വിധിക്കുമപ്പുറം.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Zai Ka

നീയറിഞ്ഞോ പ്രിയാ… ആദിയുടെ കല്ല്യാണമാണ് അടുത്ത ഞായറാഴ്ച.

ഹ് മ്…അറിഞ്ഞു കിച്ചൂ… അവര്‍ നന്നായിരിക്കട്ടേ…ക്ഷേത്രത്തില്‍ പോവാന്‍ പറ്റില്ലെന്നല്ലേ ഉള്ളൂ…ഇവിടെ ഈ നാലു ചുവരുകള്‍ക്കുള്ളില്‍ കിടന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് അവന് വേണ്ടി.

എന്താണ് പ്രിയാ…നീയിങ്ങനെ..നിനക്കവനോട് ഒരു തരി പോലും വെറുപ്പ് തോന്നുന്നില്ലേ…

ഇത്രയും കാലം നീയീ നാലു ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടിക്കഴിയുമ്പോള്‍ ഒരിക്കല്‍ പോലും അവനിതു വഴി വന്നിട്ടില്ല. അന്ന് ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിപ്പോയ പോക്കല്ലേ…എന്തിന് മോളെ കാണാന്‍ പോലും…..

ഞാനെന്തിനാ അവനെ വെറുക്കുന്നേ..എന്‍റെ വിധി ഇതാണ്.അതില്‍ സമാധാനിക്കാനാ ഞാനെന്നെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്.ഈ ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു.

അവനല്ലേ എല്ലാത്തിനും കാരണക്കാരന്‍…എന്നിട്ടവനിപ്പോ വേറെ കെട്ടി സുഖിക്കാന്‍ പോവുന്നു.

മതി…നിര്‍ത്ത് കൃഷ്ണാ…

അന്ന് … എന്‍റെ പിറന്നാള്‍ ദിവസം … ഏറെ മോഹിച്ച് വാങ്ങിയതായിരുന്നു ആ ബുള്ളറ്റ്…അവനും ഞാനും..

അവന്‍റെകൂടെ ഇറങ്ങിപ്പോവുമ്പോള്‍ എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു.കൂടെയുണ്ടായിരുന്ന ഏക സമ്പാദ്യം വയറ്റില്‍ കുരുത്ത ജീവനും.

ഞാന്‍ മോളെയും മടിയില്‍ കിടത്തിയുറക്കി ഉറക്കമൊഴിച്ച് പഠിച്ചു നേടിയതാ എന്‍റെ ഡോക്ടര്‍ പദവി.

ആരും അറിയാതെ അമ്മമ്മ അയച്ചു തരുന്ന പണം കൊണ്ട് ഫീസടച്ചു.

എന്‍റെ മോള്‍ക്ക് നല്ല ഒരു ഡ്രസ്സെടുക്കാന്‍ ഞാനെത്ര കൊതിച്ചിട്ടുണ്ട്.

താല്‍ക്കാലികമായി കിട്ടിയ ജോലി അന്ന് വല്ല്യേ ആശ്വാസായിരുന്നു.അതിന്ന് സ്വരുക്കൂട്ടി ഉണ്ടാക്കിയ കാശു കൊണ്ടാ ആ വണ്ടി വാങ്ങിച്ചേ…

അത്രേം ആശിച്ച് മോഹിച്ച് വാങ്ങിയ അതിലെ ആദ്യ യാത്ര തന്നേ എന്‍റെ ഇടതു കാലിനെ പറിച്ചെടുത്തോണ്ട് പോവാന്‍ മാത്രം എന്ത് പാപമാ ഞാന്‍ ചെയ്തത്…

അവന്‍ മദ്യപിച്ചത് കാരണം അന്നവനോട് ഞാന്‍ പറഞ്ഞതാ..ഞാന്‍ തനിച്ച് പോയി ഡേയ് കെയറിന്ന് മോളെ കൊണ്ടു വരാമെന്ന്.

പക്ഷേ കേട്ടില്ല.ഞങ്ങളൊരുമിച്ച് ഞങ്ങളുടെ സ്വപ്നത്തിന്‍റെ പുറത്ത്…

ഞാനാ ടാ തെറ്റ് ചെയ്തേ…ഞാനവനെ മദ്യപിക്കാന്‍ സമ്മതിക്കരുതായിരുന്നു.എന്‍റെ അനുവാദമില്ലാതെ അവന്‍ കുടിക്കാറില്ലായിരുന്നു.അന്നത്തെ സന്തോഷത്തില്‍ ഞാനവനോട് കുടിച്ചോ എന്ന് പറഞ്ഞിട്ടാ അവന്‍ കുടിച്ചേ…

സാരല്ല്യ … പോട്ടേ… എനിക്കെന്‍റെ മോളുണ്ടല്ലോ…പിന്നേ ഈ ഒറ്റക്കാലിയെ ഒരു ഭാരമാണെന്ന് തോന്നുന്നവരെ നോക്കാനല്ലേ ഒളിച്ചോടിയതിന്‍റെ നാണക്കേടൊക്കെമറന്നെന്‍റെ അച്ഛനും അമ്മേം ഇങ്ങട് കൂട്ടിക്കൊണ്ട് പോന്നേ…അവര്‍ക്ക് എന്ന് ഭാരമാവുന്നോ അന്ന് വരെ ഞാനിവിടെ ഇങ്ങനെ ജീവിക്കും…

അത് കഴിഞ്ഞാ…..എന്നെന്നോട് ചോദിക്കല്ലേ ട്ടോ…അത് കഴിഞ്ഞാ എന്താന്ന് എനിക്കറിയൂല.

ഒരിറ്റു കണ്ണീര്‍ വാര്‍ക്കാനാവാതെ പ്രിയ മനസ്സിന്‍റെ നൊമ്പരങ്ങളെല്ലാം ഒരു ദീര്‍ഘ നിശ്വാസത്തിലൊതുക്കി.

ആഹാ..ആരാ ഇത്…കൃഷ്ണയോ… എപ്പോ എത്തി മോളേ…

ആ അച്ഛാ… കുറച്ച് സമയായി.

എന്നാ രണ്ടാളോടും കൂടി ഒരു സന്തോഷവാര്‍ത്ത പറയാം.

പ്രിയക്ക് എം.ഡിക്ക് അഡ്മിഷന്‍ കിട്ടി.അടുത്ത മാസം ക്ലാസ് തുടങ്ങും.

Wow..കണ്‍ഗ്രാന്‍റ്സ് പ്രിയാ..

അച്ഛനെന്താ പറയണേ..ഞാനെങ്ങനാ…

മോളേ…നീ അച്ഛന്‍റെ മോളാണ്.നീ നേടണം.നിന്‍റെ നേട്ടം കണ്ട് ചെറിയ ഒരു കാര്യത്തിന്‍റെ പേരില്‍ നിന്നെ വേണ്ടാന്ന് വെച്ചവരൊക്കെ അസൂയപ്പെടണം. ആരോഗ്യമുള്ള ശരീരത്തെ സ്നേഹിക്കാനെല്ലാരും ഉണ്ടാവും.പക്ഷേ…ഒരു താങ്ങ് വേണ്ടിടത്ത് കെെ തരാന്‍ എല്ലാരും ഉണ്ടാവണം എന്നില്ല.

എന്‍റെ മോള്‍ക്ക് കഴിയും.ഈ അച്ഛനുണ്ട് മോള്‍ടെ കൂടെ.

അത് വരെ അവളുടെ മനസ്സില്‍ കുമിഞ്ഞ് കൂടിയ നൊമ്പരങ്ങളെല്ലാം ഒരു പേമാരി കണക്കേ അച്ഛന്‍റെ നെഞ്ചില്‍ തല വെച്ചാര്‍ത്തലച്ച് പെയ്തു.

*********************°°°°°°°°°°°°°°°°°°°°***********************

ദേവിക മാഡം…ഒരു പിഞ്ചു ബാലികയെ പിച്ചിച്ചീന്തിയിട്ടും നമുക്കിടയിലൂടെ തലയുയര്‍ത്തി നടന്ന ഒരു കൂട്ടം ദ്രോഹികളെ നിങ്ങള്‍ നിയമത്തിനു മുമ്പിലെത്തിച്ചു.

പോലീസ് സ്റ്റേഷനിലെ അലമാരയുടെ അടിത്തട്ടില്‍ വെളിച്ചം കാണിക്കാതെ തളച്ചിട്ട പല കേസുകളിലെയും പ്രതികള്‍ ശിക്ഷിക്കപ്പെുകയും നീതി കിട്ടേണ്ടവര്‍ നീതി നേടുകയും ചെയ്തു. താങ്കളെപ്പോലെ മനക്കരുത്തും തന്‍റേടവും ആത്മവിശ്വാസവുമുള്ള ഒരു സ്ത്രീയെ വാര്‍ത്തെുത്തതിനു പിന്നില്‍ മാര്‍ഗ ദര്‍ശിയായത് ആരാണെന്നറിയണം എന്ന് ഞങ്ങള്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ട്‌.

വിധിയെ പഴിച്ച് കണ്ണീരൊഴുക്കാതെ കുറവുകളെ കുറിച്ച് വേവലാതിപ്പെടാതെ വാശിയോടെ പടപൊരുതി ജയിച്ച ”പ്രിയ ഗണേഷാ”ണെന്‍റെ റോള്‍ മോഡല്‍ അത് മറ്റാരുമല്ല ഈ ദേവിക IPS ന്‍റെ അമ്മതന്നെയാണ്.

അമ്മയുടെ കെെപിടിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും പുറത്തോട്ട് നടക്കുമ്പോള്‍ ഫ്ലാഷുകള്‍ മിന്നിമറഞ്ഞു കൊണ്ടേയിരുന്നു. പിറ്റേന്ന് വലിയ കോളങ്ങളില്‍ ന്യൂസുകളായും ചാനലുകളിലും തിളങ്ങിയത് കാലത്തോടും വിധിയോടും പൊരുതി ജയിച്ച ഒരമ്മയുടെ മകളുടെ വിജയ ഗാഥയായിരുന്നു.

രചന : Zai Ka

Leave a Reply

Your email address will not be published. Required fields are marked *