രചന : അനുശ്രീ
“താൻ ഇതിനുമുൻപ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?” ആകാശിന്റെ ആ ചോദ്യം അപർണ്ണയിൽ ഒരു പുഞ്ചിരിയുണർത്തി, ” എന്താ ചിരിക്കുന്നത് ഞാൻ സീരിയസ് ആയി ചോദിച്ചതാ ”
“ഉണ്ടെങ്കിൽ ? ” ആ മറുചോദ്യം അവൻ പ്രതീക്ഷിച്ചില്ല, അവളുടെ മുഖത്ത് തന്നോട് പരിഹാസമാണോ അതോ വെറുപ്പാണോ എന്ന് കൃത്യമായി വായിച്ചെടുക്കാൻ അവന് കഴിഞ്ഞില്ല,.
താനാണ് അതിന് മറുപടി നൽകേണ്ടവൻ, തന്റെ പരിഭ്രമം കണ്ടാവണം, അവൾ അല്പം ഗൗരവമയച്ചു,
“ആരെങ്കിലും വല്ല തേപ്പുപെട്ടിയോ, പാതികടിച്ച ആപ്പിളോ പ്രെസെന്റ് തരുമെന്ന് വിചാരിച്ചിട്ടാണോ? അതോ കല്യാണപ്പന്തലിൽ വെച്ച് പഴയ കാമുകനൊപ്പം ഇറങ്ങിപ്പോയാലോ എന്ന് പേടിച്ചിട്ടോ,. ” അവനെ ആകെ വിയർത്തു,
ചോദിച്ചത് അബദ്ധമായി പോയി, അവൾ ക്ഷമയോടെ അവന്റെ മറുപടിക്കായി കാത്തു,.
” താനെന്തിനാ ചൂടാവണെ ? ഞാൻ ചോദിച്ചെന്നല്ലേ ഉളളൂ ?. ”
” അങ്ങനെ തോന്നിയോ ഞാൻ ചൂടായില്ലല്ലോ,. ”
ഇവളെന്നെ കളിയാക്കുവാണോ ? ആളിത്തിരി കാന്താരിയാണ്, തന്നെ വിറപ്പിച്ചു കളഞ്ഞില്ലേ ?
“തന്റെ മുഖത്തൊരു സന്തോഷം കാണാനില്ല, അതുകൊണ്ട് ചോദിച്ചതാ, ഇനി ആരെങ്കിലുമായി പ്രണയത്തിലാണോ ? വീട്ടുകാരുടെ നിർബന്ധം കൊണ്ടാണോ എനിക്ക് മുന്നിൽ നിന്ന് തന്നത് ?അല്ല ഉറപ്പ് വരുത്തണല്ലോ, പിന്നെ ചോദിച്ചില്ല പറഞ്ഞില്ല എന്നൊന്നും പറയരുതല്ലോ ”
അവൾ ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി, ” പക്ഷേ, മിസ്റ്റർ ആകാശ് ഈ ബന്ധം അവിടെവരെയൊന്നും എത്തുമെന്ന് എനിക്ക് തോന്നുന്നില്ല ”
“അതെന്താ തനിക്കെന്നെ ഇഷ്ടമായില്ലേ ? ”
“ഇല്ല ” എടുത്തടിച്ചപോലെയാണ് അവൾ മറുപടി പറഞ്ഞത്, ആദ്യമായി ഒരുപെണ്ണ് തന്റെ മുഖത്തു നോക്കി ഇഷ്ടമല്ലെന്ന് പറയുന്നത്, നിരാശ പുറത്തുകാണാതിരിക്കാൻ അവൻ തന്നാലാവും വിധം ശ്രമിച്ചു,.
” എങ്കിൽ ശരി, ഇറങ്ങട്ടെ, തനിക്ക് നല്ലൊരു ലൈഫ് പാർട്ണറെ കിട്ടും ”
അവളുടെ മറുപടിക്ക് കാക്കാതെ അവൻ പടികളിറങ്ങി,..
*****—*******
എന്ത് കൊണ്ടാവും അവൾ തന്നെ റിജെക്ട് ചെയ്തത് ? ജോലി ? സാമ്പത്തികം, സൗന്ദര്യം ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ മുളപൊട്ടി,. ചോദിച്ചില്ല, ചോദിയ്ക്കാൻ തോന്നിയില്ല, എങ്കിലും അതൊരു ഭാരമായി ഇപ്പോഴും മനസ്സിൽ അവശേഷിക്കുന്നു,.
“ഉണ്ണീ,… ” അമ്മയാണ്,.
” ഇന്ന് ഗോപാലേട്ടന്റെ മോള് അഭിരാമിയുടെ കല്യാണമാണ്, അച്ഛന് പോവാൻ പറ്റില്ല, അതുകൊണ്ട്, നീ തന്നെ പോവണം,. ”
എതിർക്കാൻ അവന് കഴിഞ്ഞില്ല,
കഷ്ടകാലം വരുമ്പോൾ ഒന്നിച്ചാണല്ലോ ദൈവമേ വരുന്നത്,.
‘അഭിരാമി ‘ തന്റെ കൗമാര പ്രണയം, ഒരിക്കലും താനവളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ല,.
കല്യാണാലോചന ഫ്ലോപ്പ്,.. പഴയ കാമുകിയുടെ കല്യാണം കണ്ടു നിക്കാനാണല്ലോ ഈശ്വരാ എന്റെ വിധി,. എന്തായാലും പോയല്ലേ പറ്റൂ, ..
*********—–********* “മോനെന്താ ഇവിടെ നിൽക്കുന്നത് കയറി വാ ”
ശാന്തേച്ചി, അഭിരാമിയുടെ അമ്മ,.
” മോൻ എന്നാ ലീവിന് വന്നത് ? ”
” കുറച്ചു ദിവസമായി ”
അന്ന് അഭിരാമിയുടെ പുറകെ സൈക്കിളിൽ റോന്ത് ചുറ്റിയപ്പോൾ അമ്മയോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയ ശാന്തേച്ചി അല്ല ഇവർ, വാക്കുകളിൽ സ്നേഹം,.
“മോളേ അഭി, ദേ വടക്കേതിലെ ഉണ്ണി വന്നിരിക്കുന്നു,. ” അവൾ പഴയതിലും സുന്ദരിയായിരിക്കുന്നു, കല്യാണവേഷത്തിലായതോണ്ടാവാം, അവൾ അവനുനേരെ ഹൃദ്യമായി പുഞ്ചിരിച്ചു,.
എന്തായാലും പഴയ കാമുകിയെക്കണ്ട്, ഗിഫ്റ്റും കൊടുത്തനുഗ്രഹിച്ചു, സദ്യയും കഴിച്ച്, രണ്ടുതുള്ളി ആനന്ദാശ്രുവും പൊഴിച്ച് വീട്ടിലേക്ക് പോവാം എന്നായിരുന്നു കരുതിയിരുന്നത്, അപ്പോഴാണ് അടുത്ത ട്വിസ്റ്റ്,….
****—–******* ഇതുപോലൊരു ഗതികേട് ഒരുത്തനും വരുത്തരുതേ എന്റെ ദൈവമേ,.
ആദ്യകാമുകിയും, ആദ്യം കാണാൻ ചെന്ന പെണ്ണും ഒരേ വേദിയിൽ,. അവനെയാകെ വിയർത്തൊലിച്ചു,.
“ഉണ്ണിയേട്ടാ, ഇതെന്റെ ഫ്രണ്ട് അപർണ്ണ ” അവൻ അവർക്ക് മുൻപിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു,.
” എനിക്കറിയാം അഭി ” അപർണ അതുപറഞ്ഞപ്പോൾ അഭിരാമിയുടെ മുഖത്തു കൗതുകം,.
” എങ്ങനെയാ അറിയാ ? ” അപർണ വാ തുറക്കുന്നതിന് മുൻപ് അവൻ പോവാനായി തിടുക്കം കൂട്ടി,. ” എനിക്കിത്തിരി തിരക്കുണ്ട്, ഞാനെന്നാൽ ഇറങ്ങട്ടെ,. ” അവൻ നടന്നു നീങ്ങി,.
” പാവാണ് ഉണ്ണിയേട്ടൻ ” അഭിരാമിയുടെ മുഖത്ത് ദുഃഖം നിറഞ്ഞത് അപർണ്ണ ശ്രദ്ധിച്ചു,.
****–*-***** കണ്ടക ശനി ആണെന്നാ തോന്നണേ, അല്ലെങ്കിൽ ഇങ്ങനൊക്കെ വരുവോ,..
” ആകാശ്,.. മിസ്റ്റർ ആകാശ്,… ” അവൻ തിരിഞ്ഞു നോക്കിയില്ല,.
“ഉണ്ണ്യേട്ടാ,.. ” അവൾ ഒരിക്കൽ കൂടെ വിളിച്ചു,.
അപർണ്ണ,. അവളവന്റെ അരികിലേക്ക് ചെന്നു, കിതക്കുന്നുണ്ടായിരുന്നു അവളെ,.
” ബൈക്കിന്റെ കീ ” ഗിഫ്റ്റ് കൊടുത്തപ്പോൾ ആ കൂടെ പെട്ടുപോയതാണ്, ടെൻഷനിൽ താനത് ശ്രദ്ധിച്ചിരുന്നില്ല . ” താങ്ക്സ്,.. ” “അഭിയെ ഇഷ്ടമായിരുന്നു അല്ലേ ? ” അവൻ മറുപടി പറഞ്ഞില്ല, ബൈക്ക് സ്റ്റാർട്ട് ചെയ്തു,.
” ഞാനന്ന് റിജെക്ട് ചെയ്തതിന്റെ റീസൺ എന്താണെന്നറിയണ്ടേ ?” കേൾക്കാൻ താല്പര്യമില്ലാതെ അവൻ നിന്നു,.
അവൾ അവന് നേരെ കൈകൾ നീട്ടി, അവന്റെ പഴയൊരു ഫോട്ടോ ആയിരുന്നു അത്,.
” ഞാനാരെയും പ്രണയിച്ചിട്ടില്ല !,.. പക്ഷേ,.. അവൾ നിങ്ങളെ പ്രണയിച്ചിരുന്നു,. ”
തിരികെ നടന്നപ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, അവന്റെയും,..
“അപർണ്ണ,.. ” . അവൾ കണ്ണ് തുടച്ചു,.
“ആ പ്രണയം ഒരു കുറവായി എന്നിൽ തനിക്ക് തോന്നുന്നില്ലെങ്കിൽ,. ഞാൻ തന്റെ കൈ പിടിച്ചോട്ടെ ?”
” കണ്ണീരിനിടയിലും അവൾ പുഞ്ചിരിയോടെ തലയാട്ടി,….
-ശുഭം –
രചന : അനുശ്രീ