കടലമിട്ടായി, തുടർക്കഥ (Part 20) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

“ചേച്ചി എവിടെ പോയതാ”??കുട്ടിമാളു ശാന്തി ചേച്ചിയോട് ചോദിച്ചു. “ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ കൊച്ചി വരെ പോയി മോളെ”,… “എന്നിട്ട് എന്തായി”??

“ഓഹ് എന്താകാൻ ??എല്ലാവർക്കും മറ്റ് പലതും ആണ് നോട്ടം”. “മ്മ്…. ചേച്ചി കഴിഞ്ഞ ആഴ്ച വന്ന ആ കല്യാണാലോചന എന്തായി”?? “എന്താകാൻ പെണ്ണ് പണ്ട് ഒരുത്തനെ വിളിച്ചു വീട്ടിൽ കയറ്റിയത് ആണെന്ന് അറിഞ്ഞപ്പോൾ അവൻ വാലും പൊക്കി ഓടി”,….

“ഓഹ്…. നട്ടെല്ല് ഇല്ലാത്തവൻ”, “മ്മ്…. ഇന്ദ്രൻ ചേട്ടൻ തിരിച്ചു പോയോ”?? “ഇല്ല. ലീവ് extend ചെയ്തു രണ്ടു മാസം കഴിഞ്ഞേ പോകുള്ളൂ”… “ഹ”,

“ചേച്ചിക്ക് വിഷമം ഉണ്ടോ കല്യാണം ഇങ്ങനെ മുടങ്ങി പോകുന്നത് കൊണ്ട്”,… “ഒരിക്കലുമില്ല. കാരണം എന്റെ അമ്മ ആ ഒരു സംഭവം കഴിഞ്ഞപ്പോൾ മുതൽ ആരെയും കുറിച്ചു കുറ്റം പറഞ്ഞിട്ടില്ല. പിന്നെ, ആകെ വിഷമം പ്രായത്തിന്റെ തിളപ്പിൽ ഒരുത്തനെ വിളിച്ചു വീട്ടിൽ കയറ്റി പോയി. എന്ന് കരുതി തെറ്റായിട്ട് ഒന്നും ഉണ്ടായിട്ടില്ല”….ശാന്തി പറഞ്ഞു. “ആ സാരമില്ല ചേച്ചി നമ്മളെ മനസ്സിലാക്കുന്ന നമുക്ക് വേണ്ടി ജനിച്ചൊരാൾ ഉറപ്പായിട്ടും എവിടെയെങ്കിലും കാണും”….

“മ്മ്…കുട്ടിമാളു നടന്നോ എനിക്ക് ആ തയ്യൽക്കടയിൽ ഒന്ന് കയറണം”. ശാന്തി പറഞ്ഞു “ശരി ചേച്ചി”….

കുട്ടിമാളു പതിയെ റോഡിന്റെ വലതു വശത്ത് കൂടി നടന്നു. പെട്ടെന്ന് ഒരു കാർ ചറപറ ഹോൺ അടിച്ചു കൊണ്ട് അവളെ ഇടിക്കാൻ വന്നു. പെട്ടെന്ന് തിരിഞ്ഞു നോക്കിയ കുട്ടിമാളു പുറകോട്ടു ഒഴിഞ്ഞു മാറി. “താൻ എന്താടോ ആളെ കൊല്ലാൻ ഇറങ്ങിയതാണോ”??കുട്ടിമാളു ദേഷ്യത്തോടെ ചോദിച്ചു. ആ കാർ നിർത്താതെ പോയി. “കാലൻ ആർക്കു വായുഗുളിക മേടിക്കാൻ പോകുവാണോ എന്തോ”…!! “എന്തുവാടി പിറുപിറുക്കുന്നെ”?? “ആ അർജുൻ നീ എപ്പോ വന്നു”?? “ഇന്നലെ വൈകിട്ട്”.. “മ്മ് സുഖാണോടാ”? “ആ അങ്ങനെ തട്ടിയും മുട്ടിയും പോകുന്നു”… “അതൊരു സീരിയൽ അല്ലെടി”?? “അല്ല സിനിമ”… “ഓ തമാശിച്ചതാരിക്കും”.. “അല്ല തമാശ പോലെയാ”… “ആഹാ ആള് ഫോമിലായല്ലോ”!! “മ്മ്”..

“ടി നീ പിന്നെ ആ നാറിയെ കണ്ടിരുന്നോ”?? “ആരെ”?? “ശരൺ ആ മണ്ടനെ”?? “മ്മ് രണ്ടു തവണ കണ്ടിരുന്നു. കൂടെ അവന്റെ കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു. ബസിൽ ഇരിക്കുമ്പോഴാ കണ്ടത്. സത്യത്തിൽ അയാളെ കാണുമ്പോൾ എന്റെ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങും”,… “അതെന്തിനാ”?? “അറിയില്ല എന്തോ ഒരു പേടിയാ അയാളെ കാണുമ്പോൾ” “ഇന്ന് ചിഞ്ചു ഇല്ലേ”??അർജുൻ ചോദിച്ചു. “ഇല്ല…. അവള് ഏതോ അമ്മാവന്റെ വീട്ടിൽ പോയേക്കുവാ”.. “എന്തായാലും നിങ്ങൾ ഒന്നിച്ചു ഒരു കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത് നന്നായി.നീ ഏതാ എടുത്തേ സബ്ജെക്ട്”??

“Bsc Maths” “ആഹാ നീ വല്യ Bcom എടുക്കണം എന്ന് പറഞ്ഞു നടന്നിട്ടോ!!” “ഈ സയൻസ് ഗ്രൂപ്പ്‌ പഠിച്ച ഞാൻ bcom എടുത്തിട്ട് എന്തിനാ മുകളിലേക്ക് നോക്കി ഇരിക്കണോ??അച്ഛന് പണ്ട് വല്യ ആഗ്രഹം ആയിരുന്നു എന്നെ കൊണ്ട് Bcom എടുപ്പിക്കണം എന്ന്.അതാ അന്ന് അങ്ങനെയൊക്കെ പറഞ്ഞത്”… “ഇന്നിപ്പോ എന്ത് പറ്റി”?? “എന്ത് പറ്റാൻ എല്ലാം എന്റെ ഇഷ്ടത്തിന് വിട്ടു തന്നു. സത്യത്തിൽ എല്ലാം നടന്നത് നല്ലതിന് ആയിരുന്നു അച്ഛനെയും അമ്മയെയും ചേട്ടായിയെയും ഞാൻ ഇത്രക്ക് സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് പോലും തോന്നിയ നിമിഷം. ഇപ്പോ അവർ എല്ലാം എന്നോട് ചോദിക്കും എല്ലാം സംസാരിക്കും. ഏകദേശം എല്ലാം പഴയ പോലെ ആയി വരുന്നു. എനിക്ക് ഒരു വിഷമം ഇതിന്റെ പേരിൽ നീയും കൂടി കഷ്ടപെട്ടല്ലോ എന്നോർത്ത”…കുട്ടിമാളു പറഞ്ഞു.

“ഓ അതൊന്നും സാരമില്ലാടി. നീ ഇനി ഇറങ്ങി പോകുവാണേൽ പോകുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പ് എനിക്ക് സെന്റ് ചെയ്തിട്ടേ പോകാവൂ കേട്ടോ”… “ഡീൽ.എങ്കിൽ മോൻ ചെല്ല് ഇനീപ്പോ നമ്മൾ ഒന്നിച്ചു നടന്നു എന്ന് പറഞ്ഞ് പുതിയ കഥകൾ ഉണ്ടാവേണ്ട”. “എടി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടാരുന്നു”… അർജുൻ പറഞ്ഞു. “എന്താടാ”??കുട്ടിമാളു അർജുന്റെ മുഖത്തേക്ക് നോക്കി. കരിമഷി എഴുതിയ അവളുടെ കണ്ണിൽ അവിടെ ഇവിടെയായി അതിന്റെ പാടുകൾ കാണാം. കല്ല് പൊട്ടിന്റെ മുകളിലെ ചന്ദനക്കുറി പകുതി ഇളകി പോയിരുന്നു. വരണ്ട ചുണ്ടൊന്ന് നനയിച്ചു പുരികം ചുളിച്ചു കൊണ്ട് കാറ്റത് പറക്കുന്ന മുടിയെ ഉള്ളം കയ്യാൽ ഒതുക്കി കൊണ്ട് അവൾ ചോദിച്ചു. “എന്താടാ”?? “അത് പിന്നെ…… അത് അത്…” “എന്ത് അത് അത് കാര്യം പറയെടാ കൊരങ്ങാ”.. “കാര്യം ഒന്നുല്ലടി വെള്ളപ്പാറ്റ”…

“ഓ ഊതിയത് ആണല്ലേ പോട്ടെ മോനെ”…. അവൾ പതിയെ നടന്നു പോകുന്നതും നോക്കി അർജുൻ നിന്നു. കുട്ടിമാളു വീട്ടിലെത്തിയപ്പോൾ മുറ്റത്തു രണ്ടു കാർ കിടക്കുന്നു. ഒന്ന് ഒരു ഇന്നോവ കാർ വേറെ ഒന്ന് ഒരു ബെൻസ്. ഈ റെഡ് കളർ ബെൻസ് ആണല്ലോ എന്നെ ഇടിക്കാൻ വന്നത്. അവൾ മനസ്സിലോർത്തു. “അവന്റെ ഒരു ബെൻസ്…. മണ്ടൻ ഗ്ലാസ്‌ അടക്കാതെയാ പോയത്. ഇപ്പോ ശരിയാക്കി തരാം”… കുട്ടിമാളു ബാഗ് തുറന്നു ഒരു ബബിൾഗം വായിൽ ഇട്ടു ചവച്ചു എന്നിട്ട് അത് കാറിന്റെ സ്റ്റിയറിങ്ങിൽ ഒട്ടിച്ചു വെച്ചു. “ഹോ ഒരു പണി കൊടുത്തപ്പോൾ എന്തൊരു സമാധാനം”…. കുട്ടിമാളു ആത്മഗതം പറഞ്ഞു.അവൾ അകത്തേക്ക് കയറിയപ്പോൾ കുറെ ചെരുപ്പുകൾ പടിയിൽ കിടക്കുന്നുണ്ടാരുന്നു. അകത്തേക്ക് കയറിയപ്പോൾ കുറെ ബഹളവും സംസാരവും. “കടലമിട്ടായി”…..എന്ന് വിളിച്ചു കൊണ്ട് ആരോ അവളെ കെട്ടിപ്പിടിച്ചു. തിരിഞ്ഞു മുഖം നോക്കിയപ്പോൾ തംബുരു. “തുമ്പി ചേച്ചി”…കുട്ടിമാളു അവളെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് അവർ രണ്ടാളുടെയും കണ്ണ് നിറഞ്ഞു. “അയ്യോ എനിക്കും കൂടി ഒരു ഗ്യാപ് തായോ”…ഗീതിക അതിന്റെ ഇടയിൽ തള്ളി കേറി. അവർ മൂന്നും പരസ്പരം കെട്ടിപ്പിടിച്ചു.

“ആഹാ…. ഇതിപ്പോ വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്നു അനിയത്തിയെ കണ്ട ചേച്ചിമാരെ പോലെ ആയല്ലോ”….ശ്രാവൺ പറഞ്ഞു. “ശ്രാവൺ ചേട്ടാ”…കുട്ടിമാളു ഓടി ചെന്നു അവന്റെ കയ്യിൽ പിടിച്ചു. “സുഖാണോ മോളെ”?? “അതെ ചേട്ടാ”… “ആഹാ ഇതാരാ ആന്റിടെ പൊന്നൂസ് ആണോ”??…കുട്ടിമാളു പൊന്നൂസിനെ കയ്യിലെടുത്തു. ഉമ്മ കൊടുത്തു. “ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ എല്ലാവരും കൂടെ”??കുട്ടിമാളു ചോദിച്ചു. “മുന്നറിയിപ്പ് ഞങ്ങൾ നേരത്തെ കൊടുത്തതാ നിന്റെ അച്ഛനും അമ്മയ്ക്കും ഏട്ടനും”….കിച്ചൻ പറഞ്ഞു “ആഹാ… ഈ അവതാരവും ഉണ്ടോ”??

“ഉണ്ടല്ലോ. എന്നാലും നീ ഞാൻ വന്നോയെന്ന് അന്വേഷിച്ചില്ലല്ലോ കുശുമ്പി” “അയ്യോ ഞാൻ കിച്ചേട്ടൻ വന്നില്ലേ എന്ന് ചോദിക്കാൻ വരുവാരുന്നു”… “അമ്പടി ഇനി അത് പറഞ്ഞാൽ മതി”…കിച്ചൻ പറഞ്ഞു. അമ്മ അപ്പോഴേക്കും ചായയുമായി വന്നു. “പിള്ളേര് സെറ്റ് മാത്രമല്ല ഞങ്ങൾ കുറച്ചു പേരും കൂടെ ഉണ്ടേ”….ശ്രെയസ്സിന്റെ അമ്മ പറഞ്ഞു. “അറിയാത്ത രണ്ടുപേരും കൂടി ഉണ്ട് കേട്ടോ”…കൂട്ടത്തിൽ ഉണ്ടാരുന്ന മറ്റൊരു അമ്മ പറഞ്ഞു. “ഇതാട്ടോ ഞങളുടെ അച്ഛനും അമ്മയും തങ്കമണി ഇത് വിജയകുമാർ”….തംബുരു പറഞ്ഞു. “ആ അന്ന് വന്നപ്പോൾ ഫോട്ടോയിൽ കണ്ടിരുന്നു”…കുട്ടിമാളു പറഞ്ഞു. “ആഹ ഇവർക്ക് മോളുടെ കാര്യം പറയാനേ എപ്പോഴും നേരമുള്ളൂ. അപ്പോൾ പിന്നെ ഞങ്ങളും കരുതി ഒന്ന് കണ്ടിരിക്കാമെന്ന്”….തംബുരുവിന്റെ അമ്മ പറഞ്ഞു. “ആ കൊച്ചു വന്നതല്ലേ ഉള്ളു.മോള് പോയി ഫ്രഷ് ആയിട്ട് വന്നു എന്തെങ്കിലും കഴിക്കു”….ശ്രെയസ്സിന്റെ അമ്മ പറഞ്ഞു.

“അല്ല ശ്രെയസ്സ് ചേട്ടൻ വന്നില്ലേ”?? “അവനു ലീവ് ഇല്ല അതുകൊണ്ട് വന്നില്ല”….ഗീതിക പറഞ്ഞു. “മ്മ് ഞാൻ പോയി ഡ്രെസ്സൊക്കെ മാറി വരാം”….കുട്ടിമാളു മുകളിലേക്ക് പോയി. അവൾ മുറിയിലെത്തി വാതിൽ അടച്ചു. ബാഗ് ഊരി മേശയിൽ വെച്ചു. ചുരിദാർ ഷാളിന്റെ പിന്ന് ഊരി പെട്ടിയിൽ വെച്ചു. മുടി അഴിച്ചു ചീകി. പൊട്ടു ഊരി കണ്ണാടിയിൽ വെച്ചു. ചുരിദാറിന്റെ ടോപ്പിന്റെ പുറകിലെ വള്ളി അഴിച്ചപ്പോൾ ഒരു ശബ്ദം. “അയ്യോ അഴിക്കല്ലേ പീഡനത്തിന് അകത്തു കിടക്കാൻ വയ്യ”….. ശബ്ദം കേട്ടു ഞെട്ടി തരിച്ചു നോക്കിയപ്പോൾ ശ്രെയസ്സ്. “താനോ”?? “അതെ ഞാൻ തന്നെ”….

“നിങ്ങൾ എന്തിനാ എന്റെ മുറിയിൽ”?? “അന്ന് ഞാൻ ഒരു മുറി എടുത്തിട്ട് നീ വന്നില്ലല്ലോ അതുകൊണ്ട് ഇന്ന് നിന്റെ മുറിയിൽ ഞാൻ വന്നു”…അതും പറഞ്ഞ് ഷിർട്ടിന്റെ കൈ മടക്കിക്കൊണ്ടു കുട്ടിമാളുവിന്റെ അടുത്തേക്ക് അവൻ നടന്നു വന്നു. അവൾ മരം പോലെ നിന്നു. ശ്രെയസ്സ് അവളുടെ അടുത്ത് തൊട്ടടുത്തു എത്തി. അവൾ ഒരു കുലുക്കവും ഇല്ലാതെ നിന്നു. കുറച്ചു നേരം ശ്രെയസ്സ് അവളെ നോക്കി. “ഹോ…. എന്തൊരു ധൈര്യമാണെടി കടലമിട്ടായി??ഞാനൊക്കെ ആണേൽ ഇപ്പോ ബോധം കെട്ടു നിലത്തു കിടന്നേനെ” ശ്രെയസ് പറഞ്ഞു. “അതിന് ശ്രെയസ് നാഥ്‌ അല്ലല്ലോ ഞാൻ. ഞാൻ ഇന്ദ്രികയല്ലേ!!… അങ്ങ് മാറി നിക്ക് മാഷേ ഒട്ടിനിക്കാൻ ഉള്ള ആള് താഴെയാ”,…. അവൻ പെട്ടെന്ന് മാറി നിന്നു. “അല്ല ഇതെപ്പോ എത്തി”??കുട്ടിമാളു ചോദിച്ചു. “രണ്ടു ദിവസമായി..അപ്പോൾ അല്ലേ അച്ഛന് നിർബന്ധം ഉടനെ നിന്റെ അച്ഛനെ കാണണം എന്ന്”… “എന്റെ അച്ഛനെയോ??എന്തിന്”??

“നിന്നെ എനിക്ക് കെട്ടിച്ചു തരുമോന്നു ചോദിക്കാൻ”….ശ്രെയസ്സ് പറഞ്ഞു. “ദേ ചുമ്മാ മനുഷ്യനെ ആസ്സക്കാതെ കാര്യം പറ”…. “ഹ…. അതോ നിന്റെയും അച്ഛനും അമ്മയും ഏട്ടനും എല്ലാവരും കൂടെ അന്ന് നിന്നെ കൂട്ടികൊണ്ട് വരാൻ വന്നപ്പോൾ ശ്രാവൺ ചേട്ടൻ ഒരു ഫോട്ടോ ഫോണിൽ എടുത്തില്ലേ”?? “ആം എടുത്തു അതിനെന്താ ഇപ്പോൾ”?? “തോക്കിൽ കേറി വെടി വെക്കാതെടി ഗുണ്ടുമുളകെ”… “ഗുണ്ടുമുളക് നിന്റെ അമ്മായിഅമ്മ” “ആഹാ ആയിക്കോട്ടെ ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് പറ ആരുടെ അമ്മായിഅമ്മ ആണെന്ന്”…. “എന്താന്ന് വെച്ചാൽ പറഞ്ഞു തുലക്ക്”… “മ്മ് അന്ന് എടുത്ത ആ ഫോട്ടോ എന്റെ അച്ഛൻ കണ്ടില്ലാരുന്നു.നിങ്ങൾ അന്ന് വന്നപ്പോഴും അച്ഛനെ പരിചയപ്പെട്ടില്ലരുന്നല്ലോ !!! കഴിഞ്ഞ ദിവസം ആ ഫോട്ടോ അച്ഛൻ ഏട്ടന്റെ ഫോണിൽ കണ്ടപ്പോഴാണ് അച്ഛന്റെ സുഹൃത് ആയ ബാലചന്ദ്രന്റെ മകളാണ് നീ എന്ന് ഐഡന്റിഫയ് ചെയ്തത്” “സുഹൃത്തോ”??

“മ്മ് അച്ഛൻ ചെപ്പുംപാറയിലോ മറ്റോ തഹസിൽദാർ ആയിരുന്ന സമയത്തു നിന്റെ അച്ഛനുമായി സുഹൃത്തായിരുന്നു. നിനക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ നിന്നെ എനിക്ക് വേണ്ടി എന്റെ അച്ഛൻ പെണ്ണ് ചോദിച്ചതാ”… “എന്തിന് ??അന്ന് ബാല്യവിവാഹമുണ്ടാരുന്നോ”?? “ഹോ ഇവളെ…. എടി പോത്തേ അന്ന് അവർ സുഹൃത്തുക്കൾ തമ്മിൽ പറഞ്ഞുറപ്പിച്ചതാ നമ്മുടെ വിവാഹം. അച്ഛന് സ്ഥലമാറ്റം ആയപ്പോൾ കോൺടാക്ട് വിട്ടു പോയി. നിന്റെ അച്ഛന് വാക്ക് കൊടുത്തതിന്റെ പേരിലാണ് എന്റെ അച്ഛൻ എന്റെയും തംബുരുവിന്റെയും കാര്യം നടത്താതെ വെച്ചോണ്ടിരുന്നത്”…. “ഇപ്പോ എന്താ അത് നടത്താൻ പോകുവാണോ”?? “അതെ ഇപ്പോ ആരുടെ അമ്മായിഅമ്മയാണ് ഗുണ്ടുമുളക്”… “അയ്യടാ എന്റെ അമ്മയെ അങ്ങനെ ഇപ്പോ അമ്മായിഅമ്മ ആക്കണ്ട”,…. “ഇമ്മിണി പുളിക്കും” “പുളിക്കാൻ ഞാൻ എന്താ മാങ്ങയോ”?? ”ഇങ്ങനെ പോയാൽ മാങ്ങ തീറ്റിച്ചു വീട്ടിലിരുത്തും”….ശ്രെയസ് അവളെ അടിമുടി നോക്കി കുസൃതി ചിരി ചിരിച്ചു.

“അയ്യടാ നോക്കിക്കോ ആകാശം ഇടിഞ്ഞു വീണാലും നിങ്ങളെ ഞാൻ കേട്ടില്ല.എനിക്ക് ഇഷ്ടാണെങ്കിൽ പോലും”…. “ഏഹ് ??എന്താ നീ പറഞ്ഞത്”?? “അത്….. അത് ഞാൻ വെറുതെ പറഞ്ഞതാ”….അവൾ മുഖം തിരിച്ചു ഒഴിഞ്ഞുമാറി. ശ്രെയസ് അവളുടെ മുൻപിൽ കയറി നിന്നു. “കുട്ടിമാളു”…..അവൻ കുട്ടിമാളുവിന്റെ കയ്യിൽ കയറി പിടിച്ചു. അവൾ മുഖം താഴ്ത്തി നിന്നു. അവൻ മെല്ലെ പറഞ്ഞു. “മോളെ ടി ഇങ്ങു നോക്കിക്കേ”….അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ അവന്റെ സകല നാടിഞരമ്പും തളർന്നു പോയി. കുട്ടിമാളുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ചുവന്നിരിക്കുന്നു. “നിനക്ക് എന്നെ ഇഷ്ടാണോ”??ശ്രെയസ്സ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. കുട്ടിമാളു അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് പൊട്ടിച്ചിരിച്ചു. “ഹഹഹഹ…. അയ്യേ പേടിച്ചു പോയെ അയ്യേ നാണമില്ലേ”?? “ഹോ എന്റെ അകവാൾ കത്തി പോയി.നിന്നെ ഇന്ന് ഞാൻ”….ശ്രെയസ് പറഞ്ഞു. അവൾ അവിടുന്ന് ഓടി. വാതിൽക്കൽ എത്തിയപ്പോൾ പറഞ്ഞു.

“ഒരമ്മയുടെ വയറ്റിൽ അല്ലന്നേ ഉള്ളു തുമ്പി ചേച്ചി എന്റെ സ്വന്തം ചേച്ചിയ.ഇനീപ്പോ താങ്കളുടെ അച്ഛന് എന്നെ തന്നെ മരുമകൾ ആക്കണമെങ്കിൽ ഒരു ചിന്നവീട് സെറ്റപ്പിന് ഞാൻ റെഡിയാ”,…. “എടി കുട്ടിത്തേവാങ്ങേ നിന്നെ ഇന്നുണ്ടല്ലോ”….കുട്ടിമാളു വേഗം അവിടുന്ന് ഓടിയതാ കോണിപ്പടി വഴി തെന്നി അലച്ചു വീണു അതും കിച്ചന്റെ നെഞ്ചിലേക്ക്. കണ്ണ് തുറക്കുമ്പോൾ അവൾ കിച്ചന്റെ നെഞ്ചിലാണ്. “എന്തേലും പറ്റിയോ”??കുട്ടിമാളു ചോദിച്ചു. “ഏയ് മുതുകും കുത്തി വീണാൽ നല്ല സുഖമല്ലേ”!! “സോറി”…. “വരവ് വെച്ചിരിക്കുന്നു മാറി തരുക”…കുട്ടിമാളു എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവളുടെ കറുത്തമുടിയിഴകൾ കിച്ചന്റെ ബട്ടണുകൾ കൊത്തിവലിച്ചു. “ആഹ്”….അവൾ ഒച്ച വെച്ചു. “ടി പെണ്ണെ ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല മിണ്ടാതെ ഇരിക്ക്”… “അഹ് ആഹ്”…

“ഈശ്വര… ടി എഴുന്നേറ്റെ. വെറുതെ എന്നെ ഒരു പീഡനവീരൻ ആക്കാതെ” “പോടാ വൃത്തികെട്ടവനെ”…അവൾ മുടി അഴിച്ചെടുത്തു ബട്ടണിൽ നിന്ന്. കിച്ചൻ അവളുടെ മുഖത്തേക്ക് നോക്കി കിടന്നു അവളുടെ ചുടുനിശ്വാസം അവന്റെ ചുണ്ടിൽ തട്ടി. ”എഴുന്നേറ്റെ മാഷേ സുഖം പിടിച്ചു കിടക്കാതെ”…കുട്ടിമാളു കിച്ചന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു.എന്നിട്ട് അവൾ അയയിൽ കിടന്ന തോർത്ത്‌ എടുത്തുകൊണ്ടു കുളിക്കാൻ പോയി. കിച്ചൻ അവളുടെ പോക്ക് നോക്കി മുതുകിൽ കൈ കുത്തി നിന്നു എന്നിട്ട് സ്വയം തലക്കിട്ടു ഒന്ന് അടിച്ചു. ഷവർ ഓണാക്കി കുളിക്കാൻ കയറിയപ്പോൾ ശ്രെയസ്സ് പറഞ്ഞതോർത് അവളുടെ കണ്ണ് നിറഞ്ഞു ചൂട് കണ്ണീർ അവളുടെ ശരീരത്തിൽ കൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഒപ്പം ഒഴുകി. “കുട്ടിമാളു ആർക്കും ഒന്നും അറിയില്ല ന്റെ കുട്ടി മറന്നു കളയണം ശ്രീയെ. ഒരു വിവാഹജീവിതമൊന്നും ഇനി എന്റെ കുട്ടിക്ക് ഇല്ല”…..ആരോ അവളുടെ മനസ്സിൽ ഇരുന്നു പറഞ്ഞു.

കുട്ടിമാളു കുളി കഴിഞ്ഞു വന്നപ്പോൾ. ശ്രെയസിന്റെ അച്ഛൻ ബാലചന്ദ്രനോട് കാര്യം അവതരിപ്പിച്ചു. ബാലചന്ദ്രൻ മോളോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു കുട്ടിമാളുവിനോട് കാര്യം അവതരിപ്പിച്ചു. ശ്രെയസ് പറഞ്ഞതെല്ലാം സത്യം തന്നെ ആണെന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്. ഒരു നിമിഷം ആരോരും അറിയാത്ത തന്റെ പ്രണയത്തെ അവൾ മനസ്സിൽ താലോലിച്ചു നോക്കി എന്നിട്ട് അച്ഛനോട് പറഞ്ഞു. “വിവാഹത്തിന് എനിക്ക് സമ്മതമാണ്”….ആ ഉത്തരം കേട്ട എല്ലാവരും കിടുങ്ങി. കിച്ചന്റെ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ അനുഭവപ്പെട്ടു…

(തുടരും)

ലൈക്ക് കമന്റ് ചെയ്യണേ

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *