ഭാര്യ തന്ന എട്ടിന്റെ പണി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: റഷീദ് എം ആർ ക്കെ

വിവാഹം കഴിഞ്ഞ ശേഷം ഭാര്യ നൗറിക്ക് മനഃപൂർവ്വം ഒരു എട്ടിന്റെ പണി കൊടുത്തിരുന്നു..

കയ്യിൽ കാറുണ്ടായിട്ടും കേടാണെന്ന് വരുത്തി തീർത്ത് അവളുടെ വീട്ടിലേക്ക് പോകുന്ന ദിവസം വണ്ടി കേടാണ് നമുക്ക് ബസ്സിന്‌ പോകാമെന്നു പറഞ്ഞു അല്ലെങ്കിൽ വണ്ടി ശെരിയാക്കിയിട്ട് നാളെ പോകാമെന്നു പറഞ്ഞപ്പോൾ. ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം പാസ്സായി കിട്ടിയാൽ പിന്നെ ഹർത്താൽ ആണെങ്കിലും പെണ്ണ് അവളുടെ വീട്ടിലേക്ക് നടന്നിട്ടാണെങ്കിലും പോകും എന്നാണല്ലോ ഭാസ്‌ക്കര കുറുപ്പ് പണ്ട് ഓളങ്ങൾ ഇല്ലാത്ത കടപ്പുറം എന്ന കവിതയിൽ എഴുതിയത്. ( അതാരാണെന്ന് ചൊയ്ക്കണ്ട )…!

ബസ്സിൽ കയറി വീട്ടിലേക്ക് പോകാൻ അവൾക്ക് നല്ലോണം ഭയം ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു അങ്ങനെ ഒരു പണി കൊടുക്കാൻ തീരുമാനിച്ചത് കാരണം സ്വന്തം ഭാര്യക്ക് വല്ല കെണിയും വെച്ചാൽ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് പ്രശസ്ത സഞ്ചാരി വാൽക്കം ഫ്രൂട്ട് പണ്ട് പറഞ്ഞത് നിങ്ങൾ വായിച്ചു കാണുമല്ലോ..! ( അതാരെന്നും ചോയ്ച്ചു വരണ്ട )

തിരക്കുള്ള ബസ്സിൽ കയറിയതും അവൾ ഇടക്കിടക്ക് തിരിഞ്ഞു നോക്കുന്നത് അവളെറിയാതെ ഞാൻ കാണുന്നുണ്ടായിരുന്നു.

ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ഇടക്കിടക്ക് ഭയം ഇല്ലാത്തത് പോലെ നോക്കി നിൽക്കുന്ന ആ നിർത്തം കണ്ടപ്പോൾ അപ്പൊ പിടിച്ചു കൊണ്ടു പോയി ഒരവാർഡ്‌ കൊടുക്കാൻ തോന്നി അജ്ജാതി അഭിനയം.

പൈസ വാങ്ങാൻ വന്ന കണ്ടക്റ്റർ അറിയുന്ന ആളായത് എനിക്ക് അൽപ്പം കൂടി ഉഷാർ കൂടി . രണ്ട് പേരുടെയും പൈസ കൊടുത്ത ശേഷം ഞാൻ അവനോട് പറഞ്ഞു ” എന്റെ വൈഫ് ആണ് ആ നിൽക്കുന്നത് നീ അവളോട്‌ പൈസ ചോദിക്ക് അവളപ്പോൾ പിറകിൽ ആളുണ്ടെന്ന് പറയും.. ഞാൻ അപ്പോഴേക്കും ഇവിടെ ഇരുന്ന് ഒന്ന് മുങ്ങാം.. പേടിപ്പിക്കേണ്ട ഇടക്കിടക്ക് ആരാണ് ബാക്കിൽ ഉള്ള ആൾ എന്ന് ചോദിക്ക് ” കാര്യം കേട്ടപ്പോൾ അവനും സംഭവം കൊള്ളാമെന്നു തോന്നി സമ്മതിച്ചു.

അവൻ മുന്നിലേക്ക് പോയപ്പോൾ ഞാൻ അവൾ തിരിഞ്ഞു നോക്കിയാൽ കാണാത്ത രൂപത്തിൽ സീറ്റിന് പിറകിൽ ഒളിഞ്ഞിരുന്നത് ആളുകൾ നോക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഞാൻ ശ്രദ്ധിച്ചതേയില്ല..

ബസ്സിന്റെ മുൻ ഭാഗത്തേക്ക് എത്തിയ കണ്ടക്റ്റർ ഉറക്കെ ” അവിടെ താത്താ എവിടെ ആള്..?. ബാക്കിൽ ആരും ചാർജ്ജ് തന്നില്ലലോ..? എന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ അവൾ കാണാതെ അവളെ നോക്കിയപ്പോൾ അവൾ ഞാൻ എവിടെ പോയി എന്നറിയാതെ വേവലാതിപെട്ട് പിറകോട്ട് തന്നെ മാറി മാറി നോക്കുന്നത് കണ്ട് ചിരി നിർത്താൻ കഴിയുന്നുന്നില്ലായിരുന്നു.

അവസാനം ഇറങ്ങാൻ നേരം ആയപ്പോൾ കണ്ടക്റ്റർ “പൈസ ഇല്ലാതെയാണോ യാത്ര ചെയ്യാൻ ബസ്സിൽ കയറിയത്..? പിറകിൽ ആളുണ്ടെങ്കിൽ ആളെവിടെ..? ” എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റ് നിന്ന് അവളെ നോക്കിയതും അവളെന്നെ കണ്ടു.

ഈ സമയത്ത് കണ്ടക്റ്റർ തെണ്ടി പ്രതീക്ഷിക്കാതെ ” റഷീയെ സാധു നല്ലോണം പേടിച്ചുട്ടാ.. അവൾക്ക് മനസ്സിലായില്ല നീ അവിടെ ഇരുന്നത്..! ” എന്ന് പറഞ്ഞ് സംഭവം പൊളിച്ചു.

അതോടെ കാർമേഘങ്ങൾ കുന്നു കൂടിയ അവളുടെ മോന്തയിൽ നിന്നും എനിക്ക് വായിക്കാൻ കഴിഞ്ഞു ” ഇനി ഈ പിണക്കം മാറ്റാൻ ഒരു ബസ്സ്‌ സോപ്പ് ഞാനിറക്കി പതപ്പിക്കേണ്ടി വരുമെന്ന് “..

ബസ്സിൽ നിന്നും ഇറങ്ങി വീട്ടിൽ എത്തിയിട്ട് മാറാത്ത ആ പിണക്കം പിന്നീട് മാറിയത് ഒരു ദിവസം അനുവദിച്ച ലീവ് നാലാക്കി കൂട്ടി കൊടുത്തിട്ടായിരുന്നു പക്ഷെ അവൾക്ക് കൊടുത്ത ആ പണിക്ക് തിരിച്ചുള്ള പണി കിട്ടിയത് എനിക്ക് ഒരു വയറിളക്കം പിടിപെട്ട സമയത്താണ്.

എന്റെ കൂടെ ഹോസ്പിറ്റലിൽ പോകാൻ ഉമ്മയാണ് സാധാരണ കൂടെ വരാറ് ഇപ്രാവശ്യം പോയപ്പോൾ അവൾ ഉമ്മയോട് സമ്മതം വാങ്ങി എന്റെ കൂടെ വന്നപ്പോൾ ആ വരവിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല അല്ലെങ്കിലും പെണ്ണിന്റ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ ഖിയാമാത്ത് നാൾ വരെ ഒരു യന്ത്രവും കണ്ടു പിടിക്കാൻ ശാസ്ത്ര ലോകത്തിന് കഴിയില്ലന്നാണല്ലോ ചൊല്ല് ..!

മിനുട്ടികൾ ഇടവിട്ട് ബാത്‌റൂമിൽ പോയി കൊണ്ടിരുന്ന ഞാൻ ക്ഷീണിച്ചു പരവശനായി അവളുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോയി. ഡോക്റ്ററുടെ അടുത്ത് നല്ല തിരക്കുള്ള സമയം ആയതിനാൽ അവൾ ഇടക്കിടക്ക് ഉറക്കെ ചോദിച്ചു ” ഇക്കാ ബാത്‌റൂമിൽ പോണമെങ്കിൽ പറയണെ.. ഞാൻ കൊണ്ടാക്കാം…!”

” കൗറ്യേ.. ജ്ജ് ഒന്ന് മുണ്ടാതെ ഇരിക്കോ ആള്ക്കാര് കേക്കും ” എന്ന് പറഞ്ഞത് കേട്ട പോലെ അപ്പുറത്ത് ഇരിക്കുന്ന ഒരു താത്ത ചിരിക്കാൻ വയ്യാതെ മുട്ടി നിൽക്കുന്നു.

എനിക്കാണെങ്കിൽ പെട്ടെന്ന് വീട്ടിലേക്കൊ എത്തിയാൽ മതി എന്നുള്ള ഒരൊറ്റ ചിന്തയിലാണ് ഞാൻ ഇരിക്കുന്നത്. ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ആയാൽ സംഗതി എന്റെ നിയന്ത്രണത്തിൽ നിന്നും പോകും അവിടെ ഇരിക്കുന്നോർ മുഴുവൻ അറിയും…!!

അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഞാൻ മിണ്ടിയില്ല കൂടുതൽ സംസാരിക്കാൻ നിന്നാൽ വയറ് പിടി വിടും എന്നുറപ്പുള്ളതിനാൽ ഞാനാ ഭാഗത്തേക്ക്‌ നോക്കിയതെയില്ല.

അവസാനം ഞങ്ങളുടെ ടോക്കണും വിളിച്ചു. അവൾ വലിയ ആളെ പോലെ എന്റെ മുന്നിലും ഞാൻ പിന്നിലും ചെന്നു.

ഡോക്റ്റർ കൂടെ വന്ന അവളോട്‌ എന്റെ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയും. എന്നെ പരിശോധിക്കുകയും ചെയ്യുന്നു.

ഡോക്ടർ ” എന്ന് മുതലാണ് തുടങ്ങിയത്.. നല്ലോണം വയറ് ഇളകുന്നുണ്ടോ…?” ഞാൻ മറുപടി പറയാൻ ഒരുങ്ങുന്നേ ഉണ്ടായിരുന്നൊള്ളൂ അപ്പോഴേക്കും അവൾ ചാടി കേറി പറഞ്ഞു ” കുറെ ദിവസമായി തുടങ്ങിയിട്ട് നല്ലോണം വയറ്റിൽ നിന്നും പോകുന്നുണ്ട്… രണ്ട് ദിവസം ബെഡിലും പോയി..!”

പ്രതീക്ഷിക്കാതെ അതങ്ങോട്ട് കേട്ടതും ഞാൻ അവളുടെ മുഖത്തേക്ക് വെട്ടി തിരിഞ്ഞു നോക്കിയതും അവൾ എന്നെ നോക്കാതെ വീണ്ടും പറഞ്ഞു ” ബാത്റൂമിൽ നിന്നും എഴുന്നേൽക്കാൻ നേരമില്ല എന്താണ് പറ്റിയത് എന്നറിയില്ല ഇങ്ങോട്ട് വരുമ്പോഴും കുറെ വട്ടം പറഞ്ഞിരുന്നു ബാത്റൂമിൽ പോകാൻ ഉണ്ടെന്ന്..!”

ചതി മനസ്സിലാക്കിയ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ” പകരം വീട്ടി അല്ലെടീ ” എന്ന് മനസ്സിൽ പറഞ്ഞ് നോക്കിയപ്പോൾ ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു ” ഈ മരുന്ന് രണ്ട് ദിവസം കൊടുക്കൂ.. എന്നിട്ടും ബെഡിൽ പോയാൽ നമുക്ക് വയറൊന്ന് സ്ക്കാൻ ചെയ്യണം ”

ഒന്നും പറയാൻ വയ്യാതെ സീറ്റിൽ നിന്നും എഴുന്നേറ്റ ഞാൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നു പോയേ രണ്ടാളും എനിക്കൊന്ന് ചിരിക്കണം എന്ന മട്ടിൽ ഞങ്ങളെ നോക്കി ഇരിക്കുകയായിരുന്നു.

മരുന്ന് വാങ്ങി ഓട്ടോയിൽ കയറിയ ഞാൻ ” അല്ല എനിക്ക് എപ്പഴാഡീ കോപ്പേ ബെഡിൽ പോയത്..?? ”

ഒരു കൂസലും ഇല്ലാതെ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ” അന്ന് വീട്ടിലേക്ക് പോകുമ്പോൾ ബസ്സിൽ വെച്ച് എന്നെ കളിപ്പിച്ചില്ലേ അയിന്റെ പകരാ ഇത് ”

ഞാൻ ഒന്നും പറഞ്ഞില്ല… അന്ന് നടന്നത് മറക്കാതെ തക്കം പാർത്ത് നടന്ന് തിരിച്ചു പണി തന്ന ഇവൾക്ക് ഇനിയും പണി കൊടുത്താൽ ഒരുപക്ഷേ തിരിച്ചു ഇനിയും കിട്ടും അതോണ്ട് ഇനി ആ പരിപാടിക്ക് നിൽക്കണ്ട എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അവൾ ഓട്ടോകാരനോട് പറഞ്ഞു ” അസീസേ ഒന്ന് വേഗം ഓടിക്ക് ഇങ്ങേർക്ക് കക്കൂസിൽ പോകാൻ മുട്ടുന്നുണ്ടെന്ന് ”

പൊട്ടി ചിരിക്കാൻ തോന്നിയെങ്കിലും അനങ്ങിയില്ല അസീസിന്റെ സീറ്റ് ഓർത്ത് കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു കിട്ടിയ പണിയെല്ലാം രണ്ട് കയ്യും നീട്ടി വാങ്ങി കൊണ്ട്… 😂😂

സ്നേഹത്തോടെ

രചന: റഷീദ് എം ആർ ക്കെ – സലാല

Leave a Reply

Your email address will not be published. Required fields are marked *