കടലമിട്ടായി, Part 34

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

ഇന്ദ്രികയെ കണ്ടു ശ്രീയുടെ നെഞ്ചിടിപ്പ് കൂടി. അവൾ ഏത് രീതിയിൽ പ്രതികരിക്കും എന്ന് സംശയിച്ചു അവൻ നിന്നു. തുമ്പിയെ അടർത്തി മാറ്റാൻ നോക്കിയിട്ട് സാധിച്ചില്ല. കുട്ടിമാളു നടന്നു നടന്നു അവന്റെ അടുക്കൽ എത്തി. കണ്ണിൽ അഗ്നിയും കനലും അവളുടെ മുഖത്ത് പ്രകടമായിരുന്നു.അവൾ തുമ്പിയുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ മാറ്റി നിർത്തി. “നിന്നെ ഞാൻ തല്ലാത്തത് നിന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടല്ലോ എന്ന് ഓർത്തു മാത്രമാണ്”….

തുമ്പിയോട് കുട്ടിമാളു പറഞ്ഞു. എന്നിട്ട് അവൾ ശ്രീയെ നോക്കി. “ഇതും കൂടെ പൊട്ടിച്ചു എടുത്തു അവളുടെ കഴുത്തിൽ കെട്ടിക്കോ”…. ഇന്ദ്രിക ശ്രീ കെട്ടിയ താലി ചൂണ്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

“ഇന്ദു ഞാൻ”…. “മിണ്ടരുത് നിങ്ങൾ എനിക്ക് ഒന്നും കേൾക്കണ്ട. കേട്ടത് ഒന്നും സത്യം ആകരുതേ എന്ന് പ്രാർഥിച്ചു കൊണ്ടാണ് ഞാൻ ഈ വീടിന്റെ പടി കയറിയത്. ഇപ്പോ എല്ലാം കണ്ടപ്പോൾ ബോധ്യം ആയി. ഒരു ദിവസം എങ്കിലും നിങ്ങൾ എന്നെ ഈ നെഞ്ചിൽ കിടത്തി ഉറക്കിയിട്ടുണ്ടോ??….എന്നിട്ട് ഇപ്പോ”….. കുട്ടിമാളു വിങ്ങി പൊട്ടി.

“ഇന്ദു ഞാൻ പറയുന്നത് ഒന്ന് കേൾക്കു”…. ശ്രീ അപേക്ഷിച്ചു. “വേണ്ട ശ്രീയേട്ടാ നിങ്ങളുടെ മുന്നിൽ ന്യായങ്ങൾ ഒരുപാട് ഉണ്ടാകും നിരത്താൻ. അതെനിക്ക് കേൾക്കണ്ട. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നോർത്ത് നിങ്ങൾക്ക് വേണ്ടി കാത്തിരുന്ന ഞാനാ വിഡ്ഡി. നിങ്ങൾക്ക് ഇടയിൽ വന്നു പെട്ട കരടും ഞാനാ. എനിക്ക് ഇത് തന്നെ കിട്ടണം”…

“ഇന്ദു പ്ലീസ്”…. ശ്രീ അവളുടെ കയ്യിൽ കയറി പിടിച്ചു. “തൊടരുത് എന്നെ. അറപ്പാ എനിക്ക്. ഭാര്യ ജീവനോടെ ഇരിക്കെ മറ്റൊരുത്തിയെ….ശേ.. ” “ശ്രീ…. ഇവളോട് പുറത്തു പോകാൻ പറ”….. തുമ്പി പറഞ്ഞു.

“തുമ്പി പ്ലീസ് മിണ്ടാതെ ഇരിക്ക്…. “… ശ്രീ അവളോട്‌ കെഞ്ചി പറഞ്ഞു. “ഞാൻ എന്തിനാ മിണ്ടാതെ ഇരിക്കുന്നെ??ഇനി ഒന്നിച്ചു ജീവിക്കാൻ പോകുന്നത് നമ്മൾ അല്ലേ”??…. തുമ്പി പറഞ്ഞു.

“ഓഹ് അപ്പോ രണ്ടാളും എല്ലാം തീരുമാനിച്ചു…. ഇനി ഞാൻ ഇതിന്റെ ഇടയിൽ എന്തിനാ അല്ലേ”??

“ഇന്ദു നീ കാര്യം അറിയാതെ ആണ് സംസാരിക്കുന്നത്… “… ശ്രീ പൊട്ടിത്തെറിച്ചു. “ആ അറിയില്ലാരുന്നു. ഇവിടെ വരും വരെ ഡിവോഴ്സ് നോട്ടീസും ഫോൺ കട്ട്‌ ചെയ്തതും എല്ലാം വെറുതെ ആയിരിക്കും എന്നാ വിചാരിച്ചത്… ഇപ്പോ കണ്മുന്നിൽ കണ്ടപ്പോൾ സന്തോഷം ആയി”…. ഇന്ദ്രിക പറഞ്ഞു. “ഡിവോഴ്സ് നോട്ടീസ്”??

“കൂടുതൽ ആക്ടിങ് വേണ്ട ശ്രീയേട്ടാ.നിങ്ങൾ പറഞ്ഞിട്ട് അല്ലേ ഇവളെ വക്കീലിനെ ഏർപ്പാട് ചെയ്തത് ഇനി നിങ്ങൾക് അറിയില്ലെങ്കിൽ പോലും കാമുകിക്ക് അറിയാം എല്ലാം”.. ഇന്ദ്രിക പറഞ്ഞു. “അഹ്…. ശ്രീ…. ഇനി എന്തിനാ ഇവളുടെ അവശ്യം ??നിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ ഇല്ലേ”??….. തുമ്പി പറഞ്ഞു.

തുമ്പിയുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് ശ്രീക്കു ഒന്നും പറയാനും പറ്റുന്നില്ല ഇന്ദുവിനെ വിട്ടു കളയാനും പറ്റുന്നില്ല. “ശ്രീയേട്ടാ ഇഷ്ടമില്ലാതെ സമ്മതിച്ച കല്യാണം ആണെന്ന് അറിയാരുന്നു ഞാനും എല്ലാവരുടെയും നിർബന്ധം കാരണം സമ്മതിച്ചത് ആണ് വിവാഹത്തിന്. ഞാൻ എന്റെ സ്വന്തം കൂടെ പിറപ്പ് ആയി കാണുന്ന ഈ ചേച്ചി വന്നു കാലു പിടിച്ചു പറഞ്ഞപ്പോഴാ ഞാൻ കല്യാണത്തിന് സമ്മതിച്ചത്. അതേ ചേച്ചി തന്നെ ഇപ്പോ എന്റെ താലി അറുക്കാൻ പോകുവാ”…… കുട്ടിമാളു പൊട്ടിക്കരഞ്ഞു. ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ വന്നപ്പോൾ അവൾ പറഞ്ഞു പോയി. “വയറ്റിൽ കിടക്കുന്ന കൊച്ചിന് തന്തയെ ഉണ്ടാക്കണം എങ്കിൽ എന്റെ ഭർത്താവിനെ തട്ടി എടുത്തല്ല ഉണ്ടാക്കേണ്ടത് “…… അത് പറഞ്ഞതും ശ്രീ ഇന്ദ്രികയെ തല്ലിയതും ഒരുമിച്ചു ആയിരുന്നു. അടിക്കണം എന്ന് വിചാരിച്ചു ചെയ്തത് അല്ല പക്ഷെ സംഭവിച്ചു പോയി.

തംബുരുവിന്റെ അവസ്ഥ ഓർത്തപ്പോൾ. ഗർഭിണി ആയ പെണ്ണിന് ഈ സമയം എന്ത് ഷോക്ക് കിട്ടിയാലും അത് വയറ്റിൽ വളരുന്ന കുഞ്ഞിനേയും അമ്മയെയും ബാധിക്കും എന്ന് അറിയാവുന്നത് കൊണ്ടാണ് ശ്രീ അങ്ങനെ ചെയ്തത്.

“ഇനി ഒരക്ഷരം മിണ്ടരുത് നീ. കടക്കു പുറത്ത്….. രാത്രിക്ക് രാത്രി എന്നോട് പറയാതെ പൂർവ കാമുകന്റെ കൂടെ നാട് വിട്ട നിന്നെ ഞാൻ എന്ത് പറയണം”…… ശ്രീ പൊട്ടിത്തെറിച്ചു. കുട്ടിമാളു ഒന്നും മനസിലാകാതെ അവനെ നോക്കി നിന്നു കണ്ണിൽ കൂടി അപ്പോഴും കണ്ണീർ ഒഴുകി കൊണ്ടിരുന്നു.

“ശ്രീയേട്ടൻ എന്താ പറയുന്നേ ??ഞാൻ ആരുടെ കൂടെ പോയെന്ന പറയുന്നേ”??….കുട്ടിമാളു ചോദിച്ചു.

ശ്രീ അവന്റെ ഫോണിലെ ഫോട്ടോ അവളെ എടുത്തു കാണിച്ചു. അർജുനും അവളും ഒന്നിച്ചു ഇരിക്കുന്ന ഫോട്ടോ.

“ശ്രീയേട്ടാ… ഇത്’….കുട്ടിമാളുവിനെ കാര്യം പറയാൻ അവൻ സമ്മതിച്ചില്ല. “നിരത്താൻ ന്യായം നിനക്കും ഉണ്ടാകും കേൾക്കാൻ എനിക്ക് താല്പര്യമില്ല. നീ പറഞ്ഞല്ലോ ഡിവോഴ്‌സിന്റെ കാര്യം.. ഇനി അത് അങ്ങനെ മതി. എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല നിന്നെ സ്നേഹിച്ചിട്ടില്ല എനിക്ക് നിന്നെ വേണ്ട”…..കുട്ടിമാളു എന്ത് ചെയ്യണം എന്ന് അറിയാതെ നിലത്തു ഇരുന്നു പൊട്ടിക്കരഞ്ഞു. അവളെ കെട്ടിപിടിച്ചു കണ്ണ് തുടച്ചു ആശ്വസിപ്പിക്കണം എന്നുണ്ട് പക്ഷെ സാധിക്കില്ലല്ലോ. ശ്രീ അവളെ നോക്കും തോറും അവന്റെ കണ്ണും നിറഞ്ഞു വന്നു.

“ശരി…. ശ്രീയേട്ടന് വേണ്ടെങ്കിൽ എനിക്കും വേണ്ട…. “….അത്രയേ അവൾ പറഞ്ഞുള്ളു. വന്നു കയറിയ അതേ വേഷത്തിൽ തന്നെ അവൾ ബാഗും കൊണ്ട് പുറത്തേക്കു ഇറങ്ങി. അവൾ എങ്ങോട്ടാ പോകുന്നത് എന്ന് ശ്രീക്കു ഭയം ഉണ്ടായിരുന്നു. തുമ്പി അവനെ വിടാത്ത സാഹചര്യത്തിൽ അവൻ കാര്യങ്ങൾ കിച്ചനെ വിളിച്ചു പറഞ്ഞു. അവൻ കുട്ടിമാളുവിനെ പല സ്ഥലത്തും അന്വേഷിച്ചു എങ്കിലും കണ്ടു കിട്ടിയില്ല. അമ്പലത്തിൽ പോയി തിരിച്ചു എത്തിയ ശ്രീയുടെ വീട്ടുകാർ വൈകുന്നേരം ആയതോടെ ആണ് വിവരങ്ങൾ അറിഞ്ഞത്. അവർ കുട്ടിമാളുവിനെ വിളിച്ചിട്ട് ഫോൺ കിട്ടിയില്ല. അവളുടെ വീട്ടിൽ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. എല്ലാവരും പ്രതീക്ഷിച്ച പോലെ കുട്ടിമാളു പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു. പക്ഷെ അവളെ ആശ്വസിപ്പിക്കാൻ അവർക്കും കഴിഞ്ഞില്ല അത്രക്ക് വേദനിച്ചിരുന്നു ഒരു തെറ്റും ചെയ്യാത്ത തന്നെ ശ്രീയേട്ടൻ തെറ്റിദ്ധരിച്ചു പോയത് ഓർത്ത്.

“കിച്ചാ …. നിന്റെ അമ്മയോടും അച്ഛനോടും പറ മകളെ നന്നായി വളർത്തണം എന്ന്. എന്റെ മോന്റെ ജീവിതം കളഞ്ഞു കുളിച്ചപ്പോൾ എല്ലാവർക്കും സന്തോഷം ആയല്ലോ”….ശ്രീയുടെ അമ്മ പറഞ്ഞു.

കുറച്ച് ദിവസം ഏകദേശം 2മാസം കഴിഞ്ഞു ശ്രീയെ തേടി ഇന്ദ്രികയുടെ ഡിവോഴ്സ് നോട്ടീസ് എത്തി. പൂർണമായും തകർന്നു പോയ അവസ്ഥയിൽ ആയിരുന്നു ശ്രീ. “ശ്രീ കാര്യങ്ങൾ കൈ വിട്ടു പൊക്കോണ്ടിരിക്കുവാ. നീ എന്തെങ്കിലും ചെയ്യണം അവിടെ ചെന്ന് ഇന്ദ്രികയെ കാണണം കാര്യങ്ങൾ പറഞ്ഞു കൂട്ടി കൊണ്ട് വരണം”…..എല്ലാവരും അവനോടു പറഞ്ഞു. എല്ലാവരും പറഞ്ഞത് പോലെ ഇന്ദ്രികയെ കണ്ടു സംസാരിക്കാൻ വേണ്ടി ശ്രീ കൊല്ലത്തു ഉള്ള അവളുടെ വീട്ടിലേക്ക് പോയി.

“ഇന്ന് നിങ്ങൾ ഇഷ്ടമില്ലാതെ രാത്രിക്ക് രാത്രി ഇറങ്ങി പോന്ന വീടില്ലേ !!എന്നെങ്കിലും ആ വീടിന്റെ മുന്നിൽ നിങ്ങൾ ചെന്നു നിൽക്കേണ്ടി വരും”…. ആദ്യ വിരുന്നിനു കള്ളം പറഞ്ഞു ഇന്ദ്രികയെ കൊല്ലത്തു നിന്നു കൂട്ടി കൊണ്ട് വന്നപ്പോൾ കുട്ടിമാളു പറഞ്ഞത് അവൻ ഓർത്തു. വാതിൽ തുറന്നത് ശാന്തി ഏട്ടത്തി ആയിരുന്നു.

“അഹ് ശ്രീയോ … വാ അകത്തേക്ക് വാ”… ശാന്തി അവനെ അകത്തേക്ക് വിളിച്ചു. “അമ്മേ ദേ ശ്രീ വന്നിരിക്കുന്നു”…. ശാന്തി പറഞ്ഞു. അമ്മയും അച്ഛനും അങ്ങോട്ട്‌ വന്നു. ശാന്തി അവനു ചായ ഇട്ടു കൊടുത്തു. “അച്ഛാ…. എനിക്ക് ഇന്ദുവിനെ ഒന്ന് കാണണം”…. ശ്രീ പറഞ്ഞു. അച്ഛൻ ഒന്നും മിണ്ടിയില്ല.

“അച്ഛാ പ്ലീസ്…. ഉണ്ടായത് എല്ലാം നിങ്ങൾക്ക് അറിയാല്ലോ”….. “മ്മ്…. അവൾ ഇവിടെ ഉണ്ടായിരുന്നു മോനെ പക്ഷെ ഇപ്പോൾ ഇവിടെ ഇല്ല” “പിന്നെ എവിടെയാ ഞാൻ അവിടെ പോയി കണ്ടോളാം”….. “ഞങ്ങൾക്കും അറിയില്ല മൂന്ന് ദിവസം മുൻപ് ഇന്ദ്രനെ വിളിച്ചു അവൾ പറഞ്ഞത് ഞാൻ മോനെ കേൾപ്പിക്കാം”….. ശാന്തി അവളുടെ ഫോൺ എടുത്തു ഇന്ദ്രനും കുട്ടിമാളുവും തമ്മിൽ സംസാരിച്ചത് കേൾപ്പിച്ചു കൊടുത്തു. “ഇന്ദ്രൻ ചേട്ടായി”

“എന്താ മോളെ”?? “എല്ലാവരും എന്നോട് പറയുന്നു തിരിച്ചു പോകാൻ”… “ഞാനും അതല്ലേ പറഞ്ഞത് നിന്നോട്”….. “ഞാൻ എങ്ങനെ പോകും ചേട്ടായി. തംബുരു ചേച്ചി”…. “അവളുടെ കാര്യം എന്തിനാ ന്റെ മോളു നോക്കുന്നെ ??നീ ശ്രീയുടെ അടുത്തേക്ക് പോകണം”… “വേണ്ട ചേട്ടായി. അവരുടെ രണ്ടാളുടെയും ഇടയിൽ ഞാൻ കയറി ചെന്നത് കൊണ്ട അവർക്ക് അവർ ആഗ്രഹിച്ച ജീവിതം കിട്ടാതെ പോയത്”…. “എന്നിട്ട് ഇപ്പോ കിട്ടിയോ”??

“ഞാൻ ഡിവോഴ്സ് നൽകിയാൽ കിട്ടുമല്ലോ”… “മോളെ നിനക്ക് എന്താ ഭ്രാന്ത്‌ ആയോ”?? “ഭ്രാന്ത്‌ ഒന്നുമല്ല. സ്നേഹിച്ചവർ തന്നെ ഒന്നിച്ചു ജീവിക്കട്ടെ. അതിന്റെ ഇടയിൽ ഒരു കരട് ആയി ഞാൻ എന്തിനാ.ആഗ്രഹിച്ചത് ഒന്നും ഇന്നേവരെ സന്തോഷത്തിൽ എന്റെ കയ്യിലേക്ക് കിട്ടിയിട്ടില്ല ഇതും അങ്ങനെ ആകാനാണ് വിധി”…. “നീ എന്താ കുട്ടിമാളു ഈ പറയുന്നേ”??

“ശ്രീയേട്ടനും ഞാനും ആയി യാതൊരു ബന്ധവും ഈ ഇത്രയും മാസത്തിനു ഇടയിൽ ഉണ്ടായിട്ടില്ല ഇന്ന് ശരിയാകും നാളെ ശരിയാകും എന്നോർത്ത് ഞാൻ കാത്തിരുന്നു. എന്നാൽ തുമ്പി ചേച്ചി അല്ലാതെ മറ്റൊരാൾ ശ്രീയേട്ടന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞു. എനിക്ക് ഏറ്റവും സങ്കടം ആയത് എന്താന്ന് അറിയുവോ ഞാനും അർജുനും തമ്മിൽ തെറ്റായ ബന്ധം ഉള്ള പോലെ ഏട്ടൻ സംസാരിച്ചതാ…. സഹിക്കാവുന്നതിലും അപ്പുറം ആയി പോയി. അന്ന് ശരൺ താലി കെട്ടിയിരുന്നു എങ്കിൽ അയാൾ ഇപ്പോൾ എന്നെ കൊന്നേനെ കാര്യം മനസ്സിലാക്കാതെ. അതുപോലെ ആണ് ഇപ്പോ ശ്രീയേട്ടനും കാര്യം അറിയാതെ ശരണിനെ പോലെ എന്നെ സംശയിക്കുന്നു. അന്ന് ഞാൻ കല്യാണം കഴിച്ചില്ല ഇന്ന് കല്യാണം കഴിച്ചപ്പോൾ അതേ അവസ്ഥ…. എനിക്ക് പേടിയാ ചേട്ടായി ഇങ്ങനെ ഉള്ളവരുടെ കൂടെ ജീവിക്കാൻ”…. കുട്ടിമാളു പൊട്ടിക്കരഞ്ഞു.

“എന്റെ മോളു കരയാതെ…. അവനു വേണ്ടെങ്കിൽ വേണ്ട ഈ ഏട്ടൻ ഉണ്ട് എന്റെ മോൾക്ക്‌ … മോൾക്ക്‌ ഇഷ്ടമുള്ള അത്രയും കാലം നമ്മുടെ വീട്ടിൽ നിൽക്കാം ആരും തടയില്ല”….. “വേണ്ട ഏട്ടാ… ഇപ്പോ എനിക്ക് അതിരുകൾ ഇല്ല. അതിരുകൾ ഇല്ലാത്ത ഈ ലോകം എനിക്ക് കാണണം ഒരു ജോലി സമ്പാദിക്കണം അതിന് ഏട്ടൻ സമ്മതിക്കണം”… “എങ്ങനെ”??

“എന്നെ എന്റെ വഴിക്ക് വിടണം. ഇഷ്ടമുള്ളത് ചെയ്യാൻ സമ്മതിക്കണം”… കുറച്ചു നേരം ഇന്ദ്രൻ ഒന്നും മിണ്ടിയില്ല. “നിന്റെ അക്കൗണ്ടിൽ ഞാൻ പൈസ അയച്ചു തരാം. നിനക്ക് ഇഷ്ടമുള്ളത് ചെയ്തോ നിന്റെ മനസ്സിന് സംതൃപ്തി ആകും വരെ എന്തിനും ഏട്ടൻ കൂടെ ഉണ്ടാകും”….. “ശരി ഏട്ടാ ഞാൻ വെക്കുവാ”… “ശരി മോളെ”

ശ്രീ എല്ലാം ഇരുന്നു കേട്ടു. കുട്ടിമാളുവിന്റെ അച്ഛൻ പറഞ്ഞു. “അവർ രണ്ടാളും കൂടി എന്തൊക്കെയോ പ്ലാൻ ഇട്ടു ഒരു ദിവസം രാവിലെ ശാന്തി അവളെ വിളിക്കാൻ ചെല്ലുമ്പോൾ കിട്ടിയ കത്ത് ആണ് ഇത്”… അച്ഛൻ ഒരു കത്ത് അവന്റെ കയ്യിൽ കൊടുത്തു.

“ആരും അന്വേഷിക്കേണ്ട തിരികെ വരും. ഏട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ട്…. മുറിയിൽ മേശയുടെ മുകളിൽ ഒരു ഡയറി ഉണ്ട്. ശ്രീയേട്ടൻ എന്നെങ്കിലും എന്നെ അന്വേഷിച്ചു വന്നാൽ അത് കൊടുക്കണം മറ്റാരും അത് വായിക്കരുത്”….. എന്ന് സ്വന്തം ഇന്ദ്രിക. “ശ്രീ ഇതാണ് ആ ഡയറി”… ശാന്തി ഏട്ടത്തി ആ ഡയറി അവന്റെ കയ്യിൽ കൊടുത്തു. അവൻ അത് മേടിച്ചു തുറന്നു നോക്കി വിവാഹം കഴിഞ്ഞത് മുതൽ ഉള്ള എല്ലാ കാര്യവും അതിൽ ഉണ്ടായിരുന്നു. തുമ്പിയുടെ ആവശ്യം കാരണം ആണ് അവൾ വിവാഹത്തിന് സമ്മതിച്ചത് എന്നും ശ്രീക്കു അതിൽ നിന്നും മനസിലായി.

“ഏട്ടാ … എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടാണ്. പക്ഷെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ തുമ്പി ചേച്ചി ഏട്ടനെ സ്നേഹിക്കുന്നുണ്ട്.നിങ്ങൾ തമ്മിൽ ഒന്നാകണം ഒരിക്കലും ഞാൻ അതിനൊരു ശല്യം ആകില്ല. ഏട്ടൻ ഭക്ഷണം സമയത്തിന് കഴിക്കണം നേരത്തെ വീട്ടിൽ വരണം. തുമ്പി ചേച്ചിയെ വിഷമിപ്പിക്കരുത്. ഇനി ഏട്ടന്റെ ഓർമയിൽ പോലും ഞാൻ ഉണ്ടാകരുത്.ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എല്ലാവരെയും എല്ലാം പറഞ്ഞു മനസ്സിലാക്കി നിങ്ങൾ ഒന്നായി ജീവിക്കു”….. എന്ന് ഏട്ടന്റെ പഴയ കടലമിട്ടായി. ഡയറി വായിച്ചു തീർന്നതും ശ്രീ പൊട്ടിക്കരഞ്ഞു. ആരോടും മിണ്ടാതെ പുറത്തേക്കു ഇറങ്ങി.ചെയ്തു പോയതെല്ലാം ഓർത്തു അവന്റെ നെഞ്ച് നീറി പുകഞ്ഞു. സുധി പലവട്ടം വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. കുട്ടിമാളുവിന്റെ ആ ഡയറി നെഞ്ചോടു ചേർത്ത് വെച്ചു അവൻ ഉറങ്ങി 6മാസം. അതിലെ ഓരോ വരിയും അവനു മനഃപാഠമായി മാറി. ശ്രീയുടെയും ഇന്ദ്രികയുടെയും ഡിവോഴ്സ് കേസ് കോടതി പരിഗണിച്ചില്ല തള്ളി പോയിരുന്നു. ഇരു കക്ഷികളും ഹാജർ ആകാതെ വന്നപ്പോൾ.

കാത്തിരിപ്പിനും പൊട്ടിത്തെറികൾക്കും ഒടുവിൽ ഒൻപതാം മാസം തംബുരു പ്രസവിച്ചു.അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ നൂല് കെട്ടു കഴിഞ്ഞു 4മാസം കഴിഞ്ഞപ്പോൾ. “തങ്കമണി…. (തുമ്പിയുടെ അമ്മ )എന്തായാലും നടന്നത് എല്ലാം നടന്നു. കുട്ടിമാളു പോയി അഭിയും. ഇനി നമുക്ക് ശ്രീയുടെയും തുമ്പിയുടെയും കാര്യം ഒന്ന് ആലോചിച്ചാലോ തുമ്പിയുടെ കുഞ്ഞിന് പേരിനു ഒരു അച്ഛൻ എങ്കിലും വേണ്ടേ”??… ശ്രീയുടെ അമ്മ പറഞ്ഞു. എല്ലാവരും ഏകദേശം അത് ശരി വെച്ചു തുമ്പി ഉൾപ്പെടെ.അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ ശ്രീയോട് ആലോചിക്കാൻ പറഞ്ഞു.

“ശ്രീ നിന്റെ അഭിപ്രായം എന്താ”??അച്ഛൻ ചോദിച്ചു “നിങ്ങൾക്ക് എല്ലാം സത്യത്തിൽ ഭ്രാന്ത്‌ ആണ്.ഞാനും ഇന്ദ്രികയും ഡിവോഴ്സ് ആയിട്ടില്ല. ഒരിക്കൽ ജാതകത്തിൽ എന്തോ പറഞ്ഞു എന്നും പറഞ്ഞു ഇവളെ വേറെ കെട്ടിച്ചു. എന്നിട്ട് ഇന്ദ്രികയെ എന്റെ ഭാര്യ ആക്കി. സഹിക്കാൻ പറ്റാതെ വന്നപ്പോൾ അവൾ ഇറങ്ങി പോയി. തോന്നും പോലെ ഭാര്യയെ മാറ്റാൻ ഇത് സിനിമ അല്ല എന്റെ ജീവിതം ആണ്.അത് എല്ലാവർക്കും കയറി മേയാൻ ഉള്ളതല്ല”… “ശ്രീ”….തുമ്പി വിളിച്ചു.

“തുമ്പി പ്ലീസ് ഇനിയും എന്റെ ജീവിതത്തിൽ നീ വരരുത്. ഇത്രയും നാൾ ഒരു ചേട്ടനെ പോലെ നിന്നെ സംരക്ഷിച്ചു.അന്ന് നിന്റെ അവസ്ഥ ഓർത്ത് ഞാൻ ഒന്നും മിണ്ടിയില്ല. ഇനിയും നിന്നെ താങ്ങാൻ ആകില്ല എന്റെ ഭാര്യ ആയി കാണുവാനും. കാരണം ശ്രെയസ്സിനു ഒറ്റ തന്തയെ ഉള്ളു. അതുകൊണ്ട് തിരികെ വന്നാലും വന്നില്ല എങ്കിലും ഇന്ദ്രിക തന്നെ ആണ്…. ശ്രെയസ്സ് നാഥിന്റെ ഭാര്യ മരിക്കും വരെ”……അച്ഛന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

“തുമ്പി….. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീ എന്റെ കാമുകി ആയിരുന്നിരിക്കാം വിവാഹം കഴിക്കാൻ നമ്മൾ ആഗ്രഹിച്ചു എന്നുള്ളതും ശരിയാ പക്ഷെ, നടന്നത് മുഴുവൻ എന്താന്ന് നിനക്ക് അറിയാല്ലോ. നിന്റെയും അഭിയുടെയും വിവാഹം ദൈവനിശ്ചയം ആയിരുന്നു ആ ബന്ധം സത്യം ഉള്ളത് കൊണ്ട് നിങ്ങൾക്ക് ഒരു കുഞ്ഞ് പിറന്നു. ആ കുഞ്ഞിന് വേണ്ടിയാണു നീ ഇനി ജീവിക്കേണ്ടത് എനിക്ക് വേണ്ടി ഒരുപാട് കാത്തിരുന്ന ഞാൻ ഒന്ന് ചിരിക്കാൻ കൂടെ ഇരിക്കാൻ കൊണ്ടു നടക്കാൻ ആഗ്രഹിച്ച ഒരു പെണ്ണുണ്ട് എനിക്ക്. എവിടെ ആണെന്ന് അറിയില്ല എങ്കിലും എന്റെ കാത്തിരുപ്പ് മുഴുവൻ ഇപ്പോ അവൾക്കു വേണ്ടിയാ. അവൾ ആഗ്രഹിച്ചത് പോലെ ഒരു ജീവിതത്തിനു വേണ്ടിയാ. അതിന്റെ ഇടയിൽ നീ ഇനി ഉണ്ടാകരുത് പ്ലീസ്”….ശ്രീ അവൾക്ക് നേരെ കൈ കൂപ്പി. എന്നിട്ട് മുകളിലേക്ക് പോയി. തുമ്പി കുറെ നേരം പ്രതിമ പോലെ നിന്നു വല്ലാതെ അവൾ ശ്രീയുടെ സംസാരത്തിൽ ഷോക്ക് ആയി പോയി. എങ്കിലും കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ മനോനില വീണ്ടെടുത്ത് അവൾ. “ശ്രീ….”..തുമ്പി വിളിച്ചു

“മ്മ്”… “ഞാൻ ചെയ്തു പോയത് വല്യ തെറ്റാ ഭാര്യ ഉള്ള ഒരാളെ തട്ടി എടുക്കുന്ന ചീപ് പരുപാടി. ഞാൻ എന്റെ അഭിയേട്ടനെ ഓർത്തില്ല ആ സ്നേഹം ഓർത്തില്ല എനിക്ക് മാപ്പ് തരണം. ഇനി ഞാൻ നിന്നെ ശല്യം ചെയ്യില്ല കുട്ടിമാളുവിന്റെ തിരിച്ചു വരവിനു വേണ്ടിയും എന്റെ കുഞ്ഞിന് വേണ്ടിയും ഞാൻ ജീവിക്കും”….തുമ്പി പറഞ്ഞത് കേട്ടപ്പോൾ ഒരു മഴ പെയ്തു തീർന്ന അനുഭൂതി അവനു ഉണ്ടായി.

“…കുട്ടിമാളു… എന്താടി ഇത് ബ്ലഡ്‌ നിന്റെ വായിൽ നിന്നും”……!!

(നാളെ കൊണ്ട് കടലമിട്ടായി എല്ലാവരും കഴിച്ചു തീർക്കണം. തീരുകയാണ്. Real സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിരുന്നു. സങ്കല്പം എവിടെ മുതൽ ആണെന്ന് ഞാൻ നാളെ പറയാം.അപ്പോ കൂടെ ഉണ്ടായിരുന്നവർക്കും ഇതുവരെ സഹിച്ചവർക്കും തെറി വിളിച്ചവർക്കും പരിഹസിച്ചവർക്കും എന്റെ വക സുലാൻ)

തുടരും…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *