ദിയ മോളെ വാരിയെടുത്ത് താടി കൊണ്ട് അവളുടെ വയറിൽ ഇക്കിളി പൂട്ടി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : Reseena Sakariya

അലാറം ശബ്ദം കാതിൽ കേട്ടപ്പോഴാണ് ദിവ്യ ഉണർന്നത്… കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ഉറക്കച്ചടവ് വിട്ടുമാറിയില്ല. മുറിയിലെ അരണ്ട വെളിച്ചത്തിൽ ടൈംപീസിൽ സമയം ആറ് കഴിഞ്ഞു…

ആ അരണ്ട വെളിച്ചത്തിലും ഒരു നിഴൽ വാതിലിൽ മറഞ്ഞു നിന്നത് ദിവ്യയുടെ കണ്ണുകളിൽ ഒരാന്തലുണ്ടാക്കി…

അത് ദിയ മോളല്ലേ?

ഇവൾ എപ്പോൾ ഉണർന്നു?

അഴിഞ്ഞ സാരിയെടുത്ത് ദിവ്യ വാരി ചുറ്റി, ശ്രീയെ നോക്കി.

” പോത്തു പോലെ ഉറങ്ങണ് ,നാണമില്ലാത്ത മനുഷ്യൻ”

അവൾ പിറുപിറുത്ത് കൊണ്ട് അയാളുടെ ദേഹം പുതപ്പു കൊണ്ട് മൂടി.

മുടി വാരി കെട്ടി മുറിയുടെ പുറത്തേക്ക് വന്നതും ഹാളിലെ സോഫയിൽ എന്തോ ചിന്തിച്ചിരിക്കുന്ന ദിയ മോളെയാണ് കണ്ടത്.

“ദിയ എന്തിന് ഇത്ര നേരത്തെ എണീറ്റു, മോളു പോയി കിടന്നുറങ്ങിക്കൊ?”

ദിവ്യ ദിയയുടെ മുടിയിൽ തലോടി..

ആ കൈ ദിയ ശക്തമായി തട്ടി മാറ്റി, ദിവ്യയെ ദേഷ്യത്തോടെ നോക്കി.

“എന്തു പറ്റി മോളെ”?

ദിവ്യ മോളുടെ അടുത്തേക്ക് ഒന്നൂടി നീങ്ങി നിന്നു.

“എന്നെ ഒറ്റക്കാക്കി അമ്മേം അച്ഛനും മറ്റേ മുറിയിൽ പോയി കിടന്നതെന്തിനാ?”

ദിയ മോളുടെ നാവിൽ നിന്ന് അപ്രതീക്ഷിതമായ ചോദ്യമായിരുന്നു വന്നത്.

ഈ ചോദ്യം ദിവ്യയെ ഒന്നുലച്ചു.

എട്ടു വയസ്സുക്കാരി മകളോട് എന്തു പറയണമെന്നറിയാതെ അവൾ കുഴങ്ങി.

ദിയ ദേഷ്യത്തിൽ എഴുന്നേറ്റ് ബെഡ് റൂമിലേക്ക് പോയി.

ദിവ്യ കുളി കഴിഞ്ഞ് വന്നപ്പോഴും ദിയ മോള് ദേഷ്യത്തിൽ തന്നെയായിരുന്നു.

അടുക്കളയിൽ ഓരോ ജോലിക്കിടയിലും അവൾ ‘ദിയ മോള് കാണാൻ പാടില്ലാത്ത രീതിയിൽ തന്നേയും ശ്രീയേട്ടനേയും കണ്ടോ ‘ എന്ന ചിന്തയിലായിരുന്നു.

ഒരു വിധം പണികളൊതുക്കി ദിവ്യ വീണ്ടും മകളെ നോക്കി.

അവൾ ഉറങ്ങിയിരുന്നു.

ദിവ്യ വേഗം ശ്രീയുടെ റൂമിലെത്തി.

” ശ്രീയേട്ടാ, ഒന്നെണീക്ക് ”

അവൾ ശ്രീയെ കുലുക്കി വിളിച്ചു.

“എന്താടി ഇന്ന് ഞായറാഴ്ച്ചയായിട്ടും ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ലേ ”

മുഷിച്ചിലോടെ ശ്രീകുമാർ ചോദിച്ചു.

” ശ്രീയേട്ടാ, നമ്മൾ മാറി കിടന്നത് മോളറിഞ്ഞു, അവൾ ഞാൻ ഉണരുന്ന മുന്നേ ഇവിടെ വന്നു നമ്മളെ അർദ്ധനഗ്നരായി കണ്ടു ”

ദിവ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ശ്രീകുമാറിന്റെ ഉറക്കം എങ്ങോ പറന്നു.

അയാൾ ദിവ്യയെ വിശ്വാസം വരാതെ നോക്കി.

” ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നമ്മുക്ക് മോള് ടെ അടുത്ത് ചെന്ന് കിടക്കാം എന്ന് ”

ദിവ്യ സങ്കടത്തിൽ ശ്രീകുമാറിനെ നോക്കി.

“ഏയ് അവൾ കാണാൻ സാധ്യതയില്ല, വെളുപ്പിന് അഞ്ചിന് ഞാൻ പോയി നോക്കിയപ്പോൾ മോള് നല്ല ഉറക്കത്തിലായിരുന്നു ”

ശ്രീകുമാറിന് നല്ല ആത്മവിശ്വാസമായിരുന്നു.

“പക്ഷേ, അവൾ എന്നോട് ചോദിച്ചു എന്തിനാ മാറികിടന്നതെന്ന്, ഞാനാകെ വല്ലാതായി ”

ദിവ്യ ക്ക് ജാള്യവും സങ്കടവും തോന്നി….

ശ്രീകുമാർ എണീറ്റു മകളുടെ മുറിയിലേക്ക് നോക്കി. ദിയ മോള് ഉണർന്ന് കിടക്കുകയായിരുന്നു.

” അച്ഛേടേ മോളൂ” ശ്രീകുമാർ നീട്ടി വിളിച്ചു.

ദിയ ദേഷ്യത്തിൽ എതിർ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു. ശ്രീകുമാർ മകളെ കെട്ടിപ്പിടിച്ചു, ദിയ മോള് കുതറി മാറാൻ ശ്രമിച്ചെങ്കിലും ശ്രീകുമാർ വിട്ടില്ല.

” അച്ഛൻ ഇന്നലെ ഒരു പാർട്ടിയുണ്ടായിരുന്നു, വൈകിയാണ് വന്നത് മോളൂ പറഞ്ഞ കിൻഡർ ജോയ് കൊണ്ടു വന്നിട്ടുണ്ടേ”

ശ്രീകുമാർ ഈണത്തിൽ പറഞ്ഞു.

”ബോയ് ആണോ ഗേൾ ആണോ” ദിയ ഗൗരവ്വത്തിൽ ചോദിച്ചു.

” അച്ഛേടെ ചക്കര മോൾക്ക് ഗേൾ തന്നെ നോക്കി വാങ്ങി ”

ശ്രീകുമാർ എണീറ്റു ആങ്കറിൽ തൂക്കിയ പാന്റിന്റെ പോക്കറ്റിൽ നിന്ന് കിന്റഡർ ജോയ് എടുത്തു ദിയയുടെ നേരെ കുലുക്കി കാണിച്ചു.

അതു കണ്ടതും ദിയ ചാടി എണീറ്റു. ശ്രീകുമാറിന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച് പൊളിക്കാൻ തുടങ്ങി.

” ദേ അച്ഛാ, പിങ്ക് എയ്ഞ്ചൽ” ദിയയുടെ കണ്ണുകളിൽ സന്തോഷം അലയടിച്ചു.

“അമ്മേ, എനിക്ക് എയ്ഞ്ചലാണ് കിട്ടിയത് ” പിങ്ക് എയ്ഞ്ചലിനേയും കൊണ്ട് ദിയ അടുക്കളയിലേക്കോടി.

” ഹായ് നല്ല ഭംഗിണ്ടല്ലോ”

ദിവ്യ ആ ഡോൾ വാങ്ങി ഭംഗി ആസ്വതിച്ചു.

” ഞാനിത് നാളെ സ്കൂളിൽ കൊണ്ട് പോകും”

വീണ്ടും ഡോളും കൊണ്ട് ദിയ റൂമിലേക്കോടി.

” അവൾടെ ദേഷ്യം പോയത് കണ്ടോ ” ശ്രീകുമാർ ദിവ്യയെ നോക്കി.

“എന്നാലും ശ്രീയേട്ടാ, അവൾക്ക് പിന്നീട് ഓർമ്മ വരാം”

ദിവ്യക്ക് ചെറിയ പേടിയുണ്ടായിരുന്നു.

” ഏയ് അവൾ കുഞ്ഞല്ലേ മറക്കും”

ശ്രീകുമാർ ഭാര്യയെ ആശ്വസിപ്പിച്ചു.

” കഴിഞ്ഞ തവണ അമ്മ വന്നപ്പോൾ മോള് അമ്മയോട് പറഞ്ഞത്രേ നമ്മൾ അവളെ തനിച്ചാക്കി ഇടക്ക് മാറികിടക്കാറുണ്ടെന്ന് ”

ദിവ്യ ക്ക് സങ്കടം വന്നു…

“മോളെ മാറ്റി കിടത്തണമെന്ന് ഞാൻ പറഞ്ഞതല്ലേ, നിനക്ക് സമ്മതമല്ലല്ലോ” ശ്രീകുമാർ ദിവ്യയെ നോക്കി.

” അവളെ തനിച്ച് കിടത്താൻ എനിക്ക് വിഷമമാണ് ശ്രീയേട്ടാ ”

ദിവ്യ വിഷമത്തിൽ ശ്രീകുമാറിനെ നോക്കി.

” ഇപ്പോഴേ മാറ്റി കിടത്തി ശീലിപ്പിക്കണം ദിവ്യാ, മാത്രമല്ല ലൈംഗിക വിദ്യാഭ്യാസം നൽകുകയും വേണം, അവൾ അറിയണം പലതും ”

ശ്രീകുമാർ ഗൗരവത്തിൽ പറഞ്ഞു.

“എനിക്കറിയാം ശ്രീയേട്ടാ, പക്ഷേ മോളെ തനിച്ചാക്കാൻ വയ്യ ”

ദിവ്യ തീർത്തു പറഞ്ഞു.

” കുട്ടികൾ നമ്മള് ശ്രദ്ധിക്കാത്ത പലതും ശ്രദ്ധിക്കും, അതേ പറ്റി ചോദിക്കും, ഒരു പാട് സംശയങ്ങളും ആകാംക്ഷയും ഉണ്ടാവുന്ന പ്രായമാണിത്‌, മറുപടി പറയാൻ നമ്മുക്ക് പറ്റാതെ വരും, അതു കൊണ്ട് ഇപ്പോഴേ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്”

ശ്രീകുമാർ ഭാര്യയെ നോക്കി.

” കുഞ്ഞുങ്ങളുടെ വളർച്ചയോടൊപ്പം അവരുടെ മാനസിക വളർച്ചക്ക് വേണ്ടി അവരു ചോദിക്കുന്ന സംശയങ്ങൾ തീർത്തു കൊടുക്കേണ്ട കടമ നമ്മുക്കുണ്ട്, നമ്മൾ സ്നേഹിക്കുന്നത് അവര് കാണണം പക്ഷേ കാമിക്കുന്നതാവരുത്, അത് ചിലപ്പോൾ ദേഷ്യത്തിലും വെറുപ്പിലും അവരെ നയിക്കും, അഥവാ നമ്മളെ കാണാൻ പറ്റാത്ത രീതിയിൽ കാണേണ്ടി വന്നിട്ടുണ്ടങ്കിൽ മറ്റു കാര്യങ്ങളിൽ ശ്രദ്ധ തിരിച്ച് സന്തോഷിപ്പിക്കാൻ ശ്രമിക്കണം”

ശ്രീകുമാർ ഭാര്യയുടെ തോളിൽ കൈയ്യിട്ടു ചേർത്തു പിടിച്ചു.

“തന്റെ വിഷമം എനിക്ക് മനസിലാവുമെടോ, മോളെ തനിച്ച് കിടത്താൻ എനിക്കും ഇഷ്ടമില്ല, എന്നാലും ഇടക്ക് അത് ശീലിപ്പിക്കണം”

അയാൾ ഭാര്യയുടെ നെറുകയിൽ ചുംബിച്ചു.

“ഇവിടെ രണ്ടാളും പഞ്ചാരടിക്കുവാണോ”?

പുറകിൽ ദിയ മോൾ!!!

ദിവ്യ ചെറിയ പേടിയോടെയാണ് മോളെ നോക്കിയത്.

പക്ഷേ ദിയ മോളുടെ മുഖത്ത് നിറഞ്ഞ ചിരിയും കണ്ണുകളിൽ കുസൃതിയും.

“മ്മ്… എനിക്ക് മനസ്സിലായി…”

ദിയ കുസൃതിയോടെ രണ്ടു പേരേയും മാറി മാറി നോക്കി.

”എടി കട്ടുറമ്പീ… പല്ലില്ലാത്ത കിളവി”

ശ്രീകുമാർ ദിയ മോളെ വാരിയെടുത്ത് താടി കൊണ്ട് അവളുടെ വയറിൽ ഇക്കിളി പൂട്ടി…

ദിയ മോളുടെ ചിരി ആ കൊച്ചു വീടു മുഴുവൻ അലയടിച്ചു…

രചന : Reseena Sakariya

Leave a Reply

Your email address will not be published. Required fields are marked *