പൊരുത്തം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :ധന്യ

ഗോപാല പണിക്കർ കവടി നിരത്തി പത്തിൽ പത്ത് പൊരുത്തം പ്രവചിച്ച കല്യാണമായിരുന്നു മിലട്ടറിക്കാരൻ സജീവിന്റെയും കാവ്യയുടേയും.. നോക്കിയ ജാതകങ്ങളിൽ കേമം പറഞ്ഞ് ദീർഘദാമ്പത്യവും സന്താന സൗഖ്യവുമൊക്കെ എണ്ണി പറഞ്ഞപ്പോൾ പണിക്കരുടെ പോക്കറ്റ് അങ്ങു നിറഞ്ഞു.. ജാതകം ചതിച്ചതാണോ അതോ കാവ്യ ചതിച്ചതാണോ, മൂന്നാം നാൾ കൊണ്ടുവന്ന സ്വർണ്ണവും കൊണ്ട് കാവ്യ ഇഷ്ടക്കാരനൊപ്പം പോയി. നാട്ടുകാരുടെ സഹതാപ തരംഗങ്ങളും ചോദ്യശരങ്ങളും ഉപദേശങ്ങളും കൊണ്ട് നിൽക്കക്കള്ളിയില്ലാതെ സജീവ് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി.. ഫാമിലി ക്വാട്ടേഴ്സും റെഡിയാക്കിയിട്ട് ഹണിമൂണാഘോഷിക്കാൻ വരുന്നയാളെ നോക്കിയിരുന്നവരുടെ മുന്നിലേക്ക് പോകാനുള്ള നാണക്കേട് കൊണ്ട് ജമ്മു കാശ്മീരിലേക്ക് ട്രാൻസ്ഫർ ചോദിച്ചുവാങ്ങി..

അടുത്ത ലീവും ക്യാൻസൽ ചെയ്ത് ഇനി നാട്ടിലേക്കില്ല എന്നുറപ്പിച്ചിരിക്കുമ്പോഴാണ് അച്ഛന് ഹാർട്ടറ്റാക്ക് വന്നതും സർജറി വേണ്ടിവന്ന് നാട്ടിൽ വരേണ്ടിവന്നതും ..

അപ്പോഴേക്കും നാട്ടിൽ ഇതിനേക്കാൾ പുതുമയുള്ള സംഭവ വികാസങ്ങൾ നടന്നതു കൊണ്ട് സജീവിന്റെ കാര്യം മിക്കവാറും മറന്നു കഴിഞ്ഞിരുന്നു.

സജീവിന്റെ എതിർപ്പിനിടയിലും അമ്മയും അച്ഛനും കൂടി പുതിയ വിവാഹാലോചനകൾക്ക് കച്ച മുറുക്കുന്നുണ്ടായിരുന്നു.. പതിവുപോലെ ജാതകങ്ങൾ പണിക്കരുടെ കവടിപ്പലകയിൽ ഇന്റർവ്യൂ കാത്തു കിടന്നു..

അങ്ങനെയൊരു വൈകുന്നേരം അമ്പലത്തിനു മുന്നിൽ വച്ചാണ് പഴയ സ്കൂൾമേറ്റ് അശ്വതിയെ കാണുന്നത് .. ഇതു വരെയും കല്യാണം കഴിഞ്ഞില്ലായെന്നറിഞ്ഞപ്പോൾ ചെറിയൊരിഷ്ടം സജീവിന്റെയുള്ളിൽ തലപൊക്കി… കൂടുതൽ അന്വേഷിച്ചപ്പോൾ ” ചൊവ്വാദോഷക്കാരി” എന്ന ലേബലിൽ വീടിനുള്ളിൽ ജീവിതം ഹോമിക്കേണ്ടി വന്നവൾ എന്നറിഞ്ഞു.. ഇനി കല്യാണം കഴിക്കുന്നെങ്കിൽ അത് അശ്വതിയെ എന്ന് സജീവും ഉറപ്പിച്ചു. വീട്ടിൽ എതിർപ്പിന്റെ ബഹളം.. ശുദ്ധ ജാാതകക്കാരൻ ചൊവ്വാദോഷക്കാരിയെ കെട്ടിയാൽ “കൂടെ വാഴില്ല ” എന്ന് പണിക്കർ തീർത്തു പറഞ്ഞു .. ആരോടും ഒന്നും പറയാതെ അശ്വതിയെ വിളിച്ചിറക്കി ദേവീ നടയിൽ കൊണ്ടുവന്ന് സമയവും നാളും നോക്കാതെ സജീവ് താലികെട്ടി വീട്ടിൽ കൊണ്ടുവന്നു.എല്ലാവരുടെയും പരാതിയും പരിഭവവുമൊക്കെ രണ്ടു നാളിൽ കഴിഞ്ഞു.

ലീവ് തീർന്ന് തിരികെ പോകുന്നതിന്റെ തലേ ദിവസം അശ്വതിയേയുംഅടുത്ത ബന്ധുവിനെ കാണാൻ താലൂക്ക് ഹോസ്പിറ്റലിൽ പോയി ഇറങ്ങുന്നതിനിടയിലാണ് നിറവയറുമായി ഒരു പരിചിത മുഖം കണ്ടത്.. ഞെട്ടലോടെ തിരിഞ്ഞു നടന്നയാളുടെ മുന്നിലേക്ക് അശ്വതിയുടെ കയ്യും പിടിച്ച് ചെന്ന സജീവ് കേട്ടത് കുറേ ക്ഷമാപണം നിറഞ്ഞ വാക്കുകൾ ആയിരുന്നു.. പ്രണയത്തിന്റെ തിളപ്പും കൈയ്യിലിരുന്ന സ്വർണ്ണത്തിന്റെ പകിട്ടും തീരും വരെ ആയുസ്സുണ്ടായിരുന്ന കഥന കഥ സജീവ് പുച്ഛത്തോടെയാണ് കേട്ടത്. ഒരു തെറ്റും ചെയ്യാതെ ചതിക്കപ്പെട്ടവന്റെ വേദന കണ്ട ദൈവം നിനക്ക് തന്ന ശിക്ഷയാണെന്ന് മാത്രം പറഞ്ഞ് സജീവ് അശ്വതിയെ ചേർത്ത് പിടിച്ച് തിരിഞ്ഞു നടന്നു.

പിറ്റേ മാസം ക്വാർട്ടേഴ്സ് ശരിയാക്കി അശ്വതിയെ കൂടെ കൊണ്ടുപോയ സജീവ് , നാട്ടിലേക്ക് തിരിച്ചു വന്നത് അവരുടെ പൊന്നോമന ആരാധ്യയേയും കൂട്ടി ചോറൂണിനായിരുന്നു.

വന്നതിന്റെ പിറ്റേ ദിവസം നാടുണർത്തിയ വാർത്ത നാളും നേരവും നോക്കി ദീർഘ പൊരുത്തമുറപ്പിച്ച് നിശ്ചയവും കഴിഞ്ഞ ഗോപാലപ്പണിക്കരുടെ മകൾ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി എന്നതായിരുന്നു …

എന്തായാലും സ്നേഹിക്കുന്നവരെ പിരിക്കാനായി പണിക്കർ പിന്നീട് കവടിപ്പലക എടുത്തിട്ടില്ല..!!

രചന :ധന്യ

Leave a Reply

Your email address will not be published. Required fields are marked *