ആദ്യാനുരാഗം തന്ന നോവ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :Ramsi faiz

“നാസിഫ ”

ക്ലാസ് ടെസ്റ്റ് നടത്തിയതിന്റെ ആൻസർ ഷീറ്റ് അക്കൗണ്ടൻസിയുടെ സാർ അതാത് കുട്ടികൾക്ക് കൈമാറുന്നതിനിടയിലാണ് എന്റെ പേര് വിളിച്ചത്…

സാറിന്റെ ശബ്ദം കാതിൽ പതിയും മുന്നേ ഞാനെഴുന്നേറ്റ് നിന്നിരുന്നു… രൂക്ഷമായൊരു നോട്ടം എനിക്ക് സമ്മാനിച്ചു കൊണ്ട് അയാൾ എന്റെ പേപ്പർ കൈവെള്ളയിലേക്ക് വെച്ചു തന്നു..

“60 മാർക്കേ ഉള്ളൂ തനിക്ക്… ബാക്കിയെവിടെ ?”

100 മാർക്കിൽ ആയിരുന്നു എക്സാം നടത്തിയത്… എപ്പഴും സെഞ്ച്വറി അടിക്കാൻ ഞാനെന്താ സച്ചിൻ ആണോ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും മൗനം പാലിച്ചു തല കുമ്പിട്ടു നിന്നു…

“നിന്നോടാ ചോദിച്ചത്,,, ബാക്കി മാർക്ക് എവിടെ പോയി എന്ന് ??”

വീണ്ടും അദ്ദേഹം ശബ്ദമുയർത്തി സംസാരിച്ചപ്പോൾ പ്രതികരിക്കാതിരുന്നാൽ ശരിയാകില്ലെന്ന് കരുതി ഞാനെന്റെ തനി സ്വഭാവം പുറത്തെടുത്തു…

“ബാക്കി നാല്പത് ഇവരൊക്കെ കൂടി വാങ്ങിയിട്ടുണ്ട്,,, ഇപ്പോ 100 മാർക്ക് ആയല്ലോ… സാറിന് സമാധാനവും ആയില്ലേ.. ”

മറുപടി കൊടുക്കുമ്പോൾ അതൊരു അധ്യാപകനാണെന്നുള്ളത് പാടെ ഞാൻ മറന്നിരുന്നു… എന്തോ എന്റെ മറുപടി സാറിനെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാകണം പിന്നീടയാൾ എന്നോട് പ്രതികാരം വീട്ടിയത്…

എന്റെ ഇഷ്ടപ്പെട്ട സബ്‌ജക്‌ട് ആണ് അക്കൗണ്ടൻസി… പിന്നെ അത് പഠിപ്പിക്കുന്ന ആ മൊഞ്ചൻ സാറിനോടും ഉള്ളിലൊരു മുഹബ്ബത്ത് ഇല്ലാതില്ലാതില്ല…..

പേപ്പർ ശരിക്കൊന്നു ചെക്ക് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സാറിന്റെ ചോദ്യം എന്നെ തേടി വന്നത്…

അതിന്റെ ഉത്തരം എനിക്കറിയില്ല എന്നുള്ളത് സാറിന് നല്ല നിശ്ചയമുള്ളത് കൊണ്ടാണ് എന്നോട് ആ ചോദ്യം തന്നെ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി…

എഴുന്നേറ്റു നിന്ന് എനിക്കറിയില്ല എന്നൊരുത്തരം നൽകി ഞാൻ തല കുനിച്ചു നിൽക്കുമ്പോഴേക്കും എന്റെ കൈ നീട്ടാൻ അയാൾ ആവശ്യപ്പെട്ടു… വടി കൊണ്ട് എന്റെ കയ്യിലേക്ക് രണ്ട് വട്ടം ആഞ്ഞടിക്കുമ്പോൾ വേദന കൊണ്ട് ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു…

ജീവിതത്തിൽ ഇന്നുവരെ എന്നെയാരും തല്ലി നോവിച്ചിട്ടില്ല… ഇന്നാദ്യമായി ഞാനേറെ ഇഷ്ടപ്പെടുന്ന ഒരാളിൽ നിന്നത് ഏറ്റുവാങ്ങേണ്ടി വന്നത് കൊണ്ടാകണം മിഴികൾ അനുസരണയില്ലാത്ത നിറഞ്ഞൊഴുകിയത്… എന്റെ കൂട്ടുകാർക്ക് മുൻപിൽ വെച്ചു എന്നെ ശിക്ഷിക്കപ്പെട്ടതിന്റെ നോവും എന്നെ വല്ലാതെ തളർത്തി…

“ഗെറ്റ് ഔട്ട്… ”

എന്നെ നോക്കി വീണ്ടും അയാൾ ആക്രോശിച്ചപ്പോൾ മറുത്തൊന്നും ആലോചിക്കാതെ ഞാൻ ക്ലാസിനു വെളിയിലറങ്ങാൻ ഒരുങ്ങുമ്പോഴാണ് വീണ്ടുമയാൾ പറഞ്ഞു തുടങ്ങിയത്…

“ഞാൻ ചോദിച്ചതിന്റെ ആൻസർ പഠിച്ചു കഴിഞ്ഞിട്ട് ഇവിടെ വന്നിരുന്നാൽ മതി… പിന്നെ ക്ലാസിനു വെളിയിലിറങ്ങി നിന്നിട്ട് എനിക്ക് കൂടി മാനക്കേട് ഉണ്ടാക്കേണ്ട… ഇവിടെ എല്ലാവർക്കും അഭിമുഖമായി ഒറ്റക്കാലിൽ നിന്ന് കൊണ്ട് പഠിക്കണം,,, എന്റെ കണ്മുന്നിൽ വെച്ചു എനിക്കത് കാണണം… ”

സാർ നിൽക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി എന്നോട് ഒറ്റക്കാലിൽ നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാനെന്റെ കണ്ണുനീരിനെ ഒപ്പിയെടുത്തു കൊണ്ട് ദേഷ്യത്തോടെ സാറിനെയൊന്ന് നോക്കി… ബുക്ക് കയ്യിൽ പിടിച്ചു കൊണ്ട് ഞാനെന്റെ സഹപാഠി കൾക്ക് അഭിമുഖമായി നിന്നു,,, അതും ഒറ്റക്കാലിൽ….

മറ്റുള്ള കുട്ടികളോട് ചോദ്യം ചോദിച്ചു കിട്ടാതാകുമ്പോ അവരുടെ ഇരിപ്പിടത്തിലിരുന്ന് തന്നെ പഠിക്കാൻ പറഞ് അദ്ദേഹം എന്നോടുള്ള വാശി തീർക്കുകയായിരുന്നു… പഠിക്കാൻ എനിക്ക് മിനുട്ടുകൾ മതിയായിരുന്നു… പക്ഷെ സാറിനോടുള്ള വാശിക്ക് ഞാനൊന്നും പഠിക്കാതെ ബുക്കും നോക്കി നിന്നു…

സമയം കഴിയുന്തോറും എന്റെ കാല് കുഴയാൻ തുടങ്ങി… സഹതാപത്തോടെ എന്റെ കൂട്ടുകാർ എന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചെങ്കിലും ഞാനതൊന്നും മൈൻഡാക്കിയില്ല… തളർച്ച കാരണം ഏത് നിമിഷവും താഴേക്ക് പതിയുമെന്നു എനിക്ക് തോന്നി…

പക്ഷെ,,,,,

എനിക്ക് ആശ്വാസമേകാനെന്നോണം സാറിന്റെ പീരീഡ് കഴിഞ്ഞുള്ള മണിമുഴക്കം എന്റെ കാതിൽ പതിഞ്ഞത്… ഒരു നെടുവീർപ്പോടു കൂടി ഞാനെന്റെ കാല് രണ്ടും താഴേക്ക് ഉറപ്പിച്ചു നിർത്തി…

“നിന്നോടാരാ പറഞ്ഞത് രണ്ട് കാലിൽ നിൽക്കാൻ… നീ പഠിച്ചു കഴിഞ്ഞോ ??എങ്കിൽ എന്റടുത്തു വന്ന് ആൻസർ തന്നിട്ട് പൊയ്ക്കോ… അല്ലാത്ത പക്ഷം അതേ നില്പ് തുടർന്നാ മതി… കാരണം ഈ പീരീഡ് ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്… ”

ഇടിത്തീ പോലെ ഷമീർ സാറിന്റെ വാക്കുകൾ എന്റെ കാതിൽ പതിഞ്ഞപ്പോൾ വീണ്ടും ഞാൻ ഒറ്റക്കാലിൽ നിൽക്കാൻ തുടങ്ങി… മറുത്തൊന്നും ആലോചിക്കാതെ ബുക്ക് നോക്കി എല്ലാം പഠിച്ചു… സാർ ഇരിക്കുന്ന ടേബിളിനു മുന്നിൽ പോയി നിന്ന് തത്ത പറയും പോലെ ഒരോ ഉത്തരവും നൽകി ഞാൻ പിന്തിരിയാൻ ഒരുങ്ങവേയാണ് സാറിന്റെ വിളി വന്നത്…

“ഒന്നവിടെ നിന്നേ,,, ”

സാറിന്റെ ശബ്ദം കേട്ട് കുട്ടികളെല്ലാം എന്നെ തന്നെ ഉറ്റു നോക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി… ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് എന്താ എന്ന അർത്ഥത്തിൽ നോക്കി നിന്നു…

“നീ ക്ലാസ്സിലെ ടോപ്പർ ആയത് കൊണ്ടായിരിക്കും നിനക്കിത്ര അഹങ്കാരം അല്ലേ ???” അത്രയ്ക്ക് അഹങ്കരിക്കാനൊന്നും ഇല്ലടി… മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് മാത്രമാണ് നീ….”

ഒരുതരം പരിഹാസത്തോടെ സാർ എന്നെ നോക്കി പറയുമ്പോൾ സങ്കടം കൊണ്ടെന്റെ ഖൽബ് പിടയുന്നുണ്ടായിരുന്നു…

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് എന്ന ആസ്ഥാന പട്ടം എനിക്ക് ചാർത്തി തന്നപ്പോൾ അതുവരെ എനിക്കയാളോട് തോന്നിയ ബഹുമാനമൊക്കെ കാറ്റിൽ പറക്കുകയായിരുന്നു…

കാരണം,,,,

ഞാനദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയത് ഒരിക്കലും ആ മുഖത്തെ മൊഞ്ചു കൊണ്ടായിരുന്നില്ല,,, അതിലുപരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ആയിരുന്നു… അയാളുടെ നാവിൻ തുമ്പിൽ നിന്ന് പലയാവർത്തി ഞാൻ കേട്ടിരുന്ന ഗുണപാഠത്തിന്റെ മാറ്റൊലികൾ ഇന്നത്തോടെ അസ്തമിച്ചു പോയിരിക്കുന്നു..

ഞാനാണ് ക്ലാസ്സിലെ ടോപ്പർ എന്ന നിലയിൽ ഞാനൊരിക്കലും അഹങ്കരിച്ചിരുന്നില്ല… ഒരുപക്ഷെ സാറിനെ ധിക്കരിച്ചു സംസാരിച്ചതിന്റെ വൈരാഗ്യമായിരിക്കാം ഇതൊക്കെ പറയിപ്പിച്ചത്… എനിക്ക് മാത്രം ശിക്ഷ തന്ന് വേദനിപ്പിച്ചത്…

എന്ത് തന്നെയായാലും ഇനിയൊരിക്കലും ഞാൻ അദ്ദേഹത്തോട് ഒന്നും സംസാരിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് കൊണ്ടായിരുന്നു ക്ലാസ്സിലിരുന്നത്… എന്നെ മൈൻഡ് ചെയ്യാതെ സാർ അദ്ദേഹത്തിന്റെ ഡ്യൂട്ടി തുടർന്നപ്പോൾ ഞാനും പഠനത്തെ തമാശയായി കാണാൻ ആഗ്രഹിച്ചിരുന്നില്ല…

താൽകാലിക പോസ്റ്റിലേക്ക് കടന്നുവന്നതാണ് ഷമീർ സാർ,,, പക്ഷെ,,,വെറും മൂന്നാലു മാസം കൊണ്ട് ഞങ്ങൾ സ്റ്റുഡന്റ്സിന് ഏറ്റവും പ്രിയപ്പെട്ട ഒരധ്യാപകനായി അദ്ദേഹം മാറിയതിനു ഒരുപാട് കാരണങ്ങളുണ്ടായിരുന്നു,,, ലോകപരിജ്ഞാനം ഏറെയുള്ള അദ്ദേഹം ഞങ്ങളിലേക്ക് കൂടി ആ അറിവ് പകർത്തി തരാൻ ശ്രമിച്ചിരുന്നു…

ഞങ്ങളോരോരുത്തരെയും അദ്ദേഹത്തിന്റെ സ്വന്തമായി കണ്ടു കൊണ്ട് ഞങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു…

എല്ലാം കൂടിയായപ്പോൾ എന്നുള്ളിൽ അദ്ദേഹത്തോടുള്ള സ്നേഹം വർദ്ധിച്ചു വരികയായിരുന്നു,,, ഞാൻ പോലുമറിയാതെ…

ദിവസങ്ങൾ കൊഴിഞ്ഞു വീണു… ഞാനെന്റെ മൗനം തുടർന്നു,,, എല്ലാവരോടും… എന്റെ വായാടിത്തരങ്ങൾ വെറുമൊരു ഓർമയായി മാറ്റി ഞാനെന്റെ സുഹൃത്തുക്കൾക്ക് മുൻപിൽ പോലും…

ഒരിക്കൽ പ്രാക്ടിക്കൽ ലാബിൽ വെച്ചു സാർ എന്റെ സിസ്റ്റത്തിന് നേരെ വന്നിരുന്നു… ഓരോരുത്തർക്കും ഓരോ സിസ്റ്റം ആണ്.. എനിക്ക് ടാലി അറിയാവുന്നത് കൊണ്ട് പലപ്പോഴും അദ്ദേഹത്തിന്റെ സഹായം ആവശ്യമായി വരാറില്ല… അതുകൊണ്ട് തന്നെ സാറിന്റെ സാമീപ്യം പലപ്പോഴും എനിക്ക് അന്യമായിരുന്നു…

സാറിനെ മൈൻഡ് ചെയ്യാതെ ഞാൻ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി എന്റെ പ്രോബ്ലം സോൾവ് ചെയ്യാൻ തുടങ്ങി…

“എന്താടോ തനിക്കിപ്പോഴും എന്നോട് ദേഷ്യമാണോ ??ഞാനന്ന് അങ്ങനെയൊക്കെ സംസാരിച്ചത് അപ്പോഴത്തെ എന്റെ സങ്കടം കൊണ്ടാ… ”

അത്രയും പറഞ് അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ഞാനത് കാര്യമാക്കിയില്ല…

“സോറി സർ,,, എനിക്ക് ഇത് കംപ്ലീറ്റ് ആക്കാനുണ്ട്… അത് കൊണ്ട് ഇപ്പോ സംസാരിക്കാനുള്ള ടൈമില്ല… ”

അത്രമാത്രം പറഞ്ഞു ഞാൻ മൗസിനെ ചലിപ്പിച്ചു തുടങ്ങി… കീബോർഡും എന്റെ വിരലുകൾക്ക് അടിയറവ് പറഞ്ഞു… പക്ഷെ അപ്രതീക്ഷിതമായി സാറിന്റെ കരം എന്റെ കയ്യിന് മുകളിൽ ചേർത്തു വെച്ചപ്പോൾ മൗസ് പലയിടത്തും ക്ലിക്കായി പോകുന്നത് ഞാൻ കണ്ടു… ഒരു ഞെട്ടലോട് കൂടി ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ യാതൊരു ഭാവമാറ്റവുമില്ലാതെ അദ്ദേഹം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി പുഞ്ചിരിച്ചു..

“എന്താ നാസി,, നീ പഠിച്ചു പഠിച്ചു പിന്നോട്ടയോ ??തന്റെ ഈ ടാസ്ക് ഇപ്പൊ ഞാൻ ചെയ്തത് പോലെ അല്ലായിരുന്നെങ്കിൽ നിനക്ക് റിസൾട്ട് കിട്ടുമായിരുന്നോ ??”

അപ്പോഴാണ് എനിക്ക് പറ്റിയ അമളി ഞാൻ കണ്ടത്… സാറിന്റെ സംസാരത്തിൽ എന്റെ ശ്രദ്ധ ഒന്നല്പം തെറ്റി പോയിരുന്നു…

“സോറി സർ… ”

“ഇറ്റ്സ് ok,,, പിന്നെ,,, ഞാൻ പറഞ് പൂർത്തിയാക്കിയില്ല ട്ടോ… അന്ന് അങ്ങനെയൊക്കെ തന്നോട് പെരുമാറിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു… ഞാനൊരുപാട് പ്രതീക്ഷയർപ്പിച്ച സ്റ്റുഡന്റ് ആണ് നീ,,, ആ നിന്നിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത വാക്കും കൂടി കേട്ടപ്പോൾ എന്തോ ഞാൻ വല്ലാതെയായി… അതാണ് അന്ന് അങ്ങനെയൊക്കെ പെരുമാറേണ്ടി വന്നത്… തന്റെ വായാടിത്തരങ്ങൾ എനിക്കിഷ്ടമായിരുന്നു… പക്ഷെ അത് മറ്റൊരാളെ ഇൻസൽട്ട് ആക്കി സംസാരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല… ”

“അത് കൊണ്ടാണ് സർ ഞാൻ ഈ മൗനത്തെ കൂട്ടു പിടിച്ചത്,,, വീണ്ടും ഞാൻ ആ പഴയ വായാടിയായി മാറിയാൽ അതൊരുപക്ഷേ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം,,, പിന്നെ അവരെന്നോട് പ്രതികാരം ചെയ്യാൻ മുതിർന്നെന്ന് വരാം… അതൊന്നും സംഭവിക്കാതിരിക്കാനാണ് ഞാനിപ്പോ ഇത്രയും മാറിയത്… ”

“അതിനു താനെന്തിനാടോ എന്നോട് മാത്രം ഒരകലം പാലിക്കുന്നത്… ??”

“ഹേയ്,,, അങ്ങനെയൊന്നുമില്ല… കൂടുതൽ അടുത്താൽ ചിലപ്പോഴത് രണ്ടു പേർക്കും വേദനകൾ സമ്മാനിച്ചാലോ എന്ന് കരുതിയാ.. ”

അദ്ദേഹത്തിനൊരുത്തരം നൽകി ഞാൻ എന്റെ സിസ്റ്റത്തിന് മുമ്പിൽ മാത്രം മിഴികളോടിച്ചു…

*************************************

അദ്ദേഹത്തിനോടുള്ള എന്റെ അകലം കൂടിക്കൊണ്ടിരുന്നെങ്കിലും പഠനത്തിൽ യാതൊരു ഉഴപ്പും ഉണ്ടായിരുന്നില്ല… അങ്ങനെയിരിക്കെയാണ് അധ്യാപകദിനത്തോടനുബന്ധിച്ചു കുറെ പ്രോഗ്രാംസ് സങ്കടിപ്പിച്ചത്… എല്ലാം ഗ്രൂപ്പ് ലെവലായിരുന്നു… എന്റെ ഗ്രൂപ്പിന്റെ ലീഡർ ആയി സയൻസിലെ സാറന്മാരായിരുന്നു… എല്ലാ പരിപാടിയിലും ഞാൻ പങ്കെടുത്തിരുന്നു… ഒടുവിൽ ക്വിസ് പ്രോഗ്രാമിനും പങ്കെടുത്തു…

എല്ലാ പഠിപ്പിസ്റ്റും പങ്കെടുക്കുന്നത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും എനിക്കില്ലായിരുന്നു… പക്ഷെ എനിക്കൊരു വാശിയുണ്ടായിരുന്നു,,, എന്നെ മുറിമൂക്കൻ രാജാവ് എന്ന് വിശേഷിപ്പിച്ചത് ഒന്ന് മാറ്റി പറയിപ്പിക്കണ്ടേ,,,

ഒടുവിൽ വിജയം എന്റെ കൈവെള്ളയിലെത്തുമ്പോൾ എനിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു… ഷമീർ സാറിന്റെ മുന്നിലൂടെ അഹങ്കാരത്തോടെ നടന്നു പോയത് എന്റെ വാശി തീർക്കാനായിരുന്നു… ഒരു പുഞ്ചിരി മാത്രം തന്ന് സാർ എന്നെ അഭിനന്ദിച്ചതല്ലാതെ വാക്ക് കൊണ്ട് ഒന്നും പറയാൻ മുതിർന്നില്ല…

ഒരു ദിവസം ക്ലാസ് കഴിഞ്ഞു പോകുമ്പോഴാണ് സാറിന്റെ വിളി കേട്ടത്… ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോ എന്നോടവിടെ നിൽക്കാൻ പറഞ്ഞു…

“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്… കേൾക്കുന്നതിൽ വിരോധമുണ്ടോ ??”

“വിരോധമൊന്നുമില്ല… സാർ പറഞ്ഞോളൂ… ”

“തനിക്കൊരു ഗുഡ് ന്യൂസ് ഉണ്ട്. ഞാനിനി തന്നെ ശല്യപ്പെടുത്താൻ ഉണ്ടാകില്ല ട്ടോ… എനിക്കൊരു വിസ ശരിയായിട്ടുണ്ട്… അതുകൊണ്ട് ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കണം… തന്നെ കണ്ട് ഒന്ന് സംസാരിക്കണമെന്ന് തോന്നി അതാ വിളിച്ചത്.. ”

സാർ അത്രയും പറഞ്ഞു നിർത്തിയപ്പഴേക്കും എന്റെ മിഴികൾ നിറയാൻ തുടങ്ങിയിരുന്നു… പക്ഷെ അദ്ദേഹം കാണുമെന്ന് കരുതി അധരങ്ങളിൽ പുഞ്ചിരി വിടർത്തി ഞാൻ അദ്ദേഹത്തെ ഒന്നൂടെ നോക്കി…

“ഞാൻ പറഞ്ഞത് എന്തെങ്കിലും നിന്നെ വേദനിപ്പിച്ചെങ്കിൽ നാളെ റബ്ബിന്റെ കോടതിയിലേക്ക് മാറ്റി വെക്കാതെ ഇവിടെ വെച്ചു പറഞ്ഞു തീർക്കണം ട്ടോ… തനിക്ക് നല്ലൊരു ഭാവിയുണ്ട്,,, നല്ല കഴിവുള്ള കുട്ടിയാണ്… അതനുസരിച്ചു ഉയരണം… നാളെ ഞാൻ തന്നെ കുറിച്ചു അന്വേഷിക്കുമ്പോൾ നാലാൾ അറിയപ്പെടുന്ന ഒരാളായിരിക്കണമെന്നാണ് എന്റെ ആഗ്രഹം… പിന്നേയ്,, തന്റെ വായാടിത്തരങ്ങൾ അത് പോലെ തന്നെ മുന്നോട്ട് പൊയ്ക്കോട്ടേ ട്ടോ… ”

അതും പറഞ് എന്റെ കയ്യിലേക്ക് ഒരു ജികെ യുടെ പുസ്തകം വെച്ചു തന്നു… നിറഞ്ഞ ഒരു പുഞ്ചിരിയും തന്ന് അദ്ദേഹം തിരിഞ്ഞു നടന്നു….

മുഹബ്ബത്തിന്റെ മിഴിനീർകണങ്ങൾ ഒഴുകി വന്ന് ആ മണ്ണോട് ചേരും മുന്നേ എനിക്ക് വിളിച്ചു പറയണമെന്നുണ്ടായിരുന്നു എന്നുള്ളിൽ ആരുമറിയാതെ ഞാൻ കൂടു കൂട്ടിയ പ്രണയത്തെ കുറിച്,,,,

എനിക്കൊരു നല്ല ഭാവിയാണ് സാർ ആഗ്രഹുക്കുന്നതെങ്കിൽ ആ കയ്യിനോട് എന്റെ കരം ചേർത്ത് വെക്കാൻ സന്മനസ്സ് കാണിക്കുമോ എന്ന് ചോദിക്കാൻ പലയാവർത്തി തുനിഞ്ഞതാണെങ്കിലും എന്തോ എനിക്കന്ന് അതിന് കഴിഞ്ഞില്ല…

ഞാൻ പടുത്തുയർത്തിയ പ്രണയഗോപുരം വിരഹനോവ് സമ്മാനിച്ചു കൊണ്ട് നിലം പതിച്ചപ്പോഴും നേരിയൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു,,, എന്നെങ്കിലും എന്നെ അന്വേഷിച്ചു സാർ വരുമെന്ന്… പക്ഷെ എനിക്ക് തോന്നിയ പോലൊരു പ്രണയം അദ്ദേഹത്തിനുണ്ടായില്ല എന്നുള്ളത് ഞാനറിഞ്ഞിരുന്നില്ല…

ഗുരു ശിഷ്യ ബന്ധത്തിന്റെ പവിത്രത കാത്തു സൂക്ഷിച്ചു കൊണ്ട് തന്നെയായിരുന്നു ഞാനെന്റെ പ്രണയത്തെ മുന്നോട്ട് കൊണ്ടു പോയത്….

ആദ്യപ്രണയം ഇന്നുമെനിക്കൊരു നോവ് മാത്രമാണ് സമ്മാനിച്ചത്…

“എന്റെ മുത്തിന് സങ്കടമുണ്ടോ,,, പ്രണയിച്ച പുരുഷനെ കിട്ടാത്തതിൽ ???”

പിറകിലൂടെ വന്നെന്നെ ചേർത്ത് പിടിച്ചു എന്റെ നിച്ചൂക്ക എന്നോടത് ചോദിക്കുമ്പോൾ ഹൃദ്യമായൊരു പുഞ്ചിരിയോടെ ഞാൻ മറുപടി നൽകി…

“അയ്യേ,,, എനിക്ക് സങ്കടമൊന്നുമില്ല,,, അതിനേക്കാൾ കൂടുതൽ സ്നേഹിക്കാൻ എനിക്കെന്റെ നിച്ചൂക്കായുള്ളപ്പോൾ ഞാനെന്തിന് സങ്കടപ്പെടണം.. ”

മുഖത്തോട് മുഖം നോക്കി ഞാനത് പറഞ്ഞപ്പോഴാണ് ഇക്ക എന്റെ കവിളിലൊരു നുള്ളു തന്ന് കൊണ്ട് പറഞ്ഞത്..

“പക്ഷെ,, എനിക്ക് നല്ല സങ്കടമുണ്ട് ട്ടോ നാസി,,, അവനനുഭവിക്കേണ്ട ദുരന്തമല്ല ഞാനൊറ്റയ്ക്ക് അനുഭവിച്ചോണ്ടിരിക്കുന്നത്… ”

അത് കേട്ടപ്പോൾ എന്നിൽ നിന്ന് ഇക്കയെ തള്ളി മാറ്റി തലയിണയും പുതപ്പും ഞാൻ താഴേക്കിട്ട് കൊടുത്തു…

“അങ്ങനെയാണല്ലേ,,, എന്നാ മോനിന്ന് ദുരന്തം ഏറ്റു വാങ്ങാൻ എന്റടുത്തോട്ട് വരണ്ട… നിങ്ങള് താഴെ കിടന്നാ മതി… ”

അതും പറഞ് പിണക്കം നടിച്ചു ഞാൻ ചെരിഞ്ഞു കിടന്നു…

“എന്റെ മോളെ,,, നീ വന്നിട്ട് വേണം നിന്റുമ്മയെ ഒന്ന് ശരിയാക്കി എടുക്കാൻ… അവളെപ്പോഴും എന്നെ നോവിപ്പിച്ചു കൊണ്ടിരിക്കയാ… കണ്ടില്ലേ അനുരാഗം ഏതോ ഒരു കോന്തൻ മാഷിനും നോവ് ഞമ്മക്കും… ഈ കൊടും തണുപ്പിന് ഞാനൊറ്റയ്ക്ക് നിലത്തു കിടക്കുന്നത് എന്റെ മോള് കാണുന്നില്ലേ… ഉപ്പയെ ചെയ്യുന്നതിനൊക്കെ മോള് പകരം വീട്ടണം ട്ടോ.. ”

എന്റെ ഉദരത്തിൽ ഇക്കയുടെ അധരങ്ങൾ ചേർത്ത് വെച്ചു അത്രയും പറഞ്ഞപ്പോഴേക്കും നിച്ചൂക്കയോടുള്ള ദേഷ്യമൊക്കെ പമ്പ കടന്നിരുന്നു…

“അതേയ്,,, ഇക്ക… ഈ ആദ്യാനുരാഗം എന്നും മനസ്സിനൊരു വിങ്ങലാണല്ലേ,, എത്ര മറക്കാൻ ശ്രമിച്ചാലും പിന്നെയും പിന്നെയും അത് ഓർമയിൽ തെളിഞ്ഞു നിൽക്കുന്നതെന്തു കൊണ്ടാ ??”

ദേഷ്യത്തോടെ ഇക്ക ചാടിയെണീറ്റ് ബെഡിൽ വന്ന് കിടന്നു,,,

“ഇനി ആ കള്ളാ ഹിമാറിനെ കുറിച് എന്നോട് പറയാൻ വന്നാലുണ്ടല്ലോ,,, ഞാനും മോളും കൂടി നിന്നെ നാട് കടത്തും… പറഞ്ഞില്ലാന്ന് വേണ്ട… ”

“മോളാണെന്ന് ഇങ്ങള് അങ്ങ് ഉറപ്പിച്ചോ ??”

വിഷയം മാറ്റാൻ ഞാൻ വേഗം ചോദ്യം മറ്റൊരു റൂട്ടിലേക്ക് തിരിച്ചു വിട്ടു…

“ആഹ്,,, മോളു തന്നെയാ… മോളക്ക വേണ്ടി ഞാൻ അഞ്ചു നേരവും മനമുരുകി പ്രാർത്ഥിക്കുന്നുണ്ട്… ആണാണെങ്കിൽ നീ അവന്റെ പേര് ഇടാൻ പറഞ്ഞാലോ,,, ഞമ്മക്കത് ദഹിക്കൂല മോളെ,,, ”

അതും പറഞ്ഞു ഇക്കയെന്നോട് ചേർന്നു കിടന്നു..

“അപ്പോ അതാണ് കാര്യമല്ലേ,,, കൊച്ചു കള്ളാ,, ”

“ഹും,,, അത് തന്നെയാ കാര്യം,,, എന്റെ പെണ്ണിന്റെ ഖൽബിൽ ഇനി ഞാൻ മാത്രമേ പാടുള്ളു,,, വാക്കുകളിൽ പോലും അവനെ കൊണ്ടുവരല്ലെടാ… സഹിക്കാൻ പറ്റണില്ല എനിക്ക്… എനിക്ക് നീയും നിനക്ക് ഞാനും… പിന്നെ അവൻ പറഞ്ഞ നിന്റെ ഭാവിയുണ്ടല്ലോ,,, അതാണ് നമ്മുടെ മക്കൾ… ”

“ഇക്ക ഇങ്ങള് ആള് കൊള്ളാലോ,,, എത്ര പെട്ടെന്നാ എല്ലാം മാറ്റി മറിച്ചത്,,, സാർ അന്ന് എന്റെ ഭാവിയെ കുറിച്ചു പറഞ്ഞത് അത് ഉദ്ദേശിച്ചിട്ടൊന്നുമല്ല,,,,,,,,,,,……. ”

ബാക്കി പറയാൻ അനുവദിക്കാതെ ഇക്കയെന്റെ അധരങ്ങളെ കീഴ്പ്പെടിത്തിയപ്പോൾ ആ സ്നേഹത്തിൽ ഞാനലിഞ്ഞു ചേർന്നു…

ആദ്യാനുരാഗമെന്ന നോവിനെ ഇക്ക നൽകുന്ന സ്വാർത്ഥമായ സ്നേഹം കൊണ്ട് ഞാൻ മായ്ച്ചു കളഞ്ഞു… മനഃപൂർവം…. എന്റെ ഇക്കയ്ക്ക് വേണ്ടി…..

രചന :Ramsi faiz

Leave a Reply

Your email address will not be published. Required fields are marked *