പ്രിയസഖീ ഭാഗം തുടർക്കഥയുടെ (ഭാഗം:2) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

ഓരോരുത്തരായി അസ്സൈമെന്റ് വെച്ച് കഴിഞ്ഞു…ബാക്കി നിൽക്കുന്നത് താനും ദിവ്യയും മാത്രമാണ്…എന്റെ അവസ്ഥ കണ്ട് തനിച്ചാക്കില്ലന്ന് പറഞ്ഞ് ചേർന്നിരിക്കുവാണ് ദിവ്യ…അവളോട് കൊണ്ടുവയ്ക്കാൻ പറഞ്‌ നിർബന്ധിച്ചെങ്കിലും യാതൊരു പ്രയോജനവുമില്ലായിരുന്നു…സാർ കാണാതെയിരിക്കാനായി ഫയൽ അവളായിത്തന്നെ ബാഗിലേക്ക് വെച്ചു…ദിവ്യയുടെ ആ പ്രവൃത്തിയിൽ എന്നിൽ അവളോടുള്ള സ്നേഹവും ബഹുമാനവും വർധിപ്പിക്കുകയാണ് ചെയ്തത്…എങ്കിൽ പോലും ഞാൻ കാരണം അവളും വഴക്ക് കേൾക്കേണ്ടി വരുമല്ലോന്ന് ഓർത്തപ്പോ ഒട്ടൊരു സങ്കടവും…

“ഇനിയും അസ്സൈമെന്റ് വെയ്ക്കാത്തവർ എഴുന്നേറ്റെ…”

ദേവന്റെ ഗാഭീര്യത്തോടുള്ള ശബ്ദം ആ ക്ലാസ് മുറിയുടെ ഭിത്തിയിൽ തട്ടി അലയടിച്ചു…ഒട്ടൊരു പേടിയോടെ ദിവ്യയെ സങ്കടത്തോടെ നോക്കി പതിയെ എഴുന്നേറ്റു…ഒരു ബലത്തിനായി എന്റെ കയ്യിൽ മുറുകെ പിടിച്ച് അവളും എഴുന്നേറ്റു…എന്ത് പറഞ്ഞാലും കേൾക്കേണ്ടി വരും…കാരണം സാറിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാൽ തെറ്റ് തന്റെ പക്ഷത്താണ്…പക്ഷേ അത് സമ്മതിക്കാൻ മനസ് അനുവദിക്കുന്നില്ല…അതേ,,,താൻ എല്ലാം കൃത്യമായി എടുത്തു വെച്ചതാണ്…പിന്നെങ്ങനെ കാണാതെയാവും…?? മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുവാരുന്നു…തെറ്റുകൾ ഒന്നും ചെയ്യാത്ത പക്ഷം തലയുയർത്തി നിൽക്കണമെന്ന് തോന്നി…അതേ വിശ്വാസത്തോടെ ഒരു ദീർഘനിശ്വാസം വിട്ട് സാറിന്റെ മുഖത്തേക്ക് നോക്കി…അവിടെ പരിഹാസമാണ്…വേട്ടയാടാൻ വന്ന സിംഹത്തിന് മുന്നിൽ ഇരയെ കിട്ടിയ സന്തോഷം…

“തീർത്ഥ,,,എന്തുകൊണ്ട് അസ്സയിന്മെന്റ് കംപ്ലീറ്റ് ചെയ്തില്ല…?? ”

ഒരു ഗൗരവത്തോടെ ഞങ്ങളുടെ സീറ്റിന്റെ അടുത്തേക്ക് വന്ന്‌ നെഞ്ചിന് മീതെ കൈകെട്ടി സാർ ചോദിച്ചു…മനസ്സിൽ എന്തുകൊണ്ടോ ആത്മവിശ്വാസം നിറഞ്ഞിരുന്നു…

“ഞാൻ കംപ്ലീറ്റ് ആക്കിയതാണ് സർ…”

“പിന്നെ എന്തുകൊണ്ടാ സബ്‌മിറ്റ് ചെയ്യാത്തത്…?? ”

“അത്…വീട്ടിൽ വെച്ച് മറന്നു…”

“ഓഹ്…എങ്കിൽ തനിക്കെന്റെ ക്ലാസിൽ നിന്നും ഇറങ്ങാം…അതോടെ മറവി മാറിക്കിട്ടും…പിന്നെ,,,എന്റെ മുന്നിൽ അത് സബ്‌മിറ്റ് ചെയ്തിട്ട് ഇനി ക്ലാസിൽ കയറിയാൽ മതി…മനസ്സിലായോ…”

തലയാട്ടി ബാഗും ടെസ്റ്റുമെടുത്ത് പുറത്തേക്ക് നടന്നു…ആരെയും തിരിഞ്‌ നോക്കാൻ പോയില്ല….ദിവ്യ ഇന്നലെ അബ്സെന്റ് അല്ലായിരുന്നോ,അതുകൊണ്ട് നാളെ സബ്‌മിറ്റ് ചെയ്യണം…ഓക്കേ സിറ്റ് ഡൌൺ…അത്രയും പറഞ്ഞ് ക്ലാസ് എടുക്കുന്ന സാറിനെ പുറത്ത് നിന്നും നോക്കി…എനിക്ക് വേണ്ടി ദിവ്യയേ ക്ലാസിൽ നിന്ന് പുറത്താക്കാതിരുന്നത് മനസ്സിൽ ആശ്വാസം നിറച്ചിരുന്നു…അതിലുപരി സാറിന്റെ വായിൽനിന്ന് കൂടുതലൊന്നും കേൾക്കാത്തത്തിന്റെയും സമാധാനം…കൊറേ നേരം നിന്ന് കാല് കഴച്ചിരുന്നു…പതിയെ വാകമരച്ചോട്ടിലേക് ഇരുന്നു…തിട്ടയിലെ തണുപ്പിലും ഇളം കാറ്റിലും മനസ് ശാന്തമാകാൻ തുടങ്ങിയിരുന്നു…പതിയെ കണ്ണടച്ചു…എത്രനേരം അങ്ങനെ ഇരുന്നുവെന്നറിയില്ല…ആരോ തലയിൽ തഴുകും പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്ന് ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റത്..ദിവ്യയാണ്..അവളെ നോക്കി പുഞ്ചിരിച്ചു കാണിച്ചു…എന്നോടൊപ്പം അവളും ആ തണലിലേക്ക് ഇരുന്നു…കൊറേ നേരം പരസ്പരം ഒന്നും മിണ്ടാതെ നീങ്ങി…അല്ലെങ്കിലും എന്ത് പറയാനാണ്…സാറിന്റെ വഴക്കിനെക്കുറിച്ചാണെങ്കിൽ പറഞ്ഞ് മടുത്ത കാര്യങ്ങൾ മാത്രം…കൊറേ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാനായി തന്നെ മിണ്ടിതുടങ്ങി…അതിനിടയിൽ തന്നെ സാറിന്റെ ഒരുപാട് കുറ്റങ്ങൾ അവളെനിക്ക് മുന്നിൽ കെട്ടഴിച്ചിരുന്നു…ചിരിയാണ് വന്നത്…സാറിനെ കുറിച്ച് എങ്ങനെ കുറ്റം പറയാതിരിക്കും,,,അതുപോലത്തെ പ്രകൃതമാണ്…ക്ലാസിൽ ഗൗരവമല്ലാത്തോരു ഭാവം കണ്ടിട്ടില്ല…പഠനകാര്യത്തിൽ സർ നല്ല സ്ട്രിക്ട് ആണ്…ആ മുഖം പുഞ്ചിരിച്ചു കണ്ടിട്ടുണ്ട്,,,ദേവ്നിയോട് സംസാരിക്കുമ്പോഴും മറ്റും മാത്രം…ദേവ്നിയും ഈ കോളേജിൽ തന്നെയാണ്…ഒന്നാം വർഷം,,,എങ്കിൽ പോലും പിജിക്കാരുമായി പോലും നല്ല കൂട്ടാണ്…അതിൽ നിന്നും തീർത്തും വ്യത്യസ്തയാണ് താൻ…ഒരുപാട് കൂട്ടോ ബന്ധങ്ങളോ ആഗ്രഹിക്കാറില്ല…മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഒന്നുണ്ടെങ്കിൽ തന്നെ ആയിരം ബന്ധങ്ങൾക്ക് തുല്യമാണത്…അടുത്ത പീരീഡ്‌ മുതൽ ക്ലാസിൽ കയറി മറ്റുചിന്തകൾ ഉപേക്ഷിച് നന്നായി ശ്രദ്ധിച്ചു…എല്ലാം കുറിച്ചെടുത്തു…

ഉച്ചക്ക് ലഞ്ച് ബ്രെക്ക് ആയപ്പോഴാണ് സമാധാനം ആയത്…തലവേദനിക്കുന്നുണ്ടായിരുന്നു…ഭക്ഷണം കഴിക്കാനായി പാത്രം തിരഞ്ഞപ്പോഴാണ് ഇന്ന് എടുക്കാൻ മറന്ന കാര്യം ഓർത്തത്…എല്ലാം കൊണ്ടും ഈ ദിവസത്തെ അറിയാതെ ശപിച്ചു പോയി…കാന്റീനിൽ നിന്ന് കഴിക്കാമെന്ന് വെച്ചാൽ തന്റെ കയ്യിൽ നിന്നും കാശ്മുടക്കണമല്ലോയെന്നൊരു സങ്കടം..സ്വന്തമായി അധ്വാനിച് പൈസ ഉണ്ടാക്കി തുടങ്ങിയതിൽ പിന്നെ ഒരു രൂപ പോലും വെറുതെ കളയാൻ മനസ് അനുവദിക്കുന്നില്ല…ചെലവ് ചുരുക്കി ചുരുക്കിയാണ് താൻ കഴിഞ്ഞു പോകുന്നത്…ദിവ്യ പിന്നെ എന്നും കാന്റീനിൽ നിന്നാണ്…എന്റെ നിൽപ്പ് കണ്ടതും അവൾക്ക് കാര്യം മനസിലായിരുന്നു…

“എടി അറുത്ത കൈക്ക് ഉപ്പുതേക്കാത്തവളെ,,,വീട്ടിൽ നിന്ന് കൊണ്ടുവന്നില്ലന്ന് പറഞ്ഞ് നീ പട്ടിണിയിരിക്കണ്ട…വാ നമുക്ക് ഇന്ന് ക്യാന്റീനിൽ പോയി കഴിക്കാം…”

അതും പറഞ്ഞവളെന്നെ വലിച്ചു പിടിച്ചു നടന്നു…നന്നായി വിശന്നിരുന്നത് കൊണ്ട് ഞാനവളെ തടയാനും പോയില്ല…കാന്റീനിൽ ഒരുവിധം സീറ്റുകളൊക്കെ നിറഞ്ഞിരുന്നു…കണ്ണുകൾ അവിടെമാകെ പരതിനടന്നിരുന്നു…ഒരു ടേബിളിന് ചുറ്റുമായി ദേവ്നിയും കൂട്ടുകാരും ഇരുന്ന് കളിചിരികളോടെ ഭക്ഷണം കഴിക്കുന്നുണ്ട്…ഒരുനിമിഷം അവളെത്തന്നെ നോക്കി നിന്നുപോയി…എന്റെ അനിയത്തി സുന്ദരിയാണ്…മനസ്സിൽ പറഞ്ഞ് കൊണ്ട് ദിവ്യയോടൊപ്പം വാഷ് ഏരിയയുടെ കുറച്ചപ്പുറത്തു മാറിയുള്ള സീറ്റിൽ ഇടം പിടിച്ചു…രണ്ടുപേരും ചോറാണ് മേടിച്ചത്…ദിവ്യ തന്നെ എനിക്കുള്ളതും മേടിച്ചോണ്ട് വന്നിരുന്നു…സാധാരണ ഈ സമയത്ത് എന്റെ ചോറുപത്രത്തിലെ മുഴുവൻ അവൾക്കായി നീക്കിവെച്ചിരിക്കുവാണ് പതിവ്…അവൾക്കൊരുപാട് ഇഷ്ടമാണ് അമ്മ ഉണ്ടാക്കുന്ന ഭക്ഷണം…ദിവ്യയുടെ പേരന്റസ് ഡിവോഴ്സ്ഡ് ആണ്…അവള് അച്ഛമ്മയുടെ കൂടെയാണ്…അതുകൊണ്ട് തന്നെ അമ്മയുടെ സ്നേഹം കിനിയുന്ന ആ പൊതിച്ചോറ് അവൾക്കേറെ പ്രിയമാണ്….

ഓരോന്ന് പറഞ്ഞ് കഴിച്ചോണ്ടിരിക്കുമ്പോഴാണ് പ്ലേറ്റിലേക്ക് ചിക്കന്റെ മൂന്നാല് എല്ലിൽ കഷ്ണം വീണത്…ഒരു അറപ്പോടെ കൈ വലിച് തലയുയർത്തി നോക്കി…മുന്നിൽ നിൽക്കുന്നു ദേവ്നി…അത്രയും സ്നേഹത്തോടെ ദിവ്യ തനിക്കായ് മേടിച്ച് തന്ന ഭക്ഷണത്തെ അപമാനിച്ചത് ചങ്കിൽ തന്നെ കൊണ്ടു…മനസ്സും വിവേകവും കൈ വിട്ട് പോയിരുന്നു…തലയ്ക്കാകെ ഒരു മന്ദത നിറഞ്ഞിരുന്നു…അയ്യോ തീർത്ഥ,,,വേസ്റ്റ് കളയാൻ പോയപ്പോ അറിയാതെ കൈ തട്ടിയതാ…നീ അതിങ്ങെടുത്ത് ഈ പ്ലേറ്റിലേക്ക് ഇട്ടിട്ട് ബാക്കി കഴിച്ചോ… ഒന്നും അറിയാത്ത പോലുള്ള ദേവ്നിയുടെ സംസാരം കൂടിയായതും സ്വയം നിയത്രിക്കാനാവാതെ കസേരയിൽ നിന്നെഴുന്നേറ്റ് എച്ചിൽ പറ്റിയ വലതു കരങ്ങളാലെ അവള്ടെ കവിളിലേക്ക് ആഞ്ഞടിച്ചു…അത്രയ്ക്കും സഹിക്കാൻ പറ്റിയിരുന്നില്ല തനിക്ക്…ഒന്നാഞ്ഞു പോയ അവളെ കൂട്ടുകാരികൾ താങ്ങി…ഒരുനിമിഷം കൊണ്ട് അവിടമാകെ വല്ലാത്തൊരു നിശബ്ദത പരന്നിരുന്നു…

” ഇത് നീ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ് ദേവ്നി…പലപ്രവിശ്യം ഞാൻ ഒഴിഞ്ഞു മാറിയതാ…എന്നിട്ടും വീണ്ടും വീണ്ടും നീ എന്നെ കരുതിക്കൂട്ടി ദ്രോഹിക്കുന്നു…അതൊക്കെ സഹിക്കാം…കഴിക്കുന്ന അന്നത്തെ അപമാനിച്ചാൽ മാത്രം പൊറുക്കാൻ പറ്റില്ല എനിക്ക്…ഒരിക്കലെങ്കിലും വിശപ്പെന്താണെന്ന് അറിയണം…എന്നാലേ നീ ഇതിന്റെ വിലയറിയൂ…”

എന്റെ പെട്ടന്നുള്ള ഭവമാറ്റം ദിവ്യയിലും അത്ഭുതം വിരിയിച്ചിരുന്നു…എങ്കിൽ പോലും താനിത്രയും പ്രതികരിച്ചതിൽ അവളും സന്തോഷിക്കുന്നുണ്ടെന്ന് തോന്നി…അതേ ദേഷ്യത്തോടെ തന്നെ കൈകഴുകി പുറത്തേക്ക് നടന്നു…അപ്പോഴും ദേഷ്യത്താലേ എരിയുന്ന ദേവ്നിയുടെ കണ്ണുകളെ തീർത്ഥ കണ്ടിരുന്നില്ല….വലിയ മുത്തശ്ശി മാവിന്റെ ചുവട്ടിൽ ഇരുന്നു,,,തന്റെ അനിയത്തിയെയാണ് അടിച്ചത്…എങ്കിലും അത് തെറ്റാണെന്ന് സമ്മതിക്കാൻ മനസ്സനുവദിച്ചില്ല…ദിവ്യ സന്തോഷത്തോടെ അവിടെ നടന്ന കാര്യങ്ങൾ വീണ്ടും ഓർത്തോർത്ത് പറയുന്നുണ്ട്…എനിക്കതിലൊന്നും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല…മനസ് മറ്റുചിന്തകളിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോഴാണ് ഡീ… ന്ന് പറഞ്ഞുള്ള അലർച്ച അവിടെ മുഴങ്ങിയത്…ആ അലർച്ചയിൽ ഞാൻ നന്നായിയോന്ന് ഞെട്ടിയിരുന്നു…കണ്ണുകളുയർത്തി അതേ ഞെട്ടലോടെ നോക്കി…പ്രതീക്ഷിച്ചത് ദേവൻ സാറിനെയാണെങ്കിലും കണ്ടത് അമ്മയുടെ ചേച്ചി ശ്രീലത അമ്മായിയുടെ മകൻ ശ്രാവണിനെയാണ്…തന്റെ ചോരതന്നെയാണ്,,,തന്റെ ആങ്ങള…ഇവിടെ തന്നെ തേർഡ് ഇയർ ആണ് ആള്…

“എന്തിനാടി നീ ഇവളെ അടിച്ചത്…?? ”

ദേവ്നിയെ ചേർത്ത് പിടിച്ചുകൊണ്ട് ശ്രാവൺ ചോദിച്ചതും എന്റെ തല കുനിഞ്ഞില്ല…ചുറ്റിലിം ഒന്ന് കണ്ണോടിച്ചു,,,ശ്രാവണിന്റെ കൂട്ടുകാരും ദേവ്നിയുടെ കൂട്ടുകാരും ഞങ്ങളും മാത്രം…ഒരുവിധത്തിൽ അത് തന്നെ ആശ്വാസമായിരുന്നു…എന്തെങ്കിലും പറയണോ വേണ്ടയോന്ന് ഒരുനിമിഷം ആലോചിച്ചു.,,,കോളേജിൽ യാതൊരു വിധ പ്രശ്നങ്ങൾക്കും പോകരുതെന്ന് മനസ്സാലെ ഉറപ്പിച്ചതായിരുന്നു…ഇന്നെല്ലാം തനിക്ക് മുന്നിലായ് തന്നെ വന്നുവീഴുന്നു…ഇതിന്റെ പേരിൽ മറ്റു വല്ല പ്രശ്നങ്ങളുമുണ്ടായാൽ,,,വേണ്ടാന്ന് തോന്നി…കണ്ണടച്ച് ശ്വാസം ആഞ്ഞു വലിച്ച് ദിവ്യയുടെ കയ്യും പിടിച്ച് പോകാനൊരുങ്ങി…ക്ഷണനേരം കൊണ്ട് താൻ വിവസ്ത്രയാകും പോലെ തോന്നിയപ്പോഴാണ് ഞെട്ടി പിന്നിലേക്ക് നോക്കിയത്…ശ്രാവണിന്റെ കയ്യിൽ തന്റെ ഷാൾ…കോളറുള്ള ചുരുദാറെങ്കിലും ഒരുനിമിഷം ശ്വാസം വിടാതെ നിന്നുപോയി…എല്ലാവരുടെയും മുന്നിൽ അപമാനിതയായ പോലെ…കണ്ണുകൾ ചുറ്റിനും സഞ്ചരിച്ചു..കഴുകനെ പോലെ കൊത്തിവലിയ്ക്കുന്നവരുടെ നോട്ടം കണ്ട് കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…തന്റെ ഷാൾ കയ്യിൽ ചുറ്റിക്കൊണ്ട് നടന്നടുക്കുന്ന ശ്രാവണിനെ നോക്കി അറപ്പോടെ മുഖം മാറ്റി…

“നീ ഒരു വല്യ തെറ്റ് ചെയ്തു തീർത്ഥ,,,ആ തെറ്റിന് പകരമായി ദേവ്നിയുടെ കാല് പിടിച്ചു മാപ്പ് പറയാതെ നിനക്കിവിടെ നിന്നും ഒരടി അനങ്ങാൻ സാധിക്കില്ല…പറയടി…”

അത്രയും പറഞ്ഞുകൊണ്ട് ദേവ്നിയുടെ അടുത്തേക്ക് ശ്രാവൺ അവളെ തള്ളിയതും എന്തുചെയ്യണമെന്നറിയാതെ ഒരാശ്രയത്തിനായി ചുറ്റുമോന്ന് കണ്ണോടിച്ചു…ദിവ്യയെ മാത്രം അവിടെ കാണാതായതും വീണ്ടും ഒറ്റപ്പെടലിന്റെ വേദന ഹൃദയത്തെ വന്ന് മൂടി…തനിക്കിനി രക്ഷയില്ലന്ന് തോന്നി..കണ്ണുകൾ അമർത്തി തുടച്ച് ദേവ്നിയുടെ മുഖത്തേക്ക് നോക്കി…അവിടെ വിജയീഭവമായിരുന്നു…തോറ്റുകൊടുക്കാൻ തീരുമാനിച്ചു…താനൊരു അബലയാണെന്ന് തോന്നി…തന്റെ അനിയത്തിയുടെ കാലിലേക്ക് വീഴാൻ പോകുന്ന തന്റെ വിധിയെ ഓർത്തുപോയി…ദേവ്നിയുടെ അടുത്തേക്ക് കുനിയാൻ വന്നപ്പോഴാണ് കയ്യിലൊരു പിടിവീണത്…പിടയുന്ന മിഴികളോട് തലയുയർത്തി നോക്കി…കണ്ണുകളിൽ അത്ഭുതം മാത്രമേ ഉണ്ടായിരുന്നുള്ളു…ദേവൻ സർ… തന്നെ നോക്കുന്നുകൂടിയില്ല…ശ്രാവണിന്റെ കയ്യിലേക്കാണ് നോട്ടം…സാറിനെ കണ്ടതും അവരെല്ലാം ഒന്ന് പകച്ചു പോയെന്ന് തോന്നി…എല്ലാവരുടെയും മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു… കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച് നിർത്തി..

“ശ്രാവൺ,,,എന്തിന്റെ പേരിലാണെങ്കിലും ഇപ്പൊ നീ ചെയ്തത് തെറ്റാണ്…ഇതാണോ നിന്നെ വീട്ടിൽ നിന്നും പഠിപ്പിക്കുന്നത്…ആ ഷാൾ കൊടുക്കടാ…”

കടുപ്പിച്ചു തന്നെ സർ പറഞ്ഞതും ശ്രാവൺ ദേഷ്യത്തോടെ എന്നെ നോക്കി…ഞാൻ നോക്കിയത് ദേവനിയെയാണ്…അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ലന്ന് ആ മുഖത്ത് നിന്ന് മനസിലാക്കാം…

“ഏട്ടാ…അത്….”

“ശ്രാവൺ…കൊടുക്കാൻ…”

ശബ്ദം അല്പം കൂടി ഉച്ചത്തിലായതും ശ്രാവൺ അത് എനിക്ക് നേരെ നീട്ടിയിരുന്നു…ആ ഷാൾ കയ്യിലേക്ക് വാങ്ങുമ്പോഴും നന്ദിയോടെ ആ മുഖത്തേക്ക് നോക്കി…അവിടെ ഭവമാറ്റമൊന്നുമില്ല, സ്ഥായീഭവമായ ഗൗരവത്തിൽ തിരിഞ്ഞു നടന്നു…ഇനിയും അവിടെ നിൽക്കുന്നത് നല്ലതല്ലെന്ന് തോന്നി അവിടുന്ന് പോരാൻ തുടങ്ങിയപ്പോഴാണ് ദിവ്യ എന്റെ കയ്യും പിടിച്ചു വലിച്ചു സ്പീഡിൽ നടക്കുന്നത്…മനസിലപ്പോഴും ഗൗരവത്തോടെ നിൽക്കുന്ന സാറിന്റെ മുഖമായിരുന്നു…അത് നന്ദികൊണ്ടാവണമെന്ന് മനസും തീരുമാനിച്ചിരുന്നു…

“ഡീ ദിവ്യേ…സർ ശരിക്കും നല്ല ആളാണല്ലേ…”

എന്റെ ചോദ്യം കേട്ടതും നടപ്പ് നിർത്തി അവളെന്നെ ആകെയൊന്ന് ഉഴിഞ്ഞു നോക്കി…

“സാറല്ല ഞാൻ…നിന്നെ ഇനി രക്ഷിക്കാൻ അതിനെ പറ്റുവൊള്ളുന്നു തോന്നിയോണ്ട് പോയി കാലുപിടിച്ചു കൊണ്ടുവന്നതാ ഞാൻ അയാളെ…അപ്പോഴാ അവള്ടെ ഒരു നല്ല മനുഷ്യൻ…”

അപ്പോഴാണ് ദിവ്യയെ കാണാത്തിരുന്നതിന്റെ കാര്യം മനസിലായത്…അവള്ടെ തലയ്ക്കൊരു കൊട്ട് കൊടുത്ത് അവളെയും ചേർത്ത് പിടിച്ചു നടന്നു… വൈകുന്നേരം വീട്ടിൽ കേറി ചെല്ലുമ്പോഴും പതിവില്ലാത്തൊരു സന്തോഷം എന്നിലുണ്ടായിരുന്നു…

“മോളെ,,,തരുണി വന്നില്ലേ…?? ”

അമ്മ ആവലാതിയോടെ പുറത്തേക്ക് നോക്കി ചോദിച്ചപ്പോഴാണ് സ്വബോധം വന്നത്…സമയം നാലര കഴിഞ്ഞിരിക്കുന്നു…സാധാരണ അവൾ വരാറുള്ള സമയം കഴിഞ്ഞതാണ്…ഇനി വല്ല സ്പെഷ്യൽ ക്ലാസ്സോ മറ്റോ കാണുമോ…?? മനസും പേടിയാലേ പിടയാൻ തുടങ്ങിയിരുന്നു…ഇന്നത്തെ കാലമാണ്….ഒന്നും വിശ്വസിക്കാൻ പറ്റില്ല…താഴേക്ക് ഇറങ്ങി അടുത്ത വീട്ടിലെ മീനു വന്നൊന്ന് തിരക്കി…രണ്ടാളും ഒരേ സ്കൂളിലാണ്… മീനു വന്ന് കാപ്പികുടിക്കുവാന്നു ശ്രീജചേച്ചി പറഞ്ഞതും ആധിയോടെ കവലയിലേക്ക് ചെന്ന് നോക്കി…ഒരുവിധം പാച്ചിലൊക്കെ കഴിഞ്‌ വാചിലേക്ക് സമയം നോക്കി,,,അഞ്ചര ആവാറായിരിക്കുന്നു…നിരാശയായി വീട്ടിലെക്ക് തിരിച്ചു ചെല്ലുമ്പോഴേക്കും കണ്ടു അമ്മയുടെ ചോദ്യങ്ങൾക്ക് ദേഷ്യത്തോടെ മറുപടി നൽകുന്ന തരുണിയെ… തുടരും…..

രചന: ഗൗരിനന്ദ

അടുത്ത ഭാഗം പോസ്റ്റ് ചെയ്യുമ്പോൾ നോട്ടിഫിക്കേഷനോടെ ലഭിക്കുവാൻ ഈ പോസ്റ്റ് ലൈക്ക് ചെയ്തതിന് ശേഷം ഒരു കമന്റ് ചെയ്യൂ…

Leave a Reply

Your email address will not be published. Required fields are marked *