ഭാര്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കരുതല് കണ്ടപ്പോൾ, ഞാനെൻ്റെ ഭർത്താവിനെക്കുറിച്ചോർത്ത് പോയി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സജി തൈപ്പറമ്പ്

എന്ന് മുതലാണെന്നറിയില്ല, അഭിയുടെ അച്ഛനോട് എനിക്ക് ഇഷ്ടം തോന്നിത്തുടങ്ങിയത്

അത് ഇഷ്ടം തന്നെയാണോ? അതോ ഒരുതരം ആരാധനയോ ? ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്തൊരു വികാരമായി അത് മനസ്സിൽ ആഴത്തിൽ വേരോടിക്കൊണ്ടിരിക്കുന്നു

ഒരു ദിവസം മോളേ സ്കൂളിൽ കൊണ്ട് വിടാൻ ചെന്നപ്പോഴാണ്, ആദ്യമായി അദ്ദേഹത്തെ കണ്ടത്

മോളാണ് പരിചയപ്പെടുത്തിയത് ,അമ്മേ ഇതെൻ്റെ ക്ളാസ്സിലെ അഭിജിത്തിൻ്റെ പപ്പയാണെന്ന്

അന്ന് താനൊരു ഹായ് പറഞ്ഞപ്പോൾ, മറുപടിയായി ഹലോ പറയുക മാത്രമാണ് ചെയ്തത്.

പിന്നീട് സ്കൂൾ ദിനങ്ങളിൽ താൻ മോളെ കൊണ്ട് വിടാൻ ചെല്ലുമ്പോഴൊക്കെ അദ്ദേഹത്തെ സ്ഥിരമായി സ്കൂൾ മുറ്റത്ത് വച്ച് കാണാൻ തുടങ്ങി.

അപ്പോഴും പുഞ്ചിരിച്ച് കൊണ്ട് ഒരു ഹായ് അല്ലെങ്കിൽ ഒരു ഹലോ അത് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം

മോള് സ്കൂട്ടറിൻ്റെ പിന്നിൽ നിന്നിറങ്ങി ക്ളാസ്സിലേക്ക് പോയാലും, ഞാൻ കുറച്ച് നേരം കൂടി അവിടെത്തന്നെ നില്ക്കുമായിരുന്നു, തേർഡ് ബെല്ലടിച്ച് ക്ളാസ്സ് തുടങ്ങിക്കഴിഞ്ഞേ തിരിച്ച് പോരാറുള്ളു.

അദ്ദേഹവും അത് പോലെ തന്നെയായിരുന്നു ,അഭി നടന്ന് പോയി അവൻ്റെ ക്ളാസ്സിൽ കയറുന്നത് വരെ കണ്ണടുക്കാതെ നോക്കി നില്ക്കുന്നത് കാണാം

“ഭാര്യയ്ക്ക് സ്കൂട്ടറോടിക്കാനറിയില്ലേ? അത് കൊണ്ടാണോ? സാറ് എല്ലാ ദിവസവും മോനെ കൊണ്ട് വിടുന്നത്”

ഒരു ദിവസം ആകാംക്ഷയോടെ ഞാനദ്ദേഹത്തോട് ചോദിച്ചു.

“ഹേയ്, അവൾക്ക് ലൈസൻസുണ്ട്, മോനെ കൊണ്ട് വിട്ടോളാമെന്ന് പറഞ്ഞതുമാണ് ,പക്ഷേ അവളെ ഈ തിരക്കിനിടയിൽ വണ്ടി കൊടുത്ത് വിടാൻ എനിക്കൊരു മടി ,എന്തെങ്കിലും ആക്സിഡൻറുണ്ടാകുമോ എന്നൊരു പേടി.”

ഭാര്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കരുതല് കണ്ടപ്പോൾ, ഞാനെൻ്റെ ഭർത്താവിനെക്കുറിച്ചോർത്ത് പോയി.

“നിങ്ങൾക്ക് മോളെ സ്കൂളിലിറക്കിയിട്ട് പോയി കട തുറന്നാൽ പോരെ ?എന്ന് താൻ ചോദിപ്പോൾ പറയുവാ

“നിനക്കിവിടെ മല മറിക്കുന്ന പണിയൊന്നുമില്ലല്ലോ ? നീ തന്നെ കൊണ്ട് വിട്ടാൽ” മതിയെന്ന്

സത്യത്തിൽ MG റോഡിലൂടെ അതിസാഹസികമായി ചീറിപ്പാഞ്ഞ് പോകുന്ന, ന്യൂജനറേഷൻ ബൈക്കുകളുടെ ഇടയിലൂടെ, സകല ദൈവങ്ങളെയും വിളിച്ചോണ്ടാണ്, രാവിലെയും വൈകിട്ടും മോളെയും കൊണ്ടുള്ള സവാരി ,അത് താൻ അർജുനേട്ടനോട് പറഞ്ഞിട്ടുള്ളതുമാണ്.

പക്ഷേ, പുള്ളിക്കാരന്, അത് കേട്ട ഭാവം പോലുമില്ല

“ഇനി ഇവിടുന്ന് നേരെ ഓഫീസിലേക്കല്ലേ പോകുന്നത്?

ഞങ്ങളുടെ ഇടയിൽ വീണ്ടും മൗനം തളം കെട്ടിയപ്പോൾ, ഞാൻ അഭിയുടെ അച്ഛനോട് ചോദിച്ചു.

“ഇല്ല , എനിക്ക് വീട്ടിൽ ചെന്നിട്ട് വേണം പോകാൻ ,നാളത്തേയ്ക്കുള്ള അവൻ്റെ യുണിഫോം വാഷ് ചെയ്തിട്ടില്ല”

അത് കേട്ട് ഞാൻ അമ്പരന്ന് പോയി.

“അതൊക്കെ അഭീടെ അമ്മ ചെയ്യില്ലേ?

“അവൾക്കിന്ന് നല്ല സുഖമില്ല, രാവിലെ എഴുന്നേറ്റപ്പോൾ മുതൽ വയറിന് നല്ല വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ, ഞാനാണ് പറഞ്ഞത്, റെസ്റ്റെടുത്ത് കൊള്ളാൻ ,എല്ലാമാസവും ആദ്യത്തെ രണ്ട് ദിവസങ്ങളിൽ അവൾക്ക് പെയിൻ ഉണ്ടാവാറുണ്ട്”

അതിശയം തോന്നി എനിക്ക് ആ മനുഷ്യനോട് ,ഒപ്പം അഭിയുടെ അമ്മയോട് ചെറിയ കുശുമ്പും.

“അപ്പോൾ ഇന്ന് അഭിയ്ക്കും അച്ഛനും ഫുഡ് കടയിൽ നിന്നാവും അല്ലേ?

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ഒരിക്കലുമല്ല ,ഞാൻ രാവിലെ കിച്ചണിൽ കയറി, ബ്രേക്ക് ഫാസ്റ്റും ലഞ്ചുമൊക്കെ റെഡിയാക്കിയിട്ടാണ് ഇങ്ങോട്ട് വന്നത്”

ഈശ്വരാ. .. ഇങ്ങനെയും ഭർത്താക്കന്മാരുണ്ടോ?

തനിക്കുമുണ്ടൊരു ഭർത്താവ്, ചിലവിനുള്ള കാശ് തരും, ഇഷ്ടം പോലെ സ്വാതന്ത്ര്യവുമുണ്ട്, പക്ഷേ തൻ്റെ പിരീഡ്സിൻ്റെ സമയത്ത് പോലും തന്നെയൊന്ന് സഹായിക്കാറില്ല

“എടീ… പാചകവും വീട്ട് ജോലിയുമൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ, പിന്നെ മാസത്തിലൊരിക്കലുണ്ടാകുന്ന ഈ വയറ് വേദന ,അതൊക്കെ പണ്ട് എൻ്റെ അമ്മയ്ക്കും ഉണ്ടായിട്ടുണ്ട്, എന്നിട്ട് ഞങ്ങളഞ്ചാറ് മക്കളുടെയും, അച്ഛൻ്റെയും കാര്യങ്ങളൊക്കെ അമ്മ യാതൊരു മുടക്കവുമില്ലാതെ ചെയ്ത് തന്നിട്ടുണ്ട് ,പിന്നെ നിനക്ക് എൻ്റെയും മോളുടെയും കാര്യം നോക്കാനാണോ ഇത്ര പ്രയാസം”

അർജുനേട്ടൻ ,തൻ്റെ പ്രയാസങ്ങളെ എന്നും വളരെ ലാഘവത്തോടെ മാത്രമേ കണ്ടിട്ടുള്ളു.

“ശരി, എന്നാൽ ഞാൻ ചെല്ലട്ടെ, ഞങ്ങളിറങ്ങുമ്പോൾ അവൾ കിടക്കുകയായിരുന്നു ,വേദനയ്ക്ക് കുറവില്ലെങ്കിൽ ,ചെന്നിട്ട് വെള്ളം ചൂടാക്കിയൊന്ന് വയറ്റിൽ ചൂട് പിടിച്ച് കൊടുക്കണം, അവൾക്കങ്ങനെ ചെയ്യുമ്പോൾ നല്ല ആശ്വാസം കിട്ടാറുണ്ട്”

അതും പറഞ്ഞ് ,അഭിയുടെ അച്ഛൻ സ്കൂട്ടറോടിച്ച് പോകുമ്പോൾ കൗതുകമായിരുന്നു തനിക്കാ മനുഷ്യനോട് തോന്നിയത്.

വൈകുന്നേരം മോളെ വിളിച്ച് കൊണ്ട് വീട്ടിലേക്ക് പോകുന്ന വഴി, അഭിയുടെ വീട്ടിലൊന്ന് കയറിയിട്ട് പോകാം

ഭാഗ്യവതിയായ ആ ഭാര്യയെ ഒന്ന് പരിചയപ്പെടണമെന്ന് മനസ്സിലൊരു പൂതി.

അവർക്കൊരു സർപ്രൈസായിക്കോട്ടെ എന്ന് കരുതി, അഭിയോടും അച്ഛനോടും മുൻകൂട്ടി ഒന്നും പറയാതെ, വൈകുന്നേരം സ്കൂള് വിട്ട് അഭിയെ പിക്ക് ചെയ്ത് കൊണ്ട് അദ്ദേഹം പോയപ്പോൾ, ഞാനും മോളും കൂടി കുറച്ച് പിന്നിലായി, അവരറിയാതെ പിന്തുടരുന്നുണ്ടായിരുന്നു.

ഗാന്ധി നഗർ സെക്കൻ്റ് സ്ട്രീറ്റ് സിനിമയിലെ, ലൊക്കേഷനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള, നിറയെ ഇടത്തരം കെട്ടിടങ്ങൾ നിറഞ്ഞൊരു ഇടറോഡിലേക്ക്, അഭിയുടെ അച്ഛൻ സ്കൂട്ടർ തിരിച്ചപ്പോൾ, ഞാൻ വണ്ടി സൈഡാക്കി നിർത്തിയിട്ട്, അവർ കയറിപ്പോയ വീട് ദൂരെ നിന്ന് കണ്ട് പിടിച്ചു.

മുൻവാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട്, ഞാൻ കോളിംഗ് ബെല്ലിൽ മെല്ലെ വിരലമർത്തി.

അഭിയാണ് വാതിൽ തുറന്നത്.

“ഹലോ ആൻറീ…സർപ്രൈസായിരിക്കുന്നല്ലോ? എടീ അഞ്ജു നിനക്കെങ്കിലും എന്നോടൊന്ന് പറയാമായിരുന്നു ,അച്ഛാ … ഇതാരാ വന്നേക്കുന്നതെന്ന് നോക്കിയേ …”

അവിശ്വസനീയതയോടെ അവൻ അകത്തേയ്ക്ക് നോക്കി വിളിച്ച് പറഞ്ഞു.

“വരൂ ആൻ്റി ,അകത്തേയ്ക്ക് കയറി ഇരിക്കൂ”

അഭി ,നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചിരുത്തി.

“കുറച്ച് ദിവസമായി അഭിയുടെ അമ്മയെ ഒന്ന് പരിചയപെടണമെന്ന് വിചാരിക്കുന്നു ,രാവിലെ സ്കൂളിൽ വച്ച് കണ്ടപ്പോൾ, അച്ഛൻ പറഞ്ഞു അമ്മയ്ക്ക് നല്ല സുഖമില്ലന്ന്, എങ്കിൽ പിന്നെ ഇന്ന് തന്നെ ആളെ കണ്ടേക്കാമെന്ന് കരുതി, എവിടെ അമ്മ ?ഇപ്പോഴും കിടക്കുവാണോ?

എൻ്റെ ചോദ്യം കേട്ട് അഭിയുടെ മുഖത്തെ ചിരി മാഞ്ഞു .

“അത്, ആൻറീ .. അമ്മയിപ്പോൾ ഇവിടെയില്ല”

“ങ്ഹേ ! എവിടെപ്പോയി?

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ദാ ആ ഇരിക്കുന്നതാണെൻ്റെ അമ്മ ,”

ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കുലീനയായ ഒരു സ്ത്രീയുടെ ഫോട്ടോയിൽ ചൂണ്ടി, അവൻ പറഞ്ഞപ്പോൾ, ഞാനും മോളും സ്തബ്ധയായിപ്പോയി.

“ഞാൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അമ്മ ഞങ്ങളെ വിട്ട് പോയി ,പിന്നീട് അച്ഛനായിരുന്നു എൻ്റെയെല്ലാം ,അമ്മയെ ഒരുപാടിഷ്ടമായിരുന്നു അച്ഛന്, അത് കൊണ്ടാണ്, അമ്മ മരിച്ച് പോയെന്ന്, അച്ഛന് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തത്, അച്ഛൻ എന്ത് ചെയ്യുമ്പോഴും, അമ്മയ്ക്കും കൂടിയായിട്ടായിരിക്കും ചെയ്യുന്നത്, ഭക്ഷണം കഴിക്കുമ്പോൾ, ഡൈനിംങ്ങ് ടേബിളിന് മുകളിൽ മൂന്ന് പ്ളേറ്റുകളിൽ ഭക്ഷണം വിളമ്പും ,കടയിൽ ഡ്രെസ്സെടുക്കാൻ പോയാലും അമ്മയ്ക്ക് സാരിയോ ,ചുരിദാറോ ആദ്യമെടുത്തിട്ടേ, എനിക്കും അച്ഛനും എടുക്കാറുള്ളു, അമ്മ ഇപ്പോഴും ഈ വീടിനുള്ളിൽ തന്നെയുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അച്ഛനെപ്പോഴും പെരുമാറുന്നത് ,എപ്പോഴും അമ്മയോട് എന്തെങ്കിലുമൊക്കെ സംസാരിച്ച് കൊണ്ടിരിക്കും, പക്ഷേ ഒരിക്കൽ പോലും, അമ്മയോട് അച്ഛൻ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല”

സങ്കടം കൊണ്ട്, പറഞ്ഞ് കൊണ്ടിരുന്നത് മുഴുവിക്കാനാവാതെ അഭി, നിർത്തുമ്പോൾ ,വിശ്വസിക്കാനാവാതെ ഞാൻ തരിച്ചിരുന്ന് പോയി.

“അമ്മേ .. നമുക്ക് പോകാം എനിക്ക് വല്ലാതെ സങ്കടം വരുന്നമ്മേ ..”

മോളെന്നോടത് പറയും മുമ്പേ, അവിടുന്നിറങ്ങാൻ എൻ്റെ മനസ്സും വെമ്പൽ കൊണ്ടിരുന്നു ,കാരണം, അഭിയുടെ അച്ഛനെ ഫെയ്സ് ചെയ്യാനുള്ള ധൈര്യം, എനിക്കില്ലായിരുന്നു . ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *