ഒരു മകളുടെ ഉദയം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :നാദിയ സെഹ്റിൻ…..

‘ആ ലോറി എന്റെ കാറിനു നേരെയല്ലേ വരുന്നത് ‘ എന്ന് ചിന്തിക്കുമ്പോഴേക്കും ലോറി കാറിൽ വന്നിടിച്ച് ഞാൻ പുറത്തേക്ക് തെറിച്ചു പോയിരുന്നു . ദൈവ കടാക്ഷം കൊണ്ട് മറ്റു വാഹനങ്ങൾ റോഡിൽ നിർത്തി സഹകരിച്ചു .

‘ഞാൻ തന്നെ ഡ്രൈവ് ചെയ്യാം ‘ എന്ന് അച്ഛനോട് പറഞ്ഞ് ഷൊർണ്ണൂരിലെ അമ്മായിയെ കണ്ടു വരുന്ന വഴി തൃശൂരിലേക്ക് ഡ്രൈവിങ് സീറ്റിൽ കയറിയതാണ് .

ബോധം വരുമ്പോൾ ഞാൻ തൃശൂർ അമല ആശുപത്രിയിൽ ഐ.സി.യുവിലാണ് . എന്റെ ‘അമ്മ’ എന്നെ ഉറ്റുനോക്കി അടുത്തു തന്നെ ഇരിക്കുന്നു . ‘ഉറക്കക്ഷീണം ‘ നന്നായി ആ കണ്ണുകളിൽ തളം കെട്ടിയിരുന്നു .

” അച്ഛൻ ” പതിയെ സംസാരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ ശബ്ദം പുറത്ത് വന്നില്ല .

“അച്ഛൻ ഇപ്പോൾ വരും ” എന്റെ ചുണ്ടനക്കം അമ്മക്കല്ലാതെ വേറെ ആർക്ക് മനസ്സിലാകാൻ !!

കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അത് ആഗ്രഹം മാത്രമായി ഒതുങ്ങി .

” എഴുന്നേൽക്കാൻ പറ്റില്ല .. രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട് , കൈകൾക്ക് ഫ്രാക്ചറുണ്ട് , തലയിൽ സ്റ്റിച്ചുണ്ട് ” നഴ്സിന്റെ വാക്കുകൾ .

“രണ്ട് ദിവസങ്ങളായി ഐ.സി.യുവിൽ .. മോൾക്ക് വേഗം സുഖാവും ”

‘രണ്ടു ദിവസങ്ങളായി അമ്മ ഉറങ്ങിയിട്ടില്ല ‘ അമ്മ ആപ്പിൾ ജ്യൂസ് എന്റെ വായിൽ പതിയെ ടിസ്പൂണിൽ കോരിത്തന്നു .

തുടർന്ന് ആറു ദിവസങ്ങൾ ആശുപത്രി വാസമായിരുന്നു . അമ്മ എന്റെ ശരീരം മുഴുവൻ തുടച്ച് വൃത്തിയാക്കി , മുടി ചീകി , വസ്ത്രങ്ങൾ ഭംഗിയായി ധരിപ്പിച്ചു . കണ്ണെഴുതി , പൊട്ട് തൊടുവിച്ചു , പൗഡർ ഇട്ടു സുന്ദരിയാക്കി .

‘എന്റെ അഹങ്കാരമാണ് മഞ്ഞു പോലെ ഉരുകുന്നത് . സ്വന്തമായി മുടി ചീകാൻ പഠിച്ചതിൽ പിന്നെ അമ്മയെ അടുപ്പിച്ചിട്ടില്ല , ‘അമ്മ മുടി കെട്ടിയാൽ ഭംഗിയാവില്ലെന്ന് ‘ പറഞ്ഞിട്ടുണ്ട് .

വീട്ടിലെത്തിയപ്പോൾ ‘അമ്മ’ എന്ന രണ്ടക്ഷരം എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ ശുശ്രൂഷിച്ചു .

എന്നെ കുളിപ്പിച്ചും , മലമൂത്ര വിസർജ്ജനത്തിനു ശേഷം വൃത്തിയാക്കിയും , എന്റെ ഛർദ്ദിൽ ഒരു അറപ്പുമില്ലാതെ തുടച്ചു കളഞ്ഞും , ഭക്ഷണം തന്ന് വായ് കഴുകിച്ചും തന്ന അമ്മ .

‘കോളേജിൽ പോകുമ്പോൾ കഴിക്കാൻ പറഞ്ഞ് അമ്മ , ടേബിളിൽ കൊണ്ടു വക്കുന്ന ഭക്ഷണം കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോയിട്ടുണ്ട് .കറികൾക്ക് രുചി പോരാ എന്ന് പറഞ്ഞ് പുച്ഛിച്ചിട്ടുണ്ട് .

ഈ അമ്മയെയാണ് ഞാൻ തർക്കുത്തരം പറഞ്ഞ് തോല്പിച്ചിരുന്നത് . അമ്മ സ്വയം പിൻവാങ്ങുമ്പോൾ എന്റെ മുഖത്ത് വിജയീ ഭാവമായിരുന്നു . ‘

ഇന്ന് , അമ്മ വായിൽ വച്ചു തരുന്ന ഓരോ ഭക്ഷണ സാധനങ്ങളും , അമ്മയുടെ സ്നേഹം ചാലിച്ചതായി എനിക്ക് അനുഭവപ്പെടുന്നു .

അച്ഛനും , അനിയനും ദിവസത്തിൽ ഒന്നോ രണ്ടോ തവണ എന്റെ മുറിയിൽ വന്ന് സംസാരിക്കുമായിരുന്നു .

മുപ്പത്തി അഞ്ചാം നാൾ കാലുകളിലെ പ്ലാസ്റ്റർ വെട്ടിയപ്പോൾ നടന്ന് പഠിക്കുന്ന കൊച്ചു കുട്ടിയെപ്പോലെ ഈ ഇരുപത്കാരി കഷ്ടപ്പെട്ടു . അപ്പോഴും താങ്ങായി അമ്മയുടെ രണ്ട് കൈകൾ ഉണ്ടായിരുന്നു .

എന്റെ അഹങ്കാര വഴിമധ്യേ ഞാൻ മന:പൂർവം വേണ്ടെന്നു വച്ച അമ്മയുടെ കരുതലും , സംരക്ഷണവും എനിക്ക് അത്യന്താപേക്ഷിതമാണെന്ന് ഞാൻ സ്വയം തിരിച്ചറിയുകയായിരുന്നു .

‘അമ്മക്ക് തുല്യം അമ്മ മാത്രം’

രചന :നാദിയ സെഹ്റിൻ…..

Leave a Reply

Your email address will not be published. Required fields are marked *