ടീച്ചറോട് ഒരു മുഹബ്ബത്ത്

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Usma Sha‎..

സ്‌കൂളിലേക്ക് പുതുതായി വന്ന ഇരട്ടകളായ രണ്ട് ടീച്ചർമാർ ലതയും സുധയും……

ഓലെ വരവോടെയാണ് ഞമ്മളെ മനസില് മുഹബ്ബത്തിന്റെ ലഡു പൊട്ടിയത്…..

മുട്ടോളം മുടിയും മുടി ഇഴകളിലെ മുല്ലപ്പൂവിന്റെ പരിമണവും….

ദിവസങ്ങൾ തിട്ടപ്പെടുത്തിപലവർണ്ണ സാരികൾ നെറിയൊതുക്കി ഞൊറിഞ്ഞെടുത്തുള്ള ആ വരവും കണ്ടാൽ സ്വർഗ്ഗ ലോകത്തെ ദേവതകളാണെന്നേ ആർക്കും തോന്നു….

ഞമ്മളെന്നെ എന്റെ മൊഞ്ചത്തിയെ തിരിച്ചറിയുന്നത് വലത് കവിളിൽ സുന്ദരി കുത്ത് പോലെയുള്ള മറുക് നോക്കിയാ……

വന്ന് കയറിയ പാടേ മ്മളെ ഒന്ന് കണ്ണിറുക്കി ഞമ്മള് അങ്ങട്ടും കണ്ണിറുക്കി….

പിന്നീട് അങ്ങോട്ട് മൊഹബ്ബത്തിന്റെ പെരുമഴക്കാലമായി ….

എന്തോ എന്റെ മനസിനെ ടീച്ചർ വല്ലാതെ അങ്ങട്ട് കീഴ്പെടുത്തി…..

ഊണിലും ഉറക്കിലും എല്ലാം എന്റെ മൊഞ്ചത്തി ടീച്ചറുടെ മുഖം മാത്രം…..

പൊതുവിൽ സ്‌കൂളിലേക്ക് പോവാൻ മടിയനായ ഞാൻ ടീച്ചറുടെ വരവോടെ വലിയ പഠിപ്പിസ്റ്റും ക്‌ളാസ്‌ ലീഡറും ഒക്കെയായി….

ടീച്ചറുടെ നോട്ടവും പെരുമാറ്റവും എല്ലാം കണ്ടാൽ ടീച്ചർക്ക്‌ എന്നോടും എന്തോ ഒരു വല്ലാത്ത മൊഹബ്ബത്തുണ്ടെന്ന് എനിക്കും തോന്നി തുടങ്ങി……..

ഒരു ദിവസം പനി പിടിച്ച് സ്‌കൂളിൽ പോയില്ല…

പതിനൊന്ന് മണിയോടെ ടീച്ചറുടെ ഒരു കോൾ….

ഉമ്മ ഫോണെടുത്തു….

ഉമ്മ ഷാ. എവിടെ ഷാക്ക് എന്തു പറ്റി ഇന്ന് ക്‌ളാസിൽ വന്നില്ല….

ടീച്ചറെ അവനിക്ക് പനിയാ…

അയ്യോ പനിയോ എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയില്ലേ ഉമ്മാ…..

ഇല്ല ടീച്ചറെ പനിക്ക് ഉള്ള ഗുളിക കൊടുത്തിട്ടുണ്ട് ഇപ്പോൾ കുറവുണ്ട്…..

ഉമ്മാ ഇനി പനിക്കാണെൽ ഹോസ്പിറ്റലിൽ കാണിക്കണേ ഉമ്മാ….

ഹ്ഹ കാണിക്കാം ടീച്ചർ ഇനി വെച്ചോണ്ടിരിക്കൂല…

അങ്ങിനെ ടീച്ചർ അന്ന് മൂന്ന് പ്രാവശ്യം വിളിച്ച് സുഖ വിവരം അന്യോഷിച്ചു…

മറു ദിവസം സ്‌കൂളിലേക്ക് ചെന്ന പനി പിടിച്ച എന്നെക്കാളും സങ്കടവുംകരുതലുമായിരുന്നു ടീച്ചർക്ക്…..

അടുത്ത് വരുന്നു നെറ്റിയിൽ തൊട്ട് നോക്കുന്നു കണ്ണുകൾ തുറന്ന് നോക്കുന്നു സ്റ്റാഫ് റൂമിൽ കൊണ്ട് പോയി ടീച്ചറെ കൂടെയിരുത്തുന്നു.ഒന്നും പറയണ്ട…..

ഒന്നും കൂടെ പനിച്ചെങ്കിൽ എന്ന് ആശിച്ചു പോകുന്ന നിമിഷങ്ങൾ……

ദിവസങ്ങൾ കഴിയും തോറും ഞങ്ങളെ മൊഹബ്ബത്ത് പെരുത്ത് മ്മിണി ബല്യ മൊഹബ്ബത്ത് ആയി…

ടീച്ചർ ക്‌ളാസിൽ വരാത്തപ്പോൾ എനിക്കും’ ഞാൻ ക്‌ളാസിൽ വരാത്തപ്പോൾ ടീച്ചർക്കും ഒരു ദിവസം ഒരു മാസത്തിന്റെ ദൈർഖ്യമായി തോന്നി…..

കൂട്ടുകാരിലും ഞങ്ങളുടെ ഈ ബന്ധത്തിൽ അസൂയ തോന്നിത്തുടങ്ങി….

അതിന് അവരെ കുറ്റപ്പെടുത്തണ്ട ടീച്ചർ ക്‌ളാസിലേക്ക് വരുന്നു എന്നെ കൈ പിടിച്ച് ടീച്ചറുടെ ടേബിളിന്റെ അടുത്തുള്ള കസേരയിൽ തിരുത്തുന്നു എന്റെ നെറ്റിയിൽ മുഹബ്ബത്തിന്റെ ചുടുചുംബനം നൽകുന്നു..

ക്‌ളാസിൽ ഒരു കുട്ടിയെ മാത്രം ഇങ്ങിനെ സ്‌നേഹിക്കുമ്പോൾ ആർക്കായാലും അസൂയ തോന്നുന്നത് സ്വാഭാവികം അല്ലേ….

എന്നാലും കുട്ടികൾക്ക് എല്ലാർക്കും വലിയ ഇഷ്ട്ടമാ ഞമ്മളെ മൊഞ്ചത്തി ടീച്ചറെ….

ഉച്ചക്ക് ഊണിന്റെ സമയമായാൽ ടീച്ചർ എന്റെചോറ്റു പാത്രം തുറന്ന് നോക്കി എന്റെ ഊണും അതിലുള്ള കൂട്ടങ്ങളും കണ്ടിട്ടേ ടീച്ചർ ഊൺ കഴിക്കാൻ പോകൂ…

ഇനി എന്തെങ്കിലും കുറവുണ്ടെങ്കിൽ ടീച്ചർ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ടീച്ചറുടെ ചോറ്റുപാത്രത്തിൽ നിന്നും എനിക്ക്‌ ഷേർ ചെയ്യും….

ടീച്ചർ എനിക്ക്‌ തന്ന സാമ്പാറും പുളിശേരിയും തോരനും..

വാവൂ പറയണ്ട അതിന്റെ രുചിയൊന്നും ഇന്നത്തെ ഒരു ഫാസ്റ്റ് ഫുഡിനും കിട്ടൂലാ….

ഞാൻ പലപ്പോഴും ആലോചിച്ചു ടീച്ചർക്ക് എന്നോടായി എന്താ ഇത്ര മൊഹബ്ബത്ത് എന്ന്…

മുൻജന്മ ബദ്ധം എന്നൊക്കെ കേട്ടിട്ടില്ലേ അതാകും എന്ന് കരുതി..

വാർഷിക പരീക്ഷയടുത്തു ടീച്ചർക്ക് എന്തോ ഒരു സങ്കടം മുഖത്ത് നിഴലിക്കുന്ന പോലെ തോന്നി….

ക്‌ളാസിൽ പഴയ പോലെ ടീച്ചറുടെ കളിയില്ല ചിരിയില്ല എന്നോട് പഴയപോലെ അടുപ്പമില്ല അകലാൻ ശ്രമിക്കുന്നു ഏത് സമയത്തും മൗനിയായി കാണപ്പെടുന്നു . .

ഇത്‌ എന്റെ മനസിനേയും വല്ലാതെ വേദനിപ്പിച്ചു….

ഇനി ടീച്ചർ ക്‌ളാസിലേക്ക് വരുമ്പോൾ എന്താണ് പ്രശ്നമെന്ന് ചോദിക്കണം എന്ന് കരുതി ഇരിക്കുബോഴാണ് പെട്ടെന്ന് ടീച്ചർ ക്‌ളാസിലേക്ക് കയറി വന്നത്……

ഞാൻ എണീറ്റ് നിന്ന് ഗുഡ്മോർണിംഗ് പറഞ്ഞു…

ടീച്ചർ ടീച്ചർക്ക്‌ ഇതെന്താ പറ്റിയത് ടീച്ചർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ പഴയപോലെ മിണ്ടുന്നില്ല കളി ചിരികൾ ഒന്നുമില്ല മനഃപൂർവം എന്നിൽ നിന്നും ടീച്ചർ അകലാൻ ശ്രമിക്കുന്നു…

എന്തു പറ്റി ടീച്ചർ. ടീച്ചർ ഞങ്ങളോട് പറയില്ലേ…

ഇത്‌ കേട്ട് ടീച്ചർ കർചീഫ് കൊണ്ട് കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു

ഞാൻ ടീച്ചറുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്റെ കൈ കൊണ്ട് ടീച്ചറുടെ കണ്ണുനീർ തുടച്ചു…

ടീച്ചർ എന്നെ മാറോട് അണച്ച് എന്റെ കവിൾ തടങ്ങളിൽ ചുബിച്ച് സ്വൽപസമയം വാക്കുകളില്ലാതെ മൗനിയായി…..

കുറച്ചു സമയം കഴിഞ്ഞു സങ്കടങ്ങൾ മനസിൽ ഒതുക്കി ഇടറിയ ശബ്ദത്തിൽ ടീച്ചർ പറഞ്ഞു തുടങ്ങി…..

ഞാൻ പോവാ…

ടീച്ചർ പോവേ…

എങ്ങോട്ട് ഞങ്ങളെ ഒറ്റക്കിട്ട് പോവാൻ കഴിയോ ടീച്ചർക്ക് ….

എന്റെ ചാദ്യങ്ങൾ ടീചെറുടെ കണ്ണുകൾ വീണ്ടും ഈറനണിയിച്ചു

ഷാ. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മക്ക് സുഖല്യാ പ്രായമായെന്ന്…

അത് കൊണ്ട് വീടിന്റെ അടുത്ത് ഒരു സ്‌കൂളിൽ ജോലി കിട്ടി അങ്ങോട്ട് പോവാണ്…

നിങ്ങളെയൊക്കെ വിട്ട് പോകാൻ മനസ് അനുവദിക്കുന്നില്ല എങ്കിലും പോയല്ലേ പറ്റൂ..

നിങ്ങൾക്ക് പുതിയ ടീച്ചർ വരും നിങ്ങള് ടീച്ചറുമായി നല്ല കൂട്ടാകും കുറച്ച് കഴിയുമ്പോൾ എന്നെ യൊക്കെ മറന്നു തുടങ്ങും….

ഹ്ഹ ടീച്ചറെ മറക്കേ അതിന് ഞങ്ങൾ മരിക്കേണ്ടി വരും ഇനി ആര് വന്നാലും ഞങ്ങൾക്ക് ഞങ്ങളെ സുധ ടീച്ചർ അകൂലല്ലോ..

ഇത്‌ പറഞ്ഞു ടീച്ചറും കരഞ്ഞു ക്‌ളാസിൽ ഒന്നടങ്കം സങ്കട കണ്ണീരും തേങ്ങലുകളും മാത്രം…

യാത്ര പറയും നേരം എന്റെ മൊഞ്ചത്തി ടീച്ചർ എന്നെ വാരിപുണർന്ന് ഇരു കവിളിലും തുരെ തുരെ ചുടു ചുംബനങ്ങൾ നൽകി…

കടം വാങ്ങി വെക്കാതെ ടീച്ചറുടെ ശിരസ് താഴ്ത്തി ഞാനും മതി വരോളം ടീച്ചറെയും ചുംബിച്ചു…

അവർ യാത്രപറഞ്ഞു ഇറങ്ങുബോൾ നിറകണ്ണുകളുമായി എന്റെ മൊഹബ്ബത്തിലെ രാജാത്തിയെ കണ്ണകലും വരെ മതിമറന്ന് നോക്കി നിന്നു….

പരീക്ഷ കഴിഞ്ഞു പുതു പുടവയും പുതു ബാഗും പുസ്തകങ്ങളും ഒക്കെയായി ചിത്ര ശലഭങ്ങളെ പോലെ എല്ലാവരും രണ്ടാം ക്‌ളാസിൽ പറന്നു നടക്കുമ്പോഴും തോരാത്ത കണ്ണീരുമായി എന്റെ മൊഹബ്ബത്തിലെ രാജാ ത്തിയുടെ ഓർമ്മകൾ ഉറങ്ങുന്ന ക്‌ളാസ്‌ റൂമിൽ താടക്കും കൈ കൊടുത്ത് ജനൽ പാളിയിലൂടെ വിജനമായ ഗ്രൗണ്ടിലേക്കും നോക്കി ഉറക്കത്തിലേക്ക് വഴുതി വീണു

വേണ്ടപ്പെട്ടവരുടെ ഇഷ്ടപെട്ടവരുടെ വേർപാട് മരണത്തിന് തുല്യമാണ്…..

അകലുമെന്നറിയുമായിരുന്നങ്കിൽ ഒരിക്കൽ പോലും ടീച്ചറോട് അടുക്കുമായിരുന്നില്ല അത്രയധികം വിരഹ വേദനകൾ നൽകിയാണ് ടീച്ചർ എന്റെ മനസിൽ നിന്നും പറന്നകന്നത്…..

ഹാവൂ വായിച്ചിട്ട് മുഖം ചുളിക്കുന്നു പലരും…

ടീച്ചറോട് മൊഹബ്ബത്ത് എന്ന ഹെഡ്‌ലൈൻ കണ്ടപ്പോൾ വല്ല നല്ല അഡാർ ലൗവ്‌ സ്റ്റോറിയും ആകും എന്ന് കരുതി വായിച്ചതാ പലരും….

അല്ലട്ടോ ഇത്‌ ഒത്തിരി സ്നേഹനിധിയായ ടീച്ചറുടെയും വാത്സല്യ നിധികളായ അവരുടെ കുട്ടികളുടെയും കഥയാ…..

ഇതാകും മൊഹബ്ബത്ത്

ഇതായിരിക്കണം മൊഹബ്ബത്ത്

ഇതാവണം മൊഹബ്ബത്ത്

രചന : Usma Sha‎..

Leave a Reply

Your email address will not be published. Required fields are marked *