അച്ഛന്റെ മകൾ

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ഇസ്മായിൽ കൊടിഞ്ഞി.

മോളേ…….

ബസ്സിൽ പോരുമ്പോൾ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ വാങ്ങി കഴിക്കരുത് ട്ടോ….! ആവശ്യമുള്ള വെള്ളവും സാധനങ്ങളും വാങ്ങി ബാഗിൽ വെച്ചിട്ടേ ബസ്സിൽ കയറാവൂ…..,

ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ്‌ കയറാൻ നിൽക്കുവാണെന്ന് ഫോണിലൂടെ അച്ഛനോട് പറയുമ്പോൾ ഉള്ള സ്ഥിരം ഉപദേശമാണിത്.

നേഴ്സിംഗ് അവസാന വർഷ വിദ്യാഭ്യാസവും കഴിഞ്ഞു കെട്ടും മാറാപ്പുമായി വരുന്ന അർച്ചനക്ക് എന്തു കൊണ്ടും എന്നും അച്ഛന്റെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.തന്റെ ഇഷ്ടത്തിന്റെ പുറത്തു പഠിക്കാൻ വിട്ട അച്ഛനിന്ന് ഉറങ്ങില്ലെന്ന് അവൾക്കറിയാം.ഓരോ മണിക്കൂറും ഫോണിലൂടെ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുന്ന അച്ഛനെ അവൾ മനസ്സിലാക്കുക ആയിരുന്നു.

അച്ഛന്റെയും അമ്മയുടെയും കൂടെ ഗ്രാമ വിശുദ്ധിയിൽ വളർന്ന അവൾക്ക് എന്നും കൂട്ടും കരുതലും ആ അച്ഛൻ തന്നെ ആയിരുന്നു.

പത്താം ക്ലാസ്,പ്ലസ് ടു പരീക്ഷക്ക് വേണ്ടി പാതിരാക്കിരുന്നു പഠിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ ഇടക്ക് ചൂടുള്ള കട്ടൻ ചായയുണ്ടാക്കി കൊണ്ടു തന്നും,പഠിത്തത്തിൽ ഒപ്പം തനിക്ക് കൂട്ടിരുന്നതും അമ്മയായിരുന്നു.എന്നാൽ ഒരു ചുമരിന്റെ അപ്പുറത്ത് അവൾക്കും അമ്മയ്ക്കും കൂടെ ഒന്ന് തിരിഞ്ഞു കിടന്നു ഒരു ശബ്ദം കൊണ്ടു പോലും ബുദ്ധിമുട്ടിക്കാതെ അച്ഛൻ ഉറക്കമിഴിച്ചിരിക്കുന്നുണ്ടാകും.

അത് തിരിച്ചറിയുക ഉറക്ക ക്ഷീണം പുറത്ത് കാണിക്കാതെ നെറ്റിയിൽ ഒരു മുത്തം തന്നു കൊണ്ട് പഠിച്ചതൊക്കെ മറക്കാതെ എഴുതണം എന്ന് പറഞ്ഞു പാടത്തേക്ക് പോകുമ്പോഴാണ്.

അത് കൊണ്ടൊക്കെയും അന്നും ഇന്നും അവൾക്ക് ഏറ്റവും അടുപ്പവും ഇഷ്ടവും അച്ഛനെ തന്നെയായിരുന്നു.പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും ആ തഴമ്പിച്ച കൈകൾ എടുത്തു കൊണ്ട് മുഖത്തിട്ടുരസി മൊഴിയുമ്പോൾ ഒരു പ്രദീക്ഷയാണ്.

” എന്തിനും ഏതിനും ഒരു ഉചിതമായ മാർഗമോ നിർദ്ദേശമോ ആ മനസ്സിലുണ്ടാകുമെന്ന പ്രധീക്ഷ….” ഓരോ ആഗ്രഹങ്ങളും ആവശ്യങ്ങളും പറയുമ്പോൾ ചെറു പുഞ്ചിരിയോടെ നമുക്ക് നോക്കാം എന്ന് പറയുന്ന അച്ഛനെ.

നിങ്ങളാണ് ഇവളെ പറയുന്ന ഓരോ സാധനങ്ങൾ വാങ്ങിക്കൊടുത്തു കൊണ്ട് വഷളാക്കുന്നത്.അതികം കൊഞ്ചിച്ചു വഷളാക്കണ്ട നാളെ ആണൊരുത്തന്റെ കൂടെ ഇറക്കി വിടാനുള്ളതാണ്.

ഈ ഒരു വാക്ക് അമ്മയിൽ നിന്നും കേൾക്കുമ്പോൾ അച്ഛൻ നെടുവീർപ്പിടുന്നത് കാണാം.അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുമ്പോൾ ചെറിയ നീറ്റൽ ആ ഇളം മനസ്സിലും ഉണ്ടാകാറുണ്ട്.

നല്ല രീതിയിൽ പ്ലസ്ടു പാസ്സായി.അച്ഛനും അമ്മയ്ക്കും തന്നെ പരസ്പരം പിരിഞ്ഞിരിക്കാൻ ഉള്ള സങ്കടം കൊണ്ട് നാട്ടിലിരുന്ന് തന്നെ പഠിക്കാനായിരുന്നു പറഞ്ഞത്.സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് ബാംഗ്ലൂരിലെ ഒരു നേഴ്സിങ് കോളജിൽ ചേരുകയായിരുന്നു.

ഒരു മായാ ലോകമായിരുന്നു ബാംഗ്ലൂരെങ്കിലും അവളെ നിയന്ത്രിച്ചു വെച്ചത് അച്ഛന്റെ ഉപദേശങ്ങളും,അച്ഛന് അവളോടുള്ള വിശ്വാസം കൂടി കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു ദൃഢ നിക്ഷയം കൂടിയായിരുന്നു.അത് കാരണം ഈ നാലു വർഷ കാലയളവിൽ അവൾ സ്വയം നിയന്ത്രിച്ചു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടും,ദൈവാനുഗ്രഹം കൊണ്ടും,അവളുടെ അച്ഛന്റെ പ്രാർത്ഥനയുടെ ഫലമായും എഴുതിയ ഒരു പേപ്പറും കിട്ടാതിരുന്നിട്ടില്ല.

സ്വന്തം രക്ഷിതാക്കളറിയാതെ ആർത്തുല്ലസിച്ചു നടക്കാൻ മണിക്കൂറുകൾക്ക് ശരീരത്തിന് വിലയിട്ടു നടക്കുന്ന കൂട്ടുകാരികൾ പലകുറി അവളെയും ക്ഷണിക്കാറുണ്ട്.

ഇവിടെ നമ്മുടെ ഈ പഠിപ്പിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളൊന്നും നാട്ടിലെ ഒരു പൂച്ചക്കുട്ടി പോലും അറിയില്ല എന്നു പറഞ്ഞു ഒന്ന് ഉല്ലസിച്ചു നടക്കാൻ ഒരു പാട് നിർബന്ധിക്കാറുണ്ട്.

അവളുടെ ആ പട്ടിക്കാട്ടിലെ ഡ്രെസ്സൊക്കെ മാറ്റി മോഡൽ ഡ്രെസ്സിൽ തിളങ്ങി നടക്കാൻ.

കൂട്ടുകാരൊക്കെ അടിച്ചു പൊളിച്ചു നടക്കുമ്പോൾ അവളുടെ മനസ്സിലും ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാഞ്ഞിട്ടല്ല.ഒരു നേരം വരെ പാടത്തും പറമ്പിലും കൊത്തിക്കിളക്കുന്ന അച്ഛന്റെ പഴയ പോളിസ്റ്റർ കുപ്പായങ്ങൾ മനസ്സിൽ തെളിയുമ്പോയും,പൊരി വെയിലത്ത് ഉരുകി ഒലിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടി അയച്ചു തരുന്ന പണത്തിലേക്ക് നോക്കുമ്പോൾ താനേ ആ അച്ഛന്റെ മകളായി മാറിപ്പോകും അവൾ.

ഇന്നീ യാത്രയിൽ ഇനി ഒരു തിരിച്ചു വരവില്ല.ഇനിയുള്ള കാലം പ്രായമായ അച്ഛനെയും അമ്മയേയും പരിചരിച്ചു നാട്ടിൽ തന്നെ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ജോലി തേടണം അതാണ് അവളുടെ ലക്ഷ്യം.എന്നിട്ട് നാലുവർഷം നേരിട്ടു കിട്ടാത്ത ആ സ്നേഹം ആവോളം അനുഭവിക്കണം.

ഓരോന്ന് ആലോചിച്ചു കൊണ്ട് വിൻഡോ യിലൂടെ വരുന്ന പാതിരാ കാറ്റേറ്റ് അവൾ മെല്ലെ കണ്ണുകൾ അടച്ചു നിദ്രയിലേക്ക് ഊളിയിട്ടു.

പെട്ടെന്ന് ഫോൺ അടിച്ചപ്പോഴാണ് അവൾ ഉറക്കിൽനിന്നും ഉണർന്നത്.സ്‌ക്രീനിൽ അച്ഛൻ എന്ന് തെളിഞ്ഞു കണ്ടപ്പോൾ അവൾ ഒന്നു ഉഷാറായി.ഫോണെടുത്തു ചെവിയിൽ വെച്ചപ്പോൾ തന്നെ എവിടെത്തി മോളേ എന്നുള്ള ചോദ്യമാണ് അവൾ കേട്ടത്.

സ്റ്റാന്റിലെലെത്തുന്ന സമയം കഴിഞ്ഞല്ലോ എന്ന് പറഞ്ഞപ്പോഴാണ് അർച്ചന പുറത്തെ കടകളുടെ ബോർഡുകളിലേക്ക് നോക്കുന്നത്.ഇവിടെ അടുത്തെത്തി അച്ഛാ,അരമണിക്കൂറിനുള്ളിൽ സ്റ്റാൻഡിൽ എത്തുമെന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടാക്കി.

അവൾ പ്രധീക്ഷിച്ചതു പോലെ തന്നെ അച്ഛൻ സ്കൂട്ടിയുമായി സ്റ്റാന്റിന്റെ മുമ്പിൽ തന്നെയുണ്ടായിരുന്നു.നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു അച്ഛന് ഫോൺ വിളിച്ചാൽ പിന്നെ അവിടുന്ന് ബസ്സിൽ കയറിയാൽ ഒരു സമാധാനനമാണ്.

ഏത് അസ്സമയത്തും അച്ഛൻ തന്നെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോകാൻ സ്റ്റാന്റിൽ ഉണ്ടാകുമെന്നുള്ളത് അവൾക്ക് ഒരു ധൈര്യമാണ്.

ബസ്സിൽ നിന്നിറങ്ങി അച്ഛനെ ഒന്ന് കെട്ടിപ്പിടിച്ചു കുശലം ചോദിച്ചു.

ഈ പാതിരായ്ക്ക് ഉറക്കവു മൊഴിച്ചു കാത്തിരിക്കേണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അവൾ ഒരു പരിഭവത്തിൽ പറയുമ്പോൾ ആ അച്ഛനൊരു ചിരിച്ചു കൊണ്ട് മറുപടിയുണ്ട്.

“നട്ടപ്പാതിരക്ക് നിന്നെ ഞാൻ വല്ല ചെന്നായ്ക്കൾക്കും പിച്ചിച്ചീന്താൻ ഇട്ടുകൊടുക്കാം അല്ല പിന്നേ”.

അതേ എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ,അവൾക്ക് വേണ്ടി ഉറക്കമൊഴിക്കുന്നതോണ്ട് എനിക്കൊരു ചുക്കും വരാൻ പോകുന്നില്ല.പിന്നെ എനിക്കും ഒരു കാത്തിരിപ്പിന്റെ സുഖമൊക്കെ അറിയണ്ടേ കൊച്ചേ……

സമയം കളയാതെ കേറിയിരി കൊച്ചേ,നിന്നേയും കാത്ത് വീട്ടിൽ ഒരാത്മാവ് ഭക്ഷണം പോലും കഴിക്കാതെ തനിച്ചിരിക്കുന്നുണ്ട് അവിടെ.

ഈ വാക്കുകളാണ് അവളെ ആ അച്ഛന്റെ മകളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.തനിച്ചുവരുന്ന മകൾക്ക് വേണ്ടി നാമജപം ചൊല്ലി കാത്തിരിക്കുന്ന ആ അച്ഛന്റെ തഴമ്പിച്ച ഉള്ളം കയ്യിലും,സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനസ്സും ചുറ്റും സംരക്ഷണം ഉറപ്പു വരുത്തുന്ന ആ കുഴി വീണകണ്ണിലും ഉള്ള സുരക്ഷിതത്വവും കരുതലും ഒരു കാമുകന്റെയും ഉള്ള് പൊള്ളയായ കാറ്റുനിറച്ചു വീർപ്പിച്ചു നടക്കുന്ന മസിലുകൾക്കും നൽകാനാകില്ല.

എന്ന ഒരു വിശ്വാസമാണ് ആ സ്കൂട്ടിയുടെ പിറകിലിരിക്കുമ്പോൾ ആ അച്ഛന്റെ അരക്കെട്ടിൽ മുറുകുന്ന അവളുടെ കൈകൾ കൊണ്ടുള്ള ആ കെട്ടിപ്പിടിത്തം.

രചന : ഇസ്മായിൽ കൊടിഞ്ഞി.

Leave a Reply

Your email address will not be published. Required fields are marked *