സ്നേഹമർമ്മരം…ഭാഗം 47

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം 47

“പിടിച്ച് കേറ്റെടാ ഇവളെ……”

വിനു വഷളച്ചിരിയോടെ പറഞ്ഞു കൊണ്ട് ലെച്ചുവിനടുത്തേക്ക് വന്നു…..ചുണ്ടുകൾ നനച്ച് വല്ലാത്തൊരു ഭാവത്തോടെ അവളുടെ തുടുത്ത കവിളുകളിൽ വിനു തൊടാനാഞ്ഞതും ഏതോ കരുത്തുറ്റ കൈകളുടെ പ്രഹരത്താൽ അവൻ ദൂരേയ്ക്ക് തെറിച്ചു പോയിരുന്നു…..

നിലാവിന്റെ വെളിച്ചത്തിൽ മുഖം വ്യക്തമായില്ലെങ്കിലും ഒരു നിമിഷം പകച്ച് പോയ അവൻമാരുടെ പിടിയിൽ നിന്ന് ലെച്ചുവിന് കുതറി മാറാൻ കഴിഞ്ഞു…..

സ്വതന്ത്രമായപ്പോൾ ലെച്ചു പങ്കുവിന്റ അടുത്തേക്കാണ് ഓടിയത്…….

നിലത്ത് കിടന്ന പങ്കുവിനെ ലെച്ചു താങ്ങി എഴുന്നേൽപ്പിച്ചു….. തലയിലെ മുറിവിൽ നിന്നും ഒഴുകിയ ചോര ഷോളിന്റെ തുമ്പാൽ തുടച്ച് മാറ്റി ……

തലയിൽ പടർന്ന മരവിപ്പ് തെല്ലൊന്നു അകന്നപ്പോൾ പങ്കു കണ്ണുകൾ ബലപ്പെട്ട് വലിച്ചു തുറന്നു……തലയൊന്ന് കുടഞ്ഞുകൊണ്ട് മുന്നിലേക്ക് നോക്കിയതും ആരുടെയോ പ്രഹരത്താൽ തന്റെ മുന്നിലേക്ക് തെറിച്ച് വീണ ജിത്തുവിനെയും അജിത്തിനെയും കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു….

“മനുവേട്ടൻ…..”

കരുത്തില്ലാത്ത ശബ്ദത്തിൽ പങ്കുവിന്റെ ചുണ്ടുകൾ അനങ്ങി…

കാറിന്റെ അരികിലായി വിനുവിന്റെ കൈകൾ പുറകിലേക്ക് വലിച്ചൊടിച്ച് മനു അവന്റെ നാഭിയിലേക്ക് കൈമുട്ട് കൊണ്ട് പ്രഹരിച്ചതും വിനു മുരൾച്ചയോടെ നിലത്തേക്ക് വീണു…..

നിലത്ത് കിടന്ന് പിടയുന്ന മൂന്നെണ്ണത്തിനെയും പുച്ഛഭാവത്തിൽ നോക്കി കൊണ്ട് മനു പങ്കുവിന്റെ അരികിലേക്ക് ചെന്നു….

“ഹോസ്പിറ്റലിൽ പോണോ ശ്രീരാഗ്……”

കരുതലുള്ള മനുവിന്റെ ചോദ്യത്തിന് മുന്നിൽ പങ്കു വേണ്ടെന്ന് തലകുലുക്കി…..

“നല്ല ബ്ലീഡിംഗ് ഉണ്ടല്ലോ……..വാ നമുക്കു ഹോസ്പിറ്റലിൽ പോകാം…….”

“വേണ്ട മനുവേട്ടാ……എനിക്ക് കുഴപ്പമില്ല….. ചെറിയൊരു വേദന….അത്രയേയുള്ളൂ…..”

ലെച്ചുവും അവന്റെ അവസ്ഥ കണ്ട് ആകെ വിറച്ച് നിൽക്കുവാണ്…

വേദനയുണ്ടെങ്കിലും എത്രയും പെട്ടെന്ന് ലെച്ചുവിനെ വീട്ടിലെത്തിക്കണമെന്നേ ഉണ്ടായിരുന്നുള്ളു പങ്കുവിന്…….

അച്ഛൻ അറിയാതെ കൊണ്ട് പോയതാണ്……. ലെച്ചുവിന് അവരെ ധിക്കരിക്കുന്നത് വലിയ വിഷമമാണ്…

“അതൊന്നും പറഞ്ഞാൽ പറ്റില്ല…..വന്നേ…..”

ഒരു ഏട്ടന്റെ കരുതലോടെ അവൻ നിർബന്ധിച്ച് പങ്കുവിനെ മനുവിന്റെ കാറിലേക്ക് കയറ്റി…… ലെച്ചുവും അവന്റെയൊപ്പം കാറിലേക്ക് കയറി…. അവളുടെ കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു….

ഹോസ്പിറ്റലിൽ എത്തിയതും മനുവും ലെച്ചുവും കൂടെയാണ് അവനെ അകത്തേക്ക് പിടിച്ചു കയറ്റിയത്….

ഡോക്ടർ വന്ന് പരിശോധിച്ച് നോക്കി….

കുഴപ്പമൊന്നുമില്ല….കുറച്ചു ബ്ലഡ് പോയതിന്റെ ക്ഷീണം മാത്രം……തലയിലെ മുറിവ് ആഴത്തിലുള്ളതല്ല……ഒന്ന് ഡ്രസ്സ് ചെയ്തിട്ട് പോകാം…..

പങ്കുവിന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞതും ലെച്ചുവും ആശ്വസിച്ചു….

അത്രമാത്രം തീ തിന്നാണ് ഇത്രയും സമയം നിന്നതും….

അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ പങ്കു ഉഷാറായി………ഇൻജക്ഷൻ വച്ചപ്പോൾ മാത്രം പേടിച്ച് ലെച്ചുവിനെ ഇടുപ്പിലൂടെ കൈയിട്ട് മുറുകെ പിടിച്ചിരുന്നു…..

അവന്റെ പിടിത്തത്തിൽ ചെറിയ പന്തികേട് തോന്നിയപ്പോൾ ലെച്ചു അവനെ നോക്കി ശാസനയോടെ കണ്ണുരുട്ടി….

വയ്യാതെ കിടന്നാലും ഇതിന് മാത്രം😥……

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പങ്കുവിനെ ഡിസ്ചാർജ് ചെയ്തു…..

വീട്ടിലെ സാഹചര്യം പറഞ്ഞപ്പോൾ മനു തന്നെയാണ് ഡിസ്ചാർജ് വാങ്ങിയത്….

“മനുവേട്ടാ…..ബില്ല്…….”

പങ്കു പോക്കറ്റിൽ തിരുകിയിരുന്ന വാലറ്റ് കൈയിലേക്കെടുത്തതും മനു അവനെ സ്നേഹത്തോടെ തടഞ്ഞു……

“എന്റെ ഹോസ്പിറ്റലാണ്……സാരമില്ല…. ഞാൻ പറഞ്ഞിട്ടുണ്ട്…”

മനു പുഞ്ചിരിയോടെ പറഞ്ഞു….

“മനുവേട്ടാ…..ഒരുപാട് നന്ദിയുണ്ട്……ആ സമയത്ത് മനുവേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ…..”

ആ ഓർമയിൽ പങ്കുവൊന്ന് വിറച്ച് പോയി…..

“അതൊന്നും ഓർക്കണ്ട ശ്രീരാഗ്…….

ചീത്ത കൂട്ടുകെട്ടുകൾ എപ്പോഴും നമ്മള് തിരിച്ചറിയണം…..

അങ്ങനെയുള്ളവരെ എപ്പോഴും ഒഴിവാക്കി ത്തന്നെ നിർത്തണം…

ഇനി രാത്രി കറങ്ങാനൊക്കെ ഇറങ്ങുമ്പോൾ ഒന്ന് സൂക്ഷിക്കണം……”

കരുതലോടെയുള്ള മനുവിന്റെ വാക്കുകൾക്ക് രണ്ടുപേരും സമ്മതത്തോടെ തലയാട്ടി….

പെട്ടെന്ന് രണ്ട് ഡോക്ടർമാർ കയറി വന്നതും മനു അവരുടെ അടുത്തേക്ക് പോയി…..

ലെച്ചുവും മനുവിനെ തന്നെ നോക്കി നിൽക്കുവായിരുന്നു…..അവന്റെ മുഖത്തെ ഐശ്യര്യവും ഗ്ലാമറും അവൾ അതിശയത്തോടെ നോക്കി നിന്നു…

എന്ത് ഗ്ലാമറാണ്……..

വെളുത്തനിറവും വെള്ളാരം കണ്ണുകളും അവന്റെ പുഞ്ചിരിയിൽ ഒരു പോലെ പ്രകാശിക്കുന്നുണ്ട്…..

അവൾ മനുവിനെ തന്നെ വായിനോക്കി നിൽക്കുന്നത് കണ്ട് പങ്കു ലെച്ചുവിന്റെ കൈയിലേക്ക് ഒന്നു തട്ടി…..

“ഒരു മയത്തിലൊക്കെ നോക്ക് ലെച്ചൂ….അങ്ങേരുടെ കല്യാണം കഴിഞ്ഞ് മൂന്ന് പിള്ളേരുമുള്ളതാ….”

ലെച്ചു അബദ്ധം പറ്റിയത് പോലെ ചമ്മിക്കൊണ്ട് നാവ് കടിച്ചു…..

പങ്കുവിനും അവളുടെ ആക്ഷൻ കണ്ട് ചിരി വന്നു…..

ആരായാലും നോക്കിപ്പോകും അത്രയും മുടിഞ്ഞ ഗ്ലാമറാ അങ്ങേർക്ക്…….

മനു തന്നെയാണ് അവരെ വീട്ടിലാക്കിയത്…… പോരുന്ന വഴിയിലും കുഞ്ഞാറ്റയുടെ പിറന്നാളും ധ്രുവിന്റെ അവസ്ഥയുമൊക്കെ പങ്കു മനുവിനോട് വിവരിച്ചു….. ബിസിനസിൽ ധ്രുവിനെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു…

വീടിന് മുന്നിൽ വണ്ടി നിർത്തിയതും ലെച്ചു പേടിച്ച് വിറയ്ക്കാൻ തുടങ്ങി….

നേരം വെളുത്തിരിക്കുന്നു……..അച്ഛനും അമ്മയും എന്തായാലും ഉണർന്നു കാണണം…..

“ധ്രുവിനോട് ഇന്ന് വൈകുന്നേരം എന്നെ വീട്ടിൽ വന്നൊന്ന് കാണാൻ പറയ്……

എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കാം….”

“ശരി….മനുവേട്ടാ……ഞാൻ വിളിച്ച് പറയാം….”

പങ്കു പറഞ്ഞു കൊണ്ട് കാറിൽ നിന്നിറങ്ങി……

ലെച്ചുവും അവന് പിന്നാലെ പരിഭ്രമിച്ചു കൊണ്ടിറങ്ങി…….

മനുവിന്റെ കാറ് കൺമുന്നിൽ നിന്ന് മറഞ്ഞതും അവർ രണ്ടുപേരും ഗേറ്റിനകത്തേക്ക് കയറി….

“ലെച്ചൂ……..നമ്മൾ പുറകിലെ വാതില് തുറന്നല്ലേ ഇറങ്ങിയത്……..അതെന്തായാലും അമ്മ പൂട്ടിക്കാണില്ല……

ഞാൻ കോളിങ് ബെല്ലടിക്കാം…….അമ്മ മുന്നിലെ വാതിൽ തുറക്കാൻ വരുമ്പോൾ നീ പുറകിലൂടെ കയറിക്കോ…..

അച്ഛൻ എന്തായാലും പൂജാമുറിയിൽ ആയിരിക്കും…….”

അവൾ പരിഭ്രമിച്ചു കൊണ്ട് ശരിയെന്ന് തലകുലുക്കി………

ലെച്ചു പുറകിലേക്ക് പോകാനാഞ്ഞതും പങ്കു ഇടുപ്പിലൂടെ കൈചുറ്റി അവളെ വട്ടം പിടിച്ചു…….

പിടയ്ക്കുന്ന മിഴികളിൽ നാണവും പരിഭവമും ഒരുപോലെ നിറഞ്ഞപ്പോൾ പങ്കുവിന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി……

ചേർത്ത് പിടിച്ച് അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ട് പങ്കു അവളെ സ്വതന്ത്രയാക്കി…….

അപ്രതീക്ഷിതമായി കിട്ടിയ ചുംബനത്തിൽ അവളുടെ കണ്ണുകൾ വികസിച്ചു……കവിളുകൾ ചുവന്നു തുടുത്തു………

നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ ലെച്ചു പുറകിലേക്ക് നടന്നു…….

ബെല്ലടിച്ചു കുറച്ചു നേരം കഴിഞ്ഞതും രേണു വന്ന് വാതിൽ തുറന്നു….

തലയിൽ കെട്ടുമായി നിൽക്കുന്ന പങ്കുവിനെ കണ്ട് ഞെട്ടിപ്പോയി….

“എന്താ മോനെ….നിനക്കെന്ത് പറ്റി…… നീ ഇത്ര രാവിലെ എങ്ങോട്ടാ പോയത്…….

ആരാ നിന്നെ തല്ലിയത്…..”

വെപ്രാളം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ ഒരുമിച്ച് തന്നെ രേണുവിൽ നിന്ന് പുറത്തു വന്നു…

“എന്റെമ്മേ…..എനിക്ക് കുഴപ്പമൊന്നുമില്ല….. ഞാൻ രാവിലെ നടക്കാൻ പോയപ്പോൾ ഒരു ചെറിയ സ്കൂട്ടറിൽ തട്ടി വീണു……

ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവര് ഡ്രസ്സ് ചെയ്തു….”

“അയ്യോ……….ദൈവമേ……എന്റെ കുഞ്ഞ്…..”

രേണു കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു…

അമ്മയുടെ സങ്കടം കണ്ട് …. കള്ളം പറയേണ്ടി വന്നതിൽ പങ്കുവിന് കുറ്റബോധം തോന്നി…..

രേണുവിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടാണ് രവി ഹാളിലേക്ക് വന്നത്….

പങ്കുവിന്റെ തലയിലെ കെട്ട് കണ്ടതും അയാൾ ആധിയോടെ അവനരികിലേക്ക് ഓടി വന്നു…..

“മോനേ…..എന്താടാ…..”

രവിയുടെ നിറഞ്ഞ കണ്ണുകളും മുഖത്തെ ആശങ്കയും പങ്കുവിന്റെ മനസ്സിൽ വേദന പടർത്തിയെങ്കിലും അവൻ സംമയനം പാലിച്ചു……

“ഈ കുട്ടൂസനും ഡാകിനിയും എന്നെയും കൂടി പേടിപ്പിക്കും……

ഒരു ചെറിയ മുറിവിന് അച്ഛയെ പറ്റിയ്ക്കാൻ നഴ്സുമാരോട് പറഞ്ഞ് പ്രത്യേകം ചെയ്യിപ്പിച്ചതാ…

എങ്ങനെയുണ്ട്…..🤗…”

“ഈ ചെറുക്കന്റെ കാര്യം…..…”

പങ്കുവിന്റെ തമാശ സത്യമാണെന്ന ധാരണയിൽ രേണുക അവന്റെ കൈയിലേക്ക് ചെറുതായി ഒന്നടിച്ചു…

രവി അപ്പോഴും അവനെ സസൂക്ഷ്മം മുഖം കൂർപ്പിച്ചു നോക്കുവാണ്….

എന്തോ…എവിടെയോ…ഒരു തകരാറ് പോലെ…..

“അച്ഛനെന്റെ തലയിലിങ്ങനെ ചൂഴ്ന്നു നോക്കി മുറിവ് വലുതാക്കണ്ട…..

ഞാൻ പോയി വിശ്രമിക്കട്ടെ……”

കുറുമ്പോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോകുന്ന പങ്കുവിനെ കാൺകെ അയാളുടെ ഉള്ളം വിങ്ങി….

ഇപ്പോൾ ഒരുപാട് വേദനിക്കുന്നുണ്ടവൻ…… പ്രാണനെ പോലെ കൊണ്ട് നടന്നവൾ അകന്നു പോയി…..

പ്രാണന് തുല്യമായി വന്ന് ചേർന്നവളെ താനും അകറ്റി നിർത്തി……

ലെച്ചുവിനെയും പങ്കുവിനെയും എത്രയും പെട്ടെന്ന് ഒന്നിപ്പിക്കണം……

അവന്റെ സ്നേഹത്തിന് എത്രത്തോളം ആഴം വന്നിട്ടുണ്ടെന്ന് നോക്കട്ടെ……

രവിയും എന്തോ തീരുമാനിച്ചിരുന്നു……………..

കുഞ്ഞാറ്റയെ അമ്മുവിനെ ഏൽപ്പിച്ചാണ് ജാനി വീടെല്ലാം വൃത്തിയാക്കിയത്….

കുഞ്ഞിന്റെ തുണിയൊക്കെ അലക്കി വിരിച്ചു….. കളിപ്പാട്ടങ്ങൾ കഴുകി ഉണക്കി വച്ചു…..

ഭക്ഷണം എടുക്കാനായി മാത്രമാണ് അടുക്കളയിലേക്ക് പോകുന്നത്………അമ്മയെ അധികം ശല്യപ്പെടുത്താതിരിക്കാൻ വേണ്ടി……..

കുഞ്ഞാറ്റ അമ്മുവിനോട് അധികം ഇണങ്ങിയിട്ടില്ല……..എന്നാലും കുറച്ചു സമയം എന്തെങ്കിലും കളിച്ചു കൊണ്ടിരിക്കും……… എന്നാലും പെട്ടെന്ന് കരയും……അതുകൊണ്ട് ജാനിയുടെ പണികളെല്ലാം ധൃതിയിലാണ്……

കുഞ്ഞാറ്റ ചെയറിൽ പിടിച്ച് ചെറുതായി പിച്ചവയ്ക്കുന്നുണ്ട്………

കൈയ്യെത്തി ഓരോന്നൊക്കെ പിടിച്ച് വലിക്കുന്നുണ്ട്…..അവളുടെ കുസൃതികൾ കണ്ട് ചിരിയോടെ അമ്മു അടുത്തിരിപ്പുണ്ട്….

അവരുടെ കളിചിരികൾക്കിടയിലാണ് അവിചാരിതമായി മാധവൻ പുറത്ത് നിന്ന് അകത്തേക്ക് കയറി വന്നത്…..

കളിചിരിയോടെ പിച്ച നടക്കുന്ന കുഞ്ഞാറ്റയെ കണ്ടതും അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..

മധുവിനെ കണ്ടതും പരിചയഭാവത്തിലെന്നോണം ആ കുഞ്ഞിക്കണ്ണുകൾ വികസിച്ചു… കുഞ്ഞരിപ്പല്ലുകൾ കാട്ടി അവൾ മധുവിനെ നോക്കി ചിരിച്ചു കാണിച്ചു…….

അയാളുടെ കൈയിലിരുന്ന വണ്ടിയുടെ കീ കണ്ടതും അതിൽ പിടിക്കാനായി പിച്ചവച്ച് അയാൾക്കരികിലേക്കവൾ നടന്നു.. ……

അമ്മുവും ആകെ ഭയന്നു നിൽക്കയാണ്…. കുഞ്ഞിനെ അച്ഛൻ എന്തെങ്കിലും ചെയ്താലോ….

വെറുപ്പ് കലർന്ന നോട്ടത്തോടെ പോകാൻ തുടങ്ങിയെങ്കിലും ഒരു നിമിഷം അയാളുടെ കണ്ണുകൾ പിച്ചവച്ചു തന്റെ അടുത്തേക്ക് വരുന്ന കുഞ്ഞാറ്റയിൽ പതിഞ്ഞു….

ജാനിയുടെ അതേ രൂപമാണ് കുഞ്ഞാറ്റയ്ക്ക്….അതേ കുസൃതിച്ചിരി……

ജാനി കുഞ്ഞായിരിക്കുമ്പോൾ തന്റെ കൈയിൽ പിടിച്ച് പിച്ച നടന്നതോർത്തപ്പോൾ അയാളുടെ ഹൃദയം വിങ്ങി……കണ്ണുകൾ നിറഞ്ഞൊഴുകി….

തന്റെ മോള് എന്നോടൊന്ന് മിണ്ടിയിട്ട് മാസങ്ങളായിരിക്കുന്നു…….. അവൾക്ക് താനിപ്പോൾ ശത്രു മാത്രമാണ്……..എല്ലാത്തിനും കാരണം അവനാണ്😡……ധ്രുവ് …..അവനെ ഞാൻ വെറുതെ വിടില്ല😡…..

കൈയിലിരുന്ന കീയ് കുഞ്ഞ് വലിച്ചപ്പോളാണ് അയാൾ സ്വബോധത്തിലേക്ക് മടങ്ങി വന്നത്…..

അയാളുടെ കണ്ണുകൾ അടുത്ത് നിൽക്കുന്ന അമ്മുവിലേക്ക് നീണ്ടു……ദയനീയമായ അയാളുടെ നോട്ടം കണ്ട് അമ്മു വെറുപ്പോടെ മുഖം വെട്ടിച്ചപ്പോൾ അയാളിലെ അച്ഛൻ തേങ്ങിപ്പോയിരുന്നു…

അതിനിടയിൽ കുഞ്ഞിപ്പെണ്ണ് കുസൃതിയോടെ അയാളുടെ കൈയിലെ കീ കൈക്കലാക്കിയിരുന്നു…….

നിറഞ്ഞ കണ്ണുകൾ താഴെ നിൽക്കുന്ന കുസൃതിക്കുടുക്കയിലേക്ക് നീണ്ടതും ഉള്ളിൽ എവിടെയോ നേർത്ത തണുപ്പ് പടരും പോലെ തോന്നി അയാൾക്ക്………

സ്വന്തം ചോരയാണ്…..അറിയാതെ പറ്റിയ അബദ്ധം…..നീരദയുടെ ചതിയിൽ കുടുങ്ങിപ്പോയതാണ്……. പലവട്ടം ഒന്നു ചേരലിന് ക്ഷണിച്ചപ്പോൾ ഒഴിഞ്ഞു മാറിയതാണ്…….സത്യം തുറന്നു പറഞ്ഞതാണവളോട് ഭാര്യയും മക്കളുമുണ്ടെന്ന്………..

മക്കളെയും ഭാര്യയെയും മറന്നു ഒന്നും ചെയ്യില്ലെന്ന് സത്യം ചെയ്ത് പറഞ്ഞതാണ്……

പക്ഷെ……സ്നേഹത്തോടെ അവൾ കുടിപ്പിച്ച മദ്യം തലയ്ക്ക് പിടിക്കുമ്പോൾ അവൾ തന്നിലേക്ക് പടരുന്നത് തടയാൻ നോക്കിയിരുന്നു പലതവണ…..ഏതോ നിമിഷത്തിൽ താനും……. മദ്യത്തിന്റെ ലഹരി കെട്ടടങ്ങിയപ്പോൾ കുറ്റബോധം തന്നെ കീഴ്പ്പെടുത്തിയിരുന്നു…….. തന്നെ കല്യാണം കഴിക്കാനുള്ള അവളുടെ അടവാണതെന്ന് അന്ന് തന്നെ തനിക്ക് മനസ്സിലായിരുന്നു…..

കുറ്റബോധത്താൽ അയാളുടെ ഹൃദയം ചുട്ടുപൊള്ളി……..

അയാളുടെ കണ്ണുനീർ തുള്ളികളിലൊരെണ്ണം കുഞ്ഞാറ്റയുടെ നെറ്റിയിലേക്ക് അടർന്നു വീണതും അവൾ തലയല്പം ചെരിച്ച് മാധവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു…….

അവളുടെ കുസൃതികൾ നോക്കി നോക്കി നിൽക്കെ തന്റെയുള്ളിലെ ഭാരം കുറയുന്നത് പോലെ തോന്നി അയാൾക്ക്……

അയാളുടെ കണ്ണുനീർ അമ്മുവിനെ വേദനിപ്പിച്ചെങ്കിലും അച്ഛൻ ചെയ്ത തെറ്റ് ആലോചിക്കുമ്പോൾ അവളുടെ മനസ്സിലെ വെറുപ്പ് കൂടിയതേയുള്ളൂ……

മാധവൻ കീയ് വാങ്ങാനായി കൈ നീട്ടുമ്പോൾ കുഞ്ഞിപ്പെണ്ണ് കുസൃതിച്ചിരിയോടെ കീയും കൊണ്ട് അടുക്കളയിലേക്ക് പിച്ച വച്ചു…..

“കുഞ്ഞ്…….അതിന്റെ…….അതിന്റെ കൈയിൽ നിന്ന് കീയ് വാങ്ങി……വാങ്ങി റ്റേബിളിൽ വച്ചാൽ മതി….”

എത്ര ശ്രമിച്ചിട്ടും പതറിപ്പോകുന്ന വാക്കുകൾ അമ്മുവിനോട് പറഞ്ഞിട്ട് തലകുനിച്ചു കൊണ്ട് മാധവൻ അകത്തേക്ക് കയറിപ്പോയി…..

കൗസു എന്തോ പണിയിൽ തിരക്കാണ്……

അരികിൽ ഒരു നിഴലനക്കം കണ്ട് മെല്ലെ കൗസു തലയുയർത്തുമ്പോൾ കുഞ്ഞരിപ്പല്ലുകൾ കാട്ടിച്ചിരിച്ച് കുഞ്ഞിപ്പെണ്ണ്…..

കുസൃതി നിറഞ്ഞ അവളുടെ മുഖവും പാവക്കുട്ടിയെ പോലെയുള്ള നടപ്പും കണ്ടാൽ ആർക്കാണ് വാത്സല്യം തോന്നാത്തത്…..

കൗസു ഹാളിലേക്കുള്ള വാതിലിലേക്ക് പാളി നോക്കി…….ആരും വരില്ലെന്നുറപ്പിച്ച് അവർ കുഞ്ഞാറ്റയെ വാരിയെടുത്തു…..

നെറ്റിയിലും കവിളുകളിലും ഒരോ ചുംബനം കൊടുത്തു……

കുഞ്ഞാറ്റ മിഴിച്ചു നോക്കുന്നുണ്ട്……കൗസു ആദ്യമായി എടുക്കുന്ന അമ്പരപ്പ് ഉണ്ടവൾക്ക്….ചെറിയൊരു പരിഭ്രവും…….

കുഞ്ഞാറ്റയുടെ കവിളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് തിരിഞ്ഞതും വാതിൽക്കൽ നിറകണ്ണുകളുമായി നിൽക്കുന്ന ജാനിയെ കണ്ട് കൗസു ഞെട്ടി……

അബദ്ധം പറ്റിയത് പോലെ കുഞ്ഞിനെ അവർ പെട്ടെന്ന് താഴേക്ക് നിർത്തി……. ജാനിയെ കണ്ട സന്തോഷത്തിൽ കുറുമ്പി ജാനിയുടെ അടുത്തേക്ക് പതിയെ നടന്നു ചെന്നു…..

“അമ്മേ………”

മുറിയിലേക്ക് കയറാൻ തുടങ്ങിയ കൗസു ജാനിയുടെ വിളിയിൽ ഒരു നിമിഷം നിന്നു…..

“വലിയവർ ചെയ്യുന്ന പാപങ്ങളുടെ ഉത്തരവാദിത്വം കുഞ്ഞുങ്ങളെ അടിച്ചേൽപ്പിക്കരുത്……

തെറ്റ് ചെയ്തവർക്കാണ് ശിക്ഷ കൊടുക്കേണ്ടത്………

ഈ കുഞ്ഞെന്ത് തെറ്റാണ് ചെയ്തത്….”

ഹൃദയത്തിന്റെ ഭാരം കൂടി അത് പൊട്ടുമെന്നായപ്പോൾ കൗസു പൊട്ടിക്കരഞ്ഞു….

ജാനി ഓടിവന്ന് അവരെ ചേർത്ത് പിടിച്ചു……ആശ്വസിപ്പിക്കാനെന്നപോലെ….

ചതിക്കപ്പെട്ടതിന്റെ വേദനയാണ്……ഒരിക്കലും തീരാത്ത വേദന….

ജംഗ്ഷനിൽ നിന്ന ഒരാളോട് അഡ്രസ്സ് പറഞ്ഞപ്പോൾ അയാൾ ധ്രുവിന് വഴി കാണിച്ചു കൊടുത്തു……

നേരെ നടക്കുമ്പോൾ റോഡിന്റെ അങ്ങേയറ്റം കണ്ടു ഒരു കൊട്ടാരം പോലെയുള്ള കെട്ടിടം……

ഗേറ്റിനരികിൽ സ്വർണനിറങ്ങളാൽ എഴുതിയിരുന്ന വാക്കുകളിൽ ധ്രുവിന്റെ കണ്ണുകളുടക്കി…..

“”””അർച്ചനാലയം….”””

ഫ്ലാറ്റും കാറും മൊബൈലുമൊക്കെ വിറ്റ കാശ് പെട്ടിയിൽ മുറുകെ പിടിച്ചു കൊണ്ട് കോളിങ് ബെല്ലടിച്ച് ധ്രുവ് കാത്തു നിന്നു…..

സുന്ദരിയായ ഒരു പെൺകുട്ടിയാണ് വാതിൽ തുറന്നത്……..പതിനഞ്ച് വയസ്സ് പ്രായം തോന്നിയ്ക്കും……..ജീൻസും ബനിയനുമാണ് വേഷം…….

അവളുടെ മനോഹരമായ വെള്ളാരം കണ്ണുകൾ കാൺകെ ഇത് മനുവിന്റെ മകളായിരിക്കുമെന്ന് അവൻ ഊഹിച്ചു……

“മനുവേട്ടൻ……”

ധ്രുവിലെ ചോദ്യം കേട്ടതും അവളൊന്നു പുരികം ചുളിച്ചു അവനെ നോക്കി……..

“അച്ഛനുണ്ട് വിളിയ്ക്കാം………

വരൂ…….കയറിയിരിക്കൂ…….”

അവളുടെ ആതിഥ്യമര്യാദ സ്വീകരിച്ച് ധ്രുവ് അകത്തേക്ക് കയറി………

മനോഹരമായ ….വിശാലമായ….. വലിയ ഹാളിൽ സൈഡിലായി ഇട്ടിരുന്ന സോഫയിലേക്ക് അവനിരുന്നു…..

ആരോ സ്റ്റെപ്പിൽ നിന്ന് താഴേക്ക് വരുന്ന ശബ്ദം കേട്ട് ധ്രുവ് തിരിഞ്ഞു നോക്കിയതും മുകളിൽ നിന്നും ഇറങ്ങി വരുന്ന മറ്റൊരു പെൺകുട്ടിയെ കണ്ട് അവൻ അദ്ഭുതത്തോടെ തിരിഞ്ഞു നോക്കി…..

അതേ വെള്ളാരം കണ്ണുകൾ …..അതേ ഡ്രസ്സ്…… രണ്ടുപേരും ഒരുപോലെ…..ഒരു ചെറിയ വ്യത്യാസം പോലുമില്ല…..

“അത് എന്റെ ട്വിൻ സിസ്റ്ററാണ്…..

ഞാൻ അച്ഛനെ വിളിയ്ക്കാം……”

അവന്റെ അദ്ഭുതം മനസ്സിലായത് പോലെ പറഞ്ഞു കൊണ്ട് വന്ന പെൺകുട്ടിയെയും വിളിച്ച് അവർ മുകളിലേക്ക് തന്നെ പോയി…..

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മനു താഴേക്ക് ഇറങ്ങി വന്നു…….

“സോറീ…….ഞാനൊന്നു ഉറങ്ങിപ്പോയി…….

ഇന്നലെ രാത്രി തന്റെ ശ്രീരാഗിനെയും കൊണ്ട് നടന്നതിന്റെ ക്ഷീണം…..”

ക്ഷമാപണം പോലെ പറഞ്ഞു കൊണ്ട് മനു ധ്രുവിന് എതിരെയായി ഇരുന്നു…..

“പങ്കു വിളിച്ച് പറഞ്ഞിരുന്നു എന്നോട്…

ഒരുപാട് നന്ദിയുണ്ട്…..അവരെ……”

“ഏയ്….അതൊന്നും സാരമില്ലെടോ….

മനുഷ്യൻ മനുഷ്യനെ സഹായിക്കുന്നത് ഔദാര്യമല്ല …കടമയാണ്……….”

ധ്രുവിന് മനുവിനോട് വല്ലാത്ത ബഹുമാനം തോന്നി……

നന്മ നിറഞ്ഞ ഈ മനസ്സിനെ കുറിച്ച് ഒരുപാടറിഞ്ഞു……

“ധ്രുവിനോട് ഞാൻ വരാൻ പറഞ്ഞത് ഒരു ബിസിനസ് ഡീലിനെ കുറിച്ച് സംസാരിക്കാനാണ്……”

മനുവിന്റെ മുഖത്ത് നേരിയ ഗൗരവം മൂടി…..

“ഒരു പത്ത് കോടി പ്രൊഫിറ്റ് കിട്ടുന്ന ബിസിനസ് ഞാൻ ധ്രുവിനെ ഏൽപ്പിക്കയാണ്…..

പക്ഷെ………ധ്രുവ് തന്നെ അതിന് വേണ്ടി എല്ലാം ചെയ്യണം…..

ഞാൻ ഒന്നിലും ഇടപെടില്ല…….”

ധ്രുവ് മനസ്സിലാകാത്തത് പോലെ അമ്പരന്നു……

“താൻ ടെൻഷനാവാൻ പറഞ്ഞതല്ല……..

എന്റെ കമ്പനിയിലേക്ക് വന്ന വലിയ ബിസിനസ് ഞാൻ ധ്രുവിന് വേണ്ടി മാറിത്തന്നതാണ്…….

സ്വന്തം ഭാര്യയെയും കുഞ്ഞിനെയും സ്വന്തമാക്കാനുള്ള ഈ കളിയിൽ ധ്രുവ് മാധവന് കൊടുത്ത വാക്ക് പാലിക്കണം….

ഒറ്റയ്ക്ക് തന്നെ എല്ലാം കണ്ടെത്തി ചെയ്യണം……

കഷ്ടപ്പെട്ട് തിരികെ പിടിക്കുമ്പോൾ മാത്രമേ നേടിയതിന്റെ മൂല്യം എന്നെന്നും മങ്ങാതിരിക്കൂ….”

മനു പറഞ്ഞത് കേട്ട് ധ്രുവിന്റെ ചുണ്ടിൽ ചിരി വിടർന്നു………

പ്രോത്സാഹനം തന്നതാണ്….ജയിക്കാൻ വേണ്ടി……

“ശരിയാണ് മനുവേട്ടാ……..

ഇങ്ങനൊരു ഓഫർ എനിക്ക് നേരെ നീട്ടിയത് തന്നെ മനുവേട്ടൻ ചെയ്ത വലിയ സഹായമാണ്……

ഇനിയെല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യും……എനിക്കറിയാം…..നഷ്ടം സംഭവിച്ചാൽ ഇവിടെ തോറ്റു പോകുന്നത് എന്റെ ജീവിതമാണെന്ന്……”

അവന്റെ ദൃഢനിശ്ചയം കണ്ട് മനുവിന് അവനോടു ബഹുമാനം തോന്നി….. സ്വന്തം കുഞ്ഞല്ലെങ്കിലും ആത്മബന്ധം കൊണ്ട് അച്ഛനായ അവനോടു സ്നേഹവും…..

മുകളിൽ നിന്ന് പൂമ്പാറ്റകളെ പോലെ നേരത്തെ പോയ ആ പെൺകുട്ടികൾ പാറി വന്നു മനുവിന്റെ ഇടംവലം ഇരുന്നു……

മനു വാത്സല്യത്തോടെ അവരെ ചേർത്ത് പിടിച്ച് കൊണ്ട് ധ്രുവിന് നേരെ തിരിഞ്ഞു…..

“എന്റെ മക്കളാ……..ഒരാള് മാളവിക…..ഒരാള് മധുരിമ…….”

ധ്രുവ് രണ്ടുപേരെയും നോക്കി പരിചയഭാവത്തിൽ ചിരിച്ചു…..

“ചേട്ടനെ ഞങ്ങൾക്കറിയാട്ടോ…..അച്ഛൻ കഥയെല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു……

ജാനിചേച്ചിയും കുഞ്ഞാറ്റയും വരുമ്പോൾ ഇങ്ങോട്ട് കൊണ്ട് വരണം…..ഞങ്ങൾക്കും അവരെ കാണണം….”

മാളവികയാണ് പറഞ്ഞത്……

“അതിനെന്താ…….കൊണ്ട് വരാമല്ലോ……

മനുവേട്ടന്റെ വൈഫ്……”

ധ്രുവ് അർദ്ധോക്തിയിൽ നിർത്തി…..

“ആള് ഡോക്ടറാണ്……അർച്ചന എന്ന എന്റെ അച്ചു………ഹോസ്പിറ്റലിൽ പോയിരിക്കുവാ…..”

അത് പറയുമ്പോൾ തന്നെ മനുവിന്റെ മുഖത്ത് നിറയുന്ന സന്തോഷം ധ്രുവ് അദ്ഭുതത്തോടെ നോക്കിയിരുന്നു……

“സന്തുഷ്ടമായ ഒരു കുടുംബജീവിതം തന്നെയാണ് മറ്റെന്തിനെക്കാളും വലുത് അല്ലേ മനുവേട്ടാ….

ഞാനും അങ്ങനെയൊരു നാൾ സ്വപ്നം കണ്ട് മാത്രമാണ് ഓരോ നിമിഷവും ജീവിക്കുന്നത്……”

അവന്റെ വാക്കുകളിൽ പ്രതീക്ഷയോടൊപ്പം തന്നെ വിരഹവും നിഴലിക്കുന്നത് പോലെ തോന്നി മനുവിന്……

“താൻ വിഷമിക്കണ്ടെടോ……ആത്മാർഥമായ സ്നേഹത്തെ തോല്പിക്കാൻ ലോകത്ത് ഒരു ശക്തിക്കുമാവില്ല……

എന്റെ കാര്യം തന്നെ പറയാം……..അനാഥനായ …..ദരിദ്രനായിരുന്ന ഞാൻ ഇവിടെ വരെ എത്തിയത് തന്നെ എന്റെ അച്ചുവിന്റെ ആത്മാർഥമായ സ്നേഹത്തിന്റെ കരുത്തിലാണ്…..

ഒരുപാട് പേര് ഇടംവലം നിന്ന് ഞങ്ങളെ പിരിക്കാൻ നോക്കിയിട്ടും അതൊക്കെ തരണം ചെയ്തു ഞങ്ങള് ഒന്നിച്ചു……

ഭക്ഷണത്തിനും ഒരിറ്റ് സ്നേഹത്തിനും വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട് ഞാൻ……

ആ എനിക്കിപ്പോൾ ഹൃദയം നിറയെ സ്നേഹം പകർന്നു തരുന്ന എന്റെ ഭാര്യയുണ്ട്……

ഒരുപാട് ആഗ്രഹിച്ച് കൊതിച്ചു കിട്ടിയ എന്റെ ജീവനായ മൂന്നു മക്കളുണ്ട്……

സ്നേഹിക്കാൻ മാത്രം അറിയാവുന്ന വലിയൊരു കുടുംബമുണ്ട്…….”

മനുവിന്റെ വെള്ളാരം കണ്ണുകൾ ആ ഓർമയിൽ നിറഞ്ഞപ്പോൾ മാളവികയും മധുരിമയും അവനെ രണ്ടു സൈഡിൽ നിന്നും മുറുകെ കെട്ടിപ്പിടിച്ചു….

അവൻ പുഞ്ചിരിയോടെ അവരെ ചേർത്ത്പിടിച്ചു…….

“ഒരാളെവിടെ……..കണ്ടില്ലല്ലോ……”

അവരുടെ നിഷ്കളങ്കമായ സ്നേഹം കണ്ട് പുഞ്ചിരിയോടെ ധ്രുവ് ചോദിച്ചു……

” അവൻ അച്ചുവിനോടൊപ്പം ഹോസ്പിറ്റലിൽ പോയി…….അമ്മയുടെ കൂടെയാ ഇന്ന്…..”

പിന്നെയും ഏറെ നേരം അവർ വർത്താനം പറഞ്ഞിരുന്നു…….അവർ തമ്മിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു…….

പങ്കു ഷോപ്പിൽ പോകാത്തത് കാരണം തലവേദനയായത് നമ്മുടെ ലെച്ചുവിനാണ്…….

പുറകേ നടന്ന് കുസൃതി ഒപ്പിക്കും…….ആരും കാണാതെ ഒളിഞ്ഞും തെളിഞ്ഞും ചുംബനങ്ങൾ കൊണ്ട് മൂടും….

ഇപ്പോൾ ചായയും കൊണ്ട് മുറിയിൽ വന്നതാണ് ലെച്ചു……

“ശ്രീയേട്ടാ…….വിട്……അമ്മ അന്വേഷിക്കും…….”

അവന്റെ കൈകളിൽ കിടന്ന് കുതറിയെങ്കിലും പങ്കു അവളെ പൊക്കിയെടുത്ത് കട്ടിലിലിട്ടു……

“അങ്ങനെയിപ്പോൾ പോകണ്ട……..കുറച്ചു നേരം ചേട്ടനെ സ്നേഹിച്ചിട്ട് പോയാൽ മതി….”

ഒറ്റക്കണ്ണിറുക്കി കുസൃതിയോടെയുള്ള അവന്റെ നോട്ടത്തിനു മുന്നിൽ ലെച്ചു പതറിപ്പോയി….

ചുവന്നു തുടുത്ത അവളുടെ മുഖം കൈയിലേക്ക് ചേർത്ത് അവന്റെ മുഖം അടുപ്പിച്ചതും താഴെ രേണുവിന്റെ ശബ്ദം കേട്ടു….

“മോളെ…………ലെച്ചൂ………..

ദേ…..മോളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്……”

ലെച്ചു വളരെ സന്തോഷത്തോടെ ചാടിയെഴുന്നേറ്റു………പങ്കുവിനെ തള്ളിമാറ്റി താഴേക്കോടി……

പങ്കു അവൾ ഓടുന്നതും നോക്കി വായും തുറന്ന് അന്തം വിട്ടിരുന്നു…..

അച്ഛനും അമ്മയും വന്നെന്ന് കേട്ടപ്പോൾ പെണ്ണിന് എന്നെ പോലും വേണ്ട😒……..

ഈ കുട്ടൂസൻ കാരണമാ….ഇല്ലെങ്കിൽ ഇങ്ങനെ കൊതിപിടിച്ച് നടക്കേണ്ടി വരില്ലായിരുന്നു😤…..

ലെച്ചുവിനെ മുറിയിലേക്ക് കൊണ്ട് വരാൻ എന്താണ് ഒരു പോംവഴി🤔……

മോനെ പങ്കൂ…….നീ കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കേണ്ടി വരും🤔…..

സ്വയം തോളിൽ തട്ടി ആശ്വസിപ്പിക്കുമ്പോളാണ് എന്തോ ഓർമ വന്നത് പോലെ അവന്റെ മുഖം തെളിഞ്ഞത്……

ഐഡിയ കിട്ടി😜……അമ്മാവനെയും അമ്മായിയെയും ഇന്ന് എങ്ങനെയെങ്കിലും ഇവിടെ പിടിച്ച് നിർത്തണം……അവരുണ്ടെങ്കിൽ ലെച്ചുവിനെ കുട്ടൂസൻ ഒരിക്കലും മാറ്റി കിടത്തില്ല….

എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ പങ്കു മുറിയിൽ നിന്ന് പുറത്തിറങ്ങി….

തുടരും……

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പങ്കുവിന്റെ പ്ലാൻ നടക്കുമോ ആവോ…….കുട്ടൂസൻ അടുത്ത പണിയും കൊണ്ട് വരാതിരുന്നാൽ മതി😜…..

Leave a Reply

Your email address will not be published. Required fields are marked *