തകർന്ന ഹൃദയങ്ങൾ തമ്മിൽ…..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അലി അ്ബർ തൂത.

“ഉമ്മാ….ഉമ്മാ റഷിക്കാനെ കാണുന്നില്ല ഞാൻ എല്ലായിടത്തും തിരഞ്ഞു എവിടെയും കാണുന്നില്ല”

ജസി കരഞ്ഞു കൊണ്ട് ഓടി ഉമ്മാന്റെ റൂമിലെത്തി പറഞ്ഞു.

സുബ്ഹ് നമസ്കരിച്ച് ഇരിക്കുന്ന റഷീദിന്റെ ഉമ്മ ജസിയുടെ പറച്ചിലും പരിഭ്രാന്തിയും കണ്ട് അന്തം വിട്ടു.

“മോളെ അവൻ പുറത്തുണ്ടാകും അല്ലാതെ വേറെ എവിടെ പോകാനാണ് നി അവന്റെ ഫോണി ലേക്ക് അടിച്ചുനോക്ക്”

“ഉമ്മ ഞാൻ ഫോണിലേക്ക് അടിച്ചു നോക്കിയതാ ഫോൺ സ്വിച്ച് ഓഫാണ് എന്റെ പടച്ചോനെ എന്ത് പറ്റി എൻറെ ഇക്കാക്ക്‌..?

അവൾ കരയാൻ തുടങ്ങി.

“മോളെ നീ കരയതിരിക്ക്‌ നമുക്ക് നോക്കാം അവന്റെ കൂട്ടുകാരനോടൊപ്പം അവൻ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും”.

“ഉമ്മ ഇക്ക പറയാതെ എവിടേക്കും പോകില്ലല്ലോ എനിക്കെന്തോ പേടി തോന്നുന്നു”

ജസി ഉമ്മാന്റെ ചുമലിലേക്ക് വീണുപൊട്ടിക്കരയാൻ തുടങ്ങി

“മോളെ നീ ഒന്ന് അടങ്ങിയിരിക്ക്‌… കൊച്ചു കുട്ടി ഒന്നും അല്ലല്ലോ അവൻ അല്പനേരം കഴിഞ്ഞ് വരും ഞാൻ അവന്റെ കൂട്ടുകാരനെ ഒന്നും വിളിച്ച് നോക്കട്ടെ”

അവന്റെ ചങ്ക് കൂട്ടുകാരനായ ഷെഫീക്കിനെ ഉമ്മ വിളിച്ചു

അവൻ പറഞ്ഞു

“എനിക്കറിയില്ല ഉമ്മാ ഞാൻ അന്വേഷിച്ചു തിരിച്ചു വിളിക്കാം”

അൽപ്പസമയത്തിന് ശേഷം ഉമ്മയുടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അവർ പരസ്പരം നോക്കി ഉമ്മ തന്നെ ഫോണെടുത്ത് അവനേട് സംസാരിച്ചു

മറുതലയ്ക്കൽ നിന്നും പറഞ്ഞ വാക്കുകൾ കേട്ട് ഉമ്മ ഞെട്ടിത്തരിച്ച് അനങ്ങാതെ നിന്നു

ഇത് കണ്ടു ജസിക്ക്‌ എന്തോ അപകടം മണത്തു.

അവൾ ഉമ്മയോട് ചോദിച്ചു

“എന്തുപറ്റി ഉമ്മാ എന്റെ റഷിക്കാക്ക്”

ഉമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു .

“മോളേ അവൻ നമ്മെ ചതിച്ചെടീ അവൻ വേറെ ഏതോ പെണ്ണിനെക്കൊണ്ട് നാടുവിട്ടൂന്നാ പറയുന്നേ..”

എന്റെ പടച്ചോനേ….എങ്ങനെ ഞാൻ സഹിക്കും ഇത് എന്റെ പൊന്നുമോനെ പോലും മറന്നല്ലോ… ”

എന്നു പറഞ്ഞവൾ നെഞ്ഞത്തടിച്ചു കരയാൻ തുടങ്ങി

അവൾ വേഗം ഈ വിവരം അവളുടെ ഉപ്പാക്ക് വിളിച്ചുപറഞ്ഞു

അരമണിക്കൂറിനുള്ളിൽ അവളുടെ ഉപ്പയും ആങ്ങളമാരും അവിടെ എത്തി.

ജസിപൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു

“ഉപ്പാ… ഇക്കാക്കാ… റഷിക്കാനെ ഒന്ന് അന്വേഷിക്കൂ..”

ജസിയുടെ ആങ്ങളമാർ പറഞ്ഞു.

“നിനക്കെന്താ പ്രാന്താ… ഇനി അന്വേഷിക്കാനൊന്നുല്ല നീ എടുക്കാനുള്ളതൊക്കെ എടുത്ത് വന്ന് വണ്ടീക്കേറ്..”

റഷീദിന്റെ ഉമ്മ അവരെ തടയാൻ നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല.

“എന്റെ മകളെ ഒരു ഡോക്ടറാണ് അവളുടെ ആഗ്രഹപ്രകാരം തന്നെ ഞങ്ങൾ അവൾക്ക് ഒരു ഡോക്ടറെ തന്നെ കല്യാണം കഴിച്ചു കൊടുത്തത് അവളെ സന്തോഷത്തോടെ നോക്കുമെന്ന് വിചാരിച്ചു തന്നെയാണ്.. പക്ഷേ അവൻ പോയി..ഇനി എന്റെ മകളെ ഇവിടെ നിർത്തില്ല ഞാൻ കൊണ്ട് പോവുകയാണ്”

ജസിയുടെ ഉപ്പ കുട്ടിയെ എടുത്തു കൊണ്ട് വീണ്ടും പറഞ്ഞു.

ഇവനേപോലും ഓർത്തില്ലല്ലോ ആ ഹിമാറ്.”

റഷീദിന്റെ ഉമ്മാക്ക് സങ്കടം അടക്കാൻ കഴിഞ്ഞില്ല അവർ കരഞ്ഞുതളർന്ന് അവിടെയിരുന്നു . അവർക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല അവരോട് പറയാൻ. *******. *******. ********

ഇതേ സമയം മറ്റൊരു വീട്ടിൽ അഷ്റഫിന്റെ ഉപ്പാക്ക് സ്ഥിരമായി ചായ കൊണ്ട് കൊടുക്കുന്നവൾ ആയിരുന്നു നജ്മ അവളെ കാണാനില്ല.

പതിവ് പോലെ ചായയുമായി എത്താത്തത് കണ്ട് ഉപ്പ മകന്റെ മുറിയിലേക്ക് വിളിച്ചു ചോദിച്ചു.

“അശ്റഫ് നജ്മക്കെ ന്തെങ്കിലും അസുഖമുണ്ടോ…? ഇതുവരെ അവളെ കണ്ടില്ല.”

“അവള് അടുക്കളയിൽ കാണും ഉപ്പ… പതിവിലും നേരത്തെ എണീറ്റ് പോയതാണല്ലോ അവൾ”

“ഇല്ല മോനെ അവള് ഇവിടെങ്ങും ഇല്ല ചായയുമായി കാണാത്തതൊണ്ടാ ഞാന് വന്ന് ചോദിച്ചെ..”

“അവിടെ എവിടെയെങ്കിലും ഉണ്ടാകും അല്ലാതെ എങ്ങോട്ടു പോകാൻ”

അഷ്റഫിന്റെ ഉമ്മയുടെയും ഉപ്പയുടെയും മരുമകൾ ആയിരുന്നില്ല നജ്മ ശരിക്കും മകൾ തന്നെയായിരുന്നു.

എല്ലാവരോടും നല്ലരീതിയിൽ പെരുമാറി അടക്കവും ഒതുക്കവുമുള്ളവളായിരുന്നു നജ്മ . അവളെക്കുറിച്ച് എല്ലാവർക്കും നല്ലതേ പറയാനുള്ളൂ .

എല്ലാവരും അവളെ നാലുപാടും തിരയാൻ തുടങ്ങി.

ഇതിനിടയിലാണ് അശ്റഫ് ടേബിളിൽ ഒരെഴുത്ത് ശ്രദ്ധിച്ചത്

അവൻ അത് വായിച്ചു നോക്കി

“ഞാൻപോവുന്നു എല്ലാവരും എന്നോടു ക്ഷമിക്കണം കുറച്ചുനാളായി എനിക്കൊരാളെ ഇഷ്ടമാണ്. അയാൾ ഇല്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ല ഞാൻ ഒരുപാട് പ്രാവശ്യം ശ്രമിച്ചിട്ടും എനിക്ക് കഴിയുന്നില്ല.ഞങ്ങളെ അന്വേഷിക്കരുത് ഇനി ഒരു തിരിച്ചു വരവില്ല.

അത് വായിച്ച് തരിച്ചു നിന്നുപോയി അവൻ. ഒരു തരത്തിലും അവനത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ***** ***** ******* *****

രണ്ട് വീട്ടുകാരും പോലീസിൽ പരാതിപെട്ടതനുസരിച്ച് അവരെ ഊട്ടിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

അവരെ കാത്ത് കോടതിവളപ്പിൽ വൻ ജനാവലി തടിച്ചുകൂടി.

ഒട്ടും ഭയമൊ പശ്ചാത്താപമോ ഇല്ലാതെ അവർ രണ്ടുപേരും കോടതിയിൽ ഹാജരായി.

കോടതിയിൽ അവർ രണ്ടുപേരും പറഞ്ഞു ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്ന്.

കോടതി അതംഗീകരിച്ചു ഒരുമിച്ച് ജീവിക്കാൻ അനുവാദം നൽകി.

ഇതിനിടയിൽ ജസിയുടെ ആങ്ങളമാർ റഷീദിന്റെ നേർക്ക് അക്രമാസക് ത്തരായി ചെന്നു.പോലീസ് ഇടപെട്ടാണ് ആ രംഗം തണുപ്പിച്ചത്.

അഷ്റഫ്‌ നേരെ നജ്മയുടെ അടുത്തെത്തി.

“നജ്മ ഞാൻ എന്റെ മോൾക്ക് വേണ്ടി നിന്നോട് ക്ഷമിക്കാനും തിരികെ വിളിക്കാനും തയ്യാറാണ്.കഴിഞ്ഞതൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുകയുമില്ല നീ എന്റെ കൂടെ വാ നമ്മുടെ മോൾക്ക് വേണ്ടിയെങ്കിലും…”

“കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടിയാണ് റഷീദ് അവന്റെ മോനെ പോലും ഉപേക്ഷിച്ച് വന്നിട്ടുള്ളത് ഞാൻ അവന്റെ കൂടെ തന്നെ പോകുന്നു”

,നജ്മ പറഞ്ഞ വാക്കുകൾ കേട്ട് അഷ്റഫിന്റെ ഹൃദയം പിടഞ്ഞു. ജസി തന്റെ മോനെ എടുത്ത് റഷീദിന്റെ അടുത്തേക്ക് ചെന്നു

“റഷിക്കാ…”

വിതുമ്പുന്ന ചുണ്ടുകൾ കൊണ്ട് അവൾ ബാക്കി പറയാൻ തുടങ്ങി.

“ഇക്കാന്റെ നെഞ്ചത്ത് കിടന്നല്ലെ ഇന്നലെ വരെ മോൻ ഉറങ്ങിയത്..ഇപ്പൊ…”

ജസിക്ക് തന്റെ വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല.അപ്പോഴേക്കും അവളുടെ ഉപ്പയും ആങ്ങളമാരും വന്ന് അവളെ വിളിച്ച് കാറിൽ കയറ്റി.

അഷ്റഫ് തന്റെ കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ച് കോടതി വളപ്പിൽ നിന്ന് ഇറങ്ങവെ അവിടെ കാറിൽ തന്റെ മോളുടെ അതെ പ്രായമുള്ള മോനെയും ചേർത്ത് പിടിച്ച് വിതുമ്പിക്കരയുന്ന ജസിയെകണ്ടു.

അങ്ങനെ മാസസങ്ങൾ കഴിഞ്ഞു.

ഒരു ദിവസം രാത്രിയിൽ തന്റെ വീടിന്റെ മുറ്റത്തേക്ക് വിലകൂടിയ മൂന്നു നാലു കാറുകളിൽ കുറച്ചാളുകൾ ഇറങ്ങുന്നത് കണ്ടു അശ്റഫ് പുറത്തേക്ക് വന്നു.

വന്നവർ അവരെ പരിചയപ്പെടുത്തി. ജസിയുടെ ഉപ്പയും ആൺഗ്ലമാരുമായിരുന്നു അത്.

“നിങ്ങളുടെ ഭാര്യ പോയത് ഞങ്ങളുടെ പെങ്ങളുടെ ഭർത്താവിന്റെ കൂടെയാണ് …”

അവർ പറഞ്ഞു

“ശരിക്കും നിങ്ങളുടെ അതേ അവസ്ഥയാണ് ഞങ്ങടെ പെങ്ങളും അനുഭവിച്ച്‌ കൊണ്ടിരിക്കുന്നത്.. എന്ത് ചെയ്യാം ഒരിക്കലും ആഗ്രഹിക്കാത്തത്‌ സംഭവിച്ചു.. ഞങ്ങൾ അവന്റെ കയ്യിൽ നിന്നും ഞങ്ങളുടെ പെങ്ങളുടെ വിവാഹമോചനം നേടി…”

അഷ്റഫ് എല്ലാം കേട്ട് നിശബ്ദമായിരുന്നു.

അവർ തുടർന്നു.

“നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ പെങ്ങളെ നിങ്ങൾക്ക് കല്യാണം കഴിച്ചു തരാൻ ഞങ്ങൾ ഒരുക്കമാണ്”

അഷ്റഫിന് എന്തുപറയണമെന്നറിയാതെ നിൽക്കുമ്പോൾ അവന്റെ ഉപ്പ പറഞ്ഞു.

“നിങ്ങളുടെ മകൾ ഒരു ഡോക്ടറല്ലേ ഞങ്ങളുടെ കൊച്ചുവീട്ടിൽ അവൾക്ക് കഴിയാൻ ബുദ്ധിമുട്ടാവില്ലേ…?”

“എന്റെ മോൾക്ക് എല്ലാം കൊണ്ടും അനുയോജ്യമായ ഒരാളെയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത് എന്നിട്ട് എന്തായി”

ജസിയുടെ ഉപ്പ കണ്ണുനീർ തുടച്ചു.

“അവൾ ഡോക്ടർ ആയിരിക്കാം അവളെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെയാണ് അവൾക്കാവശ്യം”

അവർ തുടർന്നു.

“അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ വരെ വന്നത് ഇനി നിങ്ങളുടെ ഇഷ്ടം”

അവളുടെ ആങ്ങള പറഞ്ഞു.

“ഇത് അവരോടുള്ള ഒരു പ്രതികാരമായി കണക്കുകൂട്ടിയാലും മതി”

അപ്പോൾ അഷ്റഫ് മൗനം വെടിഞ്ഞുകൊണ്ട് പറഞ്ഞു.

“എനിക്കാരോടും ഒരു പ്രതികാരവും ഇല്ല… എല്ലാം ദൈവത്തിന്റെ വിധിയാവാം നമുക്ക് തടുക്കാൻ കഴിയില്ലല്ലോ.. എനിക്ക് സമ്മതമാണ്. എന്റെ മോൾക്ക് ഒരുമ്മയായി എന്റെ മാതാപിതാക്കൾക്ക് ഒരു മകളായി.. വരാൻ കഴിയുമെങ്കിൽ അതു മാത്രമേ ഞങ്ങൾ ആഗ്രഹിച്ചുള്ളു..”

“തീർച്ചയായും.. അവളുടെ മോനെ ഞങ്ങളവിടെ വളർത്തിക്കൊളാം.. അതിന്നും നിങ്ങൾക്കു ബുദ്ധിമുട്ടേണ്ട”

അഷ്റഫ് പറഞ്ഞു.

“വേണ്ട എന്റെ മകളെ അവൾ സ്വന്തം മകളായി കാണുമ്പോൾ അവളുടെ മകനെ ഞാനെന്റെ മകനെപ്പോലെ വളർത്തും ഇവിടെ..”

അഷ്റഫിന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞു.

“താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ”

അവർ വന്ന കാര്യം വളരെ ഭംഗിയായി ഉറപ്പിച്ചതിൽ സന്തുഷ്ടരായി യാത്രയായി.

ജീവിതയാത്രയിൽ പാതി വഴിക്ക് കാലിടറിയ അഷ്റഫിന്റെയും ജസിയുടെയും തുടർന്നുള്ള യാത്രയ്ക്ക് അവർ പരസ്പരം കൈകോർത്ത് സുരക്ഷിതമായി നടന്നു തുടങ്ങി… അവർക്ക് സന്തോഷം പകരാൻ രണ്ട് മക്കളുടെ നിഷ്കളങ്കമായ പുഞ്ചിരിയും കൂട്ടിനുണ്ടായിരുന്നു.

രചന : അലി അ്ബർ തൂത.

Leave a Reply

Your email address will not be published. Required fields are marked *