മുഖംമൂടികൾക്ക് പിന്നിലെ മുഖങ്ങൾ..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അലി അക്ബർ തൂത

അപ്പന്റിക്സ് ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന കൂട്ടുകാരനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ എത്തിയതാണ് നജീം.

കൂട്ടുകാരനെക്കണ്ട് മടങ്ങവെ ഹോസ്പിറ്റൽ വരാന്തയിൽനിന്ന് ഒരു പെൺകുട്ടി അവനോട് ചിരിക്കുന്നു

ആകെ അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിന്നു നജീം.ആരായിരിക്കും അത് ? ഒരു ഓർമ്മയും കിട്ടുന്നില്ല.

അവളുടെ മുല്ലപ്പൂ മൊട്ടുകൾ പോലുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയും കണ്ടു അവൻ അങ്ങനെ നിന്നു.

പിന്നെ പതിയെ അവളുടെ അരികിലേക്ക് ഒരു സ്ല്ലോമോഷണിൽ നടന്നു. നെറ്റിയിലേക്ക് ഇറങ്ങി കിടന്ന മുടി തടവി കയറ്റിക്കൊണ്ട് അവൻ അവളുടെ അടുക്കലേക്ക് നടക്കാൻ തുടങ്ങി. അപ്പോൾ ആസിഫലിയുടെ സിനിമയിലെ ആ രംഗം അവന്റെ മനസ്സിലേക്കോടി വന്നു.

”സൽമായല്ലെ.” “അതെ ”

മറുപടി കേട്ട് നജീം ആകെ ചമ്മി. ചമ്മൽ മാറ്റിക്കൊണ്ട് അവൻ പറഞ്ഞു

”കുട്ടി സിനിമ കാണാറുണ്ടല്ലേ…?”

”അതേ കാണാറുണ്ട് മലയാളം മാത്രമല്ല ഹിന്ദിയും തമിഴും കാണും”

അവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. സിനിമ നടി അൻസിബ ഹസന്റെ പോലെയുണ്ട് അവളുടെ ചിരി.

“സത്യത്തിൽ എനിക്ക് മനസ്സിലായിട്ടില്ല പറയൂ കുട്ടി ആരാണ് ..?”

“നിങ്ങളുടെ ഭാര്യ റിയയുടെ രിലെറ്റീവ് ആണ് എനിക്ക് നിങ്ങളെ നന്നായി അറിയാം”

“അത് ശരി”

നജീമിന്റെ മുഖത്തുള്ള പഞ്ചാരച്ചിരി പെട്ടെന്ന് മാഞ്ഞു.

ഭാര്യയുടെ റിലേറ്റീവ് അല്ലേ നജീം കുറച്ച് മാന്യത മുഖത്തണിഞ്ഞ് അവളോട് ചോദിച്ചു

“എന്താ ഇവിടെ ”

“എന്റെ ഉപ്പയുമായി ഹോസ്പിറ്റലിൽ വന്നതാ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് എം ആർ ഐ സ്കാൻ ചെയ്യണമെന്നാണ് പറയുന്നത് എന്റടുത്ത് ആണെങ്കിൽ അതിനു മാത്രം പൈസ കരുതിയിട്ടില്ല.”

അവൾ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു

“എത്ര രൂപയാണ് വേണ്ടത് ഞാൻ തരാം”

ഭാര്യയുടെ റിലേറ്റീവ് അല്ലേ മോശക്കാരൻ ആവണ്ട എന്നു കരുതി നജീം പറഞ്ഞു.

“വേണ്ട നിങ്ങൾക്കതിൽ ബുദ്ധിമുട്ടാവില്ലേ ഒരു മണിക്കൂറിനുള്ളിൽ പൈസ എത്തും വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്.”

” സാരമില്ല റിയയുടെ വീട്ടിൽ കൊടുത്താൽ മതി ഞാൻ അവിടെനിന്ന് വാങ്ങിക്കോളാം ഇപ്പൊ ആവശ്യം നടക്കട്ടെ ”

“നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ സന്തോഷം.. ഞാൻ പിന്നീട് അവിടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാം ”

അങ്ങനെ നജീം അവൾക്ക് കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപ അവൾക്കു കൊടുത്തു.

” എനിക്ക് ചെറിയ തിരക്കുണ്ട് ഞാൻ അവളെയും കൂട്ടി വൈകീട്ട് വരാം റൂം നമ്പർ പറയൂ.. ”

നജീം അവളുടെ ഫോൺ നമ്പറും റൂം നമ്പറും വാങ്ങി. അവന്റെ നമ്പർ അവൾക്കും നൽകി.

തിരിച്ച് വീട്ടിലെത്തിയ നജീം ഭാര്യയോട് പറഞ്ഞു.

“നിന്റെ റിലേറ്റീവ് ആയ ആരോ ഹോസ്പിറ്റലിൽ ഉണ്ട്. ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ പോയി പോരാൻ നേരത്താണ് ആ കുട്ടിയെ കണ്ടത്. തിരക്ക് കാരണം അവിടെ കയറാൻ പറ്റിയില്ല. നിന്നെ കൂട്ടി ചെല്ലാമെന്ന് പറഞ്ഞ് ഞാൻ പോന്നു. അവരുടെ കൈയിൽ പൈസ ഇല്ലാത്തതു കൊണ്ട് ഞാൻ അയ്യായിരം രൂപ കൊടുത്തിട്ടുണ്ട് അത് നിന്റെവീട്ടിൽ കൊണ്ടുവന്ന് കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട് ”

റിയ വേഗം അവളുടെ ആങ്ങളയെ വിളിച്ചു ആരാണ് ഹോസ്പിറ്റലിൽ കിടക്കുന്നതെന്ന് അറിയാൻ

അവൾ വിളിച്ചപ്പോൾ അങ്ങനെ ആരും അവളുടെ കുടുംബത്തിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടില്ല എന്ന മറുപടിയാണ് കിട്ടിയത്.

റിയ നജീമിനോട് ചൂടായി കൊണ്ട് പറഞ്ഞു.

“ഏതെങ്കിലും പെണ്ണുങ്ങൾ ഇളിച്ചു കാട്ടിയാ കൊടുക്കാൻ നിങ്ങളുടെ കയ്യിൽ പൈസയുയുണ്ട് ഞാൻ എന്റെ ഒരു പാദസരം പൊട്ടിയിട്ട് മാറ്റിത്തരാൻ പറഞ്ഞിട്ട് ദിവസം എത്രയായി അതിനൊന്നും നിങ്ങളുടെ കൈയിൽ പൈസയില്ല ഉണ്ടെങ്കിലും സമയവുമില്ല.”

“നിന്റെ കുടുംബക്കാരാന്ന് പറഞ്ഞതുകൊണ്ടല്ലേ പൈസ കൊടുത്തത് ചോദിച്ചിട്ടു കൊടുത്തില്ലെങ്കിൽ മോശമല്ലേ എന്ന് കരുതി അല്ലെങ്കിൽ അവർക്കെങ്ങനെ അറിയാ നിന്റെ പേര് ?”

“അതേതായാലും നന്നായി അയ്യായിരം പോയിക്കിട്ടീലേ ”

“എവിടെപ്പോകാൻ അവൾ ഫോൺ നമ്പർ തന്നിട്ടുണ്ട് അതിൽ വിളിച്ചു നോക്കാം നിൻറെ പൊട്ടനായ അങ്ങള നേരെ അന്വേഷിച്ച് ഉണ്ടാകില്ല”

“എന്റെ അങ്ങളയാണോ പൊട്ടൻ അതോ അയ്യായിരം രൂപ ഊരും പേരും അറിയാത്ത ഒരു പെണ്ണിന് കൊടുത്ത നിങ്ങളാണോ പൊട്ടൻ …?എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട ”

അവൾ കത്തിക്കയറിക്കെണ്ടിരുന്നു.

അവൾ കൊടുത്ത നമ്പറിലേക്ക് ഫോൺ ചെയ്യുമ്പോൾ റിംഗ് ചെയ്യുന്നുണ്ടായിരുന്നു ഫോണെടുക്കുന്നില്ല

വീണ്ടും വീണ്ടും അടിച്ചു നോക്കുമ്പോൾ ഫോൺ ഔട്ട് ഓഫ് കവറേജ് ഏരിയ ആണ്.

നജീം തലയിൽ കൈ വെച്ചു.

“പടച്ചോനെ ആ നത്തോലിപ്പെണ്ണ് പറ്റിച്ചു ”

എന്നാലും പൈസ പോയതിൽ അല്ല ദുഖം അതിവിദഗ്ധമായി പറ്റിക്കപ്പെട്ടതിന്റെ യായിരുന്നു. അതും ഒരു നത്തോലി പോലുള്ള പെണ്ണ് .ഇനി റിയയുടെ മുമ്പിൽ എങ്ങനെ പിടിച്ചു നിൽക്കും . നജീം ആകെ സങ്കടത്തിലായി.

നജീം അവന്റെ കൂട്ടുകാരൻ ഷഫീഖിനെയും കൂട്ടി ഉടൻതന്നെ ഹോസ്പിറ്റലിലെത്തി.

അന്വേഷിച്ചപ്പോൾ അങ്ങിനെയൊരു ഒരാളേ അവിടെ കിടക്കുന്നില്ല

അവൾ പറഞ്ഞ റൂം നമ്പറിൽ പ്രസവം കഴിഞ്ഞ് ഒരു സ്ത്രീയാണ് കിടക്കുന്നത്.

“ഈ കാലത്ത് നല്ല മനസ്സ്ണ്ടായാലും പ്രശ്നാണ് …”

നജീം പറഞ്ഞു.

“ഒന്നു പോട, നല്ല മനസ്സ്.. ആ പെണ്ണിന്റെ മുമ്പിൽ ഷൈൻ ചെയ്യാൻ വേണ്ടി കൊടുത്തതല്ലേ ”

ഷഫീഖിന്റെ വകയായിരുന്നു ആ കമന്റ്.

“ഓ പിന്നെ നീ പോടാ”

“അയ്യായിരം രൂപയ്ക്ക് എത്ര ചിക്കൻ ബിരിയാണി കഴിക്കായിരുന്നു.. അതാപ്പൊ ന്റെ വിഷമം”

“ഇനി മിണ്ടിയാൽ നിന്നെ ഞാൻ ബിരിയാണിച്ചെമ്പിൽ ഇട്ടു പുഴുങ്ങും ”

വീട്ടിലെത്തിയാൽ അവളുടെ കളിയാക്കൽ കൂടി സഹിക്കണ്ടേ എന്ന് വിചാരിച്ച് നജീം ആദ്യമേ ജിലേബിയും ലഡുവുമൊക്കെ വാങ്ങിയാണ് വീട്ടിലെത്തിയത്.

മാസങ്ങൾക്കുശേഷം കുറച്ച് വിത്തുകൾ വാങ്ങാൻ നജീം ടൗണിലേക്ക് പോകുമ്പോൾ അവിടെയുള്ള ബസ്റ്റോപ്പിൽ അതാ അവൾ.. തന്നെ അതി വിദഗ്ദ്ധമായി പറ്റിച്ചു പോയവൾ.

അവൻ വേഗം വണ്ടി സൈഡാക്കി. അവളുടെ അടുത്തേക്ക് ചെന്നു.

“എടീ പറ്റിച്ചു മുങ്ങി നടക്കാണല്ലേ കളളീ.. ”

കണ്ട ഭാവം നടിക്കാതെ അവൾ നടക്കാൻ തുടങ്ങി.

ഓടിച്ചെന്ന് നജീം അവളുടെ കയ്യിൽ പിടിച്ചതും ആളുകൾ കൂടി എന്താ പ്രശ്നം എന്ന് അന്വേഷിച്ചു.

അവൾ പറഞ്ഞു. ആങ്ങളയാണെന്ന് തൽക്കാലം തടി രക്ഷപ്പെട്ടു.

അവൾ നജീമിനെ അവളുടെ കൂടെ അവളുടെ വീട്ടിലേക്ക് ചെല്ലാൻ വിളിച്ചു. വീട്ടിൽ ചെന്നാൽ വാങ്ങിയ പണം തിരികെ കൊടുക്കാമെന്നും പറഞ്ഞു.

“നിന്നെപ്പോലൊരു ഫോഡിന്റെ കൂടെ വീട്ടിലേക്ക് വരാൻ ഞാനില്ല .നാണമില്ലാത്തവൾ ക്ഷണിക്കാൻ വന്നിരിക്കുന്നു. ഒന്ന് പോടി”

നജീം സർവ്വ ദേഷ്യവും മുഖത്തു വരുത്തി അവളെ കടുപ്പിച്ചു നോക്കി.

അവളുടെ കണ്ണുകൾ നിറഞ്ഞു മുഖം ചുവന്നു. കണ്ണീർ തുള്ളികൾ ഇറ്റിറ്റു വീഴാൻ കാത്തു നിൽക്കുന്നു .

അതു കണ്ടപ്പോൾ നജീമിന് സങ്കടമായി.

“നിന്റെ കൂടെ ഞാൻ വരാം നീ കരയല്ലേ ”

അങ്ങനെ കാറിൽ അവർ അവളുടെ വീട്ടിലേക്ക് യാത്രയായി.

അവളോട് ചോദിക്കാനായി നജീമിനപ്പോഴും ഒരു സംശയം ബാക്കിയുണ്ടായിരുന്നു.

“നിനക്കെങ്ങനെ അറിയാം എന്റെ ഭാര്യയെ അവരുടെ കുടുംബക്കാരെയും ”

അപ്പോൾ അവൾ ചിരിച്ചു

“നിങ്ങൾ ഫോൺ ചെയ്യുന്നത് കേട്ടപ്പോൾ ഒരു സംശയം തോന്നിയതാ ഭാര്യയോടാണെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. റിയാ എന്ന് വിളിക്കുന്നതും കേട്ടു.അങ്ങനെ ഞാനൊരു നമ്പർ ഇട്ടതാണ് ”

പഠിച്ച കള്ളി തന്നെ നജീം മനസ്സിൽ കരുതി. അവളുടെ ഒരു നമ്പർ ഇനിയും എന്തെങ്കിലും പറഞ്ഞാൽ അവൾ വീണ്ടും കരഞ്ഞാലോ എന്ന് കരുതി അവൻ മൗനം പാലിച്ചു.

അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.

ഇരുനില വീട് സാമാന്യം വലിപ്പമുള്ള നല്ല ഒരു വീടാണ് കുറച്ചു പഴക്കമുണ്ടെന്നെയുള്ളൂ

അവളുടെ ഉമ്മ വീട്ടിലേക്ക് കയറിയിരിക്കാൻ പറഞ്ഞു.

“മോനെ അന്ന് നടന്നതെല്ലാം ഇവിടെ വന്നവൾ എന്നോട് പറഞ്ഞിരുന്നു. അത്യാവശ്യമായി മരുന്ന് വാങ്ങാൻ കാശ് ഇല്ലാത്തതുകൊണ്ടാണ് അവൾ അങ്ങനെ ചെയ്തത് ” അവരുടെ കണ്ണുകൾ നിറഞ്ഞു. അവർ തുടർന്നു.

“ഇവളുടെ ഉപ്പ ഗൾഫിലായിരുന്നു നല്ല നിലയിലാണ് ഞങ്ങൾ എല്ലാവരും ജീവിച്ചുപോന്നത്. വീട് പണയം വെച്ച് സൗദിയിൽ നല്ലൊരു സൂപ്പർമാർക്കറ്റ് വാങ്ങി അതിന് വേണ്ടി വേറെയും കുറെ കടങ്ങൾ വാങ്ങിച്ചിരുന്നു… സ്വദേശിവൽക്കരണം വന്നതോടുകൂടി ഒന്നും കൊടുക്കാതെ അറബി ഇവളുടെ ഉപ്പായെ കടയിൽ നിന്ന് ഇറക്കിവിട്ടു.. ഇതിൽ മനംനൊന്ത് പ്രഷർ അടിച്ചുകയറി ഒരു പുറം കുഴഞ്ഞതാ ….ഇപ്പഴും ഒരേ കിടപ്പാണ്… എന്തെങ്കിലും ചോദിച്ചാൽ കണ്ണിൽ നിന്ന് ഇടക്ക് കണ്ണീർ ഒലിക്കുന്നത് അല്ലാതെ ഒന്നും പറയാനറിയില്ല ”

നിറഞ്ഞു കവിഞ്ഞ കണ്ണുകൾ ഉമ്മ സാരാത്തുമ്പാൽ തുടച്ചു.

നജീം വിഷമത്തോടെ നിന്നു. വീടും പരിസരവുമൊക്കെനോക്കുന്നത് കണ്ട് അവർ പറഞ്ഞു.

“വീട് കണ്ടൊന്നും അത്ഭുതപ്പെടേണ്ട ഇതെല്ലാം ബാങ്ക് ജപ്തി ചെയ്യാൻ നിൽക്കുകയാണ് …. അന്ന് അവളുടെ ഉപ്പാക്ക് മരുന്നുവാങ്ങാൻ പൈസയില്ലാതെ ഇരിക്കുമ്പോഴാണ് മോൻറെ കയ്യിൽ നിന്ന് പൈസ വാങ്ങിയത് കള്ളവും പറഞ്ഞ്… അല്ലാതെ വഴിയുണ്ടായിരുന്നില്ല”

നജീം അവളുടെ മുഖത്തേക്ക് നോക്കി.. അവൾ വല്ലാത്തൊരവസ്ഥയിൽ മുഖം താഴ്ത്തി.

“മോനെ നിന്നെ ചതിക്കണമെന്ന് വിചാരിച്ചിട്ടല്ല തിരിച്ച് തരാം എന്ന് കരുതി തന്നെയാണ് നമ്പർ ഒക്കെ വാങ്ങിയത്… മരുന്നുവാങ്ങി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അവളുടെ മൊബൈൽ നഷ്ടപ്പെട്ടിരുന്നു ഒത്തിരി തിരഞ്ഞു പക്ഷേ അവളുടെ ഫോൺ കിട്ടീല അതുകൊണ്ടാണ് മോനെ അങ്ങനെ സംഭവിച്ചത് ”

നജീം ഒന്നും മിണ്ടിയില്ല അവൻ അവളുടെ ഉപ്പയെ ചെന്ന് കണ്ടു. ” പാവം എന്ത് ചെയ്യാനാ ഒരു അമ്പതു വയസ്സ് പ്രായം തോന്നും.” അവൻ കരുതി.

നജീം യാത്ര പറഞ്ഞ് തിരിച്ചു പോരാൻ തുടങ്ങിയതും അവൾ അവന്റെ അടുത്തേക്ക് ചെന്നു. വാങ്ങിയ പൈസ തിരിച്ചു കൊടുക്കാൻ വേണ്ടി.

“ഇതാ നിങ്ങൾ വാങ്ങിയ പണം ”

അവൻ ആ പണം വാങ്ങി നേരെ അവളുടെ ഉമ്മാന്റെ അടുത്തേക്ക് ചെന്ന് അവരുടെ കൈ പിടിച്ച് പണം കയ്യിൽ വെച്ച് കൊടുത്തു.

അവർ പക്ഷേ അത് വാങ്ങാൻ വിസമ്മതിച്ചു.

” വേണ്ട മോനെ…നീ അന്ന് തന്നതു തന്നെ വലിയ ഉപകാരമായിരുന്നു. ഇനി മോനെ ബുദ്ധിമുട്ടിക്കുന്നില്ല”

“നിങ്ങൾ മോനെ എന്ന് വിളിച്ചത് സത്യമാണെങ്കിൽ ഇതു വാങ്ങണം ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കുകയും വേണം.. എൻറെ ഉപ്പയും എട്ടുവർഷത്തോളം ഇതേ കിടപ്പ് കിടന്നതാണ് നിങ്ങളുടെ വിഷമം മറ്റാരേക്കാളും മനസ്സിലാക്കാൻ എനിക്ക് കഴിയും”

അതും പറഞ്ഞ് ഒരിക്കൽ കൂടി തന്റെ ഫോൺ നമ്പറും കുറിച്ചു കൊടുത്ത് തിരിച്ചു പോരുമ്പോൾ നജീം ഒന്നു തിരിഞ്ഞു നോക്കി.

അവിടെ നാല് കണ്ണുകളിൽ നിന്നും വരുന്ന കണ്ണീർ സന്തോഷത്തിന്റെ കണ്ണുനീരാണ്…..

കാലങ്ങൾക്കുശേഷം മനസ്സിന് എന്തെന്നില്ലാത്ത നിർവൃതി അവനും അനുഭവപ്പെട്ടു.

രചന : അലി അക്ബർ തൂത

Leave a Reply

Your email address will not be published. Required fields are marked *