പ്രിയസഖീ ഭാഗം , തുടർക്കഥ (ഭാഗം: 01) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗൗരിനന്ദ

“താനൊക്കെ രാവിലെ തന്നെ ഒരുങ്ങിക്കെട്ടി എന്തിനാ ഇങ്ങോട്ട് വരുന്നേ…സ്വപ്നം കണ്ടിരിക്കാൻ ആണെങ്കിൽ അത് എന്റെ ക്ലാസ്സിന് പുറത്ത്…തന്നെ പോലെ ഉള്ളവർ തന്നെയാ ഇവിടെ ഇരിക്കുന്ന ഓരോ കുട്ടികളും..മര്യാദക്ക് ഇരിക്കാമെങ്കിൽ ഇരിക്കു…ഓരോന്ന് ഇറങ്ങിക്കോളും…ഏത് ക്ലാസ്സിൽ ചെന്നാലും കാണാം ഇങ്ങനെ ഒരു പോക്ക് കേസ്…ഇനി ഇത് ആവർത്തിക്കരുത്…സിറ്റ് ഡൌൺ…”

ഒന്നമർത്തി പറഞ്ഞ് കൊണ്ട് ദേവനാരായണൻ തുടർന്ന് പഠിപ്പിക്കാൻ തുടങ്ങി…പുസ്തകത്തിലേക്ക് തലപൂഴ്ത്തി ഇരുന്നെങ്കിലും കവിളിലൂടെ ചാലിട്ടോഴുകുന്ന കണ്ണുനീർ കാഴ്ചയെ മറച് ടെസ്റ്റിലെ അക്ഷരങ്ങളെ മായിച്ചുകൊണ്ടിരുന്നു…പലവട്ടം മനസ്സിനെ ശാസിച്ചു നിർത്തുന്നതാണ്…പക്ഷേ സാറിനെ കാണുമ്പോ മനസ്സ് കൈവിട്ട് പോകുവാണ്…എല്ലാദിവസവും എന്തിന്റെയെങ്കിലും പേരിൽ ഒരു വഴക്ക് ഉറപ്പാണ്…ഇന്ന് അല്പം കടന്ന് പോയി…മനസ്സ് ഒരുപാട് നീറുന്നു…എല്ലാവരുടെയും മുന്നിൽ വെച്ച് തൊലിയുരിയുന്ന പോലെയാണ് തോന്നിയത്…എല്ലാ വിഷയങ്ങളും ആവേശത്തോടെ പഠിക്കുമെങ്കിലും സാറിന്റെ വിഷയം കാണുമ്പോ ദേഹത്തൂടെ ഒരു വിറയൽ പാഞ്ഞു കയറും…എതിർത്ത് പറയാനും തനിക്ക് പറ്റുന്നില്ല…അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്…സ്വന്തം അച്ഛൻ മറ്റുള്ളവരുടെ മുന്നിൽ അപമാനിതയാവാൻ കാരണക്കാരിയായ,സ്വന്തം മുത്തച്ഛൻ നെഞ്ച് പൊട്ടി മരിക്കാൻ കാരണക്കാരിയായവളുടെ മകൾ…അതല്ലേ അദ്ദേഹത്തിന് മുൻപിൽ താൻ…അദ്ദേഹത്തിന് മുൻപിൽ മാത്രവല്ല അദ്ദേഹത്തിന്റെ കുടുംബത്തിന് മുന്നിലും…

എങ്ങനെയാണ് അവർക്ക് തങ്ങളോട് ക്ഷമിക്കാൻ പറ്റുന്നത്…?? അല്ലെങ്കിലും ജനിച്ച് ഇന്ന് വരെ ആ കുടുംബത്തിലെ ഒന്നും ആഗ്രഹിക്കരുതെന്നാണ് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്…അതുകൊണ്ട് തന്നെ ഒരിക്കലും അതിനോടൊരു ഭ്രമം തനിക്ക് തോന്നിയിട്ടുമില്ല…ചിന്തകളെ വകഞ്ഞു മാറ്റി ക്ലാസിലേക്ക് ശ്രദ്ധ കൊടുത്തു…സാറിന്റെ ക്ലാസിൽ ഇരിക്കുമ്പോ മാത്രം തനിക്കെന്തോ സംഭവിക്കുന്നു…ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല…ഒരുപക്ഷേ സാറും ആഗ്രഹിക്കുന്നത് അതാകില്ലേ….അല്ലെങ്കിൽ തന്നെ അദ്ദേഹം തനിക്ക് അധ്യാപകനാണോ…അധ്യാപകനേക്കാൾ അദ്ദേഹം തനിക്ക് ദേവേട്ടനാണ്…ഈ തീർത്ഥയുടെ മുറച്ചെറുക്കൻ…പക്ഷേ അങ്ങനെ വിളിക്കാനുള്ള അവകാശം എന്നോ നഷ്ടപ്പെട്ടതാണ്…ഇന്ന് മാണിക്യശേരി തറവാട്ടിലെ ഒരു പുല്നാമ്പ് പോലും തങ്ങളെ വെറുക്കുന്നു….

“ഓക്കേ സ്റ്റുഡന്റസ്…നാളെ അസ്സൈമെന്റ് വെക്കാൻ മറക്കരുത്…അല്ലാത്തവർ ക്ലാസ്സിന് പുറത്തായിരിക്കും…”

ഒരിക്കൽ കൂടി ഓർമിപ്പിച്ച ശേഷം ദേവൻ ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങിപ്പൊയി…ബ്രെക്കിന്‌ ടൈം കിട്ടിയതും എല്ലാരും ഒരാശ്വാസത്തോടെ പുറത്തേക്ക് ഇറങ്ങി…എന്തുകൊണ്ടോ ഇറങ്ങാൻ തോന്നിയില്ല,അവിടെ തന്നെ ഇരുന്നു…ഇന്ന് ഒന്നിനും ഒരുഷാറില്ല…ഏത് സങ്കടത്തിലും കൂടെ നിന്നാശ്വസിപ്പിക്കുന്ന ദിവ്യ ഇന്ന് വന്നിട്ടില്ല…അല്ലെങ്കിലും ഒറ്റപ്പെടലിന്റെ വേദന അറിയണമെങ്കിൽ നമ്മളുടെ ഏറ്റവും അടുത്ത സുഹൃത്ത് ക്ലാസിൽ വരാതെയിരിക്കണം…ഒന്നാശ്വസിപ്പിക്കാൻ കൂടി ആരുമില്ലാതെ തളർന്നാ ഡെസ്കിൽ കിടക്കുമ്പോഴും ആഗ്രഹിച്ചിരുന്നു ഒരു തണൽ ഉണ്ടായിരുന്നെങ്കിലെന്ന്…അമ്മയെ കാണാൻ തോന്നി…ആ മടിയിൽ തല ചായ്ക്കാനും…ഓർത്തപ്പോ കണ്ണ് നിറഞ്ഞിരുന്നു…ക്ലാസ്സ്‌ വിട്ടപ്പോ നേരെബസ് സ്റ്റോപ്പിലേക്ക് തിരിച്ചു,,,അവിടെ നിന്നപ്പോ കണ്ടു കാറിലായി പോകുന്ന ദേവനാരായണനെയും അനിയത്തി ദേവ്നിയേയും…തന്റെ അനിയത്തി,,,പക്ഷേ എന്നെ കണ്ടപ്പോ ആ മുഖത്ത് പുച്ഛവും പരിഹാസവും മാത്രമാണ്…അല്ലെങ്കിലും ആ കുടുംബത്തിൽ ദേവനെക്കാളും കുത്തിനോവിക്കുന്നത് ദേവ്നിയാണ്…എവിടെ കണ്ടാലും മറ്റുള്ളവരുടെ മുന്നിൽ വെച്ച് കാര്യകാരണമില്ലാതെ കളിയാക്കും…പ്രതികരിക്കാറില്ല,,,അല്ലെങ്കിലും പ്രതികരിച്ചാൽ താനും അവളും തമ്മിൽ എന്ത് വ്യത്യാസമാണ്…വഴിയിലേക്ക് കണ്ണും നട്ട് നിന്നു…ആദ്യബസ്സിൽ തന്നെ വീട്ടിലേക്ക് തിരിച്ചു…സ്കൂൾ കുട്ടികളും കോളേജ് പിള്ളേരും ആയി സൂചി കുത്താനുള്ള ഇടം പോലുമില്ലായിരുന്നു…എങ്കിലും തൂങ്ങിപ്പിടിച്ചു നിന്നു…

വീട്ടിലേക്ക് കേറിചെന്നപ്പോഴേ കണ്ടു മുറ്റം വൃത്തിയാക്കുന്ന അമ്മയെ…ഒരു പുഞ്ചിരി നൽകി അകത്തേക്ക് നടക്കാൻ ഭാവിച്ചപ്പോഴാണ് അമ്മയുടെ ശബ്ദം കേട്ടത്…

“മോളെ,,,അച്ഛന്റെ മരുന്ന് തീർന്നു…?? ”

വേണോ വേണ്ടയോന്ന് ഒരുപാട് ആലോചിച്ച ശേഷമാണ് അമ്മ ചോദിച്ചതെന്ന് ആ കുനിഞ്ഞ മുഖത്ത് നിന്ന് അവൾ മനസിലാക്കിയിരുന്നു… അടുത്തേക്ക് ചെന്ന് അമ്മയെ ചേർത്ത് പിടിച്ചു…

“അമ്മ എന്തിനാ മടിക്കുന്നെ…??ഞാൻ മേടിചോളാം അമ്മേ…എനിക്ക് കാപ്പി എടുത്ത് വെക്ക്,,,താമസിച്ചാൽ ആ മാനേജറിന്റെ വായിൽ നിന്നും കേക്കേണ്ടി വരും…”

അതും പറഞ്ഞ് ഒരു ചിരിയോടെ അകത്തേക്ക് കയറി…ഉള്ളിലെ സങ്കടങ്ങൾ മായ്ക്കാൻ എപ്പോഴും ഒരു പുഞ്ചിരി തന്നെയാണ് ആശ്വാസം…ഫ്രഷ് ആയി മേശയിലേക്ക് വന്നിരിക്കുമ്പോഴേക്കും തരുണിയും വന്നിരുന്നു…തന്റെ അനിയത്തിയാണ്…പക്ഷേ അവൾക്ക് താൻ ചേച്ചിയാണെന്ന് പറയാൻ പോലും നാണക്കേടാണ്…ഒത്തിരി സ്നേഹിക്കുന്നുണ്ട് അവളെ…ആദ്യമാധ്യം അവളുടെ അവഗണന സഹിക്കാൻ പറ്റിയിരുന്നില്ല…പിന്നെപിന്നെ എന്റെ സാമിഭ്യം അവളും ആഗ്രഹിക്കുന്നില്ലന്ന് മനസിലാക്കി അകന്ന് നിന്നിരുന്നു…ഒരുവിധത്തിൽ പറഞ്ഞാൽ ദേവ്നി തരുന്നതിനേക്കാൾ വേദന ഇന്ന് തരുണി തനിക്കായ് നൽകുന്നുണ്ട്….കാപ്പിയും ചെണ്ടക്കപ്പയും കഴിച്ച് അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി…ആറ് മാസമായി അച്ഛൻ ഈ കിടപ്പ് തുടങ്ങിയിട്ട്…വെറുമൊരാക്സിഡന്റ് ആണോ ഉണ്ടാക്കി തീർത്തതാണോന്നു ഇന്നും അറിയില്ല…ആരോടും വഴക്കിനും പോയിട്ടില്ല…എല്ലാം കൊണ്ടും ഒതുങ്ങി നിന്നു…തെളിവുകളൊന്നുമില്ലാതെ എന്തിനാണ് വെറുതെ നാണം കെടുന്നത്…

ആലോചനകളെ വകഞ്ഞു മാറ്റി വേഗത്തിൽ നടന്നു…മുന്നോട്ട് ജീവിക്കണമെങ്കിൽ ഒരു ജോലി അത്യാവശ്യമായിരുന്നു…പലയിടത്തും തേടി…അവസാനം ഒരു സൂപ്പർമാർക്കറ്റിൽ ബിൽ സെക്ഷനിൽ ജോലി കിട്ടി…അഞ്ചര മുതൽ എട്ടര വരെ…കൃത്യസമയത്തു വന്നില്ലെങ്കിൽ പിന്നെ അതിനും വഴക്ക്….ആദ്യമൊക്കെ സഹിക്കാൻ പറ്റിയിരുന്നില്ല,,,ഇപ്പൊ അത് ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു….സമയം വൈകിക്കാതെ സൂപ്പർ മാർക്കറ്റിലേക്ക് ചെന്നു….ആകെക്കൂടി ക്ഷീണം തോന്നുന്നുണ്ട്…വീട്ടിലേക്ക് പോകാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും അവസ്ഥ അവിടെ തന്നെ പിടിച്ചിരുത്തി….ഓരോരുത്തരുടേയായി ക്ലിയർ ചെയ്ത് വരുമ്പോഴാണ് വിലകൂടിയ സാധങ്ങളുമായി ദേവ്നി വരുന്നത്…തലയെത്തിച്ചു പുറത്തേക്ക് നോക്കി…കാറിന്റെ ഡോറിൽ ചാരി ഫോണും നോക്കി സർ നിൽപ്പുണ്ട്…ശ്വാസം ആഞ്ഞുവലിച്ചു അവളെക്കണ്ട് ഒന്ന് പുഞ്ചിരിച്ചെങ്കിലും ആ മുഖത്ത് പതിവ് ഭാവം തന്നെയായിരുന്നു…നാലായിരം രൂപയ്ക്കുള്ളത് പാക് ചെയ്തു കൊടുത്തു…പൈസ എണ്ണി കയ്യിൽ വെച്ച് തരുമ്പോ അവൾ പറയുന്നത് കേട്ട് ഞാനൊരു നിസ്സഹായതയോടെ നോക്കി നിന്നു…

“ദേ,,,,നിനക്ക് നല്ലത് ആ ജോലിയാ…”

നിലം തുടച്ചു കൊണ്ടിരുന്ന ഒരു ചേച്ചിയെ നോക്കി അവൾ കൈചൂണ്ടി പറയുബോ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു….

“ഓരോ ജോലിക്കും അതിന്റേതായ മഹിമയുണ്ട്…അത് വെറുതെ ഇരിക്കുന്നവർക്ക് ഒരിക്കലും മനസിലാകൻ പോകുന്നില്ല….”

അത്രയുമെങ്കിലും പറയണമെന്ന് തോന്നി…അമർഷത്തോടെ പുറത്തേക്കിറങ്ങി പോകുന്ന അവളെ ഒരുനിമിഷം നോക്കി ജോലിയിലേക്ക് തിരിഞ്ഞു….എട്ടര ആയപ്പോഴേക്കും അടുത്തുള്ള ചേച്ചിയോടൊപ്പം തിരിച്ചു വീട്ടിലേക്ക് നടന്നു…മുറ്റത്തേക്ക് കയറിയപ്പോഴേ കണ്ടു പേരമരച്ചോട്ടിൽ നിന്ന് ഫോൺ ചെയ്യുന്ന തരുണിയെ… എന്നെ കണ്ടതും ഫോൺ കട്ടാക്കി അവൾ അകത്തേക്ക് പോകാൻ തുനിഞ്ഞു…

“തരുണി…ആരെയാ നീ വിളിച്ചോണ്ട് ഇരുന്നത്…?? ”

“അതാരാണെങ്കിലും നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല…ചേച്ചിയാണെന്നുള്ള അവകാശം വെച്ചുകൊണ്ട് എന്നെ ഭരിക്കാൻ വരണ്ട…”

അത്രയും പറഞ്ഞുകൊണ്ട് നടന്നു പോകുന്ന അവളെ നോക്കി തീർത്ഥ തറഞ്ഞു നിന്നിരുന്നു…എത്രയൊക്കെ മറച്ചു പിടിച്ചാലും ചിലപ്പോ അതൊക്കെ വേലികൾ പൊട്ടിച്ചു പാഞ്ഞു വരും…നിറഞ്ഞ് വരുന്ന കണ്ണുകൾ അമർത്തി തുടച്ച് അകത്തേക്ക് നടന്നു…അച്ഛന്റെ മുറിയിലേക്ക് നോക്കി…അമ്മ അച്ഛന് കഞ്ഞി കോരിക്കൊടുക്കുവാരുന്നു…നേരെ മുറിയിലേക്ക് ചെന്ന് കുളിച്ചു ഡ്രസ്സ്‌ മാറി, നാളെ സബ്‌മിറ്റ് ചെയ്യേണ്ട അസ്സിൻമെന്റ് പൂർത്തിയാക്കി…അതിനിടയിൽ അമ്മ കൊറേ തവണ കഴിക്കാൻ വിളിച്ചുവെങ്കിലും തീർത്തിട്ടെ ഒള്ളുവെന്ന് മനസ്സ് ഉറപ്പിച്ചിരുന്നു…പത്തര കഴിഞ്ഞപ്പോഴേക്കും ഒരുവിധത്തിൽ എഴുതി തീർത്ത് എല്ലാം ബാഗിൽ വെച്ച് കിടന്നു…ക്ഷീണം കൊണ്ട് കിടന്നപ്പോഴെ കണ്ണുകൾ നിദ്രയെ പ്രാപിച്ചിരുന്നു…

രാവിലെ നേരത്തെ എഴുന്നേറ്റ് അമ്മയെ ചെറിയ രീതിയിൽ സഹായിച് അച്ഛനോടൊപ്പം കൊറേ നേരം വിശേഷങ്ങൾ പറഞ്ഞിരുന്ന് സമയം കളഞ്ഞു…ബസ് വരാൻ സമയമായപ്പോഴേക്കും ഭക്ഷണം കഴിച്ച് യാത്രപറഞ്ഞിറങ്ങി…ബസിൽ ദിവ്യ നിൽപ്പുണ്ടായിരുന്നു…ഇന്നലെ വരാത്തത്തിന്റെ പിണക്കങ്ങളും പരിഭവങ്ങളും ബസ്സിൽ വെച്ച് തന്നെ പറഞ്ഞു തീർത്തു…സാർ വഴക്ക് പറഞ്ഞ കാര്യം പറഞ്ഞില്ല…പറയണമെന്ന് തോന്നിയതുമില്ല…അസ്സിമെന്റിന്റെ കാര്യം സൂപ്പർ മാർക്കറ്റിൽ ഇരുന്നപ്പോ ദിവ്യക്ക് മെസ്സേജ് അയച്ചിരുന്നത് കൊണ്ട് അവളും പൂർത്തിയാക്കിയിരുന്നു…ക്ലാസിലേക്ക് ചെന്നിരുന്ന് തലേന്ന് പോയ കല്യാണത്തിന്റെ വിശേഷങ്ങൾ പറയുവാരുന്നു ദിവ്യ..ഞാനതെല്ലാം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കേട്ടിരുന്നു….

ആദ്യ പീരീഡ്‌ തന്നെ ദേവനായിരുന്നു…അറ്റന്റൻസ് എടുത്തപാടെ അസ്സമെന്റിനെക്കുറിച്ചാണ് ചോദിച്ചത്…ഇന്നെങ്കിലും വഴക്ക് കിട്ടരുതെന്ന് ഉറപ്പിച് ഒരു ദീർഘ നിശ്വാസത്തോടെ ഫയൽ എടുക്കാനായി ബാഗിലേക്ക് കൈ കടത്തി…ഒരു ഞെട്ടലോടെ തന്നെ ബാഗിലേക്ക് കൈ പരതുമ്പോഴേക്കും ഹൃദയമിടിപ്പ് വർധിച്ചിരുന്നു…ഓരോ കള്ളികളും തുറന്ന് നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം…കണ്ണുകൾ നിറഞ്ഞ് വരാൻ തുടങ്ങി…എന്തെന്നില്ലാത്ത ഭയം ചുറ്റിവരിയാൻ തുടങ്ങിയിരുന്നു…എന്റെ മുഖഭാവം മാറുന്നത് കണ്ട് ദിവ്യ തോളിൽ പിടിച്ചു കുലുക്കി കാര്യമാന്വേഷിച്ചു…

“അത്…എന്റെ,,,എന്റെ അസ്സിമെന്റ് ബാഗിൽ കാണുന്നില്ലടി…ഞാൻ എടുത്തു വെച്ചതായിരുന്നു…”

ഒരു നിസ്സഹായതയോടെ പറഞ്ഞു നിർത്തുമ്പോഴേക്കും കണ്ണുകളും കരകവിഞ്ഞിരുന്നു…തുടരും….. അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം ഒരു കമൻറ് ഇടുക…

രചന: ഗൗരിനന്ദ

Leave a Reply

Your email address will not be published. Required fields are marked *