മകളെക്കാളും കാര്യമായിട്ട് തന്നെ അമ്മ മോളെ നോക്കാം എന്ന് അവന് വാക്ക് കൊടുത്തു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഗിരീഷ് കാവാലം

കല്യാണദിവസം രാവിലെ അമ്മയുടെ കാലിൽ തൊട്ടുവണങ്ങി അനുഗ്രഹം വാങ്ങുവാൻ കുനിയുന്ന സമയത്തു രഹസ്യമായി കാതിൽ ഉണ്ണി പറഞ്ഞു

“അമ്മേ അനുഗ്രഹമായി ഒരേ ഒരു കാര്യത്തിന് വാക്ക് തന്നാൽ മാത്രം മതി, ഇന്നുമുതൽ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി കടന്നുവരുന്ന അമ്മയുടെ മരുമകളെ സ്വന്തം മകളായി മാത്രമേ കാണൂ എന്ന് ”

മകളെക്കാളും കാര്യമായിട്ട് തന്നെ അമ്മ മോളെ നോക്കാം എന്ന് അവന് വാക്ക് കൊടുത്തു അനുഗ്രഹിച്ചു

മകളായ ഹിമയുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയും മുൻപ് തന്നെ മകൻ ഉണ്ണിയുടെ കല്യാണവും സരസ്വതിയമ്മ നടത്തികൊടുത്തു

“അമ്മായിഅമ്മയും മരുമകളും ആയാൽ ഇങ്ങനെ വേണം.. ”

ഒരു മാസ സമയത്തിനുള്ളിൽ തന്നെ അയൽവക്ക വീടുകളിലും ബന്ധുമിത്രാദികളുടെ വീട്ടിലും ചർച്ച കല്യാണം കഴിഞ്ഞ ഉണ്ണിയുടെ വീട് തന്നെയായിരുന്നു സ്വന്തം അമ്മയും മകളെയും പോലെ കഴിയുന്ന അമ്മായിയമ്മയും മരുമകളും..

“അമ്മേ അമ്മേ തൊടല്ലേ തൊടല്ലേ.. അമ്മയുടെ കൈയ്യിൽ ചെളിയുണ്ട് ”

ഗോദമ്പ് കുഴയ്ക്കാൻ ഒരുങ്ങിയ സരസ്വതിയമ്മയോട് മരുമകൾ പറഞ്ഞു

“ഓ ഇത് കരിയാടീ മോളെ.. ”

“അമ്മേ ഇന്നാ വെള്ളം… കൈ കഴുകിക്കോ ”

കൈ കഴുകിക്കൊണ്ട് തന്നെ സരസ്വതിയമ്മ പറഞ്ഞു

” ഹോ കരി ആഹാരസാധനത്തിൽ അല്പം പറ്റിയെന്നു പറഞ്ഞു കുഴപ്പം ഒന്നും ഇല്ല.. അങ്ങനെ നോക്കിയാൽ ഹോട്ടലിൽ ഒക്കെ ഉണ്ടാക്കുന്നത് എത്ര വൃത്തിയോടെയാണെന്ന് ആര് കാണുന്നു.. ”

” എല്ലാ ഹോട്ടലുകാരും അങ്ങനെയല്ല അമ്മേ….”

“എല്ലാ ഹോട്ടലുകാരും അങ്ങനെതന്നെയാ…മനുഷ്യരെ പിഴിയുകയല്ലേ ഇവരുടെ പണി ”

അത് ഒരു ഹോട്ടൽ ഉടമയുടെ മകൾ ആയ മരുമകളെ അല്പം വേദനിപ്പിച്ചു …

” അമ്മ പറയുന്ന കൂട്ടല്ല അമ്മേ .. ഞങ്ങളുടെ ഹോട്ടലിൽ വളരെ വൃത്തിയായി എന്തിന് കൂടുതൽ പറയണം മാസാ മാസം മെഡിക്കൽ ചെക്കപ് വരെ പാചകക്കാർക്ക് നടത്തുന്നുണ്ട് ”

“ഹോ നീ അങ്ങ് നിന്റെ ഹോട്ടലിൽ ചെന്ന് പറഞ്ഞാൽ മതി.. ”

ഉണ്ണി ഓഫീസ് കഴിഞ്ഞു വൈകുന്നേരം വീട്ടിൽ വന്നപ്പോഴേക്കും സ്ഥിതി ആകെ മാറിയിരുന്നു

“എടാ കണ്ടോ… അവളുടെ യഥാർത്ഥ സ്വഭാവം ഇന്നവൾ പുറത്തെടുത്തു.. എനിക്ക് വൃത്തിയില്ലാന്നു അവൾ തീരുമാനിച്ചാൽ മതിയോ.. ഒരു കാര്യം ഞാൻ നിന്നോടുകൂടി പറയുവാ .. ഈ അടുക്കളയിൽ പൂർണ സ്വാതന്ത്ര്യം എനിക്കായിരിക്കും.. ”

അതും കേട്ട് ഭാര്യ ഇരിക്കുന്ന മുറിയിലേക്ക് കയറിയ ഉണ്ണിയുടെ മുഖത്തെ ചോദ്യം മനസ്സിലാക്കിയ അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു..

അത് വരും ദിവസങ്ങളിൽ അരങ്ങേറാൻ പോകുന്ന തുറന്ന പോരിന്റെ തുടക്കം മാത്രം ആയിരുന്നു

അടുത്ത ദിവസം ഉണ്ണിയുടെ പെങ്ങൾ ഹിമയുടെ ഫോൺ അമ്മക്ക് വന്നു

“ഹലോ.. അമ്മേ.. ങ്ങാ.. അവിടുത്തെ പോലെ തന്നെ ഇവിടെയും തുടങ്ങി..

എന്ത് പറ്റി മോളെ ?

“ഏട്ടന്റെ അമ്മ ഞാൻ ഉദ്ദേശിച്ചത് കൂട്ടല്ല ആദ്യം ആദ്യം ഒക്കെ ഞാൻ വിചാരിച്ചു പാവം ആണെന്ന്.. പിന്നെ പിന്നെയല്ലേ ആളിന്റെ യഥാർത്ഥ രൂപം പുറത്തിറങ്ങിയതു.. എത്ര ദിവസം ആണെന്ന് പറഞ്ഞാ ഇതെല്ലാം ക്ഷമിക്കുന്നതു.. കൂടുതൽ പിന്നെ പറയാം” ഫോൺ കട്ട് ആയി

അടുത്ത ദിവസം സരസ്വതിയമ്മയും മരുമകളും തമ്മിലുള്ള പോര് അതിന്റെ പാരമ്യത്തിൽ എത്തി

“ഇങ്ങനെയാണെങ്കിൽ ഞാൻ എന്റെ വഴി നിങ്ങൾക്ക് നിങ്ങളുടെ വഴി.. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ തന്നെ ആഹാരം ഉണ്ടാക്കിക്കോ എനിക്ക് നിങ്ങടെ ഒന്നും വേണ്ട.. എനിക്ക് വേണമെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കിക്കോളാം ”

“എടീ ആ എണ്ണയിൽ തൊട്ട്പോകരുത്.. നിനക്ക് വേണമെങ്കിൽ നീ വാങ്ങിക്കോണം സരസ്വതിയമ്മ പറഞ്ഞു ”

“അമ്മേ അത് ഉണ്ണിയേട്ടൻ ഇന്നലെ വാങ്ങിയതല്ലേ.. അപ്പോൾ എനിക്കും അതിൽ അധികാരം ഉണ്ട് ”

“ഒന്ന് പോടീ എന്റെ മകൻ ആയതിനു ശേഷം ആണ് അവൻ നിന്റെ ഭർത്താവ് ആയത് ”

അങ്ങനെ അടുക്കളയിലെ ഒട്ടുമിക്ക സാധനങ്ങളും സരസ്വതിയമ്മ തന്റെ പാട്ടിലാക്കി..അങ്ങനെ ഒരു അടുക്കളയിൽ രണ്ടടുപ്പ് പുകയാൻ തുടങ്ങി

അന്ന് രാത്രിയിൽ സരസ്വതിയമ്മയുടെ മകൾ ഹിമയുടെ ഫോൺ വന്നു

“അമ്മേ കാര്യങ്ങൾ സീരിയസ് ആയി… കൂടുതൽ എന്നാ പറയാനാ ഇപ്പോൾ ഇവിടെ അടുക്കളയിൽ രണ്ട് കലം ആയി.. ഞാൻ പരമാവധി ക്ഷമിച്ചു അമ്മേ.. ആ തള്ളയുമായി ഒന്നിച്ചു പോകുവാൻ പറ്റുകേല.. അങ്ങനെ ഞാൻ പറഞ്ഞു ഇനി നിങ്ങൾക്ക് വെച്ച് വിളമ്പി തരുവാൻ എന്നെ കിട്ടില്ല എന്ന് ”

“ഇന്ന് രാവിലെ പുട്ട് ഉണ്ടാക്കാൻ പുട്ട് പൊടി തപ്പി നടക്കുവാരുന്നു അമ്മായിയമ്മ.. ഞാൻ കൊടുക്കുവോ.. ഏട്ടൻ വാങ്ങിച്ച സാധനങ്ങൾ ഉപയോഗിക്കാൻ എനിക്കല്ലേ അധികാരം.. ”

“ങാ പിന്നെ ഗ്യാസ് ഉപയോഗിക്കാൻ ഞാൻ സമ്മതിച്ചില്ല ഏട്ടന്റെ പേരിൽ ഉള്ള ഗ്യാസ് ഉപയോഗിക്കണം എന്നുണ്ടെങ്കിൽ ഞാൻ തീരുമാനിക്കണം എന്നു പറഞ്ഞു… ആള് ഇന്ന് വിറക് കത്തിച്ചാ എല്ലാം ഉണ്ടാക്കിയത് ”

“ങ്ങാ.. പിന്നെ സീരിയൽ സമയത്തു കാലും നീട്ടി വച്ച് ഒരു ഇരുത്തം അല്ലേ TV യുടെ മുന്നിൽ.. ഇന്ന് ഞാൻ TV യുടെ റിമോട്ട് വാങ്ങിച്ചെടുത്തു.. ഏട്ടൻ വാങ്ങിയ LED TV കാണണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം എന്നു പറഞ്ഞു.. ഇപ്പോൾ ആൾക്ക് TV യും കാണണ്ട ദേ അവിടെ പുതപ്പും മൂടി കട്ടിലിൽ കിടപ്പുണ്ട് ”

അമ്മതന്നെ പറ ഞാൻ ചെയ്തതിൽ തെറ്റ് വല്ലതും ഉണ്ടോ ?

“മോളെ…… സരസ്വതിയമ്മ കൂടുതൽ ഒന്നും പറഞ്ഞില്ല

നേരെ കിടപ്പ് മുറിയിൽ ചെന്ന സരസ്വതിയമ്മ കട്ടിലിൽ ഇരുന്ന് ആലോചനയിൽ ആയി. അവരുടെ മനസ്സ് പലവിധ ചിന്തകളിൽ പെട്ട് ഉഴലുന്നത് ആ മുഖം ദൃക്‌സാക്ഷിയായി..

എന്തോ ആലോചിച്ചു ഉറപ്പാക്കിയമാതിരി അവർ നേരെ അടുക്കളയിലേക്ക് നടന്നു

അടുക്കളയിൽ ചെന്ന സരസ്വതിയമ്മ രണ്ടായിരുന്ന അടുക്കള ഒന്നാക്കി മാറ്റി .. മാറ്റിവച്ച പാത്രങ്ങളും സാധനങ്ങളും ഒന്നിച്ചാക്കിയ ശേഷം തന്റെ കിടപ്പു മുറിയിൽ എത്തി അവിടെ കട്ടിലിൽ എന്തോ ആലോചിച്ചു കിടന്നു

“അമ്മേ വാ ഊണ് റെഡിയായി എന്ന മരുമകളുടെ വാക്കുകൾ കേട്ടപ്പോൾ ആണ് സരസ്വതിയമ്മ ഉണർന്നത്… ”

“പുഞ്ചിരിയുമായി നിൽക്കുന്ന മരുമകളുടെ കണ്ണിൽ നോക്കിയ സരസ്വതിയമ്മയുടെ കണ്ണിൽ നിന്നും പിരിമുറുക്കം ഇല്ലാത്ത സന്തോഷത്തിന്റെ കണ്ണുനീർ വീണു.. ”

അപ്പോൾ അടുത്ത മുറിയിൽ തന്റെ സഹോദരി ഹിമയെ വിളിച്ചുകൊണ്ട്, ചെയ്തു തന്ന സഹായത്തിനു നന്ദി പറയുന്ന തിരക്കിൽ ആയിരുന്നു ഉണ്ണി

രചന: ഗിരീഷ് കാവാലം

Leave a Reply

Your email address will not be published. Required fields are marked *