കടലമിട്ടായി, Part 26

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“എന്ത് ശരി അല്ല എന്നാ നീ പറയുന്നേ”??അമ്മ ചോദിച്ചു. “വരുന്ന ആലോചനകൾ എല്ലാം ഓരോ കാരണം പറഞ്ഞു മുടക്കും. ചെറുക്കന് നിറം പോരാ മുടി പോരാ ക്യാഷ് കൂടുതൽ ആണ് കള്ള് കുടിയൻ ആണ്. നിന്റെ മനസ്സിൽ ഏതേലും കൊരങ്ങൻ ഉണ്ടെങ്കിൽ തുറന്നു പറ കുട്ടിമാളു”….. ശാന്തി ഏട്ടത്തി പറഞ്ഞു.

“എന്റെ മനസ്സിൽ അങ്ങനെ ആരുമില്ല. അത്രക്ക് എന്റെ മനസ്സിനെ പിടിച്ചു ഉലച്ച ഒരു കോന്തനും ഇന്നുവരെ ജനിച്ചിട്ടും ഇല്ല”…..

“ഈ ഡയലോഗ്സിൽ ഒന്നും മാറ്റം ഇല്ല”….

“ദേ… മോളെ ശ്രീ നല്ല പയ്യനാ നിന്നെ പൊന്നു പോലെ നോക്കും”…അച്ഛൻ പറഞ്ഞു. . “എന്താ പുള്ളി എന്നെ ലോക്കറിൽ കൊണ്ടു പോയി വെക്കുവോ”??.. ഇന്ദ്രിക ചോദിച്ചു. “ഹോ ഇവളെ കൊണ്ടു തോറ്റു പോകും. ഇവളോട് പറയാൻ വന്ന നമ്മളെ വേണം ചവിട്ടാൻ”….അമ്മയും അച്ഛനും ഏട്ടത്തിയും ആയുധം വെച്ചു കീഴടങ്ങി. “ശ്രെയസ്സിനെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല അത് ശരിയല്ല. തുമ്പി ചേച്ചി ആഗ്രഹിച്ച ജീവിതം ഞാൻ തട്ടി എടുക്കും പോലെ ആകും. ശ്രെയസ്സ് ഏട്ടൻ വേറെ വിവാഹം കഴിക്കട്ടെ”….കുട്ടിമാളു മനസ്സിൽ പറഞ്ഞു. പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു ചിഞ്ചു ആണ്.

“ഹലോ” “ഹലോ മണവാട്ടി ഒരുക്കങ്ങൾ എവിടെ വരെ ആയി”??, “ഒന്ന് പോടീ. നീ എന്നാ വരുന്നത്”?? “നാളെ”, “മ്മ് എങ്കിൽ രാവിലെ ഇങ്ങു എത്തിയേക്ക്. നിന്റെ കാലനും വൈകിട്ട് എത്തും എന്നാ കേട്ടത്”??

“കാലനോ”?? “മ്മ് നിന്റെ ശ്രെയസ് ചേട്ടൻ”…കുട്ടിമാളു ശരിക്കും ഞെട്ടി. “നിന്നോട് ആര് പറഞ്ഞു”??

“സുധിയേട്ടൻ പറഞ്ഞു. പുള്ളി ഇന്നലെ നാട്ടിൽ എത്തി.കല്യാണം കൂടാൻ വന്നതാ”…. “ഏയ് ഒന്ന് പോയെ നീ ഇന്നലെ അല്ലേ ഞാൻ അവിടുന്ന് വന്നത് ഞാൻ കണ്ടില്ലല്ലോ” “നിങ്ങൾ പോന്നു കഴിഞ്ഞു ആകും വന്നത്. ഡി രാവിലെ വരണം. ഞാൻ വെക്കുവാ സുധിയേട്ടൻ വിളിക്കുന്നുണ്ട്”….ചിഞ്ചു ഫോൺ കട്ട്‌ ചെയ്തു.

“ഈശ്വര…. കാലൻ എത്തിയോ!!ശേ ഞാൻ എന്തിനാ പേടിക്കുന്നെ പുള്ളി എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോൻ അല്ലേ അല്ലാതെ എന്നെ കെട്ടാൻ പോകുവൊന്നും അല്ലല്ലോ”…എങ്കിലും ഒരു സമാധാനത്തിനു വേണ്ടി കുട്ടിമാളു ഗീതികയെ വിളിച്ചു. പക്ഷെ അവൾ കാൾ എടുത്തില്ല.

****

“ശ്രീ നീ ഇതെന്താ പറയുന്നത് നാടകമോ”??ശ്രാവൺ ചോദിച്ചു “അതെ നാടകം തന്നെ. അച്ഛന്റെ വാക്ക് പാലിക്കാൻ വേണ്ടി മനപ്പൂർവം എല്ലാരും കൂടി കളിച്ച നാടകം. അല്ലെങ്കിൽ ഇപ്പോ കറക്റ്റ് ആയിട്ട് എങ്ങനെ ഏട്ടൻ suggest ചെയ്തു ഇന്ദ്രികയെ എനിക്ക് വേണ്ടി”,….ശ്രീ പൊട്ടിത്തെറിച്ചു. “ശ്രീ നീ വെറുതെ കാട് കയറല്ലേ”…

“എന്നെ കയറ്റിയത് ആരാ??അല്ലെങ്കിൽ ഈ നാട്ടിൽ എത്രയോ പെണ്ണ് ഉണ്ട് എന്നിട്ടും അവളെ എനിക്ക് എന്തിന്റെ പേരിൽ suggest ചെയ്തു”?? “ശ്രീ അവളെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ് അതുകൊണ്ട് ഞാൻ”….. “വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട. ആദ്യം ഞാൻ പോയി വരട്ടെ എന്നിട്ട് സത്യാവസ്ഥ അറിയട്ടെ”….ശ്രീ പുറത്തേക്കു ഇറങ്ങി. കഴുകി വൃത്തി ആക്കിയ അവന്റെ പഴയ jipsi എടുത്തു.

“ശ്രീ ഇത് എന്തൊക്കെയാ പറഞ്ഞത് ഏട്ടാ”??ഗീതിക ചോദിച്ചു. “അവനോടു ഇപ്പോൾ ഒന്നും പറഞ്ഞാൽ മനസിലാകില്ല. നമുക്ക് നോക്കാം”.. “മ്മ്”

“എടി കുറെ നേരമായി നിന്റെ ഫോൺ ബെൽ അടിക്കുന്നു. പോയി നോക്ക് എന്താന്ന്”… ശ്രാവൺ ഗീതികയോട് പറഞ്ഞു. അവൾ അകത്തേക്ക് പോയി ഫോൺ എടുത്തു നോക്കി. കുട്ടിമാളു.

“ഹലോ…. മോളെ”.. “ആ ചേച്ചി ഇത് എവിടെ ആരുന്നു ??കുറെ നേരമായി ട്രൈ ചെയ്യുന്നു” “എന്ത് ചെയ്യാനാ മോളെ !!പൊന്നൂസിന്റെ കാലിൽ ഒരു കുപ്പിച്ചില്ലു കൊണ്ടു. അതിന്റെ പുറകെ ആരുന്നു”…. ഗീതിക പറഞ്ഞു. “അയ്യോ എന്നിട്ടോ”??

”ഏയ് കുഴപ്പം ഒന്നുല്ല ഏട്ടൻ ഫസ്റ്റ് aid ചെയ്തു. മോള് എന്താ വിളിച്ചേ”?? “അത് പിന്നെ ചേച്ചി ചിഞ്ചുവിന്റെ വിവാഹം ആണ് ശനിയാഴ്ച ശ്രെയസ്സ് ഏട്ടന്റെ ഫ്രണ്ട് സുധിയേട്ടനും ആയി. ശ്രെയസ്സ് ഏട്ടൻ വരുവോ”??,… “മ്മ് വന്നു അവൻ അങ്ങ് പുറപ്പെട്ടു”… “ആണോ !!” “ആം…. ”

“ചേച്ചി വേറെ ഒരു കാൾ വരുന്നുണ്ട് ഞാൻ പിന്നെ വിളിക്കാം”… കുട്ടിമാളു ഫോൺ കട്ട്‌ ചെയ്തു. കാൾ വരുന്നു എന്ന് കള്ളം പറഞ്ഞത് ആയിരുന്നു. ശ്രീ വരുന്നു എന്ന് അറിഞ്ഞപ്പോൾ കുട്ടിമാളുവിന് എന്തോ വല്ലാതെ ആയി. അവൾ എന്തോ ആലോചിച്ചു ഇരുന്നു. ശ്രീ കൊല്ലത്തേക്ക് പുറപ്പെട്ടു സുധിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ. ശ്രാവൺ പറഞ്ഞ കാര്യവും തംബുരുവിനെ കണ്ടതും എല്ലാം കൂടി ശ്രീ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു.കുട്ടിമാളുവിനോട് അവനു ഇതുവരെ ഇല്ലാത്ത അത്രയും ദേഷ്യം തോന്നി. അവളെ കെട്ടാൻ വേണ്ടി എല്ലാവരും കൂടി ഉണ്ടാക്കിയ നാടകം ആണ് ആ ജാതകദോഷം എന്ന് ശ്രീ വിശ്വസിച്ചു. ഒരു തെറ്റും ചെയ്യാത്ത കുട്ടിമാളുവിനോട് അവനു നല്ല പക തോന്നി. “തംബുരു”…. അഭിജിത് വീഡിയോ കാൾ വിളിച്ചു. തംബുരുവിന്റെ ഭർത്താവ്. “മ്മ്”… “എന്താ താൻ വല്ലാതെ ഇരിക്കുന്നെ”?അഭി ചോദിച്ചു “ഒന്നുമില്ല അഭിയേട്ട”… “ഏയ് കള്ളം പറയണ്ട. തന്നെ ഇപ്പോൾ കാണാൻ തുടങ്ങിട്ട് കാലം കുറച്ച് ആയല്ലോ!!കാര്യം പറ”

“അത് പിന്നെ അഭിയേട്ട…. ശ്രീ വന്നു” “ആര്”?? “ശ്രെയസ്” “അതിന് ഇപ്പോൾ എന്താ”??, “ആ അറിയില്ല അവനെ കണ്ടപ്പോൾ എന്തോ എനിക്ക് കുറ്റബോധം തോന്നി” “തന്നോട് ഞാൻ തുറന്നു ഒരു കാര്യം ചോദിച്ചോട്ടെ”?? ”മ്മ്”.. “അഭിയെ താൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ”?? “ഇല്ല” “പിന്നെ എന്തിനാ കുറ്റബോധം”?? “ഞാൻ കാരണം അല്ലേ അവൻ വിവാഹം കഴിക്കാതെ ആരോടും ഒരു ബന്ധവും ഇല്ലാതെ നടക്കുന്നത്”

“മ്മ്മ്… ഇതിനു ഒരൊറ്റ വഴിയേ ഉള്ളു. ശ്രീ വിവാഹം ചെയ്യണം” “ഏയ് അവൻ സമ്മതിക്കില്ല” “സമ്മതിപ്പിക്കണം”… അഭി പറഞ്ഞു. “പക്ഷെ, ആര് ??എങ്ങനെ?അവനെ മേയ്ക്കുക അത്ര എളുപ്പം അല്ല” “മ്മ്… ഞാൻ ഒരാളെ suggest ചെയ്യട്ടെ”?? “മ്മ്” “ഇന്ദ്രിക….അവൾക്ക് മാത്രമേ ശ്രീയെ പഴയ ശ്രീ ആക്കാൻ പറ്റുള്ളൂ. ആ കുട്ടിയും ആയി വല്യ പരിചയം ഒന്നുമില്ല പക്ഷെ പഴയ കഥകളും എല്ലാം കേട്ടതിന്റെ അറിവിൽ അവൾക്ക് ശ്രീയെ പഴയ ശ്രീ ആക്കാൻ കഴിയും എന്ന് എന്റെ മനസ്സ് പറയുന്നു. അതിന് താൻ തന്നെ മുന്നിട്ടു ഇറങ്ങണം”…അഭി പറഞ്ഞു. “ഞാനോ”??

“മ്മ് താൻ ഇരുന്നു ആലോചിക്കൂ ഞാൻ പിന്നെ വിളിക്കാം ഡ്യൂട്ടി ക്ക് കേറണം”…അഭി ഫോൺ കട്ട്‌ ചെയ്തു. അവൻ പറഞ്ഞ കാര്യത്തെ കുറിച്ച് അവൾ കുറെ ആലോചിച്ചു. ശ്രാവനോടും ഗീതികയോടും എല്ലാം ഇക്കാര്യം പറഞ്ഞു. ഇത് പറഞ്ഞപ്പോൾ ശ്രീ അവരെ തെറ്റിധരിച്ച വിവരവും പറഞ്ഞു. ശ്രീ തിരികെ വരുന്നതിനു മുൻപ് അവൻ വിവാഹം കഴിക്കാൻ സമ്മതിക്കാൻ വേണ്ടി എല്ലാവരും കൂടി ഒരു വട്ടമേശ സമ്മേളനം കൂടി. ശ്രീയെ സമ്മതിപ്പിക്കാൻ ഉള്ള കരാർ ജോലി അവന്റെ അമ്മ ഏറ്റെടുത്തു. കുട്ടിമാളുവിന്റെ അച്ഛനെ വിളിച്ചു ശ്രീയുടെ അച്ഛൻ വിവാഹ കാര്യം ചോദിച്ചപ്പോൾ അവൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞെന്നു അറിഞ്ഞു സകലുരുടെയും കിളി പോയി. അവസാനം അവളെ സമ്മതിപ്പിക്കാൻ വേണ്ടി കിച്ചനും തംബുരുവും കൂടി കൊല്ലത്തേക്ക് വണ്ടി കയറി. കുറച്ചു വാല് കൂട്ടുകാരുടെ ഒപ്പം ശ്രീ കല്യാണത്തിന്റെ തലേന്ന് സുധിയുടെ വീട്ടിൽ എത്തി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്നത് കൊണ്ടു എല്ലാവർക്കും തമ്മിൽ തമ്മിൽ പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാരുന്നു. ഒരു ഒഴിവു സമയം കിട്ടിയപ്പോൾ സുധി അവനോടു ഒന്ന് സൂചിപ്പിച്ചു.

“ഡാ…. അളിയാ പ്രായം ഇപ്പോ കുറച്ച് ആയില്ലേ ഇനിയും ഇങ്ങനെ നിൽക്കാൻ ആണോ പ്ലാൻ??ഒരു കല്യാണം കഴിച്ചൂടെ”??..സുധി ചോദിച്ചു. “കല്യാണം… അതൊക്കെ പണ്ടേ വിട്ടതാ മച്ചാ”… “ഡാ നിന്റെ കടലമിട്ടായി ഇപ്പോഴും waitingil ആണ്” “അവളെ കുറിച്ച് ഒരു അക്ഷരം മിണ്ടരുത്. അവളാ എന്റെ ജീവിതം കളഞ്ഞത്. നീ വേറെ എന്തെങ്കിലും പറ”….അവർ ആ സംസാരം അവിടെ നിർത്തി.എല്ലാവരും ഉറങ്ങാൻ കിടന്നു. മറുഭാഗത്ത്‌ ചിഞ്ചുവും ശ്രീയെ വിവാഹം കഴിക്കാൻ പറഞ്ഞു ഇന്ദ്രികയെ സമീപിച്ചു അവളും അത് ശരിയല്ല എന്ന് പറഞ്ഞു ഒഴിവാക്കി. വിവാഹത്തിന്റെ അന്ന് തലേന്ന് രാത്രിയിൽ തംബുരു കൊല്ലത്തു എത്തി. കുട്ടിമാളുവിനെ കണ്ടു. എല്ലാം പറഞ്ഞു. “നീ എന്താ ഒന്നും പറയാതെ”??തുമ്പി ചോദിച്ചു. “ഏയ് അത് ശരിയാകില്ല ചേച്ചി” “എന്ത് ശരിയാകില്ല”!!!

“ശ്രെയസ്സ് ഏട്ടൻ ഒരിക്കലും എന്നെ ആ സ്ഥാനത്തു കാണില്ല”… “അതൊക്കെ നിന്റെ വെറും തോന്നലുകൾ ആണ്..അഭി ഏട്ടനെ അക്‌സെപ്റ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ ഏട്ടൻ ഇല്ലാതെ എനിക്ക് പറ്റുന്നില്ല. അതുപോലെ ശ്രീയും അക്‌സെപ്റ് ചെയ്യും. നിനക്ക് അല്ലാതെ മറ്റാർക്കും അവനെ നേരെ ആക്കാൻ പറ്റില്ല. ദൈവം വിധിച്ചത് ശ്രീയെ നിനക്ക് വേണ്ടിയാ അതാ കറങ്ങി തിരിഞ്ഞു അത് നിന്റെ തലയിൽ വന്നത്. എന്റെ പൊന്നു മോള് സമ്മതിക്കണം ചേച്ചിക്ക് വേണ്ടി” “ചേച്ചി ഞാൻ”…

“ഒന്നും പറയണ്ട. ജാതകം എല്ലാം 10ഇൽ 10പൊരുത്തം ഉണ്ട്. നീ സമ്മതിക്കണം”….തംബുരു പറഞ്ഞു. ഒരു പാതി സമ്മതം കുട്ടിമാളു മൂളി. തമ്പുരുവിന് വേണ്ടി. ശ്രീ നാട്ടിൽ എത്തും മുൻപ് തിരിച്ചു എത്താൻ വേണ്ടി തംബുരുവും കിച്ചനും വേഗം അവിടുന്ന് തിരിച്ചു. പിറ്റേന്ന് ചിഞ്ചുവിന്റെയും സുധിയുടെയും വിവാഹം. തമ്മിൽ കണ്ടു മുട്ടാൻ പല അവസരവും ഉണ്ടായി എങ്കിലും ബോധപൂർവം കുട്ടിമാളു ശ്രീയും ആയുള്ള കൂടിക്കാഴ്ച്ച ഇല്ലാതെ ആക്കി. പിറ്റേന്ന് തിരികെ പോകണം എന്നോർത്ത് നിന്ന ശ്രീയെ വിവാഹം കഴിഞ്ഞതിന്റെ ഉച്ചക്ക് ശ്രാവൺ വിളിച്ചു പറഞ്ഞു അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു എന്ന്. കേട്ട പാതി അവൻ ചങ്കും തല്ലി ഓടി കോഴിക്കോട്ടേക്ക്. എത്ര വേഗം പോയിട്ടും എത്തുന്നില്ല. പുലർച്ചെ അവിടെ എത്തി അമ്മയെ കണ്ടു. മക്കൾ പഠിപ്പിച്ച പോലെ അമ്മ സെന്റി ഡയലോഗ് അടിച്ചു മകനെ വീഴ്ത്തി. അമ്മയുടെ അവസ്ഥ കണക്കിൽ എടുത്തു അവർക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന് അവൻ സമ്മതിച്ചു.അങ്ങനെ 2മാസത്തിനു ഉള്ളിൽ കുട്ടിമാളുവിനും ശ്രീക്കും വേണ്ടി ഒരു പന്തൽ ഒരുങ്ങി.

പനിനീർ പൂക്കൾ കൊണ്ടു അലങ്കാരം നടത്തിയ കതിർമണ്ഡപത്തിൽ കസവ് മുണ്ടും ഷർട്ടും ഇട്ടു കല്യാണ ചെക്കൻ ആയി ശ്രീയും. വാടാമല്ലി നിറമുള്ള സാരിയിൽ ആഭരണങ്ങൾ അണിഞ്ഞു ഇന്ദ്രികയും ഇരുന്നു. അച്ഛൻ നൽകിയ വരണമാല്യം ശ്രീയുടെ കഴുത്തിൽ ഇടുമ്പോൾ അവൾ അവനെ നോക്കിയില്ല. അച്ഛൻ നൽകിയ ആലില താലി ഇന്ദ്രികക്ക് ചാർത്തുമ്പോൾ അവളെ അവൻ നോക്കിയില്ല. നെറുകയിൽ ഇട്ട സിന്ദൂരം അവളുടെ മൂക്കിൽ വീണപ്പോൾ ആണ് കടലമിട്ടായിയിൽ നിന്നും രൂപാന്തരം സംഭവിച്ച ഇന്ദ്രികയെ അവൻ കാണുന്നത് ഉള്ളിൽ ഇരമ്പിയ പക കടലോളം. എങ്കിലും പുറത്ത് ഒന്നും കാണിക്കാതെ അവൻ അവളുടെ ഒപ്പം യാത്രയായി. ശ്രീയുടെ അമ്മ ആരതി ഉഴിഞ്ഞു വിളക്ക് കൊടുത്തു അകത്തു കയറ്റി. റിസപ്ഷൻ പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ചിരുന്നു. അന്ന് അവരുടെ ആദ്യ രാത്രി. അലങ്കാരം ഒന്നുമില്ലാത്ത മണിയറ തള്ളി തുറന്നു ഇന്ദ്രിക അകത്തു വന്നപ്പോൾ തന്നെ ശ്രെയസ് പറഞ്ഞു.

“എന്റെ കൂടെ ഈ മുറിയിൽ നീ കിടക്കേണ്ട പുറത്ത് പൊക്കോ”…കുറച്ച് നേരം ഇന്ദ്രിക ഒന്നും മിണ്ടിയില്ല. വീണ്ടും അവൻ അത് ആവർത്തിച്ചപ്പോൾ കയ്യിലെ പാൽ ഗ്ലാസ്‌ മേശയിൽ വെച്ചു ഉടുത്ത സാരീ തുമ്പ് എളിയിൽ കുത്തി അവൾ പറഞ്ഞു. “ഇത് എന്റെ അമ്മായി അച്ഛൻ എനിക്ക് വേണ്ടി പണി കഴിപ്പിച്ച മുറിയാ ഞാൻ ഇവിടെ തന്നെ കിടക്കും. തനിക്ക് പറ്റില്ലേൽ താൻ പോടോ”….ആദ്യ രാത്രിയിൽ തന്നെ ഭാര്യയിൽ നിന്ന് ഇത്രക്ക് വല്യ പ്രകോപനം അവൻ പ്രതീക്ഷിച്ചില്ല. ജീവിതം ഒരു സസ്പെൻസ് ത്രില്ലെർ ആയി എന്ന തുണി ഇല്ലാത്ത സത്യം അവൻ നടുക്കത്തോടെ മനസ്സിലാക്കി….

(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *