്നു…ഒട്ടൊരു നേരത്തെ അഭിനയത്തിനൊടുവിൽ ശ്രീധരൻ തോറ്റു പോയിരുന്നു…ദേവനോട് പെങ്ങൾക്ക് വേണ്ടി കണ്ണുകൾ കൊണ്ടപേക്ഷിച്ചു ശ്രീധരൻ തികഞ്ഞ ഹൃദയഭാരത്തോടെ പുറത്തേക്കിറങ്ങി,,,ഒപ്പം സുഭദ്രയും…

റൂമിലേക്ക് തിരികെയെത്തിയ ദേവന് തന്റെ അനിയത്തിയെക്കുറിച്ചോർത്ത് വളരെയധികം ആത്മസംതൃപ്തി തോന്നിയിരുന്നു…തീർത്ഥയോടുള്ള സഹതാപം കൊണ്ടെങ്കിലും അവള് തന്നോട് സത്യം പറയാൻ മനസ് കാണിച്ചു…തീർത്ഥ ഇതൊരിക്കലുമറിയരുതെന്നും അറിഞ്ഞാൽ സഹിക്കില്ലെന്നും അറിയാവുന്നത് കൊണ്ട് തന്നെ ഈ കാര്യം അവനിൽ തന്നെ കുഴിച്ചു മൂടാൻ ദേവൻ തീരുമാനിച്ചിരുന്നു….മുട്ടിന്മേൽ മുഖം പൂഴ്ത്തിയിരിക്കുന്ന തീർത്ഥയെ കണ്ട് ദേവൻ നെറ്റി ചുളിച് കൊണ്ട് അവൾക്കരുകിലേക്ക് നടന്നടുത്തു…പതിയെ അവളെ എഴുന്നേൽപ്പിക്കുമ്പോ നിറഞ്ഞ് തൂവിയ ആ മിഴികൾ കണ്ട് അവനൊരു നിമിഷം വെപ്രാളത്തോടെ അവളെ നോക്കി…

“എന്താടാ…?? എന്തിനാ കരയണേ…??”

അവന്റെ ചോദ്യത്തിന് അവളവനെ ഇറുക്കെ പുണരുകയാണ് ചെയ്തത്…രണ്ട് കൈ കൊണ്ടും അവളെ ചേർത്ത് പിടിച്ച് ദേവൻ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…

“അച്ഛൻ…അച്ഛനിനി വരില്ലേ…??”

തീർത്ഥയുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ നിൽക്കുവാരുന്നു ദേവൻ…അവളെ അടർത്തി മാറ്റി ഒരുപാട് നിമിഷം നിഷ്കളങ്കത തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കിയിരുന്നു…പതിയെ അധരങ്ങൾ നെറ്റിയിലമർന്നു…കവിളിനെ ചുംബിച്ചു ഒലിച്ചിറങ്ങിയ കണ്ണുനീർ അവൻ തന്റെ അദരങ്ങളാലെ ഒപ്പിയെടുത്തു…ആ നിമിഷം ദേവന് തന്നെ സ്വയം നഷ്ടപ്പെടുകയായിരുന്നു…പുറത്ത് വീശുന്ന ഇളം കാറ്റിൽ അവളെ സ്വന്തമാക്കുമ്പോൾ പ്രകൃതി പോലും ശാന്തമായിരുന്നു…അവരുടെ പ്രണയത്തിന് സാക്ഷിയായ ചന്ദ്രബിംബം മേഘങ്ങൾക്കിടയിലേക്ക് തന്നെ കാത്തിരിക്കുന്ന പ്രണയിനിയെ തേടി യാത്ര തിരിച്ചു…

***

“നീ എവിടെയായിരുന്നു ശ്രാവൺ,,,,ഏട്ടന്റെ കാല് പിടിച്ച് എങ്ങനെയാ രക്ഷപെട്ടതെന്ന് എനിക്കെ അറിയൂ….എല്ലാം ദേവൻ കാരണമാ…അവന്റെ ഒരു തീർത്ഥ…ഇതിനുള്ളത് അവൻ അനുഭവിച്ചേ തീരു…”

കൈച്ചുരുട്ടി ഭിത്തിയിൽ ഇടിച്ചു കൊണ്ടവർ പറഞ്ഞു നിർത്തി…ശ്രാവൺ മദ്യപിച്ചു കുറുകിയ കണ്ണുകളുമായി ദേവനെക്കുറിച്ച് പകയോടെ ഓർത്തു…

“അമ്മ പറഞ്ഞാൽ മതി…നാളെ തന്നെ അവനെ ക്ലോസ് ആക്കാം…”

“ഏയ്‌,,,നീ എടുത്ത് ചാടല്ലേ ശ്രാവൺ…ക്ഷമയോടെ കാത്തിരിക്ക്…ഇപ്പൊ അവനെന്തെങ്കിലും സംഭവിച്ചാൽ നമ്മളാ ഇതിന് പിന്നിലെന്ന് സംശയം തോന്നും…പിന്നെ ഇവിടെ നടക്കുന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല…അതുകൊണ്ട് എല്ലാവരും ഈ വിഷയം മറക്കണം…അത് വരെ നീ കാത്തിരിക്ക്…നമ്മളാരാണെന്ന് ദേവൻ അറിയണം…തീർത്ഥ ഇനി ജീവിക്കേണ്ടത് വിധവ ആയിട്ടായിരിക്കണം…അവനെ ഓർത്തു നീറി നീറി…”

ശ്രീലത പറഞ്ഞത് ശരിയാണെന്ന് തോന്നി ശ്രാവണിനും…അതുകൊണ്ട് തന്നെ നല്ലൊരു അവസാരത്തിനായി കാത്തിരിക്കാൻ അവനും തയാറായിരുന്നു…കാലചക്രം വേഗത്തിൽ കുതിക്കാൻ തുടങ്ങിയിരുന്നു…ആഴ്ചകൾ മാസങ്ങളായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…ഇതിനിടയിൽ ശ്രീലതയെ എല്ലാരും മനഃപൂർവം അവഗണിച്ചിരുന്നു…ദേവന്റെ സ്നേഹപൂർണമായ ഇടപെടൽ ഒരു പരിധി വരെയെങ്കിലും തീർത്ഥയ്ക്ക് ആശ്വാസമായിരുന്നു…ദേവന്റെ സാന്നിധ്യം അവളെ പലപ്പോഴും പഴയ തീർത്ഥയാക്കി മാറ്റുന്നത് എല്ലാവരും ഒരത്ഭുതത്തോടും ഒപ്പം നിറഞ്ഞ സന്തോഷത്തോടെയും ആസ്വദിച്ചിരുന്നു….

“ഇന്ന് വൈകുന്നേരം എന്റെ പെണ്ണിന് രണ്ട് സർപ്രൈസ് ഉണ്ട്…കാത്തിരിക്കണം…”

തീർത്ഥയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും ഒന്നും മിണ്ടാതെയവൾ അവനെ ഒരുനിമിഷം നോക്കിയ ശേഷം വാതിലിന് പിന്നിലേക്കായ് ഒളിച്ചു നിന്നു…അവള്ടെ ആ പ്രവർത്തിയിൽ പുഞ്ചിരിച്ചു കൊണ്ടവൻ പുറത്തേക്കിറങ്ങി…തീർത്ഥ സുഭദ്രയുടെ മടിയിൽ തലവെച്ച് കിടക്കുമ്പോഴാണ് ശ്രീധരന്റെ ഫോൺ ശബ്ധിച്ചത്…അറിയാത്ത നമ്പറിൽ നിന്നായിരുന്നത് കൊണ്ടയാൾ എടുക്കാത്തത് കൊണ്ട് തന്നെ വീണ്ടും വീണ്ടും ആ നമ്പറിൽ നിന്ന് കാൾ വന്നുകൊണ്ടിരിന്നു…സഹികെട്ട് ഫോൺ എടുത്ത ശ്രീധരൻ മറുപുറത്ത് നിന്ന് പറയുന്ന കാര്യം കേട്ട് ശ്വാസം വിടാനാകാതെ ഞെട്ടലോടെ നിന്നു…അയാളുടെ മാറ്റം കണ്ട് ഭാരതി അടുത്തേക്ക് വന്ന് ശ്രീധരനെ ഒന്നുലച് കൊണ്ട് കാര്യം അന്വേഷിച്ചു…

“അമ്മേ…നമ്മുടെ..ദേ,,,ദേവൻ…അപകടം…ഹോസ്പിറ്റലിൽ ആണമ്മേ…”

ശ്രീധരൻ വാക്കുകൾ കിട്ടാതെ ചങ്ക് പിടയുന്ന നോവോടെ പറഞ്ഞു നിർത്തിയതും സുഭദ്രയും ഭാരതിയും കരച്ചിൽ തുടങ്ങിയിരുന്നു…എന്താണ് സംഭവിക്കുന്നതെന്നറിയാതെ തീർത്ഥയും…ശരവേഗത്തിൽ പായുന്ന വണ്ടിയിലിരുന്ന് പുറത്തെ കാഴ്ചകളിലൂടെ കണ്ണ് പായിക്കുമ്പോഴാണ് കാറിന്റെ ബോണറ്റിലേക്ക് കയറി നിൽക്കുന്ന ഒരു ലോറി കണ്ടത്…കാറ് പൂർണമായും തകർന്നിട്ടുണ്ട്…ഉടഞ്ഞ ചില്ലുകൾക്കൊപ്പം രക്തവും തളം കെട്ടി കിടക്കുന്നുണ്ട്…എന്തുകൊണ്ടോ തന്റെ ഹൃദയമിടിപ്പ് ഉയരുന്നതും ചങ്ക് പിടയുന്നതും അവളറിയുന്നുണ്ടായിരുന്നു…ICU വിന് മുന്നിലേക്ക് തകർന്ന മനസോടെ, കരഞ്ഞു ചുവന്ന കണ്ണുകളോടെ പോകുന്ന സുഭദ്രയെയും ഭാരതിയെയും ശ്രീധരനെയുമൊക്കെ കണ്ട് ചലനം നഷ്ടപ്പെട്ട പാവയെ പോലെ തീർത്ഥ നിശ്ചലമായി…

“ദേവൻ രക്ഷപ്പെടുവോന്ന് സംശയമാണ്…കുറച്ച് ക്രിട്ടിക്കൽ ആണ്…പ്രാർത്ഥിക്കുക…”

പുറത്തേക്കിറങ്ങി വന്ന ഡോക്ടർ പറയുന്നത് കേട്ട് തീർത്ഥ ഞെട്ടലോടെ ഉണർന്നു…ദേവൻ വീണ്ടും വീണ്ടും പറഞ്ഞു നോക്കി…മനസിലൂടെ ദേവന്റെ മുഖം പതിഞ്ഞു വന്നതും മറ്റൊരു ലോകത്തിൽ നിന്ന് ഉണർന്ന പോലെ തീർത്ഥയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…ചങ്കിൽ ശ്വാസം കുടുങ്ങി കിടക്കും പോലെ…കാലുകൾ ICU വിന് മുന്നിലേക്ക് ചലിക്കാൻ തുടങ്ങുമ്പോഴാണ് കയ്യിൽ പിടി വീണത്…തലചെരിച്ചു നോക്കി…ശ്രീലതമ്മായിയാണ്….

“മതിയായില്ലേ തീർത്ഥ നിനക്ക്…നിന്നെ സ്നേഹിക്കുന്നവർക്കൊക്കെ നീ ഇങ്ങനെയുള്ള വിധിയാണല്ലോ വരുത്തുന്നത്…നീ ഞങ്ങളുടെ ദേവന്റെ കൂടെ കൂടിയതിൽ പിന്നെ അവന് നഷ്ടങ്ങൾ മാത്രാമാണുണ്ടായത്…ഇനിയുമെന്തിനാ ഇവിടെ കണ്ണീരോലിപ്പിച്ചു നിൽക്കുന്നെ…അവന്റെ ജീവൻ എടുക്കാനോ…പൊയ്ക്കൂടേ,,,പോയി ചത്തൂടെ നിനക്ക്…”

അത്രയും പറഞ്ഞ് തീർത്ഥയെ പിന്നിലേക്ക് തള്ളിയതും അവൾ വേച്ചു പോയിരുന്നു…തീർത്ഥ മിന്നലേറ്റ പോലെ നിന്നു…ഒന്നും മിണ്ടാതെ,നിർവികാരയായി, ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ…ശരീരം മുഴുവൻ ഒരുതരം അസ്വസ്ഥത വന്ന് മൂടും പോലെ,,,കണ്ണുകളച് ചെവി പൊത്തി നിലത്തേക്ക് വേച്ചു വീണ് പോയി…ശ്രീലതയുടെ വാക്കുകൾ അസ്സഹനീയമായിരുന്നു…തീർത്ഥയുടെ മനസ്സിൽ നേരിപ്പോട് കണക്കെ അവരുടെ വാക്കുകൾ എരിയാൻ തുടങ്ങിയിരുന്നു…അവരെന്താ പറഞ്ഞത്…?? അങ്ങനെ പറയാൻ പാടുണ്ടോ…?? താൻ,,,താൻ കാരണമാണോ…?? തന്നെ അച്ഛൻ ഒറ്റയ്ക്കാക്കി പോയ പോലെ തന്റെ ദേവേട്ടനും…?? എന്നെ ഒരിക്കലും തനിച്ചാക്കില്ലന്ന് പറഞ്ഞിട്ട്…?? അവനോടൊപ്പമുള്ള ഓർമകൾ മനസിന്റെ ആഴത്തിൽ നിന്ന് കയ്യെത്തി പിടിക്കാൻ തുടങ്ങിയിരുന്നു…വല്ലാതെ ഭയപ്പെട്ട പോലെ കൃഷ്ണമണികളും ദേവന് വേണ്ടി നാല് പാടും സഞ്ചരിച്ചു കൊണ്ടിരുന്നു…ശ്രീലതയുടെ വാക്കുകൾക്ക് മറുപടിയായി ആരും എതിർത്തൊന്നും പറയാഞ്ഞത് കൊണ്ട് തന്നെ മനസ്സിൽ ഗൂഢമായോന്ന് പുഞ്ചിരിച് അവർ പുറമേ സങ്കടം അഭിനയിച്ചു…

അവള്ടെ അവസ്ഥ കണ്ട് ദേവ്നി തീർത്ഥയെ താങ്ങാൻ വന്നതും തീർത്ഥ അവളെ തള്ളിമാറ്റി…വേച്ചു പിന്നിലേക്ക് വീഴാൻ പോയ ദേവ്നിയെ സുഭദ്ര താങ്ങിയിരുന്നു…സ്വയം തല ഭിത്തിയിൽ അടിച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന തീർത്ഥയെ കണ്ട് ഇരുവരും ഞെട്ടലോടെ നിന്നു…നാലാമത്തെ തവണയും ഭിത്തിയിൽ തലയിടിപ്പിച്ചതും കൊഴുത്ത ചുവന്ന ദ്രാവാകം അവളുടെ നെറ്റിയിലൂടെ പതിയെ ഒഴുകിയിറങ്ങിയിരുന്നു…അപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന തീർത്ഥയുടെ ചുണ്ടുകൾ ഞാനല്ല…ഞാൻ ഭ്രാന്തിയല്ല…ദേവേട്ടൻ എന്നെ വിട്ട് പോവില്ലന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു…

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റിൽ കുറിക്കണേ…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *