എനിക്ക് അയാളോടുള്ള ഇഷ്ടം അയാളല്ലാതെ മറ്റൊരാൾ അറിഞ്ഞാൽ പരിഹസിക്കപ്പെടുന്ന അവസ്ഥ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ജിഷ്ണു രമേശൻ

കവിളത്ത് വല്യ മറുകുള്ള ആ ചെക്കനെ എനിക്ക് ഇഷ്ടമാണ്…എനിക്ക് പ്രിയപ്പെട്ടവനാണ്…

ഇഷ്ടം പറഞ്ഞിട്ടില്ല… വെറുപ്പുള്ള പ്രേമം… സ്വാർത്ഥ പ്രേമം…

രാവിലെ പഠിക്കാൻ പോകുമ്പോ വഴിക്കപ്പുറം അലമ്പൻ പിള്ളേരോട് വഴക്ക് കൂടുന്നത് കണ്ടിട്ടുണ്ട്…

സ്കൂൾ മുറ്റത്തെ മാവില് കണ്ണിമാങ്ങ എറിഞ്ഞിടാൻ തല്ലുകൊള്ളിത്തരം കാണിച്ച് മുന്നിട്ട് നിന്നപ്പോഴും അവനെ ഞാൻ നോക്കി…

ഒരു കൊല്ലം ഓണാഘോഷ ദിവസം, തണുത്ത രാവിലെ പൂവ് മോഷ്ടിച്ച പേരിൽ പിള്ളേരുമായി തല്ലുകൂടി മൂക്കില് നിന്ന് ചോരയൊലിപ്പിച്ച് നിന്നപ്പോഴും അവനെ ഞാൻ നോക്കി…

എന്നിട്ടും അവനെ എനിക്കിഷ്ടമാണ്… പ്രിയപ്പെട്ടവനാണ്… ഭയമുള്ള, സ്വാർത്ഥ പ്രേമമാണ്…

ഞാൻ ഉയർന്ന തലത്തിൽ പഠിക്കാൻ പോയപ്പോഴും കയ്യാലയ്ക്കരുകിൽ മുറി ബീഡിയും വലിച്ച് അലമ്പ് കാണിച്ചു നടക്കുന്ന ആ ചെക്കനെ നോക്കി കണ്ടു…

“എന്നിട്ടും എന്തിനാ അവനെനിക്ക് പ്രിയപ്പെട്ടവനായി തോന്നിച്ചത്…!”

ചൊവ്വാ ദോഷം എനിക്ക് സുരക്ഷാ കവചം ആയപ്പോഴും അവനോടെനിക്ക് പ്രേമം മൊഴിയാൻ ഭയമായിരുന്നു… അപ്പോഴും എൻ്റെ ഭ്രാന്തൻ പ്രേമം അവനെ എനിക്ക് വെറുതെ പ്രിയപ്പെട്ടവനാക്കി തീർത്തു…

ചെറു പ്രായത്തിൽ ബീഡി വലിച്ച് കറ വീണ പല്ലുകാട്ടി അവൻ ഒരാളോടെ ചിരിച്ച് കണ്ടിട്ടുള്ളൂ… “തോണിക്കാരൻ അബ്ദുക്കാൻ്റെ നാലു വയസുകാരി മൈനയോട്…!”

താഴെയുള്ള മൂന്ന് അനിയത്തിമാരെയും താലി ബന്ധിച്ച് കൊണ്ടു പോയപ്പോഴും, ചൊവ്വാ ദോഷവും കഷ്ടകാലവും ചാർത്തപ്പെട്ട് ഞാൻ വാർദ്ധക്യത്തോട് അടുത്തു…

അപ്പോഴും യൗവനത്തിലെ അലമ്പൻ ചെക്കനെന്ന പേരിനു കുറച്ച് ഉയർച്ച വന്ന, അവൻ നാട്ടിലെ മുരടനായ തോന്ന്യാസിയായി…” അവൻ” എന്ന ആ പെണ്ണിൻ്റെ വിളി “അയാള്” എന്നായി രൂപം പ്രാപിച്ചു…

“എന്നിട്ടും അയളോടുള്ള തളർച്ച പിടിച്ച പ്രേമം എന്നെ ചുറ്റി വരിഞ്ഞു…എനിക്ക് അയാളോടുള്ള ഇഷ്ടം അയാളല്ലാതെ മറ്റൊരാൾ അറിഞ്ഞാൽ പരിഹസിക്കപ്പെടുന്ന അവസ്ഥ… പ്രേമിക്കാൻ ധൈര്യമില്ലാത്തവൾ എന്ന് വിളിക്കപ്പെടുന്ന അവസ്ഥ… ഭയമുള്ള, സ്വാർത്ഥ പ്രേമം…”

കാലം പിന്നെയും വെറുതെ അങ്ങനെ മുന്നോട്ട് നീങ്ങി…വാർദ്ധക്യം അവരെ പൂർണ്ണമായി കവർന്നു…ഒരു ദിവസം ഒരു രാവിലെ അവര് മരിച്ചു…

അവിടെ തെക്കുള്ള ചായ്ഞ്ഞ തൊടിയിൽ അവരുടെ ചിത കത്തുമ്പോ കുറച്ചപ്പുറം വഴിയരുകിൽ ഒരു വൃദ്ധൻ ചിതയിലേക്ക് വെറുതെ നോക്കി നിൽക്കുന്നു…

അതയാളാണ്, ചിതയിൽ പുകയുന്ന വൃദ്ധയുടെ യൗവനത്തിലെ “അവൻ”…പാതി വാർദ്ധക്യത്തിലെ “അയാളെ”ന്നു വിളിച്ച കറ വീണ പല്ലുള്ള മുരടിച്ച തോന്ന്യാസി…

ചിതയിലേക്ക് നോക്കി അയാള് മൊഴിഞ്ഞു,

” എനിക്ക് പഠിക്കണ കാലത്തും നിന്നെ ഇഷ്ടമായിരുന്നു… നല്ലൊരു പ്രേമമായിരുന്നു…എൻ്റെ പ്രിയപ്പെട്ടവളായിരുന്നു…”

ചിരിക്കുമ്പോ നെറ്റി ചുളിയുന്ന നീ അഴകായിരുന്നു…

രാവിലെ പഠിക്കാൻ പോകുമ്പോ വഴിയരുകിലൂടെ പാവാട ഒതുക്കി പിടിച്ച് പോണ നിന്നെ ഞാൻ നോക്കുമായിരുന്നു…

കല്ലെറിഞ്ഞു വീഴ്ത്തിയ കണ്ണിമാങ്ങ പെറുക്കാൻ തല്ലു കൂടിയപ്പോ ഒളിഞ്ഞു നിന്ന് നെറ്റി ചുളിച്ചു നോക്കിയ നിന്നെ ഞാൻ കണ്ടിരുന്നു…

അടികൂടി മൂക്ക് പൊട്ടി ചോര ഒലിപ്പിച്ച് നിന്നിരുന്ന എന്നെ നോക്കി കണ്ണീര് പൊടിച്ചത് വെറുതെ ഞാൻ നോക്കിയിരുന്നു…

വല്യ ക്ലാസില് നീ പഠിക്കാൻ പോയപ്പോ മുറുക്കാൻ പീടികയുടെ അരികത്തു നിന്ന് ഒന്ന് രണ്ടു തവണ എത്തി നോക്കിയിരുന്നു ഞാൻ…

നിൻ്റെ താഴെയുള്ള അനിയത്തിമാരുടെ കെട്ടു കഴിഞ്ഞ് പോയപ്പോ “നീ എൻ്റെ പ്രിയപ്പട്ടവളാണെ”ന്ന് പറയാൻ എൻ്റെ ദുഷ്ട മനസ്സ് അനുവദിച്ചില്ല… നിന്നോടുള്ള എൻ്റെ പ്രേമം വെറുതെ പാഴാക്കി കളഞ്ഞു…

തോണിക്കാരൻ അബ്ദുക്കാൻ്റെ മോള് മൈനയെ നോക്കി നീ ഹൃദ്യമായി ചിരിക്കുന്നത് കാണാനൊരു അഴകാണ്… ഞാനും ചിരിച്ചു മൈനയെ നോക്കി ഞാനും വെറുതെ ചിരിച്ചു… എൻ്റെ കറ പുരണ്ട പല്ല് കണ്ടിട്ടാവണം അവളും ചിരിച്ചു…സുന്ദരമായി ചിരിച്ചു…

നാട്ടിലെ തോന്ന്യാസിയായ ഞാൻ നിന്നോടുള്ള പ്രേമം പറയാത്തത് കടവിലെ പള്ളിക്കൂടത്തിലെ അധ്യാപികയായ നിൻ്റെ മേൽ ഞാനെന്ന പോറൽ ഏൽപ്പിക്കണ്ട എന്നുള്ളത് കൊണ്ടാണ്…

എന്നിട്ടും നീയെനിക്ക് പ്രിയപ്പെട്ടവളായിരുന്നു… പ്രേമം പറയാതെ തത്വം മാത്രം മെനഞ്ഞ തോന്ന്യാസിയായിരുന്നു ഞാൻ…

നിൻ്റെ മുടിയും ഹൃദയവും നര വീണു… അപ്പോഴും ബീഡിക്കറ പുരണ്ട് എൻ്റെ ഹൃദയം കരുവാളിച്ചു…

ഇന്ന് നീ ചിതയിൽ കത്തുമ്പോ എൻ്റെ മുഷിഞ്ഞ പ്രേമം എന്നോട് വെറുപ്പ് കാട്ടുന്നു… ഇത്രയും ക്രൂരനായ എനിക്ക് എന്തിനാണ് പിന്നെയും നീ പ്രിയപ്പെട്ടവളാകുന്നത്… എന്തിനാണ് എനിക്ക് പ്രേമം തോന്നുന്നത്… ഇഷ്ടം പറയാത്ത ഒരു തരം സ്വാർത്ഥ പ്രേമം…

ആ വൃദ്ധൻ നടന്നു… അരയിൽ നിന്നൊരു ബീഡി എടുത്ത് കത്തിച്ചു… എന്നിട്ട് അവരുടെ ചിതയിൽ നിന്ന് പൊന്തുന്ന പുക നോക്കി നടന്നു… മുഷിഞ്ഞ പ്രേമവുമായി അങ്ങനെ നടന്നു… (തെറ്റുകളുണ്ടാവാം, കുറവുകളുണ്ടാവാം ക്ഷമിക്കുക…)

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *