സ്നേഹമർമ്മരം…ഭാഗം 45

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം 45

ലെച്ചുവിനെ കയറ്റിയ ശേഷം…..അരവിയെ കയറ്റി…….അരവിയുടെ കൈയിൽ കേക്കും കുഞ്ഞാറ്റയ്ക്കുള്ള ഒരു ചെറിയ സൈക്കിളും കൂടി കയറ്റി….

ബാക്കിയെല്ലാം അപ്പുറത്തേക്ക് പെറുക്കിയിട്ടു……

പങ്കുവിനോട് കയറാൻ പറഞ്ഞെങ്കിലും ധ്രുവ് കയറിട്ട് കയറാമെന്ന് അവൻ വാശിപിടിച്ചത് കൊണ്ട് ധ്രുവ് ഒരുപാട് കഷ്ടപ്പെട്ട് മതിലിലേക്ക് വലിഞ്ഞു കയറി….

ധ്രുവും വന്നതോടെ എല്ലാവരും പങ്കുവിനെ കാത്തിരുന്നു…..

എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും പങ്കുവിന്റെ അനക്കമൊന്നുമില്ല….

“പങ്കൂ……നീയെവിടെയാ….ചാടുന്നില്ലേ…..”

രഹസ്യം പറയുന്നത് പോലെ പതിഞ്ഞ ശബ്ദത്തിൽ കിച്ചു വിളിച്ചപ്പോൾ അപ്പുറത്ത് നിന്ന് അനക്കമൊന്നുമില്ല…..

“ശ്രീയേട്ടാ……എവിടെയാ….”

അനക്കമൊന്നും കേൾക്കാത്ത കാരണം ലെച്ചുവിന് പേടി തോന്നി…..

“ഞാനിവിടെ ഉണ്ട്…….ഒരു പ്രശ്നമുണ്ട്…..അതാണ്……”

അപ്പുറത്ത് പങ്കുവിന്റെ ഒച്ച കേട്ടതും എല്ലാവരും ആശ്വസിച്ചു…..കുഴപ്പമൊന്നുമില്ലല്ലോ……

“എന്താ പ്രശ്നം പങ്കൂ😢…..”

“അത്……ചന്തുവേട്ടാ……എനിക്ക് മതില് ചാടാനറിയില്ല😤…”

പങ്കു പറഞ്ഞത് കേട്ട് നാലുപേരും അന്തംവിട്ട് പരസ്പരം നോക്കി…..

ഇത്രയും നേരം വലിയ വാചകമടിയൊക്കെ നടത്തിയ ആളാണ്…….എന്നിട്ടും🤐…..

“മ്….ഇനി പറഞ്ഞിട്ട് കാര്യമില്ല….നമുക്ക് രണ്ടുപേർക്കും അപ്പുറത്ത് ചാടിയിട്ട് പങ്കുവിനെ കയറ്റിവിടാം…..”

ധ്രുവ് പറഞ്ഞപ്പോൾ സമ്മതത്തോടെ അരവിയും ധ്രുവിനൊപ്പം അപ്പുറത്ത് ചാടി…..

കുഞ്ഞ് കൊച്ചിനെ പോലെ പേടിച്ചിരിക്കുന്ന പങ്കുവിനെ ഒരു വിധത്തിൽ ഇപ്പുറത്തേക്ക് എത്തിച്ചു…..

പങ്കുവിന്റെ പേടി കണ്ടതും ലെച്ചുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല…..

ഇത്രയും നേരം വീരവാദം പറഞ്ഞ് മുൻപേ നടന്നിരുന്ന ആളാണ്…..

എല്ലാവരും കൂടി ടെറസ്സിലേക്കുള്ള സ്റ്റെപ്പ് വഴി മുകളിലേക്ക് കയറി……

ഇരുട്ടിൽ ഒരുവിധം തപ്പിത്തടഞ്ഞ് കയറുന്നതിനിടയിൽ അരവിയുടെ കൈയിലിരുന്ന സൈക്കിൾ വലിയ ശബ്ദത്തോടെ നിലത്തേക്ക് പതിച്ചു…….

ആ ശബ്ദത്തിൽ വീട് മുഴുവൻ ഉണർന്നതും….മുഴുവൻ ലൈറ്റുകളും തെളിഞ്ഞത് കണ്ട് അവർ ഞെട്ടലോടെ പരസ്പരം നോക്കി….

“അയ്യോ…….എല്ലാരും എണീറ്റു……”

കിച്ചു വെപ്രാളത്തിൽ പേടിയോടെ പറഞ്ഞു….

അരവി പെട്ടെന്ന് തന്നെ താഴേക്കിറങ്ങി സൈക്കിളെടുത്തു….

തിരികെ സ്റ്റെപ്പിലേക്ക് കയറാൻ വന്നെങ്കിലും അപ്പുറത്ത് നിന്ന് ഒരു ടോർച്ച് വെട്ടം കണ്ട് അവൻ പിന്നിലേക്ക് മാറി…..

ശ്വാസം പോലും അടക്കിപ്പിടിച്ച് അവൻ അനങ്ങാതെ അവിടെത്തന്നെ നിന്നു…..

“നമുക്കു കേറാം പങ്കൂ…..അവൻമാരെങ്ങാനും മുകളിലേക്ക് ടോർച്ചടിച്ചാൽ കൂടുതൽ കുഴപ്പമാകും….”

ധ്രുവ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞപ്പോൾ കിച്ചുവും അത് ശരി വച്ചു….

അവർ പതിയെ കാലടികൾ വച്ച് മുകളിലേക്ക് കയറി…..

വീടിന്റെ നാലുപാടും ടോർച്ചിന്റെ വെട്ടം മിന്നൽ പോലെ മാറി മാറി പതിക്കുന്നുണ്ടായിരുന്നു…..

ആരുടൊക്കെയോ…കാലൊച്ചയും സംസാരിക്കുന്ന ശബ്ദവും ഇടയ്ക്കിടെ അവരുടെ പരിഭ്രാന്തി കൂട്ടി… അരവിയെ കണ്ടാൽ തീർന്നത് തന്നെ…….

എല്ലാം കുളമാകും….

“ലെച്ചൂ……താൻ ആ ടാങ്കിന് പുറകിൽ പോയിരുന്നോ…..

എന്ത് പ്രശ്നമുണ്ടായാലും പുറത്ത് വരരുത്……”

ധ്രുവ് പറഞ്ഞത് കേട്ട് ലെച്ചു സമ്മതത്തോടെ ടാങ്കിന്റെ പുറകിലേക്ക് കയറിയിരുന്നു…….

പങ്കുവും കിച്ചുവും രണ്ട് സൈഡിലായി നിന്ന് മെല്ലെ താഴേക്ക് ഏന്തി നോക്കി…

ധ്രുവ് അരവി നിൽക്കുന്ന സൈഡിൽ തന്നെ നിന്നു….

അരവിയെങ്ങാനും പിടിക്കപ്പെട്ടാൽ …… താൻ ഇവിടെ വന്നുമെന്ന് മാധവൻ അറിഞ്ഞാൽ….. കുഞ്ഞാറ്റയെ എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടും……

ധ്രുവ് വല്ലാത്തൊരു മാനസികവസ്ഥയിലായി……

അരവി സ്റ്റെയറിനടിയിലായി ശ്വാസം പിടിച്ച് നിൽക്കയാണ് … ഏതോ ഒരുത്തൻ അടുത്തായി ടോർച്ചടിച്ചൊക്കെ പരതുന്നുണ്ട്……

അരവി നിൽക്കുന്ന സൈഡിലെത്തിയതും പെട്ടെന്ന് ആരോ ഒരുത്തൻ അവനെ വിളിച്ചു….. അവൻ ശബ്ദം കേട്ടിടത്തേക്ക് ഓടിപ്പോയി….

അരവി പെട്ടെന്ന് തന്നെ സ്റ്റെപ്പിലേക്ക് ഓടിക്കയറി…..

മുകളിലേക്ക് കയറിയ അരവിയെ കണ്ട് എല്ലാവരും ആശ്വസിച്ചു….

ശബ്ദമുണ്ടാക്കാതെ അവർ അവിടെത്തന്നെയിരുന്നു…..

കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ താഴെയുള്ള ആളുകളുടെ ശബ്ദം നിലച്ചു….നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ചുറ്റുമുള്ള ലൈറ്റെല്ലാം ഓഫായി……

“ലെച്ചൂ…..ഇങ്ങ് പോര്…”

പങ്കു വിളിച്ചപ്പോൾ തന്നെ ലെച്ചു ടാങ്കിന്റെ പുറകിൽ നിന്ന് അവരുടെ അടുത്തേക്ക് പാഞ്ഞു വന്നു… അവളും പേടിച്ചിരിക്കയായിരുന്നൂന്ന് അവളുടെ വെപ്രാളം കണ്ടപ്പോൾ പങ്കുവിന് മനസ്സിലായി…..

“പേടിക്കണ്ട ലെച്ചൂ…..അവരെല്ലാം പോയി…..”

ആശ്വാസത്തോടെ പങ്കു പറയുമ്പോൾ ലെച്ചുവും നെടുവീർപ്പോടെ അവനെ നോക്കി…

“ഇനി പൈപ്പിൽ കയറുന്നതാരാ……എന്നാലല്ലേ ജാനിയെ വിളിയ്ക്കാൻ പറ്റൂ……”

അരവി ടെൻഷനോടെ പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം നോക്കി…..

പെട്ടെന്നാണ് അകത്തെ മുറിയിൽ നിന്ന് കുഞ്ഞാറ്റയുടെ കരച്ചിൽ കേട്ടത്….

നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ധ്രുവിന് പിന്നെ ആലോചിച്ചു നിൽക്കാൻ തോന്നിയില്ല….

അവൻ സൈഡിലെ പൈപ്പിലൂടെ ഊർന്നിറങ്ങി…….

അത്രയും അവന്റെ ഹൃദയം കുഞ്ഞാറ്റയെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചിരുന്നു….

മനസ്സ് മടുത്തുപോകുന്ന ഒറ്റപ്പെടലിൽ എത്രയോ തവണ ആഗ്രഹിച്ചിരുന്നു കുഞ്ഞിനെ ദൂരെ നിന്നെങ്കിലും ഒന്ന് കാണാൻ….

വശമില്ലെങ്കിലും അവന്റെ ആഗ്രഹത്തിന്റെ തീവ്രത അവനെ വീഴാതെ സംരക്ഷിച്ചു…..

കുഞ്ഞാറ്റയുടെ കരച്ചിൽ കേൾക്കുമ്പോൾ തന്റെ ഹൃദയത്തിനുണ്ടാകുന്ന പിടപ്പ് കൂടിയത് പോലെ തോന്നിയവന്…..

പൈപ്പിൽ ഒരു കൈ കൊണ്ട് മുറുകെ പിടിച്ച് അവൻ ജനാലയിലേക്ക് കൈനീട്ടി…..

കൈ കുറച്ചു എത്തിച്ചപ്പോൾ ജനലിൽ അടുത്തെത്തി ……

കുഞ്ഞാറ്റയുടെ കരച്ചിൽ കാരണം ജാനി കൊണ്ട് നടന്ന് ഉറക്കുവാരുന്നു…..

രാത്രിയായാൽ ചന്തുവേട്ടനെ കാണണം പെണ്ണിന്…..

ഇത്രയും ദിവസം അകന്നു നിന്നിട്ടും ആ ചൂടും വാത്സല്യവും മറന്നിട്ടില്ലവൾ…..

എനിക്കും കാണാൻ കൊതിയാകുന്നു ഏട്ടാ…..

ഞാൻ വന്നാൽ കുഞ്ഞാറ്റയെ ആര് നോക്കും……

അമ്മുവുമായി ഇതുവരെ അടുത്തിട്ടില്ല പെണ്ണ്….

മോളുടെ പിറന്നാള് ഞാൻ മറന്നതല്ല ചന്തുവേട്ടാ……..

എവിടെയാണ് ഏട്ടാ ഒന്നു കാണാൻ…….

പതം പറഞ്ഞ് ജാനി വിങ്ങിപ്പൊട്ടി………

“ജാനീ…….”

ജനലരികിൽ നിന്ന് ചന്തുവിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടിപ്പിടഞ്ഞ് തിരിഞ്ഞു നോക്കി……

ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് ഓടിപ്പോയി ജനല് തുറന്നു……

നിലാവിന്റെ വെളിച്ചത്തിൽ ……….ഒരു കൈ…..റെഡ് ബാൻഡിട്ട…ആദ്യ കാഴ്ചയിൽ തന്റെ മനം കവർന്ന ആ കൈകൾ കണ്ട് അവളുടെ കണ്ണ് വിടർന്നു….പ്രിയപ്പെട്ടതെന്തോ അടുത്തെത്തിയത് പോലെ കുഞ്ഞാറ്റയും കരച്ചിൽ നിർത്തി മിഴികൾ വിടർത്തി……

താഴെ ജാനിയുടെ മുറിയുടെ ജനൽ തുറന്നത് കണ്ട് ടെറസ്സിൽ നിന്നവരെല്ലാം ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു……

“ചന്തുവേട്ടാ……….ഏട്ടൻ…..എങ്ങനെ…….”

സന്തോഷം കൊണ്ടും അദ്ഭുതം കൊണ്ട് അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു……

“നീ പെട്ടെന്ന് ടെറസ്സിലേക്ക് വാടീ…..ഞാനെന്റെ കൊച്ചിനെയൊന്നു എടുത്തോട്ടെ…..”

മുഖം കണ്ടില്ലെങ്കിലും അവന്റെ സ്വരത്തിലെ സന്തോഷവും ആകാംഷയും ജാനി തിരിച്ചറിഞ്ഞിരുന്നു……

പിന്നെ ടെറസ്സിലേക്ക് ഒരോട്ടമായിരുന്നു……

അവളുടെ മനസ്സിന്റെ വേഗതയിൽ കാലുകൾ എത്താഞ്ഞ് പലയിടത്തും ഇടറിവീഴാനൊരുങ്ങി…….എങ്കിലും കുഞ്ഞാറ്റയെയും ചേർത്ത് പിടിച്ചു പരമാവധി വേഗത്തിൽ അവളോടി….

ടെറസ്സിലേക്കുള്ള വാതിൽ തുറന്നതും നിറഞ്ഞപുഞ്ചിരിയും നിറകണ്ണുകളുമായി നിൽക്കുന്ന ധ്രുവിനെ കണ്ട് ജാനി ഒരു നിമിഷം നിശ്ചലമായി നിന്നു…..

“””””അച്ഛേ””””

എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കുഞ്ഞാറ്റ ഉച്ചത്തിൽ വിളിച്ചതും ധ്രുവ് നിറഞ്ഞൊഴുകിയ കണ്ണാൽ അവരുടെ നേർക്ക് തന്റെ കൈകൾ വിരിച്ച് നിന്നു….

കാറ്റു പോലെ പറന്ന് ജാനി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയതും ഒരു കൈയ്യിൽ കുഞ്ഞാറ്റയേയും മറുകൈയിൽ ജാനിയേയും ചേർത്ത് പിടിച്ച് അവൻ കരഞ്ഞു….

കുഞ്ഞാറ്റ പരിഭവത്തിൽ അവന്റെ താടിയിലും മീശയിലും വലിച്ച് വേദനിപ്പിച്ചു……ധ്രുവ് ആ കുഞ്ഞ് മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി…..

ജാനിയുടെ നെറുകയിൽ പലവട്ടം അവന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു……..

കണ്ടു നിന്നവരുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു……..അത്രയും ആഴത്തിലുള്ള അവരുടെ സ്നേഹം കണ്ട്….

പങ്കുവിന്റെ ഹൃദയം നിറഞ്ഞു….ആത്മാർഥമായി സ്നേഹിക്കുന്നവർ എത്രയൊക്കെ തടസ്സങ്ങളുണ്ടെങ്കിലും ഒന്നിക്കുക തന്നെ ചെയ്യും…

എന്റെ ജാനി ഭാഗ്യവതിയാണ്……..സ്നേഹത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന നല്ലൊരു ഹൃദയത്തിനുടമയെ കിട്ടിയതിൽ….

ആത്മബന്ധം കൊണ്ട് അച്ഛനായതാണ്….. തീവ്രമായ പ്രണയത്തിന്റെ സുന്ദരനിമിഷം കൂടിയാണ്…..

“മതി….മതി……രണ്ട് പേരും കൂടി കരഞ്ഞു ആ കുഞ്ഞിനെ വിഷമിപ്പിക്കരുത്…..”

വിതുമ്പലിൽ പൊതിഞ്ഞ സന്തോഷച്ചിരിയോടെ കിച്ചു പറഞ്ഞപ്പോളാണ് രണ്ടുപേരും പരിസരബോധം വന്നത് പോലെ അടർന്നു മാറിയത്…..

“കിച്ചൂ…..കേക്കെടുത്ത് വയ്ക്ക്…..”

അരവി പറഞ്ഞപ്പോൾ കിച്ചു കേക്കെടുക്കാനായി ഓടി…..

മെഴുകുതിരികൾ തറയിൽ മുഴുവനും കത്തിച്ചു വച്ചു…….തറയിൽ നടുവിലായി കേക്കും മിഠായിയും ബലൂണുകളും വയ്ച്ചു……

ധ്രുവ് കൊണ്ട് വന്ന ഭംഗിയുള്ള ഉടുപ്പ് കുഞ്ഞാറ്റയെ അണിയിച്ചു…..

ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു…..

“ഞാൻ പോയി അമ്മൂനെ കൂടെ വിളിയ്ക്കാം…..”

പങ്കു പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ സമ്മതിച്ചു…….

അമ്മൂന്റെ പേര് കേട്ടപ്പോൾ കിച്ചുവിന്റെ മുഖം വാടി…..

നഷ്ടപ്രണയത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..

‘ഈശ്വരാ……ആ ജീവനെ കണ്ടോന്ന് ചോദിച്ചാൽ താനെന്ത് പറയും….

ഞാനാണെങ്കിൽ ദേഷ്യം കൊണ്ട് ഒന്ന് അന്വേഷിച്ചത് പോലുമില്ല……..’

പങ്കു താഴേക്ക് പോയി കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് അമ്മുവുമായി തിരികെ വന്നു…

ടെറസ്സിലെ ഒരുക്കങ്ങൾ കണ്ട് അമ്മു കണ്ണ് മിഴിച്ചു……..

ലെച്ചുവിനെ കണ്ട് സന്തോഷത്തിൽ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു…….

പെട്ടെന്നാണ് ധ്രുവിന് അടുത്തായി നിൽക്കുന്ന കിച്ചുവിൽ അമ്മുവിന്റെ കണ്ണുകൾ പതിഞ്ഞത്.

നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ അമ്മു അവനെത്തന്നെ നോക്കി നിന്നു…..

തുറന്ന് പറഞ്ഞില്ലെങ്കിലും അറിഞ്ഞതാണ് പലവട്ടം അവന്റെ പ്രണയം പറയുന്ന കണ്ണുകളും ചിരിയും…….

ആ കുളിരിൽ അമ്മുവും അലിഞ്ഞുപോയി……

അമ്മുവിന്റെ നോട്ടം കണ്ട് കിച്ചു ആദ്യമൊന്ന് സംശയിച്ചു…..നോട്ടത്തിലും ചിരിയിലും എന്തോ പ്രത്യേകത……

അമ്മു അയച്ച മെസേജ് ഓർമ വന്നതും ഒരു പിടച്ചിലോടെ അവൻ കണ്ണുകൾ പിൻവലിച്ചു……

മനപൂർവം മുഖത്ത് നോക്കാതെ ഓരോ കാര്യങ്ങൾ ചെയ്യുന്ന കിച്ചുവിനെ കണ്ടപ്പോൾ അമ്മുവിന്റെ മുഖവും വാടി….

അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞിരുന്നു….

ധ്രുവും ജാനിയും കുഞ്ഞാറ്റയുമായി മാറിയിരുന്ന് വലിയ കളിയാണ്……എന്തൊക്കെയോ പറഞ്ഞ് കുഞ്ഞാറ്റയെ കൊഞ്ചിക്കയാണ് ധ്രുവ്…..

ആരും അവരെ ശല്യപ്പെടുത്തിയില്ല…….ഒരുപാട് കാത്തിരുന്നവരല്ലേ ഒന്നു കാണാൻ……

ലെച്ചുവും അമ്മുവും കൂടി ഒരുമിച്ചാണ് ടോയ്സൊക്കെ താഴെ മുറിയിൽ കൊണ്ട് പോയി വച്ചത്……

“അതേയ്……സമയം പോകുന്നു…… വാ….കേക്ക് കട്ട് ചെയ്യാം…..”

പങ്കു വിളിച്ചത് കേട്ട് മൂന്നുപേരും എഴുന്നേറ്റു……

എല്ലാവരും നിലത്തായി കേക്കിന് ചുറ്റുമിരുന്നു…..

കുഞ്ഞാറ്റയുടെ കൈയ് പിടിച്ച് ധ്രുവും ജാനിയും ഒരുമിച്ച് കേക്ക് കട്ട് ചെയ്തു……

ഇത്തിരി കുഞ്ഞിപ്പെണ്ണിന്റെ വായിൽ വച്ച് കൊടുത്തു…….ഒരു പീസ് ജാനിയും ധ്രുവും പരസ്പരം വായിൽ വച്ച് കൊടുത്തു…..

നിറയെ സന്തോഷത്തോടെ അവർ എല്ലാവരും കേക്ക് കഴിച്ചു….

ശബ്ദമുണ്ടാക്കാൻ കഴിയാത്തത് കൊണ്ട് രഹസ്യം പോലെ കുഞ്ഞാറ്റയുടെ ചെവിയിൽ എല്ലാവരും ബർത്ത്ഡേ ആശംസകൾ അറിയിച്ചു….

എല്ലാം കണ്ട് കുഞ്ഞിപ്പെണ്ണ് കണ്ണ് മിഴിച്ച് നിൽക്കയാണ്……

പങ്കു ആരും കാണാതെ ഒരു പീസ് കേക്ക ലെച്ചുവിന്റെ വായിലേക്ക് കുത്തിക്കയറ്റി….. ലെച്ചു ഒരു കൂർത്ത നോട്ടത്തിൽ പരിഭവിച്ചു…..

അമ്മു ഇടയ്ക്കിടെ പാളി നോക്കുന്നത് കണ്ട് കിച്ചു മുഖം ചുളിച്ചു…..അവളുടെ കണ്ണുകളിലെ തിളക്കം അവനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു……

അവൻ ഫോണുമെടുത്ത് പതിയെ അമ്മുവിനടുത്തേക്ക് നീങ്ങി…..

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എഴുതി തീർന്നില്ല….എന്നാലും എഴുതിയത് post ചെയ്തതാണ്……..

ഈയിടെയായി നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കുറയുന്ന പോലെ….🤔….. 😭😭😭😭 ആണോ….

Leave a Reply

Your email address will not be published. Required fields are marked *