സ്നേഹമർമ്മരം…ഭാഗം 46

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം 46

അമ്മു ഇടയ്ക്കിടെ പാളി നോക്കുന്നത് കണ്ട് കിച്ചു മുഖം ചുളിച്ചു…..അവളുടെ കണ്ണുകളിലെ തിളക്കം അവനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു……

അവൻ ഫോണുമെടുത്ത് പതിയെ അമ്മുവിനടുത്തേക്ക് നീങ്ങി…..

തന്റെ അടുത്തേക്ക് ചേർന്നുവരുന്ന കിച്ചുവിനെ കണ്ടപ്പോൾ അമ്മുവിന്റെ ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരിയൂറി….

ഫോണെടുത്ത് അമ്മുവിനെ കാണിക്കാനാഞ്ഞതും അരവി കിച്ചുവിന്റെ കാലിൽ ചെറുതായി പിച്ചി…

“എന്താടാ ഒരിളക്കം……ചന്തു ജാനിയെ കെട്ടിയ ക്ഷീണം ഇതുവരെ മാഞ്ഞിട്ടില്ല…. അപ്പോഴാ അവൻ പുതിയ ലൈൻ വലിയ്ക്കുന്നത്….. കുറച്ചു നേരമായി ഞാൻ രണ്ടിനെയും ശ്രദ്ധിക്കുന്നുണ്ട്…”

കിച്ചുവിന്റെ ചെവിക്കരികിലായി പതിഞ്ഞ ശബ്ദത്തിൽ അരവി പറഞ്ഞതും…അബദ്ധം പറ്റിയത് പോലെ കിച്ചു ഫോൺ പോക്കറ്റിലേക്കിട്ടു…

അമ്മുവിൽ നിന്ന് കുറച്ചു അകന്നിരുന്നു…..

ഇടയ്ക്ക് അമ്മുവിനെ നോക്കുമ്പോൾ ആ മുഖം വാടിയിരുന്നു……

കിച്ചു ഉറപ്പിച്ചു…..അമ്മുവിന് തന്നോട് എന്തോ ഉണ്ട്……

ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം തന്നെയാണ്…..

എല്ലാവരും ഒരുമിച്ചിരുന്ന് ശബ്ദം താഴ്ത്തി കുറച്ചു നേരം സംസാരിച്ചിരുന്നു…….

“പങ്കൂ……നീയെന്താടാ എന്നോട് മിണ്ടാത്തെ….”

ജാനിയുടെ പരിഭവം കണ്ട് ചിരിയോടെ പങ്കു എഴുന്നേറ്റ് അവളുടെ അരികിലായിരുന്നു….

അവളെ അരികിലേക്ക് ചേർത്തിരുത്തി….

“ഒരുപാട് തവണ വന്നിരുന്നു ഒന്ന് കാണാൻ…. മധുവങ്കിള് സമ്മതിച്ചില്ല……

ഇത്രയും കാലം അകന്നിരുന്നിട്ടില്ലല്ലോ…. കാണാതിരുന്നപ്പോൾ സഹിച്ചില്ലെടാ…….”

ഇടർച്ചയോടെ പറയുമ്പോൾ പങ്കുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു…..

ജാനിയുടെ കണ്ണുകളും നിറഞ്ഞുപോയി…..

തമ്മിൽ പിരിഞ്ഞു നിന്നിട്ടില്ല ……പരസ്പരം സംസാരിക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല….പക്ഷെ….ഇത്രയും നാൾ…..

വേദനയോടെ അവൾ പങ്കുവിന്റെ തോളിലേക്ക് തല ചായ്ച്ചു….അവന്റെ കൈകളിൽ മുറുകെ ചുറ്റിപ്പിടിച്ചു…..

വാക്കുകൾ കൊണ്ടല്ലെങ്കിലും പരസ്പരം സമാധാനിപ്പിക്കാനെന്നപോലെ…..

അവരുടെ സൗഹൃദത്തിന്റെ ആഴം മറ്റുള്ളവരുടെയും കണ്ണ് നനച്ചു……

ലെച്ചുവിനും ഇപ്പോൾ അറിയാം പങ്കുവിന്റെ കളങ്കമില്ലാത്ത സൗഹൃദം…..

ജാനിയെയും ചന്തുവിനെയും കുഞ്ഞിനെയും തനിച്ച് വിട്ട് അവർ ടെറസ്സെല്ലാം ക്ലീൻ ചെയ്തു….

മാധവൻ കണ്ടാൽ പിന്നെ തീർന്നു……

ഓരോ സാധനങ്ങൾ ലെച്ചു എടുക്കുമ്പോൾ പങ്കു ഓടി വന്ന് അത് കൈയിൽ വാങ്ങും……

സഹായിക്കാനൊന്നുമല്ല……ആ കൈകളിൽ ആരും കാണാതെ ഒന്നു തലോടുവാൻ വേണ്ടി….

കുഞ്ഞാറ്റ ചന്തുവിന്റെ മുഖത്തൊക്കെ കൈകൾ കൊണ്ട് പരതുന്നുണ്ട്…..

ഇടയ്ക്കിടെ താടിയിൽ പിടിച്ച് ആഞ്ഞു വലിയ്ക്കും…….

കാണാതിരുന്നതിന്റ പരിഭവമാണവൾക്ക്…… ചന്തുവും ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു ആ കുഞ്ഞ് മുഖത്ത്….

“ചന്തുവേട്ടാ….മോൾക്ക് പല്ല് വന്നിട്ടുണ്ട് …കണ്ടോ…..”

ജാനി സന്തോഷത്തോടെ പറഞ്ഞത് കേട്ട് ധ്രുവിന്റെ മുഖം വിടർന്നു….

അവൻ കൗതുകത്തോടെ ആ കുഞ്ഞിച്ചുണ്ടുകൾ അല്പം മാറ്റി ……ചെറുതായി ഉയർന്നു നിൽക്കുന്ന കുഞ്ഞരിപ്പല്ലുകൾ….. എന്ത് ഭംഗിയാണ്…….പുറത്തേക്ക് വന്നതേയുള്ളു……

“ജാനീ…….ഭക്ഷണം കൊടുത്തിട്ട് പല്ല് ക്ലീൻ ചെയ്തുകൊടുക്കണേ….

ഇല്ലെങ്കിൽ പല്ല് കേടാകും…..”

അവൻ ആ പല്ലില്ലേക്ക് തന്നെ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു….

“ചന്തുവേട്ടാ….”

ആശങ്ക നിറഞ്ഞ ജാനിയുടെ വിളിയിൽ അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി…..

“നമ്മളെ എന്നാ കൊണ്ടു പോകുന്നെ…… എനിക്ക് ഇവിടെ നിൽക്കാൻ വയ്യ ഏട്ടാ….”

പരിഭവത്തിലുള്ള അവളുടെ വാക്കുകൾക്ക് വേദനയിൽ പൊതിഞ്ഞ പുഞ്ചിരിയോടെ ജാനിയുടെ കൈകൾ അവൻ കൂട്ടിപ്പിടിച്ചു…..

“കൊണ്ട് പോകും …..എത്രയും പെട്ടെന്ന്…… എന്ത് ത്യാഗം സഹിച്ചായാലും നിങ്ങളെ ഞാൻ സ്വന്തമാക്കും ജാനീ….

നിന്റെ അച്ഛന്റെ കണക്കുമുഴുവൻ തീർത്തിട്ട്….. ഞാൻ കൊണ്ട് പോകും…..

പിന്നെ…… ഞാനും നീയും നമ്മുടെ മോളും മാത്രം…….”

അവന്റെ വാക്കുകളിലെ കരുതലിലും സ്നേഹത്തിലും കൊരുത്ത്…. ജാനി അവന്റെ നെഞ്ചിലേക്ക് വീണു…..

അമ്മു ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ട് കിച്ചു പലവട്ടം അടുത്ത് വരാൻ തുനിഞ്ഞെങ്കിലും അരവി കണ്ണുരുട്ടുമ്പോൾ മാറി നിൽക്കും……

ഒരുമിച്ച് ചേരലിന്റെ സന്തോഷത്തിൽ സമയം കടന്നു പോയത് അവരറിഞ്ഞില്ല….

“ചന്തൂ….വാ പോകാം…….

സമയം മൂന്നര കഴിഞ്ഞു……”

അരവി വിളിച്ചപ്പോളാണ് എല്ലാവരും സമയം ഇത്രയും ആയെന്ന് അറിഞ്ഞത്….

തിരികെ മതില് ചാടേണ്ടതാണ്…..ഇനിയും താമസിച്ചാൽ ശരിയാകില്ല….

പക്ഷെ ജാനിയ്ക്കും ചന്തുവിനും പിരിയുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ പരവേശം തോന്നി….

ചന്തു ജാനിയേയും കുഞ്ഞിനെയും ചേർത്ത് പിടിച്ചു കണ്ണ് നിറച്ചു……

അകലാൻ കഴിയാതെ പിന്നെയും ചേർന്നു നിന്നു…

“ചന്തുവേട്ടാ……വാ……ഇനിയും നിന്നാൽ ശരിയാവില്ല…..

മധുവങ്കിള് എഴുന്നേൽക്കാനുള്ള സമയമായി…”

പങ്കു കരുതലോടെ പറഞ്ഞിട്ടും ധ്രുവ് അനങ്ങിയില്ല…….

അവന് കഴിയില്ലായിരുന്നു….തന്റെ എല്ലാമായ മോളെ പിരിയാൻ…..തന്റെ ജീവന്റെ പാതിയിൽ നിന്ന് വേർപിരിയാൻ…

എങ്കിലും തിരികെ പോകേണ്ടത് അത്യാവശ്യമാണെന്ന് അവനറിയാം…….

കുറച്ചു നേരം അങ്ങനെ നിന്നിട്ട്…..മനസ്സില്ലാമനസ്സോടെ അവൻ കുഞ്ഞാറ്റയെ ജാനിയുടെ നേർക്ക് നീട്ടി…….

പക്ഷേ കുഞ്ഞിപ്പെണ്ണ് പോകാതെ ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു…

ജാനിയും നിസ്സഹായതയോടെ കണ്ണുകൾ നിറച്ച് അവനെ നോക്കി….ഇനിയും പിരിയാൻ കഴിയില്ലെന്ന് അവൾ പറയാതെ പറഞ്ഞു…..

സമയം പോകുന്നത് എല്ലാവരെയും ഒരുപോലെ ടെൻഷനാക്കി…

അവസാനം ഒരു വിധത്തിൽ കുഞ്ഞിനെ ജാനിയെ ഏൽപ്പിച്ചു……

എന്നിട്ടും ധ്രുവ് പോകാൻ മനസ്സില്ലാതെ അവരെ ചുറ്റിപ്പറ്റി നിന്നു……

“ചന്തൂ…….നീ വരുന്നുണ്ടോ…….

സമയം കഴിയുന്തോറും പ്രശ്നമാണ് കേട്ടോ….”

അരവി ശാസനയോടെ അവനെ ഓർമിപ്പിച്ചു……

ധ്രുവ് ദയനീയമായി അരവിയെ നോക്കി കണ്ണുകൾ കൊണ്ട് അപേക്ഷ പോലെ കാണിച്ചപ്പോളാണ് അരവിയ്ക്ക് കാര്യം മനസ്സിലായത്….

“കിച്ചൂ….നീ കുഞ്ഞിനെ എടുക്ക്…..നിന്റെ കൈയിൽ വരുന്നതല്ലേ മോള്….

നമുക്കു സ്റ്റെപ്പിലേക്ക് ഇറങ്ങി നിൽക്കാം….

ഇവര് ഒറ്റയ്ക്ക് സംസാരിക്കട്ടെ…..”

അത് കേട്ടതും കിച്ചു ചിരിയോടെ കുഞ്ഞാറ്റയെ എടുക്കാൻ ചെന്നു….. വന്നിട്ട് രണ്ടുതവണ എടുക്കാൻ നോക്കീതാണ് വന്നില്ല…. കുറുമ്പീ….

ഇപ്രാവശ്യം കിച്ചു കെഞ്ചി വിളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു……പെട്ടെന്ന് കൈയിലേക്ക് ചാടി….

കിച്ചുവിന്റെ ഒരു നോട്ടത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്ത് നിന്ന അമ്മുവിനെ നിരാശപ്പെടുത്തി കിച്ചു കുഞ്ഞിനെയും കൊണ്ട് താഴേക്കിറങ്ങി…..

“ദേ……….ഒരു പത്ത് മിനിറ്റ് സമയം തരും…പെട്ടെന്ന് വന്നേക്കണം…….കേട്ടോ….”

കപടഗൗരവത്തോടെ പറഞ്ഞു കൊണ്ട് അരവിയും കിച്ചുവിന് പിന്നാലെയിറങ്ങി…..

ലെച്ചുവും ജാനിയെ നോക്കി മൗനാനുവാദം ചോദിച്ചു കൊണ്ട് അവർക്ക് പുറകേയിറങ്ങി…. പങ്കു യാത്ര ചോദിച്ചു കൊണ്ട് ലെച്ചുവിനൊപ്പം തന്നെയിറങ്ങി……

അമ്മു നിരാശയോടെ മുറിയിലേക്ക് മടങ്ങിപ്പോയി…..

അവരുടെ രൂപം അവിടെ നിന്ന് മറഞ്ഞതും ആവേശത്തോടെ ധ്രുവ് ജാനിയെ ഇറുകെ പുണർന്നു…….

അവന്റെ കൈകളുടെ മുറുക്കം അവളെ ശ്വാസം മുട്ടിക്കാൻ പോന്നതായിരുന്നു…..

ജാനിയും കരച്ചിലോടെ അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു……..

നെറ്റിയിൽ പതിക്കുന്ന അവന്റെ ചുടുനിശ്വാസവും വിയർപ്പിന്റെ ഗന്ധവുമൊക്കെ ആവോളം ആവാഹിച്ചു കൊണ്ട് അവന്റെ പ്രണയിനിയായി അവൾ മാറിയിരുന്നു…..

“ഒറ്റപ്പെട്ടു പോയി പെണ്ണേ ഞാൻ………

ഓരോ നിമിഷവും തളർന്നു പോകുമ്പോൾ……

നീ അരികിലുണ്ടായിരുന്നെങ്കിലെന്ന്……

പലവട്ടം…. ആശിച്ചിട്ടുണ്ട് ഞാൻ……

ഐ ലവ് യു ജാനീ…”

ആവേശം നിറഞ്ഞ അവന്റെ വാക്കുകളിൽ പൊള്ളിപ്പിടഞ്ഞുകൊണ്ട് ജാനി അവന്റെ കൈക്കുള്ളിലേക്ക് ഒന്നു കൂടി ചുരുണ്ടുകയറി….

കഴിഞ്ഞു പോയ ചില പ്രണയനിമിഷങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇടയിൽ എപ്പോഴും കുഞ്ഞാറ്റ മാത്രമായിരുന്നു…….പ്രണയം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ തീവ്രത അറിയുന്നത് ഇപ്പോൾ മാത്രമാണ്….

അവന്റെ കണ്ണിൽ നിന്ന് അടർന്നു വീഴുന്ന നീർത്തുള്ളികൾ കാൺകെ അവളുടെ മനസ്സും ആർദ്രതയോടെ അവനിൽ അലിയാൻ കൊതിച്ചു പോയിരുന്നു….

പ്രണയം മനസ്സിൽ അടക്കാൻ പറ്റാത്ത വിങ്ങലായി മാറിയപ്പോൾ പരസ്പരം മുഖം നിറയെ അവർ ചുംബനങ്ങൾ കൊണ്ട് മൂടി………

“ചന്തൂ…..”

ഇത്തിരി ഉറക്കെയുള്ള അരവിയുടെ വിളി കേട്ട് അടർന്നു മാറാൻ തുടങ്ങിയ ജാനിയെ അവൻ തടഞ്ഞുകൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി…..

നിലാവിന്റെ വെളിച്ചത്തിൽ എല്ലാം മറന്ന്…..ഗാഢമായി അവർ ചുംബനത്തിൽ തന്നെ ലയിച്ചു നിന്നു…..

സ്റ്റെപ്പിലേക്ക് ആരോ കയറി വരുന്ന ശബ്ദമാണ് അവരെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…..

നിരാശയോടെ മനസ്സില്ലാമനസ്സോടെ അവർ പരസ്പരം അകന്നുമാറുമ്പോൾ ഇനിയും അകന്നു നിൽക്കാൻ കഴിയില്ലെന്ന് രണ്ടുപേരും തിരിച്ചറിഞ്ഞിരുന്നു….

“ഞാൻ എത്രയും പെട്ടെന്ന് തിരികെ വരും ജാനീ…….നിന്നെയും മോളെയും ഞാൻ കൊണ്ട് പോകും……”

ആർദ്രമായി അവൻ പറയുമ്പോൾ നനുത്ത പുഞ്ചിരി മാത്രമാണ് അവൾ മറുപടിയായി നൽകിയത്…

അതൊരു പ്രതീക്ഷയാണ്….വിശ്വാസമാണ്…… തന്റെ പ്രണയത്തിൻ മേലുള്ള വിശ്വാസം……തന്റെ ജീവന്റെ പാതിയിലുള്ള വിശ്വാസം….

മോളെയും കൊണ്ട് ടെറസ്സിലേക്ക് കയറിയതും കിച്ചുവിന്റെ നോട്ടം പോയത് മുറിയിലേക്കുള്ള വാതിൽക്കലാണ്….

അമ്മൂനെ ഒന്നൂടി കണ്ടിരുന്നെങ്കിൽ……നേരത്തെ മുഖം കൊടുക്കാതെ മറഞ്ഞു പോകുമ്പോൾ ആ മുഖത്ത് പടർന്ന നിരാശ അവളറിയാതെ താൻ ശ്രദ്ധിച്ചിരുന്നു….

എത്രയും വേഗം ജീവനെ കാണണം….അറിയേണ്ടതെല്ലാം അറിയണം…..

കിച്ചുവിന്റെ കൈയിൽ നിന്ന് കുഞ്ഞിനെ ധ്രുവ് വാരിയെടുത്തു…..

കുഞ്ഞിക്കവിളിൽ വാത്സല്യത്തോടെ ഒരു നനുത്ത ചുംബനം നൽകി….

ജാനിയുടെ അടുത്തേക്ക് പോകാൻ മടി കാട്ടിയ കുഞ്ഞിപ്പെണ്ണിനെ സമാധാനിപ്പിച്ച് അവൻ ജാനിയുടെ കൈയിൽ ഏൽപ്പിച്ചു….

നിറഞ്ഞ കണ്ണുകൾ തുടച്ച്…..പിന്നെയും ഒരു തിരിഞ്ഞു നോട്ടത്തിന് പോലും നിൽക്കാതെ ഹൃദയം തകരുന്ന വേദനയോടെ ധ്രുവ് ആ പടിക്കെട്ടുകൾ ഇറങ്ങി…..

തിരികെ പോകുമ്പോൾ ധ്രുവിനെ വീട്ടിൽ ആക്കിയിട്ടാണ് പങ്കു പോയത്….

അരവിയും കിച്ചുവും ഒരുമിച്ചാണ് പോയത്….

തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ….. പങ്കുവിന്റെ കണ്ണുകൾ ഇടയ്ക്കിടെ ലെച്ചുവിൽ പാളി വീഴുന്നുണ്ടായിരുന്നു….

അത് മനസ്സിലായത് പോലെ അവളുടെ മുഖം കുങ്കുമവർണ്ണം കൊണ്ട് തുടുത്തിരുന്നു….

“നിനക്ക് ഈ ചുരിദാറൊന്നും ചേരുന്നില്ല ലെച്ചൂ…..

പട്ട് പാവാടയാണ് എനിക്കിഷ്ടം……അതിടുമ്പോൾ …..ഹൊ…..എന്റെ പെണ്ണേ….”

കണ്ണുകളടച്ചു ആ ഓർമയിൽ അവനൊന്നു കുളിർന്നു…..

നാണത്തോടെ ലെച്ചു മുഖം പൊത്തി…… ആദ്യമായാണ് ഇത്രയും സ്വാതന്ത്ര്യത്തോടെ…ഇത്രയും നേരം…. അടുത്തിരിക്കുന്നത്…..അതിന്റെ സന്തോഷം രണ്ടുപേരുടെ മുഖത്തും ഉണ്ടായിരുന്നു…..

അവളുടെ നാണത്തെ അതേ ഭംഗിയോടെ സ്വന്തമാക്കാൻ ഉള്ളം തുടിച്ചപ്പോൾ യാന്ത്രികമായി തന്നെ പങ്കു വണ്ടി വഴിയുടെ സൈഡിലായി നിർത്തി……

വണ്ടി നിന്നതും ലെച്ചു മുഖം പൊത്തിയ കൈകൾ മാറ്റി സംശയത്തിൽ ചുറ്റും നോക്കി…..

കണ്ണുകൾ പങ്കുവിന്റെ മുഖത്ത് ഉടക്കിയതും അവന്റെ പ്രണയവിവശമായ നോട്ടം നേരിടാൻ കഴിയാതെ അവൾ തലകുനിച്ചു പോയി…..

കുനിഞ്ഞിരിക്കുന്ന ലെച്ചുവിന്റെ മുഖം അവൻ ചൂണ്ടുവിരലാൽ ഉയർത്തി……. അവളുടെ കണ്ണുകളിൽ തെളിഞ്ഞ നാണത്താൽ അവൻ സ്വയം മറന്നു പോയി…..

ഒരു വലിയോടെ അവളെ തന്റെ നെഞ്ചിലേക്കിട്ട് ഇടുപ്പിലൂടെ വട്ടം പിടിച്ചു……

കണ്ണുകളിൽ നനുത്ത ചുംബനം നൽകി….അവളുടെ ചുണ്ടുകളിൽ ആർദ്രമായി ഒന്നു തഴുകി……

ലെച്ചു പോലും പ്രതീക്ഷിക്കാതെ പങ്കു അവളുടെ അധരങ്ങളെ തന്റെ അധരങ്ങളാൽ ബന്ധിച്ചിരുന്നു…..

ഏറെ നേരത്തെ ചുംബനത്തിന് ശേഷം അകന്നു മാറുമ്പോൾ കാറിന്റെ എസിയുടെ തണുപ്പിലും അവർ വിയർത്തിരുന്നു…..

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ പങ്കു ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി ലെച്ചുവിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു…..

അവളെ സീറ്റിൽ നിന്ന് പുറത്തിറക്കി മുറുകെ കെട്ടിപ്പിടിച്ചു….

ആവേശത്തോടെ അവളുടെ ശരീരം മുഴുവനും ഉമ്മകൾ കൊണ്ട് മൂടി…..

ദൂരത്ത് നിന്ന് വന്ന വണ്ടിയുടെ വെളിച്ചം കണ്ടാണ് പങ്കു ലെച്ചുവിനെ സ്വതന്ത്രമാക്കിയത്…….

ദൂരത്ത് കണ്ട വണ്ടി അവരുടെ അരികിലെത്തി നിന്നതും ലെച്ചുവും പങ്കുവും സംശയത്തിൽ പരസ്പരം നോക്കിയിട്ട് വണ്ടിയിലേക്ക് നോക്കി….

പങ്കുവിന്റെ സൃഹൃത്തുക്കളായിരുന്നു വണ്ടിയിൽ….. വിനുവും ജിത്തുവും അജിത്തുമൊക്കെ…….

ജാനിയുടെ കല്യാണത്തിന് കണ്ടിട്ടുള്ളത് കൊണ്ട് ലെച്ചുവിനും പെട്ടെന്ന് തന്നെ അവരെ മനസ്സിലായി………

“എന്താ ശ്രീരാഗ് വെളുപ്പിന് നാല് മണിയ്ക്കൊക്കെ റോഡരികിൽ….. വണ്ടി കേടായോ….”

ലെച്ചുവിന്റെ മുഖത്ത് സ്ഥാനം തെറ്റിയിരിക്കുന്ന പൊട്ടിലേക്ക് നോക്കി വഷളച്ചിരിയോടെ ജിത്തു പറഞ്ഞപ്പോൾ പങ്കു വല്ലാതെയായി…..

“ഏയ്…..ഞങ്ങള് ഒരു ബെർത്ത്ഡേ ഫങ്ഷന് പോയിട്ട് വരുന്ന വഴിയാ…….

നിങ്ങളെങ്ങോട്ടാ…..”

“ഞങ്ങളും ഒരു ഫങ്ഷൻ കഴിഞ്ഞ് വരുന്ന വഴിയാ……..എന്തായാലും നല്ല സമയം…….

ലക്ഷമിയെ വിശദമായി ഒന്നു പരിചയപ്പെടണമെന്ന് ഓർത്തിരിക്കുവാരുന്നു…..”

വിനു അർത്ഥം വച്ച് പറഞ്ഞത് കേട്ട് പങ്കുവിന് ദേഷ്യം വന്നെങ്കിലും അവൻ അതടക്കിപ്പിടിച്ചു….

അവരിൽ നിന്ന് മദ്യത്തിന്റെ രൂക്ഷമായ ഗന്ധം വരുന്നത് ലെച്ചുവിനെയും അസ്വസ്ഥമാക്കി….

“എന്നാൽ ശരി ഫ്രണ്ട്സ്…..നേരം ഒരുപാട് വൈകി……..

ലെച്ചു കേറ്….”

അവരുടെ സംസാരം ഇഷ്ടപ്പെടാതെ നിന്ന ലെച്ചുവും പങ്കു പറഞ്ഞത് കേട്ട് പെട്ടെന്ന് കാറിലേക്ക് കയറാനൊരുങ്ങി…..

“ശ്ശേ……അതെന്ത് പോക്കാ ശ്രീരാഗ്……

നീയല്ലേ മുൻപ് പറഞ്ഞിട്ടുള്ളത്……ഇവളെ ഡൈവോഴ്സ് ചെയ്തോളാം…..എനിക്ക് തന്നേക്കാമെന്നൊക്കെ……

അതിനെ കുറിച്ച് നമുക്ക് സംസാരിക്കണ്ടേ…..”

പങ്കുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…… ഉയർന്ന് വന്ന കോപത്തോടെ പങ്കു വിനുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചൊന്നുലച്ചു…..

“വിനൂ….മര്യാദയ്ക്ക് സംസാരിക്കണം……😡

ഇതെന്റെ ഭാര്യയാണ്…..എന്റെ പെണ്ണ്…..

അവളുടെ നേർക്ക് ഒരു ചീത്ത നോട്ടം പോലും ഞാൻ സഹിക്കില്ല….”

തീഷ്ണതയോടെ പങ്കു പറഞ്ഞിട്ടും കൂസലില്ലാതെ അവൻ കോളറിൽ ചുറ്റിയിരുന്ന പങ്കുവിന്റെ കൈ തട്ടിത്തെറിപ്പിച്ചു….

ലെച്ചു പേടിയോടെ പങ്കുവിന്റെ പുറകിലായി നിന്നു…

“അതെന്താ ശ്രീരാഗ് നീ വാക്ക് മാറ്റുന്നത്….. ഇവളെ നിനക്ക് അത്രയ്ക്ക് പിടിച്ചെങ്കിൽ ഇന്നൊരു ദിവസം കഴിഞ്ഞിട്ട് തിരികെ തരാം….”

വിനു അല്പം ദേഷ്യത്തോടെയും വഷളനോട്ടത്തോടെയും പറയുന്നത് കേട്ട് പങ്കുവിന്റെ സമനില തെറ്റിയിരുന്നു….

“ടാ….😡”

മുഷ്ടി ചുരുട്ടി വിനുവിന്റെ മൂക്ക് നോക്കി പങ്കു ആഞ്ഞുപ്രഹരിച്ചതും ഒരലർച്ചയോടെ അവൻ പുറകിലേക്കാഞ്ഞു……

മൂക്കിൽ നിന്ന് നീർച്ചാലുകൾ പോലെ കൊഴുത്ത രക്തം പുറത്തേക്കൊഴുകിയതും അവൻ മൂക്ക് പൊത്തി അലറി…..

“കൊല്ലെടാ ഇവനെ😡😡😡…..എന്നിട്ട് ആ പെണ്ണിനെ തൂക്കിയെടുത്ത് വണ്ടിയിൽ കയറ്റ്….”

വിനുവിന്റെ ആജ്ഞ കേട്ടതും അജിത്തും ജിത്തുവും പങ്കുവിന് നേരെ പാഞ്ഞടുത്തു…..

തന്റെ നേർക്ക് പാഞ്ഞു വന്ന അജിത്തിന്റെ കാലുകളിൽ നിന്ന് വിദഗ്ധമായി പങ്കു ഒഴിഞ്ഞു മാറി……തിരിഞ്ഞ് ആ കാലുകൾ പിടിച്ച് മുന്നിലേക്ക് വലിച്ചതും അജിത്ത് നെഞ്ചിടിച്ച് നിലത്തേക്ക് വീണു……

പങ്കുവിന്റെ കഴുത്തിലായി പുറകിൽ നിന്ന് ജിത്തുവിന്റെ കൈകൾ മുറുകിയപ്പോൾ ശ്വാസം നേരിയതായി അവന് വിലങ്ങിപ്പോയി…. വലത് കാൽ പുറകോട്ടെടുത്ത് പങ്കു അവന്റെ നാഭിയിലായി ആഞ്ഞു തൊഴിച്ചു….

വയറ്റിൽ അമർത്തിപ്പിടിച്ച് അവൻ കുനിഞ്ഞു പോയി……

ലെച്ചു പേടിയോടെ അലറിക്കരഞ്ഞു…..ഓരോ നിമിഷവും പങ്കുവിന്റെ നേർക്ക് അവൻമാർ പാഞ്ഞു വരുമ്പോൾ ലെച്ചു ഉച്ചത്തിൽ അലറി വിളിച്ചു….

വിനുവും അജിത്തും പിന്നെയും ആക്രമിക്കാനാഞ്ഞപ്പോൾ പങ്കു വിദഗ്ധമായി തന്നെ പ്രതിരോധിച്ചു….

എന്നാൽ പ്രതീക്ഷിക്കാതെ പുറകിൽ നിന്ന് കിട്ടിയ വടി കൊണ്ടുള്ള അടിയിൽ പങ്കു ഇടറിപ്പോയി…..

കണ്ണുകളിൽ ഇരുട്ടുനിറയും പോലെ അവന്റെ ഓർമ പതിയെ മാഞ്ഞു തുടങ്ങിയിരുന്നു….

ലെച്ചുവിന്റെ ഹൃദയം പൊട്ടുന്ന നിലവിളി അവന്റെ കർണപുടങ്ങളിലേക്ക് തുളച്ചു കയറിയപ്പോൾ അവൻ എഴുന്നേൽക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിനുവിന്റെ ചവിട്ടിൽ അവൻ ദൂരേക്ക് തെറിച്ചു പോയി….

“ശ്രീയേട്ടാ……..”

ജിത്തുവിന്റെ കൈകളിൽ കിടന്ന് ലെച്ചു കുതറിപ്പിടഞ്ഞു………..അവൾ തളർന്നു പോയിരുന്നു…….

പങ്കുവിന്റെ അവസ്ഥ അവളുടെ മുഴുവൻ ശക്തിയും ചോർത്തിയിരുന്നു……

“പിടിച്ച് കേറ്റെടാ ഇവളെ……”

വിനു വഷളച്ചിരിയോടെ പറഞ്ഞു കൊണ്ട് ലെച്ചുവിനടുത്തേക്ക് വന്നു…..ചുണ്ടുകൾ നനച്ച് വല്ലാത്തൊരു ഭാവത്തോടെ അവളുടെ തുടുത്ത കവിളുകളിൽ വിനു തൊടാനാഞ്ഞതും ഏതോ കരുത്തുറ്റ കൈകളുടെ പ്രഹരത്താൽ അവൻ ദൂരേയ്ക്ക് തെറിച്ചു പോയിരുന്നു…..

തുടരും…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എല്ലാവർക്കും എന്നോട് ഒരുപാട് സ്നേഹമുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദിവസം വൈകുമ്പോളാണ് തുടർച്ച നഷ്ടപ്പെടാതിരിക്കാൻ പഴയ പാർട്ടിലെ last ഭാഗം എടുക്കുന്നത്….ഇഷ്ടമില്ലെങ്കിൽ ഇനി വേണ്ട😤

കരുത്തുറ്റ കൈകൾ ആരുടേതാണ്….🤔… അറിയാമെങ്കിൽ പറഞ്ഞോ…….

Leave a Reply

Your email address will not be published. Required fields are marked *