കടലമിട്ടായി, Part 22

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

അവളെ ബലമായി പിടിച്ചു ചുംബിച്ചതിനു ശേഷം പടി ഇറങ്ങി പോകുമ്പോൾ ശ്രെയസ്സിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു. ഒരു നിമിഷ നേരത്തേക്ക് എങ്കിലും സംഭവിച്ചു പോയ തെറ്റ് അവന്റെ ഉള്ളിൽ കയറി നീറി പുകഞ്ഞു. കാറിൽ വന്നു കയറുമ്പോഴും യാത്ര ചോദിക്കുമ്പോഴും ശ്രെയസ്സിന്റെ ഉള്ളിൽ കുറ്റബോധം തിളച്ചു മറിഞ്ഞു. കുട്ടിമാളുവിനെ പുറത്തേക്കു കാണാൻ പറ്റാത്തത് ഓർത്ത് അവന്റെ ഹൃദയം ഉടുക്ക് പോലെ കൊട്ടി. ഇപ്പോഴും പാതി കൂമ്പിയ അവളുടെ മിഴികളും അച്ചടക്കമില്ലാതെ കുലുങ്ങി ചിരിച്ച അവളുടെ കൊലുസും ആ ചുവന്ന ചുണ്ടുകളും ആ നിമിഷവും അവന്റെ ഉള്ളിൽ ഒരു കനലായി എരിഞ്ഞു കൊണ്ടിരുന്നു. “പോകാം ശ്രീ”,… തുമ്പി പറഞ്ഞു.

പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടി എണീക്കും പോലെ അവൻ ഞെട്ടി. “എന്താ നീ പറഞ്ഞെ”??ശ്രെയസ് ചോദിച്ചു. “പോകാം എന്ന്”…

“ആ പോകാം”… അവൻ കാർ മുൻപോട്ടു എടുത്തു എല്ലാവരോടും യാത്ര പറഞ്ഞ് കാർ മുൻപോട്ടു ചലിച്ചു കൊണ്ടിരുന്നു. വാതിൽ മറവിൽ അവർ പോകുന്നതും നോക്കി കുട്ടിമാളു നിന്നു ആർക്കും മുഖം കൊടുക്കാതെ. അവർ പോയി കഴിഞ്ഞു കുട്ടിമാളു ബാത്‌റൂമിൽ കയറി കതകു അടച്ചു. പൈപ്പ് തുറന്നു വെള്ളം മുഴുവൻ എടുത്തു തലയിൽ ഒഴിച്ചു. ചുണ്ട് പലവട്ടം അവൾ കഴുകി തുടച്ചു. അപ്പോഴും ഉള്ളിൽ എവിടെയോ ആ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. “മോളെ വാതിൽ തുറക്ക്”…അമ്മ വന്നു വാതിലിൽ തട്ടിയപ്പോൾ മുഖം കഴുകി തുടച്ചു കണ്ണും തുടച്ചു അവൾ പുറത്തേക്കു ഇറങ്ങി. ഡ്രസ്സ്‌ മുറിയിൽ വെച്ചു മാറി. “ഇതെന്താ നീ പിന്നെയും കുളിച്ചോ”??അമ്മ ചോദിച്ചു. “ആം… അവര് പോയപ്പോൾ കണ്ണ് വല്ലാതെ അങ്ങ് നിറഞ്ഞു അപ്പോ കണ്ണ് കഴുകിയതാ ഓർക്കാതെ തലയിൽ വെള്ളം ഒഴിച്ചു”… “ഹോ ഇങ്ങനെ ഒരു പെണ്ണ്”…. “മ്മ്”….

“നല്ല രസം ആയിരുന്നു അവർ എല്ലാവരും വന്നപ്പോൾ അല്ലെ ??” “മ്മ് അതേ”,… “പോകാൻ ആർക്കും താല്പര്യം ഇല്ലാരുന്നു. പിന്നെ ശ്രേയസ്സിനു എന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് പോയതാ കിച്ചനും എന്തോ കല്യാണം ഉണ്ടെന്നു പറയുന്നത് കേട്ടു”…. “മ്മ്”… “പിന്നെ അവർ വന്നതിനു വേറെ ഒരു ഉദ്ദേശം കൂടി ഉണ്ടാരുന്നു”…അമ്മ പറഞ്ഞ്. “എന്ത് ഉദ്ദേശം”?? “അതോ… ഈ വായാടി കുട്ട്യേ അവരുടെ കിച്ചന് കൊടുക്കാമോ എന്ന് ചോദിച്ചു”…കുട്ടിമാളു ഒന്ന് ഞെട്ടി. “എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു”?? “എന്ത് പറയാൻ എന്റെ മോളുടെ ഇഷ്ടം ആണ് ഞങളുടെ ഇഷ്ടം എന്ന് പറഞ്ഞു”…. “ഹമ് അപ്പോ അതാണ് എന്നോട് എതിരൊന്നും പറയരുതെന്ന് പറഞ്ഞത് അല്ലെ”,…. “മോൾക്ക്‌ ഇഷ്ടാണോ കിച്ചനെ”??അമ്മ ചോദിച്ചു

“അമ്മക്ക് എന്റെ മനസ്സ് അറിയാല്ലോ പിന്നെ എന്തിനാ ചോദിക്കുന്നെ”!! “നല്ല ആലോചന ആയിരുന്നു മോളെ അതാ ഞാൻ”….. “മ്മ് എന്തായാലും ഇന്ദ്രൻ ചേട്ടായിടെ കഴിയട്ടെ അത് കഴിഞ്ഞു നോക്കാം എന്റെ കാര്യം”….കുട്ടിമാളു പറഞ്ഞു. “അതൊക്കെ അവിടെ നിൽക്കട്ടെ എന്റെ കിലുക്കാംപെട്ടിക്ക് ഇഷ്ടാണോ കിച്ചനെ”??അച്ഛൻ ചോദിച്ചു. “അത് അച്ഛാ എനിക്ക് അങ്ങനെ ഒന്നും തോന്നിട്ടില്ല” “എന്ന് വെച്ചാൽ ഇനി തോന്നായ്ക ഇല്ലന്ന് അർത്ഥം”… ഇന്ദ്രൻ പറഞ്ഞു. “ദേ ചേട്ടായി പൊയ്ക്കോണം” “അമ്പടി കള്ളിപ്പാറു”… ചേട്ടായി അവളുടെ കൈ പിടിച്ചു തിരിച്ചു. “ഹ എനിക്ക് വേദനിക്കുന്നു വിട് വിടാൻ…. ”

“ഇല്ല വിടില്ല” “അച്ഛാ… ദേ വേഗം ഇതിനെ ആ ശാന്തി ചേച്ചിടെ കയ്യിൽ പിടിച്ചു ഏൽപ്പിക്കാൻ നോക്ക്”… കുട്ടിമാളു അത് പറഞ്ഞപ്പോൾ ഇന്ദ്രൻ പെട്ടെന്ന് അവളുടെ വാ പൊത്തി. “നീ എന്താ പറഞ്ഞെ”??അച്ഛൻ ചോദിച്ചു. “അത് അച്ഛാ ഇവക്ക് വട്ടാ…. അച്ഛൻ കാര്യാക്കണ്ട”… ഇന്ദ്രൻ പറഞ്ഞു. “നീ വിട്ടെടാ അവളെ, കൈ എടുത്തേ”… ഇന്ദ്രൻ കൈ എടുത്തു. “ഹോ എന്റെ ശ്വാസം മുട്ടി പോയി”… കുട്ടിമാളു പറഞ്ഞു. “നിന്റെ ശ്വാസം അല്ലെ എനിക്ക് ഇവിടെ പലതും മുട്ടി തുടങ്ങി”… ഇന്ദ്രൻ മനസ്സിൽ പറഞ്ഞു. പേടിച്ചു പേടിച്ചു അച്ഛനെ നോക്കി. “എന്താടി നീ പറഞ്ഞത്”??അച്ഛൻ വീണ്ടും ചോദിച്ചു. “അച്ഛാ… അപ്പുറത്തെ ശാന്തി ചേച്ചിയുടെ കാര്യം. നല്ലൊരു പെണ്ണാ അറിയാത്ത പ്രായത്തിൽ എന്തോ ഒന്ന് പറ്റി എന്ന് അല്ലാതെ….. “…

“മതി ഇനി ഒന്നും പറയണ്ട”… അച്ഛൻ പറഞ്ഞു. “ഡ”…. “എന്താ അച്ഛാ”??… “അമ്മേ ചേട്ടായി ദശമൂലം ദാമുവിന് പഠിക്കുവാണെന്നു തോന്നുന്നു. മുഖത്തെ ഭാവം കണ്ടോ”….. കുട്ടിമാളു പറഞ്ഞു. “ഡി… മിണ്ടാതെ നിൽക്കെടി”… അച്ഛൻ പറഞ്ഞു. “ഡാ ശാന്തിയെ നിനക്ക് ഇഷ്ടം ആണോ”??… അച്ഛൻ ചേട്ടായിയോട് ചോദിച്ചു. “അത് അച്ഛാ… അതുപിന്നെ… എല്ലാവർക്കും ഇഷ്ടം ആണെങ്കിൽ”… “അതെന്താടാ എല്ലാവർക്കും ഇഷ്ടം ആകാൻ നീ വല്ല ആനയെയും ആണോ കെട്ടാൻ പോകുന്നത്”?? “അതല്ല അച്ഛാ… നിങ്ങൾക്കു ഇഷ്ടം ആണെങ്കിൽ”…

“ഞങ്ങൾക്ക് ഇഷ്ടപ്പെടാൻ അവള് ഞങ്ങടെ കൂടെ ആണോ ജീവിത കാലം മുഴുവൻ കഴിയാൻ പോകുന്നത്. നിനക്ക് അവളെ കെട്ടാൻ ഇഷ്ടാണോ ??നിന്റെ ഭാര്യ ആക്കാൻ ഇഷ്ടാണോ ഇത്രയും പറഞ്ഞാൽ മതി”,… “എനിക്ക് ഇഷ്ടാണ്”…. കുട്ടിമാളു പെട്ടെന്ന് ചാടി കയറി കയ്യടിച്ചു. “ആരെ വാ…. പൊളിച്ചു ചേട്ടായി”…കുട്ടിമാളു പറഞ്ഞു. “പൊളിക്കാൻ ഇതെന്താ വീടോ മറ്റോ ആണോ ??കല്യാണക്കാര്യം അല്ലെ. അവളുടെ ഒരു പൊളി”… അച്ഛൻ അവളെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു. “ദേ… ബാലു മര്യാദക്ക് ഇരുന്നേ. ഒരു പോലീസ് ആകുന്നു. ചേട്ടായിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞല്ലോ ഇനി അതിന്റെ ബാക്കി നോക്ക്. അല്ലാതെ പോലീസ് കളിച്ചാൽ ചട്ടുകം പഴുപ്പിച്ചു ചന്തിക്ക് വെക്കും”….

ചുണ്ടും വീർപ്പിച്ചു കണ്ണും ഉരുട്ടി നിൽക്കുന്ന മകളെ കണ്ടപ്പോൾ ബാലുവിന്റെ മുഖത്ത് ചിരി വിടർന്നു അതൊരു പൊട്ടിച്ചിരി ആയി. പിറ്റേന്ന് തന്നെ ഇന്ദ്രന് വേണ്ടി അച്ഛനും അമ്മയും കൂടി ചെന്ന് ശാന്തിയെ പെണ്ണ് ആലോചിച്ചു. നല്ല ജോലിയും പരസ്പരം അറിയുന്നവർ ആയത് കൊണ്ടും കൂടുതൽ ഒന്നും ആലോചിക്കാതെ വിവാഹം ഉറപ്പിച്ചു. “ചേട്ടായിയെ ചെറുപ്പം മുതൽ ചേച്ചിക്ക് അറിയുന്നത് അല്ലെ !!എങ്കിലും ഒരു ആഗ്രഹം ചേച്ചിക്ക് ഇഷ്ടായോ എന്റെ ചേട്ടായിയെ”… ??കുട്ടിമാളു പെണ്ണ് കാണലിന്റെ അന്ന് santhiyod ചോദിച്ചു. “ഉത്തരം നിന്റെ ചേട്ടായിയോട് പറഞ്ഞാൽ മതിയോ”?? “മ്മ് മതി”… “എങ്കിൽ വിളിക്കു”… കുട്ടിമാളു ചെന്ന് മാവിൻ ചുവട്ടിൽ മറഞ്ഞു നിന്ന ഇന്ദ്രനെ വിളിച്ചു കൊണ്ടുവന്നു.

“എന്താ പറയാൻ ഉള്ളത് എന്ന് വെച്ചാൽ പറഞ്ഞോ”!”കുട്ടിമാളു മാറി കൊടുത്തു അവരുടെ ഇടയിൽ നിന്നും. “കുട്ടിമാളു….. അവള് സത്യത്തിൽ എന്റെ കൂടപ്പിറപ്പ് ആയി ജനിക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അത്രക്ക് പാവമാ കുട്ടിമാളു. അവള് പാവം ആണെങ്കിൽ അവളെ നെഞ്ചിൽ ഇട്ടു വളർത്തിയ അവളുടെ ഈ ചേട്ടായിയും പാവം ആയിരിക്കും. എനിക്ക് ഇഷ്ടം ആണ് ആ അനിയത്തിയുടെ ഏട്ടത്തി അമ്മ ആകാൻ”….. ശാന്തി പറഞ്ഞു തീർന്നപ്പോൾ ഇന്ദ്രന്റെ കണ്ണ് നിറഞ്ഞു ഒഴുകി.

രണ്ടാൾക്കും ഇഷ്ടം ആയത് കൊണ്ട് ഇന്ദ്രൻ തിരികെ പോകും മുൻപ് വിവാഹം നടത്താൻ തീരുമാനിച്ചു. പെട്ടെന്ന് ഉള്ള കല്യാണം ആയത് കൊണ്ട് വിളി കുറവായിരുന്നു. എന്നിട്ടും അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു. കോഴിക്കോട് നിന്നും ശ്രെയസ്സും കിച്ചനും ഒഴികെ എല്ലാവരും എത്തി വിവാഹത്തിൽ പങ്കെടുക്കാൻ. തലേ ദിവസത്തെ അച്ചന്മാരുടെ കലാപരിപാടികൾ കണ്ടോണ്ട് ഇരിക്കുമ്പോൾ ആണ് അർജുന്റെ മെസ്സേജ് കുട്ടിമാളുവിന്‌ വന്നത്. അവൻ പുറത്ത് ഉണ്ട് അങ്ങോട്ട്‌ വരാമോ എന്ന്. കുട്ടിമാളു പതിയെ എഴുന്നേറ്റു പുറത്തേക്കു ചെന്നു. “നീ എന്താ ഇവിടെ തന്നെ നിന്നത്”??കുട്ടിമാളു ചോദിച്ചു “ഏയ് ഒന്നുല്ലടി”…

“ഇപ്പോ പുടവ കൊടുക്കും മൈലാഞ്ചി ഇടീലൊക്കെ ഉണ്ട് നീ വാടാ”…. “വേണ്ടെടി ഞാൻ ഒരു കാര്യം പറയാൻ വന്നതാ”…. “എന്താടാ”??, “ഡി അതുപിന്നെ”,… “എന്താ”?? “ശരൺ ഹോസ്പിറ്റലിൽ ആണ്”…. കുട്ടിമാളു ആ പേര് കേട്ടു ഞെട്ടി. “എന്താ ഉണ്ട്… ഉണ്ടായേ”??അവൾ വിക്കി. “മദ്യപിച്ചു ബൈക്ക് ഓടിച്ചതാ ഒരു ലോറി എതിരെ വന്നു ഇടിച്ചു.തലക്ക് പരിക്ക് ഉണ്ടെന്ന കേട്ടത്.നിന്നെ ഒന്ന് കാണണം എന്ന് അവൻ പറഞ്ഞു”… “എന്നെയോ??എന്തിന്”??

“അറിയില്ല. രക്ഷപ്പെടാൻ സാധ്യത ഇല്ലെന്ന ഡോക്ടർസ് പറഞ്ഞത്. നിന്റെ ഫോണിൽ അവന്റെ നമ്പർ ബ്ലോക്ക്‌ ആയത് കൊണ്ട് എന്നേ വിളിച്ചു പറഞ്ഞു. എത്ര ദേഷ്യം ഉണ്ടെങ്കിലും എങ്ങനെയാ മരിക്കാൻ കിടക്കുമ്പോൾ അത് മനസ്സിൽ വെച്ചു പെരുമാറുന്നത്”??…അർജുൻ ചോദിച്ചു. “ഞാൻ ഇപ്പോ എന്താടാ വേണ്ടത്”?? “നീ അവനെ പോയി കാണണം”.. “ഇപ്പോൾ എങ്ങനെയാ”??

“ഏട്ടനോട് കാര്യം പറ എന്നിട്ട് വാ. ഞാൻ കൊണ്ടു പോകാം”…അർജുൻ പറഞ്ഞു. എന്ത് ചെയ്യും എന്ന് അറിയാതെ കുട്ടിമാളു നിന്നു. രണ്ടാളും മാറി നിന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ ഇന്ദ്രൻ അങ്ങോട്ട്‌ വന്നു കാര്യം അന്വേഷിച്ചു. അവസാനം അർജുൻ തന്നെ എല്ലാം പറഞ്ഞു. “കുട്ടിമാളുവിനോട് പോകണ്ടാന്നു ഇന്ദ്രൻ പറഞ്ഞു. “അവൻ കാരണവ എനിക്ക് എന്റെ പെങ്ങളെ നഷ്ടപ്പെട്ടത് അവൻ ഇങ്ങനെ തന്നെ പുഴുത്തു ചാവണം”…ഏട്ടൻ കലി തുള്ളി. “അർജുൻ പൊക്കോ ഇവള് വരുന്നില്ല”…

ഇന്ദ്രൻ പറഞ്ഞു. കാര്യം അന്വേഷിച്ചു എത്തിയ അച്ഛനും പറഞ്ഞു പോകണ്ട എന്ന്. എന്നാൽ അമ്മ പറഞ്ഞു. “അവൻ ചെയ്ത ഒരേയൊരു തെറ്റ് നമ്മുടെ മോളെ ഭ്രാന്തമായി സ്നേഹിച്ചു പോയി എന്നുള്ളത് മാത്രമാണ്. ഇവളെ നഷ്ടപ്പെടാതെ ഇരിക്കാൻ അവൻ കാണിച്ച പേക്കൂത്തുകൾ ആയിരുന്നു എല്ലാം. അവനെ കൊല്ലാൻ ഉള്ള ദേഷ്യം എനിക്കും ഉണ്ട്. എന്നാൽ അത് ഇപ്പോഴല്ല മരണക്കിടക്കയിൽ വെച്ചല്ല കാണിക്കേണ്ടത്”… ആ ഒരു വാചകം മാറ്റി മറിച്ചത് അവരുടെയെല്ലാം മനസ്സിനെ ആയിരുന്നു. ഇന്ദ്രനും അച്ഛനും കുട്ടിമാളുവിന്‌ ശരണിന്റെ അടുത്ത് പോകാനുള്ള അനുവാദം കൊടുത്തു.കല്യാണപ്പണിനു ചെറുക്കന്റെ പെങ്ങൾ പുടവ കൊടുത്തു കഴിഞ്ഞു അർജുന്റെ ഒപ്പം അവൾ ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു. ആ യാത്രയിൽ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. ഹോസ്പിറ്റലിൽ എത്തി അവർ രണ്ടാളും. ICU വിന്റെ മുന്നിൽ കരഞ്ഞു തളർന്നു കുറെ മനുഷ്യർ ഇരുപ്പുണ്ട്. അവർ ശരണിന്റെ അച്ഛനും അമ്മയും കൂട്ടുകാരും ആണെന്ന് അവൾക്കു മനസിലായി. അവളും എല്ലാവരുടെയും ഒപ്പം പുറത്ത് ഇരുന്നു. അവരിൽ ചിലർ സഹതാപത്തോടെയും ചിലർ കലിപൂണ്ട മുഖവുമായി അവളെ നോക്കി നിന്നു. ആ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഡോക്ടർ ചോദിച്ചു “ആരാ ഇന്ദ്രിക”??ഡോക്ടർ ചോദിച്ചു.

“ഞാൻ ആണ്”… “പേഷ്യന്റ് അന്വേഷിക്കുന്നുണ്ട് ഒന്ന് അകത്തേക്ക് വരൂ”… ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഇന്ദ്രിക അകത്തേക്ക് പോയി ഒപ്പം അർജുനും. “അയാളുടെ സ്ഥിതി ക്രിട്ടിക്കൽ ആണ് 100ൽ 2%ചാൻസ് മാത്രേ ഉള്ളു”.. ഡോക്ടർ പറഞ്ഞു. “മ്മ്”… “പോയി കണ്ടോളു ഒരുപാട് സംസാരിക്കേണ്ട”.. ഒരു തുള്ളി പ്രാണവായു അതും വെന്റിലേറ്റർ മാത്രമാണ് അവന്റെ ജീവൻ പിടിച്ചു നിർത്തുന്നത് എന്ന് അവൾക്ക് മനസിലായി…ശരൺ നഴ്സിനോട് ഓക്സിജൻ മാസ്ക് മാറ്റാൻ ആംഗ്യം കാണിച്ചപ്പോൾ അവർ അത് നിരസിച്ചു. അവന്റെ കൈ കൂപ്പി ഉള്ള അപേക്ഷയിൽ അവർ മാസ്ക് എടുത്തു മാറ്റി. “എനിക്ക് അറിയാരുന്നു എന്റെ പെണ്ണ് വരും എന്ന്. ഏട്ടന്റെ വിവാഹം ആണല്ലേ നാളെ”?, “മ്മ്”….

“സുഖാണോ”?? “മ്മ്”… “എനിക്കറിയാരുന്നു നീ വരുമെന്ന് അത്ര വേഗം നിനക്ക് എന്നേ വേണ്ടാന്ന് വെക്കാൻ പറ്റില്ല എന്ന്. ഇപ്പോൾ എന്റെ മനസ്സിൽ സംശയം ഇല്ല ലെവലേശം”… ശരൺ പറഞ്ഞു. “മ്മ്”… “നിനക്ക് എന്നെ സ്നേഹിച്ചൂടെ??എന്റേത് ആയിക്കൂടെ”?? “സ്നേഹിക്കുമായിരുന്നു അമ്മയെന്ന സത്യത്തെ മനസ്സിലാക്കിയിരുന്നു എങ്കിൽ. താൻ വേശ്യ എന്നും വെടി എന്നും വിളിച്ച ആ പെണ്ണ് തന്നെ വേണ്ടി വന്നു നിങ്ങടെ അടുത്തിപ്പോ എന്നെ എത്തിക്കാൻ”…

“ചെയ്തു പോയതിനെല്ലാം മാപ്പ്. മരിക്കും മുൻപ് എനിക്കൊരു ആഗ്രഹം ഉണ്ട് ഈ നെറുകയിൽ ഈ സിന്ദൂരം അണിയിക്കണം എന്ന്”,…., കുട്ടിമാളു അർജുന്റെ അടുത്തേക്ക് മാറി നിന്നു. കയ്യിൽ ഇരുന്ന സിന്ദൂര ചെപ്പിൽ നിന്നും സിന്ദൂരവുമായി അവളുടെ അടുത്തേക്ക് ശരൺ നടന്നു അടുത്തു.വെന്റിലേറ്ററിൽ കിടക്കുന്ന ഒരു രോഗിയുടെ മുഖഭാവമില്ലാതെ നിലത്ത് ഉറക്കുന്ന കാലുകളുമായി അവൻ കുട്ടിമാളുവിന്റെ അടുത്തേക്ക് നടന്നു പക എരിയുന്ന കണ്ണുകളുമായി. കുട്ടിമാളു ഭയം കൊണ്ട് വിറച്ചു. നെറുകയിൽ സിന്ദൂരം ചാർത്തുവാൻ അവൻ ഒരുങ്ങുമ്പോൾ എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ കുട്ടിമാളു പകച്ചു….

(തുടരും)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *