സ്നേഹമർമ്മരം…ഭാഗം 41

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം 41

രാവിലെ ധ്രുവ് വളരെയധികം സന്തോഷത്തോടെ റെഡിയാകുന്ന കണ്ടുകൊണ്ടാണ് അരവിന്ദ് റൂമിലേക്ക് വന്നത്…..

“നീയെങ്ങോട്ടാ ചന്തൂ…..ഇത്ര രാവിലെ…….”

“പങ്കു വിളിച്ചിരുന്നു…..ജാനിയും മോളും വരും പാർക്കിൽ………”

അവന്റെ ഉത്സാഹവും സന്തോഷവും കണ്ട് അരവിയ്ക്കും സന്തോഷമായി…

അവന്റെ വീർപ്പുമുട്ടൽ അറിയുന്നതാണ് താൻ…….കുറച്ചു ദിവസങ്ങളായി ധ്രുവ് അനുഭവിക്കുന്ന മാനസിക സംഘർഷം അറിയുന്നതാണ്…….ആരോടും മിണ്ടാതെ സ്വയം ഉരുകി തീരുകയാണ് പാവം………

കുഞ്ഞെന്നാൽ അവന്റെ പ്രാണനാണ്……കഴിഞ്ഞ ഒരു വർഷവും ഒരു നിമിഷം പോലും അവൻ കുഞ്ഞിനെ പിരിഞ്ഞു കണ്ടിട്ടില്ല……..

കുഞ്ഞാറ്റയുടെ ആദ്യനാളുകളിൽ തനിക്ക് പോലും അവനോടു സഹതാപം തോന്നിയിട്ടുണ്ട്……..രാത്രി മുഴുവൻ കുഞ്ഞാറ്റ കരച്ചിലായിരിക്കും….ധ്രുവ് ഉറങ്ങാതെ മോളെയും കൊണ്ട് നടക്കും……..രാവിലെ ഉറക്കക്ഷീണം പോലും അവഗണിച്ചു മോളെയും കൊണ്ട് ഡ്യൂട്ടിയ്ക്ക് പോകും…..ഒറ്റയ്ക്കാണ് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതുമൊക്കെ…… മോൾക്ക് അസുഖം എന്തെങ്കിലും ആയാൽ ഒരു അമ്മയുടെ കരുതലോടെ സംരക്ഷിക്കുന്ന ധ്രുവിനെ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്…..

താൻ പോലും ഒരുപാട് പറഞ്ഞതാണ് കുഞ്ഞിനെ നോക്കാൻ ആരെയെങ്കിലും നിർത്താമെന്ന് പക്ഷെ അവന് മോളെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് പോലും അദ്ഭുതം തോന്നിയിട്ടുണ്ട് ആത്മബന്ധം കൊണ്ട് ആത്മാർഥമായി സ്നേഹിക്കാൻ കഴിയുമോന്ന്…..

“നീയെന്താ ആലോചിക്കുന്നത് അരവീ……”

ഓർമകളിൽ നിന്നുണർന്ന് അരവി ധ്രുവിനെ നോക്കി…….

“ഏയ് ഒന്നുമില്ല ചന്തൂ…………എത്ര മണിയ്ക്കാ അവര് വരുന്നത്……രാവിലെ തന്നെ വരുമോ……”

അരവിയുടെ ചോദ്യം കേട്ട് ചെറുതായി മങ്ങിയ മുഖത്ത് ഒരു പുഞ്ചിരി വരുത്തിയവൻ തലമുടി ചീകിയൊതുക്കി……

“അവര് വൈകുന്നേരം വരും…….നാല് മണി മുതൽ ഏഴ് മണി വരെയാ സമയം പറഞ്ഞിരിക്കുന്നത്…….”

അരവി മനസ്സിലാകാത്തത്ത് പോലെ മുഖം ചുളിച്ചു…..

“പിന്നെ നീയെന്താ നേരത്തെ റെഡിയാകുന്നത്….. സമയം ഒൻപത് മണിയല്ലേ ആയുള്ളൂ….. അവര് വരുന്നത് വൈകുന്നേരമല്ലേ ചന്തൂ…..”

“മ്……….ആണ്…..പക്ഷെ……. ജാനിയ്ക്ക് രാവിലെ വരാൻ തോന്നിയാലോ…… ചിലപ്പോൾ മാധവൻ അറിയാതെയാണ് ജാനി ഇറങ്ങുന്നെങ്കിൽ ഏത് സമയവും പ്രതീക്ഷിക്കാം…….”

അവന്റെ കണ്ണുകളിലെ പ്രതീക്ഷയും സന്തോഷവും കണ്ട് അരവിയ്ക്ക് വേദന തോന്നി…….

“അതുകൊണ്ട്………. നീ രാവിലെ മുതൽ അവിടെ പോയിരിക്കുമോ……. വൈകുന്നേരം പറഞ്ഞെങ്കിൽ അവര് ആ സമയത്തല്ലേ വരൂ ചന്തൂ……”

“ഇല്ല അരവീ……എനിക്ക് പോണം…… എന്റെ മോളെയും ജാനിയെയും കാണണം…… എത്ര ദിവസമായി ഞാനവരെ കണ്ടിട്ട്……. എത്ര ദിവസമായി ഞാനൊന്നുറങ്ങിയിട്ട്……”

വേദനയിൽ വാക്കുകൾ പതിഞ്ഞുപോയിരുന്നു……കണ്ണുകൾ നിറഞ്ഞത് അവൻ അമർത്തി തുടച്ചു……

“മനസ്സ് മുഴുവൻ മോളും ജാനിയുമാ…….. ജാനിയുമായി ഒരുമിച്ച് ജീവിക്കാൻ ഒരുപാട് കൊതിച്ചുപോകുന്നു…….. ഒരു പക്ഷെ എനിക്ക് സ്നേഹം തരാൻ അമ്മയ്ക്ക് പേടിയായത് കൊണ്ടാവും ഞാനിങ്ങനെയായത്……അല്ലേ അരവീ……”

അരവി മറുപടി പറയാനാകാതെ നിസ്സഹായനായി അവനെ നോക്കി…….

“മനസ്സിൽ താഴിട്ട് പൂട്ടി വച്ച ഹൃദയം തുറന്നാ അവള്…..എന്റെ ജാനി…. എന്നിലേക്ക് വന്നത്…….

പ്രണയത്തിന്റെ വേരുകൾ പടർന്നിറങ്ങിയത് എപ്പോഴാണെന്ന് എനിക്കറിയില്ല……പക്ഷേ……

എന്റെ ജീവനും ജീവിതവും സന്തോഷവുമൊക്കെ അവളും കൂടി ചേർന്നാലെ പൂർണമാകൂ…..

എന്റെ മോളും ജാനിയും ഞാനും……..നമ്മുടെ കൊച്ചു കുടുംബവും……സ്വപ്നം കാണുവാ ഞാൻ……കാത്തിരിക്കുവാ…….”

കണ്ണിൽ അടക്കി നിർത്തിയ നീർത്തുള്ളികൾ താഴേക്ക് പെയ്യാൻ വെമ്പി….അവന്റെ വേദനയുടെ ആഴം അത്രയും വലുതായിരുന്നു…… സുദർശന്റെ കഠിനമായ നിയന്ത്രണത്തിൽ അവന്റെ മനസ്സ് വരണ്ട് പോയിരുന്നു…….

അരവിയ്ക്കും വല്ലാതെ വിഷമം തോന്നി…..

“ചന്തൂ…..വിഷമിക്കാതെ…..എല്ലാം ശരിയാകും…..നിന്റെ മനസ്സിന്റെ നന്മ മാധവൻ എന്നെങ്കിലും മനസ്സിലാക്കും….”

“അയാൾക്ക് ഞാനെന്ത് വേണെമെങ്കിലും കൊടുക്കാം അരവീ……അയാള് പറയുന്നത് എന്തും ഞാൻ കേൾക്കാം….പകരം …..അയാളെന്റെ മോളെയും ജാനിയെയും തിരികെ തന്നാൽ മതിയായിരുന്നു……”

“ഞാൻ സംസാരിക്കാം മാധവൻ സാറിനോട്…..നമുക്ക് ഒരു കോംമ്പ്രമെയിസിന് ശ്രമിച്ചു നോക്കാം…..”

അരവിയുടെ വാക്കുകൾ കേട്ട് ധ്രുവിന്റെ മുഖം വിടർന്നു…കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു…….മോളെയും ജാനിയെയും സ്വന്തമാക്കാൻ ഏതറ്റം വരെ താഴാനും ധ്രുവ് തയ്യാറായിരുന്നു……

ധ്രുവ് നേരെ ഷോപ്പിംഗിനാണ് പോയത്……കുഞ്ഞിന് വേണ്ട സാധനങ്ങൾ എത്ര വാങ്ങിയിട്ടും അവന് മതിയാവാത്തത് പോലെ തോന്നി…..

ബേബിഫുഡും ടോയ്സും മറ്റുമായി കാറ് നിറയെ സാധനങ്ങൾ വാങ്ങി…..ജാനിയ്ക്കും ഡ്രസ്സും ഇഷ്ടമുള്ളതെല്ലാം വാങ്ങി…….

കാറുമായി പാർക്കിന്റെ സൈഡിലുള്ള റോഡിൽ പ്രതീക്ഷയോടെ തന്റെ മോളെയും കാത്തവൻ നിന്നു……

ഓരോ വണ്ടി വന്നു നിൽക്കുമ്പോഴും പ്രതീക്ഷയോടെ അവന്റെ കണ്ണുകൾ പ്രിയപ്പെട്ട തേടി നിരാശയോടെ പിൻവാങ്ങും…..

കാത്തിരിപ്പിന്റെ സുഖത്തിൽ സമയം കടന്നുപോയത് അവൻ അറിഞ്ഞില്ല……ഉച്ചയായിട്ടും വിശപ്പും ദാഹവുമൊന്നും അവനെ തളർത്തിയില്ല…….

സമയം ഓരോ മണിക്കൂറുകളായി പിൻവാങ്ങിത്തുടങ്ങി…..

മൂന്നര കഴിഞ്ഞപ്പോൾ കണ്ടു പങ്കുവിന്റെ ബൈക്ക് കുറച്ചു അപ്പുറത്തായി വന്ന് നിന്നത്…… അവൻ പോക്കറ്റിൽ നിന്ന് ഫോണെടുക്കുന്നത് കണ്ട് ധ്രുവിന് മനസ്സിലായി അത് തന്നെ വിളിക്കാനാണെന്ന്…..

“ഹലോ…….”

“ചന്തുവേട്ടൻ എവിടെയാ…….”

“ഞാൻ പാർക്കിലുണ്ട് പങ്കൂ……..ഇപ്പോൾ എത്തിയതേയുള്ളു……”

രാവിലെ വന്ന് കാത്തിരിക്കുന്നതാണെന്ന് ധ്രുവിന് പറയാൻ തോന്നിയില്ല….

“ആണോ….എന്നാൽ പാർക്കിനകത്തേക്ക് വാ…..ഞാനവിടെ കാണും…..”

“ശരി പങ്കൂ……”

ഫോൺ പോക്കറ്റിലേക്കിട്ട് ധ്രുവ് കാറിൽ നിന്നിറങ്ങി……കാർ ലോക്ക് ചെയ്ത ശേഷം പാർക്കിനകത്തേക്ക് നടന്നു……

പാർക്കിന്റെ വലത് സൈഡിൽ സിമന്റ് ബെഞ്ചിലിരിക്കുന്ന പങ്കുവിനെ കണ്ട് ധ്രുവ് അങ്ങോട്ട് പോയി….

തമ്മിൽ കണ്ടപ്പോൾ ഒരു ചെറുപുഞ്ചിരി പരസ്പരം സമ്മാനിച്ചു കൊണ്ട് ധ്രുവും ബെഞ്ചിലേക്കിരുന്നു……

“ജാനി വരുമോന്ന് അറിയില്ല ചന്തുവേട്ടാ……. ചന്ദ്രപ്പൻ പേപ്പറ് ജാനിയുടെ കൈയിൽ തന്നെ കൊടുത്തു എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ചന്തുവേട്ടനെ വിളിച്ച് പറഞ്ഞത്…..”

നേരിയ മടിയോടെ പങ്കുവത് പറയുമ്പോൾ ധ്രുവിന്റെ ഉള്ളം തേങ്ങി…..അവൻ ശ്വാസം നീട്ടി വലിച്ച് സിമന്റ് ബെഞ്ചിലേക്ക് ചാരിയിരുന്നു…..

ഒരുപാട് ആഗ്രഹിച്ച് വന്നതാണ് ….പരീക്ഷിക്കല്ലേ ഭഗവാനേ……

അവൻ മനമുരുകി പ്രാർത്ഥിച്ചു….

“ജാനിയും മോളും വരും പങ്കൂ……”

എന്തോ…അങ്ങനെ പറയാനാണ് ധ്രുവിന് തോന്നിയത്……

അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ പങ്കു പിന്നൊന്നും പറഞ്ഞില്ല……രണ്ടുപേരും മൗനമായി കുറേ നിമിഷങ്ങൾ കടന്നുപോയി……

ഓരോ വണ്ടിയും കടന്നുപോകുമ്പോൾ വെപ്രാളത്തോടെ നോക്കുന്ന ചന്തുവിനെ കാൺകെ പങ്കുവിനും ടെൻഷനായി……

നാല് മണി കഴിഞ്ഞതും ചന്തുവിന്റെ ഹൃദയമിടിപ്പ് കൂടി……നെറ്റിയിലും മൂക്കിൻ തുമ്പിലുമായി വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…… ബെഞ്ചിൽ നിന്ന് എഴുന്നേറ്റും കുറച്ചു നടന്നും ഇരുന്നും അവൻ സമയം തള്ളി നീക്കി…..

മനസ്സിൽ കുഞ്ഞാറ്റയുടെ പാൽപുഞ്ചിരി നിറഞ്ഞു നിൽക്കുന്നു……പാട്ട് പാടിയുറക്കുമ്പോൾ കള്ളച്ചിരിയോടെ തന്റെ താടിയിൽ പിടിച്ച് വലിക്കുന്ന മോളെ ഓർത്തപ്പോൾ ആ ടെൻഷനിലും അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു…..

അഞ്ച് മണിയായതും ധ്രുവ് അസ്വസ്ഥതയോടെ എഴുന്നേറ്റു…….റോഡിലേക്ക് തിരിയുന്ന വഴി ചെന്ന് നോക്കിയിട്ട് പിന്നെയും ബഞ്ചിൽ വന്നിരുന്നു…….

പിന്നെയുള്ള ഓരോ മിനുറ്റുകളും അവന്റെ സന്തോഷത്തെ തല്ലിക്കെടുത്തിയാണ് കടന്നു പോയത്……

പങ്കുവും അക്ഷമനായി ജാനിയ്ക്ക് വേണ്ടി കാത്തിരുന്നു…..

ആറ് മണിയായതും പങ്കുവിന്റെ കൈയിലെ ഫോണടിച്ചതും ഒരുമിച്ചായിരുന്നു……

“പങ്കൂ……ജാനിയായിരിക്കും….ബ്ലോക്കിൽ പെട്ട് കാണും….പെട്ടെന്ന് ഫോണെടുക്ക്…..”

ധ്രുവിന്റെ വെപ്രാളം കണ്ട് പങ്കു പെട്ടെന്ന് പോക്കറ്റിൽ നിന്ന് ഫോണെടുത്തു…. സ്ക്രീനിൽ നിമ്മി കോളിങ് കണ്ടതും രണ്ടുപേരുടെ മുഖവും വാടി……

“എന്താ നിമ്മി…….”

“ജാനിചേച്ചി വന്നോ ഏട്ടാ……”

“ഇല്ലെടീ…..മ്….എന്താ…..”

“അത്……അത്….ജാനിചേച്ചി വരില്ല ഏട്ടാ…..”

നിമ്മിയുടെ വാക്കുകൾ കേട്ട് പങ്കു ചാടിയെഴുന്നേറ്റു…….

“നീയെന്താ പറഞ്ഞെ…..എന്താ ജാനി വരാത്തെ……”

അത് കേട്ടതും ധ്രുവും ഞെട്ടലോടെ എഴുന്നേറ്റു……അവന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി…..

“ലെച്ചു മധുവങ്കിനെ വിളിച്ചു നിങ്ങളുടെ പ്ലാനെല്ലാം പറയുന്നത് ഞാൻ കേട്ടതാ …… എന്ത് വന്നാലും ഏട്ടനെയും ജാനിചേച്ചിയെയും തമ്മിൽ കാണാൻ സമ്മതിക്കില്ലെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു…..”

പങ്കു നടുക്കത്തോടെയാണ് നിമ്മിയുടെ വാക്കുകൾ കേട്ടത്….ഫോൺ പോലും അവന്റെ കൈയിൽ നിന്ന് ഊർന്നുപോയി….

ലെച്ചു….അവളങ്ങനെ ചെയ്യുമോ…..ഈശ്വരാ…..

“എന്താ പങ്കൂ……എന്ത് പറ്റി…..എന്താ നിമ്മി പറഞ്ഞത്……

ജാനിക്കെന്തെങ്കിലും…..”

ധ്രുവ് പങ്കുവിന്റെ തോളിൽ പിടിച്ച് അവൻ ആധിയോടെ കുലുക്കി..

“അത്….മധുവങ്കിള് എല്ലാമറിഞ്ഞു…..ജാനി വരില്ല ചന്തുവേട്ടാ…..”

ആഗ്രഹത്താൽ തുടിച്ചിരുന്ന അവന്റെ ഹൃദയത്തിലേക്ക് മുള്ളു വന്ന് തറച്ച പോലെയാണ് ആ വാക്കുകൾ പതിഞ്ഞത്…..

അവൻ മുഖം കൈയിൽ താങ്ങി സിമന്റ് ബെഞ്ചിലേക്ക് കുനിഞ്ഞിരുന്നു….

പങ്കുവിന് അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു….. ലെച്ചുവാണ് തന്നെ ചതിച്ചതെന്നോർത്തപ്പോൾ അവന്റെ ഹൃദയം പിടഞ്ഞു…..

വാശി തീർത്തതാണോ എന്റെ ലെച്ചു……സ്നേഹിച്ചതല്ലേ ഞാൻ….മാപ്പ് പറഞ്ഞതല്ലേ…..പിന്നെ ഈ കൊടുംചതി അവളെന്തിന് കാണിച്ചു…..

കുനിഞ്ഞിരിക്കുന്ന ധ്രുവിന്റെ തോളിൽ അവൻ കൈയമർത്തി……

ധ്രുവ് പതിയെ മുഖമുയർത്തി പങ്കുവിനെ നോക്കി……

അവന്റെ ചുമന്ന് കലങ്ങിയ കണ്ണുകൾ കണ്ട് പങ്കു വല്ലാതായി……

“ചന്തുവേട്ടാ….വാ…നമുക്ക് പോകാം…..”

കരുതലോടെയുള്ള പങ്കുവിന്റെ വാക്കുകൾക്ക് വേദനയിൽ പൊതിഞ്ഞ ഒരു നനുത്ത പുഞ്ചിരി നൽകി അവൻ സിമന്റ് ബഞ്ചിലേക്ക് ചാരിയിരുന്നു…..

“ഇല്ല…..ഞാൻ വരുന്നില്ല…..ചിലപ്പോൾ ജാനിയെങ്ങാനും മോളെയും കൊണ്ട് വന്നാലോ… നീ പൊയ്ക്കൊ….എനിക്ക് കുറച്ചു നേരം ഒറ്റയ്ക്കിരിക്കണം….”

“ചന്തുവേട്ടാ….അവര്….”

ധ്രുവ് കൈയെടുത്ത് വിലക്കിയതും പങ്കു പറയാൻ വന്നത് നിർത്തി…..

കുറച്ചു നേരം നിന്നിട്ടും മൗനമായിരികുന്ന ധ്രുവിനെ കണ്ടപ്പോൾ ശല്യപ്പെടുത്താൻ തോന്നിയില്ല പങ്കുവിന്…..

കുറച്ചു നേരം ഒറ്റയ്ക്കിരിക്കട്ടെ….പാവം…അത്രമേൽ തളർന്നിട്ടുണ്ടാ മനസ്സ്…

പങ്കു വീട്ടിലെത്തി ബൈക്കൊതുക്കി അകത്തേക്ക് കയറുമ്പോൾ രവിയും ലെച്ചുവും അവന്റെ അരികിലേക്ക് ഓടി വന്നു…..

“ജാനി വന്നോ പങ്കൂ…..”

രവി ആധിയോടെ ചോദിച്ചപ്പോൾ പങ്കു മെല്ലെ ഇല്ലെന്ന് തല ചലിപ്പിച്ചു…..

“അതെന്താ……മധുവറിഞ്ഞോ….”

“വിളിച്ച് പറഞ്ഞവർക്ക് എല്ലാമറിയാം…അച്ഛൻ ചോദിച്ചു നോക്ക്😡😡…”

ലെച്ചുവിന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പങ്കു പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ ലെച്ചുവും രവിയും പരസ്പരം നോക്കി….

“നീ ആരുടെ കാര്യമാ പറയുന്നത്…….ആർക്കറിയാമെന്ന്……”

“എനിക്ക് നല്ല തലവേദന….അല്പം കിടക്കണം…… കാര്യങ്ങളെല്ലാം ഞാൻ പിന്നെ പറയാം…..”

ദേഷ്യത്തിൽ ചുവന്ന മുഖവുമായി അവൻ അകത്തേക്ക് കയറിപ്പോകുന്നത് രവിയും ലെച്ചുവും അന്തംവിട്ട് നോക്കി നിന്നു….

ലെച്ചു ആകെ വല്ലാതായി….

ശ്രീയേട്ടനെന്തോ എന്നോട് ദേഷ്യം പോലെ……ഇനി ജാനിചേച്ചിയെ കാണാത്ത ദേഷ്യമാണോ…..എന്നാലും എന്ത് പറ്റി…..

പങ്കുവിന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണമറിയാതെ ലെച്ചു പരിഭ്രമിച്ചു…..

പങ്കു നേരെ ലേച്ചുവിന്റ മുറിയിലേക്ക് പോയി അവളുടെ ഫോണെടുത്ത് നോക്കി…..അതിൽ മധുവിന്റെ നമ്പർ കണ്ടപ്പോൾ അവൻ ഉറപ്പിച്ചു……

ലെച്ചു തന്നെയാണ് ഇതിൻറെ പുറകിൽ…….ഇത്രയും സ്നേഹിച്ചിട്ടും മാപ്പ് പറഞ്ഞിട്ടും അവളെന്നെ ചതിക്കയായിരുന്നു……

ധ്രുവ് രാത്രി മുഴുവൻ പാർക്കിലെ ബഞ്ചിൽ കഴിച്ചു കൂട്ടി……കുഞ്ഞാറ്റയെ കാണാത്ത വേദന അവനെയാകെ തകർത്തിരുന്നു…..

പങ്കു വിളിച്ചു പറഞ്ഞതനുസരിച്ച് അരവിയാണ് അവനെ നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ട് പോയത്……

ധ്രുവിന്റെ മാനസിക നില തെറ്റിയത് പോലുള്ള പെരുമാറ്റം എല്ലാവരെയും അസ്വസ്ഥരാക്കി…..

നിർത്താതെ ഫോണടിച്ചിട്ടും ധ്രുവ് എടുക്കാതെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുഞ്ഞാറ്റയുടെ പാവയും പിടിച്ചങ്ങനെയിരുന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റൂമിന്റെ ഡോർ തുറന്ന് അരവിന്ദനും കിച്ചുവും ദേഷ്യത്തിൽ അകത്തേക്ക് വന്നു….

“നീയെന്താ ചന്തൂ ഫോൺ വിളിച്ചിട്ട് എടുക്കാത്തെ….. എത്ര നേരമായി വിളിയ്ക്കുന്നു……”

അരവിയുടെ ദേഷ്യം കണ്ടിട്ടും ചന്തു അനങ്ങിയില്ല….പാവയെ നെഞ്ചോടു ചേർത്ത് പിടിച്ച് അവൻ വിദൂരതയിലേക്ക് നോക്കിയിരുന്നു……..കണ്ണുകളിൽ ചെറുനനവുണ്ട്….

“ചന്തുവേട്ടാ…..എന്തായിത്……എന്റെ ഏട്ടനിതെന്തുപറ്റി……”

കിച്ചു വേദനയോടെ അവന്റെ അടുത്ത് വന്നിരുന്നു…….

ധ്രുവ് മൗനമായിത്തന്നെയിരുന്നു…….

“ചന്തൂ……ഞാൻ മാധവനെ വിളിച്ചിരുന്നു…… അയാൾ കോംമ്പ്രമെയിസിന് തയ്യാറാണ്…… ജാനിയെയും കുഞ്ഞിനെയും നിനക്ക് തിരികെ തരാൻ അയാൾക്ക് സമ്മതമാണ്…..പക്ഷെ….”

അരവിയുടെ വാക്കുകൾ കേട്ടതും ധ്രുവ് അദ്ഭുതത്തോടെ അവനെ നോക്കി…….

“ആണോ അരവീ……..സമ്മതിച്ചോ അയാള്…….എന്റെ മോളെ എനിക്ക് തിരികെ കിട്ടുമോ…….”

ധ്രുവ് ആവേശത്തോടെ ചോദിച്ചത് കേട്ട് അരവി അവന്റെ അരികിലേക്ക് വന്നിരുന്നു……

“മ്……സമ്മതിച്ചു….പക്ഷെ അയാൾക്ക് കുറച്ചു കൺഡീഷനുണ്ട്…….അത് നീ അനുസരിച്ചാൽ മാത്രം അയാൾ വാക്ക് പാലിക്കും……”

തുടരും……

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

എന്നെ എല്ലാരും മറന്നെന്നാ വിചാരിച്ചത് പക്ഷെ റിവ്യൂ കണ്ടപ്പോൾ മനസ്സിലായി ആരും മറന്നിട്ടില്ലെന്ന്……

കഥ പുതിയൊരു വഴിത്തിരിവിലേക്കാണ്…… കൂടെ നിൽക്കണം…….

സത്യമായിട്ടും ഞാൻ മുങ്ങിയതല്ല….എന്റെ ഫോൺ complaint ആയിരുന്നു…… ശരിയാക്കാൻ കൊടുത്തിട്ട് ശരിയായില്ല….പിന്നെ വേറെ മേടിക്കേണ്ടി വന്നു…….

എഴുതുന്ന കഥ ഉറപ്പായും ഞാൻ പൂർത്തിയാക്കും…….

Leave a Reply

Your email address will not be published. Required fields are marked *