സ്നേഹമർമ്മരം…ഭാഗം 42

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം..42

നിർത്താതെ ഫോണടിച്ചിട്ടും ധ്രുവ് എടുക്കാതെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുഞ്ഞാറ്റയുടെ പാവയും പിടിച്ചങ്ങനെയിരുന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റൂമിന്റെ ഡോർ തുറന്ന് അരവിന്ദനും കിച്ചുവും ദേഷ്യത്തിൽ അകത്തേക്ക് വന്നു….

“നീയെന്താ ചന്തൂ ഫോൺ വിളിച്ചിട്ട് എടുക്കാത്തെ….. എത്ര നേരമായി വിളിയ്ക്കുന്നു……”

അരവിയുടെ ദേഷ്യം കണ്ടിട്ടും ചന്തു അനങ്ങിയില്ല….പാവയെ നെഞ്ചോടു ചേർത്ത് പിടിച്ച് അവൻ വിദൂരതയിലേക്ക് നോക്കിയിരുന്നു……..കണ്ണുകളിൽ ചെറുനനവുണ്ട്….

“ചന്തുവേട്ടാ…..എന്തായിത്……എന്റെ ഏട്ടനിതെന്തുപറ്റി……”

കിച്ചു വേദനയോടെ അവന്റെ അടുത്ത് വന്നിരുന്നു…….

ധ്രുവ് മൗനമായിത്തന്നെയിരുന്നു…….

“ചന്തൂ……ഞാൻ മാധവനെ വിളിച്ചിരുന്നു…… അയാൾ കോംമ്പ്രമെയിസിന് തയ്യാറാണ്…… ജാനിയെയും കുഞ്ഞിനെയും നിനക്ക് തിരികെ തരാൻ അയാൾക്ക് സമ്മതമാണ്…..പക്ഷെ….”

അരവിയുടെ വാക്കുകൾ കേട്ടതും ധ്രുവ് അദ്ഭുതത്തോടെ അവനെ നോക്കി…….

“ആണോ അരവീ……..സമ്മതിച്ചോ അയാള്…….എന്റെ മോളെ എനിക്ക് തിരികെ കിട്ടുമോ…….”

ധ്രുവ് ആവേശത്തോടെ ചോദിച്ചത് കേട്ട് അരവി അവന്റെ അരികിലേക്ക് വന്നിരുന്നു……

“മ്……സമ്മതിച്ചു….പക്ഷെ അയാൾക്ക് കുറച്ചു കൺഡീഷനുണ്ട്…….അത് നീ അനുസരിച്ചാൽ മാത്രം അയാൾ വാക്ക് പാലിക്കും……”

“എന്ത് കൺഡീഷൻ………അയാൾക്കെന്താ ഭ്രാന്താണോ……”

കിച്ചുവിന് മാധവനോട് വല്ലാത്ത അരിശം തോന്നി…..

“നീ മിണ്ടാതിരുന്നെ കിച്ചൂ……..അരവി പറയട്ടെ……”

ധ്രുവ് ശാസിച്ചപ്പോൾ കിച്ചു അമർഷത്തോടെ തിരിഞ്ഞിരുന്നു…….

“കൺഡീഷൻ എനിക്കുമറിയില്ല ……നാളെ രാവിലെ പത്ത് മണിയ്ക്ക് രവിയങ്കിളിന്റെ ഓഫീസിൽ വച്ച് കാണാമെന്ന് പറഞ്ഞിട്ടുണ്ട്….. അവിടെ വച്ച് നമുക്ക് സംസാരിക്കാം…..”

അരവിയുടെ വാക്കുകൾ ധ്രുവിന്റെ മനസ്സിനെ കുറച്ചു തണുപ്പിച്ചു…..കുഞ്ഞിനെ തിരികെ കിട്ടുമെന്നുതന്നെ അവൻ ഉറപ്പിച്ചു…..

“ചന്തുവേട്ടൻ അയാള് പറയുന്നത് പോലെ കേൾക്കാൻ പോകുവാണോ….ങ്ഹേ….”

കിച്ചുവിന് തന്റെ അമർഷം അടക്കാനായില്ല…..

“മ്…….അയാൾ പറയുന്ന ഏത് കൺഡീഷനും ഞാൻ അനുസരിക്കും കിച്ചൂ…….

എന്റെ കുഞ്ഞിനെ അയാളുടെ ചോരബന്ധത്തിൽ നിന്നടർത്തി എനിക്ക് നൽകുവാണേൽ അയാളുടെ അടിമയാകാനും ഞാൻ തയ്യാറാണ്……”

ധ്രുവിന്റ ദൃഢതയുള്ള വാക്കുകൾ കേട്ട് അരവിയും കിച്ചുവും ഞെട്ടലോടെ പരസ്പരം നോക്കി…..

രണ്ടുപേർക്കും ഒരേസമയം അവനോടു സഹതാപവും ദേഷ്യവും തോന്നി…..

കിച്ചു ദേഷ്യത്തിൽ അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി……

കട്ടിലിലേക്ക് തന്റെ മൊബൈൽ വലിച്ചെറിഞ്ഞ് അവൻ നിരാശയോടെ കട്ടിലിലേക്ക് വീണു…..

തന്റെ ചേട്ടൻ തകർന്നുപോയതാണ്……കുഞ്ഞാറ്റയെ ജീവന് തുല്യം സ്നേഹിക്കുന്നതാണ് ……..അത് മുതലെടുക്കാൻ നോക്കുവാണ് ആ മാധവൻ…..

കുഞ്ഞിനെ പോയി തട്ടിപ്പറിച്ചു കൊണ്ട് വന്നാലോ………

അവൻ ഒരു നിമിഷം ആലോചിച്ചു…….

കഴിയില്ല……കാരണം നിയമവും ന്യായവും അവർക്കൊപ്പമാണ്…….. ജാനിയ്ക്ക് എന്തെങ്കിലും ചെയ്തൂടെ…… അവളുടെ അനിയത്തിയല്ലേ കുഞ്ഞാറ്റ…….

കഴിയില്ലായിരിക്കും…..അതാവും അവളും മിണ്ടാതിരിക്കുന്നത്…….മാധവൻ കേസുമായി മുന്നോട്ടു പോയാൽ ഉറപ്പായും ചന്തുവേട്ടൻ കുടുങ്ങും……അനാഥയായ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ പോലും ഒരുപാട് നിയമങ്ങളുണ്ട്…….അപ്പോളാണ് അച്ഛനും ബന്ധുക്കളും ജീവനോടെയുള്ള ഒരു കുഞ്ഞിനെ വളർത്തുന്നത്…..

ചിന്തകളുടെ നെരിപ്പോടിൽ എരിയുമ്പോളാണ് മഞ്ഞുതുള്ളി പോലെ അമ്മുവിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞത്……

കുറച്ചു നാളായി മനപ്പൂർവ്വം മറക്കാൻ ശ്രമിക്കുകയാണ്……മാധവൻ ഒരിക്കലും സമ്മതിക്കില്ല…….അല്ലെങ്കിലും തന്റെ അച്ഛൻ ഇതറിഞ്ഞാൽ അമ്മയിൽ നിന്ന് എന്നെയും അകറ്റും…..

മറക്കണം….എല്ലാം……..

കഴിയില്ല…

എന്നാലും അവളോട് ഒന്നും തുറന്നു പറയാത്തത് ഒരാശ്വാസമാണ്…….

ഹൃദയത്തിൽ കിടന്ന് എരിഞ്ഞു തീരട്ടെ തന്റെ പ്രണയവും……

ഫോണിൽ മേസേജ് ടോൺ കേട്ട് കിച്ചു ആലോചനയിൽ നിന്നുണർന്നു…….

അലസമായി ഫോണെടുത്ത് നോക്കിയതും ഒരു അൺനോൺ നമ്പറിൽ നിന്ന് മെസേജ് കണ്ട് അവൻ സംശയത്തിൽ ഓപ്പൺ ചെയ്തു നോക്കി…..

ഹായ് കിച്ചുവേട്ടാ ഞാൻ അമ്മുവാണ്

മനസ്സിനെ കുറച്ചു മുൻപ് പറഞ്ഞു പഠിപ്പീച്ചതൊക്കെയും മറന്ന് അവൻ ആ വാക്കുകളിൽ കൊരുത്തു നിന്നു…..

കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു പോയി……മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയും…

ശരീരം മുഴുവൻ കുളിരാർന്നു തുടങ്ങിയപ്പോൾ അവൻ യാന്ത്രികമായി ഫോണിൽ ടൈപ്പ് ചെയ്തു….

എന്താ അമ്മൂ……. അച്ഛൻ ഫോൺ തിരികെ തന്നോ……

മറുപടി പച്ച നിറത്തിൽ ടൈപ്പിംഗ് എന്ന് കാണിക്കുമ്പോൾ നിമിഷനേരം ഹൃദയം പോലും തുടിപ്പ് നിർത്തി കാത്തുനിന്നു……

ഇല്ല കിച്ചുവേട്ടാ ഞാൻ അച്ഛൻ അറിയാതെ എടുത്തതാ……

എനിക്ക് കിച്ചുവേട്ടനോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…….

കിച്ചുവിന്റെ കണ്ണുകൾ വിടർന്നു…….സന്തോഷം കൊണ്ട് അവൻ വീർപ്പുമുട്ടി…..

എന്താ…..

അങ്ങനെ ചോദിച്ചെങ്കിലും അവനറിയാം എന്താണ് അമ്മൂന് പറയാനുള്ളതെന്ന്…..

എങ്ങനെ പറയണമെന്നറിയില്ല…….പറയാതിരിക്കാനും പറ്റുന്നില്ല…..

കിച്ചു സന്തോഷത്താൽ മതിമറന്നു പോയി…..

താൻ ആഗ്രഹിച്ച കാര്യം…..താൻ പറയും മുൻപേ…..അവളെന്നോട് പറയുന്നു…..

എനിക്ക് ഒരാളെ ഇഷ്ടമാണ് കിച്ചുവേട്ടാ…….. ഞങ്ങളുടെ സ്കൂളിനടുത്തുള്ള കോളേജിൽ പഠിക്കുന്ന ആളാ….ജീവനെന്നാ പേര്….. അച്ഛൻ പുറത്തിറങ്ങാൻ സമ്മതിക്കാത്തത് കൊണ്ട് ആള് എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും….കിച്ചുവേട്ടൻ ഒന്നു പോയി കാണുമോ ഞാൻ അഡ്രസ്സ് തരാം……….

കണ്ണുകൾ നിറഞ്ഞത് കൊണ്ട് അവ്യക്തമായി മാറുന്ന അക്ഷരങ്ങളിലേക്ക് അവൻ വീണ്ടും വീണ്ടും നോക്കി….

നെഞ്ചിനകത്ത് വിങ്ങൽ വന്ന് മൂടുന്നു……. അമ്മു മറ്റൊരാളുമായി സ്നേഹത്തിലാണ്……. അവളുടെ മനസ്സ് മറ്റാർക്കോ സ്വന്തമാണ്…….

മറുപടി കാണാത്തതിലാവും അമ്മു ഹായ് എന്ന് പിന്നെയും മെസേജ് അയച്ചു……

മ്…..കാണാം…

എങ്ങനെയെങ്കിലും ചാറ്റിംഗ് അവസാനിപ്പിച്ച് ഫോൺ എറിഞ്ഞുടയ്ക്കാൻ തോന്നിയവന്……..

ഫോണിൽ ഒരു അഡ്രസ് വന്നതും ഓഫ്‌ലൈൻ കാണിച്ചു…….

മാധവൻ വന്നു കാണും…….

അഡ്രസ്‌ നോക്കാതെ അവൻ ഫോൺ ഓഫ് ചെയ്ത് കട്ടിലിലേക്കിട്ടു…….

ദേഷ്യവും നിരാശയും അവനെ മൂടിയപ്പോൾ അസ്വസ്ഥതയോടെ അവൻ മുറിയിൽ തലങ്ങും വിലങ്ങും നടന്നു…..

‘എന്നോതെന്തിനാ ഇതൊക്കെ പറയുന്നത്…… ഞാനെന്തിനാ അവനെ കാണുന്നത്…….’

മനസ്സിന്റെ പിരിമുറുക്കം വരിഞ്ഞുമുറുകിയപ്പോൾ അവൻ ഫോണെടുത്ത് ഭിത്തിയിലേക്ക് എറിയാനാഞ്ഞു….

‘പക്ഷെ……ഫോൺ കിട്ടിയപ്പോൾ അമ്മു എന്താ അവനെ വിളിച്ചു പറയാത്തത്……എന്തിനാ എന്റെ നമ്പറിലേക്ക് വിളിച്ചത്…..’

സംശയത്തിൽ ഉയർന്നു വന്നചോദ്യം ചിന്തകളിലേക്ക് പകർന്നപ്പോൾ അവൻ ഫോൺ ഓപ്പൺ ചെയ്തു അഡ്രസ് നോക്കി……

ഏതോ ഒരു ജീവന്റെ അഡ്രസ്…….

കിച്ചുവിന്റെ ഫോണിലേക്ക് അഡ്രസ്സ് അയച്ചു അവൾ ഫോൺ റ്റേബിളിലേക്ക് വച്ചു………

ചുണ്ടിൽ വിരിഞ്ഞ ചതിയുടെ പുഞ്ചിരിയുമായി നിമ്മി കട്ടിലിലേക്ക് നിവർന്നു കിടന്നു…..

ഈ മെസേജ് കാണുമ്പോൾ ഉറപ്പായും കിച്ചുവേട്ടൻ അമ്മുവിനെ തെറ്റിദ്ധരിക്കും……. അമ്മുവിനെ വെറുക്കും…..ഞാനാണ് ഈ മെസേജ് അയച്ചതെന്ന് ഒരിക്കലും ആരും അറിയുകയുമില്ല……. ഇനി കിച്ചുവേട്ടൻ ഈ നിമ്മിയ്ക്ക് സ്വന്തമാണ്….. ഈ നിമ്മിയുടെ മാത്രം……

കിച്ചുവേട്ടൻ ജീവനെ കാണുമ്പോൾ ജീവനും ഞാൻ പറഞ്ഞത് പോലെ തന്നെ പറയും……അവന് അത്രയും കാശ് കൊടുത്തിട്ടുണ്ട് ഞാൻ…..

കിച്ചുവുമൊത്തുള്ള പ്രണയനിമിഷങ്ങളിൽ കുളിരണിഞ്ഞ് നിമ്മി അവളുടെ സ്വപ്ന ലോകത്തിലേക്ക് ചേക്കേറി…..

പിറ്റേന്ന് പത്ത് മണിയായപ്പോൾ തന്നെ ധ്രുവും അരവിയും രവിയുടെ ഓഫീസിൽ എത്തിയിരുന്നു……..

ഓഫീസിൽ രവിയും മാധവനും അവരെ കാത്തിരിപ്പുണ്ടായിരുന്നു…… മാധവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്……രവിയുമായി എന്തെങ്കിലും സംസാരിച്ചു കാണും….

“ചന്തൂ…..വാ മോനേ……..”

അവരെ കണ്ടതും രവി സ്നേഹത്തോടെ സ്വാഗതം ചെയ്തു…..

മാധവൻ ആരുടെയും മുഖത്ത് നോക്കാതെ ഭിത്തിയിലേക്ക് മിഴികളൂന്നി ഇരിക്കയാണ്…..

മാധവന്റെ അടുത്തായി കിടന്ന ചെയറുകൾ കുറച്ചു വലിച്ച് അവർ അതിലേക്കിരുന്നു….

കുറച്ചു നേരത്തേക്ക് പരസ്പരം ആരുമൊന്നും സംസാരിച്ചില്ല……

“മധൂ……..നീയെന്താ മിണ്ടാതിരിക്കുന്നത്…… നീ പറഞ്ഞിട്ടാണ് അവര് വന്നത്…..”

നിശബ്ദതയെ ഭേദിച്ചു കൊണ്ടുള്ള രവിയുടെ വാക്കുകൾ കേട്ട് മാധവൻ തലയൊന്നുയർത്തി നോക്കി….

കണ്ണുകളിൾ ദേഷ്യം ……മുഖത്ത് ഗൗരവം തന്നെയാണ്…….ഇഷ്ടപ്പെടാത്ത സാഹചര്യമാണെന്ന് മുഖം കണ്ടാലറിയാം…..

ധ്രുവും അയാളുടെ മുഖത്ത് നോക്കിയില്ല…….. അയാളെ ഓർക്കുമ്പോൾ കുഞ്ഞാറ്റയുടെ അച്ഛൻ എന്ന സത്യം അവന് മുന്നിൽ തെളിഞ്ഞു നിന്നു…..

“ഞാൻ……ഞാൻ പറഞ്ഞില്ലേ…..എനിക്ക് കുറച്ചു നിബന്ധനകളുണ്ട്…..അംഗീകരിക്കാൻ തയാറായാൽ ഞാൻ നിന്റെ വഴിയിൽ തടസ്സമാകില്ല……”

പരിഭ്രമം വാക്കുകളിൽ പ്രകടിപ്പിച്ചെങ്കിലും അയാളുടെ മുഖത്ത് അതുണ്ടായിരുന്നില്ല……..ഗൗരവം മാത്രം….

“എന്താ തന്റെ കൺഡീഷൻ…..”

അരവിയാണത് ചോദിച്ചത്……ധ്രുവും ശ്രദ്ധയോടെ മാധവന്റെ മുഖത്തേക്ക് നോക്കി…….

“ജാനിയ്ക്കും കുഞ്ഞിനും പകരമായി ധ്രുവ് എനിക്ക് പത്ത് കോടി രൂപ തരണം……”

മാധവന്റെ ദൃഢമായ വാക്കുകൾ കേട്ട് രവിയും അരവിയും ചന്തുവും ഞെട്ടലോടെ അയാളെ നോക്കി…..

“നീയെന്താ മധൂ പറയുന്നത്……നീയെന്താ അവരെ ചന്തുവിന് വിൽക്കുന്നതാണോ……”

രവി ദേഷ്യത്തോടെ ചോദിച്ചതും മാധവൻ അയാളെ കൈയെടുത്ത് വിലക്കി……

“എനിക്ക് നിങ്ങളുടെ ആരുടെയും ചോദ്യമോ വിശദീകരണമോ ആവശ്യമില്ല…….

ധ്രുവ് ദർശന്റെ മറുപടി മാത്രം അറിഞ്ഞാൽ മതി…….

പറ്റില്ലെങ്കിൽ ഇപ്പോൾ പറയണം……ഇനി മേലാൽ ജാനിയെന്നോ കുഞ്ഞെന്നോ പറഞ്ഞ് ഞങ്ങളുടെ വഴിയിൽ വരരുത്…..”

മറുപടിയ്ക്കായി മധു ചന്തുവിന്റെ മുഖത്തേക്ക് നോക്കി………

അവൻ സംശയത്തിൽ മുഖം ചുളിച്ചിരിക്കയാണ്………അവന് ഒന്നും മനസ്സിലായില്ല……എങ്കിലും അവൻ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായി…

“ശരി……ഞാൻ പത്തു കോടിയുമായി ഇന്ന് വൈകുന്നേരം തന്നെ നിങ്ങളുടെ വീട്ടിൽ വരാം….. അവരെ എനിക്ക് തിരികെ തന്നേക്കണം……”

ധ്രുവിന്റെ ശബ്ദം ഉറച്ചതായിരുന്നു……

അവന്റെ മറുപടിയ്ക്ക് പകരമായി മാധവൻ പൊട്ടിച്ചിരിച്ചു……. മുറിയിലെ ഭിത്തികളിൽ തട്ടി അയാളുടെ ചിരി പ്രതിധ്വനിച്ചു..

ധ്രുവിനും മനസ്സിലായിരുന്നു. അയാൾ എന്തോ ചതിയൊരുക്കിയതാണെന്ന്….ഇല്ലെങ്കിൽ ഇത്രയും കാശുകാരായ സൃഹൃത്ത് വലയങ്ങളുള്ള തനിക്ക് പത്ത് കോടി മറിയ്ക്കാൻ എളുപ്പമാണെന്ന് അയാൾക്കറിയാം….

പൊടുന്നനെ ചിരി നിർത്തി അയാൾ ധ്രുവിന്റെ നേർക്ക് തിരിഞ്ഞു……അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞു….

“അതിന് നിന്റെ കൈയിൽ കാശുണ്ടോ…..”

അയാളുടെ ചോദ്യത്തിലെ പരിഹാസം ധ്രുവിന് മനസ്സിലായി….

“അത് തന്നോട് പറയേണ്ട കാര്യമില്ലല്ലോ……തനിക്ക് കാശ് തന്നാൽ പോരേ…..”

പുച്ഛത്തോടെയുള്ള ധ്രുവിന്റെ സംസാരം കേട്ട് മാധവന്റെ മുഖം വലിഞ്ഞു മുറുകി…..

“കാര്യമുണ്ട്……..കാരണം എനിക്ക് വേണ്ടത് നിന്റെ സമ്പാദ്യമാണ്……..നീ ഉണ്ടാക്കിയ കാശ്…..പത്ത് കോടി…..”

ഇത്തവണ ധ്രുവ് ഞെട്ടി……അരവിയും…..

കാരണം സ്വന്തമായി ഒരു ഫ്ലാറ്റും കാറും മാത്രമേ അവന്റെ സമ്പാദ്യത്തിലുള്ളൂ…..

“നിങ്ങളെന്തായീ പറയുന്നത്…നിങ്ങൾക്ക് കാശ് തന്നാൽ പോരേ…..അത് ഇവന്റെ തന്നെ വേണമെന്ന് ഇത്ര നിർബദ്ധം പിടിക്കുന്നതെന്തിനാ……”

അരവി ദേഷ്യത്തോടെ ചോദിച്ചതും വീണ്ടും പരിഹാസച്ചിരിയുമായി അയാൾ ധ്രുവിനെ നോക്കി…..

“നിന്റെ അച്ഛൻ സുദർശന് കോടിക്കണക്കിന് സ്വത്തുണ്ടെന്ന് എനിക്കറിയാം…..പിന്നെ നിന്നെ സഹായിക്കാൻ ഈ രവി പോലും നിനക്ക് കാശ് തരുമെന്നുമറിയാം…..

പക്ഷെ അതൊന്നും നീ സ്വീകരിക്കാതെ…..ആരുടെ ഭാഗത്ത് നിന്നും ഒരു രൂപ പോലും വാങ്ങാതെ ….ആരുടെയും ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള സഹായവുമില്ലാതെ നീ സ്വന്തമായി ഉണ്ടാക്കിയ കാശുമായി എന്റെ വീട്ടിലേക്ക് വാ….

ജാനിയേയും കുഞ്ഞിനെയും ഒരവകാശവും പറയാതെ ഞാൻ നിനക്ക് തരാം…..

അവരുടെ കൈ നിന്റെ കൈയിലേക്ക് വച്ചു തരും ഞാൻ……നീയൊരു ആണാണെന്ന് തെളിയിച്ചാൽ…..

ഇന്ന് തുടങ്ങി ആറ് മാസം സമയം തരും ഞാൻ നിനക്ക്….

കഴിഞ്ഞില്ലെങ്കിൽ മറന്നേക്കണം എന്റെ മോളെയും ആ കുഞ്ഞിനെയും….”

അയാളുടെ വാക്കുകളിലെ മൂർച്ചയിൽ ധ്രുവ് തളർന്നു പോയിരുന്നു….

ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന താൻ എങ്ങനെ പത്ത് കോടിയുണ്ടാക്കും….

അതും ആറ് മാസത്തിനുള്ളിൽ…….

അരവിയും രവിയും നിസ്സഹായതയോടെ ധ്രുവിനെ നോക്കി…..

മാധവൻ മനപ്പൂർവ്വം ധ്രുവിനെ ഒഴിവാക്കാനായി ചെയ്തതാണെന്ന് അവർക്ക് മനസ്സിലായി….

“നീ മറുപടി പറഞ്ഞില്ല……എന്തേ കഴിയില്ലേ…..”

അയാളുടെ പരിഹാസം കേട്ട് ധ്രുവിന്റെ മുഖം ചുവന്നു…….

“ഞാൻ തരാം……..എനിക്ക് തന്റെ കൺഡീഷൻ സമ്മതമാണ്..”

പെട്ടെന്നുള്ള ആവേശത്തിൽ അവനത് പറഞ്ഞെങ്കിലും അവന്റെയുള്ളിൽ തീയായിരുന്നു…….

എങ്ങനെയുണ്ടാക്കും പത്തു കോടി …..

രവിയ്ക്ക് മാധവനോട് പുച്ഛം തോന്നി……

“നീ ഇത്രയും തരം താഴുമെന്ന് ഞാൻ വിചാരിച്ചില്ല മധൂ………

ഇത് കുറച്ചു കൂടിപ്പോയി…….നിന്റെ മോളുടെ ജീവിതം വച്ചാ നീ കളിക്കുന്നത്…..”

രവി അത്രയും ദേഷ്യത്തോടെ പറഞ്ഞിട്ടും മധു കൂസലില്ലാതെ പുച്ഛച്ചിരിയോടെ കാലിൽ മേൽ മറുകാല് കയറ്റിയിരുന്നു….

“നിനക്ക് തുകയെങ്കിലും കുറച്ചൂടെ മധൂ….”

രവി പിന്നെയും അപേക്ഷയോടെ പറഞ്ഞത് കേട്ട് മാധവൻ ചെയറിൽ നിന്നെഴുന്നേറ്റു…..

നിസ്സഹായനായിരിക്കുന്ന ധ്രുവിനെ നോക്കി അയാൾ പുച്ഛച്ചിരി ചിരിച്ചു….

“എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു……

സമ്മതമില്ലെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മതി….

എന്നാൽ ശരി…എനിക്ക് കുറച്ചു പണിയുണ്ട്….”

ധ്രുവിനെ പരിഹാസത്തോടെ ഒന്നുകൂടി നോക്കിയ ശേഷം അയാൾ വാതിൽ തുറന്ന് കാറ്റ് പോലെ ഇറങ്ങിപ്പോയി…..

തല കുനിഞ്ഞിരിക്കുന്ന ധ്രുവിനെ കണ്ട് രവിയും അരവിയും പരസ്പരം നോക്കി….

“ചന്തൂ…….എങ്ങനെ കൊടുക്കും നീ…… ഹോസ്പിറ്റലിൽ നിന്ന് കിട്ടുന്ന സാലറി അല്ലാതെ എന്താ നിന്റെ കൈയിലുള്ളത്……”

“എനിക്കറിയില്ല അരവീ………നെഞ്ചിൽ തീ കത്തുവാ….ഒരു അഞ്ച് ലക്ഷം രൂപ കാണും അക്കൗണ്ടിൽ…..അത്രയേയുള്ളൂ……”

ധ്രുവ് വേദനയോടെ പറഞ്ഞത് കേട്ട് അരവി അവന്റെ തോളിൽ കൈമർത്തി…..

“നീ വിഷമിക്കാതെ എന്തെങ്കിലും വഴി കാണാം നമുക്കു….”

അരവി അവനെ ആശ്വസിപ്പിച്ചെങ്കിലും അവന്റെ മനസ്സിലും ആശങ്ക തോന്നി……

ചന്തുവിന്റെ വേദന കണ്ട് രവിയും നിസ്സഹായതയോടെ നോക്കി നിന്നു…..

പ്രതീക്ഷയോടെ പോയിട്ട് നിരാശയോടെയാണ് ധ്രുവ് ഫ്ലാറ്റിൽ തിരിച്ചെത്തിയത്……

കിച്ചുവും പങ്കുവുമെല്ലാം വിവരമറിഞ്ഞ് വിഷമിച്ചു….. മാധവന്റെ ഈ ചതി അവരാരും പ്രതീക്ഷിച്ചില്ലല്ലോ…..

രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ധ്രുവ് ആലോചിച്ചു…….

എന്താണ് ഒരു വഴി……ആരുടെയും സഹായം സ്വീകരിക്കാൻ കഴിയില്ലല്ലോ…..ഇത്രയും പൈസ ഞാനെവിടുന്നുണ്ടാക്കും……..

കുഞ്ഞാറ്റയുടെ നിറഞ്ഞ പുഞ്ചിരി ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……….

ജാനിയുടെ പ്രണയപൂർവ്വമുള്ള ചുംബനത്തിന്റെ ചൂട് അവന്റെ ഹൃദയത്തെ ആർദ്രമാക്കി……

ദൃഢനിശ്ചയത്തോടെ അവൻ ചാടിയെഴുന്നേറ്റു…..ധൃതിയിൽ ഫോണെടുത്ത് അരവിയുടെ നമ്പറിലേക്ക് വിളിച്ചു….

“അരവീ…….ഞാനീ ഫ്ലാറ്റ് വിൽക്കുവാണ്…… ആരെങ്കിലും ഉണ്ടെങ്കിൽ പറയണം……പിന്നെ…. എന്റെ …എന്റെ കാറ്…..അതും വിൽക്കണം…..”

നൊമ്പരം കാരണം വാക്കുകൾ ഇടറിപ്പോയി……

“ചന്തൂ…..നീയെന്താ പറയുന്നത്…… ആഗ്രഹിച്ചു വാങ്ങീയതല്ലേ നീ ഇതൊക്കെ….”

“ശരിയാണ്….പക്ഷെ എന്റെ കുഞ്ഞാറ്റയ്ക്കും ജാനിയ്ക്കും പകരമാവില്ല മറ്റെന്തും ….എന്റെ ജീവൻ പോലും…..”

അവന്റെ ദൃഢനിശ്ചയം കണ്ടപ്പോൾ ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അരവിയ്ക്ക് തോന്നി……

“ശരി ചന്തൂ…….നിന്റെ ഫ്ലാറ്റും കാറും നീ പറയുന്ന വിലയ്ക്ക് ഞാൻ വാങ്ങാം…….

അത് നിന്നെ സഹായിക്കുന്നതാവില്ലല്ലോ……

ഈ കാശ് വച്ച് എന്ത് ചെയ്യാനാ നിന്റെ തീരുമാനം…..”

അപ്പുറത്ത് കുറച്ചു സമയം നിശബ്ദമായി……

“ബിസിനസ്…………”

“ബിസിനസ്സോ……… നിനക്ക് കഴിയുമോ ചന്തൂ…. പരിചയമില്ലാത്ത മേഖലയിൽ കൊണ്ട് കാശ് കളഞ്ഞാൽ…..കൈയിലിരിക്കുന്നതും കൂടി പോകും….”

ആശങ്കയോടെ അരവി ചോദിച്ചു…

“കഴിയും…..എന്റെ ഭാര്യയെയും കുഞ്ഞിനെയും തിരികെ നേടാൻ ഞാനെന്തും ചെയ്യും…..”

അവന്റെ തീരുമാനം ഉറച്ചതായിരുന്നു…..

പിറ്റേന്ന് തന്നെ ഫ്ലാറ്റിന്റെ രജിസ്‌ട്രേഷൻ കഴിഞ്ഞു……കാറും അരവി തന്നെ വാങ്ങി……

ധ്രുവ് ഒരു ഒറ്റമുറി വീട് വാടകയ്ക്കെടുത്ത് അങ്ങോട്ട് മാറി….. കിട്ടുന്ന ഓരോ രൂപയും അവന് വിലപ്പെട്ടതായി….

ഭക്ഷണം പോലും കുറച്ചു അവൻ ഉറുമ്പ് കൂട്ടുന്നത് പോലെ പൈസ കൂട്ടിവയ്ച്ചു…..

വൈദ്യുതി കണക്ഷൻ ഒഴിവാക്കി…കൈയിലിരുന്ന വില കൂടിയ ഫോൺ വിറ്റു…..

ബ്രഡും വെള്ളവും മാത്രമായി അവന്റെ ഭക്ഷണം….

ഹോസ്പിറ്റലിൽ നടന്നാണ് അവൻ പോയിരുന്നത്…ചുളുങ്ങിയ ഷർട്ട് അവന് ശീലമായി……ഡേയും നൈറ്റും ഡ്യൂട്ടി ചോദിച്ചു വാങ്ങി…..

ജുവലറിയിലെ തിരക്ക് കഴിഞ്ഞ് രാത്രിയാണ് പങ്കു വീട്ടിലെത്തിയത്……

കുറച്ചു ദിവസങ്ങളായി മനസ്സിന് സുഖമില്ല….ജാനിയെ കണ്ടിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു…..

അന്നത്തെ സംഭവത്തിന് ശേഷം ലെച്ചുവിന്റെ മുഖത്ത് നോക്കിയിട്ടില്ല…… അടുത്ത് വന്ന് പമ്മി നിൽക്കുമ്പോൾ താൻ മാറിപ്പോകാറാണ് പതിവ്…

“പങ്കുച്ചേട്ടാ……..”

നിമ്മി റൂമിന്റെ വാതിൽക്കൽ വന്ന് വിളിച്ചപ്പോൾ പങ്കു ഒരു ടീഷർട്ട് എടുത്തിട്ട് കൊണ്ട് അവളുടെ നേർക്ക് തിരിഞ്ഞു…

“കഴിയ്ക്കാൻ വിളിക്കുന്നു…….”

“മ്…..ഞാൻ വരാം നീ പൊയ്ക്കൊ…..”

തലമുടി കൈ കൊണ്ട് ചെറുതായി ഒതുക്കി വച്ച് അവൻ ഹാളിലേക്ക് നടന്നു…..

കഴിക്കാനിരിക്കുമ്പോഴും ലെച്ചുവിനെ കണ്ടില്ല….ഇല്ലെങ്കിൽ തന്റെ ശ്രദ്ധ നേടാൻ ചുറ്റിപ്പറ്റി നിൽക്കുന്നതാണ്….

രേണുകയാണ് പങ്കുവിന് വിളമ്പിക്കൊടുത്തത്…..

“അച്ഛൻ കഴിച്ചോ അമ്മേ……”

“മ്….കഴിച്ചു….ക്ഷീണമാന്ന് പറഞ്ഞ് നേരെത്തെ കിടന്നു…….”

രേണുക ഗ്ലാസിൽ വെള്ളം പകർന്ന് അവന്റെ അടുത്തേക്ക് നീക്കി വച്ചു കൊണ്ട് പറഞ്ഞു….

“ഇത്രയും നേരം വൈകിയില്ലേ….അമ്മ പോയി കിടന്നോ……ലെച്ചുവും നിമ്മിയുമുണ്ടല്ലോ…..”

രേണുകയും ക്ഷീണം പോലെ തോന്നിയത് കാരണം പങ്കു പറഞ്ഞപ്പോൾ തന്നെ മുറിയിലേക്ക് പോയി….

“ലെച്ചൂ…….നിമ്മീ…….”

പങ്കുവിന്റെ വിളി കേട്ട് രണ്ടുപേരും പെട്ടെന്ന് ഹാളിലേക്ക് വന്നു…..

ലെച്ചു പരിഭ്രമത്തോടെ നിൽക്കയാണ്…കുറച്ചു നാളായി ശ്രീയേട്ടൻ തന്നോടൊന്ന് മിണ്ടിയിട്ട്…… ആ വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

നിമ്മി വിളിച്ചതിന്റെ കാരണമറിയാതെ ആശങ്കയോടെ പങ്കുവിനെ തന്നെ നോക്കി നിൽക്കയാണ്….

“ഞാൻ കഴിച്ചു കഴിഞ്ഞിട്ട് രണ്ടുപേരും ടെറസ്സിലേക്ക് വരണം….എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്…..”

ഗൗരവമായി പങ്കു പറഞ്ഞത് കേട്ട് നിമ്മിയൊന്ന് പതറി….

തുടരും….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അറിയാം… പിന്നെയും വിഷമമാണെന്ന്…..പക്ഷെ…. ഇതൊക്കെ ഇതിൽ അനിവാര്യമാണ്…..

അടുത്ത പാർട്ടിൽ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട്….😉😉😉😉

Leave a Reply

Your email address will not be published. Required fields are marked *