ക്ളാസ്മേറ്റ്സ്

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഷൗക്കത്ത് മൈതീൻ, കുവൈത്ത്

പത്താം ക്ളാസിൽ ഒന്നിച്ചു പഠിച്ച എന്റെ സഹപാഠികൾ എല്ലാവരും ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി,…

അതിലെന്നെ അഡ്മിനാക്കി,

32 വർഷങ്ങൾക്കു ശേഷം ഞങ്ങൾ എല്ലാവരും പരസ്പരം കണ്ടു, ….

ചിതറി പോയ സൗഹൃദങ്ങൾ കൂട്ടിവച്ച് ഗ്രൂപ്പിൽ ഞങ്ങൾ പഴയ ക്ളാസ് മുറി പണിതു,…

മെസേജിലൂടെ വിശേഷങ്ങൾ പങ്കു വച്ചു,…. സന്തോഷങ്ങൾ നിറഞ്ഞു….

ഇന്ന്, പലരും ജോലിക്കാരാണ് ….

ചിലർ അദ്ധ്യാപകർ ചിലർ കർഷകർ ചിലർ ബിസിനസ് ചിലർ വിദേശത്ത് അപൂർവ്വം ചിലർ മരിച്ചും പോയി,

അവനവന് ലഭിച്ച ഇണകളും മക്കളുമായി അവനവന്റെ കാര്യവും നോക്കി അവനവന്റെ കൂരയിൽ എല്ലാവരും ആഹ്ളാദചിത്തരായി ജീവിക്കുകയാണ് ഇപ്പോൾ….!!

”അങ്ങനെയിരിക്കെ അഡ്മിനായ എനിക്ക് ഒരാഗ്രഹം,…

എന്റെ കൂട്ടുകാരെ ഓരോരുത്തരേയും അവരറിയാതെ വീട്ടിൽ ചെന്ന് നേരിൽ കാണണം …

ആദ്യം വില്ലേജാഫീസറായ വത്സലന്റെ വീട്ടിൽ പോകാൻ ഉദ്ദേശിച്ചു,….

”വത്സലനെന്ന ”വത്സു” വും, ഞാനും ഒരു ബെഞ്ചിൽ ഇരുന്ന് പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു,…

അങ്ങനെ, അവനെ ആദ്യം കാണാം എന്നു വിചാരിച്ച് , ഒരു ഞായറാഴ്ച ദിവസം രാവിലെ ഞാൻ വീട്ടിൽ നിന്നിറങ്ങി,…

തലേ ദിവസം രാത്രി, പെയ്തു മരിച്ച മഴത്തുളളികളുടെ അവശിഷ്ടങ്ങൾ മുറ്റത്ത് ചിതറി കിടക്കുന്നുണ്ട്,….

നനഞ്ഞ ആകാശത്ത് ഒരു സംഘം മേഘങ്ങൾ സംഘടിക്കുന്നതു കണ്ട് ഞാൻ മനസിൽ പറഞ്ഞു,….

”മഴ പെയ്യുമോ ആവോ…കുടയുമെടുത്തില്ല,…”

ടാറിങ്ങ് പൊളിഞ്ഞ് , ഇരു സൈഡിലും കാട് പിടിച്ച് കിടക്കുന്ന ഓടയും , കത്താത്ത തെരുവ് വിളക്കുകളുമുളള പഞ്ചായത്തു വക റോഡിലൂടെ കാലുകൾ നീട്ടി വച്ച് ഞാൻ നടന്നു,…..

പഞ്ചായത്ത് റോഡിനേയും, നാഷണൽ ഹൈവേയും ലിങ്കാക്കുന്ന കവലയിൽ നിന്ന് പ്രെവൈറ്റ് ബസിൽ കയറി ,വത്സലന്റെ താമസ സ്ഥലത്തേക്കു ടിക്കറ്റെടുത്തു,…..!

”അര മണിക്കൂർ കൊണ്ട് വത്സലന്റെ നാട്ടിൽ എന്നെ എത്തിച്ചിട്ട് ബസ് അതിന്റെ വഴിക്ക് പാഞ്ഞു പോയി,…..!

വത്സലന്റെ വീട്ടിലേക്ക് പോകുന്ന ചെറിയ റോഡിലൂടെ ഞാൻ നടന്നു…

,പഠിക്കുന്ന നാളുകളിൽ വത്സുവിന്റെ ഒപ്പം ഇവിടെ പലതവണ വന്നിട്ടുണ്ട് ,….

ദൂരെ നിന്നു തന്നെ വത്സലന്റെ വീട് എനിക്കു മനസിലായി,…

വീട് പുതുക്കി പണിതിരിക്കുന്നു,….

മുറ്റത്ത് ചെന്ന ഞാൻ ….

ഭിത്തിയിൽ ഘടിപ്പിച്ച ബെല്ലിൽ വിരലമർത്തി,….

”വീടിനുളളിൽ മൃദുവായ ശബ്ദത്തിൽ മണി നാദം മുഴങ്ങി,…

” വീട്ടിനകത്ത് നിന്ന് ന്യൂ ജെൻ കുട്ടിത്തം ,വാതില്ക്കൽ പ്രത്യക്ഷപ്പെട്ടു,…

ഒറ്റ നോട്ടത്തിൽ മനസിലായി വത്സുവിന്റെ മകൻ …. അവന്റെ ബാല്ല്യം പോലെ ….

”ഞാൻ ചിരിച്ചു,…. ന്യൂ ജെൻ ചിരിച്ചില്ല,

പെട്ടന്നാണ് എനിക്ക് ബോധം വീണത്, എന്റെ ചിരി കുട്ടി കണ്ടിട്ടില്ല

കാരണം, മാസ്ക്കിനുളളിലെ ചിരി ആര് കാണാനാണ്,…

”മാസ്ക്ക് താഴ്ത്തി ഞാൻ വീണ്ടും ചിരിച്ചു, ഇത്തവണ ന്യൂ ജെനും ചിരിച്ചു,

”ആരാ ..?

”വത്സലനുണ്ടോ മോനെ ..?

”ഉണ്ട് അച്ഛനുണ്ട്,..’

മറുപടി ക്കു ശേഷം കുട്ടി തന്റെ കഴുത്ത് അകത്തേ മുറിയിലേക്ക് തിരിച്ചു പിടിച്ച് ഉച്ഛത്തിൽ പറഞ്ഞു,….

”അച്ഛാ …..ഒരങ്കിൾ അന്വേഷിക്കുന്നു,…

”കയറ്റി വിടു,…! അകത്ത് നിന്ന് ആജ്ഞ,..,!!

”കയറ്റി വിടാനോ ….? ”കയറ്റി വിടാൻ ഞാനെന്താ എക്സ്പോർട്ടിംഗ് ചരക്ക് വല്ലതുമാണോ ..? അങ്ങനെ ചിന്തിച്ചു,

പക്ഷേ,

പെട്ടന്നാണ് എനിക്ക് ബോധം വന്നത്,

വത്സലൻ പണ്ടത്തെ ”വത്സു” അല്ല,

ക്ളാസിലെ ബാക്ക് ബെഞ്ചിലിരുന്ന് കോക്കിരി കുത്തി കൊണ്ടിരുന്ന പഴയ ചെക്കനല്ല….

ആള് ….. ആപ്പ ഊപ്പ പെട്ടി ആപ്പയല്ല,…..

ആള് വില്ലേജ് ആപ്പിസറാണ് ….

ഭൂമി ദേവിയുടെ നാലതിരുകളുടേയും,….. സർവ്വേ നമ്പരുകളുടേയും….., പോക്ക് വരവ്, ആധാര പട്ടയങ്ങളുടേയും എല്ലാം കാര്യങ്ങൾ തന്റെ കര ങ്ങളിലാക്കി……

കരമടച്ച രസീത് ബുക്കിനുളളിൽ ജീവിതം നയിക്കുന്ന ആപ്പിസറാണ് മിഷ്ടർ വത്സു എന്ന വത്സലൻ …..!

അവന്റെ ശൈലി അതാണ് ഒരു വില്ലേജ് ആപ്പിസറുടെ ശൈലി,…

”വരു അങ്കിൾ ….!

”ഞാനകത്തേക്ക് കയറി…

”പിന്നെ അങ്കിൾ ……?

എന്തോ പറയാനുളളതു പോലെ മകൻ തിരിഞ്ഞു നിന്നു,….

,,എന്താ മോനെ …?

”അച്ഛൻ വില്ലേജാപ്പിസറാണ് …ആ ശൈലിയിലാണ് സംസാരം ….!

മകൻ ചിരിച്ചു, ഞാനും ചിരിച്ചു,…

നടു മുറി കടന്ന് ഇടത്തെ മുറി ചൂണ്ടി കാണിച്ച് മകൻ അപ്രത്യക്ഷ്യനായി,….

”മുറിക്കുളളിലേക്ക് കയറിയ ഞാൻ വത്സു വിനെ കണ്ടു,…

”ബാല്ല്യത്തിന്റേയും, കൗമാരത്തിന്റേയും ,യൗവ്വനത്തിന്റേയും ” ജീ ബി” തീർന്ന വത്സുവിന്റെ ഇന്ത്യൻ ശരീരം ,

റേഞ്ചില്ലാത്ത ചൈന മൊബൈലു പോലെ ആടി ഉലഞ്ഞ് കസേരയിൽ ഇരിക്കുന്നു,….. മൊബൈലിന്റെ പുറത്തെ കവറു പോലെ ഒരു കറുത്ത ബനിയനും ശരീരത്തുണ്ട്,

കണക്കു മാഷിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ മറന്നു പോയ പഴയ ക്ളാസ്മേറ്റിന്റെ ഭാവത്തിൽ വത്സു എന്നെ നോക്കി ”മിണ്സാ ”മട്ടിൽ ഇരിക്കുകയാണ് …..!!

വത്സു….. !!

ഞാൻ വിളിച്ചു,…’ നിനക്ക് എന്നെ മനസിലായില്ലേ …?

വത്സു തന്റെ കണ്ണട ഒന്നൂടി ശരിയാക്കി വച്ച് ,സൂക്ഷിച്ചു നോക്കി…പിന്നെ ചിരിച്ചു,….

”ഓ ….ഷൗ……!

അവനെന്നെ അങ്ങനെയെ വിളിക്കു,…..

”ഷൗക്കത്ത് ” എന്ന പേര് പൂർണ്ണമായി വിളിക്കില്ല,…. ആദ്യത്തെ അക്ഷരമായ ” ഷൗ ” എന്നേ വിളിക്കു,…!

പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്….. എന്റെ പേര് ”ബൗക്കത്ത് ” എന്ന് ഇടാതിരുന്നത് ….

”അങ്ങനെയായിരുന്നെങ്കിൽ അവനെന്നെ ”ബൗ…എന്നു വിളിച്ചേനെ ….

വിളി കേട്ടില്ലെങ്കിൽ ”ബൗ..ബൗ..എന്ന് വിളിച്ച് നമ്മളെ പട്ടി കുട്ടിയാക്കും,….!

”ആഹ്ളാദകരമായ നിമിഷങ്ങൾ,….

അവൻ എന്നെ ആപാദചൂഡം നോക്കി, അടിയാധാരം നോക്കുന്നതു പോലെ,….

എന്റെ എല്ലാ വശങ്ങളിലേക്കും നോക്കി കൊണ്ട് അവൻ പറഞ്ഞു, ഒരു വില്ലേജാപ്പിസറുടെ ശൈലിയിൽ ,.

വടക്ക് കാൽപ്പാദം വക സ്ഥലം പഴയതു പോലെ,…..

”ങേ ” …. ”ഞാൻ എന്റെ കാൽപ്പാദത്തിലേക്ക് നോക്കി …”

തെക്ക് കഷണ്ടി വക തല നരച്ചിട്ടുണ്ട്

”ങേ …”!! ഞാൻ തലയിൽ തലോടി…”

പഠിഞ്ഞാറ് വലതു കക്ഷം വക സ്ഥലം മെലിഞ്ഞിട്ടുണ്ട്….

”ഹൊ ..” ഇടതു കൈ കൊണ്ട് ഞാനെന്റെ വലതു കക്ഷം ചൊറിഞ്ഞു,…”

കിഴക്ക് കവിൾ വക വെളുത്തു തുടുത്ത സ്ഥലം …..മുളളു വേലി പോലെ താടിയും…..

‘,ശൊ ..” ഞാൻ താടിയിലൂടെ വിരലോടിച്ചു,….”

നടുവിൽ …. പുറമ്പോക്കിലെ തെങ്ങ് പോലെ വയറുന്തി പോയല്ലോടാ….

”ഹി …” വീർത്ത വയറിൽ ചിരിച്ചു കൊണ്ട് തടവി …”!

മൊത്തത്തിൽ ആറടി മേൽ വരും …. ”ഉം ഉം …..”!

ഒന്നിരുത്തി മൂളി കൊണ്ട് ചോദിച്ചു,…..

‘ നിന്റെ അടിയാധാരമെല്ലാം എവിടാ…? അവന്റെ ചോദ്യം….

”അടിയാധാരമോ….? ”വാ പൊളിച്ചിരിക്കുന്ന എന്നോട് അവന്റെ തർജമ വന്നു,

”മീൻസ് ….. നിന്റെ ബാപ്പയും ഉമ്മയും സഹോദരങ്ങളും,…?

”ഞാൻ മറുപടി കൊടുത്തപ്പോൾ അടുത്ത ചോദ്യം,…

”ലൈഫ് രജിസ്ട്രേഷൻ നടത്തിയത് എവിടെ നിന്നാടാ,…?

”ങേ…?

”നീ കല്ല്യാണം കഴിച്ചത്,..?

”ഓ അത് ….സ്ഥലപ്പേര് പറഞ്ഞപ്പോൾ അടുത്ത ചോദ്യം …

”ഓൾക്ക് അടിയാധാരമൊക്കൊ ഉണ്ടോ ..?

”പിന്നല്ലേ ഓൾക്ക് അടി വസ്ത്രമൊക്കൊയുണ്ട്….

”ഛെ …ഛെ…. അടി വസ്ത്രമല്ല ……അടിയാധാരം …..മീൻസ് ഫാദർ & മദർ ….!

”ഉണ്ട് ..എല്ലാവരുമുണ്ട്,…

”തറവില എത്ര കിട്ടി…? മീൻസ് സ്ത്രീധനം..,?

”സ്വർണ്ണം മാത്രം,…!

”ഇതിനിടയിൽ വത്സുവിന്റെ ഭാര്യ ചായയും കൊണ്ട് വന്നു,…

മകൻ പോയി പറഞ്ഞതാണെന്നു തോന്നി,….

‘ഭാര്യയെ ചൂണ്ടി വത്സു പറഞ്ഞു,

എന്റെ ‘,സർവ്വേ കല്ലാ” ….മീൻസ് വൈഫ്,… മൂന്നെണ്ണം പോക്ക് വരവ് ചെയ്തു,… ഇപ്പം തരിശായി… രണ്ടാണും ഒരു മോളും,….ആട്ടെ … നിന്റെ സർവ്വേ കല്ലിന് ജോലി വല്ലതുമുണ്ടോ …?

”ഇല്ലെന്ന് ഞാൻ പറഞ്ഞു,….!

”എന്റെ അടിയാധാരങ്ങളെല്ലാം ക്യാൻസലായി നാല് കൊല്ലം കഴിഞ്ഞു,…..!

”അച്ഛനും അമ്മയും മരിച്ചിട്ട് നാല് കൊല്ലമായി …. വത്സു വിന്റെ ഭാര്യയാണ് തർജമ ചെയ്തത്,…!

”ഒന്നും തോന്നരുത് ട്ടോ…. ,ചേട്ടൻ വില്ലേജാപ്പിസിലെ ശൈലിയിലാ എപ്പോഴും സംസാരിക്കുക,…! ചിരിച്ചു കൊണ്ട് വത്സുവിന്റെ ഭാര്യ പറഞ്ഞു,…

”ഞാനും ചിരിച്ചു,…!

‘ചായ തന്നതിനു ശേഷം അടുക്കളയിലേക്ക് പോയ അവന്റെ ഭാര്യയെ ഞാനൊന്നു നോക്കി,….

”എന്റെ നോട്ടം കണ്ടപ്പോൾ അവൻ പറയുകയാ…

”ബാക്കിലേക്ക് നോക്കണ്ട അതെല്ലാം എന്റെ അനധികൃത കൈയ്യേറ്റത്തിന്റെ കോലമാണ്,…!

”ഉണ്ണാനിരുന്നപ്പോൾ സ്കൂളിലെ കാര്യങ്ങൾ സംസാരിച്ചു,…

”നിന്റെ പഴയ ”വസ്തു ” എന്തായി….നീ ആധാരം ചെയ്യാൻ നടന്നതല്ലേ …?

‘സ്കൂളിലെ പഴയ കാമുകിയെ പറ്റിയാണ് ….

” അതിനുളള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ …!

”ഊൺ കഴിഞ്ഞ് എഴുന്നേറ്റു,….

പിന്നേം കുറെ സംസാരിച്ചതിനു ശേഷം ഞങ്ങൾ സെൽഫി എടുത്തു…ഗ്രൂപ്പിലിടാൻ ….

‘ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു, …ഫെയ്സ് ബുക്കിൽ ഞാൻ റിക്വസ്റ്റ് അയക്കാം …സ്വീകരിക്കണം…..!!

”രാവിലെ പത്തിനു, അഞ്ചിനും ഇടയിൽ അയക്കണം….പിന്നെ പെട്ടന്ന് അക്സപ്റ്റ് ചെയ്യണമെങ്കിൽ 500 രൂപ ആപ്പിസിൽ കൊണ്ട് തരണം …!! ഞായറാഴ്ച അയക്കരുത് അവധിയാ,

”എന്റെ വത്സു ……നിന്നെ കാണാൻ വരുന്നതിനേക്കാളും നല്ലത് തൊടിയിലെ വാഴയ്ക്ക് വളം ഇട്ട് വീട്ടിലെങ്ങാനും ഇരുന്നാൽ മതിയാർന്നു ….. ഞാൻ മനസിൽ പറഞ്ഞു….

”മാനത്ത് മഴ മേഘങ്ങൾ സംഘടിച്ചു, അവരെ പിരിച്ചു വിടാൻ ആകാശം ഇടി മുഴക്കി ഭീഷണിപ്പെടുത്തുന്നുണ്ട്…..!

മഴയ്ക്ക് സാധ്യതയുണ്ട്…..!!

ഞാൻ വേഗം നടന്നു ,ബസ് സ്റ്റോപ്പിലേക്ക്,….

രചന: ഷൗക്കത്ത് മൈതീൻ, കുവൈത്ത്

Leave a Reply

Your email address will not be published. Required fields are marked *