അനുഭവ കുറിപ്പ്

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ഡോ.ഷിനു ശ്യാമളൻ

ചോറ്റു പാത്രത്തിൽ ചോറു മാത്രം. ചിലപ്പോൾ അച്ചാറും. വളരെ വിരളമായി ഒരു കൂട്ടം തോരനും.

‌ഞങ്ങൾ കൂട്ടുകാരൊക്കെ വിഭവ സമൃദ്ധമായ കറികളും കൂട്ടി ഉച്ചയ്ക്ക് സ്കൂളിൽ ചോറു കഴിക്കുമ്പോൾ അവൾ മാത്രം കറികളൊന്നുമില്ലാതെ പച്ച ചോറുമായി ഊണു കഴിക്കുവാനിരിക്കും .ബെഞ്ചിന്റെ ഇരുവശത്തായി ചോറു കഴിക്കാനിരിക്കുന്ന ഞങ്ങളുടെ കറികളിൽ നിന്നും ഒരു വീതം അവൾക്കും കൊടുത്തു. ‌ എല്ലാ ദിവസവും ആ പതിവ് ആവർത്തിച്ചു. എല്ലാവരും കൊണ്ടുവരുന്ന കറികൾ പരസ്പരം വീതിച്ച് കഴിച്ചിരുന്നു. പലതരം, തോരൻ, അവിയൽ, പലതരം കറികൾ. ഇത്രയധികം രുചികൾ നാവിനെ ത്രസിപ്പിച്ച ഒരു കാലം പിന്നീട് ഉണ്ടായിട്ടില്ല.

അവൾ അധികമാരോടും ഒന്നും സംസാരിച്ചിരുന്നില്ല. അഴകൊത്ത മിനുസമാർന്ന മുടി പൊക്കി കെട്ടി എന്നും ഒരേ ശൈലിയിൽ അവൾ സ്കൂളിൽ വരും. പലപ്പോഴും മൗനിയായി ക്ലാസ്സിലിരുന്നു.

ഞങ്ങൾ അവളോട് എന്തെങ്കിലും ചോദിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ മറുപടിയൊതുക്കി വീണ്ടും അവൾ മൗനം പാലിച്ചു.

പലപ്പോഴും ടീച്ചർ ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ അവളുടെ ശ്രദ്ധ അവളെ വിട്ടു പോകുന്നതായി ഞാൻ കണ്ടിരുന്നു. ടീച്ചർ അവളുടെ പേരുവിളിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പലപ്പോഴും ഒന്നും പറയുവാനാകാതെ എഴുന്നേറ്റു നിന്നിരുന്നു.

ഞങ്ങൾ കൂട്ടുകാർക്കൊക്കെ അവളെ ഓർത്തു വിഷമമുണ്ടായിരുന്നു. പലപ്പോഴും ഞങ്ങൾ പരസ്പരം ചോദിച്ചിരുന്നു അവൾക്ക് എന്തുപറ്റി,എന്താണവളുടെ പ്രശ്നമെന്ന്. അവളോടും ചോദിക്കുവാൻ ശ്രമിച്ചു. ഒരിക്കലും ഞങ്ങളുടെ ചോദ്യങ്ങൾക്ക് അവൾ മറുപടി തന്നില്ല. അവൾ ഒഴിഞ്ഞു മാറി നടന്നു. ചോദ്യങ്ങൾ കേട്ടിലെന്ന് നടിച്ചു.

പിന്നീടൊരിക്കൽ അറിയുവാൻ സാധിച്ചു അവൾക്ക് രണ്ടാനമ്മയാണെന്നും, അവളും അമ്മയും തമ്മിൽ ചേരില്ലയെന്നും.

അവളുടെ വീട്ടിലെ സാഹചര്യം വളരെ മോശമാണെന്ന് അവളുടെ പെരുമാറ്റത്തിൽ നിന്നും വളരെ വ്യക്തമായിരുന്നു.

ഒരിക്കൽ ഞാൻ ഇതിനെക്കുറിച്ച് രഹസ്യമായി ടീച്ചറോട് പറയുകയും ടീച്ചർ അവളെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. രണ്ടുവർഷമേ അവൾ ഞങ്ങളുടെ കൂടെ പഠിച്ചിട്ടുള്ളു. പക്ഷേ ഇന്നും അവളുടെ മുഖം പച്ച കുത്തിയ പോലെ എൻറെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു.

പഠനത്തിലും അവളുടെ വ്യാകുലതകൾ നിഴലിച്ചു നിന്നിരുന്നു. മാർക്കും കുറവായിരുന്നു.

എപ്പോഴും വിഷമം നിറഞ്ഞ മുഖം. മൗനം മാത്രം. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയുമെന്നല്ലാതെ ആ മുഖത്തു സന്തോഷം കണ്ടിട്ടില്ല. ഇടയ്ക്ക് എന്തെങ്കിലും തമാശ പറഞ്ഞു അവളെ ഞങ്ങൾ ചിരിപ്പിക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന ആ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു.

അവൾക്ക് മതിയായ കൗൺസിലിംഗ് ലഭിക്കാൻ വേണ്ടിയാണ് ഞാൻ അവളുടെ കാര്യം ടീച്ചറിനോട് പറഞ്ഞത്. ആ സമയത്ത് എനിക്ക് അത്ര മാത്രമേ അവൾക്കു വേണ്ടി ചെയ്യുവാൻ സാധിച്ചുള്ളൂ.

ഇന്നവൾ എവിടെയാണെന്നോ എന്തുചെയ്യുകയാണെന്നോ എനിക്കറിയില്ല. എവിടെയായാലും സന്തോഷത്തോടെ വിവാഹം കഴിച്ചു കുടുംബത്തോടൊപ്പം മക്കളുമൊക്കെയായി ജീവിക്കുന്നു എന്ന് ഞങ്ങൾ കൂട്ടുകാർ കരുതട്ടെ.

രചന : ഡോ.ഷിനു ശ്യാമളൻ

Leave a Reply

Your email address will not be published. Required fields are marked *